ദൈവവചനത്തിന്റെയും സമയത്തിന്റെയും ഉപാസകനായിരുന്ന ഇലവുങ്കുടിയച്ചന്‍

ഫാ. ആന്റണി ഇലവുംകുടി
15-11-1924 - 16-05-2022
ഫാ. ആന്റണി ഇലവുംകുടി 15-11-1924 - 16-05-2022

ഏകദേശം ഒരു വര്‍ഷം മുമ്പു ലേഖകന്‍ ബഹു. ആന്റണി ഇലവുങ്കുടിയച്ചനെ പ്രീസ്റ്റ് ഹോമില്‍ ചെന്നു സന്ദര്‍ശിച്ചു സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു: ഈ ദിവസങ്ങളില്‍ ഒരു പ്രശ്‌നം എന്നെ വല്ലാതെ അലട്ടുന്നു.

ഞാന്‍ ചോദിച്ചു: അച്ചനെ അലട്ടുന്ന പ്രശ്‌നമെന്താണ്?

അദ്ദേഹം തന്റെ ദിനചര്യ വിശദീകരിച്ചശേഷം പറഞ്ഞു: എന്റെ ഇപ്പോഴത്തെ രീതിയനുസരിച്ചു പ്രഭാതഭക്ഷണവും പത്രവായനയും കഴിഞ്ഞു മുറിയില്‍ ചെന്നാല്‍ അല്പനേരത്തെ വിശ്രമത്തിനു ശേഷം പന്ത്രണ്ടുമണിവരെ എഴുത്തും വായനയുമാണ്. എന്നാല്‍ കുറച്ചു ദിവസങ്ങളായിട്ട് ഈ വായന സമയത്ത് ഉറങ്ങി പോകുന്നു. ഒരു മണിക്കൂറും ചിലപ്പോള്‍ അതില്‍ കൂടുതല്‍ സമയവും. അതെന്നെ ഭയപ്പെടുത്തുന്നു.

ഇതുകേട്ടപ്പോള്‍ ഉറക്കം ഒരു അനുഗ്രഹമല്ലേ അച്ചാ, ഈ പ്രായത്തില്‍ ഉറക്കം കിട്ടാത്തതാണു പലര്‍ക്കും പ്രശ്‌നം, അതുകൊണ്ടു ഉറങ്ങാന്‍ അനുഗ്രഹിക്കുന്ന ദൈവത്തിനു നന്ദി പറയുകയല്ലേ വേണ്ടത് എന്നു ഞാന്‍ പ്രത്യുത്തരിച്ചപ്പോള്‍ ഈ മറുപടി ഇഷ്ടപ്പെടാതെ അദ്ദേഹം പറഞ്ഞു

''രാത്രിയില്‍ എനിക്ക് ഉറക്കത്തിനു ഭംഗമില്ല. പകല്‍ ഉറങ്ങി ശീലിച്ചിട്ടില്ല. പകല്‍ ഉറങ്ങാനുള്ള സമയമല്ല, പണിയെടുക്കാനുള്ള സമയമാണ്. അനാവശ്യമായി ദിവസവും ഒരു മണിക്കൂര്‍ വീതം ഉറങ്ങിയാല്‍ ആഴ്ചയില്‍ 7 മണിക്കൂറും മാസത്തില്‍ അത് ഒന്നര ദിവസവുമാകും. അപ്പോള്‍ കൊല്ലത്തില്‍ 18 ദിവസം അനാവശ്യമായി ഉറങ്ങി തീര്‍ത്തതിന്റെ കുറ്റഭാരം ഏല്‌ക്കേണ്ടിവരും. ദൈവം മനുഷ്യനു നല്കിയ അമൂല്യമായ നിധി എന്താണെന്ന് അറിയാമോ? അതു സമയമാണ്. അതുകൊണ്ടു വിധിയാളനായ ദൈവത്തിന്റെ മുമ്പില്‍ ചെല്ലുമ്പോള്‍ പാഴാക്കിയ ഓരോ മിനിറ്റിന്റെയും മണിക്കൂറിന്റെയും ദിവസങ്ങളുടെയും കണക്കു തമ്പുരാന്‍ ചോദിക്കുമ്പോള്‍ ഞാന്‍ എന്തുപറയും എന്നതാണ് ഇപ്പോള്‍ എന്നെ അലട്ടുന്ന വിഷയം. അച്ചനു മനസ്സിലായോ?''

ബി.എ. പാസ്സായശേഷം സെമിനാരിയില്‍ പ്രവേശിച്ചു വൈദികപരിശീലനം പൂര്‍ത്തിയാക്കി വൈദികനായ ബഹു. ഇലവുങ്കുടിയച്ചന്‍ പിന്നീട് ഉന്നതമായ ഡിഗ്രികളോ ഡോക്ടറേറ്റോ ഒന്നും കരസ്ഥമാക്കിയിട്ടില്ല. എങ്കിലും 98 വയസ്സുവരെ ജീവിച്ച ബഹു. ഇലവുങ്കുടിയച്ചന്‍ പരന്ന വായനയിലൂടെയും ഉയര്‍ന്ന ചിന്തകളിലൂടെയും തന്റെ വിജ്ഞാനമണ്ഡലത്തെ വളരെ വികസിപ്പിക്കുകയും തന്റെ അറിവിനെയും ദൈവിക ജ്ഞാനത്തെയും 98 വിശിഷ്ട ഗ്രന്ഥങ്ങളിലൂടെ അനുവാചകരിലേക്ക് എത്തിക്കുകയും ചെയ്തുവെന്നത് അതിശ്രേഷ്ഠവും പ്രശംസനീയവുമായ വസ്തുതയാണ്. സമയത്തിന്റ മൂല്യത്തെക്കുറിച്ചു സുബോധവാനായിരുന്ന അദ്ദേഹത്തിന്റെ സമയനിഷ്ഠയും സമയത്തിന്റെ വിനിയോഗവും കഠിന പ്രയത്‌നവുമാണ് ഈ ഗ്രന്ഥരചനയ്ക്കു പിന്നിലെ ചാലകശക്തിയായിരുന്നത്. ദൈവവചനം വായിച്ചു, ധ്യാനിച്ചു സ്വന്തം ജീവിതത്തെ ആത്മീയസോപാനങ്ങളിലേക്ക് ഉയര്‍ത്തിയതോടൊപ്പം സാധാ രണക്കാര്‍ക്ക് അത് എളുപ്പത്തില്‍ മനസ്സിലാകുംവിധം വ്യാഖ്യാനിച്ചും ജീവിതഗന്ധിയായി അവതരിപ്പിച്ചും ഗ്രന്ഥരചന നടത്തി. അതുപോലെ ദൈവശാസ്ത്രവും ബൈബിള്‍ വിജ്ഞാനീയവും ധാര്‍മ്മികശാസ്ത്രവുമെല്ലാം വായിച്ചു പഠിച്ചു അനുദിനജീവിതവുമായി ബന്ധപ്പെടുത്തി അദ്ദേഹം രചിച്ച ഗ്രന്ഥങ്ങള്‍ എക്കാലത്തും പ്രസക്തവും അമൂല്യവുമാണ്. വിശുദ്ധരുടെ ജീവചരിത്രങ്ങള്‍ എഴുതിയ ബഹു. ഇലവുങ്കുടിയച്ചന്റെ പ്രധാനലക്ഷ്യം വായനക്കാരില്‍ വിശുദ്ധരോടുള്ള സ്‌നേഹം വര്‍ദ്ധിപ്പിക്കുക, വിശുദ്ധരാകാനുള്ള ആഗ്രഹം ജനിപ്പിക്കുക, ഒപ്പം സന്യാസത്തിലേക്കും പൗരോഹിത്യത്തിലേക്കുമുള്ള ദൈവവിളികള്‍ വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു. ദൈവവചനാഭിമുഖ്യം വളര്‍ത്തിയെടുത്ത് എല്ലാവരേയും ഈശോയിലേക്കും ദൈവത്തിലേക്കും അടുപ്പിക്കുക എന്ന ആത്യന്തിക ലക്ഷ്യമായിരുന്നു ആയിരക്കണക്കിനു പേജുകള്‍ എഴുതിപിടിപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ജീവിതത്തിന്റെ അവസാന നിമിഷംവരെയും കര്‍മ്മനിരതനായിരുന്ന അദ്ദേഹം ഇന്നത്തെ തലമുറയുടെ മുമ്പില്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെ കാണാതെ പോകരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org