
ഫാ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍
മംഗലപ്പുഴ സെമിനാരി
പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ ലൂസിയ, ജസീന്ത, ഫ്രാന്‍സിസ്‌ക്കോ എന്നീ ഇടയകുട്ടികള്‍ക്ക് പരിശുദ്ധ മാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1917 മെയ് 13-നാണ്. തുടര്‍ന്ന്, അതേ വര്‍ഷം ഒക്‌ടോബര്‍ 13 ന് ഉള്‍പ്പെടെ ആറു പ്രാവശ്യം മാതാവ് ഈ കുട്ടികള്‍ക്ക് കാണപ്പെട്ടു. വളരെ പെട്ടെന്ന് ഫാത്തിമ തിരക്കുള്ള ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറിയെങ്കിലും, പിന്നെയും 13 വര്‍ഷങ്ങള്‍ക്കു ശേഷം, 1930 ഒക്‌ടോബര്‍ 13-നാണ് ഫാത്തിമായിലെ പ്രത്യക്ഷീകരണങ്ങള്‍ വിശ്വാസയോഗ്യമാണെന്നും "ഔര്‍ ലേഡി ഓഫ് ഫാത്തിമ" എന്ന പേരില്‍ പരിശുദ്ധ കന്യകാമാതാവിനെ വിളിച്ചപേക്ഷിക്കാമെന്നും സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദര്‍ശനവേളകളില്‍ മാതാവ് കുട്ടികളോട് പറഞ്ഞ കാര്യങ്ങളാണ് 'ഫാത്തിമാ സന്ദേശം', 'ഫാത്തിമാ രഹസ്യം' എന്നീ പേരുകളില്‍, പില്‍ക്കാലങ്ങളില്‍ പ്രസിദ്ധമായത്.
മാതാവിന്റെ ദര്‍ശനം ലഭിച്ച ഇടയകുട്ടികൡ ഫ്രാന്‍സിസ്‌ക്കോ 1919-ലും, ജസീന്ത 1920-ലും മരണമടഞ്ഞു. 2017-ല്‍ ഫ്രാന്‍സിസ് പാപ്പ, ഈ രണ്ടു കുട്ടികളേയും വിശുദ്ധരായി പ്രഖ്യാപിച്ചു. 1925-ല്‍ സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ച ലൂസിയ, 2005 ഫെബ്രുവരി 13-നാണ് മരിച്ചത്. മദര്‍ തെരേസയുടേയും ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടേയും കാര്യത്തിലെന്നപോലെ, ഔദ്യോഗിക നടപടിക്രമത്തിന്റെ കാല നിബന്ധനകള്‍ക്കതീതമായി പെട്ടെന്നുതന്നെ ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ട സി. ലൂസിയയുടെ നാമകരണ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഫാത്തിമാ സന്ദേശങ്ങളുടെ ഉള്ളടക്കത്തേയും വ്യാഖ്യാനത്തേയും സംബന്ധിച്ച് ഒരുപാട് വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. മൂന്നു ഭാഗങ്ങളുള്ള ഫാത്തിമാ സന്ദേശത്തിന്റെ പ്രവചനമൂല്യമാണ് അതിനെ സഭയിലും ലോകത്തിലും ഏറെ ശ്രദ്ധേയമാക്കിയ ഒരു കാര്യം. ഉദാഹരണത്തിന്, 1939-ല്‍ ആരംഭിച്ച രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ച് ഏതാണ്ട് വ്യക്തമായ സൂചന 1917-ലെ സന്ദേശത്തിലുണ്ടായിരുന്നുവെന്നത് അനേകരെ അത്ഭുതപ്പെടുത്തി. യുദ്ധമാരംഭിക്കുന്നതിന്റെ തലേന്നു മരിച്ച പതിനൊന്നാം പീയൂസ് പാപ്പയെ പേരെടുത്ത് പരാമര്‍ശിച്ചിട്ടുണ്ട്, സന്ദേശത്തിന്റെ രണ്ടാം ഭാഗത്തില്‍. പ്രവചനമെന്നാല്‍ ഭാവി പറച്ചിലാണെന്ന് ധരിച്ചുവശായ ചിലര്‍ ഫാത്തിമാ സന്ദേശത്തിലെ എല്ലാ വിശദാംശങ്ങളും ചരിത്രപരമായി വ്യാഖ്യാനിക്കണമെന്ന് ഇന്നും വാശിപിടിക്കുന്നുണ്ട്. ഈ വിഷയത്തിലേക്ക് നമുക്ക് പിന്നീട് തിരിച്ചുവരാം.
വിവാദങ്ങള്‍ക്കിടനല്കിയ മറ്റൊന്ന്, സന്ദേശത്തിന്റെ മൂന്നാം ഭാഗം പ്രസിദ്ധപ്പെടുത്തിയ വിധത്തെ സംബന്ധിച്ച് പല കോണുകളില്‍ നിന്നുയര്‍ന്ന ഊഹാപോഹങ്ങളാണ്. സി. ലൂസിയ തന്നെ എഴുതി നല്കിയ ഫാത്തിമാ രഹസ്യത്തിന്റെ മൂന്നാം ഭാഗം 1957 ഏപ്രില്‍ 4-ാം തീയതി വത്തിക്കാന്‍ ആര്‍ക്കൈവ്‌സില്‍ എത്തുന്നതുവരെ, ലൈറയിലെ മെത്രാന്റെ സൂക്ഷത്തിലായിരുന്നു. 1959-ല്‍ ജോണ്‍ ഇരുപത്തി മൂന്നാമന്‍ പാപ്പയും, 1965-ല്‍ പോള്‍ ആറാമന്‍ പാപ്പയും, 1981-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും വത്തിക്കാന്റെ രഹസ്യരേഖാലയത്തില്‍ സൂക്ഷിച്ചിരുന്ന, പോര്‍ച്ചുഗീസ് ഭാഷയില്‍ എഴുതപ്പെട്ട, മൂന്നാം ഭാഗം പരിഭാഷയുടെ സഹായത്തോടെ വായിച്ചു മനസ്സിലാക്കിയെങ്കിലും, പ്രസിദ്ധപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയും, രേഖാലയത്തിലേക്കുതന്നെ തിരിച്ചയയ്ക്കുകയും ചെയ്തു. പിന്നീട്, രണ്ടായിരാമാണ്ടിലാണ്, പ്രസ്തുത ഭാഗം നേരത്തേ പ്രസിദ്ധപ്പെടുത്തിയ ഒന്നും രണ്ടും ഭാഗങ്ങളോട് ചേര്‍ത്ത് പരസ്യപ്പെടുത്തിയത്. എന്നാല്‍, വത്തിക്കാന്‍ പ്രസിദ്ധീകരിച്ച മൂന്നാം ഭാഗം അപൂര്‍ണ്ണമാണെന്നും, കൃത്രിമമായി എഴുതിയുണ്ടാക്കിയ ചിലതെല്ലാം കൂട്ടിച്ചേര്‍ത്തതാണെന്നും ആരോപണമുണ്ടായി. പോള്‍ ക്രാമര്‍, ക്രിസ്റ്റഫര്‍, ഫെരാര, അന്റോണിയോ സോച്ചി, മാര്‍ക്കൊ ടൊസാറ്റി എന്നിവരാണ് വിശ്വാസ തിരുസംഘം വെളിപ്പെടുത്തിയ ഫാത്തിമാ സന്ദേശത്തേയും അതിന്റെ വ്യാഖ്യാനത്തേയും തള്ളിക്കളഞ്ഞ പ്രമുഖ എഴുത്തുകാര്‍. ഇവരുടെ പുസ്തകങ്ങളേയും, അതുപോലുള്ള മറ്റു രചനകളേയും ആധാരമാക്കിയുള്ള പ്രചരണങ്ങള്‍ കഴിഞ്ഞ രണ്ടു ദശകങ്ങളിലായി അനേകം ക്രൈസ്തവരെ ചിന്താക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഇത്തരം രചനകള്‍ മലയാളത്തിലും പ്രചരിച്ചു തുടങ്ങിയിരിക്കുന്നു.
ഫാത്തിമാ സന്ദേശത്തെക്കുറിച്ചു വിവിധ ഭാഷകളില്‍ പ്രചാരത്തിലിരിക്കുന്ന ആധികാരികമല്ലാത്ത പ്രബോധനങ്ങള്‍ വിമര്‍ശനാത്മകമായി പരിശോധിച്ച് വസ്തുതകള്‍ തിരിച്ചറിയുകയെന്നത് സാധാരണ വിശ്വാസികള്‍ക്ക് സാധ്യമായ കാര്യമല്ല. നേരും നുണയും തമ്മിലുള്ള അതിര് നേര്‍ത്തു നേര്‍ത്ത് ഇല്ലാതായിരിക്കുന്ന ഈ സത്യാന്തരകാലത്ത്, വസ്തുതകള്‍ മനസ്സിലാക്കാന്‍ ഗവേഷകര്‍ പോലും നന്നേ വിഷമിക്കും. ദൈവദാസി സി. ലൂസിയയുടെ കയ്യെഴുത്തു പ്രതിയോടൊപ്പം, തിരുസഭാധികാരികള്‍ പ്രസിദ്ധപ്പെടുത്തിയ ഫാത്തിമാ സന്ദേശങ്ങളിലെ വെളിപ്പെടുത്തലുകള്‍ അവയുടെ വ്യാഖ്യാനങ്ങളുടെ വെളിച്ചത്തിലാണ് സഭാ തനയര്‍ മനന-ധ്യാനങ്ങള്‍ക്ക് വിഷയമാക്കേണ്ടത്. വാസ്തവ വിരുദ്ധവും സഭാ വിരുദ്ധവുമായ കാര്യങ്ങള്‍ പരിശുദ്ധ അമ്മ ഫാത്തിമായില്‍ വെളിപ്പെടുത്തിയ സന്ദേശങ്ങള്‍ എന്നമട്ടില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, സത്യസഭ ഇക്കാര്യത്തില്‍ നല്കുന്ന പ്രബോധനം എല്ലാവരുമറിയേണ്ടത് അത്യാവശ്യമാണ്. അതിനാല്‍, 2000 ജൂണ്‍ 26-ാം തീയതി റോമിലെ വിശ്വാസ തിരുസംഘം "ഫാത്തിമാ സന്ദേശം" എന്ന പേരില്‍ പ്രസിദ്ധീകരിച്ച രേഖയുടെ വെളിച്ചത്തില്‍, ഒന്നാമതായി, ഫാത്തിമാ രഹസ്യത്തിന്റെ ഉള്ളടക്കവും, രണ്ടാമതായി, ഫാത്തിമാ സന്ദേശം പോലുള്ള സ്വകാര്യ വെളിപാടുകളെ വ്യാഖ്യാനിക്കേണ്ട വിധവും, മൂന്നാമതായി ഫാത്തിമാ രഹസ്യത്തെ ചുറ്റിപ്പറ്റി ഉടലെടുത്തിട്ടുള്ള വിവാദപരമായ പ്രബോധനങ്ങളോടും ആത്മീയ മുന്നേറ്റങ്ങളോടും പുലര്‍ത്തേണ്ട നിലപാടുകളും ചുരുക്കമായി ചര്‍ച്ച ചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്.
ഫാത്തിമാ രഹസ്യത്തിന്റെ മൂന്നു ഭാഗങ്ങള്‍
ഫാത്തിമാ രഹസ്യത്തിന്റെ ആദ്യഭാഗത്തുള്ളത് നരകത്തിന്റെ വിവരണമാണ്. ഭൂമിയുടെ അധോഭാഗമെന്നു തോന്നിക്കുന്ന ഒരിടത്തെ അഗ്നിസമുദ്രമാണ് കുട്ടികള്‍ കണ്ടത്. നരകാഗ്നിയില്‍ രണ്ടു കൂട്ടരുണ്ടായിരുന്നു: ഭീകരമൃഗങ്ങളുടെ ആകൃതിയിലുള്ള പിശാചുക്കളും, മനുഷ്യരൂപത്തിലുള്ള ആത്മാക്കളും. എല്ലാവരും ഇരുണ്ടതൊ തിളങ്ങുന്ന ചെമ്പുപോലുള്ളതൊ ആയ തീക്കനലുകള്‍ കണക്കെ അഗ്നിനാളങ്ങളില്‍ ഉയര്‍ന്നു താഴ്ന്നു കൊണ്ടിരുന്നു. അവയുടെ ഉള്ളില്‍ നിന്നും തീയും പുകയും വമിച്ചുകൊണ്ടിരുന്നു. അത്യുച്ചത്തിലുള്ള നിലവിളികള്‍ക്കിടയില്‍, കടുത്ത വേദനയുടേയും നിരാശയുടേയും മുരള്‍ച്ചയും കേള്‍ക്കാമായിരുന്നു. ഒരു നിമിഷത്തിന്റെ ദൈര്‍ഘ്യമേ നരകദര്‍ശനത്തിനുണ്ടായിരുന്നുള്ളൂ.
നരകദര്‍ശനം നല്കിയതിനു ശേഷം, മാതാവ് കുട്ടികളോട് പറഞ്ഞ കാര്യങ്ങളാണ് ഫാത്തിമാ സന്ദേശത്തിന്റെ രണ്ടാം ഭാഗം. ഉദാരതയോടെയും അതീവ ദുഃഖത്തോടെയും മാതാവ് ഇങ്ങനെ പറഞ്ഞു: അശരണരായ പാപികളുടെ ആത്മാക്കള്‍ ചെന്നുവീഴുന്ന നരകം നിങ്ങള്‍ കണ്ടുവല്ലോ. അവരെ രക്ഷിക്കാനായി ലോകത്തില്‍ എന്റെ വിമല ഹൃദയത്തോടുള്ള ഭക്തി സ്ഥാപിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു. ഞാന്‍ നിങ്ങളോട് പറയുന്നത് ചെയ്യുകയാണെങ്കില്‍, ഒരുപാട് ആത്മാക്കള്‍ രക്ഷപ്പെടുകയും സമാധാനം ഉണ്ടാവുകയും ചെയ്യും. യുദ്ധം അവസാനിക്കാന്‍ പോവുകയാണ്. എന്നാല്‍, ദൈവത്തെ അസഹ്യപ്പെടുത്തുന്നതില്‍ നിന്ന് മനുഷ്യര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ കൂടുതല്‍ മോശമായ ഒരു യുദ്ധം പതിനൊന്നാം പീയൂസ് പാപ്പയുടെ കാലത്ത് ഉണ്ടാകും. പരിചിതമല്ലാത്ത ഒരു വെളിച്ചംകൊണ്ട് രാത്രി പ്രഭാപൂര്‍ണ്ണമായി കാണപ്പെടുമ്പോള്‍, മനുഷ്യന്റെ തിന്മകളുടെ പേരില്‍, യുദ്ധംകൊണ്ടും, ക്ഷാമംകൊണ്ടും സഭയ്ക്കും സമര്‍പ്പിതര്‍ക്കുമെതിരെയുള്ള പീഡനങ്ങള്‍കൊണ്ടും ദൈവം ലോകത്തെ ശിക്ഷിക്കാന്‍ പോകുന്നുവെന്ന് മനസ്സിലാക്കണം. ഇതു തടയാനായി, റഷ്യയെ എന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കാനും ആദ്യ ശനിയാഴ്ചകളില്‍ പ്രായശ്ചിത്തമനുഷ്ഠിക്കുന്ന കൂട്ടായ്മകള്‍ സൃഷ്ടിക്കാനും ഞാന്‍ ആവശ്യപ്പെടാന്‍ പോകുന്നു. എന്റെ അപേക്ഷ സ്വീകരിക്കപ്പെട്ടാല്‍ റഷ്യ മാനസാന്തരപ്പെടുകയും സമാധാനം ഉണ്ടാവുകയും ചെയ്യും. അല്ലാത്തപക്ഷം, റഷ്യ അതിന്റെ തെറ്റുകള്‍ ലോകം മുഴുവന്‍ പരത്തും. അതുവഴി യുദ്ധങ്ങളും സഭാ പീഡനങ്ങളും ഉണ്ടാവുകയും ചെയ്യും. നല്ല മനുഷ്യര്‍ രക്തസാക്ഷിത്വം വരിക്കേണ്ടിവരും. പരിശുദ്ധ പിതാവിന് പീഡകള്‍ ഉണ്ടാകും. പല രാജ്യങ്ങളും നശിപ്പിക്കപ്പെടും. അവസാനം, എന്റെ വിമലഹൃദയം വിജയം വരിക്കും. പരിശുദ്ധ പിതാവ് റഷ്യയെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുകയും, റഷ്യ മാനസാന്തരപ്പെടുകയും ചെയ്യും. സമാധാനപൂര്‍ണ്ണമായ ഒരു കാലം ലോകത്തിനു നല്കപ്പെടും.
ഫാത്തിമാ സന്ദേശത്തിന്റെ മൂന്നാം ഭാഗം 1917 ജൂലൈ 17-നുണ്ടായ പ്രത്യക്ഷീകരണത്തിന്റെ വേളയില്‍ കുട്ടികള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങളാണ്. മാതാവിന്റെ ഇടത്തുവശത്ത് അല്പം മുകളിലായി ഇടത്തു കയ്യില്‍ ജ്വലിക്കുന്നൊരു വാളുമായി നില്‍ക്കുന്ന ഒരു മാലാഖയെ കുട്ടികള്‍ കണ്ടു. മാലാഖ വാള്‍ ചുഴറ്റിയപ്പോള്‍, ലോകം മുഴുവനേയും കത്തിച്ച് ചാമ്പലാക്കാന്‍ മാത്രമുള്ള അഗ്നിനാളങ്ങള്‍ അതില്‍ നിന്നുയര്‍ന്നു. എന്നാല്‍, ലോകത്തിനു നേരെ നീട്ടിപ്പിടിച്ചിരുന്ന മാതാവിന്റെ വലത്തുകരത്തില്‍ നിന്നുള്ള പ്രഭയില്‍ അഗ്നിയടങ്ങി. അപ്പോള്‍, മാലാഖ ഉറക്കെ വിളിച്ചു പറഞ്ഞു: പ്രായശ്ചിത്തം, പ്രായശ്ചിത്തം, പ്രായശ്ചിത്തം. തുടര്‍ന്ന്, അപാര പ്രകാശമായ ദൈവത്തെ കണ്ടു; കണ്ണാടിയില്‍ പ്രതിബിംബിച്ചു കാണുന്നതുപോലെ, നടന്നുപോകുന്ന കുറെ മനുഷ്യരെയാണ് അടുത്തതായി കണ്ടത്. മനുഷ്യരുടെ മുമ്പില്‍ പോയിരുന്നത് വെള്ളവസ്ത്രം ധരിച്ച ഒരു മെത്രാനായിരുന്നു. അത് മാര്‍പാപ്പയാണെന്ന് കുട്ടികള്‍ക്ക് തോന്നി. മാര്‍പാപ്പയ്ക്കു പിന്നാലെ, മെത്രാന്മാരും, വൈദികരും, സന്യസ്തരും അല്മായരും കുത്തനെയുള്ള ഒരു മലയുടെ മുകളിലേക്ക് പോവുകയായിരുന്നു. മലയുടെ മുകളില്‍ കടേശമരത്തിന്റെ പരുപരുത്ത താഴ്ത്തടികൊണ്ടുണ്ടാക്കിയ ഒരു കുരിശുണ്ടായിരുന്നു. പാതിയും തകര്‍ന്ന ഒരു പട്ടണത്തിലൂടെയാണ് പരിശുദ്ധ പിതാവ് കടന്നുപോയത്. വഴിയില്‍ മരിച്ചു കിടക്കുന്നവരുടെ അത്മാക്കള്‍ക്കുവേണ്ടി പാപ്പ പ്രാര്‍ത്ഥിച്ചു. വലിയ കുരിശിന്റെ മുമ്പില്‍ മുട്ടിന്മേല്‍ നിന്ന പാപ്പ പട്ടാളക്കാരുടെ വെടികളേറ്റും അമ്പേറ്റും മരിച്ചുവീണു. തുടര്‍ന്ന്, മെത്രാന്മാരും, വൈദികരും, സന്യസ്തരും, അല്മായരും ഓരോരുത്തരായി മരിച്ചു. കുരിശിന്റെ ഇരുവശങ്ങളിലായി സ്ഫടികപാത്രങ്ങളുമായി രണ്ടു മാലാഖമാര്‍ നിന്നിരുന്നു. അവര്‍ രക്തസാക്ഷികളുടെ ചോര പാത്രങ്ങളില്‍ ശേഖരിക്കുകയും ദൈവത്തിലേക്കുള്ള വഴിയിലൂടെ നടക്കുന്ന ആത്മാക്കളുടെമേല്‍ തളിക്കുകയും ചെയ്തു.
ഫാത്തിമാ സന്ദേശം – ഒരു സ്വകാര്യ വെളിപാട്
പഴയ നിയമ-പുതിയ നിയമ ഗ്രന്ഥങ്ങളിലായി രേഖപ്പെടുത്തിയിട്ടുള്ള വെളിപാടുകളാണ് പൊതുവായ വെളിപാടുകള്‍. പുതിയ നിയമത്തില്‍ വെളിപ്പെടുന്ന മിശിഹാരഹസ്യത്തിന്റെ സാക്ഷാത്ക്കാരത്തോടെ വെളിപാട് പൂര്‍ണ്ണമായി. കുരിശിന്റെ വിശുദ്ധ യോഹന്നാന്‍ പറയുന്നതുപോലെ "മുമ്പ് പ്രവാചകരിലൂടെ ഭാഗികമായി അവിടുന്ന് സംസാരിച്ചവയെല്ലാം തന്റെ പുത്രനെ നല്കിയതിലൂടെ ഇപ്പോള്‍ ഒന്നിച്ചു സംസാരിച്ചിരിക്കുന്നു. ആരെങ്കിലും ദൈവത്തോട് പുതിയ വെളിപാടിനോ ദര്‍ശനത്തിനോ വേണ്ടി ചോദിച്ചാല്‍ അയാളുടെ വിഡ്ഢിത്തത്തിനു മാത്രമല്ല അയാള്‍ കുറ്റക്കാരനാകുന്നത്. പിന്നെയോ, കണ്ണുകള്‍ ക്രിസ്തുവില്‍ മാത്രം പതിക്കാതെ പുതുമയ്ക്കുവേണ്ടി കൊതിച്ചു ജീവിച്ചതിലൂടെ ദൈവത്തെ ധിക്കരിക്കുന്നതിനു കൂടിയാണ്." അങ്ങനെയെങ്കില്‍ പുതിയ നിയമത്തിന്റെ പൂര്‍ത്തീകരണത്തിനുശേഷം ഉണ്ടായിട്ടുള്ള ദര്‍ശനങ്ങളെ നാം എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? ഫാത്തിമാ സന്ദേശം പോലുള്ള അത്തരം വെളിപാടുകളെ സ്വകാര്യ വെളിപാടുകള്‍ എന്നാണ് സഭ വിളിക്കുന്നത്.
സഭയുടെ ആദ്യകാലം മുതല്‍ അനേകം സ്വകാര്യ വെളിപാടുകള്‍ പലര്‍ക്കും ലഭിച്ചതായി കാണുന്നുണ്ട്; അവയില്‍ ചിലതെല്ലാം സഭ അംഗീകരിച്ചിട്ടുമുണ്ട്. മിശിഹായുടെ വെളിപാടിനെ പൂര്‍ണ്ണമാക്കുന്ന എന്തെങ്കിലും അവയിലുണ്ടെന്ന് സഭ അംഗീകരിച്ചു എന്നല്ല ഇതിനര്‍ത്ഥം. ക്രിസ്തുവിന്റെ സുവിശേഷം ഒരു പ്രത്യേക കാലഘട്ടത്തില്‍ എങ്ങനെ പൂര്‍ണ്ണമായി ജീവിക്കാമെന്ന് പഠിപ്പിക്കുന്നു എന്ന നിലക്കാണ് സ്വകാര്യ വെളിപാടിനെ സഭ അംഗീകരിക്കുന്നത്. പൊതുവെളിപാട് എല്ലാവരും വിശ്വസിക്കാനുള്ളതാണ്. സ്വകാര്യ വെളിപാട് പൊതുവെളിപാടിന് ഒരു സഹായി മാത്രമാണ്. സുവിശേഷം ഓരോരോ കാലത്തിലും സാഹചര്യത്തിലും കൂടുതല്‍ മെച്ചപ്പെട്ട വിധത്തില്‍ ജീവിക്കാന്‍ നല്കപ്പെടുന്ന ഇത്തരം സഹായങ്ങള്‍ ആരും നിന്ദിക്കാനൊ അവഗണിക്കാനൊ പാടില്ല; എന്നാല്‍, എല്ലാവരും അവ സ്വീകരിക്കണമെന്ന ബാധ്യതയുമില്ല. കാലത്തിന്റെ അടയാളങ്ങളെ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കാനും അതിനോട് ശരിയായി പ്രത്യുത്തരിക്കാനും സ്വകാര്യ വെളിപാടുകള്‍ സഹായിക്കുന്നു.
സ്വകാര്യ വെളിപാടുകളില്‍ ലഭിക്കുന്ന ദര്‍ശനങ്ങളുടേയും സന്ദേശങ്ങളുടേയും കൃത്യമായ സ്വഭാവം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഫാത്തിമാ സംഭവത്തില്‍, കുട്ടികള്‍ നരകം "കണ്ടു", മാര്‍പാപ്പയും മറ്റുള്ളവരും നടന്നു പോകുന്നതു "കണ്ടു", മാര്‍പാപ്പ പട്ടാളക്കാരുടെ വെടിയേറ്റും അമ്പേറ്റും മരിച്ചു വീഴുന്നതു "കണ്ടു" എന്നൊക്കെ പറയുമ്പോള്‍, അവര്‍ക്കു ലഭിച്ചത് സാധാരണ ഇന്ദ്രിയ കാഴ്ചയല്ല എന്നു പ്രത്യേകം ശ്രദ്ധിക്കണം. കാഴ്ചയ്ക്ക് മൂന്നു രൂപങ്ങളുണ്ട്: ബാഹ്യമായ ഇന്ദ്രിയ കാഴ്ച, ആന്തരിക കാഴ്ച, ആത്മീയ കാഴ്ച. കണ്ണുകള്‍കൊണ്ടുള്ള ബാഹ്യമായ ഇന്ദ്രിയകാഴ്ച സ്ഥലത്തിലും കാലത്തിലും സംഭവിക്കുന്നതാണ്. സ്ഥലപരമായ ഈ കാഴ്ച കണ്ണുകളുള്ള എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമായിരിക്കും. ഫാത്തിമാ സംഭവത്തില്‍, കുട്ടികള്‍ കണ്ട മനോഹരിയായ കന്യകാമാതാവ്, നരകം, യാത്ര, മരണം തുടങ്ങിയ ദൃശ്യങ്ങള്‍ കുട്ടികളോടൊപ്പമുണ്ടായിരുന്ന മറ്റാരും കണ്ടില്ല. അതിനര്‍ത്ഥം, ആ കാഴ്ചകള്‍ സ്ഥലപരമല്ലായിരുന്നുവെന്നാണ്. സാധാരണക്കാരായ ആ കുട്ടികള്‍ക്ക് ലഭിച്ചത് മിസ്റ്റിസിസത്തിന്റെ അത്യുന്നത തലങ്ങളില്‍ വെളിപ്പെടുന്ന ആത്മീയ കാഴ്ചയെല്ലന്ന് പ്രത്യേകം പറയേണ്ടതില്ല. അപ്പോള്‍, കുട്ടികള്‍ക്ക് ലഭിച്ചത് ബാഹ്യകാഴ്ചയ്ക്കും ആത്മീയകാഴ്ചയ്ക്കും ഇടയിലുള്ള ആന്തരീക കാഴ്ചയാണ്.
ആന്തരീക കാഴ്ച ഭാവനാ സൃഷ്ടിയല്ല. കേവലം ബാഹ്യപരതയ്ക്കപ്പുറത്തുള്ള യഥാര്‍ത്ഥമായ എന്തിനാലോ ആത്മാവ് നയിക്കപ്പെടുന്ന അനുഭവമാണത്. ശക്തവും സജീവവുമായ സാന്നിദ്ധ്യാനുഭവം നല്കാന്‍ ആന്തരിക കാഴ്ചയ്ക്ക് കഴിയും. ബാഹ്യനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്തത് ആന്തരിക നേത്രങ്ങള്‍കൊണ്ട് വ്യക്തി കാണുകയാണിവിടെ. കലുഷിതമല്ലാത്ത ആത്മാവും കളങ്കമില്ലാത്ത ഇന്ദ്രിയാനുഭൂതിക്കുള്ള കഴിവും സ്വന്തമായുള്ളവരെയാണ് യാഥാര്‍ത്ഥ്യങ്ങളുടെ ആഴമുള്ള മാനങ്ങള്‍ സ്പര്‍ശിക്കുന്നത്. പ്രത്യക്ഷീകരണങ്ങള്‍ കുട്ടികള്‍ക്കു ലഭിച്ചതിന്റെ കാരണമിതാവാമെന്ന് ഫാത്തിമാ സന്ദേശം വ്യാഖ്യാനിച്ചുകൊണ്ട് കാര്‍ഡിനല്‍ റാറ്റ് സിംഗര്‍ (ബെനഡിക്ട് പതിനാറാമന്‍ പാപ്പ) പറയുന്നു.
നമ്മുടെ ബാഹ്യകാഴ്ചകള്‍ക്കുപോലും പരിമിതികളുണ്ടല്ലൊ. ഒരു വസ്തുവിനേയും അതായിരിക്കുന്ന രീതിയില്‍ നാം കാണുന്നില്ല. കാഴ്ചയുടെ മാനങ്ങളില്‍ ഒതുങ്ങുന്നത് മാത്രമാണ് നാം കാണുന്നത്. ആന്തരിക ദര്‍ശനത്തിനും അതിന്റേതായ പരിമിതികളുണ്ട്. ബാഹ്യകാഴ്ചയില്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ വസ്തുക്കളെ എങ്ങനെ പ്രതിബിംബിക്കുന്നുവോ അതുപോലെയാണ് നാം കാണുന്നത്. ഇത് കാഴ്ചയ്ക്ക് വ്യക്തിപരമായ ഒരു മാനം നല്കുന്നു. ആന്തരിക കാഴ്ചയില്‍ വ്യക്തിപരമായ മാനം കുറെക്കൂടെ വ്യക്തമാണ്. കാരണം, കാണുന്നയാളിന്റെ സ്വാഭാവിക അറിവിന്റെ മണ്ഡലത്തിന് പുറത്തുള്ള യാഥാര്‍ത്ഥ്യങ്ങളാണ് ഇവിടെ കാഴ്ചയുടെ വിഷയമാകുന്നത്. അതുകൊണ്ട്, തന്റെ ബോധത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്രയേ ഒരു വ്യക്തി കാണുന്നുള്ളൂ. എല്ലാ ആന്തരിക കാഴ്ചകളിലും, തനിക്കു പ്രത്യക്ഷപ്പെടുന്നതിന്റെ ഒരു ചിത്രനിര്‍മ്മാണം വ്യക്തിയുടെ ഉള്ളില്‍ നടക്കുന്നുണ്ട്. ആ ചിത്രനിര്‍മ്മാണത്തില്‍ വ്യക്തിയുടെ സിദ്ധികളുടേയും സാധ്യതകളുടേയും പരിമിതിയില്‍ നിന്നുകൊണ്ട് വ്യക്തി അയാള്‍പോലുമറിയാതെ പങ്കാളിയാകുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍, ഫാത്തിമാ ദര്‍ശനം നല്കുന്നത് അദൃശ്യമായ നരകത്തിന്റേയും സ്വര്‍ഗ്ഗത്തിന്റേയും ഫോട്ടോഗ്രാഫല്ല. വ്യാഖ്യാനത്തിലൂടെ മാത്രമേ ആന്തരിക ദര്‍ശനത്തിന്റെ സന്ദേശം മനസ്സിലാവുകയുള്ളൂ.
ഫാത്തിമാ ദര്‍ശനങ്ങളുടെ വ്യാഖ്യാനം
ആത്മാക്കളുടെ രക്ഷയ്ക്കായി വിമലഹൃദയഭക്തിയാണല്ലൊ ആദ്യദര്‍ശനത്തില്‍ നിര്‍ദ്ദേശിക്കുന്നത്. വിമല ഹൃദയത്തോട് ഭക്തിയുണ്ടാവുക അല്ലെങ്കില്‍ വിമല ഹൃദയത്തിനു സ്വയം പ്രതിഷ്ഠിക്കുക എന്നു പറയുന്നതിന്റെ മുഖ്യമായ കാര്യം ഹൃദയവിശുദ്ധി കൈവരിക്കുക എന്നതാണ്. ഹൃദയശുദ്ധിയുള്ളവര്‍ക്കാണ് ദൈവദര്‍ശനത്തിന്റേയും ദൈവൈക്യത്തിന്റേയും സൗഭാഗ്യം ലഭിക്കുന്നത് (മത്താ. 5:8). ഇക്കാര്യത്തില്‍, മറ്റാരേക്കാളും നാമനുകരിക്കേണ്ടത് പരിശുദ്ധ കന്യാമറിയത്തെയാണ്. "നിന്റെ വചനം എന്നില്‍ നിറവേറട്ടെ" എന്ന മറിയത്തിന്റെ മനോഭാവം വളര്‍ത്തിയെടുക്കലാണ് വിമലഹൃദയഭക്തിയുടെ കാതല്‍.
ആത്മാക്കളുടെ രക്ഷ സാധിക്കാനായി വിമല ഹൃദയഭക്തിയും പ്രതിഷ്ഠയുമാണ് ആദ്യ രണ്ടു സന്ദേശങ്ങള്‍ നിര്‍ദ്ദേശിക്കുന്നതെങ്കില്‍, മൂന്നാം ഭാഗത്ത് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത് പരിത്യാഗമാണ്. കാലഘട്ടത്തിന്റെ അടയാളങ്ങള്‍ നമ്മോടു പറയുന്നത് പ്രായശ്ചിത്തത്തിന്റേയും മാനസാന്തരത്തിന്റേയും വിശ്വാസത്തിന്റെയും ആവശ്യത്തെക്കുറിച്ചാണ്. ജ്വലിക്കുന്ന വാളുമായി നില്‍ക്കുന്ന മാലാഖ ലോകത്തിന്മേലുള്ള വിധിയെ സൂചിപ്പിക്കുന്നു. ലോകം മുഴുവനേയും നശിപ്പിക്കാന്‍ കഴിവുള്ള ആണവ ജൈവ ആയുധങ്ങള്‍ സൃഷ്ടിക്കാന്‍മാത്രം സാങ്കേതിക ശക്തിയും ഹൃദയകാഠിന്യവും മനുഷ്യന്‍ നേടിക്കഴിഞ്ഞല്ലൊ. എന്നാല്‍, പ്രായശ്ചിത്തത്തിനുള്ള ആഹ്വാനവും, മാതാവിന്റെ കരത്തില്‍ നിന്നുള്ള പ്രഭയാല്‍ സംഹാരവാളിന്റെ തീയടങ്ങുന്നുവെന്നതും നല്കുന്നത് ആസന്നമായ നാശത്തിന്റെ സൂചനയല്ല. ലോകത്തിന്റെ ഭാവി മറ്റാനാവാത്ത വിധം നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല എന്നാണ് നാം ആദ്യമായി മനസ്സിലാക്കേണ്ടത്. ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന സര്‍വ്വനാശത്തിന്റെ ചിത്രമല്ല ഫാത്തിമ ദര്‍ശനം നല്കുന്നത്; അനുതപിക്കാന്‍ തയ്യാറായാല്‍ അപകടമൊഴിവാകുമെന്ന മുന്നറിയിപ്പാണ് ഫാത്തിമാസന്ദേശത്തിന്റെ ഹൃദയം.
മൂന്നാം ഭാഗത്തില്‍ തുടര്‍ന്നു പറയുന്നത് വെളിച്ചമായ ദൈവത്തേയും കണ്ണാടിയിലൂടെയെന്ന വണ്ണം യാത്രയിലായിരിക്കുന്ന കുറെ മനുഷ്യരേയും കണ്ടുവെന്നാണ്. യാത്ര തകര്‍ക്കപ്പെട്ട നഗരത്തിലൂടെ കുത്തനെയുള്ള ഒരു മലയിലേക്കാണ്. മനുഷ്യചരിത്രത്തിന്റെ ദുഃഖകരമായ ഒരു വശമാണ് ഈ പ്രതീകങ്ങള്‍ വെളിപ്പെടുത്തുന്നത്. ദുരിതപൂര്‍ണ്ണമായ യാത്രയവസാനിക്കുന്നത് മലയിലുയര്‍ത്തിയ വലിയ കുരിശിലാണ്. ചരിത്രത്തിന്റെ ലക്ഷ്യവും പ്രതീക്ഷയും കുരിശാണ്. കുരിശില്‍ തകര്‍ച്ചകള്‍ രക്ഷയായി മാറുന്നു. യാത്രാസംഘത്തിന്റെ മുമ്പില്‍ മാര്‍പാപ്പയും പിന്നാലെ മെത്രാന്മാരും വൈദികരും സന്യസ്തരും അല്മായരുമാണ്. ഇതു സൂചിപ്പിക്കുന്നത്, ഭൂമിയിലെ സഭ അതിന്റെ സമഗ്രതയില്‍ കുരിശിന്റെ വഴിയിലാണെന്ന സത്യമാണ്. രണ്ടു ലോക മഹായുദ്ധങ്ങളും, കോളനി വാഴ്ചകളും, ആഭ്യന്തര കലാപങ്ങളും മതമര്‍ദ്ധനങ്ങളും നിറഞ്ഞ പോയനൂറ്റാണ്ടിന്റെ കഷ്ടകാലമാണ് ഈ ദര്‍ശനം സൂചിപ്പിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിലെ മാര്‍പാപ്പമാര്‍, പത്താം പീയൂസ് പാപ്പ മുതല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പവരെ, കടുത്ത സഹനങ്ങളിലൂടെ കടന്നുപോയവരാണ്. 1981 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയ്ക്കു നേരെയുണ്ടായ വധശ്രമവും ആ പീഡനങ്ങളില്‍പ്പെടുന്നു. വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട മരിയഭക്തനായ പാപ്പ, ഫാത്തിമാ സന്ദേശത്തിന്റെ മൂന്നാം ഭാഗം വായിക്കുകയും, കൊല്ലപ്പെട്ടേക്കാമായിരുന്ന തന്നെ രക്ഷിച്ചതും കരങ്ങളില്‍ താങ്ങിയതും മാതാവായിരുന്നുവെന്ന് പ്രസ്താവിക്കുകയും ചെയ്തു.
ദര്‍ശനത്തിന്റെ അവസാനഭാഗം ആശ്വാസദായകമാണ്. രക്തസാക്ഷികളുടെ ചോരകൊണ്ട് ദൈവത്തെ തേടുന്ന ആത്മാക്കള്‍ക്ക് ജീവന്‍ നല്കുന്ന കാഴ്ച, ക്രിസ്തുവിനോടുചേര്‍ന്നും ക്രിസ്തുവിനുവേണ്ടിയും ഈ ഭൂമിയില്‍ മനുഷ്യര്‍ ഏറ്റെടുക്കുന്ന സഹനങ്ങളൊന്നും വൃഥാവിലാവില്ലെന്ന് സൂചിപ്പിക്കുന്നു. സഹിക്കുന്ന സഭ ദൈവത്തിന്റെ സഹനദാസനായ ക്രിസ്തുവിനോടു പരിപൂര്‍ണ്ണ ഐക്യത്തിലാണ്. അതിനാലാണ് ക്രിസ്തുസാക്ഷികളുടെ സഹനത്തില്‍ നിന്നും ശുദ്ധീകരണത്തിന്റേയും നവീകരണത്തിന്റേയും ശക്തിപുറപ്പെടുന്നത്.
ഫാത്തിമാ സന്ദേശങ്ങള്‍ സൂചിപ്പിക്കുന്ന സംഭവങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടിലേതാണ്. സഭയുടെ അവസാനത്തെയോ ലോകത്തിന്റെ അന്ത്യത്തെയൊ സംബന്ധിച്ച സൂചനകള്‍ ഫാത്തിമാ സന്ദേശത്തിലുണ്ടെന്ന് പറയുന്നത് മൗഢ്യമാണ്. എന്നാല്‍, പ്രാര്‍ത്ഥനയ്ക്കും പ്രായശ്ചിത്തത്തിനും മാനസാന്തരത്തിനുമുള്ള, ശക്തമായ ആഹ്വാനം ഫാത്തിമാമാതാവ് നല്കുന്നുണ്ട്. "അവസാനം എന്റെ വിമലഹൃദയം വിജയം വരിക്കും" എന്ന വാക്കുകള്‍ ഒരു മുദ്രാവാക്യം കണക്കെ ഉപയോഗിക്കുന്നവര്‍ പലപ്പോഴും ആ വാക്കുകളുടെ അര്‍ത്ഥമറിയുന്നില്ല. ദൈവത്തോട് തുറവുള്ളതും ധ്യാനത്താല്‍ വിമലീകരിക്കപ്പെട്ടതുമായ ഹൃദയം ഏത് ആ യുധങ്ങളേക്കാളും കരുത്തുള്ളതാണ് എന്നാണ് ഈ വാചകത്തിനര്‍ത്ഥം. മറിയം ദൈവവചനത്തോടു പറഞ്ഞ സമ്മതം ലോകചരിത്രത്തെ മാറ്റിമറിച്ചു; വചനമായ ദൈവം മാംസമായി മനുഷ്യരുടെ ഇടയില്‍ വസിച്ചു. തിരുസഭയിലൂടെ അവനിന്നും നമ്മില്‍ വസിക്കുന്നതുകൊണ്ട്, തിന്മയോട് സമ്മതം പറയുന്ന പാപത്തിന്റെ യാന്ത്രികതയുടെ സ്ഥാനത്ത് ദുരിതങ്ങളുടേയും പ്രലോഭനങ്ങളുടേയും നടുവിലും നന്മയോട് ചേര്‍ന്നു നില്ക്കാനുള്ള ഉള്‍ക്കരുത്ത് നമ്മില്‍ പ്രവര്‍ത്തനനിരതമാകുന്നത് നാം കാണുന്നു. വിജയം വിമലഹൃദയത്തിന്റേതു തന്നെയാണ്. മാലിന്യങ്ങളില്‍നിന്ന് സ്വയമകന്ന് ദൈവൈക്യത്തില്‍ നിലനില്‍ക്കാന്‍ കൃപ ലഭിച്ച ഹൃദയമാണ് വിമലഹൃദയം.
വിവാദങ്ങളോടുണ്ടാകേണ്ട സമീപനം
അതിസ്വാഭാവികമായ പ്രത്യക്ഷീകരണങ്ങള്‍ ഒരുപാട് സംഭവിച്ചിട്ടുണ്ട് ചരിത്രത്തില്‍. അവ വിശ്വാസികളുടെ ഹൃദയങ്ങളെ സ്വാധീനിച്ചിട്ടുണ്ട്; സഭയുടെ പ്രാദേശികവും സാര്‍വ്വത്രികവുമായ ആത്മീയ സംസ്‌ക്കാരങ്ങളെ രൂപപ്പെടുത്തിയിട്ടുമുണ്ട്. സ്വകാര്യ വെളിപാടുകള്‍ ലഭിക്കുന്നത് വ്യക്തികള്‍ക്കാണെങ്കിലും, അവ ക്രിസ്തുവില്‍ ദൈവം വെളിപ്പെടുത്തിയതും അഭംഗുരം കാത്തുസൂക്ഷിക്കാന്‍ ക്രിസ്തു തന്റെ സഭയെ ഭരമേല്പിച്ചതുമായ വിശ്വാസ സത്യങ്ങളോട് ചേര്‍ന്നു പോകുന്നവയാണോയെന്ന് പരിശോധിക്കേണ്ടത് സഭയാണ്. ഇക്കാരണത്താലാണ് സി. ലൂസിയ ഫാത്തിമാ സന്ദേശങ്ങള്‍ സഭാധികാരികള്‍ക്ക് കൈമാറിയത്. സഭയില്‍ വിശ്വസിക്കുന്ന ഒരാള്‍ക്കും സി. ലൂസിയ ഏല്പിച്ച സന്ദേശത്തില്‍ സഭ കൃത്രിമം നടത്തിയെന്ന് കരുതാനാവില്ല. ഇനിയും വെളിപ്പെടുത്താത്ത ഫാത്തിമാ രഹസ്യമുണ്ടെന്ന് പറയുന്നത് സഭാവിരുദ്ധമായ നടപടിയാണ്. ഫാത്തിമാ സന്ദേശത്തിന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും വിശ്വാസതിരുസംഘവും നല്കിയ വ്യാഖ്യാനങ്ങള്‍ പൂര്‍ണ്ണമായും ശരിയാണെന്ന് സി. ലൂസിയതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍, സി. ലൂസിയ സഭാധികാരികള്‍ക്കെതിരെ സംസാരിക്കയും എഴുതുകയും ചെയ്തുവെന്നമട്ടില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും തീവ്രമായ മരിയഭക്തിയുടെ മറവില്‍ ദൈവജനത്തെ ക്രിസ്തുവിന്റെ വികാരിയായ മാര്‍പാപ്പയില്‍ നിന്നകറ്റുകയും ചെയ്യുന്നവരെക്കുറിച്ച് സഭ മുഴുവന്‍ ജാഗ്രത പുലര്‍ത്തണം. സ്വകാര്യ വെളിപാടുകളുടെ അതിശയോക്തിപരമായ വ്യാഖ്യാനങ്ങള്‍ തള്ളിക്കളയാനുള്ള വിശ്വാസത്തികവും പ്ര ബോധനപരമായ പക്വതയും ഇടയന്മാര്‍ക്കും അജഗണത്തിനുമുണ്ടാവണം. ഫാത്തിമാ സംഭവം മിശിഹാസംഭവത്തിന് തത്തുല്യമായതൊ അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നതോ ആണെന്ന് പഠിപ്പിക്കുന്നവര്‍ കേരളസഭയിലുണ്ട്.
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഫാത്തിമായിലേയ്ക്കയച്ച വിശ്വാസതിരുസംഘത്തിന്റെ സെക്രട്ടറി ആര്‍ച്ച്ബിഷപ് ടാര്‍സിസിയോ ബര്‍ത്തോണെ സി. ലൂസിയയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഫാത്തിമാ സന്ദേശത്തിന്റെ വ്യാഖ്യാനപരമായ ചില സുപ്രധാന കാര്യങ്ങള്‍ വ്യക്തമായി. അക്കാര്യങ്ങള്‍ ചുരുക്കമായി അറിയുന്നത് വിവാദങ്ങളെ വിലയിരുത്താന്‍ സഹായിക്കും: (1) ഫാത്തിമാ ദര്‍ശനം പ്രവചനാത്മകമായ ദര്‍ശനമാണ്; അതിനാല്‍ വ്യാഖ്യാനം അത്യാവശ്യമാണ്. (2) നിരീശ്വര കമ്മ്യൂണിസം സഭയ്ക്കും ക്രൈസ്തവര്‍ക്കുമെതിരെ നടത്തുന്ന പോരാട്ടങ്ങളേയും ഇരുപതാം നൂറ്റാണ്ടില്‍ വിശ്വാസികള്‍ നേരിട്ട സഹനങ്ങളേയും സംബന്ധിച്ചാണ് ദര്‍ശനം. (3) ദര്‍ശനത്തില്‍ കണ്ട വെള്ളയുടുപ്പ് ധരിച്ച മെത്രാന്‍ മാര്‍പാപ്പയാണ്. എന്നാല്‍, ആ മാര്‍പാപ്പയുടെ പേരറിയില്ല; മാതാവ് അതു പറഞ്ഞുമില്ല. മാര്‍പാപ്പ സഹിക്കുന്നു എന്നു മാത്രമാണ് മനസ്സിലാക്കേണ്ടത്. (4) മരിച്ചുവീഴുന്ന മാര്‍പാപ്പയെക്കുറിച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ താന്‍ നേരിട്ട വധശ്രമത്തോടു ബന്ധപ്പെടുത്തി നല്കിയ വ്യാഖ്യാനത്തോട് സി. ലൂസിയ പൂര്‍ണ്ണമായും യോജിച്ചു. (5) 1960 നു ശേഷമേ മൂന്നാമത്തെ രഹസ്യം തുറന്നു വായിക്കാവൂ എന്ന് പരിശുദ്ധ അമ്മ ആവശ്യപ്പെട്ടിട്ടില്ല. 1960 നു ശേഷമേ മൂന്നാം രഹസ്യത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മനസ്സിലാകൂ എന്ന് തോന്നിയതുകൊണ്ട് സി. ലൂസിയ സ്വയം തീരുമാനിച്ചതാണത്. (6) ദര്‍ശനവേളകളില്‍ കണ്ടകാര്യങ്ങളാണ് എഴുതി നല്കിയത്. അത് വ്യാഖ്യാനിക്കേണ്ടത് മാര്‍പാപ്പയാണ്.
വാസ്തവങ്ങള്‍ ഇതായിരിക്കെ, തിരുസഭ വെളിപ്പെടുത്തിയതും ദൈവശാസ്ത്രപരമായി വ്യാഖ്യാനിച്ച് വ്യക്തമാക്കിയതുമായ കാര്യങ്ങള്‍ക്കപ്പുറമെന്തെങ്കിലും ഫാത്തിമാ സന്ദേശത്തിലുണ്ടെന്ന് സഭാതനയരാരും കരുതേണ്ട കാര്യമില്ല. പരിശുദ്ധ അമ്മയെ അനുകരിച്ചും ആശ്രയിച്ചും പ്രാര്‍ത്ഥനയോടും പരിഹാരമനോഭാവത്തോടുംകൂടെ സഭയുടെ വിശ്വസ്തരും വിശുദ്ധരുമായ സന്താനങ്ങളാകാനാണ് ഫാത്തിമാ സന്ദേശത്തെ വിലമതിക്കുന്നവര്‍ ശ്രമിക്കേണ്ടത്.