വൈദിക വിദ്യാര്‍ത്ഥികളുടെ മാനുഷിക രൂപീകരണം സുപ്രധാനം

വൈദിക വിദ്യാര്‍ത്ഥികളുടെ മാനുഷിക രൂപീകരണം സുപ്രധാനം
സെമിനാരിക്കാരുടെ മാനുഷിക രൂപീകരണത്തില്‍ താത്പര്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് മനഃശാസ്ത്രത്തിലും, ആന്ത്രോപ്പോളജിയിലും, രീതിശാസ്ത്രത്തിലും (ുലറമഴീഴ്യ) വേണ്ടത്ര പരിശീലനം നല്കി മാനുഷിക പരിശീലകരെ സഭയില്‍ വാര്‍ത്തെടുക്കേണ്ടതുണ്ട്.

കത്തോലിക്കാ സഭയില്‍ വ്യവസ്ഥാപിത രീതിയിലുള്ള സെമിനാരികള്‍ക്ക് തുടക്കമിടുന്നത് 1563-ലെ ട്രെന്റ് സൂനഹദോസാണ്. ആദ്യകാലങ്ങളില്‍ ആദ്ധ്യാത്മികതലത്തിലും ബൗദ്ധികതലത്തിലും അടിസ്ഥാനമാക്കിയുള്ള ഒരു പരിശീലന രീതിയാണ് സെമിനാരികളില്‍ നിലനിന്നിരുന്നത്. ഏകദേശം നാല് നൂറ്റാണ്ടുകള്‍ക്ക് ശേഷം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാലത്താണ് സഭ പൗരോഹിത്യ പരിശീലനത്തെ കുറെക്കൂടി സമഗ്രമായി മനസ്സിലാക്കാന്‍ തുടങ്ങിയത്. ആദ്ധ്യാത്മികം, ബൗദ്ധികം, മാനുഷികം, അജപാലനപരം എന്നിങ്ങനെ നാലു തലങ്ങളില്‍ സെമിനാരി പരിശീലന പ്രക്രിയ ശ്രദ്ധയൂന്നണമെന്നും, അതില്‍ത്തന്നെ മാനുഷികതലം മറ്റ് മൂന്നിന്റേയും അടിസ്ഥാനമാണെന്നും വ്യക്തമായി പറഞ്ഞത് 1992-ല്‍ പുറത്തിറങ്ങിയ Pastores Dabo Vobis എന്ന സിനഡാന്തര അപ്പസ്‌തോലിക് പ്രബോധനത്തിലാണ്. അതിനു ശേഷം വത്തിക്കാനിലെ വിവിധ കാര്യാലയങ്ങള്‍, ഇന്ത്യയിലെ മെത്രാന്‍ സമിതി (CCBI), സീറോ മലബാര്‍ സഭയുടെ ആസ്ഥാനം എന്നിവിടങ്ങളില്‍ നിന്ന് കാലാകാലങ്ങളിലിറങ്ങിയ പൗരോഹിത്യ പരിശീലനത്തെ സംബന്ധിക്കുന്ന വിവിധ മാര്‍ഗ്ഗരേഖകളും നിര്‍ദ്ദേശങ്ങളും വൈദികവിദ്യാര്‍ത്ഥികളുടെ മാനുഷിക രൂപീകരണത്തിന്റെ പ്രാധാന്യം എടുത്തു പറയുന്നുണ്ട്.

എന്നാല്‍, നാല് നൂറ്റാണ്ടുകള്‍ നീണ്ട പാരമ്പര്യത്തിലൂടെ വ്യക്തമായ രൂപവും നിയതമായ പരിപാടികളും ആര്‍ജ്ജിച്ചെടുത്ത വൈദിക പരിശീലനത്തിലെ ആദ്ധ്യാത്മിക ബൗദ്ധിക തലങ്ങളോട് തുലനം ചെയ്യുമ്പോള്‍ മാനുഷിക രൂപീകരണത്തിന്റെ തലം ഏറെ ശൈശവഘട്ടത്തിലാണ് എന്ന് സമ്മതിക്കേണ്ടി വരും. പ്രത്യേകിച്ചും. ഈ മേഖലയിലുള്ള പ്രായോഗികകാര്യങ്ങളെ വിലയിരുത്തുമ്പോള്‍ ഈ മാനുഷിക രൂപീകരണത്തിന്റെ തലം കുറെക്കൂടി വ്യക്തത കണ്ടെത്തേണ്ടതുണ്ട് എന്ന് മനസ്സിലാകും.

നീണ്ട നാളത്തെ പ്രത്യേക പരിശീലനം ലഭിച്ച അനേകം അദ്ധ്യാപകരുടെ നേതൃത്വത്തില്‍ നിയതമായ സിലബസും, ക്ലാസ്സുകളും, പഠന ശിബിരങ്ങളും കൃത്യമായ ഇടവേളകളിലെ പരീക്ഷകളും അവയുടെ വിലയിരുത്തലുകളുമായി ബൗദ്ധിക പരിശീലനത്തിന്റെ അനന്തമായ സാദ്ധ്യതകള്‍. പൊതുവെ എല്ലാ സെമിനാരികളും ലഭ്യമാക്കാറുണ്ട്. വിവിധ ആദ്ധ്യാത്മിക പിതാക്കന്മാരുടെ സഹായത്തോടെ അനുദിന-മാസിക- വാര്‍ഷിക ധ്യാനങ്ങളും, കൂദാശകളും, യാമപ്രാര്‍ത്ഥനകളും, മാസാമാസങ്ങളിലെ വ്യക്തിപരമായ മീറ്റിങ്ങുകളുമൊക്കെയായി ആദ്ധ്യാത്മിക പരിശീലനത്തിന്റെ വിവിധങ്ങളായ സാദ്ധ്യതകള്‍ സെമിനാരി പരിശീലനം കണ്ടെത്തിയിട്ടുണ്ട്, പ്രാവര്‍ത്തികമാക്കുന്നുണ്ട്. അജപാലന പരിശീലന രംഗവും അതിന്റേതായ വഴികളില്‍ ഏറെക്കുറെ വ്യക്തത കൈവരിച്ചിട്ടുണ്ട്. ദൈവശാസ്ത്ര വിദ്യാര്‍ത്ഥികള്‍ ആഴ്ചതോറും നടത്തുന്ന ഇടവക സേവനവും അവധിക്കാലത്തും മറ്റ് പ്രത്യേക സാഹചര്യങ്ങളിലും മൈനര്‍ സെമിനാരിക്കാലം മുതല്‍ വിദ്യാര്‍ത്ഥികള്‍ ക്ക് ലഭിക്കുന്ന അജപാലന അവസരങ്ങളും, ഇത്തരം ഒരു ലക്ഷ്യം പ്രത്യേകമായി നിറവേറ്റുന്ന റീജെന്‍സി കാലഘട്ടവും ഇക്കാല ങ്ങളിലെല്ലാം വിവിധ വൈദികരുടെ മേല്‍നോട്ടവും സഹായങ്ങളും അജപാലനപരമായ പരിശീലനത്തിനും ഏറെക്കുറെ വ്യ ക്തമായ രൂപം നല്കുന്നുണ്ട്.

പല സെമിനാരികളിലും മാനുഷിക പരിശീലനത്തിന്റെ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്ന ഒരു വ്യക്തിയെ കണ്ടെത്താനാവില്ല. പകരം അത് റെക്ടറച്ചനോ വൈസ്-റെക്ടറച്ചനോ തന്നെ നിര്‍വ്വഹിക്കുന്ന ഒരു പ്രവണത കണ്ടുവരുന്നുണ്ട്. സെമിനാരി പരിശീലനത്തിന്റെ പ്രധാന ഉത്തരവാദിത്വം വഹിക്കുന്നവര്‍ മാനുഷിക രൂപീകരണത്തിന്റെ ഉത്തരവാദിത്വം കൂടി നിര്‍വ്വഹിക്കുമ്പോള്‍, മാനുഷിക പരിശീലനത്തിന് വേണ്ടത്ര ശ്രദ്ധ ലഭിക്കാതിരിക്കാനുള്ള എല്ലാ സാദ്ധ്യതയുമുണ്ട്.

കൂടാതെ മേല്‍പറഞ്ഞ മൂന്നു മേഖലകളിലേയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ പ്രത്യേകം പ്രത്യേകം വ്യക്തികളെ നിയമിച്ചിട്ടുള്ളതായി കാണാനാകും - പഠന കാര്യങ്ങളെ ഏകോപിപ്പിക്കുന്ന 'ഡീന്‍ ഓഫ് സ്റ്റഡീസ്', ആത്മീയ കാര്യങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ആദ്ധ്യാത്മിക പിതാക്കന്മാരുടെ നേതാവ്, അജപാലന പരിശീലനത്തെ ഏകോപിപ്പിക്കുന്ന ഒരു കോ-ഓര്‍ഡിനേറ്റര്‍. എന്നാല്‍, മാനുഷിക രൂപീകരണ പരിശ്രമങ്ങള്‍ക്ക് നേതൃത്വം നല്കുവാന്‍ ഒരു പ്രത്യേകമായ വ്യക്തിയെ പൊതുവെ നിയമിക്കുന്നില്ല എന്നത് മാനുഷികരൂപീകരണത്തെ വിഭാവനം ചെയ്യുന്നതിലും പ്രായോഗികമാക്കുന്നതിലും മറ്റ് മൂന്ന് തലങ്ങളേക്കാള്‍ ഒരു വ്യക്തത കുറവുണ്ട് എന്നതിന് ഒരു തെളിവാണ്.

2016-ല്‍ പുറത്തിറങ്ങിയ ''പൗരോഹിത്യ ദൈവവിളിയുടെ ദാനം'' (Ratio Fundamentalis Insti-tutionis Sacerdotalis) എന്ന മാര്‍ഗ്ഗ രേഖയില്‍ സെമിനാരികളില്‍ മാനുഷികരൂപീകരണ പരിശ്രമങ്ങള്‍ക്ക് ഒരു സംഘാടകന്‍ (Co-ordinator of Human Formation) ഉണ്ടായിരിക്കണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. അദ്ദേഹം സെമിനാരിയിലെ പരിശീലന അന്തരീക്ഷത്തെ നിരന്തരം വിലയിരുത്തുകയും മറ്റ് പരിശീലകരേയും സെമിനാരിക്കാരുടെ മാനുഷിക വികാസത്തിന് സഹായകരമായേക്കാവുന്ന നിപുണരേയും ഉള്‍പ്പെടുത്തി ആരോഗ്യകരമായ മാനുഷിക വികാസത്തിന് അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യണമെന്നും വൈദികര്‍ക്കുവേണ്ടിയുള്ള വത്തിക്കാനിലെ കാര്യാലയം (Congregation for the clergy) പുറത്തിറക്കിയ ഈ മാര്‍ഗ്ഗരേഖ നിര്‍ദ്ദേശിക്കുന്നു (No. 137).

പക്ഷെ, പല സെമിനാരികളിലും മാനുഷിക പരിശീലനത്തിന്റെ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്ന ഒരു വ്യക്തിയെ കണ്ടെത്താനാവില്ല. പകരം അത് റെക്ടറച്ചനോ വൈസ്-റെക്ടറച്ചനോ തന്നെ നിര്‍വ്വഹിക്കുന്ന ഒരു പ്രവണത കണ്ടുവരുന്നുണ്ട്. സെമിനാരി പരിശീലനത്തിന്റെ പ്രധാന ഉത്തരവാദിത്വം വഹിക്കുന്നവര്‍ മാനുഷിക രൂപീകരണത്തിന്റെ ഉത്തരവാദിത്വം കൂടി നിര്‍വ്വഹിക്കുമ്പോള്‍, മാനുഷിക പരിശീലനത്തിന് വേണ്ടത്ര ശ്രദ്ധ ലഭിക്കാതിരിക്കാനുള്ള എല്ലാ സാദ്ധ്യതയുമുണ്ട്. ഒരുപക്ഷെ, മാനുഷിക പരിശീലനം വിവിധ മേഖലകളെക്കുറിച്ചുള്ള ആഴത്തിലും പരപ്പിലുമുള്ള അവബോധം സഭയില്‍ ഇനിയും രൂപപ്പെടാത്തതു കൊണ്ടാവും ഇത്തരം പരിശ്രമങ്ങള്‍ ഉണ്ടാകാത്തത്. മറ്റ് മൂന്ന് തലങ്ങളുടേയും അടിസ്ഥാനമാണ് മാനുഷിക രൂപീകരണം എന്ന് പഠിപ്പിക്കുകയും അതിനായി പ്രത്യേകം ഒരാളെ നീക്കിവയ്ക്കാതിരിക്കുകയും ചെയ്യുന്നത്, ഒരു വിരോധാഭാസമായി മാറുന്നുണ്ട്.

ഇന്ത്യന്‍ സെമിനാരികളുടെ ഒരു പ്രത്യേകമായ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ മാനുഷിക പരിശീലനത്തിന് ഒരു സംഘാടകനെ മാത്രം നിജപ്പെടുത്തുന്നത് അത്ര പ്രായോഗികമല്ല. ഇരുന്നൂറും മുന്നൂറും വിദ്യാര്‍ത്ഥികളുള്ള മേജര്‍ സെമിനാരികളും നൂറിലധികം അര്‍ത്ഥികളുള്ള മൈനര്‍ സെമിനാരികളും ഇന്ത്യയില്‍ നിരവധി കണ്ടെത്താനാകും. ആയതിനാല്‍, ആദ്ധ്യാത്മിക ബൗദ്ധിക പരിശീലന മേഖലകളില്‍ എന്ന പോലെ മാനുഷിക രൂപീകരണത്തിലും ഒരു കൂട്ടായ പരിശ്രമം അനിവാര്യമണ്. സെമിനാരിക്കാരുടെ എണ്ണത്തിന് ആനുപാതികമായി കൂടുതല്‍ മാനുഷിക പരിശീലകരെ സെമിനാരികള്‍ക്ക് ആവശ്യമായി വരും.

നിലവിലുള്ള സാഹചര്യത്തില്‍ സെമിനാരിക്കാരുടെ ചെറുഗ്രൂപ്പുകളുടെ ഉത്തരവാദിത്വമുള്ള ആനിമേറ്റര്‍ അല്ലെങ്കില്‍ ഫോര്‍മേറ്റര്‍ എന്നറിയപ്പെടുന്നവരാണ് സെമിനാരിക്കാരുടെ മാനുഷിക പരിശീലനത്തില്‍ നേരിട്ട് ഇടപെടുന്ന ഒരു കൂട്ടര്‍. സെമിനാരിക്കാരുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി അവരുടെ പരിശീലന പ്രക്രിയയില്‍ മുന്നോട്ടു പോകാനുള്ള അനുമതി നല്കുന്നതില്‍ പ്രത്യേക ഉത്തരവാദിത്വമുള്ള ഇവര്‍ക്ക്, സെമിനാരിക്കാരുടെ ആഴത്തിലുള്ള മാനുഷിക രൂപീകരണത്തില്‍ ക്രിയാത്മകമായി ഇടപെടുക എന്നു പറയുന്നത് പ്രായോഗികമായി പരിമിതികളുണ്ടാക്കും. തന്റെ ഭാവി തീരുമാനിക്കുന്ന ഒരാളോട് തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവയ്ക്കുകയും പരിഹാരം തേടുകയും ചെയ്യുന്നതിന് ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും എളുപ്പമാകില്ല. ഇക്കാര്യത്തിന് കുെറയധികം പേര്‍ കുറെക്കൂടി രഹസ്യാത്മകത സൂക്ഷിക്കുന്ന സെമിനാരി പരിശീലനത്തിന്റെ ആന്തരികതല(internal forum)ത്തിന്റെ ഭാഗമായ ആദ്ധ്യാത്മിക പിതാക്കന്മാരെ ആശ്രയിക്കുന്ന പതിവ് കണ്ടു വരുന്നുണ്ട്. എന്നാല്‍ പല വിദ്യാര്‍ത്ഥികള്‍ക്കും ഒരു ആദ്ധ്യാത്മിക പിതാവിന്റെ ആത്മീയതലത്തിന് അതീതമായ സഹായം ആവശ്യമായി വരാറുണ്ട്. അത്തരം സാഹചര്യത്തില്‍ സെമിനാരിക്കു പുറത്തുള്ള ഒരു മനഃശാസ്ത്ര വിദഗ്ദ്ധന്റെ സഹായം തേടുന്ന ഒരു രീതി ഇന്ന് സെമിനാരികളിലുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം പരിശ്രമങ്ങള്‍ വേണ്ടത്ര ഫലം കണ്ടെത്താറില്ല. സെമിനാരിയില്‍ നിന്ന് അയയ്ക്കപ്പെടുന്നതിനാല്‍ അത്തരമൊരു സഹായം തനിക്ക് ആവശ്യമാണെന്ന് മനസ്സിലാക്കാനും, മനഃശാസ്ത്ര രീതികളോട് ഒരു തുറവി കണ്ടെത്താനും സെമിനാരിക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്ന് പരിശീലകരും വിദ്യാര്‍ത്ഥികളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.

തന്റെ ഭാവി തീരുമാനിക്കുന്ന ഒരാളോട് തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവയ്ക്കുകയും പരിഹാരം തേടുകയും ചെയ്യുന്നതിന് ഭൂരിഭാഗം വിദ്യാര്‍ ത്ഥികള്‍ക്കും എളുപ്പമാകില്ല.

ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്: മാനുഷിക രൂപീകരണം സെമിനാരി പരിശീലനത്തിന്റെ ആന്തരിക തലത്തിന്റെ (internal forum) ഭാഗമാണോ അതോ ബാഹ്യതലത്തിന്റെ (external forum) ഭാഗമാണോ? സെമിനാരിക്കാരുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്കുന്ന ആന്തരിക ജീവിതത്തെ ബഹുമാനിക്കുന്ന കാര്യങ്ങളെ ആന്തരികതലത്തിന്റെ (internal forum) ഭാഗമായും, പുറമേ വീക്ഷിക്കാവുന്ന അവരുടെ പെരുമാറ്റ രീതികളെയും പ്രവൃത്തികളെയും അധികരിച്ച് അവരെ വിലയിരുത്തുന്ന കാര്യങ്ങള്‍ ബാഹ്യതലത്തിന്റെ (external forum) ഭാഗമായും മനസ്സിലാക്കുന്ന ധാരണ സെമിനാരികളില്‍ പൊതുവായുണ്ട്. ആദ്ധ്യാത്മിക പരിശീലനം ആന്തരികതലത്തിലും ബൗദ്ധിക അജപാലന പരിശീലനങ്ങള്‍ ബാഹ്യതലത്തിലും ഏറെക്കുറെ എളുപ്പത്തില്‍ വേര്‍തിരിക്കാനാവും.

എന്നാല്‍ മാനുഷിക രൂപീകരണം ഇത്തരത്തിലുള്ള വേര്‍തിരിവിന് സദ്ധ്യമാകാത്തവിധം ആന്തരിക-ബാഹ്യതലങ്ങളെ ഒരുപോലെ സ്പര്‍ശിക്കുന്ന ഒന്നാണ്. വൈകല്യങ്ങള്‍ നിറഞ്ഞ സ്വഭാവ സവിശേഷതകള്‍ ഒരു അര്‍ത്ഥിയെ പൗരോഹിത്യ സ്വീകരണത്തിന് അയോഗ്യനാക്കുന്നു എന്നതിനാല്‍ അത് ബാഹ്യതലത്തിന്റെ ഭാഗമാണ്. തുറവിയും ആത്മാര്‍ത്ഥമായ ഏറ്റു പറച്ചിലുകളും (self-disclosure) മാനുഷിക രൂപീകരണ പ്രക്രിയയില്‍ അത്യാവശ്യഘടകമായതിനാല്‍ കൂടുതല്‍ സ്വകാര്യതയും വിശ്വാസ്യതയും പ്രകടമാകുന്ന ആന്തരികതലത്തിന്റെ ഭാഗമായും ഇതിനെ കണക്കാക്കേണ്ടതാണ്.

ആയതിനാല്‍ മാനുഷിക രൂപീകരണത്തില്‍ ബാഹ്യതലത്തിലെ ആനിമേറ്റര്‍മാര്‍ക്ക് നല്കാനാവുന്ന സേവനത്തോടൊപ്പം ആന്തരികതലത്തിലും പ്രത്യേക മാനുഷിക പരിശീലകരെ സെമിനാരികളില്‍ ലഭ്യമാക്കേണ്ടതുണ്ട്. അവരുടെ സാന്നിദ്ധ്യം മറ കൂടാതെ തങ്ങളുടെ ജീവിത സാഹചര്യങ്ങളെ തുറന്നു വച്ച് പരിശീലനം തേടാന്‍ വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിച്ചേക്കും. ആന്തരികതലത്തില്‍ നിലവിലുള്ള ആദ്ധ്യാത്മിക പിതാക്കന്മാരെ ആ ഉത്തരവാദിത്വവും ഏല്പിക്കാനുള്ള പ്രലോഭനം സ്വാ ഭാവികമായും ഉണ്ടായേക്കും. പക്ഷെ, രണ്ട് ഉത്തരവാദിത്വങ്ങള്‍ കൈയ്യാളുന്നവര്‍ ഒന്നിനു കൂടുതല്‍ പ്രാധാന്യം നല്കാനും മറ്റൊന്ന് അറിഞ്ഞോ അറിയാതെയോ അവഗണിക്കാനും സാദ്ധ്യത ഏറെയുണ്ട്. താരതമ്യേന കൂടുതല്‍ സമയവും പരിശ്രമവും ഭാവനയും ആവശ്യപ്പെടുന്ന മാനുഷിക രൂപീകരണത്തിന്റെ തലം തിരസ്‌ക്കരിക്കപ്പെടാനാണ് കൂടുതല്‍ സാദ്ധ്യത ഉള്ളത്. സെമിനാരിക്കാരുടെ മാനുഷിക രൂപീകരണത്തില്‍ താത്പര്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് മനഃശാസ്ത്രത്തിലും, ആന്ത്രോപ്പോളജിയിലും, രീതിശാസ്ത്രത്തിലും (pedagogy) വേണ്ടത്ര പരിശീലനം നല്കി മാനുഷിക പരിശീലകരെ സഭയില്‍ വാര്‍ത്തെടുക്കേണ്ടതുണ്ട്. സെമിനാരിക്കാരുടെ എണ്ണത്തിന് ആനുപാതികമായി മാനുഷിക പരിശീലകരെ സെമിനാരി പരിശീലനത്തിന്റെ ആന്തരികതലത്തില്‍ (internal forum) ലഭ്യമാക്കാനായാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സേവനം കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ഉപയോഗപ്പെടുത്താനാകും. പൗരോഹിത്യ ദൈവവിളിയുടെ എണ്ണത്തില്‍ ആശാവഹമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അത്തരത്തിലുള്ള ഒരു കൂട്ടം വൈദികരെ വാര്‍ത്തെടുക്കാനും താരതമ്യേന എളുപ്പമാണ്. ഒപ്പം ഇന്ത്യയില്‍ മാനുഷിക പരിശീലനത്തിന്റെ ഗുണമേന്മ ഉയര്‍ത്തുവാന്‍ അത് അനിവാര്യവുമാണ്.

വൈദികവിദ്യാര്‍ത്ഥികളുടെ ആത്മാര്‍ത്ഥവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ സഹകരണവും സമര്‍പ്പണവും ഇത്തരം വ്യക്തികളുടെ സേവനം ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുന്നതിന് അനിവാര്യമാണ്. വിദ്യാര്‍ത്ഥികള്‍ ക്ക് ഒരു സ്വാഭാവികമായ തുറവി ഉണ്ടാകുന്നതിന് സെമിനാരികളില്‍ വിവിധ മാനുഷിക പരിശീലകരെ സംലഭ്യരാക്കി, അവരില്‍ നിന്ന് തങ്ങളുടെ മാനുഷിക പരിശീലകരെ സ്വയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്കുന്നത് മാനുഷിക രൂപീകരണത്തെ കൂടുതല്‍ ഫലവത്താക്കാന്‍ സഹായിച്ചേക്കും. ഓരോ സെമിനാരിക്കാരനും തന്റെ രൂപീകരണത്തില്‍ പ്രധാന ഉത്തരവാദിത്വമുണ്ട് (Ratio Fundamentalis No. 130). ഓരോ സെമിനാരിക്കാരനും അത്തരമൊരു തികഞ്ഞ ബോധ്യത്തില്‍ സെമിനാരി പരിശീലനത്തെ സമീപിക്കുന്നത് ഇത്തരം ഒരു മാനുഷിക പരിശീലത്തിന്റെ ഫലസിദ്ധിക്ക് ഏറ്റവും പ്രധാനമാണ്.

(റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സൈക്കോളജിയില്‍ ഉപരിപഠനം നടത്തിയ ലേഖകന്‍ എറണാകുളം-അങ്കമാലി അതിരൂപതാംഗമാണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org