പറന്നു പോകുന്നവര്‍, കൂടു കൂട്ടുന്നവര്‍

സ്റ്റാഫ് റിപ്പോര്‍ട്ടര്‍
പറന്നു പോകുന്നവര്‍, കൂടു കൂട്ടുന്നവര്‍
പഠനത്തിനും ജോലിക്കും ശേഷം സ്ഥിരവാസത്തിനുമായി നാടും വീടും വിട്ടു പോകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ അതിന്റെ വിവിധ വശങ്ങള്‍ വിലയിരുത്തപ്പെടുന്നു...

പ്ലസ് ടു കഴിഞ്ഞ പെണ്‍കുട്ടി കാനഡായിലേക്കു വിമാനം കയറുന്നതിനു തലേന്ന് മധുരവുമായി യാത്ര പറയാന്‍ ചെന്നപ്പോള്‍ അയല്‍പക്കത്തെ ഒരു അമ്മ പറഞ്ഞു: ''ഞങ്ങള്‍ ഈ മിഠായി വാങ്ങുന്നത് ഒട്ടും സന്തോഷത്തോടെയല്ല.'' ഉദ്ദേശിച്ചത് എന്താണെന്ന് ആദ്യം അവള്‍ക്കു മനസ്സിലായില്ല. ''മറ്റൊന്നും കൊണ്ടല്ല. എല്ലാവരും ഇങ്ങനെ കൂടൊഴിഞ്ഞു പോയാല്‍ ഈ ചുറ്റുവട്ടത്തിനി ആരുമില്ലാതാകും.'' അവര്‍ വിശദീകരിച്ചു.

അതു സത്യമായിരുന്നു. പഠനത്തിനും ജോലിക്കുമായി ആ അയല്‍ക്കൂട്ടത്തിലെ ഒട്ടുമിക്ക ചെറുപ്പക്കാരും ഭൂഗോളത്തിന്റെ വിദൂരദിക്കുകളില്‍ ചേക്കേറി കഴിഞ്ഞു. ഇനി വല്ലപ്പോഴും വരും, പോകും. അത്രമാത്രം. അതിന്റെ നൊമ്പരം അവശേഷിക്കുന്നവര്‍ക്കുണ്ട് (എംപ്റ്റി നെസ്റ്റ് സിന്‍ഡ്രം എന്നു മനഃശ്ശാസ്ത്രജ്ഞര്‍).

2021 മാര്‍ച്ചില്‍ കാലടിക്കടുത്ത് മങ്കുഴി പള്ളിയുടെ വികാരിയായി ചെന്ന ഫാ. ജോമോന്‍ ശങ്കൂരിക്കല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒരു കാര്യം ശ്രദ്ധിച്ചു. ധാരാളം പേര്‍ വിദേശത്തേക്കു പോകുന്നു. അതോടെ അദ്ദേഹം മനസ്സില്‍ എണ്ണമെടുക്കാന്‍ തുടങ്ങി. മുന്നൂറ്റിമുപ്പതോളം കുടുംബങ്ങളുള്ള ഈ ഇടവകയില്‍നിന്നു കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ നാല്‍പതോളം പേര്‍ വിദേശരാജ്യങ്ങളിലേക്കു പോയി. ഒരു മാസം ചുരുങ്ങിയതു രണ്ടു പേര്‍ വീതം. പ്ലസ് ടു കഴിഞ്ഞ മുപ്പതോളം പേര്‍ ഇപ്പോള്‍ വിദേശയാത്രയ്ക്കുള്ള ഭാഷാപഠനവും മറ്റും നടത്തിക്കൊണ്ടിരിക്കുന്നു.

ഇതു മങ്കുഴിയുടെ മാത്രം കഥയല്ല. ഏതൊരു ശരാശരി കേരളീയ ഗ്രാമത്തിന്റെയും സ്ഥിതി ഇപ്പോള്‍ ഇതു തന്നെയാണ്. 18 വയസ്സു മുതല്‍ 30 വരെയുള്ളവരില്‍ ഭൂരിപക്ഷത്തിന്റെയും ലക്ഷ്യം വിദേശത്തു പോകുക എന്നതാണെന്ന് അജപാലനാനുഭവത്തിന്റെ വെളിച്ചത്തില്‍ ഫാ. ശങ്കൂരിക്കല്‍ പറയുന്നു. പണം മുടക്കി പോയാലും അതു തിരിച്ചെടുക്കാന്‍ സാധിക്കും എന്ന ഉറപ്പ് കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യൂറോപ്പിലേക്കു പണം മുടക്കി പോകുന്നവര്‍ അവിടെ സ്ഥിരവാസമാക്കാന്‍ കഴിയാതെ തിരിച്ചു വരുന്ന സംഭവങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. അതുകൊണ്ടുതന്നെ ഏതാണ്ട് നൂറു ശതമാനം വിജയം ഉറപ്പുള്ള ഒരു അവസരം എന്ന നിലയ്ക്കാണ് അവരിതു കാണുന്നത്. പല കുട്ടികളും ഇതിനെ ഒരു എളുപ്പവഴിയായും കരുതുന്നുണ്ട്. സ്വന്തം സാമ്പത്തികസ്ഥിതി നോക്കാതെ വിദേശപഠനത്തിനുള്ള ലക്ഷങ്ങള്‍ക്കായി മാതാപിതാക്കളെ സമ്മര്‍ദ്ദത്തിലാക്കുന്ന കുട്ടികളും ഇന്ന് ഏറെയാണ് - അദ്ദേഹം വിശദീകരിച്ചു.

താത്പര്യമുള്ളവര്‍ കുടിയേറുന്ന പ്രവണതയെ തടയാന്‍ ആര്‍ക്കുമാകില്ലെങ്കിലും നാട്ടിലെ അവസരങ്ങളെ കുറിച്ച് ആലോചിക്കുക പോലും ചെയ്യാതെ കുടിയേറ്റം മാത്രമാണ് ഏകരക്ഷാമാര്‍ഗം എന്ന തരത്തിലുള്ള ചിന്തയുടെ ശരിതെറ്റുകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നു ഫാ. ശങ്കൂരിക്കല്‍ പറഞ്ഞു. എന്തിനാണു വിദേശത്തു പോകുന്നത്, പണസമ്പാദനം മാത്രമാണോ ജീവിതവിജയം തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഓരോ വ്യക്തികളും വ്യക്തിപരമായി കണ്ടെത്തേണ്ടതാണ്.

പണ്ടു പഠനം കഴിഞ്ഞു ജോലിക്കായാണ് മിക്കവരും പോയിരുന്നതെങ്കില്‍ ഇപ്പോള്‍ പഠനത്തിനായി തന്നെ പോകുന്നു. പഠിച്ചു, ജോലി നേടി, പൗരത്വം സമ്പാദിച്ച് ആ നാടുകളില്‍ സ്ഥിരവാസമാക്കാനാണ് ഈ പുറപ്പാടെന്ന് എല്ലാവര്‍ക്കുമറിയാം. വര്‍ഷത്തിലൊരിക്കലോ രണ്ടു വര്‍ഷത്തിലൊരിക്കലോ അവധിക്കെത്തുന്ന വിരുന്നുകാരായി മാറുകയാണു വീട്ടുകാരെല്ലാവരും. വിവിധ രാജ്യങ്ങളിലെ അവധിക്കാലങ്ങള്‍ വ്യത്യസ്തങ്ങളായതിനാല്‍ എല്ലാവരും ഒരേ കാലത്ത് അവധിക്കെത്തുക പതിവില്ല. സുഹൃത്തുക്കളുടേയും സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളുടേയും ജീവിതപങ്കാളികളേയോ മക്കളേയോ പരസ്പരം നേരില്‍ കണ്ടിട്ടില്ലാത്തവരും പ്രവാസികുടുംബങ്ങളില്‍ ഇന്നു സാധാരണമാണ്.

അവസരങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളിലേക്ക് പുതിയ തലമുറ പോകുന്നത് തികച്ചും സ്വാഭാവികമാണെന്നു പറയുകയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സാമ്പത്തികവിഭാഗം മുന്‍ മേധാവിയും എഴുത്തുകാരനുമായ ഡോ. ഇ.എം. തോമസ്. കുട്ടികള്‍ നമ്മുടെ സമൂഹത്തെ സൂക്ഷ്മമായി വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പഠനം കഴിഞ്ഞ് ഇവിടെ ഒരു നല്ല ജോലി കിട്ടുക അസാദ്ധ്യമായ ഒരു കാര്യമായി അവര്‍ക്കു തോന്നുന്നുണ്ട്. പൊതുവിഭാഗത്തിനു വിശേഷിച്ചും അങ്ങനെയൊരു തോന്നല്‍ ശക്തമായി ഉണ്ട്. സര്‍ക്കാര്‍ ജോലി കിട്ടാനുള്ള സാദ്ധ്യത വളരെ കുറവ്. സ്വ കാര്യമേഖലയിലെ ജോലി അവര്‍ക്ക് ആകര്‍ഷകമായി തോന്നുന്നില്ല. പി.ജി. ഉള്‍പ്പെടെ ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നവര്‍ക്ക് ജോലി കിട്ടാന്‍ സാദ്ധ്യതയുള്ള അണ്‍ എയിഡഡ് സ്‌കൂളുകളിലും സ്വാശ്രയ കോളേജുകളിലുമെല്ലാം കിട്ടുന്ന ശമ്പളം നമുക്കറിയാമല്ലോ. റിട്ടയര്‍ ചെയ്യാറാകുമ്പോള്‍ പോലും എന്തു കിട്ടും? നഴ്‌സുമാര്‍ക്ക് നമ്മുടെ വലിയ ആശുപത്രികള്‍ പോലും എന്തു കൊടുക്കുന്നുണ്ട്? ഇതേ ജോലി പുറംരാജ്യങ്ങളില്‍ പോയി ചെയ്താല്‍ നല്ല ശമ്പളവും അംഗീകാരവും സൗകര്യങ്ങളുമെല്ലാം ലഭിക്കും. അപ്പോള്‍ കുട്ടികള്‍ പോകുന്നതിനെ എങ്ങനെ കുറ്റപ്പെടുത്താനാകും? ഇവിടെ പഠിച്ചാല്‍ ഒരുവിധം നിലവാരമുള്ള ജോലി ലഭിക്കുമെന്ന ഉറപ്പുണ്ടെങ്കില്‍ ഇത്രയധികം പേര്‍ പോകുമായിരുന്നില്ല - ഡോ. തോമസ് വിശദീകരിച്ചു.

ഇപ്പോള്‍ പോകുന്നവരൊന്നും തിരികെ വരാനോ ഇവിടേക്കു പണമയക്കാനോ ഉദ്ദേശിക്കുന്നില്ല എന്നതു നാടിനും നഷ്ടമാണെന്നു ഡോ. തോമസ് പറഞ്ഞു. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ അതു ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷമായി ബാധിക്കും. ഇവര്‍ പോകുന്നതനുസരിച്ച്, ഉത്തരേന്ത്യയില്‍ നിന്നും മറ്റും മറ്റൊരു കൂട്ടര്‍ വരുന്നുണ്ട്. അവരിവിടെ മറ്റൊരു ഭാഷയും സംസ്‌കാരവും സൃഷ്ടിക്കുന്നു. ഒരു സങ്കര സമ്മിശ്ര സംസ്‌കാരം ഇവിടെ വികസിച്ചു വരുന്നു. തെറ്റാണെന്നു പറയാനും പറ്റില്ല. പക്ഷേ, അതു നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും സംസ്‌കാരത്തിനുമെല്ലാം ദോഷമുണ്ടാക്കുമെന്നാണു വ്യക്തിപരമായി എന്റെ അഭിപ്രായം - അദ്ദേഹം വിശദീകരിച്ചു. സഭയുടെ തന്നെ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ആശുപത്രികളിലുമെല്ലാം മാന്യമായ ശമ്പളം കൊടുക്കാന്‍ കഴിഞ്ഞാല്‍ കുറെ പേര്‍ കൂടി നാട്ടില്‍ നില്‍ക്കുമായിരുന്നുവെന്നു ഡോ. തോമസ് സൂചിപ്പിച്ചു.

കുട്ടികള്‍ നമ്മുടെ സമൂഹത്തെ സൂക്ഷ്മമായി വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പഠനം കഴിഞ്ഞ് ഇവിടെ ഒരു നല്ല ജോലി കിട്ടുക അസാദ്ധ്യമായ ഒരു കാര്യമായി അവര്‍ക്കു തോന്നുന്നുണ്ട്. പൊതുവിഭാഗത്തിനു വിശേഷിച്ചും അങ്ങനെയൊരു തോന്നല്‍ ശക്തമായി ഉണ്ട്.

എം.എസ്.ഡബ്ല്യു. പഠിച്ച തനിക്ക് നാട്ടിലേക്കാള്‍ ഈ മേഖലയില്‍ അവസരമുള്ളതായി തോന്നിയതു വിദേശത്താണെന്നു മാള്‍ട്ടയില്‍ ഉപരിപഠനത്തിനും ജോലിക്കുമായെത്തിയ അന്നാ രശ്മി ചൂണ്ടിക്കാട്ടി. എല്ലാ തൊഴിലുകള്‍ക്കും ലഭിക്കുന്ന മാന്യതയും പല തൊഴിലുകള്‍ക്കും ലഭിക്കുന്ന മികച്ച അവസരങ്ങളുമാണ് ചെറുപ്പക്കാരെ വിദേശങ്ങളിലേക്ക് ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകം, അന്നാ രശ്മി പറഞ്ഞു.

നാട്ടിലെ ജോലിയില്‍ നിന്നു സമ്പാദ്യം സ്വരൂപിക്കാന്‍ സാധിക്കുന്നില്ലെന്ന ചിന്തയില്‍ നിന്നാണു പലരും വിദേശജോലി തിരഞ്ഞെടുക്കുന്നതെന്നു ദുബായിയില്‍ ജോലി ചെയ്യുന്ന മൂക്കന്നൂര്‍ സ്വദേശി സെബാസ്റ്റ്യന്‍ തോമസ് പറഞ്ഞു. നാട്ടില്‍ വരുമാനം കുറവും ചെലവു കൂടുതലുമായിരിക്കും, വിദേശത്തു തിരിച്ചും. കുടുംബത്തെ സഹായിക്കാന്‍ പ്രവാസികള്‍ക്കു കൂടുതലായി സാധിക്കുന്നതാണു കാണുന്നത്. പ്രവാസജീവിതം അറിവും അച്ചടക്കവും നല്‍കുകയും ചെയ്യുന്നുണ്ട് - സെബാസ്റ്റ്യന്‍ വിശദീകരിച്ചു.

കേരളത്തില്‍ തൊഴിലില്ല, ദല്‍ഹിയില്‍ തൊഴില്‍ കിട്ടിയെങ്കിലും ശമ്പളമില്ല എന്ന സാഹചര്യത്തിലാണ് വിദേശത്തെ അവസരങ്ങള്‍ അന്വേഷിച്ചതെന്നു ന്യൂസിലന്റില്‍ ജോലി ചെയ്യുന്ന സോബിന്‍ മാത്യൂസ് പറഞ്ഞു. നാട്ടില്‍ ചെയ്യുന്ന അതേ ജോലി വിദേശത്തു ചെയ്താല്‍ നാലു മടങ്ങ് ശമ്പളം കിട്ടും, ഇന്‍ഷുറന്‍സ് പോലുള്ള സുരക്ഷിതത്വങ്ങളുണ്ട്. നാട്ടിലെ ജോലികൊണ്ടു പഠനവായ്പ പോലും തിരിച്ചടക്കാന്‍ സാധിക്കില്ല - സോബിന്‍ ചൂണ്ടിക്കാട്ടി.

വിദേശപഠനത്തിനുള്ള ചെലവുകള്‍ ഏറ്റെടുക്കാന്‍ ബാങ്ക് വായ്പകള്‍ കിട്ടുമെന്ന സ്ഥിതി വന്നതോടെയാണ് കൂടുതല്‍ പേര്‍ ഇതിനായി തയ്യാറായതെന്നു ജിന്‍ഫിയ ജോണി പറഞ്ഞു. ഇത്രയും തുക നാട്ടില്‍ മുടക്കി സംരംഭം തുടങ്ങാമെന്നു വച്ചാല്‍ അതില്‍ അപകടസാദ്ധ്യതകളുണ്ട്. വിദേശത്തു ചെന്നു കഴിഞ്ഞാല്‍ അവിടെ ജീവിതം കെട്ടിപ്പടുക്കാന്‍ വീണ്ടും എളുപ്പത്തില്‍ വായ്പകള്‍ ലഭ്യമാകും. അതുകൊണ്ട് തിരികെ നാട്ടില്‍ വരുന്നതിനെ കുറിച്ച് ആരും ചിന്തിക്കാറില്ലെന്ന് ജിന്‍ഫിയ ചൂണ്ടിക്കാട്ടി.

മക്കള്‍ക്കു മുത്തശ്ശീമുത്തച്ഛന്മാരുടെ കരുതലും സംരക്ഷണവും ലഭിക്കുമെന്നതാണ് നാട്ടിലെ സ്ഥിരവാസം കൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനമെന്നു നാട്ടില്‍ ബാങ്കുദ്യോഗസ്ഥനായ അജി ജെയിംസ് പറഞ്ഞു. വിദേശത്ത് അണുകുടുംബങ്ങളില്‍ കഴിയുന്നവര്‍ക്ക് ഈ അവസരമില്ല. പക്ഷേ, നാട്ടിലെ കുട്ടികള്‍ക്കില്ലാത്ത മറ്റ് അവസരങ്ങള്‍ അവര്‍ക്കുണ്ടു താനും.

വൈറ്റ് കോളര്‍ ജോലികളോടുള്ള മാനസികാടിമത്തവും ഏതു തൊഴിലിനെയും ബഹുമാനിക്കാനുള്ള നമ്മുടെ മടിയുമാണ് യുവജനങ്ങള്‍ വിദേശരാജ്യങ്ങള്‍ തേടുന്നതിന്റെ ഒരു പ്രധാനകാരണമെന്നു അനിറ്റ അഗസ്റ്റിന്‍, വാതക്കാട് പറഞ്ഞു. വിദേശത്തു ചെയ്യുന്ന ജോലികള്‍ നാട്ടില്‍ ചെയ്യാന്‍ ചെറുപ്പക്കാര്‍ തയ്യാറാകാത്തതിനു കാരണമതാണ്. എല്ലാ തൊഴിലിനെയും ബഹുമാനിക്കാന്‍ വിദേശികള്‍ക്കുള്ള സന്നദ്ധത നമ്മളും ആര്‍ജിച്ചാല്‍ ഈ സ്ഥിതിയില്‍ കുറെയൊക്കെ മാറ്റം വരുമെന്ന് അനിറ്റ സൂചിപ്പിച്ചു.

പഠിച്ച കോഴ്‌സിനു ചേര്‍ന്ന ജോലിയും ശമ്പളവും കിട്ടുന്നില്ല എന്ന അവസ്ഥയാണ് ഇന്നത്തെ യുവജനങ്ങള്‍ നേരിടുന്നതെന്ന് ജോണ്‍സ് ഷാജു പറഞ്ഞു. മൂന്നു വര്‍ഷം നന്നായി പഠിച്ച് ഒരു ഡിഗ്രിയെടുത്താലും കിട്ടുന്ന ജോലിക്ക് പതിനായിരമോ പതിനയ്യായിരമോ ആയിരിക്കും ശമ്പളം. ഇതുകൊണ്ട് എങ്ങനെ ജീവിക്കും എന്നു യുവജനങ്ങള്‍ ചിന്തിക്കുന്നുണ്ട്. ഈ പഠനം വിദേശത്തു നടത്തിയാല്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട അവസരങ്ങളുണ്ടാകും - ജോണ്‍സ് ചൂണ്ടിക്കാട്ടി.

പഠനത്തോടൊപ്പം ജോലിയും ചെയ്യാമെന്നതാണ് വിദേശത്തെ ഒരു പ്രധാന ആകര്‍ഷണമെന്നു റിയ റോസ് ജോസഫ് പറഞ്ഞു. നാട്ടില്‍ പഠനമാണ് എല്ലാ ദിവസങ്ങളിലും മുഴുവന്‍ സമയവും. അതു കഴിഞ്ഞു ജോലിക്കു സമയമില്ല, ജോലി കിട്ടാന്‍ സാദ്ധ്യതയുമില്ല. വിദേശത്തെ കോഴ്‌സുകള്‍ പ്രായോഗികപഠനത്തിലധിഷ്ഠിതമാണ്. കോഴ്‌സ് കഴിഞ്ഞാല്‍ ഉടനെ അതുമായി ബന്ധപ്പെട്ട ജോലി ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ടാകും.

പരീക്ഷയില്‍ കിട്ടുന്ന മാര്‍ക്കിനു പുറമെ മറ്റു കഴിവുകളുടെ അടിസ്ഥാനത്തില്‍ കൂടി കുട്ടികളെ വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്യുന്ന സ്ഥിതി നാട്ടില്‍ വരേണ്ടതുണ്ടെന്ന് ടീന വി. പോള്‍ പറഞ്ഞു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ കുറവും വിദ്യാഭ്യാസവായ്പകള്‍ തിരിച്ചടക്കാനുള്ള ശമ്പളം കിട്ടാത്തതും പാര്‍ട്ട് ടൈം ജോലികള്‍ നാട്ടില്‍ ചെയ്യാനുള്ള മടിയുമാണ് കുട്ടികളെ വിദേശത്തേക്ക് നയിക്കുന്നതെന്ന് പ്രിയ ജോര്‍ജ് അഭിപ്രായപ്പെട്ടു.

കുടിയേറ്റം തുടരാന്‍ തന്നെയാണു സാദ്ധ്യതയെന്ന കാര്യത്തില്‍ എല്ലാവരും ഏതാണ്ട് ഏകാഭിപ്രായക്കാരാണ്. മെച്ചപ്പെട്ട ജീവിതം തേടി, കൂടുതല്‍ അവസരങ്ങളുള്ള നാടുകളിലേക്ക് മനുഷ്യര്‍ എന്നും കുടിയേറിയിരുന്നു. മനുഷ്യസമൂഹങ്ങളുടെ നിരന്തരമായ ദീര്‍ഘപ്രയാണങ്ങളാണ് മാനവരാശിയെ ഇന്നത്തെ നിലയിലേക്കു രൂപാന്തരപ്പെടുത്തിയെടുത്തതും. ഈ പ്രക്രിയ അവസാനിക്കാന്‍ ന്യായം കാണുന്നില്ല.

ജനസംഖ്യാശൈത്യവും വാര്‍ദ്ധക്യവും സൃഷ്ടിക്കുന്ന ശൂന്യതകള്‍ നികത്താന്‍ മനുഷ്യരുടെ സ്ഥാനമാറ്റങ്ങള്‍ ആവശ്യവുമാണ്. ഇന്ന് ധാരാളം പേര്‍ കുടിയേറുന്ന ജര്‍മ്മനിയുടെ അവസ്ഥയെടുക്കുക. 2003-ല്‍ ജര്‍മ്മനിയുടെ ജനസംഖ്യ അപ്പോഴുള്ളതില്‍ നി ന്നു കുറയാന്‍ തുടങ്ങി. ആ വര്‍ഷം, തൊട്ടു മുന്‍വര്‍ഷത്തേക്കാള്‍ 5000 കുറവായിരുന്നു ജനസംഖ്യ. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ജനസംഖ്യ പിന്നെയും കുറഞ്ഞു. ജനനനിരക്കു കുത്തനെ താഴ്ന്നു. 1945-ല്‍ 7 ലക്ഷം കുഞ്ഞുങ്ങളാണ് ജര്‍മ്മനിയില്‍ ജനിച്ചതെങ്കില്‍ 2021-ല്‍ ഇത് 6.8 ലക്ഷമായിരുന്നു. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ വലിയ കുറവാണിത്. 2060 ആകുമ്പോഴേക്കും ജര്‍മ്മനിയുടെ ജനസംഖ്യ ഇപ്പോഴുള്ളതില്‍ നിന്നു 14 ശതമാനം കുറയുമെന്നാണു പഠനങ്ങള്‍. ആ ജനസംഖ്യയില്‍ ഭീമാകാരമായ ഒരു പങ്ക് വൃദ്ധരായിരിക്കുകയും ചെയ്യും. കുടിയേറ്റക്കാരെ സ്വീകരിക്കുകയല്ലാതെ ഇതിനെ നേരിടാന്‍ മറ്റൊരു മാര്‍ഗവും ജര്‍മ്മനിയുടെ മുമ്പിലില്ല. കഴിഞ്ഞ വര്‍ഷം മൂന്നു ലക്ഷം പേരാണ് ജര്‍മ്മനിയിലേക്കെത്തിയ കുടിയേറ്റക്കാര്‍. ഇതു കുടിയേറിയവരും ആഗ്രഹിച്ചതായിരിക്കാമെങ്കിലും പ്രാഥമികമായി ജര്‍മ്മനിയുടെ തന്നെ ആവശ്യമായിരുന്നു. ഈ പ്രക്രിയ തുടരും.

ജര്‍മ്മനിയുടെ മാത്രമല്ല, ഇതര യൂറോപ്യന്‍ രാജ്യങ്ങളുടെയും സ്ഥിതി ഏറിയും കുറഞ്ഞും ഇതു തന്നെയാണ്. ജപ്പാന്‍ പോലെയുള്ള പൗരസ്ത്യരാജ്യങ്ങളിലും ഈ സ്ഥിതി പടരുന്നുണ്ട്. അവയൊക്കെയും നാളെ കുടിയേറ്റക്കാരെ വന്‍തോതില്‍ പ്രോത്സാഹിപ്പിക്കാതിരിക്കില്ല. 2005-ല്‍ 12.8 കോടിയായിരുന്ന ജപ്പാനിലെ ജനസംഖ്യ 2050-ല്‍ പത്തു കോടിയില്‍ താഴെയാകുമെന്ന് ജനസംഖ്യാവിദഗ്ദ്ധര്‍ പറയുന്നു. അവരിലേറെയും വൃദ്ധരുമായിരിക്കും.

ഇപ്പോള്‍ യൂറോപ്പിലെ ജനസംഖ്യയില്‍ 65 വയസ്സിനു മുകളിലുള്ളവര്‍ 16ശതമാനമാണ്. 2050 ഓടെ ഇതു ഇരട്ടിയായി വര്‍ദ്ധിച്ചു 32 ശതമാനമാകും. സമാനമായ സ്ഥിതിയാണ് അമേരിക്കയിലും ഓഷ്യാനിയായിലും ഉള്ളത്. തൊഴിലെടുക്കാന്‍ കഴിയുന്ന ചെറുപ്പക്കാര്‍ക്കുള്ള ഡിമാന്‍ഡില്‍ ഇതു വലിയ കുതിച്ചുചാട്ടത്തിനു കാരണമാകും. അതേസമയം ജനസംഖ്യാപരമായ മാറ്റങ്ങള്‍ ഇന്ത്യയിലും ഉണ്ടാകാതിരിക്കില്ല. സാമ്പത്തികം, പരിസ്ഥിതി, രാഷ്ട്രീയം, മതം, സംസ്‌കാരം, ശാസ്ത്രം, ആരോഗ്യം എന്നീ മേഖലകളിലും വലിയ മാറ്റങ്ങള്‍ വരും പതിറ്റാണ്ടുകളിലുണ്ടായെന്നു വരാം. ഇതെല്ലാം കൂട്ടിക്കിഴിച്ചാലാണ് കുടിയേറ്റത്തിന്റെ ഗതി നിര്‍ണയിക്കാനാകുക. പല മാറ്റങ്ങളും അപ്രവചനീയങ്ങളായിരിക്കുമെന്നതുകൊണ്ടു തന്നെ കുടിയേറ്റത്തിന്റെയും ഭാവിയെ കുറിച്ച് എന്നേക്കുമുള്ള വിധിതീര്‍പ്പുകള്‍ അസാദ്ധ്യമാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org