എത്താക്കൊമ്പുകളിലെത്തിക്കുന്ന ചിറകുകള്‍

നൈപുണ്യ സ്ഥാപനങ്ങള്‍ക്കു തുടക്കമിട്ടവരില്‍ പ്രമുഖരായ ബിഷപ് തോമസ് ചക്യത്തും പ്രഥമ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപുരയ്ക്കലും നൈപുണ്യയുമായി ബന്ധപ്പെട്ട തങ്ങളുടെ ഓര്‍മകളും അവലോകനങ്ങളും പങ്കുവയ്ക്കുന്നു...
എത്താക്കൊമ്പുകളിലെത്തിക്കുന്ന ചിറകുകള്‍
നൈപുണ്യ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിലേക്ക് കടന്നുവന്നപ്പോള്‍ കണ്ട സ്വപ്നങ്ങളും അത് പൂര്‍ത്തീകരിക്കാന്‍ നടത്തിയ പരിശ്രമങ്ങളും എന്തൊക്കെയായിരുന്നു?

റോമിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ചുമതലയാണ് 1993 മുതല്‍ 96 വരെ ഞാന്‍ വഹിച്ചിരുന്നത്. കുറച്ചു ദുഷ്‌കരമായിരുന്നു ആ ജോലി. എങ്കിലും ആ സമൂഹത്തെ പടുത്തുയര്‍ത്താന്‍ സാധിച്ചു. അതിനു മുമ്പ് ഞാന്‍ എം.എസ്.ഡബ്ല്യു. പഠിച്ചിരുന്നു. സാമൂഹ്യപ്രവര്‍ത്തനത്തിനു പ്രാധാന്യമുള്ള ഒരു പ്രവര്‍ത്തനമേഖലയാണ് ഞാനെന്നും ആഗ്രഹിച്ചിരുന്നത്. വിശേഷിച്ചും യുവജനങ്ങളുടെ പരിശീലനം. അവര്‍ക്കു തൊഴില്‍ നല്‍കാന്‍ കഴിയുന്ന സംരംഭം തുടങ്ങണമെന്ന സ്വപ്നം എനിക്കുണ്ടായിരുന്നു. അമേരിക്കയില്‍ സേവനം ചെയ്തിരുന്നപ്പോഴും ഞാനിതു ചിന്തിച്ചിരുന്നു. നാട്ടിന്‍ പുറങ്ങളിലെ മിടുക്കരായ കുട്ടികളെ ഉയരങ്ങളിലേയ്ക്കു കൊണ്ടുവരിക, കഴിവുകള്‍ കണ്ടെത്തുക, പരിശീലിപ്പിക്കുക എന്ന സ്വപ്നം.

അമേരിക്കയില്‍ നിന്നു ഞാന്‍ അവധിക്കു വന്നപ്പോള്‍ പൊങ്ങത്ത് പണിയുന്ന സ്ഥാപനത്തിന്റെ കാര്യം ചക്യത്ത് പിതാവ് അവതരിപ്പിച്ചു. ഞാന്‍ പ്രാര്‍ത്ഥിച്ചു. ഏറ്റെടുക്കാം എന്നു ഞാന്‍ പിതാവിനോടു സമ്മതിച്ചു.

ധനസമാഹരണമായിരുന്നു ആദ്യത്തെ വെല്ലുവിളി. കണ്‍വെഞ്ച്വല്‍ സന്യാസസമൂഹത്തിന്റെ സഹായം ലഭ്യമാക്കുന്നതിനു ഫാ. മാത്യു പുരയിടം വളരെ സഹായിച്ച കാര്യം ഓര്‍ക്കുന്നു.

ഹോട്ടല്‍ മാനേജ്‌മെന്റ് ഉള്‍പ്പെടെ നാലു തൊഴിലധിഷ്ഠിത കോ ഴ്‌സുകളാണ് ആദ്യം ആരംഭിച്ചത്. കുട്ടികള്‍ വന്നു ചേര്‍ന്നു. തുടര്‍ന്ന് കൂടുതല്‍ വ്യവസ്ഥാപിതമായ കോഴ്‌സുകള്‍ ആരംഭിച്ചു. പ്രമുഖ ഹോട്ടലുകളുമായി സഹകരിച്ചു. 2003 ആയപ്പോഴേയ്ക്കും സ്ഥാപ നം കൂടുതല്‍ വളര്‍ന്നു. ബിരുദ കോഴ്‌സുകള്‍ തുടങ്ങി. അതൊരു പാരലല്‍ കോളേജ് പോലെയാകരുതെന്ന നിര്‍ബന്ധം ഞാന്‍ പു ലര്‍ത്തിയിരുന്നു. പിന്നീട് കേരളത്തില്‍ സ്വാശ്രയ കോളേജുകള്‍ തുടങ്ങിയപ്പോള്‍ തന്നെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേഷന്‍ നേടാനും സാധിച്ചു. യൂണിവേഴ്‌സിറ്റിയില്‍ വ്യത്യസ്തമായ ഒരു കോളേജ് എന്ന പ്രതിച്ഛായയും ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ കരസ്ഥമാക്കി. പ്രവേശനം ലഭിക്കാന്‍ അത്ര എളുപ്പമല്ലാത്ത ഒരു സ്ഥിതിയിലേയ്ക്കു കോളേജ് വളര്‍ന്നു.

അതിരൂപതയ്ക്കു വളരെയൊന്നും ചെയ്യാന്‍ സാധിക്കാതിരുന്ന ചേര്‍ത്തല മേഖലയില്‍ കോളേജ് തുടങ്ങുകയെന്ന സ്വപ്നമായിരുന്നു അടുത്തത്. അതു സാദ്ധ്യമാക്കി. അടുത്തത് എടക്കുന്നിലെ പബ്ലിക് സ്‌കൂള്‍. ആ പ്രദേശത്ത് നല്ല പബ്ലിക് സ്‌കൂള്‍ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് രൂപതയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്ത് സ്‌കൂള്‍ ആരംഭിക്കാന്‍ തീരുമാനമായത്. ജനങ്ങളുടെ വലിയ പിന്തുണയുമുണ്ടായിരുന്നു. പലിശരഹിത വായ്പകളുള്‍പ്പെടെ വാങ്ങിയാണ് ആവശ്യമായ ധനസമാഹരണം നടത്തിയത്.

ഇതിനിടെ ഹൗസ് കീപ്പിംഗ് മേഖലയിലേയ്ക്കു കടക്കുകയും അനേകം പേര്‍ക്കു തൊഴില്‍ നല്‍കാന്‍ സാധിക്കുകയും ചെയ്തു. കൊച്ചി എയര്‍പോര്‍ട്ട് എം.ഡിയായിരുന്ന വി.ജെ. കുര്യന്റെ പിന്തുണയും അതിനുണ്ടായിരുന്നു. എയര്‍പോര്‍ട്ടിലെ ഹൗസ് കീപ്പിംഗ് വിജയമായതിനെ തുടര്‍ന്ന് സൂപര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലുള്‍പ്പെടെ അവസരങ്ങള്‍ ലഭിച്ചു. ഒരു ഡസനോളം സ്ഥാപനങ്ങളിലായി 1800-ല്‍ പരം വനിതകള്‍ക്ക് ജോലി കൊടുക്കുവാന്‍ ഹൗസ് കീപ്പിംഗ് വിഭാഗത്തിന് ഇന്നു കഴിയുന്നു.

എന്റെ 11 വര്‍ഷത്തെ പ്രവര്‍ത്തനരംഗമായിരുന്നു നൈപുണ്യയിലേത്. ധാരാളം കുട്ടികളെ രൂപപ്പെടുത്താനും ജോലിക്കാരാക്കാനും സാധിച്ചു. ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യം എനിക്കുണ്ട്.

To reach the unreachable എന്ന ആപ്തവാക്യത്തിന്റെ തിരഞ്ഞെടുപ്പും അതിന്റെ ഇന്നത്തെ പ്രസക്തിയും...

എം.എസ്.ഡബ്ല്യു. പഠിച്ച സമയത്ത് എന്റെ മനസ്സില്‍ രൂപപ്പെട്ട ഒരു ചിന്തയാണിത്. ദൈവം നമുക്ക് ഒരുപാടു കഴിവുകള്‍ നല്‍കിയിട്ടുണ്ട്. മനസ്സു വച്ചാല്‍ നമുക്ക് എത്രവേണമെങ്കിലും വളരാന്‍ സാധിക്കും. അത്രമാത്രം സിദ്ധികള്‍ നമുക്കുണ്ട്. ദൈവത്തിലാശ്രയിച്ചുകൊണ്ട് കഠിനാദ്ധ്വാനം ചെയ്താല്‍ ആകാശമാണ് നമ്മുടെ അതിര്. ആ ആശയം എന്നെ വളരെ സ്പര്‍ശിച്ചിരുന്നു. അതാണ് ഈ ആപ്തവാക്യം. ഒരിക്കലും നിരാശപ്പെട്ടു താഴോട്ടു നോക്കരുത്, എപ്പോഴും മുകളിലേയ്ക്കു നോക്കുക. ഞാനിതു ക്ലാസില്‍ പറയാത്ത ഒറ്റ ദിവസം പോലുമില്ല. തിരിച്ചടികളുണ്ടാകുമെങ്കിലും അതില്‍ നിരാശപ്പെട്ടിരിക്കാറില്ല. ഈ ചിന്ത സ്ഥാപനത്തില്‍ എല്ലാവരിലേയ്ക്കും പകരാന്‍ സാധിച്ചിരുന്നു.

നൈപുണ്യയുടെ ഭാവിയില്‍ ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളെന്തൊക്കെയാണ്?

നമ്മുടെ മനസ്സിലൊരു തീ ഉണ്ടാകണം. ഒരു അഭിനിവേശം. അതില്ലെങ്കില്‍ നാം നിലവിലുള്ള കാര്യങ്ങളൊക്കെ ചെയ്ത് അങ്ങനെ പോകുകയേയുള്ളൂ. നിലവിലുള്ള കാര്യങ്ങളില്‍ തൃപ്തരാകരുത്. ഇപ്പോള്‍ പ്ലസ്ടുവിന് ഉന്നതവിജയം നേടുന്ന ധാരാളം കുട്ടികള്‍ നമ്മുടെ ഗ്രാമപ്രദേശങ്ങളിലടക്കം ഉണ്ട്. അവരൊക്കെ ചില പതിവു പരമ്പരാഗത കോഴ്‌സുകള്‍ക്കു തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത്. മാനേജ്‌മെന്റ് രംഗത്തൊക്കെ വിപ്ലവകരമായ മാറ്റങ്ങള്‍ ലോകത്തുണ്ടായിക്കൊണ്ടിരിക്കുകയാണ്. അതനുസരിച്ചുള്ള കോഴ്‌സുകള്‍ കൊടുക്കുന്ന സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടോ എന്നു ചോദിച്ചാല്‍ കുറവാണെന്നു പറയേണ്ടി വരും. നൈപുണ്യയിലും പുതിയ കോഴ്‌സുകള്‍ വരണം. ഓണേഴ്‌സ് കോഴ്‌സുകള്‍ നടത്തുക, വിദ്യാര്‍ത്ഥികളില്‍ ഗ വേഷണാഭിമുഖ്യം വളര്‍ത്തുക, നല്ല എക്‌സ്‌പോഷര്‍ കൊടുക്കുക, പുതിയ ചക്രവാളങ്ങള്‍ തുറന്നു കൊടുക്കുക. വെറുമൊരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയല്ല ചെയ്യുന്നത്. കോഴ്‌സ് കഴിയുമ്പോള്‍ ആ വിഷയത്തില്‍ ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന വ്യക്തികളായി അവര്‍ മാറണം. നല്ല യൂണിവേഴ്‌സിറ്റികളുമായി സഹകരിക്കുക, ട്വിന്നിംഗ് പ്രോഗ്രാം നടത്തുക. കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ ഒതുങ്ങി നില്‍ക്കരുത്. അങ്ങനെയാണെങ്കില്‍ മാത്രമേ ഇനി പ്രസക്തിയുള്ളൂ. നിലവിലുള്ളതില്‍ തൃപ്തിപ്പെട്ടിരുന്നാല്‍ പോരാ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org