സഹനച്ചെടിയില്‍ വിടര്‍ന്ന സന്തോഷപുഷ്പം

ഫാ. പൊസെന്തി O I C
സഹനച്ചെടിയില്‍ വിടര്‍ന്ന സന്തോഷപുഷ്പം
ബഥനി മിശിഹാനുകരണ സന്യാസസമൂഹത്തില്‍ അംഗമായി, 1973 ല്‍ പൗരോഹിത്യം സ്വീകരിച്ച ഫാ. പൊസെന്തി ഒ ഐ സി, കലാ-മാധ്യമ രംഗത്തു പ്രവര്‍ത്തിക്കാനാണ് ആഗ്രഹിച്ചത്. അതിനായി മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജില്‍ ചേര്‍ന്ന് മാധ്യമപഠനത്തില്‍ ബിരുദാനന്തരബിരുദം നേടി. അരങ്ങിനോടും അഭിനയത്തോടും താത്പര്യമുണ്ടായിരുന്ന അദ്ദേഹം തുടര്‍ന്ന്, ഈ വിഷയങ്ങളിലും ഉപരിപഠനം നടത്തി. നാട്ടില്‍ മടങ്ങിയെത്തി, ഒരു യുവജനസംഘം രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു. കലയിലൂടെയും മാധ്യമങ്ങളിലൂടെയും സുവിശേഷസന്ദേശം അനേകരിലേക്കെത്തിക്കുക. അതായിരുന്നു ലക്ഷ്യം. അതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോഴായിരുന്നു സ്വന്തം പദ്ധതികളെ മാറ്റി മറിച്ച ആ അപകടം. 1985 മാര്‍ച്ച് 30-നായിരുന്നു അത്. വയനാട്, കല്‍പറ്റയില്‍ വച്ചു രണ്ടു ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പത്തു പേരോളം ആ അപകടത്തില്‍ മരിച്ചു. പൊസെന്തിയച്ചനു ഗുരുതരമായ പരിക്കു പറ്റി. നട്ടെല്ലും സുഷുമ്‌നാനാഡിയും തകര്‍ന്നു. ശരീരത്തിനു താഴേക്കു തളര്‍ന്നു. ഒന്നര മാസത്തോളം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ നടത്തി. തുടര്‍ന്ന്, വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ പോയി. അതിനുശേഷം തിരുവനന്തപുരത്തേക്കു മടങ്ങി. മെഡിക്കല്‍ കോളജിലും സഭയുടെ തന്നെ ഫിസിയോ തെറാപി കോളജിലുമായി ചികിത്സ തുടര്‍ന്നു. ആ ചികിത്സ ഇന്നും തുടരുന്നു. ആദ്യ വര്‍ഷങ്ങളില്‍ ആരോഗ്യകാര്യത്തില്‍ ചെറിയ പുരോഗതി കാണാമായിരുന്നു. പരസഹായത്തോടെ നടക്കാന്‍ കഴിഞ്ഞിരുന്നു. പക്ഷേ പിന്നീട് തീരെ നടക്കാനാകാത്ത അവസ്ഥയിലായി. പതിനഞ്ചോളം വര്‍ഷമായി കട്ടിലില്‍ കിടക്കുക, ഇരിക്കുക. അത്രയും മാത്രമേ സാധിക്കൂ. ഇരിക്കണമെങ്കില്‍ തന്നെ പരസഹായം ആവശ്യമാണ്. മറ്റെല്ലാ കാര്യങ്ങളും പരസഹായത്തോടെ തന്നെ.

തിരുവനന്തപുരം, നാലാഞ്ചിറ ബഥനി ആശ്രമത്തില്‍ കഴിയുന്ന ഫാ. പൊസെന്തി സംസാരിക്കുന്നു...

സഹനം പൂവിടുന്നതാണു സന്തോഷം. ദുഃഖവെള്ളി പൂത്തുലഞ്ഞതാണു ഈസ്റ്റര്‍. നാം ദൈവത്തിനര്‍പ്പിക്കുന്ന ബലിയായിട്ടാണ് സ്വന്തം സഹനത്തെ നാം കാണേണ്ടത്. ഒരര്‍ത്ഥത്തിലുള്ള മരണം എല്ലാ സഹനത്തിലുമുണ്ട്. ഞാന്‍ കട്ടിലില്‍ കിടക്കുന്നു, എണീറ്റു പോകാന്‍ കഴിയില്ല. മരണത്തിന്റെ ഒരനുഭവം തന്നെയാണത്. പക്ഷേ സ്‌നേഹം ചേര്‍ക്കുന്നതുകൊണ്ട് ഈ സഹനം എന്നെ ഉത്ഥാനത്തിന്റെ അനുഭവത്തിലേക്കു നയിക്കുന്നു.

സഹനം, സ്‌നേഹം എന്നീ രണ്ടു പദങ്ങളും വാസ്തവത്തില്‍ ഒന്നു തന്നെയാണ്. ഒരേ അക്ഷരങ്ങളാണ് രണ്ടിലും ഉള്ളത്. സ, ഹ, ന എന്നീ അക്ഷരങ്ങള്‍. ''സ'' സന്തോഷത്തിനും ''ഹ'' ഹനിക്കുക അഥവാ കൊല്ലുക, ബലി കഴിക്കുക എന്നതിനും ''ന'' നല്‍കുക എന്നതിനുമുള്ളതാണ്. സ്‌നേഹത്തിലും സഹനത്തിലും ഈ അക്ഷരങ്ങളുടെ അര്‍ത്ഥം അതു തന്നെയാണ്. സന്തോഷവും ബലിയും നല്‍കലും സ്‌നേഹത്തിലുണ്ട്, സഹനത്തിലുമുണ്ട്.

കര്‍ത്താവിന്റെ പീഢാനുഭവത്തില്‍ നമുക്കിതു ദര്‍ശിക്കാനാകും. അവസാനത്തെ അനുസ്വാരം (പൂജ്യം) പൂര്‍ണവൃത്തമാണ്. വൃത്തം എവിടെ തുടങ്ങിയെന്നോ പൂര്‍ത്തിയാക്കിയെന്നോ അറിയാനാവില്ല. അതു ആദിമധ്യാന്തങ്ങളില്ലാത്ത ദൈവത്തിന്റെ തന്നെ പ്രതീകമാണ്. അതില്ലാതെ സ്‌നേഹമോ സഹനമോ പൂര്‍ണമാകുന്നില്ല.

ക്രിസ്തുവിനോടുള്ള സ്‌നേഹമാണ് എന്റെ സഹനത്തിന് അര്‍ത്ഥം പകരുന്നത്. അവിടുത്തെ കുരിശിനോടു ചേര്‍ത്തു വയ്ക്കുമ്പോഴാണ് എന്റെ വേദന സഹനമാകുന്നത്. ദൈവത്തിനു മനുഷ്യനോടുള്ള സ്‌നേഹത്തിന്റെ പൊരുള്‍ മനുഷ്യനു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. ആ സ്‌നേഹത്തിനുവേണ്ടിയാണ് ക്രിസ്തു സഹിച്ചത്. ആ സഹനത്തില്‍ നമ്മള്‍ കൂടി പങ്കുകാരാകുമ്പോള്‍, നമ്മുടേതും വിലയുള്ള സഹനങ്ങളാകുന്നു.

സാധാരണ കുടുംബജീവിതത്തിലും ഇതുണ്ട്. ഭാര്യ ഭര്‍ത്താവിനെ സ്‌നേഹിക്കുന്നെങ്കില്‍, ഭര്‍ത്താവ് ഭാര്യയെ സ്‌നേഹിക്കുന്നെങ്കില്‍ പലതും ത്യജിക്കേണ്ടി വരും, പലതും സഹിക്കേണ്ടി വരും. എവിടെ സ്‌നേഹമുണ്ടോ അവിടെ സഹനമുണ്ട്. എവിടെ സഹനമുണ്ടോ അവിടെ സ്‌നേഹമുണ്ട്. അഥവാ, ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ വെറും ദുഃഖവും വേദനയും സഹനമെന്ന അര്‍ത്ഥപൂര്‍ണമായ അവസ്ഥയിലേക്ക് ഉയരുകയുള്ളൂ. വേദനയും ദുഖവും അനുഭവിക്കുന്ന എല്ലാവര്‍ക്കും അതു കഴിയുന്നുണ്ടാകണമെന്നില്ല. കഴിയണം എന്നതാണ് എന്റെ ആഗ്രഹവും പ്രാര്‍ത്ഥനയും.

മുഴുവന്‍ സമയവും കട്ടിലില്‍ കിടക്കുന്നവരുണ്ട്, വിഷമിക്കുന്നവരും ദുഃഖിക്കുന്നവരുമുണ്ട്. അവിടെ സഹനം എന്ന പദം പ്രയോഗിക്കാന്‍ കഴിയുമോ എന്നു സംശയമുണ്ട്. വേദന, സഹനമെന്ന ഭാവാത്മകമായ അര്‍ത്ഥത്തിലേക്കു വരണമെങ്കില്‍ അതില്‍ സ്‌നേഹം വേണം. ആരോടെങ്കിലുമുള്ള സ്‌നേഹം. ആര്‍ക്കെങ്കിലും വേണ്ടി വേദനിക്കുന്നു, ആര്‍ക്കെങ്കിലും വേണ്ടി ദുഃഖിക്കുന്നു. ഈ അവബോധമാണ് വേദനക്കും ദുഃഖത്തിനും അര്‍ത്ഥം പകരുന്നത്. കര്‍ത്താവിന്റെ കുരിശുമരണത്തിന്റെ രഹസ്യവുമതാണ്.

നിരാശാഭാവം വന്നിട്ടില്ല എന്നതാണ് സ്വന്തം ജീവിതത്തിലെ അനുഗ്രഹം എന്നു ഞാന്‍ കരുതുന്നു. ഈ ജീവിതാവസ്ഥയെ പൂര്‍ണമായി സ്വീകരിച്ചംഗീകരിക്കാന്‍ സാധിച്ചു. അതു ദൈവത്തിന്റെ കൃപയാണ്. ദൈവം അനുവദിച്ചിരിക്കുന്നതും ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു സംഭവിച്ചതുമാണ് ഇതെല്ലാമെന്നും ഞാന്‍ പൂര്‍ണമായി മനസ്സിലാക്കുന്നു.

കത്തോലിക്കാ സന്യാസ വൈദികന്‍ എന്ന നിലയില്‍ വിശേഷിച്ചും, ദൈവത്തിനു വേണ്ടിയാണു ജോലി ചെയ്യുന്നതെങ്കിലും എന്റെ അഭിരുചിക്കും താത്പര്യത്തിനുമനുസരിച്ചാണ് എല്ലാം ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. അതൊക്കെ ദൈവത്തിന് എന്തുമാത്രം പ്രീതികരമാണ് എന്നു ഞാന്‍ ചിന്തിച്ചിട്ടില്ലായിരുന്നു.

ഈയപകടം നടന്നപ്പോള്‍ ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി, എന്തുകൊണ്ട് എനിക്കിങ്ങനെ സംഭവിച്ചു? ഞാനാഗ്രഹിക്കുന്ന രീതിയിലും എന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചും ഞാന്‍ ദൈവസേവനം ചെയ്യുന്നതിനേക്കാളും ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ ദൈവത്തെ സേവിക്കുകയാണ് എന്റെ യഥാര്‍ത്ഥ കടമ എന്നെനിക്ക് തോന്നി. അങ്ങനെയൊരു ബോധ്യം വന്നതോടെ വളരെ ലാഘവത്തോടെ, ദൈവഹിതമാണിത് എന്ന രീതിയില്‍ എന്റെ ശാരീരികാവസ്ഥയെ കാണാന്‍ തുടങ്ങി. അതിനു സാധിച്ചു എന്നത് ദൈവത്തിന്റെ വലിയൊരു ഇടപെടലാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. കാരണം, അതിനു മുമ്പും ശേഷവുമുള്ള മാനസികാവസ്ഥകള്‍ തമ്മില്‍ അതുപോലുള്ള അന്തരമുണ്ട്.

ഇപ്പോള്‍ യാതൊരുവിധത്തിലുമുള്ള സങ്കടമോ വിഷാദമോ ഇല്ല. ദൈവത്തിന്റെ ഹിതമനുസരിച്ചു ജീവിക്കുന്നു എന്ന ബോധ്യമാണുള്ളത്. നമ്മുടെ ഇഷ്ടത്തിനും താത്പര്യങ്ങള്‍ക്കുമനുസരിച്ചു ജീവിക്കുന്നതിനേക്കാള്‍, ദൈവത്തിനു സ്വയം വിട്ടുകൊടുക്കുക. അവിടുത്തെ ആഗ്രഹങ്ങളും തീരുമാനങ്ങളുമനുസരിച്ചു എല്ലാം നടക്കട്ടെ. നമുക്കു പൂര്‍ണമായ ആരോഗ്യമുണ്ടെങ്കില്‍ നമ്മുടെ രീതിക്കനുസരിച്ചു നാം കാര്യങ്ങള്‍ ക്രമീകരിക്കുന്നു. അതനുസരിച്ചു മുന്നോട്ടു പോകുന്നു. പക്ഷേ ദൈവഹിതം വ്യത്യസ്തമായിരിക്കാം, ദൈവത്തിന്റെ രീതികള്‍ വ്യത്യസ്തമായിരിക്കാം.

അപകടം സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഇന്നൊരു പക്ഷേ മാധ്യമരംഗത്ത് ശ്രദ്ധേയമായി പ്രവര്‍ത്തിക്കുമായിരുന്നു ഞാനെന്നു വേണമെങ്കില്‍ സങ്കല്‍പിക്കാം. പക്ഷേ ദൈവം അതല്ല എന്നില്‍ നിന്നാവശ്യപ്പെട്ടത് എന്നെനിക്കു ബോദ്ധ്യമായിരിക്കുന്നു.

യേശുക്രിസ്തുവിനു പല മുഖങ്ങളുണ്ടായിരുന്നു. സുവിശേഷപ്രഘോഷണം, സാമൂഹ്യസേവനം, രോഗസൗഖ്യം, ഭക്ഷണം കൊടുത്തു തൃപ്തരാക്കല്‍, അധ്യാപനം എന്നിങ്ങനെ പല മുഖങ്ങള്‍. പക്ഷേ അതിനൊക്കെ മകുടമായി നില്‍ക്കുന്നത് കുരിശിലെ യേശുവാണ്. ആ സഹനത്തിലൂടെയും കഷ്ടപ്പാടിലൂടെയും സ്വന്തം മിഷന്‍ യേശു പൂര്‍ത്തീകരിച്ചതു പോലെ, സഹനത്തിന്റെയും കഷ്ടപ്പാടിന്റെയും ആ മിഷനില്‍ പങ്കു ചേരാന്‍ യേശു കുറച്ചു പേരെ വിളിക്കുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നുണ്ട്. പ്രസംഗിക്കാനും കുമ്പസാരിപ്പിക്കാനും പഠിപ്പിക്കാനും ആശുപത്രികള്‍ നടത്താനും ധാരാളം സന്യസ്തരുണ്ട്. അതിലുപരിയായി, യേശുവിന്റെ സഹനത്തില്‍ പങ്കുചേരാന്‍ അവിടുന്ന് കുറച്ചു പേരെ തിരഞ്ഞെടുക്കുന്നുണ്ട്. ആ തിരഞ്ഞെടുപ്പ് വലിയൊരു സമ്മാനമായി ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ആ ഒരു മിഷന്‍ യേശുക്രിസ്തു സമ്മാനിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്.

ദൈവവുമായുള്ള സമ്പര്‍ക്കത്തില്‍ ധാരാളം സമയം ചെലവഴിക്കാന്‍ സാധിക്കുന്നു. ദൈവത്തോടു ചേര്‍ന്നു നില്‍ക്കാനും ദൈവത്തിലായിരിക്കാനും ധാരാളം സമയമുണ്ട്. ദൈവത്തോടുകൂടി ആയിരിക്കുക എന്നതാണു പ്രധാനമായും പ്രാര്‍ത്ഥനയില്‍ എന്റെ തത്വം.

എന്തെങ്കിലും വേണം എന്നു പറഞ്ഞ് ഞാന്‍ പ്രാര്‍ത്ഥിക്കാറില്ല. പക്ഷേ, പ്രാര്‍ത്ഥനാനിയോഗങ്ങള്‍ വരാറുണ്ട്. അതിനെല്ലാം വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട്. നമ്മുടെ പ്രാര്‍ഥനകളിള്‍ 99 ശതമാനവും ഭൗതികമായ കാര്യസാധ്യങ്ങള്‍ക്കു വേണ്ടിയുള്ളവയാണ്. ദൈവം നമ്മിലുണ്ടെങ്കില്‍ പിന്നെ നമ്മുടെ ആവശ്യങ്ങള്‍ ദൈവത്തോടു പ്രത്യേകിച്ചു പറയേണ്ട കാര്യമുണ്ടോ? നമുക്കാവശ്യമുള്ള കാര്യങ്ങളുടെ പട്ടിക തയ്യാറാക്കി ദൈവത്തോടു ചോദിക്കുകയാണു നാം. പക്ഷേ നമുക്കിതൊക്കെ ആവശ്യമാണെന്നു ദൈവത്തിനറിയാമല്ലോ. പിന്നെ പട്ടിക എന്തിനാണു കൊടുക്കുന്നത്? ആവശ്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതു മനുഷ്യനു സ്വാഭാവികമാണ്. ചോദിക്കുവിന്‍ തരപ്പെടും, മുട്ടുവിന്‍ തുറക്കപ്പെടും എന്നു ബൈബിളില്‍ പറയുന്നുമുണ്ട്. അതുകൊണ്ട്, ആവശ്യങ്ങള്‍ ഉന്നയിച്ചു പ്രാര്‍ത്ഥിക്കുന്നതിനെ നിരാകരിക്കുകയോ പരിഹസിക്കുകയോ അല്ല ഞാന്‍. പക്ഷേ പ്രാര്‍ത്ഥനാരീതികളെ കുറിച്ചുള്ള ആത്മപരിശോധന നമുക്കാവശ്യമാണ്.

വേദനയെ അര്‍ത്ഥപൂര്‍ണമായ സഹനമാക്കാനും പ്രാര്‍ത്ഥനയെ ദൈവത്തിലായിരിക്കാനുള്ള അവസരമാക്കാനും നമുക്കു സാധിക്കണം.

(അഭിമുഖസംഭാഷണത്തെ ആസ്പദമാക്കി തയ്യാറാക്കിയത്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org