ചുടുനിണം വീണ മണ്ണില്‍ തഴയ്ക്കുന്ന സഭാതരു

രക്തസാക്ഷിത്വ സ്മരണകളിരമ്പുന്ന കാന്ധമാലിലേക്കുള്ള തീര്‍ഥാടനം
ചുടുനിണം വീണ മണ്ണില്‍ തഴയ്ക്കുന്ന സഭാതരു
Published on
  • ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍

    (വികാരി, സെന്റ് ജോസഫ്‌സ് ചര്‍ച്ച്, കാരുകുന്ന്)

'രക്തസാക്ഷികളുടെ രക്തം സഭയുടെ വിത്താണ്.' ക്രിസ്തീയ ചരിത്രസ്മരണകളില്‍ ആലേഖനം ചെയ്തിരിക്കുന്ന തെര്‍തുല്യന്റെ ഈ വാക്കുകള്‍, ഒഡീഷയിലെ കാന്ധമാലിലേക്ക് പത്തു ദിവസത്തെ മിഷന്‍ പര്യടനം ആരംഭിച്ചപ്പോള്‍, കാരുകുന്നിലെ സെന്റ് ജോസഫ് പള്ളിയില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെയും സിസ്‌റ്റേഴ്‌സിന്റെയും വികാരിയായ ഈ ലേഖകന്റെയും ഹൃദയങ്ങളില്‍ ആഴത്തില്‍ പ്രതിധ്വനിച്ചു കൊണ്ടിരുന്നു. 'കാന്ധമാല്‍ അകലെയല്ല' എന്ന പ്രമേയവുമായിട്ടായിരുന്നു യാത്ര. വെറുമൊരു ഉല്ലാസയാത്രയല്ല, മറിച്ച് ക്രൈസ്തവമായ അതിജീവനശേഷിയുടെ ഹൃദയത്തിലേക്കുള്ള ഒരു വിശുദ്ധ തീര്‍ഥാടനമായിരുന്നു അത്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ കാരുകുന്ന് സെന്റ് ജോസഫ് പള്ളിയിലെ മതബോധന വിഭാഗത്തിലെ എട്ടു മുതല്‍ പന്ത്രണ്ട് വരെ ക്ലാസ് വിദ്യാര്‍ഥികളും സിസ്റ്റര്‍ ജിയോ മരിയ, സിസ്റ്റര്‍ ലിസെറ്റ് എസ് എ ബി എസ്, സിസ്റ്റര്‍ അഞ്ജന സി എച്ച് എഫ്, ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ എന്നിവരാണ് കട്ടക്ക്ഭുവനേശ്വര്‍ രൂപതയിലേക്കു യാത്ര ചെയ്തത്. രക്തസാക്ഷിത്വത്തിന്റെ അലകള്‍ ഇപ്പോഴും പ്രതിധ്വനിക്കുന്ന ഒരു നാടുമായുള്ള വികാരഭരിതമായ സമാഗമമായിരുന്നു അത്.

കാന്ധമാലിന്റെ ഓര്‍മ്മ മങ്ങാന്‍ അനുവദിക്കരുത്. നടന്നുകൊണ്ടിരിക്കുന്ന മിഷന്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും സമാധാനത്തിന്റെയും നീതിയുടെയും ക്രിസ്തീയ സാഹോദര്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ രക്തസാക്ഷികളെ നമുക്ക് ഓര്‍ക്കാം.

ഭുവനേശ്വറിലെ സെന്റ് വിന്‍സെന്റ്‌സ് പ്രോ കത്തീഡ്രലില്‍ ഭക്തിപൂര്‍വകമായ പ്രാര്‍ഥനയോടെയാണ് ദൗത്യം ആരംഭിച്ചത്. തുടര്‍ന്ന് ഞങ്ങളുടെ യാത്രയുടെ ആദ്യ ദിവസമായ 2025 ഏപ്രില്‍ 3-ന് കെ പി ശശിയുടെ 'വോയ്‌സ് ഫ്രം റൂയിന്‍സ്' എന്ന ചലച്ചിത്ര ഡോക്യുമെന്ററിയുടെ അവതരണം നടന്നു. ഫാ. അജയ് കുമാര്‍ സിംഗ് ആയിരുന്നു അതിനു ശബ്ദം പകര്‍ന്നിരുന്നത്. 1960 കള്‍ മുതല്‍ ക്രിസ്ത്യന്‍ സമൂഹം നേരിടുന്ന പരീക്ഷണങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഒരു ആമുഖമായിരുന്നു ഈ ദൃശ്യങ്ങള്‍.

തീര്‍ച്ചയായും, ക്രിസ്തുവിന്റെ ശരീരം ഏകമാണ്, ഞങ്ങളുടെ യാത്രയുടെ ഓരോ നിമിഷത്തിലും ഞങ്ങള്‍ക്കത് അനുഭവപ്പെട്ടു. ഫാ. അജയ് കുമാര്‍ സിംഗ്, ഫാ. മനോജ് കുമാര്‍ നായക്, ഫാ. പുരുഷോത്തം നായക്, സി എം എന്നീ വൈദികരും സിസ്റ്റര്‍മാരും തുടങ്ങി, ആ അതിരൂപതയ്ക്ക് കീഴിലുള്ള മറ്റെല്ലാവര്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു.

  • സന്ദര്‍ശിച്ച മിഷന്‍ സ്‌റ്റേഷനുകള്‍

ജന വികാസ്, പാസ്റ്ററല്‍ സെന്റര്‍ എന്നിവയായിരുന്നു ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ ക്കെതിരായ ആക്രമണത്തിന്റെ കേന്ദ്രബിന്ദു. ആ സ്ഥാപനങ്ങള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു. ഹിന്ദുത്വശക്തികള്‍ മുഴുവന്‍ സ്വത്തുക്കളും പൂര്‍ണ്ണമായും തകര്‍ത്ത് കത്തിച്ച് വിലയേറിയ വസ്തുക്കള്‍ കൊള്ളയടിച്ച സ്ഥലങ്ങളാണിവ. പൊലീസുള്‍പ്പെടെ 300 പേരുടെ സാന്നിധ്യത്തില്‍ ഈ കെട്ടിടത്തിലെ ഒരു പടിക്കെട്ടിനടിയില്‍ ഒരു സിസ്റ്ററെ ബലാത്സംഗം ചെയ്തതായി കേട്ടത് ഹൃദയഭേദകമായിരുന്നു. ആ ദിവസങ്ങളിലെ ദുരിതങ്ങളെക്കുറിച്ച് കണ്ണീരോടെയും ഹൃദയഭാരത്തോടെയും ഫാ. മദന്‍ നായക് വിശദീകരിച്ചു. ദുരതങ്ങളുടെയും വേദനയുടെയും വാക്കുകള്‍ കേള്‍ക്കുക വളരെ സങ്കടകരമായിരുന്നു. കഷ്ടപ്പാടുകളും കഠിനമായ വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും, ക്രിസ്തുവിലുള്ള അവരുടെ വിശ്വാസം അനുദിനം ആഴപ്പെട്ടുകൊണ്ടിരുന്നതായി അദ്ദേഹം പറഞ്ഞു. പാസ്റ്ററല്‍ സെന്ററില്‍ സൂക്ഷിച്ചിരുന്ന കത്തിക്കരിഞ്ഞ ജീപ്പ് വാക്കുകളില്ലാതെ ഞങ്ങളോട് ഒരുപാട് സംസാരിച്ചു.

കാര്‍മല്‍ സ്‌കൂള്‍ സന്ദര്‍ശനം ഞങ്ങളുടെ വിശ്വാസജീവിതത്തിന് ഒരു മുതല്‍ക്കൂട്ടായിരുന്നു, കാരണം സിസ്റ്റര്‍ ആഞ്ജലിന്‍ അഞ്ജലി നായക്, വൃദ്ധയായ ഒരു സിസ്റ്ററോടൊപ്പം പള്ളിയിലെ സങ്കീര്‍ത്തിയില്‍ തന്നെ പൂട്ടിയിട്ട അനുഭവം പങ്കുവച്ചു. മരണത്തെ മുഖാമുഖം കണ്ട ഒരു നിമിഷമായിരുന്നു അത്. ചെറുപ്പമായതിനാല്‍ രക്ഷപ്പെട്ടു പോയി സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഈ സിസ്റ്ററോടു വൃദ്ധയായ സിസ്റ്റര്‍ ആവശ്യപ്പെട്ടെങ്കിലും സിസ്റ്റര്‍ അഞ്ജലി, വൃദ്ധയായ സിസ്റ്ററെ ഉപേക്ഷിച്ചില്ല. മരണത്തിനൊരുക്കമായുള്ള പ്രാര്‍ഥന ചൊല്ലിക്കൊണ്ട് അവര്‍, ആ സിസ്റ്ററോടൊപ്പം നിന്നു. യേശുവിലുള്ള ശക്തമായ വിശ്വാസത്തെക്കുറിച്ച് സംസാരിക്കാന്‍ ഇന്നും അവര്‍ അവിടെയുണ്ട്.

ക്രിസ്തുമതം ആചരിച്ചിരുന്ന ഗ്രാമം മുഴുവന്‍ അവര്‍ നശിപ്പിച്ചെങ്കിലും ആര്‍ക്കും ക്രൈസ്തവസമൂഹത്തെ നശിപ്പിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കാന്‍ ഞങ്ങളെ സഹായിക്കുന്നതായിരുന്നു, അംബേദ്കര്‍ നഗറിലേക്കുള്ള സന്ദര്‍ശനം. ഐക്യത്തോടെയും ശക്തമായ ഇച്ഛാശക്തിയോടെയും അവര്‍ കുടുംബങ്ങള്‍ക്കായി പുതിയ വാസസ്ഥലം നിര്‍മ്മിച്ചു. അവര്‍ക്ക് ഒരു ക്രിസ്തുമതഗ്രാമം ഇല്ലാതാക്കാന്‍ കഴിയും, പക്ഷേ ഞങ്ങളുടെ ഐക്യവും ക്രിസ്തീയ വിശ്വാസവും ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് മനോജ് ഡിഗാളിന്റെ നേതൃത്വത്തില്‍ അവര്‍ പറയുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. അതുകൊണ്ടാണ് ഇന്നു സജീവമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഒരു ഇടവക തങ്ങള്‍ക്കുള്ളതെന്നും അവര്‍ പറഞ്ഞു.

പദങ്കി മിഷന്‍: പദങ്കി, സേക്രഡ് ഹാര്‍ട്ട് പള്ളിയിലായിരുന്നു, ഞങ്ങള്‍ ഫാ. സെബാസ്റ്റ്യന്‍ തോട്ടങ്കര സി എം നെ കണ്ടത്. പൗരോഹിത്യ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ മിഷനില്‍ ചേര്‍ന്ന മലയാളിയായ അദ്ദേഹം ഇപ്പോള്‍ പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം തികച്ചും ഒരു ഒഡിഷക്കാരനെ പോലെ ആയിരിക്കുന്നു. ജനങ്ങളോടുള്ള സ്‌നേഹം അദ്ദേഹത്തെ ഈ നാട്ടുകാരനാക്കി മാറ്റി. കേരളത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴദ്ദേഹത്തിനു പ്രത്യേക സന്തോഷമൊന്നും പകരുന്നില്ല. കാരണം, മിഷന്‍ അദ്ദേഹത്തെ കീഴടക്കിക്കഴിഞ്ഞിരിക്കുന്നു.

റൈകിയ മിഷന്‍: പ്രാര്‍ഥനയുടെയും ക്ഷമയുടെയും ശക്തിയാല്‍ ജീവിതം പുനര്‍നിര്‍മ്മിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്ത ക്രിസ്ത്യന്‍ സമൂഹത്തെയാണ് ഇവിടെ ഞങ്ങള്‍ കണ്ടത്. ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണ സമയത്ത് അരങ്ങേറിയ സംഭവങ്ങളിലേക്കു കണ്ണു തുറപ്പിക്കുന്നതായിരുന്നു ഫാ. പുരുഷോത്തന്റെയും ഫാ. പ്രദോഷിന്റെയും വിവരണങ്ങള്‍. പള്ളിയെ ആക്രമിക്കാന്‍ വന്ന ആളുകള്‍ പള്ളിക്ക് മുകളില്‍ എറിയപ്പെട്ട കല്ലുകള്‍ പോലെ തിരിച്ചെത്തി. സര്‍വശക്തന്റെ ശക്തി അവര്‍ക്കറിയാം. ആക്രമണ ദിവസം സക്രാരിയുടെ മുകളില്‍ മൂത്രമൊഴിച്ചയാള്‍ അതേ പ്രശ്‌നത്താല്‍ മരിച്ചു. ഇടവകയുടെ മിഷന്‍ ഞായറാഴ്ച പിരിവ് ഏകദേശം ഒമ്പത് ലക്ഷമാണെന്ന് കേട്ടപ്പോള്‍, നാട്ടിലെ പിരിവിനെക്കുറിച്ച് ഞങ്ങള്‍ക്ക് ലജ്ജ തോന്നി. അവര്‍ സമ്പന്നരല്ല, പക്ഷേ ഉള്ളതു മുഴുവന്‍ നല്‍കുന്നു.

ബര്‍ഖാമയും ബല്ലിഗുഡയും: ബലിഗുഡയിലെ തകര്‍ന്ന പള്ളി കാണുക ഹൃദയഭേദകമായിരുന്നു. ഒരു പാസ്റ്ററെ പുറത്തു വച്ചു കൊന്ന്, ആ പള്ളിക്കുള്ളില്‍ കൊണ്ടുവന്നു കത്തിച്ച കാര്യം കേട്ടുനില്‍ക്കാന്‍ പ്രയാസമുള്ളതായിരുന്നു. പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ട് ഞങ്ങള്‍ക്ക് കണ്ണീരൊഴുക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ആളുകളുടെ വിശ്വാസം പക്ഷേ നഷ്ടമായിട്ടില്ല. പൊളിച്ച പള്ളിക്ക് സമീപം പുതിയ പള്ളി പൂര്‍ത്തിയാക്കാന്‍ അവര്‍ പണിയെടുത്തുകൊണ്ടിരിക്കുന്നു. വിശ്വാസമല്ല, പള്ളിയെയാണ് അവര്‍ക്ക് തകര്‍ക്കാന്‍ കഴിയുക. ക്രിസ്തു അവരില്‍ വസിക്കുന്നു.

രക്തസാക്ഷികളുടെ വീടുകളും പള്ളികളും

ഞങ്ങളുടെ മിഷന്‍ യാത്രയുടെ ഏറ്റവും വികാരഭരിതമായ വശങ്ങളിലൊന്ന് വിശ്വാസത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികളുടെ വീടുകള്‍ സന്ദര്‍ശിക്കുക എന്നതായിരുന്നു. അവരുടെ കുടുംബങ്ങള്‍ കണ്ണീരോടും പുഞ്ചിരിയോടും കൂടി ഞങ്ങളെ സ്വീകരിച്ചു, വേദന ഉണ്ടായിരുന്നിട്ടും, അവര്‍ പീഡകരോട് ക്ഷമിച്ചതെങ്ങനെയെന്ന് പങ്കുവച്ചു. ഞങ്ങള്‍ ഇതുവരെ കേട്ടിട്ടുള്ള ഏതൊരു പ്രസംഗത്തേക്കാളും ശക്തമായിരുന്നു അവരുടെ സാക്ഷ്യം.

തകര്‍ന്ന പള്ളികളും ഞങ്ങള്‍ സന്ദര്‍ശിച്ചു. ഇപ്പോള്‍ പുനര്‍നിര്‍മിച്ചതോ അവശിഷ്ടങ്ങള്‍ പുണ്യസ്ഥലങ്ങളായി അടയാളപ്പെടുത്തിയതോ ആണ് അവയെല്ലാം. മുമ്പെന്നത്തേക്കാളും ആവേശത്തോടെ വിശ്വാസികള്‍ അവിടെ ഒത്തുകൂടുന്നു. അത്തരമൊരു സ്ഥലത്ത്, ഒരു വൃദ്ധ സ്ത്രീ മന്ത്രിച്ചു, 'അവര്‍ ഞങ്ങളുടെ പള്ളി കത്തിച്ചു, പക്ഷേ അവര്‍ക്ക് ഞങ്ങളുടെ വിശ്വാസം കത്തിക്കാന്‍ കഴിഞ്ഞില്ല.' ആ ഒറ്റ വാചകം കാന്ധമാലിന്റെ ആത്മാവിനെ ഉള്‍ക്കൊള്ളുന്നു.

അക്രമത്തിന്റെ ഇരകളുടെ അനുഭവങ്ങളും സാക്ഷ്യങ്ങളും കേട്ട സാക്ഷ്യങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളെ ഭാരപ്പെടുത്തി, അതേസമയം പ്രചോദിപ്പിക്കുകയും ചെയ്തു. കൊലയാളികളോട് ബൈബിള്‍ വായന പൂര്‍ത്തിയാക്കാന്‍ ഒരു മിനിറ്റ് കാത്തിരിക്കാനും കൊല്ലുന്നതിനുമുമ്പു കൊലയാളികള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനും സമയമാവശ്യപ്പെട്ട ഒരു വ്യക്തിയുടെ കഥ കേട്ടപ്പോള്‍ ശരിക്കും ഹൃദയം തകര്‍ന്നു. ബൈബിള്‍ വായിക്കുകയും പീഡകര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെ അദ്ദേഹം കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയെയും അവര്‍ കൊന്നു. അവര്‍ വിശ്വാസത്തിനുവേണ്ടി നിലകൊള്ളുകയും മരണത്തിനു മുമ്പ് അക്രമികളോട് ക്ഷമിക്കുകയും ചെയ്തു.

അക്രമത്തില്‍ മകനെ നഷ്ടപ്പെട്ട ഒരു അമ്മ ഞങ്ങളോട് പറഞ്ഞു, 'അവന്‍ 'യേശുവേ, അവരോട് ക്ഷമിക്കൂ' എന്ന് പറഞ്ഞുകൊണ്ടാണു മരിച്ചത്. എനിക്ക് ജീവിക്കാന്‍ അത് മതി.'

ആക്രമണങ്ങള്‍ മൂലം അംഗവൈകല്യം ബാധിച്ച ഒരു യുവ മതബോധന പ്രവര്‍ത്തകന്‍, 'ഞാന്‍ നിര്‍ത്തിയാല്‍, ആരാണ് വചനത്തെ മുന്നോട്ട് കൊണ്ടുപോകുക?' എന്ന് ചോദിച്ചുകൊണ്ട് കുട്ടികളെ ബൈബിള്‍ പഠിപ്പിക്കുന്നതില്‍ തീക്ഷ്ണതയോടെ തുടരുന്നു.

അക്രമത്തിന് ഇരയായ നിരവധി സ്ത്രീകള്‍ ഇപ്പോള്‍ പ്രാര്‍ഥനാ ഗ്രൂപ്പുകള്‍ രൂപീകരിച്ച് ദിവസേന സമൂഹ മധ്യസ്ഥപ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കുന്നു. ഒരാള്‍ പറഞ്ഞു, 'കഷ്ടപ്പാട് ഞങ്ങളെ യേശുവിലേക്ക് അടുപ്പിച്ചു.'

ഇവ നിരാശയുടെ കഥകളല്ല, മറിച്ച് കുരിശിലൂടെ നേടുന്ന ക്രിസ്തീയ വിജയത്തിന്റെ മഹത്തായ വിവരണങ്ങളാണ്. നഷ്ടപ്പെട്ട ജീവിതങ്ങളെയും വസ്തുക്കളെയും കുറിച്ച് അവര്‍ ആശങ്കാകുലരല്ല, മറിച്ച് വിശ്വാസത്തിന്റെ സാക്ഷികളായിരിക്കുന്നതില്‍ സന്തോഷിക്കുന്നു എന്ന യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ ഈ സന്ദര്‍ശനങ്ങളെല്ലാം ഞങ്ങളെ സഹായിച്ചു.

  • ഞങ്ങളുടെ വിചിന്തനവും നന്ദിയും

കാന്ധമാലിലെ കഷ്ടപ്പാടിന്റെയും പുനരുത്ഥാനത്തിന്റെയും താഴ്‌വരകളിലൂടെ നടക്കുമ്പോള്‍, വിശുദ്ധ പൗലോസിന്റെ വാക്കുകള്‍ ഞങ്ങളുടെ ഓര്‍മ്മയിലെത്തി, 'ഞങ്ങള്‍ എല്ലാ വിധത്തിലും ഞെരുക്കപ്പെടുന്നു, എങ്കിലും തകര്‍ക്കപ്പെടുന്നില്ല; വിഷമിപ്പിക്കപ്പെടുന്നു, എങ്കിലും ഭഗ്‌നാശരാകുന്നില്ല; പീഡിപ്പിക്കപ്പെടുന്നു, എങ്കിലും പരിത്യക്തരാകുന്നില്ല; അടിച്ചു വീഴ്ത്തപ്പെടുന്നു, എങ്കിലും നശിപ്പിക്കപ്പെടുന്നില്ല' (2 കോറി. 4:89).

നവീകൃതമായ വിശ്വാസത്തോടെയും ക്രിസ്തുവിനുവേണ്ടി നിശബ്ദമായി കഷ്ടപ്പെടുന്ന നമ്മുടെ സഹോദരീസഹോദരന്മാരോട് ഐക്യദാര്‍ഢ്യത്തോടെ നില്‍ക്കാനുള്ള ശക്തമായ ഉള്‍പ്രേരണയോടെയും ഞങ്ങള്‍ മടങ്ങി.

കാന്ധമാലിലെ ഗ്രാമങ്ങളില്‍ നിന്നു ധാരാളം വൈദികരും സിസ്‌റ്റേഴ്‌സും ഉണ്ടെന്നതാണ് ഞങ്ങള്‍ ശ്രദ്ധിച്ച ഒരു കാര്യം. ഒരേ കുടുംബത്തില്‍ നിന്നു മൂന്ന് വൈദികരും സിസ്റ്റര്‍മാരും ഉള്ള കാഴ്ചയൊക്കെ ഞങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞു.

ഒഡിഷയില്‍ മിഷനു വഴിതെളിച്ച കേരളത്തില്‍ നിന്നുള്ള മിഷനറിമാര്‍ക്കും വിശ്വാസം ആദ്യമായി എത്തിച്ച വിദേശ മിഷനറിമാര്‍ക്കും ജനങ്ങള്‍ വലിയ അംഗീകാരം നല്‍കുന്നതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷം തോന്നി. കര്‍ത്താവിനുവേണ്ടി തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കുന്ന നമ്മുടെ വൈദികരെയും സിസ്‌റ്റേഴ്‌സിനെയും ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു.

ഒറീസ മിഷന്റെ വഴികാട്ടിയായി മാറിയ പ്രമുഖ മിഷനറി ദൈവദാസന്‍ ഫാ. വലേറിയന്‍ ഹ്യൂമെസിന്റെ ശവകുടീരം സന്ദര്‍ശിച്ചത് അദ്ഭുകരമായ ഒരനുഭവമായിരുന്നു. ഒറീസയില്‍ വന്നതിനുശേഷം അദ്ദേഹം ഒരിക്കലും സ്വന്തം വീട്ടിലേക്ക് മടങ്ങിയില്ല. ഇതാണ് കര്‍ത്താവിനുള്ള യഥാര്‍ഥ സമര്‍പ്പണം.

  • കാന്ധമാലിനെ ഓര്‍ക്കാനും ഒപ്പം നില്‍ക്കാനുമുള്ള ആഹ്വാനം

കാന്ധമാലിന്റെ ഓര്‍മ്മ മങ്ങാന്‍ അനുവദിക്കരുത്. നടന്നുകൊണ്ടിരിക്കുന്ന മിഷന്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും സമാധാനത്തിന്റെയും നീതിയുടെയും ക്രിസ്തീയ സാഹോദര്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ രക്തസാക്ഷികളെ നമുക്ക് ഓര്‍ക്കാം. കാന്ധമാലിനായി പതിവായി പ്രാര്‍ഥിക്കാനും, സാധ്യമെങ്കില്‍ അവിടത്തെ വിശ്വാസികളെ ശക്തിപ്പെടുത്തുന്നതിനായി സന്ദര്‍ശനങ്ങള്‍ ആസൂത്രണം ചെയ്യാനും നാം തയ്യാറാകണം. അവരുടെ ജീവിതത്തില്‍ നിന്നു നമുക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ട്.

കാന്ധമാലിലെ ജനങ്ങളോട് ഞങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നതിതാണ്, ''നിങ്ങള്‍ ഒറ്റയ്ക്കല്ല, സഹനങ്ങളില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല, പ്രാര്‍ഥനയിലും മിഷനിലും ഒറ്റയ്ക്കല്ല. നിങ്ങള്‍ സാമ്പത്തികമായി സമ്പന്നരല്ലായിരിക്കാം, പക്ഷേ വിശ്വാസത്തില്‍ നിങ്ങള്‍ സമ്പന്നരാണ്. മറ്റാരെക്കാളും സമ്പന്നര്‍.'' ഇന്ത്യയിലെ ഈ പുണ്യഭൂമി സന്ദര്‍ശിക്കുന്നത് ഞങ്ങള്‍ മഹത്തരമായി കാണുന്നു. നൂറിലധികം രക്തസാക്ഷികള്‍ ഉണ്ടായ നാട്. അതിനാല്‍, ഞങ്ങള്‍ വിശുദ്ധനാട്ടില്‍ തന്നെയാണെത്തിയത്. മിഷന്‍ ടൂര്‍ കഴിഞ്ഞ് തിരിച്ചെത്തിയ ഒരു കുട്ടി, തന്റെ ആദ്യ ശമ്പളം മിഷനു നല്‍കാനായി വീണ്ടും ഈ സ്ഥലത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് അമ്മയോട് പറഞ്ഞു. ആദ്യദിവസം തന്നെ കുടുംബത്തില്‍ മിഷന്‍ അവബോധത്തിന്റെ വിത്ത് മുളയ്ക്കാന്‍ തുടങ്ങിയതു ഞങ്ങള്‍ക്ക് സന്തോഷം പകര്‍ന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org