അക്കാദമിയില്‍ ചെന്നപ്പോള്‍

അക്കാദമിയില്‍ ചെന്നപ്പോള്‍

മുന്‍ കാലങ്ങളില്‍ എന്റെ വിവിധ നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള വ്യ ക്തിയാണ് പുരുഷന്‍ കടലുണ്ടി. അദ്ദേ ഹം കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി തൃശൂരിലെത്തിയ ശേഷമാണ് ഞാനദ്ദേഹത്തെ നേരില്‍ കാണുന്നതും. പരിചയപ്പെടുന്നതും.

ഇരുവര്‍ക്കും സന്തോഷകരമായിരുന്നു ആ കൂടിക്കാഴ്ച. പലതും സംസാരിച്ചകൂട്ടത്തില്‍ പുരുഷന്‍ പറഞ്ഞു: ''വര്‍ഷങ്ങള്‍ക്കു മുമ്പ് ജോസേട്ടന്റെ പല നാടകത്തിലും ഞാനും കുട്ട്യേട്ടത്തി വിലാസിനിയും അഭിനയിച്ചിട്ടുണ്ട്.''

''ഓ... ഹോ!''

''സോറി. ചിലതൊക്കെ പേരുമാറ്റിയും കളിച്ചിട്ടുണ്ട്. ഏതു നാടകമാണെന്നോ എന്തു പേരാണ് കൊടുത്തതെന്നോ ഇപ്പോള്‍ കൃത്യമായി ഓര്‍ക്കുന്നില്ല.''

പുരുഷന്‍ ചെയ്തതുപോലെ വേറെ പലരും ചെയ്തിട്ടുണ്ട്. ഒരാള്‍ നമ്മുടെ സാക്ഷാല്‍ ഇന്നസെന്റ് തന്നെ. എന്റെ ''കറുത്ത വെളിച്ചം'' നാടകത്തില്‍ ജയില്‍ ചാടി വരുന്ന ഒരു കഥാപാത്രമുണ്ട്. അതിന്റെ പേരു മാറ്റി ''ജയില്‍പ്പുള്ളി'' എന്നാക്കി കളിച്ചു.

പിന്നീട് പല സാംസ്‌കാരിക പരിപാടികളിലും കായംകുളത്തു കെ പി എ സി യുടെ ഒരു സമ്മേളനത്തിലും ഞങ്ങള്‍ ഒന്നിച്ചു പങ്കെടുത്തു. അന്നു സാഹിത്യ അക്കാദമിയുടെ പ്രസിഡണ്ട് നോവലിസ്റ്റ് പി. വത്സലയും വൈസ് പ്രസിഡന്റ് വൈശാഖനുമായിരുന്നു.

സെക്രട്ടറിയെ കാണാനും സൗഹൃദം പുതുക്കാനുമായി 2010 ജൂലൈ മാസത്തില്‍ ഒരു ദിവസം ഞാന്‍ സാഹിത്യ അക്കാദമിയില്‍ ചെന്നപ്പോള്‍, അക്കാദമി കോമ്പൗണ്ടില്‍ വല്ലാത്ത ജനത്തിരക്ക്. രണ്ടു മൂന്നു വാനുകളും മറ്റു ചില വാഹനങ്ങളും. അന്വേഷണത്തില്‍ നിന്നു മനസ്സിലായി ഏതോ സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണെന്ന്.

വന്ന സ്ഥിതിക്ക് ഏതായാലും സെക്രട്ടറിയെ കണ്ടു മടങ്ങാ മെന്നു കരുതി ഓഫീസില്‍ കയറി. അപ്പോള്‍ പുരുഷനാണ് പറഞ്ഞത് 'പ്രാഞ്ചിയേട്ടന്‍' എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണെന്ന്. രഞ്ജിത്തു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി, ഇന്നസെന്റ്, ശിവജി ഗുരുവായൂര്‍, ടി ജി രവി തുടങ്ങിയ താരങ്ങള്‍ അഭിനയിക്കുന്നു.

ഞങ്ങളിരുവരും കുറച്ചുനേരം സംസാരിച്ചു കഴിഞ്ഞപ്പോള്‍, സൗകര്യംപോലെ പിന്നെ ഒരു ദിവസം വരാം എന്നു പറഞ്ഞു ഞാനെഴുന്നേറ്റു.

''ജോസേട്ടന് തിരക്കില്ലെങ്കില്‍ കുറച്ചുസമയം കഴിഞ്ഞിട്ടു പോകാം. ഉച്ചയായല്ലൊ. ലഞ്ചുബ്രേക്കിന് ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കും. അപ്പോള്‍ മമ്മൂട്ടിയും മറ്റുള്ളവരും ഇങ്ങോട്ടുവരും.''

''ഓ... ഹോ!''

''അക്കാദമി പ്രസിദ്ധീകരിക്കുന്ന ചില പുസ്തകങ്ങളുടെ പ്രകാശനം നടത്തണമെന്നുണ്ട്. എന്റെ ചെറിയൊരു അഭ്യര്‍ത്ഥന. ജോസേട്ടന്‍ വന്ന നിലയ്ക്ക് പുസ്തകങ്ങള്‍ ജോേസട്ടന്‍ മമ്മൂട്ടിക്ക് നല്കിക്കൊണ്ടു പ്രകാശനം നിര്‍വഹിക്കണം.''

സ്‌നേഹപൂര്‍വമായ അഭ്യര്‍ത്ഥന മാനിച്ച് ഞാനല്പനേരം ഇരുന്നു. അപ്പോഴേക്കും ഷൂട്ടിംഗ് കഴിഞ്ഞു മമ്മൂട്ടിയും കൂട്ടരും സെക്രട്ടറിയുടെ മുറിയിലെത്തി. അതേ മേക്കപ്പോടുകൂടിയാണ് എത്തിയത്. മമ്മൂട്ടി എന്നെ കണ്ടപ്പോള്‍ ചിരിച്ചു. പുരുഷന്‍ മമ്മൂട്ടിക്കു എന്നെ പരിചയപ്പെടുത്തി.

''വേണ്ട. എനിക്കറിയാം... പ്രശസ്ത നാടകകൃത്തല്ലേ? ഞങ്ങള്‍ മുമ്പ് പരിചയപ്പെട്ടിട്ടുണ്ട്.''

ഞാന്‍ പുരുഷനോടു പറഞ്ഞു, ''എന്റെ 'മണല്‍ക്കാടു' നാടകത്തില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.''

''ഓ... ഹോ!''

''അതു നല്ല പവര്‍ഫുള്‍ നാടകമാ. ഒരു ഡിസ്ട്രിക്ട് ജഡ്ജി യുടെ കഥയാണ്. ഞാന്‍ ലോ കോളേജില്‍ പഠിക്കുമ്പോള്‍ അഭിനയിച്ചതാ. പിന്നീട് ആ നാടകം കെ എസ് സേതുമാധവന്‍ സാറിന്റെ സംവിധാനത്തില്‍ 'അറിയാത്ത വീഥികള്‍' എന്ന പേരില്‍ സെഞ്ചുറി ഫിലിംസ് ചലച്ചിത്രമാക്കിയപ്പോള്‍ അതിലും ഞാനഭിനയിച്ചു.''

ഞാന്‍ അതിശയിച്ചുപോയി. വര്‍ഷങ്ങള്‍ അനേകം കഴിഞ്ഞിട്ടും എല്ലാം കൃത്യമായി ഓര്‍മ്മയില്‍ സൂക്ഷിച്ചിരിക്കുന്നു.

അപ്പോഴേക്കും പ്രകാശനം ചെയ്യാനുള്ള പുസ്തകങ്ങള്‍ അക്കാദമി ഭാരവാഹികള്‍ കൊണ്ടുവന്നു. ഞാനതു മമ്മൂട്ടിക്കു കൈമാറി പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.

തുടര്‍ന്നു അക്കാദമിയുടെ മീറ്റിംഗ് ഹാളില്‍ കാത്തിരിക്കുന്ന രഞ്ജിത്ത്, ഇന്നസെന്റ്, ശിവജി തുടങ്ങി നടന്മാരുടെയും അക്കാദമി സ്റ്റാഫംഗങ്ങളുടെയും അടുത്തേക്ക് മമ്മൂട്ടിയും ഞാനും സെക്രട്ടറിയും വൈശാഖന്‍ മാഷും ചെന്നു. ഇന്നസെന്റ് എന്നെ കണ്ടപ്പോള്‍ സസന്തോഷം കൈ തന്നു സ്വീകരിച്ചു. ആ നിമിഷത്തില്‍ പണ്ട് എന്റെ നാടകം പേരുമാറ്റി കളിച്ച ഇന്നസെന്റിനേയും പുരുഷന്‍ കടലുണ്ടിയേയും ഞാന്‍ ഒളികണ്ണിട്ടു നോക്കി.

എല്ലാവരും ചേര്‍ന്നുള്ള കുറച്ചുനേരത്തെ കുശലം പറച്ചിലും ഫോട്ടോ എടുക്കലും കഴിഞ്ഞു ഞങ്ങള്‍ പിരിഞ്ഞു.

അധികം താമസിയാതെ 'പ്രാഞ്ചിയേട്ടന്‍' കേരളത്തിലെ എല്ലാ പ്രധാന തിയറ്ററുകളിലും റിലീസ് ചെയ്തു. വമ്പിച്ച വിജയം. കാണാന്‍ വന്‍ ജനാവലി. എല്ലായിടത്തും ഹൗസ് ഫുള്‍. ആഴ്ചകളോളം റിക്കാര്‍ഡ് കളക്ഷന്‍. മമ്മൂട്ടി തന്റെ 'പ്രാഞ്ചിയേട്ടനി'ലൂടെ താന്‍ സൂപ്പര്‍ സ്റ്റാറാണെന്നു ഒരിക്കല്‍ കൂടി തെളിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org