വിമാനയാത്ര മുതല്‍ വീഡിയോ മത്സരം വരെ

വിമാനയാത്ര മുതല്‍ വീഡിയോ മത്സരം വരെ
വല്ലകം സെന്റ് മേരീസ് പള്ളിയുടെ വിശ്വാസപരിശീലനവിഭാഗത്തിന്റെ ചില പ്രവര്‍ത്തനങ്ങളാണ് വികാരി ഫാ. ടോണി കോട്ടയ്ക്കല്‍ പങ്കുവയ്ക്കുന്നത്. നിരവധി ഇടവകകളില്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ ഒരു മാതൃക എന്ന നിലയിലാണിത്.

പള്ളിയുടെ മുമ്പില്‍ അഞ്ചു ചോദ്യങ്ങള്‍

9 മണിക്ക് കുട്ടികള്‍ പള്ളിയില്‍ വരുമ്പോള്‍, കഴിഞ്ഞ ആഴ്ചയിലെ പത്രവാര്‍ത്തകളെയും സഭാ വാര്‍ത്തകളെയും ആസ്പദമാക്കിയ അഞ്ചു ചോദ്യങ്ങള്‍ പള്ളിയുടെ മുമ്പില്‍ ഉണ്ടാകും. ഇവയുടെ ഉത്തരങ്ങള്‍ എഴുതി ഒരു ബോക്‌സില്‍ നിക്ഷേപിക്കുന്നു. ശരിയുത്തരങ്ങള്‍ നല്‍കുന്നവരില്‍ നിന്നു നറുക്കെടുത്ത് ഒരാള്‍ക്ക് ക്യാഷ് അവാര്‍ഡ് ഓരോ ആഴ്ചയും നല്‍കുന്നു.

കാഴ്ചവയ്പിനു മാതാപിതാക്കളും

ഓരോ ഞായറാഴ്ചയും കാഴ്ചവയ്പിനു നേതൃത്വം നല്‍കുന്ന കുട്ടികളുടെ കൂടെ അവരുടെ മാതാപിതാക്കളും ഉണ്ടായിരിക്കണം. ദിവ്യബലിക്കുശേഷം മാതാപിതാക്കളും വിദ്യാര്‍ത്ഥികളും ആ ക്ലാസിന്റെ അധ്യാപകനും വികാരിയച്ചനും പങ്കെടുക്കുന്നു. കുടുംബ പ്രാര്‍ത്ഥന ചൊല്ലാറുണ്ടോ? എല്ലാ ഞായറാഴ്ചയും ദിവ്യബലിക്കു വരാറുണ്ടോ? കാറ്റിക്കിസം പഠിച്ചുവോ? എന്നീ മൂന്നു വിവരങ്ങള്‍ മാതാപിതാക്കളോട് ആരായുന്നു. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും വിശ്വാസപരിശീലനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം.

പാട്ടുകളെഴുതിയ കാര്‍ഡുകള്‍

കുര്‍ബാനയ്ക്കു പാടുന്ന പാട്ടുകള്‍ എഴുതിയ കാര്‍ഡുകള്‍ കുട്ടികള്‍ക്ക് കൊടുക്കുന്നു. ഓരോ മാസവും 5 പാട്ടുകള്‍ വീതമുള്ള കാര്‍ഡുകള്‍ ഇതിനായി തയ്യാറാക്കുന്നു.

ടാബ്ലോ

അസംബ്ലിക്കുശേഷം വചനവേദി എന്ന ഒരു പരിപാടിയില്‍ ബൈബിള്‍ അധിഷ്ഠിതമായ ഒരു ടാബ്ലോയുടെ അവതരണം അന്നു നേതൃത്വം വഹിക്കുന്ന ക്ലാസ് നടത്തുന്നു. ഏതു ബൈബിള്‍ ഭാഗമാണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന ചോദ്യം കാഴ്ചക്കാരായ കുട്ടികളോട് ചോദിക്കുന്നു.

പ്രതിമാസയോഗവും സ്‌കിറ്റും

നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. മാസത്തില്‍ ഒരു ഞായറാഴ്ച ഒരു ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ യോഗം സംഘടിപ്പിക്കും. യോഗത്തില്‍ ആ ഗ്രൂപ്പിന്റെ പേരുകാരനായ വിശുദ്ധനെക്കുറിച്ചുള്ള സ്‌കിറ്റും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും. അരമണിക്കൂര്‍ നീളുന്നതാണ് ഈ യോഗം.

വിനോദയാത്രയും വിമാനയാത്രയും സൗജന്യം

പൂര്‍ണ്ണ ഹാജര്‍ കിട്ടുന്ന കുട്ടികള്‍ക്ക് സൗജന്യ വിനോദയാത്ര. ഒരു വര്‍ഷം എല്ലാ ദിവസവും മുടങ്ങാതെ ദിവ്യബലിക്കു വരുന്ന കുട്ടികള്‍ക്ക് സൗജന്യ വിമാനയാത്ര. ഈ വര്‍ഷം രണ്ടു കുട്ടികളാണ് വിമാനയാത്രയ്ക്ക് അര്‍ഹത നേടിയത്.

വിശ്വാസപരിശീലകരുടെ കുടുംബസംഗമം

മാസത്തിലൊരിക്കല്‍ വിശ്വാസപരിശീലകരുടെ വീടുകളില്‍ ഒന്നിച്ചു ചേര്‍ന്നു കുടുംബ സംഗമം.

വീഡിയോ മത്സരം

പള്ളിയെക്കുറിച്ചും കുടുംബയൂണിറ്റുകളുടെ മധ്യസ്ഥരായ വിശുദ്ധരെക്കുറിച്ചും 'രണ്ടു മിനുട്ടുള്ള വീഡിയോ'കള്‍ തയ്യാറാക്കുന്ന മത്സരം.

ലൈഫ് ട്രീ

ഓണം, ക്രിസ്മസ് തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ലൈഫ് ട്രീ എന്ന പേരില്‍ പള്ളിയുടെ മുമ്പില്‍ ഒരു മരം സ്ഥാപിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ പേരുകള്‍ എഴുതിയിട്ടുള്ള കടലാസുകളാണ് അതിലുണ്ടാവുക. അവ എടുത്തുകൊണ്ടു പോകുന്നവര്‍ അതില്‍ എഴുതിയിരിക്കുന്ന സാധനങ്ങള്‍ പിറ്റേ ഞായറാഴ്ച പള്ളിയില്‍ നല്‍കുന്നു. അവ അര്‍ഹിക്കുന്നവര്‍ക്കും അനാഥാലയങ്ങള്‍ക്കുമായി വിതരണം ചെയ്യുന്നു. ഇതാണ് ലൈഫ് ട്രീ.

പന്ത്രണ്ടാം ക്ലാസുകാരുടെ ജന്മദിനം

ജന്മദിനം ആഘോഷിക്കുന്ന പന്ത്രണ്ടാം ക്ലാസുകാരായ എല്ലാ കുട്ടികളുടെയും വീടുകളില്‍ അധ്യാപകരും വികാരിയച്ചനും സഹപാഠികളും ചെന്നു പ്രാര്‍ത്ഥിക്കുകയും കേക്കു മുറിക്കുകയും സമ്മാനം കൊടുക്കുകയും ചെയ്യുന്നു. പന്ത്രണ്ടാം ക്ലാസിലെ എല്ലാ കുട്ടികളുടെ വീടുകളിലും ഈ വര്‍ഷം അപ്രകാരം പോയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org