അമലോത്ഭവയായ മാതാവ്

അമലോത്ഭവയായ മാതാവ്

സി. ടെര്‍സീന എഫ്.സി.സി.

നമുക്കുവേണ്ടി തിരുസുതന്റെ സന്നിധിയില്‍ മാദ്ധ്യസ്ഥം വഹിക്കുന്ന നമ്മുടെ സ്വന്തം അമ്മയാണ് പരി. കന്യകാമറിയം.

ദാവീദിന്റെ ഗോത്രത്തില്‍പ്പെട്ട ഒരു പുരോഹിതനായ യോവാക്കിമിന്റേയും അന്നയുടെയും മകളാണ് മറിയം. ഈ ദമ്പതികള്‍ വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും അവര്‍ക്ക് മക്കള്‍ ഉണ്ടായിരുന്നില്ല. പ്രായമായ ഇവര്‍ ദേവാലയത്തില്‍ ഒരു നേര്‍ച്ച നേര്‍ന്നു കൊണ്ട് 40 ദിവസം ഉപവസിച്ചു പ്രാര്‍ത്ഥിച്ചു ''ദൈവമേ, ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ തന്നാല്‍, കുഞ്ഞിനെ ഞങ്ങള്‍ അങ്ങേയ്ക്കുതന്നെ സമര്‍പ്പിച്ചുകൊള്ളാം.''

യോവാക്കിം അന്ന ദമ്പതികളുടെ പ്രാര്‍ത്ഥനയ്ക്ക് ദൈവം ഉത്തരം നല്കി. അവര്‍ക്കൊരു പെണ്‍കുഞ്ഞിനെ നല്കി. അനുഗ്രഹിച്ചു. മുലകുടി മാറിയപ്പോള്‍ കുഞ്ഞിനെ അവര്‍ ദേവാലയത്തില്‍ പുരോഹിതന്മാരെ ഏല്പിച്ചു. അവള്‍ക്ക് പതിനാലു വയസ്സായപ്പോള്‍ മാതാപിതാക്കളും യഹൂദ റബ്ബിമാരും കൂടി ആലോചിച്ച് അവളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചു. അസാമാന്യ ബുദ്ധിയും, അറിവും, ദൈവഭക്തിയും, വിനയവും നിറഞ്ഞ മറിയം, ദൈവത്തിന്റെ പ്രത്യേക കൃപയുള്ളവളാണെന്നു മനസ്സിലാക്കിയിരുന്നതിനാല്‍ അവളുടെ വരനെ കണ്ടെത്താന്‍ വേണ്ടി യൂദയായില്‍ എല്ലായിടത്തും വിളംബരം ചെയ്തു. എല്ലാ ചെറുപ്പക്കാരും ഒരു 'വടിയുമായി' വരണമെന്നായിരുന്നു നിര്‍ദ്ദേശം. മറിയത്തിന്റെ ഭര്‍ത്താവാകാനൊരുങ്ങി പല ചെറുപ്പക്കാരും വന്നു. യൂദാ ഗോത്രത്തിലും ദാവീദിന്റെ കുടുംബത്തില്‍പ്പെട്ട ജോസഫും വന്നെത്തി.

ദേവാലയത്തില്‍ സമര്‍പ്പിച്ച ജോസഫിന്റെ വടി അത്ഭുതകരമായി ''ലില്ലിപുഷ്പങ്ങളാല്‍ കിളിര്‍ത്തു'' വികസിച്ചു. ഇതു ദൈവത്തിന്റെ തിരഞ്ഞെടുപ്പാണെന്നു മനസ്സിലാക്കി ഇവരുടെ വിവാഹനിശ്ചയം നടത്തി. പിന്നീട് നടന്നതെല്ലാം അത്ഭുതകരമായ സംഭവങ്ങള്‍!

രക്ഷകന്റെ അമ്മയാകാനുള്ള മറിയത്തെ ദൈവം ഉത്ഭവത്തില്‍ തന്നെ പാപരഹിതയായി സൃഷ്ടിച്ചു. പാപത്തിന്റെ മാലിന്യം ഏശാത്തവളായതിനാലാണ് ഗബ്രിയേല്‍ ദൈവദൂതന്‍ ദൈവകൃപ നിറഞ്ഞവളെ സ്വസ്തി, കര്‍ത്താവ് നിന്നോടു കൂടെ (Lk 1:28) എന്ന് അഭിസംബോധന ചെയ്തത്. അവളില്‍ പാപത്തിന്റെ മാലിന്യം ഇല്ല എന്നതിനുള്ള സ്വര്‍ഗ്ഗത്തിന്റെ സാക്ഷ്യമാണ് ഈ വാക്കുകള്‍. പരമ പരിശുദ്ധന് ജനിക്കുവാന്‍ ''പരിശുദ്ധിയുടെ ഉദരം'' ദൈവം സജ്ജമാക്കി.

ലൂക്കാ 1:37-ല്‍ ഗബ്രിയേല്‍ ദൈവദൂതന്‍ മറിയത്തോടു പറഞ്ഞു, ദൈവത്തിന് ഒന്നും അസാധ്യമല്ല. പരി. അമ്മയെ പാപരഹിതയായി സൃഷ്ടിക്കാന്‍ ദൈവത്തിനു സാധ്യമാണ്.

സഭാ പാരമ്പര്യവും, സഭാ പിതാക്കന്മാരും അഭിപ്രായപ്പെടുന്നത്, ദൈവകൃപയാല്‍ മറിയം തന്റെ ജീവിതകാലം മുഴുവന്‍ എല്ലാ പാപങ്ങളില്‍ നിന്നും വിമുക്തയായിരുന്നു എന്നുള്ളതാണ്. തന്റെ പുത്രന് മാതാവാകേണ്ടവളെ പാപരഹിതയായി ദൈവത്തിനു സൃഷ്ടിക്കണമായിരുന്നു. അതിനാല്‍ ദൈവം മറിയത്തെ അമലോത്ഭവയായി സൃഷ്ടിച്ചു.

1854 ഡിസംബര്‍ 8-ാം തീയതിയിലെ "Ineffabilis Deus'' (അവര്‍ണ്ണനീയ ദൈവം) എന്ന തിരുവെഴുത്തുവഴി ഒമ്പതാം പീയൂസ് മാര്‍പാപ്പ മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചു. അന്നേദിവസം തന്നെ ഡിസംബര്‍ 8 അമലോത്ഭവ തിരുനാളായി പ്രഖ്യാപിക്കുകയും ചെയ്തു. 1858 മാര്‍ച്ച് 25-ാം തീയതി ദൈവമാതാവ് ലൂര്‍ദ്ദില്‍ ബര്‍ണ്ണര്‍ദീത്തായ്ക്ക് പ്രത്യക്ഷപ്പെട്ട് പറഞ്ഞു ഞാന്‍ അമലോത്ഭവയാണ്.

1846 സെപ്തംബര്‍ 13-ന് ഗ്രിഗറി പതിനാറാമന്‍ മാര്‍പാപ്പയാണ് അമലോത്ഭവ രാജ്ഞി എന്ന പ്രാര്‍ത്ഥനാശകലം മാതാവിന്റെ ലുത്തിനിയായില്‍ കൂട്ടിച്ചേര്‍ത്തത്. ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതല്‍ വിശുദ്ധിയുടെ തേജസ്സിനാല്‍ പ്രശോഭിതയാണ് കന്യകാമറിയം. ആത്മശരീര വിശുദ്ധി പാലിക്കുവാന്‍ അമ്മയുടെ മാദ്ധ്യസ്ഥം നമുക്ക് അപേക്ഷിക്കാം.

അമലോത്ഭവ മാതാവിന്റെ തിരുനാള്‍ മംഗളങ്ങള്‍ ഏവര്‍ക്കും ആശംസിക്കുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org