എഫ് സി ആർ എ - ഹിന്ദുത്വ അജണ്ടയ്ക്കുള്ള ആയുധമായി തരംതാഴ്ത്തുന്നു

എഫ് സി ആർ എ - ഹിന്ദുത്വ അജണ്ടയ്ക്കുള്ള ആയുധമായി തരംതാഴ്ത്തുന്നു
Published on

എഫ് സി ആർ എ യെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന ചൂടേറിയ ചർച്ചകൾക്കിടയിൽ, വിശേഷിച്ചും ഏപ്രിൽ 9 ന് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിൽ, മാതൃഭൂമി ടിവി ചാനൽ ചർച്ച ഞാൻ യാദൃശ്ചികമായി കാണാനിടയായി. അതിൽ പങ്കെടുക്കുകയായിരുന്ന ചാനലിലെ ഒരു അവതാരിക തന്നെ അമ്പരപ്പിക്കുന്ന ഒരു അഭിപ്രായം പറഞ്ഞു: “ക്രിസ്ത്യാനികൾ FCRA യെക്കുറിച്ച് ഇത്ര ബഹളം വയ്ക്കുന്നത് എന്തുകൊണ്ടാണ്? ... മാതാ അമൃതാനന്ദമയിക്ക് FRCA യുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവുമില്ലല്ലോ.” FCRA ഭേദഗതിക്ക് പിന്നിലെ ഹിന്ദുത്വ അജണ്ട അവതാരിക അറിയാതെ തന്നെ സ്ഥിരീകരിക്കുകയായിരുന്നു വാസ്തവത്തിൽ. ഹിന്ദു സംഘടനകൾക്ക് ഒരിക്കലും അതിന് കീഴിൽ ഒരു പ്രശ്നവും നേരിടേണ്ടിവരില്ല.

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) ഭേദഗതി ബില്ലിനെതിരെയുള്ള വിമർശനപ്പെരുമഴയെ നേരിടാൻ ഹിന്ദുത്വ ലോബി പ്രചരിപ്പിച്ച ദൂരക്കാഴ്ചയില്ലാത്ത വീക്ഷണത്തിനു തെളിവാണിത്. ഭേദഗതിക്കെതിരെ രാഷ്ട്രീയ നേതാക്കളിൽ നിന്നും സഭാ നേതാക്കളിൽ നിന്നും "ക്രൂരവും, പ്രാകൃതവും, ജനാധിപത്യവിരുദ്ധവും" എന്ന് വിശേഷിപ്പിച്ചുകൊണ്ടുയർന്ന കൂട്ടപ്രതിഷേധങ്ങളെ അവഗണിച്ചുകൊണ്ട്, ഭേദഗതി ബിൽ ഏപ്രിൽ 1 ന് ലോക്സഭയിൽ ചർച്ചയ്ക്ക് എടുക്കുമെന്ന് (പാസാക്കുമെന്ന്) സർക്കാർ പ്രഖ്യാപിക്കുകയാണു ചെയ്തത്.

എന്നിരുന്നാലും, വിഡ്ഡിദിനത്തിൽ ബിൽ അടുത്ത സമ്മേളനത്തിലേക്കു മാറ്റിവയ്ക്കാനുള്ള വിവേകം ബിജെപി സർക്കാരിനുദിച്ചു. പാർലമെന്റിനുള്ളിൽ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുകയും, വിവാദ ബില്ല് മാറ്റിവയ്ക്കുകയും ശരിയായ ചർച്ചകൾ നടത്തുകയും ചെയ്യണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പ്രധാനമന്ത്രിക്കും പ്രതിപക്ഷപൊതുസമൂഹവും പ്രധാന സഭാസംഘടനകളും പ്രത്യേക കത്തുകൾ അയക്കുകയും ചെയ്തതിനെത്തുടർന്നായിരുന്നു ഇത്.

വിദേശ സംഭാവനകളെന്ന ഈ പൊളളുന്ന വിഷയം കൈകാര്യം ചെയ്യുന്ന ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മാർച്ച് 31-ന് സിബിസിഐ അയച്ച കത്തിൽ, "വിശാലമായ കൂടിയാലോചനയ്ക്കായി ബില്ല് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് റഫർ ചെയ്യണമെന്ന്" ആവശ്യപ്പെട്ടിരുന്നു.

ഭേദഗതിയിലെ ഏറ്റവും പ്രതിഷേധാർഹമായ ഒരു വ്യവസ്ഥ സിബിസിഐ ചൂണ്ടിക്കാട്ടി: “എഫ്‌സിആർഎ രജിസ്ട്രേഷൻ റദ്ദാക്കുകയോ ഉപേക്ഷിക്കുകയോ നിർത്തലാക്കുകയോ ചെയ്യുന്ന എല്ലാ സാഹചര്യങ്ങളിലും എഫ്‌സിആർഎ ഫണ്ടുകളുടെ ബാക്കിയും എഫ്‌സിആർഎ ഫണ്ടുകൾ കൊണ്ടു നിർമ്മിച്ച ആസ്തികളും നിയുക്ത അതോറിറ്റിയിൽ നിക്ഷിപ്തമാകും.”

“ഭരണപരമായ വീഴ്ചകൾ ആസ്തി കണ്ടുകെട്ടൽ പോലുള്ള ആനുപാതികമല്ലാത്ത ശിക്ഷകളിലേക്ക് നയിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്” എന്ന് സിബിസിഐ ആവർത്തിച്ചു, “നിഷ്പക്ഷമായ വിധിനിർണ്ണയവും പരാതികളുടെ ഫലപ്രദമായ പരിഹാരവും ഉറപ്പാക്കാൻ ഒരു സ്വതന്ത്ര അപ്പീൽ അതോറിറ്റി സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്” എന്നും ആവശ്യപ്പെട്ടു.

“നിലവിൽ മനസ്സിലാക്കുന്നതനുസരിച്ച്, ഭേദഗതികൾ അധികാര ദുരുപയോഗത്തിനുള്ള സാധ്യതകൾ സൃഷ്ടിച്ചേക്കാം, ഇത് ജാതിയോ മതമോ പരിഗണിക്കാതെ പതിറ്റാണ്ടുകളായി പൊതുസേവനത്തിനായി സ്ഥാപിതമായ നിരവധി സന്നദ്ധ സംഘടനകളെയും സർക്കാരിതര സംഘടനകളെയും ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള അനുബന്ധ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കാം,” കെസിബിസി മോദിക്ക് അയച്ച കത്തിൽ മുന്നറിയിപ്പ് നൽകി.

നീതി ഉയർത്തിപ്പിടിക്കുന്നതിനായി നിയമനിർമ്മാണത്തിൽ ശരിയായ നടപടിക്രമങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യം ഇത്രയും ശക്തമായും യുക്തിസഹമായും ഉന്നയിക്കപ്പെട്ടതിനാൽ, എഫ്‌ആർ‌സി‌എ ബിൽ തൽക്കാലം ശീതീകരിണിയിൽ വയ്ക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലായിരുന്നു. എന്നാൽ എത്ര കാലത്തേക്ക്?

എഫ്‌ആർ‌സി‌എ ഭേദഗതിക്ക് പിന്നിലെ രഹസ്യ അജണ്ട:

10 വർഷം മുമ്പ് ഒരു നിയമസഭാ സീറ്റ് മാത്രം നേടിയ കേരളത്തിൽ വിശേഷിച്ചും, എൻ‌ഡി‌എയുടെ തെരഞ്ഞെടുപ്പ് സാധ്യതകളെ എഫ്‌സി‌ആർ‌എ ബിൽ ദോഷകരമായി ബാധിക്കുമെന്നു മനസ്സിലാക്കിയ സംഘപരിവാർ സംഘടനകളും ഒച്ചവയ്ക്കുന്ന ക്രിസങ്കികളും, എഫ്‌സി‌ആർ‌എ ഭേദഗതി "ദേശവിരുദ്ധ പ്രവർത്തനങ്ങളും മതപരിവർത്തനങ്ങളും തടയാൻ മാത്രമേ ഉപയോഗിക്കൂ” എന്ന് സോഷ്യൽ മീഡിയയിൽ അമിതാവേശത്തോടെ പ്രചരിപ്പിക്കുന്നുണ്ട്.

എന്നാൽ, ജനവിരുദ്ധ നയപരിപാടികൾക്കെതിരായ എതിർശബ്ദങ്ങളുടെ കഴുത്തു ഞെരിക്കുകയും തച്ചുടയ്ക്കുകയും ചെയ്തുകൊണ്ട്, ഹിന്ദുത്വവാദികൾക്ക് അവരുടെ ഭൂരിപക്ഷ വർഗീയ അജണ്ട ശക്തിപ്പെടുത്തുന്നതിനുള്ള ശക്തമായ ഉപകരണമായി എഫ്‌സി‌ആർ‌എ മാറിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ബിജെപി അധികാരത്തിൽ വന്നതിനുശേഷം, 2015 ലും 2020 ലും അവർ എഫ്‌സി‌ആർ‌എയിൽ രണ്ടുതവണ ഭേദഗതി വരുത്തി. വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിന് എല്ലാ ലൈസൻസികളും ന്യൂഡൽഹിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാർലമെന്റ് സ്ട്രീറ്റ് ബ്രാഞ്ചിൽ മാത്രം ഒരു നിയുക്ത 'എഫ്‌സി‌ആർ‌എ അക്കൗണ്ട്' തുറക്കണമെന്ന് 2020 ലെ ഭേദഗതി നിർബന്ധമാക്കി. വിദേശസംഭാവനകളിൽ ഒരു കഴുകൻ നോട്ടം ഉറപ്പാക്കുക തന്നെ ലക്ഷ്യം.

“2014 മുതൽ, ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ, ഗ്രീൻപീസ് ഇന്ത്യ, ഓക്സ്ഫാം ഇന്ത്യ, സെന്റർ ഫോർ പോളിസി റിസർച്ച്, ലോയേഴ്സ് കളക്ടീവ് എന്നിവയുൾപ്പെടെ 20,000-ത്തിലധികം എൻ‌ജി‌ഒകളുടെ വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സി‌ആർ‌എ) ലൈസൻസുകൾ സർക്കാർ റദ്ദാക്കിയിട്ടുണ്ട്,” എന്നു വ്യക്തമാക്കുന്നു, ‘ഗ്ലോബൽ കോൺസ്റ്റിറ്റ്യൂഷണലിസം’ നെറ്റ് വർക്ക് പുറത്തിറക്കിയ ‘പ്ലേബുക്ക് ഓഫ് റിപ്രഷൻ’.

സർക്കാരിന്റെ ഏറ്റവും പുതിയ എഫ്‌ആർ‌സി‌എ ഓൺലൈൻ ഡാഷ്‌ബോർഡ് ഈ വെട്ടിച്ചുരുക്കൽ സ്ഥിരീകരിക്കുന്നു. 50,000 എഫ്‌ആർ‌സി‌എ അക്കൗണ്ടുകളിൽ മൂന്നിൽ രണ്ട് ഭാഗവും റദ്ദാക്കുകയോ പുതുക്കാതിരിക്കുകയോ ചെയ്തിട്ടുണ്ട്. ഇങ്ങനെ റദ്ദാക്കിയ ഏകദേശം 35,000 എഫ്‌സി‌ആർ‌എ ലൈസൻസുകൾ മതേതര സന്നദ്ധസേവന സംഘടനകളുടെയും ക്രിസ്ത്യൻ സോഷ്യൽ ആക്ഷൻ ഗ്രൂപ്പുകളുടെയുമാണെന്നതാണ് ദുഃഖകരമായ യാഥാർഥ്യം. അന്താരാഷ്ട്ര സംഘടനകളായ ബ്രെഡ് ഫോർ ദി വേൾഡ്, കംപാഷൻ ഇന്റർനാഷണൽ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.

“നിരവധി രൂപതകളുടെയും ജീവകാരുണ്യ സംഘടനകളുടെയും ലൈസൻസുകൾ ശരിയായ കാരണമില്ലാതെ റദ്ദാക്കിയിട്ടുണ്ട്,” കെ‌സി‌ബി‌സി വക്താവ് ഫാ. തോമസ് തറയിൽ സ്ഥിരീകരിച്ചു.

2015-ൽ മോദി സർക്കാർ FCRA ലൈസൻസ് പിൻവലിച്ച ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ മുൻ ചെയർമാനായ ആകാർ പട്ടേൽ "പ്രൈസ് ഓഫ് ദി മോദി ഇയേഴ്‌സ്" എന്ന പുസ്തകം രചിച്ചിട്ടുണ്ട്. "മൈ ആംനസ്റ്റി എക്സ്പീരിയൻസ് & ഹൗ മോദി ഗവൺമെന്റ് 'റെക്ക്ഡ് ഹാവോക്' ഓൺ ഇന്ത്യാസ് എൻജിഒ സെക്ടർ" എന്ന ലേഖനത്തിൽ, എഫ്‌സിആർഎ നടപ്പാക്കുന്നതിനായി അയച്ച ഉദ്യോഗസ്ഥരുടെ തനിനിറം പട്ടേൽ തുറന്നുകാട്ടുന്നു: "ഒരു ഘട്ടത്തിൽ, ഞങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിക്കുകയാണോ എന്ന് ഞാൻ ചോദിച്ചപ്പോൾ, 'ആടുകളുടെ കഴുത്ത് അറുക്കാൻ കൊണ്ടുപോകുമ്പോൾ അവരെ അറിയിക്കാറില്ല' എന്ന് ഒരു ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞു."

എഫ്‌സിആർഎ ഭേദഗതിക്കെതിരായ ഓൺലൈൻ ഒപ്പുശേഖരണ ക്യാംപയിൻ, ലോകബാങ്കിനെ ഉദ്ധരിച്ചു ചൂണ്ടിക്കാണിക്കുന്നു: "ഇന്ത്യയിലെ വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതിൽ വിദേശ സംഭാവനകൾ നിർണായക പങ്ക് വഹിക്കുന്നു, ദാരിദ്ര്യം ലഘൂകരിക്കുന്നതിനും വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കോടിക്കണക്കിന് ഡോളർ വിദേശസഹായം ഉപകരിക്കുന്നു. സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിൽ വിജയിച്ചതിന് എൻജിഒകളെ ശിക്ഷിക്കുന്നത് വിപരീതഫലമുണ്ടാക്കുകയും നമ്മുടെ രാജ്യത്തിന്റെ സാമൂഹിക ഘടനയ്ക്ക് ഹാനികരമാകുകയും ചെയ്യും."

മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസസമൂഹത്തിന്റെ എഫ്സിആർഎ റദ്ദാക്കിയതായി 2021 ക്രിസ്മസ് ദിനത്തിൽ സർക്കാർ നിർലജ്ജം പ്രഖ്യാപിച്ചപ്പോൾ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിനായി എഫ്ആർസിഎയെ ദുരുപയോഗം ചെയ്യുകയാണെന്നതു വളരെ വ്യക്തമായിരുന്നു. മദർ തെരേസയെ അപകീർത്തിപ്പെടുത്താനുള്ള നിരന്തരമായ ശ്രമത്തിന്റെ തുടർച്ചയായി മാത്രമേ ഇതിനെ കാണാൻ കഴിയൂ.

ഈ ക്രൂരമായ പ്രവൃത്തിയിൽ രോഷാകുലനായ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, ഒഡീഷയിൽ മദർ തെരേസായുടെ സിസ്റ്റേഴ്സ് നടത്തുന്ന 13 സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 79 ലക്ഷം രൂപ പ്രഖ്യാപിച്ചുകൊണ്ട് ബിജെപി സർക്കാരിന്റെ സ്വേച്ഛാധിപത്യ നീക്കത്തെ വെല്ലുവിളിച്ചു.

യുകെ പാർലമെന്റ് ഇതിനെതിരെ ഒരു പ്രമേയം പോലും പാസാക്കിയതോടെ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ഇതുപോലുള്ള വിമർശനങ്ങളുടെ രോഷാഗ്നി സഹിക്കാൻ കഴിയാതെ, രണ്ടാഴ്ചക്കുള്ളിൽ തന്നെ, ബിജെപി സർക്കാർ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്‌സിആർഎ 2026 വരെ സൗമ്യമായി പുനഃസ്ഥാപിച്ചു.

എഫ്‌സിആർഎയെ കൂടുതൽ മാരകമാക്കാൻ ശ്രമിക്കുന്നതിനു പിന്നിലെ യഥാർത്ഥ ലക്ഷ്യങ്ങളെ തുറന്നുകാട്ടുന്നതാണ് ഇപ്പോഴത്തേതുപോലെ അന്നെടുത്ത ഈ യു-ടേൺ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org