സിനഡല്‍ സഭയുടെ മുഖം

സിനഡല്‍ സഭയുടെ മുഖം

ദൈവിക വചനത്തിലും ദൈവജനത്തിന്റെ അനുഭവങ്ങളിലും വേരൂന്നിയ സഭയുടെ ഒരു സിനഡല്‍ മാനത്തിന്റെ നവീകരണമാണ് ഈ സിനഡ് ഊന്നല്‍ നല്‍കുന്നത്. ഈ നവീകരണം ദൈവത്തിന്റെ വിശ്വസ്ത ജനത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അവബോധത്തിലേക്ക് സിനഡിനെ നയിച്ചു.

ഒരു സിനഡല്‍ സഭയ്ക്ക് 'കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം' എന്ന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടു 2023 ഒക്‌ടോബര്‍ 4 മുതല്‍ 29 വരെ നടന്ന സിനഡല്‍ അസംബ്ലിയുടെ ആദ്യ സെക്ഷന്‍ അവസാനിച്ചു. വിവിധ സാംസ്‌കാരിക പശ്ചാത്തലങ്ങളുടെയും ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും വൈവിധ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും, പരിശുദ്ധാത്മാവ് സഭയ്ക്കു സൗഹാര്‍ദത്തിന്റെയും ഒരുമയുടെയും അനുഭവം സമ്മാനിക്കുന്നതായിരുന്നു ഈ സിനഡല്‍ യാത്രയുടെ ഓരോ നിമിഷവും. അസംബ്ലി നടന്നത് യുദ്ധസമയത്താണ്. മറ്റു പല പ്രത്യാഘാതങ്ങളും, എണ്ണമറ്റ യുദ്ധത്തിന്റെ ഇരകളുടെ ബന്ധുക്കളുടെ സാന്നിധ്യവും മൂലം സിനഡില്‍ പങ്കെടുത്തവര്‍ക്ക് യുദ്ധവും മറ്റു അക്രമങ്ങളും വിദൂരതയില്‍ നിന്നുള്ള ഒരു വാര്‍ത്തയായിട്ടല്ല മറിച്ച് അവരുടെ തന്നെ അനുഭവമായി പരിണമിച്ചു. 2021-2024 ലെ ഈ സിനഡ് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ട് തുടരുന്നു. ജ്ഞാനാനസ്‌നാനം സ്വീകരിച്ച ഓരോ വ്യക്തിയും ദൈവജനം എന്ന നിലയില്‍ വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ രഹസ്യത്തില്‍ കേന്ദ്രികരിച്ച സഭയുടെ പഠനങ്ങളെ നടപ്പിലാക്കുവാന്‍ ബാധ്യസ്ഥരാണ്. സഭയുടെ പാരമ്പര്യത്തില്‍ വേരൂന്നിയ ഈ സിനഡല്‍ സഭയുടെ മുഴുവന്‍ യാത്രയും സഭാപഠനങ്ങളോട് യോജിപ്പുള്ള അധ്യാപനത്തിന്റെ വെളിച്ചത്തിലാണ് നടന്നത്.

ദൈവിക വചനത്തിലും ദൈവജനത്തിന്റെ അനുഭവങ്ങളിലും വേരൂന്നിയ സഭയുടെ ഒരു സിനഡല്‍ മാനത്തിന്റെ നവീകരണമാണ് ഈ സിനഡ് ഊന്നല്‍ നല്‍കുന്നത്. ഈ നവീകരണം ദൈവത്തിന്റെ വിശ്വസ്ത ജനത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അവബോധത്തിലേക്ക് സിനഡിനെ നയിച്ചു. ജ്ഞാനസ്‌നാനത്തില്‍ നിന്ന് ലഭിക്കുന്ന ദൗത്യം ഓരോ വ്യക്തിയും സഭയിലെ സുവിശേഷവത്കരണത്തിന്റെയും പൊതു ദൗത്യത്തിന്റെയും അപരന്റേയും തങ്ങളുടെ തന്നെയും സഹഉത്തരവാദിത്തത്തെ മനസ്സിലാക്കുവാനും ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്തു. സഭ ദൈവത്തിന്റെ ഭവനവും കുടുംബവും എന്ന നിലയില്‍ സഭയോടുള്ള ഓരോ വ്യക്തിക്കും ഉണ്ടാകേണ്ട ആഗ്രഹം സിനഡ് പുതുക്കുക മാത്രമല്ല, കാര്‍ക്കശ്യം നിറഞ്ഞ ചിന്തകളില്‍ നിന്ന് കൂടുതല്‍ ബന്ധിതവും സഹാനുഭൂതിയുമുള്ള സഭയുടെ തലത്തിലേക്ക് വളരാനും ആവശ്യപ്പെടുന്നു. ഒരു വിവാഹവിരുന്നിനോട് സാമ്യമുള്ള അസംബ്ലിയുടെ പ്രക്രിയ, വ്യത്യസ്ത സംസ്‌കാരങ്ങള്‍, ഭാഷകള്‍, ആചാരങ്ങള്‍, ചിന്താരീതികള്‍, തന്‍മയീഭാവങ്ങള്‍ എന്നിവ മനസ്സിലാക്കുവാന്‍ പരിശുദ്ധാത്മാവിന്റെ മാര്‍ഗനിര്‍ദേശത്തിനായി ആത്മാര്‍ത്ഥമായി ആരായുവാന്‍ ഈ പ്രക്രിയ അനുവദിക്കുന്നു. യുദ്ധം, രക്തസാക്ഷിത്വം, പീഡനം, ക്ഷാമം എന്നിവയാല്‍ ദുരിതമനുഭവിക്കുന്ന മനുഷ്യരില്‍ നിന്നുള്ള സഹോദരിമാരെയും സഹോദരന്മാരെയും സിനഡിന്റെ പ്രക്രിയയിലൊരുമിച്ചു കൊണ്ടുവന്നു. അവരുടെ കൂട്ടായ്മയും, സമാധാന നിര്‍മ്മാതാക്കളാകാനുള്ള ദൃഢനിശ്ചയവും സിനഡില്‍ അനുഭവപ്പെട്ട കൃപ ആഴത്തിലാക്കി. പരസ്പരശ്രദ്ധ, സംഭാഷണം, സാമൂഹിക വിവേചനം, സമവായം കെട്ടിപ്പടുക്കല്‍ എന്നിവ ഉള്‍പ്പെടുന്ന സഭയുടെ ചലനാത്മകവും അതുപോലെ തന്നെ സജീവവുമായ പാരമ്പര്യത്തിന്റെ ആവിഷ്‌കാരമാണ് സിനഡാലിറ്റി എന്ന് സഭയ്ക്ക് ഉറപ്പുണ്ട്.

രണ്ടാം വത്തിക്കാന്‍ സൂനഹദോസ് സഭയെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ഐക്യപ്പെട്ട ഒരു ജനതയെന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ഐക്യം പിതാവിനെ തന്റെ പുത്രന്റെ ദൗത്യത്തിലും ആത്മാവിന്റെ ദാനത്തിലും ഉള്‍ക്കൊള്ളുന്നു. ഇത് സഭയെ കൂട്ടായ്മയുടെയും ദൗത്യത്തിന്റെയും ചലനാത്മകതയിലേക്ക് നയിക്കുന്നു. ഈ തിരിച്ചറിവ് നമ്മെ 'ഞാന്‍' എന്നതില്‍ നിന്ന് 'നമ്മള്‍' എന്നതിലേക്ക് നയിക്കുകയും നമ്മെ ലോകസേവനത്തിനായി അനുരൂപപ്പെടുത്തുകയും ചെയ്യുന്നു. സിനഡാലിറ്റിയുടെ ഈ ത്രീയേക ദൈവിക ചലനാത്മകതയെ പുതിയ ഒരു ആത്മീയ മനോഭാവങ്ങളിലേക്കും സഭാ പ്രക്രിയകളിലേക്കും പരിവര്‍ത്തനം ചെയ്യുന്നു. സഭയുടെ സിനഡല്‍ യാത്ര ദൈവരാജ്യത്തെ കേന്ദ്രീകരിച്ചുള്ളതാണ്. സഭയുടെ ഈ പ്രഖ്യാപനം സൂചിപ്പിക്കുന്നത് സഭ തന്നെത്തന്നെ സ്വയം കേന്ദ്രത്തില്‍ സ്ഥാപിക്കുന്നതിനല്ല, മറിച്ച്, ഭരണഘടനാപരമായ അപൂര്‍ണ്ണതയില്‍പ്പോലും, ദൈവരാജ്യത്തിന്റെ വരവിനുള്ള സഭയുടെ സേവനം മികച്ച രീതിയില്‍ നിറവേറ്റുന്നതിനാണ് സിനഡല്‍ ക്രമീകരണം വിചിന്തനം ചെയ്യുന്നത്. അത് ദൈവം എല്ലാത്തിന്റെയും കേന്ദ്രമാണെന്ന് പ്രഖ്യാപിക്കുകയും ക്രിസ്തീയ സമൂഹത്തിന്റെ നവീകരണത്തിന് കൃപയുടെ പ്രാധാന്യം അംഗീകരിക്കുകയും ചെയുന്നു. ദൈവവുമായുള്ള ആധികാരികമായ ഒരു കൂടിക്കാഴ്ചയുടെ സ്ഥലമായും രൂപമായും ഓരോ വ്യക്തിയുടെയും പരസ്പര ബന്ധങ്ങള്‍ അനുഭവിക്കുന്ന ഒരു സമൂഹമായും സഭ മാറുന്നു. സിനഡാലിറ്റി അജപാലനം ലക്ഷ്യമാക്കിയുള്ളതാണ് എന്നതിനാല്‍, ക്രിസ്ത്യന്‍ സമൂഹങ്ങള്‍ മറ്റ് മതങ്ങളിലും വിശ്വാസങ്ങളിലും സംസ്‌കാരങ്ങളിലുമുള്ള സ്ത്രീപുരുഷന്മാരുമായി സാഹോദര്യം പങ്കിടേണ്ടത് ആവശ്യമാണ്. ഇത്തരത്തിലുള്ള സംഭാഷണം, പരസ്പര പഠനം, ഒരുമിച്ചു നടക്കല്‍ എന്നിവയുടെ യുക്തി സഭയുടെ അജപാലന ശൈലിയായി മാറുന്നതിനായി, ദരിദ്രരോടുള്ള സുവിശേഷ പ്രഘോഷണവും സേവനവും, പൊതുഭവനമായ പ്രകൃതിയുടെ സംരക്ഷണവും ദൈവശാസ്ത്ര ഗവേഷണവും സഭയുടെ ദൗത്യമായി മാറണം.

അനീതികളെ പരസ്യമായി അപലപിക്കേണ്ടതു സഭയുടെ ദൗത്യമാണ്. ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ ആവ ശ്യങ്ങളും കാഴ്ചപ്പാടുകളും മനസ്സിലാക്കുവാനും അവരുടെ ശബ്ദം കേള്‍ക്കുവാനും സഭ തന്നെ തന്നെ സജ്ജമാക്കണം.

പ്രാരംഭകൂദാശകള്‍ ഈസ്റ്റര്‍ വിശ്വാസത്തിലേക്ക് കര്‍ത്താവ് നമ്മെ പരിചയപ്പെടുത്തുകയും ത്രിതൈ്വകപരവും സഭാപരവുമായ കൂട്ടായ്മയിലേക്ക് നമ്മെ ആകര്‍ഷിക്കുകയും ചെയ്യുന്ന ഒരു യാത്രയാണ്. ഈ കൂദാശകള്‍ നമ്മെ വൈവിധ്യമാര്‍ന്ന അജപാലന ദൗത്യത്തിലും സഭയുമായുള്ള കൂട്ടായ്മയിലും ബന്ധപ്പെടുത്തുന്നു. ഇത് സഭയുടെ മാതൃമുഖത്തെയാണ് പ്രകടിപ്പിക്കുന്നുത്. കാരിസങ്ങളും ശുശ്രൂഷകളും വ്യത്യസ്തമാണെങ്കിലും, 'നമ്മളെല്ലാവരും ഒരേ ആത്മാവില്‍ ഏകശരീരമാകാന്‍ ജ്ഞാനസ്‌നാനമേറ്റു' (1 കൊറി. 12:13). അതിനാല്‍, ജ്ഞാനസ്‌നാനമേറ്റ എല്ലാവര്‍ക്കുമിടയില്‍, ഓരോരുത്തരുടെയും ശുശ്രുഷയ്ക്ക് അനുസൃതമായ അന്തസ്സിന്റെ യഥാര്‍ത്ഥ സമത്വവും ദൗത്യത്തിനുള്ള പൊതു ഉത്തരവാദിത്തവും ഉണ്ട്. പെന്തക്കൊസ്തയുടെ കൃപ സഭയില്‍ സ്ഥിരീകരണ കൂദാശയിലൂടെ നിലകൊള്ളുന്നു. വിശ്വാസികളെ പരിശുദ്ധാത്മാവി ന്റെ സമൃദ്ധി കൊണ്ട് സമ്പന്നരാക്കുകയും സഭയുടെ ദൗത്യത്തി ന്റെ സേവനത്തില്‍ അവരുടെ പ്രത്യേക അജപാലനം വികസിപ്പിക്കാന്‍ ഓരോരുത്തരെയും വിളിക്കുകയും ചെയ്യുന്നു. വിശുദ്ധ കുര്‍ബാനയുടെ ആഘോഷം, പ്രത്യേകിച്ച് ഞായറാഴ്ച, ദൈവത്തിന്റെ വിശുദ്ധ ജനങ്ങള്‍ ഒത്തുചേരുകയും കണ്ടുമുട്ടുകയും ചെയ്യുന്ന ആദ്യത്തേതും അടിസ്ഥാനപരവുമായ രൂപമാണ്. സഭയുടെ ഐക്യവും ക്രിസ്ത്യന്‍ സമൂഹങ്ങളുടെ ബഹുസ്വരതയും, കൗദാശിക രഹസ്യത്തിന്റെയും വിവിധ ആരാധനാക്രമ പാരമ്പര്യങ്ങളുടെയും ഐക്യവും, ആഘോഷത്തിന്റെയും വൈവിധ്യത്തിന്റെയും ഐക്യവും, അജപാലനങ്ങള്‍, കൃപകള്‍ എന്നിവയുടെ ഐക്യവും വൈവിധ്യവും പ്രകടിപ്പിക്കാന്‍ ദിവ്യബലിയുടെ ആഘോഷം സഭയെ പഠിപ്പിക്കുന്നു.

വ്യക്തിയുടെ അന്തസിനു കോട്ടം തട്ടാതെ ഭക്ഷണം, പണം, സാമൂഹിക സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ ദാരിദ്ര്യത്തിലായവര്‍ക്ക് സ്‌നേഹം, ബഹുമാനം, സ്വീകാര്യത, അംഗീകാരം എന്നിവ നല്‍കാന്‍ സഭയെ ദൈവം ചുമതലപ്പെടുത്തിയിട്ടുണ്ട്. ദരിദ്രര്‍ക്കുള്ള മുന്‍ഗണന ക്രിസ്തീയ വിശ്വാസത്തില്‍ അന്തര്‍ലീനമാണ്. കാരണം ദരിദ്രനും താഴ്മയുള്ളവനുമായ യേശു ദാരിദ്ര്യത്തിലായ ആളുകളുമായി സൗഹൃദം സ്ഥാപിക്കുകയും ദാരിദ്ര്യത്തിന്റെ കാരണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്തു. 'യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം... പോഷിപ്പിക്കാന്‍' (ഫിലി. 2:5) വിളിക്കപ്പെട്ടിരിക്കുന്ന എല്ലാ ക്രിസ്ത്യാനികള്‍ക്കും ഈ ദൈവിക മുന്‍ഗണന തങ്ങളുടെ ജീവിതത്തില്‍ അനന്തരഫലങ്ങള്‍ ഉണ്ടാക്കുന്നു. സഭയുടെ ഈ ദൗത്യത്തില്‍ കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍, തദ്ദേശവാസികള്‍, അക്രമത്തിനും ദുരുപയോഗത്തിനും ഇരയായവര്‍, ഉപേക്ഷിക്കപ്പെട്ട പ്രായമായവര്‍, വംശീയത, ചൂഷണം, മനുഷ്യ കടത്ത് എന്നിവയ്ക്ക് ഇരയായവര്‍, ചൂഷണം ചെയ്യപ്പെട്ട തൊഴിലാളികള്‍, സാമ്പത്തികമായി ഒഴിവാക്കപ്പെട്ടവര്‍, ഏറ്റവും ദുര്‍ബലരായവരില്‍ ഗര്‍ഭസ്ഥ ശിശുവും അവരുടെ അമ്മമാരും എന്നിവര്‍ ഉള്‍പ്പെടുന്നു. ഭൂമിയുടെയും ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരുടെയും നിലവിളി ഒന്നുതന്നെയായതിനാല്‍ ദാരിദ്ര്യത്തിലായവര്‍ക്കൊപ്പം നില്‍ക്കുന്നതിന് നമ്മുടെ പൊതുഭവനമായ പ്രകൃതിയെ പരിപാലിക്കുന്നതില്‍ അവരുമായി സഭ ഇടപഴകേണ്ടതുണ്ട്. കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന രാജ്യങ്ങളിലെ സഭയ്ക്ക് ഗതി മാറ്റേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ച് നന്നായി അറിയാം. ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ട വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ, അനീതികളെ പരസ്യമായി അപലപിക്കേണ്ടതു സഭയുടെ ദൗത്യമാണ്. ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ ആവശ്യങ്ങളും കാഴ്ചപ്പാടുകളും മനസ്സിലാക്കുവാനും അവരുടെ ശബ്ദം കേള്‍ക്കുവാനും സഭ തന്നെ തന്നെ സജ്ജമാക്കണം.

ക്രിസ്ത്യാനികള്‍ വ്യത്യസ്ത സംസ്‌കാരങ്ങളില്‍ ജീവിക്കുന്നു. വചനത്തിലൂടെയും കൂദാശയിലൂടെയും ക്രിസ്തുവിനെ മറ്റുള്ളവരിലേക്ക് കൊണ്ടുവരികയും താഴ്മയോടെയും സന്തോഷത്തോടെയും ദാനധര്‍മ്മങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. സഭ എല്ലാ ഗോത്രങ്ങളിലും ഭാഷകളിലും സസ്‌കാരങ്ങളിലും രാജ്യങ്ങളിലും നിന്നുള്ള ആളുകളെ സ്വാഗതം ചെയ്യുന്നു. ഇതു മതങ്ങളും സംസ്‌കാരങ്ങളും തമ്മിലുള്ള സംവാദം അനിവാര്യമാക്കുന്നതിനും വര്‍ധിച്ചുവരുന്ന ബഹുസംസ്‌കാരവും ബഹുമതവുമായ സന്ദര്‍ഭങ്ങളിലുമാണ് സഭ ജീവിക്കുന്നത് എന്ന് ഓര്‍മ്മിപ്പിക്കുന്നു. സഭയുടെ യഥാര്‍ത്ഥ അജപാലന ദൗത്യത്തില്‍ ജീവിക്കുന്നതിന്, നാം പാലങ്ങള്‍ പണിയുവാനും, പരസ്പര ധാരണ വളര്‍ത്തുവാനും, സുവിശേഷവല്‍ക്കരണത്തില്‍ ഏര്‍പ്പെടുവാനും ശ്രമിക്കുന്ന സാന്നിധ്യത്തിന്റെയും സേവനത്തിന്റെയും പ്രഖ്യാപനത്തിന്റെയും ശൈലി സ്വീകരിക്കേണ്ടത് ആവശ്യമാണ്. 'ഒരാളുടെ ഷൂസ് അഴിച്ചുമാറ്റുക' എന്ന അസംബ്ലി ചിത്രം തുല്യനിലയിലുള്ള ഒരു വിശുദ്ധ സ്ഥലത്തോടുള്ള വിനയത്തിന്റെയും ആദരവിന്റെയും അടയാളമായി പ്രതിധ്വനിക്കുന്നു. കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും പലപ്പോഴും പ്രാദേശിക സഭകള്‍ക്ക് നവീകരണവും സമ്പുഷ്ടീകരണവുമായി വര്‍ത്തിക്കുന്നു. വ്യത്യസ്ത സംസ്‌കാരങ്ങളുടെ സമ്പന്നമായ അനുഭവങ്ങള്‍ തിരിച്ചറിയാന്‍ ബഹുമാനവും വിനയവും ആവശ്യമാണ്. എല്ലാ ജനങ്ങള്‍ക്കും ഇടയില്‍, പ്രത്യേകിച്ച് അക്രമത്തിന്റെയും ഛിന്നഭിന്നതയുടെയും ലോകത്ത്, കൂട്ടായ്മ കെട്ടിപ്പടുക്കാന്‍ മതാന്തര സംവാദത്തെ സഭ പ്രോത്സാഹിപ്പിക്കുന്നു.

പത്രോസിന്റെ പിന്‍ഗാമിയുമായി കൂട്ടായ്മയിലുള്ള പൗരസ്ത്യ കത്തോലിക്ക സഭകള്‍ക്ക് സഭയെ സമ്പന്നമാക്കുന്ന സവിശേഷമായ ആരാധനാക്രമവും ദൈവശാസ്ത്രപരവും സഭാശാസ്ത്രപരവും കാനോനികവുമായ വ്യതിരിക്തത യുമുണ്ട്. നാനാത്വത്തില്‍ ഏകത്വത്തെക്കുറിച്ചുള്ള അവരുടെ അനുഭവം സിനഡാലിറ്റിക്ക് കാരണമാകും. ഈ സഭകള്‍ക്ക് അനുവദിച്ചിരിക്കുന്ന സ്വയംഭരണത്തിന്റെ നിലവാരം കാലക്രമേണ വികസിച്ചു. ലാറ്റിന്‍ ഭൂരിപക്ഷ പ്രദേശങ്ങളിലേക്കുള്ള പൗരസ്ത്യ വിശ്വാസികളുടെ കുടിയേറ്റം പുതിയ അജപാലന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. കൂടാതെ പ്രാദേശിക ലാറ്റിന്‍ ആചാര സഭകള്‍ അവരുടെ സ്വത്വവും പൈതൃകവും സ്വാംശീകരിക്കാതെ സംരക്ഷിക്കാന്‍ അവരെ സഹായിക്കേണ്ടത് ആവശ്യമാണ്. സിനഡാലിറ്റിക്ക് പൗരസ്ത്യ കത്തോലിക്ക സഭകള്‍ നല്‍കുന്ന സംഭാവനകള്‍ മനസ്സിലാക്കാന്‍ കൂടുതല്‍ പഠനം ആവശ്യമാണ്. സഭകളുടെ സിനഡുകളാല്‍ തിരഞ്ഞെടുക്കപ്പെട്ട ബിഷപ്പുമാരെ അംഗീകരിക്കുന്നതിലും കാനോനിക്കല്‍ പ്രദേശത്തിന് പുറത്തുള്ള ബിഷപ്പുമാരെ പരിശുദ്ധ പിതാവ് നിയമിക്കുന്നതിലുമുള്ള പങ്ക് വിവേചനാധികാരത്തിനും പരിശുദ്ധ സിംഹാസനവുമായുള്ള സംഭാഷണത്തിനും വിഷയമായി തുടരുന്നു. വൈവിധ്യമാര്‍ന്ന കത്തോലിക്ക സഭകളുള്ള പ്രദേശങ്ങളില്‍, നാനാത്വത്തില്‍ ഏകത്വത്തിന്റെ മാതൃകകള്‍ കണ്ടെത്തണം. പൗരസ്ത്യ കത്തോലിക്ക സഭകള്‍ക്ക് ക്രിസ്ത്യന്‍ ഐക്യത്തിനും മതപരവും സാംസ്‌കാരികവുമായ സംഭാഷണങ്ങളിലും അവരുടെ പങ്ക് സംഭാവന ചെയ്യാന്‍ കഴിയും. പാത്രിയാര്‍ക്കീസുമാരുടെയും മേജര്‍ ആര്‍ച്ചുബിഷപ്പുമാരുടെയും ഒരു സ്ഥിരം കൗണ്‍സില്‍ സ്ഥാപിക്കുക, പ്രത്യേക സിനഡ് വിളിച്ചുകൂട്ടുക, പൗരസ്ത്യലത്തീന്‍ ദൈവശാസ്ത്രജ്ഞര്‍, ചരിത്രകാരന്മാര്‍, കാനോനിസ്റ്റുകള്‍ എന്നിവരുടെ സംയുക്ത കമ്മീഷന്‍ സ്ഥാപിക്കുക, പൗരസ്ത്യ കത്തോലിക്ക സഭാംഗങ്ങള്‍ക്ക് ഡികാസ്റ്ററികളില്‍ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുക, പൗരസ്ത്യമേജര്‍ ആര്‍ച്ചുബിഷപ്പുമാരുടെ ബന്ധം ശക്തമാക്കുക ഇവയൊക്കെ സഭയുടെ കൂട്ടായ്മയുടെ ആവശ്യമാണ്. ലത്തീന്‍ പുരോഹിതന്മാരും പൗരസ്ത്യ പുരോഹിതന്മാരും പരസ്പരമുള്ള അറിവും പരസ്പരമുള്ള പാരമ്പര്യങ്ങളെ അംഗീകരിക്കലും ആഴത്തിലാകണം.

ഫ്രാന്‍സിസ് പാപ്പയും വിവിധ ക്രൈസ്തവ കൂട്ടായ്മകളില്‍ നിന്നുള്ള നേതാക്കളും വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും കൈമാറ്റത്തിന്റെയും മനോഭാവത്തില്‍ ഒരുമിച്ചു നടക്കാന്‍ ഒത്തുകൂടിയ സുപ്രധാനമായ ഒരു സംഭവമായയിരുന്നു 'ഒരുമിച്ചുള്ള' പ്രാര്‍ത്ഥനാ ജാഗരണം. എല്ലാവരുടെയും ഒരു ദൈവവും പിതാവും, 'ഒരു കര്‍ത്താവ്, ഒരു വിശ്വാസം, ഒരു ജ്ഞാനസ്‌നാനം എന്നിവ നമ്മെ ഭിന്നിപ്പിക്കുന്നതിനേക്കാള്‍ ഒന്നിപ്പിക്കുന്നതാണ് എന്ന് അസംബ്ലി തിരിച്ചറിഞ്ഞു. എക്യൂമെനിസം എന്നത് ആത്മീയ നവീകരണത്തിന്റെ കാര്യമാണ്. അത് അനുതപിക്കാനും ഓര്‍മ്മകളെ സൗഖ്യമാക്കാനുമുള്ള പ്രക്രിയകള്‍ക്കും ആവശ്യമാണ്. ദാരിദ്ര്യം അനുഭവിക്കുന്നവരുടെ സേവനത്തോടുള്ള സൗഹൃദവും പ്രാര്‍ത്ഥനയും പ്രതിബദ്ധതയും പങ്കിടുന്ന വ്യത്യസ്ത സഭാ പാരമ്പര്യങ്ങളിലുള്ള ക്രിസ്ത്യാനികളുടെ സാക്ഷ്യങ്ങള്‍ അസംബ്ലി കേട്ടു. ക്രിസ്തുവിലുള്ള എല്ലാ വിശ്വാസികളെയും ഒന്നിപ്പിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇവ സഹായിക്കുന്നു. നമ്മുടെ കാലത്തെ അജപാലന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ എല്ലാ ക്രിസ്ത്യാനികളും തമ്മിലുള്ള സഹകരണം നിര്‍ണ്ണായകമാണ്. മതേതര സമൂഹങ്ങളില്‍, ഇത് സുവിശേഷത്തിന്റെ ശബ്ദത്തിന് കൂടുതല്‍ ശക്തി പ്രാപ്തമാക്കുന്നു. അതേസമയം ദാരിദ്ര്യത്തിന്റെ സന്ദര്‍ഭങ്ങളില്‍, നീതി, സമാധാനം, ഏറ്റവും ചെറിയവരുടെ അന്തസ്സ് എന്നിവയുടെ സേവനത്തില്‍ ചേരാന്‍ ഇത് ആളുകളെ പ്രേരിപ്പിക്കുന്നു. വ്യത്യസ്ത സഭകളിലോ സഭാ സമൂഹങ്ങളിലോ ഉള്ള ക്രിസ്ത്യാനികള്‍ തമ്മിലുള്ള വിവാഹങ്ങള്‍ (ഇന്റര്‍ചര്‍ച്ച് വിവാഹങ്ങള്‍) കൂട്ടായ്മയുടെ ജ്ഞാനം പക്വത പ്രാപിക്കുകയും പരസ്പരം സുവിശേഷവത്കരിക്കുകയും ചെയ്യുന്ന യാഥാര്‍ത്ഥ്യങ്ങള്‍ രൂപപ്പെടുത്തിയേക്കാം. സഭയുടെ സിനഡല്‍ കോണ്‍ഫിഗറേഷനെ വിവിധ ക്രിസ്ത്യന്‍ പാരമ്പര്യങ്ങള്‍ മനസ്സിലാക്കുന്ന വൈവിധ്യമാര്‍ന്ന രീതികളും അസംബ്ലി ചര്‍ച്ച ചെയ്തു. ഓര്‍ത്തഡോക്‌സ് സഭകളില്‍, മെത്രാന്മാര്‍ക്ക് മാത്രമുള്ള (വിശുദ്ധ സുന്നഹദോസ്) അധികാരത്തിന്റെ കൂട്ടായ പ്രയോഗത്തിന്റെ പ്രകടനമായാണ് സിനഡാലിറ്റിയെ മനസ്സിലാക്കുന്നത്. യഥാര്‍ത്ഥത്തില്‍ കത്തോലിക്കരായിരുന്ന വിശ്വാസികള്‍ ധാരാളമായി ചേരുന്ന 'നോണ്‍ഡിനോമിനേഷന്‍' കമ്മ്യൂണിറ്റികളുടെയും ക്രിസ്ത്യന്‍ പ്രചോദിത 'നവോത്ഥാന' പ്രസ്ഥാനങ്ങളുടെയും പ്രതിഭാസത്തെക്കുറിച്ച് ചിന്തിക്കാനും അസംബ്ലി അഭ്യര്‍ത്ഥിച്ചു. നിഖ്യാ കൗണ്‍സില്‍ (325), ഈസ്റ്ററിന് ഒരു പൊതു തീയതി ഉറപ്പാക്കല്‍, കത്തോലിക്ക സിനഡല്‍ പ്രക്രിയകളില്‍ മറ്റ് സഭകളിലെയും സഭാ പാരമ്പര്യങ്ങളിലെയും ക്രിസ്ത്യാനികളെ ഉള്‍പ്പെടുത്തുന്നത് തുടരുക, സമകാലിക ലോകത്തിലെ പൊതു ദൗത്യത്തെക്കുറിച്ച് ഒരു എക്യുമെനിക്കല്‍ സിനഡ് വിളിച്ചുകൂട്ടുക, ഒരു എക്യുമെനിക്കല്‍ രക്തസാക്ഷിത്വം രൂപപ്പെടുത്തുക എന്നിവ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

സിനഡല്‍ സഭയുടെ മുഖം എന്ന ആദ്യ ഭാഗത്തിന്റെ അവതരണം ഞാന്‍ ഇവിടെ ഉപസംഹരിക്കുമ്പോള്‍, സഭ നമ്മോടു ആവശ്യപ്പെടുന്നത് ജ്ഞാനസ്‌നാനം സ്വീകരിച്ച എല്ലാവരുടെയും അജപാലന ദൗത്യത്തെയാണ്. ത്രീയേക ദൈവത്തില്‍ കേന്ദ്രീകൃതമായ നമ്മുടെ വിളി എല്ലാ സംസ്‌കാരങ്ങളെയും, ഭാഷകളെയും ഉള്‍ക്കൊണ്ടുകൊണ്ട് ദരിദ്രനായ ക്രിസ്തുവിനെ അനുകരിച്ചു അപരനെ സ്‌നേഹത്തിലും സമാധാനത്തിലും നയിച്ചുകൊണ്ട് യുദ്ധം, കവര്‍ച്ച എന്നിവയെ അപലപിക്കുക എന്ന നമ്മുടെ ദൗത്യമാണ്. കേരളത്തില്‍ വ്യത്യസ്തമായ റീത്തുകളിലും സഭ പാരമ്പര്യത്തിലുമുള്ള നമ്മള്‍ക്ക് പരസ്പരം മനസ്സിലാക്കുവാനും ക്രിസ്തുവിന്റെ ഒരുമയില്‍ ജീവിക്കുവാനും ഈ സിനഡില്‍ ആഹ്വാനം ഉണ്ട്. കത്തോലിക്കര്‍ എന്ന നിലയില്‍ മറ്റുമതങ്ങളെയും സഭകളെയും മനസ്സിലാക്കുവാനും അവരുടെ പാരമ്പര്യത്തില്‍ നിന്ന് അവരെ വീക്ഷിക്കുവാനും നമുക്ക് വിളിയുണ്ട്.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org