വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രിയങ്കരന്‍

വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രിയങ്കരന്‍

ബേസില്‍ ജോസ് പടിയറ
(പടിയറ പിതാവിന്റെ സഹോദരപുത്രന്‍)

ബേസില്‍ ജോസ് പടിയറ
ബേസില്‍ ജോസ് പടിയറ

പടിയറ പിതാവിന്റെ തറവാട്ടു വീട്ടില്‍ ഇപ്പോള്‍ ആരും താമസിക്കുന്നില്ലെങ്കിലും ഇന്നും ഞങ്ങള്‍ അതു സംരക്ഷിച്ചു പോരുന്നു. പിതാവടക്കം അവര്‍ ഏഴു മക്കളായിരുന്നു. ആരും ഇന്നു ജീവിച്ചിരിപ്പില്ല. 1972-ല്‍ പടിയറ പിതാവിന്റെ അപ്പനും 1983-ല്‍ അമ്മയും മരണമടഞ്ഞു. പിതാവ് നാട്ടിലും വീട്ടിലും വന്നിരുന്നത് ഞാനോര്‍ക്കുന്നു. പള്ളിയില്‍ കയറിയിട്ടേ വീട്ടില്‍ വരൂ. വീടിനടുത്താണ് ഇടവകപ്പള്ളി. കോണ്‍വെന്റിലും പോകും. അയല്‍പക്കങ്ങളിലൊക്കെ സന്ദര്‍ശനം നടത്തും. അസുഖബാധിതരുണ്ടെങ്കില്‍ അവരെ പ്രത്യേകം പോയിക്കാണുമായിരുന്നു. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രിയങ്കരനായിരുന്നു പിതാവ്. അദ്ദേഹത്തിന്റെ സരസമായ സംസാരവും എല്ലാവരെയും സമഭാവനയില്‍ വീക്ഷിക്കുന്ന പ്രകൃതവും ആരോടും ദേഷ്യപ്പെടാത്ത സൗമ്യതയും എല്ലാവരെയും അദ്ദേഹത്തിലേക്ക് അടുപ്പിച്ചിരുന്നു.
വീട്ടില്‍ വരുമ്പോള്‍ പിതാവ് ഉപയോഗിച്ചിരുന്ന മുറിക്കു പുറത്താണ് ഞാന്‍ കിടന്നിരുന്നത്. ഏതെങ്കിലും ആവശ്യം വന്നാല്‍ അദ്ദേഹം വിളിക്കും. രാത്രിയിലോ പകലോ എന്തെങ്കിലും ആവശ്യപ്പെട്ട് അതു ചെയ്തുകൊടുത്താല്‍ ഉടനടി 'താങ്ക്‌സ്' പറയും. അച്ചടക്കത്തിലും ശുചിത്വത്തിലും വളരെ നിര്‍ബന്ധബുദ്ധിക്കാരനായിരുന്നു പിതാവ്. ഭക്ഷണം നല്‍കുന്ന പ്ലേറ്റില്‍ എന്തെങ്കിലും ഒരു കറുത്തപാടു കണ്ടാല്‍ അതു ചൂണ്ടിക്കാണിക്കും. പക്ഷെ ഒട്ടും ദേഷ്യപ്പെടില്ല. മണിമല പള്ളിയുടെ ചരിത്രം പടയറ കുടുംബവുമായി ചേര്‍ന്നു കിടക്കുന്നതാണ്. അന്ന് ആദ്യത്തെ വികാരിയച്ചന്‍ പടിയറ പിതാവിന്റെ അപ്പനോടു കുടുംബത്തില്‍ നിന്നു പട്ടക്കാരും മേല്‍പ്പട്ടക്കാരും ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നുവത്രെ. അതെന്തായാലും പടിയറ പിതാവിന്റേതടക്കം നിരവധി ദൈവവിളികള്‍ കുടുംബത്തില്‍ നിന്നുണ്ടായി.
പടിയറ പിതാവ് ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ്പായിരിക്കുമ്പോഴാണ് വൈദികാര്‍ത്ഥികള്‍ക്ക് അവരവരുടെ ഇടവകയില്‍ വച്ചു പട്ടം കൊടുക്കുന്ന പതിവ് ആരംഭിച്ചത്. കൂടുതല്‍ ദൈവവിളികള്‍ക്ക് അതു പ്രചോദനമാകുമെന്നാണ് അതേക്കുറിച്ച് പിതാവ് പറഞ്ഞത്. പടിയറ പിതാവിന്റെ സ്മരണ നിലനിറുത്താന്‍ മണിമലയില്‍ ഞാന്‍ ഒരു സിബിഎസ്ഇ സ്‌കൂള്‍ ആരംഭിക്കുകയുണ്ടായി. ഈ സ്‌കൂള്‍ തുടങ്ങുന്നതിനെക്കുറിച്ചു ഞാന്‍ പിതാവിനോടു സൂചിപ്പിച്ചിരുന്നു. അപ്പോഴേക്കും അദ്ദേഹം വാര്‍ദ്ധക്യത്താല്‍ ക്ലേശിച്ചിരുന്നു. പിതാവു അന്തരിച്ചു മൂന്നു മാസങ്ങള്‍ക്കു ശേഷം സ്‌കൂള്‍ ആരംഭിച്ചു – കാര്‍ഡിനല്‍ പടിയറ പബ്ലിക് സ്‌കൂള്‍. പിതാവിന്റെ സ്മരണാര്‍ത്ഥം മണിമലയില്‍ ആരംഭിച്ച ഈ സ്‌കൂളിന്റെ മാനേജരുമാണ് ഞാന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org