
ചെറിയാന്‍ (പടിയറ പിതാവിന്റെ ഡ്രൈവര്‍)
നീണ്ട 17 വര്‍ഷങ്ങള്‍ ഞാന്‍ പടിയറ പിതാവിന്റെ ഡ്രൈവറായി സേവനം ചെയ്തിട്ടുണ്ട്. ചങ്ങനാശ്ശേരിയില്‍ വച്ചാണ് പടിയറ പിതാവിന്റെ ഡ്രൈവറായി സേവനം ആരംഭിച്ചത്. പിതാവ് എറണാകുളത്തേക്കു പോന്നപ്പോള്‍ എന്നെയും കൂടെ കൂട്ടി. പിന്നീട് മരണം വരെ പിതാവിനോടൊപ്പം ഉണ്ടായിരുന്നു. പിതാവിനെക്കുറിച്ച് വളരെ നല്ല ഓര്‍മ്മകള്‍ എന്റെ മനസ്സിലുണ്ട്. സമയത്തിന്റെയും ജോലിയുടെയും കാര്യങ്ങളില്‍ കൃത്യനിഷ്ഠ പിതാവിനു നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് ഏതൊരു പരിപാടിക്കു പോകുമ്പോഴും കൃത്യസമയത്തുതന്നെ പിതാവിനെ സ്ഥലത്തെത്തിച്ചിരുന്നത് അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നു. കൃത്യനിഷ്ഠപോലെ തന്നെ എല്ലാം "നീറ്റ് & ക്ലീന്‍' ആയിരിക്കണം എന്നതും പിതാവിനു നിര്‍ബന്ധമുള്ള കാര്യമായിരുന്നു. മുറിയും ഓഫീസും സഞ്ചരിക്കുന്ന കാറും മാത്രമല്ല ഡ്രൈവര്‍ പോലും. എന്റെ വസ്ത്രധാരണം പിതാവ് നിരീക്ഷിച്ചിരുന്നതിനാല്‍ അക്കാര്യത്തില്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒച്ചപ്പാടും ബഹളങ്ങളും പിതാവ് ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ ചങ്ങനാശ്ശേരിയിലായിരു ന്നപ്പോഴും എറണാകുളത്തായിരുന്നപ്പോഴും പിതാവ് അരമനയിലുണ്ടെങ്കില്‍ അരമന നിശബ്ദമാകും.
ഒരു വ്യക്തിയുടെയും അഭിമാനത്തിനു മുറിവേല്പിക്കാന്‍ പടിയറ പിതാവിനു കഴിയുമായിരുന്നില്ല. യാത്രയ്ക്കിടയില്‍ ഒരിക്കല്‍ പോലും പിതാവ് ആരെയെങ്കിലും കുറ്റപ്പെടുത്തിയോ വിമര്‍ശിച്ചോ സംസാരിച്ചതായി കേട്ടിട്ടില്ല. ആരെങ്കിലും അപ്രകാരം ചെയ്താല്‍ ചിലപ്പോള്‍ മറുപടിയൊന്നും പറയാതെ ചിരിക്കും, അല്ലെങ്കില്‍ തന്നെ നിരുത്സാഹപ്പെടുത്തും.
പിതാവിന് എല്ലാവരോടും സ്‌നേഹമായിരുന്നു. എല്ലാവരേയും സ്‌നേഹിച്ചിരുന്നു. എന്നാല്‍ ഉള്ളിലുള്ള സ്‌നേഹം പിതാവ് അധികം പ്രകടിപ്പിച്ചിരുന്നില്ല. എങ്കിലും അര്‍ഹതയുള്ള എല്ലാവരേയും പിതാവ് സഹായിച്ചിരുന്നു. എനിക്കു സ്വന്തമായി വീടില്ലായിരുന്നു. എനിക്കു വീടുണ്ടോയെന്നു പിതാവ് തിരക്കിയിട്ടില്ല. എനിക്കു വീടില്ലെന്നു ഒരിക്കലും പിതാവിനോടു പറയുകയോ ആ വശ്യപ്പെടുകയോ ചെയ്തിട്ടില്ല. പ്രൊക്കുറേറ്ററായിരുന്ന ബഹു. മുട്ടംതോട്ടിയച്ചന്‍ എനിക്കു വീടില്ല എന്നു പിതാവിനോട് പറഞ്ഞ പ്പോഴാണ് പിതാവ് അതറിയുന്നത്. അതിന്റെ ഫലമായി തൃക്കാക്കരയില്‍ ഞാനിപ്പോള്‍ താമസിക്കുന്ന വീട് പടിയറ പിതാവ് എനിക്കു വാങ്ങിത്തന്നതാണ്.
എറണാകുളം അതിരൂപതയില്‍ അതിരൂപത വക ചില സ്ഥാപനങ്ങളിരിക്കുന്ന സ്ഥലങ്ങളും അതിരൂപതയിലെ പല പള്ളികളും സ്ഥാപിക്കാനും ചിലര്‍ക്ക് വികസിപ്പിക്കാനും ഉപകാരികള്‍ വഴിയോ പിതാവ് പണം നല്കിയിട്ടുണ്ട്. എന്നാല്‍ അതിരൂപതയെയും അതിരൂപതയിലെ അച്ചന്മാരെയും സ്‌നേഹിച്ചു പല പല കാര്യങ്ങളും ചെയ്ത പടിയറ പിതാവിന്റെ ഓര്‍മ്മയ്ക്കായി ഒരു സ്ഥാപനം പോലും അതിരൂപത വകയായി ഉള്ളതായി എനിക്ക് അറിയില്ല. അതിരൂപതയെ വളര്‍ത്താന്‍ അതിരൂപതയ്ക്കുവേണ്ടി കഷ്ടപ്പെട്ട പടിയറ പിതാവിന്റെയോ മറ്റു പല വൈദികരുടെയോ ഓര്‍മ്മ നിലനിറുത്തുന്നതിന് എന്തെങ്കിലും ചെയ്യാന്‍ ഇന്നുള്ളവര്‍ പരാജയപ്പെടുന്നതു കാണുമ്പോള്‍ വിഷമം തോന്നുന്നു.