
ഫാ. തോമസ് പാട്ടത്തില്‍ച്ചിറ സിഎംഎഫ്
അകലത്തിന് ആഗോളതലത്തില്‍ അത്ഭൂതപൂര്‍വ്വമായ അമിതപ്രസക്തിയും പ്രാധാന്യവുമുള്ള ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് മനുഷ്യസമൂഹം ഇന്നു സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. 'അടുത്താല്‍ അടി' എന്ന് കുട്ടികള്‍പോലും പറയുന്ന കാലം. അനുദിനപ്രാരാബ്ധങ്ങള്‍ക്കും, തിരക്കുകള്‍ക്കും, ആകുലതകള്‍ക്കും, ആഘോഷങ്ങള്‍ക്കുമിടയില്‍ മനുഷ്യന്‍ മറക്കരുതാത്ത ശാരീരിക ശുചിത്വത്തേക്കുറിച്ചും, അവശ്യം പാലിക്കേണ്ട ചില അകലങ്ങളെക്കുറിച്ചുമൊക്കെ ഓര്‍മ്മിപ്പിക്കാന്‍ ഒരു വലിയ പരിധിവരെ ഈ കൊറോണക്കാലം സഹായകമാകുന്നുണ്ട്. ആവശ്യമായ അകലങ്ങള്‍ ആരോഗ്യകരങ്ങളാണെന്നും, അനാവശ്യമായ അടുപ്പങ്ങള്‍ അപകടകരങ്ങളാണെന്നുമുള്ള അടിസ്ഥാനപരമായ അറിവ് കോവിഡ്-19 പാഠപ്പുസ്തകം പകര്‍ന്നു തരുന്നുണ്ട്.
ഇപ്രകാരം, അകലത്തിനു അഭിവാദ്യവും, അടുപ്പത്തിനു അയിത്തവും കല്പിച്ചിരിക്കുന്ന കാലത്ത് ക്രിസ്ത്യാനികളായ നാം അമ്പതുനോമ്പിന്റെ ആത്മീയനാളുകളിലേക്ക് പ്രവേശിക്കുമ്പോള്‍ ചില അകലങ്ങളുടെയും അടുപ്പങ്ങളുടെയും ആകെത്തുകയാണ് ക്രിസ്തുശിഷ്യത്വത്തിന്റെ വില എന്നുള്ള കര്‍ത്തൃവചസ്സുകളാണ് നമ്മുടെ ഹൃദയവാതിലില്‍ കൊത്തിവയ്‌ക്കേണ്ടത് എന്നു തോന്നുന്നു. കാരണം, ആജീവനാന്തം തന്റെ ദൗത്യനിര്‍വ്വഹണത്തിനു തടസ്സം സൃഷ്ടിച്ച സകലതിനോടും അകന്നുപോകാന്‍ സധൈര്യം ആജ്ഞാപിക്കുകയും (മത്തായി 4:10), ലൗകികമായ സകലതില്‍നിന്നും ഒരു കല്ലേറകലം (ലൂക്കാ 22:41) പാലിക്കുകയും, അതേസമയം സ്വര്‍ഗ്ഗീയമായ സര്‍വ്വതിനോടും അടുത്തു നില്ക്കുകയും, അങ്ങനെ ആയിരിക്കാന്‍ മറ്റുള്ളവരെ ക്ഷണിക്കുകയും (മത്താ. 11:28) ചെയ്തവന്റെ അനുയായികളാണ് നാം. 'കൊറോണക്കാലത്ത് നാം ശാരീരികമായി അകന്നിരിക്കുമ്പോഴും നമ്മുടെ ഹൃദയങ്ങള്‍ അടുത്തിരിക്കണം' എന്നുള്ള ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകളും ഈ സന്ദര്‍ഭത്തില്‍ സ്മരണാര്‍ഹമാണ്. വലിയനോമ്പുകാലം, വിശിഷ്യാ, അകലാനും, അടുക്കാനുമുള്ള അവസരമാണ്.
അശുദ്ധിയില്‍ നിന്നുള്ള അകലം
അശുദ്ധിയില്‍നിന്നു തന്നെയാണ് ആത്യന്തികമായി നാം അകലേണ്ടത്. കാരണം, ആത്മാവിനും ആരോഗ്യത്തിനും ഒരുപോലെ ആപത്ക്കരമായിട്ടുള്ളത് ആന്തരികവും ബാഹ്യവുമായ അശുദ്ധി ഒന്നു മാത്രമാണ്. ശാരീരികാശുദ്ധി ശാരീരികരോഗങ്ങള്‍ കാരണമാകുന്നതുപോലെ ആത്മീയാശുദ്ധി ആത്മീയവ്യാധികള്‍ക്ക് ഹേതുവാകുന്നു. ആരോഗ്യമുള്ള ആത്മാവുള്ളവര്‍ക്കേ ആരോഗ്യമുള്ള ശരീരമുണ്ടാകൂ. അങ്ങനെ വരുമ്പോള്‍, അടിസ്ഥാനപരമായി 'അശുദ്ധി'യാണ് മനുഷ്യന്റെ വിനാശകാരണമായ 'വൈറസ്'. അതില്‍നിന്നും നാം പാലിക്കുന്ന അകലമാണ് അനശ്വരമായ ജീവനിലേയ്ക്കും, രക്ഷയിലേയ്ക്കുമുള്ള അടുപ്പം. അശുദ്ധിയുടെ നിറവും, മണവും, രുചിയും, സ്വരവും, സ്പര്‍ശവുമുള്ള സകലതില്‍ നിന്നും സമദൂരം കാക്കാന്‍ കരുത്താര്‍ജ്ജിക്കണം. 'പഞ്ചേന്ദ്രിയ ജയം' എന്ന് സാധാരണ പറയാമെങ്കിലും, ആറാമത്തെ ഒരു ഇന്ദ്രിയത്തിന്റെ നിയന്ത്രണമാണ് പരമപ്രധാനമായിട്ടുള്ളത്. അത് ഹൃദയമാകുന്ന ഇന്ദ്രിയത്തിന്റെ നിഗ്രഹമാണ്. ഹൃദയമാണ് ഇദംപ്രഥമമായി നിയന്ത്രണ വിധേയമാകേണ്ടതും, വിശുദ്ധീകരിക്കപ്പെടേണ്ടതും.
ഏതോ ഒരു അലക്കുസോപ്പിന്റെ പരസ്യത്തില്‍, അത് കൈവശമുണ്ടെങ്കില്‍ 'കറ നല്ലതാണ്' എന്ന് പറയുന്നതുപോലെ, 'അകലം നല്ലതാണ്' വിശുദ്ധി കൈവരിക്കണമെങ്കില്‍ എന്ന് വിശ്വാസജീവിതത്തിലും പറയാന്‍ പറ്റും. അകലം പാലിക്കുക എന്നാല്‍ 'അരുത്' എന്നു പറയുന്നതിനു തുല്യമാണ്. ആരില്‍നിന്നും എന്തില്‍നിന്നുമൊക്കെ നാം അകന്നുനില്ക്കുന്നുവോ അവയോടൊക്കെ ഒരു 'നോ' മനോഭാവം നാം പുലര്‍ത്തുന്നുണ്ട്. അങ്ങനെയാകുമ്പോള്‍, 'നോ-മ്പ്'കാലം, ചില 'മ്പ്'കളോട് 'നോ' പറയാനുള്ള കാലംകൂടിയാണ്. അവയില്‍ ആദ്യത്തേത്, 'കൊമ്പ്' ആണ്. അഹങ്കാരം ഇതിന്റെ പര്യായമാണ്. 'വല്യ കൊമ്പുള്ളയാളാ' എന്ന് ചിലരേപ്പറ്റി നാം തന്നെ വിലയിരുത്താറില്ലേ? ഉള്ളതിലധികം ഭാവിക്കുന്ന ദുഃസ്വഭാവമാണിത്. നമ്മേക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ് നിഗളത്തിലേയ്ക്ക് നമ്മെ നയിക്കുന്നത്. ജീവിതം പിച്ചച്ചട്ടിയാണെന്നും അതില്‍ കിട്ടിയിട്ടുള്ളവയൊക്കെയും കേവലം ഭിക്ഷയാണെന്നുമുള്ള ഒന്നാം പാഠം നോമ്പുകാലത്ത് പലവുരു ഉരുവിട്ടു ഹൃദിസ്ഥമാക്കാം. അഹങ്കാരം അലങ്കാരമല്ല, അപകടമാണ് എന്നുള്ള തിരിച്ചറിവോടെ തെളിമയുള്ള എളിമയ്ക്കായി, വിനയമെന്ന വലിയ പുണ്യത്തിനായി തൊഴുത്തോളം താഴ്ന്നവനോടു പ്രാര്‍ത്ഥിക്കാം (സുഭാ. 16:18). രണ്ടാമത്തേത്, 'കുശുമ്പ്' ആണ്. അസൂയ ഇതിന്റെ അപര നാമമാണ്. മറ്റുള്ളവരിലെ നന്മയെ അംഗീകരിക്കാന്‍ കഴിയാതെ വരുമ്പോള്‍ നമ്മിലുണ്ടാകുന്ന ഒരു തോന്നലാണിത്. ഈ ദുര്‍ഗുണത്തോട് 'നോ' പറയാന്‍ പഠിക്കണം. നമ്മിലില്ലാത്ത നന്മകള്‍ മറ്റുള്ളവരില്‍ കാണുന്നതുകൊണ്ടല്ല മറിച്ച്, നമ്മിലെ നല്ലവയെ കാണാനും അവയെ അംഗീകരിക്കാനും നമുക്ക് കഴിയാത്തതു മൂലമാണ് അന്യരോട് അസൂയ തോന്നുന്നത്. നമ്മിലേയ്ക്കു നല്ലവണ്ണം നോക്കാന്‍ നോമ്പിന്റെ നാളുകളില്‍ പരിശ്രമിക്കാം.
മൂന്നാമത്തേത്, 'വമ്പ്' ആണ്. വീമ്പ് ഇതിന്റെ വിളിപ്പേരാണ്. പൊങ്ങച്ചം പറയുക എന്ന ദുഃസ്വ ഭാവമാണിത്. പരമാര്‍ത്ഥത്തിനു മേമ്പൊടി ചേര്‍ത്ത് പൊലിപ്പിച്ചുള്ള ഈ സംസാരശൈലിയില്‍ അസത്യങ്ങള്‍ക്ക് അഴകും ആകര്‍ഷണവും കൊടുക്കാനാണ് നാം ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ദുശ്ശീലത്തെ ദൂരെയകറ്റേണ്ടത് ആവശ്യമാണ്. പൊടിപ്പും തൊങ്ങലുമില്ലാത്ത 'അതേ'കള്‍ക്കും, 'അല്ല'കള്‍ക്കും ഇനി മുതല്‍ നമ്മുടെ നാവിന്‍തുമ്പില്‍ ഇടംകൊടുക്കാന്‍ ശ്രദ്ധിക്കാം (സുഭാ. 27:2). നാലാമത്തേത്, 'അലമ്പ്' ആണ്. വൃത്തികേട് എന്നാണ് ഇതിനര്‍ത്ഥം. വിവിധ തരത്തിലുള്ള വൃത്തിയില്ലായ്മയുണ്ട്. ബാഹ്യമായ ശുദ്ധിരാഹിത്യത്തെ ഇല്ലാതാക്കാന്‍ ശരീരത്തെയും ജീവിതയിടങ്ങളെയും വൃത്തിയായി സൂക്ഷിക്കണം. ആന്തരീകശുദ്ധി ശൂന്യത പരിഹരിക്കാന്‍ വാക്കുകളെയും, ചിന്തകളെയും, കര്‍മ്മങ്ങളെയും ശുദ്ധമായി കാക്കണം. വൃത്തികേടുള്ള യാതൊന്നിനും നമ്മുടെ ജീവിത വൃത്തത്തിനുള്ളില്‍ സ്ഥാനം കൊടുക്കാതിരിക്കാം (മത്താ. 23:27). അഞ്ചാമത്തേത്, 'അമ്പ്' ആണ്. അന്യരില്‍ അകാരണമായി നാം ഏല്പിക്കുന്ന ഉള്‍മുറിവ് ആണിത്. അപവാദങ്ങളുടെയും, ആരോപണങ്ങളുടെയും, അപഹാസങ്ങളുടെയും അസ്ത്രപ്രയോഗം പാടേ ഉപേക്ഷിക്കാന്‍ നാം തയ്യാറാകണം. ശരിവിരുദ്ധമായ ശരമുനകള്‍ മൂലം ആരും മുറിവേല്ക്കാന്‍ നാം കാരണമാകരുത്. മനോവ്രണങ്ങള്‍ മായാന്‍ വൈകുമെന്ന് മറക്കരുത്. അബദ്ധപ്രചാരണങ്ങളും, അസത്യ സാക്ഷ്യങ്ങളും, അവഹേളനാവചസ്സുകളും അവസാനിപ്പിക്കാം. ആരെയും വ്യക്തിഹത്യയ്ക്ക് ഇരയാക്കാതിരിക്കാം. വെറുപ്പും, വൈരാഗ്യവും വെടിയാം. കുറ്റാരോപിതര്‍ കുറ്റക്കാരാകണമെന്നില്ല. മുന്‍വിധിയോടുകൂടി അവര്‍ നേരേ മുഷ്ടി ചുരുട്ടാതിരിക്കാം (പുറ. 23:1). ഇത്യാദി 'കാമ്പ്' ഇല്ലാത്ത 'മ്പ്'കളെ കഴിവതും അകറ്റി നമ്മുടെ കൊച്ചു ജീവിതത്തെ കൂടുതല്‍ 'കഴമ്പ്' ഉള്ളതാക്കി മാറ്റാം. വിശുദ്ധിയ്ക്കു വിഘാതമായി നില്ക്കുന്ന എല്ലാറ്റിനോടും വിടചൊല്ലാനുള്ള ചങ്കൂറ്റവും വിവേകവും വലിയനോമ്പില്‍ സ്വന്തമാക്കാന്‍ നമുക്ക് സാധിക്കണം.
അതിശുദ്ധിയിലേയ്ക്കുള്ള അടുപ്പം
അതിശുദ്ധിയോടു തന്നെയാണ് അടിസ്ഥാനപരമായി നാം അടുക്കേണ്ടത്. കാരണം, ആത്മാവിനും ആരോഗ്യത്തിനും ഒരുപോലെ ആവശ്യമായിട്ടുള്ളത് ആന്തരികവും ബാഹ്യവുമായ ശുദ്ധി ഒന്നു മാത്രമാണ്. 'ശുദ്ധി' തന്നെയാണ് ആയുസ്സിന്റെ ആധാരം. അശുദ്ധിയില്‍നിന്നുള്ള അകലമാണ് ശുദ്ധിയിലേയ്ക്കുള്ള അടുപ്പം. ദൈവം വിശുദ്ധിയും, ദൈവികമായവയൊക്കെ വിശുദ്ധവുമാണ്. ആകയാല്‍, അവയോടൊക്കെയാണ് നാം അനുനിമിഷം അടുക്കേണ്ടതും. പരിശുദ്ധിയിലേയ്ക്ക് നമ്മെ അടുപ്പിക്കുന്ന മൂന്നു പാതകളിലൂടെയുള്ള പ്രയാണമാണ് നോമ്പുകാലജീവിതം. അവയില്‍ ആദ്യത്തേത് പ്രാര്‍ത്ഥനാ പാത(Path of Prayer)യാണ്. പ്രാര്‍ത്ഥന പരമമായും ഒരു കൊടുക്കല്‍ പ്രക്രിയയാണ്. സര്‍വ്വതിനും ഉടയവനായ ദൈവത്തിനു സമയവും, സ്ഥലവും (Space & Time) നാം നല്കുന്ന പ്രവൃത്തിയാണത്. അതുവഴി നിത്യനായവന്‍ നിസ്സാരരായ നമ്മുടെ അസ്തിത്വത്തിന്റെ ഭാഗമായിത്തീരുകയാണ് ചെയ്യുന്നത്. എത്രമാ ത്രം അവിടുന്ന് നമ്മെ ആവരണം ചെയ്യുന്നുവോ അത്രമാത്രം നമ്മുടെ ആയുസ്സിന് അഴകും അര്‍ത്ഥവുമുണ്ടാകും. നമ്മെ കര്‍ത്താവിനു കുറച്ചുകൂടി വിട്ടുകൊടുക്കാന്‍ പ്രാര്‍ത്ഥനാവഴിയിലൂടെയുള്ള സഞ്ചാരം സഹായിക്കും. പതിവുള്ളതിന്റെ പാതികൂടിയെങ്കിലും നേരം തമ്പുരാന്റെ തിരുമുമ്പിലിരിക്കാന്‍ പരിശ്രമിക്കാം (മത്താ. 26:41; സങ്കീ. 141:2).
രണ്ടാമത്തേത്, പശ്ചാത്താപ പാത (Path of Repentance) യാണ്. പറ്റിപ്പോയ തെറ്റുകളേപ്പറ്റിയുള്ള മായമില്ലാത്ത മനസ്താപമാണിത്. അപരാധങ്ങള്‍ ആവര്‍ത്തിക്കില്ല എന്നുള്ള ദൃഢനിശ്ചയം അനുതാപത്തിന്റെ ഭാഗമാകുമ്പോഴാണ് അതിനു പ്രസക്തിയും പ്രയോ ജനവുമേറുന്നത്. ഓര്‍ക്കണം, അരുതാത്തവയ്ക്കും, അനാരോഗ്യകരമായവയ്ക്കുമൊക്കെ അഴകും ആകര്‍ഷണവും അധികമുണ്ടെന്നു തോന്നുന്ന നാളുകളാണ് നോമ്പിന്റേത്. അമ്പതുനോമ്പുകാലം ആത്മാര്‍ത്ഥമായ അനുതാപത്തിന്റെ ദിനരാത്രങ്ങളുടേതാകട്ടെ. ചില കണ്ണുനനയലുകളുടെ അനുഭവങ്ങളിലൂടെ കടന്നുപോയെങ്കിലേ നോമ്പിനു കാമ്പുണ്ടാകൂ (ലൂക്കാ 5:32; എസെക്കി. 18:30). മൂന്നാമത്തേത്, പരിഹാരപാത (Path of Penance) യാണ്. നമ്മുടെ കടങ്ങളും പാപങ്ങളുമൊക്കെ നാമും നാമുമായും, നാമും നമുക്കു ചുറ്റുമുള്ളവരുമായും, നാമും ദൈവവുമായുമുള്ള ബന്ധങ്ങളില്‍ പല വിള്ളലുകളും ശൂന്യതകളും സൃഷ്ടിക്കുന്നുണ്ട്. അനുയോജ്യമായ പ്രായശ്ചിത്ത പ്രവൃത്തികളിലൂടെ മാ ത്രമേ അവയെപരിഹരിക്കാനാവൂ. വിശുദ്ധവചനമാകുന്ന 'വാക്‌സിന്‍,' പരിശുദ്ധ കൂദാശകളാകുന്ന 'സാനിറ്റൈസര്‍,' വിശ്വാസമാകുന്ന 'മാസ്‌ക്' മുതലായവ വേണ്ടുവോളം ആത്മീയയാത്രയില്‍ കൈയില്‍ കരുതാം. ദാനധര്‍മ്മം, സല്‍കൃത്യങ്ങള്‍ എന്നിവയിലൂടെയൊക്കെ പിണഞ്ഞു പോയ പിഴകള്‍ പരിഹാരം ചെയ്യാം (ലൂക്കാ 13:3; എസെക്കി. 18:21). അമ്പതു നോമ്പ് ഇപ്രകാരമുള്ള പവിത്രമായ അനുഷ്ഠാനങ്ങളുടെയും അവസരമാകട്ടെ.
നല്ല അകലമടുപ്പങ്ങള്‍ നമ്മുടെ ശിഷ്ടജീവിതനാളുകള്‍ക്ക് മുതല്‍ക്കൂട്ടാകട്ടെ. അകലമടുപ്പങ്ങളുടെ അമ്പതുദിനരാത്രങ്ങളുടെ ആചരണം അശുദ്ധിയില്‍നിന്ന് അകലാനും അതിശുദ്ധിയോട് അടുക്കാനും നമുക്കു ശക്തിയേകട്ടെ. അമ്പതുനോമ്പിന്റെ ഇരവുപകലുകളില്‍ നാം സാധ്യമാകുന്ന ഈ അകലമടുപ്പങ്ങള്‍ ഉയിര്‍പ്പുഞായറില്‍ അവസാനിക്കാതെ, നമ്മുടെ വിശ്വാസജീവിതത്തിലെ അന്ത്യ നാഴികവരെ കാത്തുസൂക്ഷിക്കാനുള്ള കൃപയ്ക്കായി കര്‍ത്താവിനോടു കേണു പ്രാര്‍ത്ഥിക്കാം.