ഉപവാസം കുടുംബത്തിന്റെ രക്ഷ

കുര്യന്‍ കുന്തറ പാണാവള്ളി
ഉപവാസം കുടുംബത്തിന്റെ രക്ഷ

ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും, ദാനധര്‍മ്മത്തിന്റെയും പരസ്‌നേഹപ്രവര്‍ത്തനങ്ങളുടെയും സമയമാണ് അമ്പതുനോമ്പ്. യേശു തന്റെ പിതാവായ ദൈവത്തിന്റെ പദ്ധതികള്‍ ദൈവജനത്തിനു വെളിപ്പെടുത്തുന്നതിനായി, തന്റെ പരസ്യജീവിതം ആരംഭിക്കുന്നതിനു മുമ്പു, മരുഭൂമിയില്‍ ഉപവസിച്ചും പ്രാര്‍ത്ഥിച്ചും തന്നെത്തന്നെ ഒരുക്കുന്നു. അതിന്റെ ഓര്‍മ്മപുതുക്കല്‍ അമ്പതു നോമ്പിലൂടെ നാമും ആവര്‍ത്തിക്കുന്നു. എന്താണു ഉപവാസം? കൂടെയുള്ള വാസം, ഒരുമിച്ചായിരിക്കുന്ന അവസ്ഥ, ബഹ്മത്തെ ചാരി, ദൈവത്തെ ചാരി ഇരിക്കുന്ന തലമാണ് ബ്രഹ്മചാരി, അതെല്ലാമാണ് ഉപവാസം എന്നുള്ളത്. ദൈവകല്പനകളും, പ്രമാണങ്ങളും, കൂദാശകളും അനുസരിച്ചു ജീവിക്കുക. അതാണു ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന ദൗത്യവും. ഉപവാസത്തെപ്പറ്റി ഏശയ്യാ പ്രവാചകന്റെ പുസ്തകം 58-ാം അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്. വി. ബൈബിളിലെ ഏതാനും കുടുംബങ്ങളെ എടുത്തു പരിശോധിക്കാം. ദൈവത്തോടൊത്തു വസിച്ചവരും, ദൈവത്തെ മാറ്റിനിര്‍ത്തിയവരും. അവര്‍ക്കൊക്കെ സം ഭവിച്ചത് എന്ത്?

ആദവും ഹവ്വയും ആദ്യത്തെ കുടുംബം. ഉല്പത്തി 2:18: ''ദൈവമായ കര്‍ത്താവ് അരുള്‍ ചെയ്തു മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല, അവനു ചേര്‍ന്ന ഒരു ഇണയെ ഞാന്‍ അവനു ന്‌ലകും.'' അങ്ങനെ ദൈവം ആദ്യത്തെ കുടുംബം സ്ഥാപിച്ചു. ഉല്പത്തി 2:25. ഉപവാസം എന്ന പദം കേവലം 4 അക്ഷരങ്ങള്‍ കൂടുന്ന ഒരു വാക്കു മാത്രമല്ല, വളരെ ആഴത്തിലുള്ള ആത്മീയരഹസ്യം അതിലുണ്ട്. ആദത്തിന്റെ കുടുംബം ഒരു സുപ്രഭാതത്തില്‍ സ്രഷ്ടാവായ ദൈവത്തെ മറന്ന് പിശാചിനോട് ചങ്ങാത്തം കൂടി അരുതാത്തതു ചെയ്ത് ദൈവത്തിന്റെ അനിഷ്ടത്തിനു പാത്രമായി, യഥാര്‍ത്ഥ പറുദീസ നഷ്ടമാക്കി ഭൂമിയുടെ ദുരിതങ്ങള്‍ പേറി നടക്കുന്നതു ചിന്തനീയമാണ്. ''ദൈവം മനുഷ്യനെ അനശ്വരതയ്ക്കുവേണ്ടി സൃഷ്ടിച്ചു, തന്റെ അനന്തതയുടെ സാദൃശ്യത്തില്‍ നിര്‍മ്മിച്ചു. പിശാചിന്റെ അസൂയ നിമിത്തം മരണം ലോകത്തില്‍ പ്രവേശിച്ചു. അവന്റെ പക്ഷക്കാര്‍ അതനുഭവിക്കുന്നു'' (ജ്ഞാനം 2:24).

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയില്‍ "Family is the primary catholic Church" എന്നാണു പറഞ്ഞിരിക്കുന്നത്. കുടുംബം കൂടുമ്പോള്‍ ഇമ്പമുള്ളതാണ്, അവിടെ ദൈവത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകണം. ദൈവത്തിന്റെ സാന്നിദ്ധ്യം പോയിട്ടു, ദൈവം പോലുമില്ലാത്ത എത്രയോ കുടുംബങ്ങള്‍ കത്തോലിക്ക സഭയില്‍? ദൈവത്തോടൊത്ത് ആയിരിക്കേണ്ടിടത്ത്, ദൈവത്തെ തള്ളിക്കളഞ്ഞ ആദത്തിന്റെ കുടുംബം. ആദത്തിനു പറ്റിയ അമളി നമുക്കു കുറേയധികം സൂചനകള്‍ നല്കുന്നുണ്ട്. ഒരിക്കലും പൊറുക്കാന്‍ സാധിക്കാത്ത തെറ്റിലകപ്പെട്ടിട്ടും ദൈവത്തെ പഴിചാരിയിട്ടു വല്ല കാര്യവുമുണ്ടൊ? കയ്യിലിരുന്ന തൂവല്‍ കാറ്റില്‍ പറത്തി വിട്ടിട്ട് അതിനെ പിന്‍തുടര്‍ന്നു പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതു പോലെയല്ലെ. ഐശ്വര്യവും നിത്യജീവനും നഷ്ടപ്പെടുത്തുന്നത്. ആദത്തിന്റെ കുടുംബത്തിനു സംഭവിച്ചത് നമ്മുടെ കുടുംബങ്ങളില്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഇതോടൊപ്പം വി. പൗലോസ് തിമോത്തിയോസിനു എഴുതിയ ലേഖനത്തിലൂടെ ആശ്വാസവചനങ്ങളും കേള്‍ക്കാം. ''എന്തെന്നാല്‍ ആദ്യം സൃഷ്ടിക്കപ്പെട്ടത് ആദമാണ്, പിന്നീട് ഹവ്വയും. ആദം വഞ്ചിക്കപ്പെട്ടില്ല, എന്നാല്‍ സ്ത്രീ വഞ്ചിക്കപ്പെടുകയും നിയമം ലംഘിക്കുകയും ചെയ്തു. എങ്കിലും സ്ത്രീ വിനയത്തോടെ വിശ്വസത്തിലും, സ്‌നേഹത്തിലും, വിശുദ്ധിയിലും ഉറച്ചു നില്‍ക്കുന്നെങ്കില്‍ മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും'' (1 തിമോ. 2:14, 15).

ഇതുതന്നയെല്ലെ ലോത്തിനും കുടുംബത്തിനും സംഭവിച്ചത്. ''ജീവന്‍ വേണമെങ്കില്‍ ഓടിപ്പോവുക. പിന്‍തിരിഞ്ഞു നോക്കരുത്'' (ഉല്പ. 19:17). ദൈവത്തിന്റെ വാക്കു തിരസ്‌കരിച്ച ലോത്തിന്റെ ഭാര്യ ഉപ്പുതൂണായ സംഭവം. ''ലോത്തിന്റെ ഭാര്യ അവന്റെ പിറകെ വരുകയായിരുന്നു. അവള്‍ പിന്‍തിരിഞ്ഞു നോക്കിയതുകൊണ്ട് ഒരു ഉപ്പുതൂണായി രൂപാന്തരപ്പെട്ടു'' (ഉല്പ. 19:26).

രണ്ടു പ്രസിദ്ധമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉല്പത്തി പുസ്തകത്തില്‍ കാണാം. കുടുംബങ്ങള്‍ തമ്മിലുള്ള ഇടര്‍ച്ചയും തമ്മിതല്ലും കാരണം ബാബേല്‍ ഗോപുരം പോലുള്ള വലിയ സംരംഭം പൂര്‍ത്തിയാകാതെ നശിച്ചു നാമാവശേഷമായില്ലെ. ഇവിടെ ദൈവവുമായുള്ള ഉപവാസമല്ലെ ഇല്ലാതെ പോയത് (ഉല്പ. 11:1-9). നോഹയും കുടുംബവും ദൈവത്തിന്റെ വാക്കുപാലിച്ച് ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് പെട്ടകം നിര്‍മ്മിച്ച് തന്റെ കുടുംബത്തെ രക്ഷിക്കുന്നതും, അവരെ ദൈവം ധാരാളമായി അനുഗ്രഹിക്കുന്നതും ഉല്പ. 6:13 മുതല്‍ 8:22 വരെ നമുക്കൊരു മാതൃകയാക്കിക്കൂടെ. പുതിയനിയമ പുസ്തകത്തില്‍ ദൈവത്തിന്റെ വാക്ക് അവിശ്വസിച്ച സഖറിയായും എലിസബത്തും ദൈവത്തിന്റെ അപ്രീതിക്കു പാത്രീഭൂതമായില്ലെ? ''യഥാകാലം പൂര്‍ത്തിയാകേണ്ട എന്റെ വചനം അവിശ്വസിച്ചതു കൊണ്ട് നീ മൂകനായിരിക്കും. അവ സംഭവിക്കുന്നതു വരെ സംസാരിക്കാന്‍ നിനക്കു സാധിക്കുകയില്ല'' (ലൂക്കാ 1:20). എന്നാല്‍ പരി. കന്യകാമറയത്തിന് ദൈവത്തിന്റെ അരുളപ്പാടുണ്ടായതും, മറിയം ''ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ'' (ലൂക്കാ 1:38) എന്നു മറുപടി നല്കിക്കൊണ്ട് ദൈവഹിതം സ്വീകരിച്ചതും ദൈവവുമൊത്തുള്ള ഉപവാസം കൊണ്ടല്ലെ.

സക്കേവൂസും കുടുംബവും യേശുവിന്റൊപ്പം ഉപവസിച്ചതു കൊണ്ട് രക്ഷപ്രാപിച്ച ബൈബിള്‍ ഭാഗം ഏറെ ശ്രദ്ധേയമാണ്. ''യേശു അവനോടു പറഞ്ഞു ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു'' (ലൂക്കാ 19:9). അനനിയാസന്റെയും സഫീറായുടെയും കുടുംബത്തിന്റെ ദാരുണാന്ത്യം വളരെയേറെ ഇരുത്തി ചിന്തിക്കേണ്ട ഭാഗമല്ലെ. ''കര്‍ത്താവിന്റെ ആത്മാവിനെ പരീക്ഷിക്കാന്‍ നിങ്ങള്‍ ഒത്തുചേര്‍ന്നതെന്ത്?'' (അപ്പ. പ്രവ. 5:9).

ശാന്തതയുടെയും സമാധാനത്തിന്റെയും പ്രതീകമായ കഴുതയുടെ പുറത്ത് രാജകീയ പ്രവേശനം നടത്തുന്ന യേശുവിനോട് ജനങ്ങള്‍ അപേക്ഷിക്കുന്നു, ''ഹോസാന'' ''ഞങ്ങളെ രക്ഷിക്കണെ'' സങ്കീ. 118:25 എന്ന അപേക്ഷയോടെ എത്തുന്ന ഓശാന ഞായര്‍!

ദിവ്യകാരുണ്യ സ്ഥാപനത്തിന്റെ ആമുഖ കല്പനയായ പാദങ്ങള്‍കഴുകിക്കൊണ്ട് എളിമയുടെ സന്ദേശം നല്കുന്ന പെസഹാ വ്യാഴം!

യേശുവിന്റെ തിരുകുരിശും, തിരുരക്തവും, അതിരു മുറിവുകളിലൂടെ മനുഷ്യരാശി ഏറ്റുവാങ്ങുമ്പോള്‍ നമ്മള്‍ വരക്കുകയും, വഹിക്കുകയും ചെയ്യുന്ന കുരിശിലൂടെ ഒഴുകുന്ന രക്തത്താല്‍ നമ്മുടെ ആത്മാവ് കഴുകപ്പെടുന്ന പീഡാനുഭവവെള്ളി!

ദൈവഹിത പൂര്‍ത്തീകരണവും രക്ഷയുടെ സന്ദേശവുമായ ഈസ്റ്റര്‍, ഏവര്‍ക്കും നേരുന്നു.

Related Stories

No stories found.