ദശവാര്‍ഷിക നിറവില്‍ ഫരീദാബാദ് രൂപത

ഫാ. ഫ്രിജോ തറയില്‍
ദശവാര്‍ഷിക നിറവില്‍ ഫരീദാബാദ് രൂപത
6 സംസ്ഥാനങ്ങളിലായി 1.5 ലക്ഷം സീറോ മലബാര്‍ സഭാംഗങ്ങളുള്ള രൂപതയാണ്, രാജ്യതലസ്ഥാനം ആസ്ഥാനമായ ഫരീദാബാദ് രൂപത.

ഫരീദാബാദ് രൂപത ദശവാര്‍ഷിക ആഘോഷങ്ങളിലാണ്. കരുതലോടെ കര്‍ത്താവ് കാത്തുപരിപാലിച്ച നാളുകളെ കാലത്തിന്റെ പൂര്‍ണ്ണതയില്‍ സ്മരിക്കുന്നത് ഉചിതമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഇന്ത്യയുടെ തലസ്ഥാനനഗരി, സീറോ മലബാര്‍ വിശ്വാസികളുടെ കുടിയേറ്റ കേന്ദ്രമായി മാറിയപ്പോള്‍ അവര്‍ക്ക് ആശങ്കയുണര്‍ത്തിയത് തലമുറകള്‍ കൈമാറി കിട്ടിയ പൈതൃകമായ വിശ്വാസ ജീവിതരീതികള്‍ അന്യംനിന്നുപോകുമോ എന്ന ഭയമായിരുന്നു.

തങ്ങളുടെ പാരമ്പര്യങ്ങളെ, വിശ്വാസ ജീവിതരീതികളെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് നഷ്ടപ്പെടാതിരിക്കാന്‍ 1978-ലെ ആദ്യ അപ്പസ്‌തോലിക വിസിറ്റേറ്റര്‍ ആയ അഭിവന്ദ്യ ആന്റണി പടിയറ പിതാവിന്റെ സന്ദര്‍ശനം വഴിയൊരുക്കുകയായിരുന്നു.

40 വര്‍ഷം നീണ്ട ചരിത്രമുള്ള ഫരീദാബാദ് രൂപതയുടെ വളര്‍ച്ചയ്ക്ക് അടിസ്ഥാനമിട്ടതും, എന്നും കൈത്താങ്ങായി ഉണ്ടായിരുന്നതും എറണാകുളം അങ്കമാലി അതിരൂപതാ നേതൃത്വവും അവിടെനിന്നുള്ള വൈദികരുമായിരുന്നു.

സീറോ മലബാര്‍ ഫരീദാബാദ് രൂപതയുടെ വളര്‍ച്ചയുടെ ഇടനാഴികളില്‍ തത്തുല്യമായ പങ്കുവഹിച്ചവരാണ് ഡല്‍ഹി ലാറ്റിന്‍ അതിരൂപതയിലെ അഭിവന്ദ്യ പിതാക്കന്മാരും ബഹുമാനപ്പെട്ട വൈദികരും.

ചരിത്രത്തിലെ ഓരോ ഏടുകളെയും ഓര്‍ത്തെടുക്കുമ്പോള്‍ അതില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തികളും സമൂഹങ്ങളും ഏറെയാണ്. എണ്ണമറ്റവരുടെ കഠിനാധ്വാനത്തിന്റെ പ്രതിഫലനമാണ് ഇന്നത്തെ ഫരീദാബാദ് രൂപത. വെറും പത്തു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന സീറോ മലബാര്‍ സഭയുടെ ഈ പ്രവാസിമിഷന്‍ രൂപതയ്ക്ക് നേട്ടങ്ങളായി പറയുവാന്‍ ഏറെയുണ്ട്. ഓരോ നേട്ടങ്ങളെയും മനസ്സിരുത്തി വിലയിരുത്തുമ്പോള്‍ അവിടെയെല്ലാം തെളിഞ്ഞുനില്‍ക്കുന്നത് നിസ്വാര്‍ത്ഥ സേവനത്തിലൂടെ ദൈവരാജ്യം പടുത്തുയര്‍ത്തുവാനായി തങ്ങളുടെ ജീവിതം അര്‍പ്പിച്ച അനേകം വൈദികരുടെയും, സന്യസ്തരുടെയും, അല്മായരുടെയും മുഖങ്ങള്‍ ആണ്. ഇതില്‍ ആദ്യ സീറോ മലബാര്‍ ചാപ്ലയിന്‍ ആയിരുന്ന റവ. മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, തുടര്‍ന്നുവന്ന റവ. ഫാ. ജോസ് ഇടശ്ശേരി എന്നിവരുടെ നേതൃത്വം സ്തുത്യര്‍ഹമാണ്.

ഒരു പൂവിനായി കൊതിച്ചവര്‍ക്ക് ഒരു പൂക്കാലം ആണ് ദൈവം ഒരുക്കിവച്ചിരുന്നത്. ഡല്‍ഹിയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ഡല്‍ഹി കേന്ദ്രീകരിച്ച് ഒരു രൂപത ആഗ്രഹിച്ചപ്പോള്‍ പരിശുദ്ധ സിംഹാസനം അതിനപ്പുറമുള്ള വലിയ ഒരു ഉത്തരവാദിത്വം കൂടി ഫരീദാബാദ് രൂപതയെ ഏല്‍പ്പിച്ചു. ക്രിസ്തുവിനെ ഇതുവരെ അറി യാത്തവരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലേണ്ടതാണ് ഈ രൂപത യെന്ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. അതിന്‍പ്രകാരം ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മുകാശ്മീര്‍, ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്, ഗൗതംബുദ്ധനഗര്‍ എന്നീ പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടാണ് ഫരീദാബാദ് രൂപതയുടെ രൂപീകരണം നടന്നത്. 9.5 ലക്ഷം ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഈ രൂപതയില്‍ 1.5 ലക്ഷത്തോളം സീറോ മലബാര്‍ വിശ്വാസികളാണ് ഉള്ളത്.

2012 മെയ് 27-ാം തീയതി ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഫരീദാബാദ് രൂപതയുടെ ആദ്യ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റപ്പോള്‍ കുറിക്കപ്പെട്ടത് വലിയൊരു ചരിത്രമായിരുന്നു. അദ്ദേഹത്തിലൂടെ ഈ വിശ്വാസ സമൂഹത്തിലേക്ക് ദൈവം പെയ്തിറക്കിയത് അത്ഭുതങ്ങള്‍ ആയിരുന്നു എന്നുള്ളതിന് ചരിത്രം സാക്ഷി. ഇന്നുവരെയുള്ള വളര്‍ച്ചയുടെ പാതകളില്‍ 2012-ല്‍ സ്ഥാപിതമായ ഈ രൂപത നേരിട്ടിരുന്ന വെല്ലുവിളികള്‍ എണ്ണമറ്റതാണ്. എന്നാല്‍ രൂപത സ്ഥാപിതമായി ഒന്നരവര്‍ഷം തികയും മുന്‍പ് തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് കരോള്‍ ബാഗില്‍ രൂപതയുടെ ആസ്ഥാനകേന്ദ്രവും ഓഫീസുകളും പ്രവര്‍ത്തനമാരംഭിച്ചത് സര്‍വ്വശക്തനായ ദൈവത്തിന്റെ പരിപാലന ഒന്നുകൊണ്ടുമാത്രമാണ്. പേഴ്‌സണല്‍ പാരീഷുകളും മാസ്സ് സെന്ററുകളുമായി ആരംഭം കുറിച്ച ഫരീദാബാദ് രൂപതയ്ക്ക് ഇന്ന് മുപ്പത്തിയേഴ് പള്ളികള്‍ ഡല്‍ഹിയിലും ചുറ്റുവട്ടത്തുമായുണ്ട്.

ഡല്‍ഹി ആസ്ഥാനമാക്കിയുള്ള ഫരീദാബാദ് രൂപതയുടെ പ്രധാന ഉത്തരവാദിത്വങ്ങളില്‍ ഒന്നായിരുന്നു സുവിശേഷ പ്രഘോഷണം. ഏഴുവര്‍ഷം ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തിയ അനുഭവജ്ഞാനമുള്ള ആര്‍ച്ചുബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പിതാവിന്റെ നേതൃത്വം പഞ്ചാബിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റുകൂട്ടി. ഈ സുവിശേഷ പ്രഘോഷണങ്ങള്‍ക്ക് ശക്തിയേകുവാനായി രൂപതയുടെ എട്ടാം വര്‍ഷത്തില്‍ ഒരു സഹായ മെത്രാനെ കൂടി ലഭിച്ചു എന്നുള്ളത് രൂപതയുടെ വളര്‍ച്ചയുടെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു. ഇന്ന് പഞ്ചാബില്‍ മുപ്പത്തിയഞ്ചോളം മിഷന്‍ സ്റ്റേഷനുകളിലായി നാല്‍പ്പതോളം വൈദികരും, വിവിധ സന്ന്യാസസമൂഹങ്ങളും സേവനമനുഷ്ഠിക്കുന്നു എന്നുള്ളത് ദൈവം ഏല്‍പ്പിച്ച ഉത്തരവാദിത്വത്തോടുള്ള വിശ്വസ്തതയാണ് വിളിച്ചോതുന്നത്.

2020-ല്‍ പഞ്ചാബിലെ ലുധിയാനയില്‍ ആരംഭിച്ച 'പ്രചോദന സീറോ മലബാര്‍ മിഷന്‍ ആനിമേഷന്‍ സെന്റര്‍' ഇന്ന് പഞ്ചാബിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും കൂട്ടിയിണക്കുന്ന പ്രധാന വേദിയായി മാറിക്കൊണ്ടിരിക്കുന്നു. അഭിവന്ദ്യ ജോസ് പുത്തന്‍വീട്ടില്‍ പിതാവ് അവിടെ താമസിച്ച് പഞ്ചാബിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.

'വിളവധികം വേലക്കാരോ ചുരുക്കം. അതിനാല്‍ വിള ഭൂമിയിലേക്ക് വേലക്കാരെ അയയ്ക്കുവാന്‍ വിളവിന്റെ നാഥനോട് പ്രാര്‍ത്ഥിക്കുവിന്‍' എന്ന ക്രിസ്തുവചനത്തെ പിന്‍ചെന്ന് ദൈവവിളി പ്രോത്സാഹനത്തിനായി ഈ രൂപത അങ്ങേയറ്റം പ്രവര്‍ത്തിക്കുന്നു എന്നത് ശ്ലാഘനീയമാണ്. പൗരോഹിത്യം ഏറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാല ഘട്ടത്തില്‍ നൂറ്റിപത്തോളം വൈദിക വിദ്യാര്‍ത്ഥികള്‍ വിവിധ വര്‍ഷങ്ങളിലായി ഈ രൂപതയ്ക്ക് വേണ്ടി പരിശീലനം നേടുന്നു എന്നുള്ളത് രൂപത ദൈവവിളി പ്രോത്സാഹനത്തിന് നല്‍കുന്ന പ്രാധാന്യത്തെ വിളിച്ചോതുന്നു. തൊടുപുഴയിലെ തൊമ്മന്‍കുത്തില്‍ ആരംഭിച്ചിട്ടുള്ള സെന്റ് ചാവറ കുര്യാക്കോസ് ഏലിയാസ് മൈനര്‍ സെമിനാരി ഇതിന്റെ ഉത്തമ ഉദാഹരണമാണ്. രൂപത പത്താം വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന ഈ സമയത്ത് ഫെബ്രുവരി മാസത്തില്‍ ആറുപേര്‍ പൗരോഹിത്യം സ്വീകരിച്ചത് രൂപതയ്ക്ക് ദൈവം നല്‍കിയ വലിയ സമ്മാനമായിരുന്നു.

ഒരു രൂപത എന്ന നിലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതും ശ്രദ്ധിക്കപ്പെടേണ്ടതുമായ ഒന്നാണ് സാമൂഹിക മേഖല. അവശരുടെയും അവഗണിക്കപ്പെടുന്നവരുടെയും നിരാലംബരുടെയും പക്ഷംചേരുന്ന സഭയ്ക്ക് ഫരീദാബാദ് രൂപത നല്‍കിയിരിക്കുന്ന നാമമാണ് സെന്റ് ജോസഫ് സര്‍വീസ് സൊസൈറ്റി. ജാതി, മത, വര്‍ണ്ണ, വിവേചനമില്ലാതെ സേവനം നല്‍കുക, ഭിന്നശേഷിയുള്ള കുട്ടികളെയും വൃദ്ധരെയും രോഗികളെയും പരിചരിക്കുക, സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഉറപ്പിക്കുക, തുടങ്ങിയ ആശയങ്ങളെയാണ് ഈ സൊസൈറ്റി മുന്നില്‍ വയ്ക്കുന്നത്.

എല്ലാവര്‍ക്കും വിദ്യാഭ്യാസം, ശാരീരിക വൈകല്യങ്ങള്‍ ഉള്ളവരുടെ പുനരുദ്ധാരണം, ആരോഗ്യപരിചരണം, തൊഴില്‍ സാധ്യതകളുടെ വികസനം, ഗ്രാമങ്ങളിലെ സ്ത്രീകളുടെ ഉന്നമനം, ശാരീരിക വൈകല്യങ്ങള്‍ ഉള്ള കുഞ്ഞുങ്ങളുടെ ഉന്നമനത്തിനുള്ള അധ്യാപകപരിശീലനം തുടങ്ങിയ ലക്ഷ്യങ്ങളും ഇതിന്റെ ഭാഗമാണ്.

സൊസൈറ്റിയുടെ കീഴിലുള്ള സാന്‍ജോപുരം ചില്‍ഡ്രന്‍സ് വില്ലേജ്, അനാഥരും, അന്ധരും, ബധിരരും, മൂകരും, മാനസിക വൈകല്യമുള്ളവരും, അംഗവൈകല്യമുള്ളവരുമായ പെണ്‍കുട്ടികളുടെ ഗ്രാമമാണ്. ഓരോ ഭവനങ്ങളിലും ഓരോ സന്യാസ സമൂഹങ്ങള്‍ ശു ശ്രൂഷ ചെയ്യുന്നു. പല അവസരങ്ങളിലും സാമൂഹികരാഷ്ട്രീയ അധികാരികളുടെ പ്രശംസ പിടിച്ചുപറ്റാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞു എന്നുള്ളത് രൂപത അതിന്റെ സാമൂഹിക തലങ്ങള്‍ക്ക് എന്തുമാത്രം പ്രാധാന്യം നല്‍കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ്. ശാരീരിക വൈകല്യങ്ങളുടെ പേരില്‍ സമൂഹത്തിലെ താഴെക്കിടയിലേക്ക് തരംതാഴ്ത്തപ്പെട്ട കുഞ്ഞുങ്ങളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് ആനയിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

ജോലിപഠനസംബന്ധമായി ഡല്‍ഹിയിലെത്തുന്ന യുവതി യുവാക്കളുടെയും, ഇവിടെ ജനിച്ച് വളരുന്ന യുവതി യുവാക്കളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഡല്‍ഹി സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് DSYM ഇന്ന് എല്ലാ മേഖലകളിലേക്കും വ്യാപിച്ചു കഴിഞ്ഞു.

കുടുംബ കൂട്ടായ്മകള്‍, സാന്തോം ബൈബിള്‍ കണ്‍വെന്‍ഷന്‍, കുഞ്ഞുങ്ങളുടെ വിശ്വാസ പരിശീലനം തുടങ്ങിയ എല്ലാ മേഖലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ രൂപതയ്ക്ക് ഈ പത്തുവര്‍ഷത്തിനിടയില്‍ കഴിഞ്ഞു എന്നുള്ളത് നന്ദിയോടെ ഓര്‍ക്കുന്നു. കുടുംബ പ്രേഷിത കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന Marriage Preparation Course ഉന്നത നിലവാരം പുലര്‍ത്തുന്നു.

അനേകം വെല്ലുവിളികളുടെ നടുവിലും, ക്രൈസ്തവ വിശ്വാസത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട പല അവസരങ്ങളിലും പക്വമായ ഇടപെടലുകളിലൂടെ അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് ഈ രൂപതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കത്തോലിക്കാ സഭയിലെ മൂന്ന് വ്യക്തിസഭകളുടെ സാന്നിധ്യംകൊണ്ട് ധന്യമായ ഭാരതത്തില്‍ എല്ലാ സഭകളും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നതില്‍ ഒരു പുതിയ മാതൃക നല്‍കുവാന്‍ ഫരീദാബാദ് രൂപതയുടെ സ്ഥാപനത്തോടെ കഴിഞ്ഞു. രൂപതയുടെ ആരംഭത്തില്‍ വത്തിക്കാന്റെ നിര്‍ദ്ദേശപ്രകാരം ലത്തീന്‍ സഭയുമായി ഈ സഹവര്‍ത്തിത്വത്തെ സംബന്ധിച്ച് ഒരു ധാരണയിലെത്താനും ഒരു സംയുക്ത ഇടയ ലേഖനം പ്രസിദ്ധീകരിക്കാനും സാധിച്ചു എന്നുള്ളത് ചരിത്രപ്രാധാന്യം അര്‍ഹിക്കുന്നു. ഭാഗികമായി നടപ്പിലാക്കാന്‍ സാധിച്ച ഈ ശ്രമങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്നീട് ഷംഷാബാദ് രൂപതാ സ്ഥാപനത്തോടനുബന്ധിച്ച് പുറത്തിറക്കിയ രേഖയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്ക് ആനുകാലിക പ്രസക്തമായ രൂപവും ഭാവവും നല്‍കുവാന്‍ ഈ പത്തു വര്‍ഷംകൊണ്ട് ഫരീദാബാദ് രൂപതയ്ക്ക് കഴിഞ്ഞു. ഇക്കാര്യത്തില്‍ കേരള മോഡല്‍ കേരളത്തിന് പുറത്തേക്കും, ഇന്ത്യയ്ക്കു പുറത്തേക്കും കയറ്റു മതി ചെയ്യുന്നതിന്റെ അപ്രസക്തി മനസ്സിലാക്കി അതാതു സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള ഒരു അജപാലന ശൈലി പ്രത്യേകിച്ചും മാറി ചിന്തിക്കുന്ന യുവതലമുറയെ ലക്ഷ്യമാക്കി വികസിപ്പിച്ചെടുക്കുവാന്‍ ഈ രൂപതയ്ക്ക് സാധിച്ചിട്ടുണ്ട്. ദീര്‍ഘനാളത്തെ അന്താരാഷ്ട്ര അനുഭവവും ദീര്‍ഘവീക്ഷണവുമുള്ള ആര്‍ച്ച്ബിഷപ്പ് ഭരണി കുളങ്ങരയുടെ നേതൃത്വപാടവം ഇതിന് മാറ്റുകൂട്ടി. "Any migrant communtiy must break the Kerala barriers and develop a pastoral minitsry for migrants suitable for the socitey in which they live" എന്ന് ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ആവര്‍ത്തിച്ച് പറയാറുണ്ട്.

വടക്കേ ഇന്ത്യയിലെ സീറോ മലബാര്‍ സഭയുടെ സജീവസാന്നിധ്യമായി തലസ്ഥാനനഗരിയിലും, മറ്റു പ്രദേശങ്ങളിലും വിശ്വാസത്തിന്റെ അണയാത്ത ദീപമായി ഫരീദാബാദ് രൂപത ഇനിയും അതിന്റെ പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. രൂപതയായി പത്തു വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ ധന്യ മുഹൂര്‍ത്തത്തില്‍ ദൈവം നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും ഈ രൂപതയുടെ അഭിവന്ദ്യ പിതാക്കന്മാരും, വൈദികരും സന്യസ്തരും അല്മായരും കൂപ്പുകൈകളോടെ നില്‍ക്കുന്നു.ആര്‍ച്ചുബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര പിതാവും, സഹായമെത്രാന്‍ ജോസ് പുത്തന്‍വീട്ടില്‍ പിതാവും

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org