കുടുംബം: സ്‌നേഹത്തിലേക്കുള്ള വിളിയും വിശുദ്ധിയിലേക്കുള്ള വഴിയും

കുടുംബം: സ്‌നേഹത്തിലേക്കുള്ള വിളിയും വിശുദ്ധിയിലേക്കുള്ള വഴിയും

ആഗോള കുടുംബവര്‍ഷ പ്രഖ്യാപന പശ്ചാത്തലത്തില്‍ 'സ്‌നേഹത്തിന്റെ ആനന്ദം' കുടുംബത്തിലേയ്ക്ക്
പ്രവേശിക്കുന്നതെങ്ങനെയെന്ന് വിലയിരുത്തുന്ന ലേഖനം…

ഫാ. ഡോ. ജോസഫ് മണവാളന്‍
ഡയറക്ടര്‍, ഫാമിലി അപ്പസ്റ്റോലെറ്റ് സെന്റര്‍, എറണാകുളം

ഫാ. ഡോ. ജോസഫ് മണവാളന്‍
ഫാ. ഡോ. ജോസഫ് മണവാളന്‍

തിരുകുടുംബത്തിന്റെ പാലകനായ വി. യൗസേപ്പിതാവിനെ സഭയുടെ സംരക്ഷകനായി പ്രഖ്യാപിച്ചതിന്റെ (ഡിസംബര്‍ 8, 1870) നൂറ്റി അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച വി. യൗസേപ്പിതാവിന്റെ വര്‍ഷാ ചരണത്തിലാണല്ലോ നാമിപ്പോള്‍. ഈയവസരത്തില്‍ കുടുംബവര്‍ഷം (അമോറിസ് ലെത്തീസ്യ കുടുംബവര്‍ഷം) കൂടി പരിശുദ്ധ പിതാവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

കുടുംബങ്ങളുടെ പവിത്രതയും വിവാഹത്തിന്റെ അമൂല്യതയും വെളി വാക്കുന്നതിനായി 2016 മാര്‍ച്ച് 19-ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍ പാപ്പ പുറപ്പെടുവിച്ച അപ്പസ്‌തോലിക പ്രബോധനമായ 'അമോറിസ് ലെത്തീസ്യ'യുടെ (സ്‌നേഹത്തിന്റെ ആനന്ദം) അഞ്ചാം വാര്‍ഷികം അടയാള പ്പെടുത്തുന്നതിനാണ് 'അമോറിസ് ലെത്തീസ്യ കുടുംബവര്‍ഷം' പ്രഖ്യാപിച്ചിരിക്കുന്നത്.

2021 മാര്‍ച്ച് 19-ന് തുടങ്ങി 2022 ജൂണ്‍ 26-ന് റോമില്‍ നടക്കുന്ന ആഗോളകുടുംബ സംഗമത്തോടെ കുടുംബവര്‍ഷാചരണം സമാപിക്കും. 'കുടുംബം: സ്‌നേഹത്തിലേക്കുള്ള വിളിയും വിശുദ്ധിയിലേക്കുള്ള വഴിയും' എന്നതാണ് ഇതിന്റെ ആപ്തവാക്യം.

'അമോറിസ് ലെത്തീസ്യ കുടുംബ വര്‍ഷം' മുഖ്യമായും അമോറിസ് ലെത്തീസ്യയുടെ സന്ദേശം പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. പരിശുദ്ധപിതാവ് ഇതില്‍ ഓര്‍മിപ്പിച്ച വിവാഹത്തിന്റെയും കുടുംബജീവിതത്തിന്റെയും വെല്ലുവിളികളെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിക്കുവാനും കര്‍മ്മപരിപാടികളിലൂടെ കുടുംബങ്ങളെ നവീകരിക്കുവാനുള്ളതാണ് ഈ കുടുംബവര്‍ഷം. അതിനാല്‍ അ മോരിസ് ലെത്തീസ്യയുടെ തുടര്‍ പഠനത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമേ ഈ കുടുംബവര്‍ഷത്തിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ.

കുടുംബ വര്‍ഷത്തിന്റെ ലക്ഷ്യങ്ങള്‍

ഒന്നാമതായി, മുന്‍പ്രസ്താവിച്ചതുപോലെ അപ്പസ്‌തോലിക പ്രബോധനത്തിന്റെ ഉള്ളടക്കം കൂടുതല്‍ വ്യാപകമായി മറ്റുള്ളവരുമായി പങ്കുവെയ്ക്കുക എന്നതാണ്. അതായത്, 'കുടുംബത്തിന്റെ സുവിശേഷം ഹൃദയങ്ങളും ജീവിതങ്ങളും നിറയ്ക്കുന്ന സന്തോഷമായി അനുഭവിക്കാന്‍ ആളുകളെ സഹായിക്കുക' (AL, 200).

രണ്ടാമത്തെ ലക്ഷ്യം വിവാഹമെന്ന കൂദാശയുടെ വിലയേറിയ മൂല്യം പ്രഘോഷിക്കുക എന്നതാണ്. കാരണം, വിവാഹത്തിന് 'അതില്‍ത്തന്നെ മനുഷ്യസ്‌നേഹത്തിന്റെ പരിവര്‍ത്തനശക്തി ഉണ്ട്.'

എറണാകുളം-അങ്കമാലി അതിരൂപതയില്‍ ആരംഭംകുറിച്ച് ഇടവകകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ദമ്പതികൂട്ടായ്മയായ ഗ്രേസ് റിപ്പിള്‍സും (Grace Ripples), അതിരൂപതയിലെ കപ്പിള്‍സ് മിനിസ്ട്രി കൂട്ടായ്മയായ മിഷനറി കപ്പിള്‍സ് ഓഫ് ക്രൈസ്റ്റും (MCC) പരിശുദ്ധ പിതാവ് ആവശ്യപ്പെടുന്ന സഹഅജപാലനം എന്ന ലക്ഷ്യത്തിലേക്കുള്ള ദീര്‍ഘ വീക്ഷണത്തോടെയുള്ള കാല്‍വയ്പ്പായിരുന്നു.

മൂന്നാമതായി, 'കുടുംബപ്രേഷിതത്വത്തിന്റെ സജീവ പ്രവര്‍ത്തകരാക്കാന്‍ കുടുംബങ്ങളെ പ്രാപ്തരാക്കുക; കൂടാതെ, സത്യസ്‌നേഹത്തിലും സ്വയം ദാനത്തിലും രൂപീകരിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യുവജനങ്ങളെ ബോധവാന്മാരാക്കുക.

അവസാനമായി, കുടുംബങ്ങള്‍ക്കുള്ള അജപാലന ശുശ്രുഷയുടെ കാഴ്ചപ്പാടും പ്രവര്‍ത്തനവും വിശാലമാക്കാനുള്ള ക്ഷണമാണ് 'അമോറിസ് ലെത്തീസ്യ കുടുംബവര്‍ഷം.' ദമ്പതികള്‍, കുട്ടികള്‍, ചെറുപ്പക്കാര്‍, പ്രായമായവര്‍, വിധവകള്‍, വിഭാര്യര്‍ പ്രയാസകരമായ കുടുംബ സാഹചര്യങ്ങളില്‍ കഴിയുന്ന ആളുകള്‍ എന്നിവര്‍ക്കനുയോജ്യമായ അജപാലന ശുശ്രൂഷ രൂപപ്പെടുത്തുവാനും വ്യാപിപ്പിക്കുവാനും 'അമോറിസ് ലെത്തീസ്യ കുടുംബവര്‍ഷം ക്ഷണിക്കുന്നു.

അമോറിസ് ലെത്തീസ്യ യുടെ വെളിച്ചത്തില്‍ അജപാലകര്‍ക്കുള്ള 12 മാര്‍ഗ്ഗങ്ങള്‍

കുടുംബവര്‍ഷം പ്രമാണിച്ച് അല്മായര്‍, കുടുംബം, ജീവന്‍ എന്നിവക്കുവേണ്ടിയുള്ള ഡിക്കസ്ട്രി (Dicastery for Latiy, Family and Life) അമോറിസ് ലെത്തീസ്യയുടെ വെളിച്ചത്തില്‍ കുടുംബങ്ങളെ അനുധാവനം ചെയ്യാന്‍ അജപാലകര്‍ക്കു നല്‍കുന്ന നിര്‍ദ്ദേശങ്ങളാണിവ.

1. വിവാഹ ഒരുക്ക/ദമ്പതീ പരിശീലന പരിപാടികള്‍: സഭാത്മക കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വിദൂരസ്ഥരായവര്‍ക്കും (remote) സമീപസ്ഥരായവര്‍ക്കും വേണ്ടി ഏറ്റവും അടുത്തുള്ളയിടങ്ങളില്‍ അടിയന്തിരമായി രൂപത/ഇടവക മേല്‍നോട്ടത്തില്‍ വിവാഹ ഒരുക്ക പരിശീലനങ്ങളും (Marriage preparation), നവദമ്പതികള്‍ക്കായി അവരുടെ ആദ്യവര്‍ഷങ്ങളില്‍ അവരോടൊപ്പം സഞ്ചരിക്കുന്ന ശൈലിയില്‍ (accompaniment) ദമ്പതി ശുശ്രൂഷകളും (follow up programs) ഏര്‍പ്പെടുത്തണം (AL 205-222). ഈ ഉത്തരവാദിത്വം പ്രത്യേകമായി ദമ്പതികളെ ഭരമേല്പ്പിക്കുകയും അവര്‍ അജപാലകരോടു ചേര്‍ന്ന് വിവാഹത്തിനായി ഒരുങ്ങുന്നവരുടെയും നവദമ്പതികളുടെയും രൂപീകരണത്തിനായ് അവരെ അനുധാവനം ചെയ്യുകയും വേണം.

2. കപ്പിള്‍സ് മിനിസ്ട്രി: ഇടയ മനോഭാവത്തോടെ ദമ്പതികളെ അനുധാവനം ചെയ്യുന്ന ദമ്പതീ മിനിസ്ട്രിയെ വളര്‍ത്തിയെടുത്ത്, പ്രാര്‍ത്ഥനയും ആത്മീയതയും പരിപോഷിപ്പിക്കുന്ന പരിശീലന പരിപാടികളിലൂടെ വിവാഹം എന്ന കൂദാശയേയും അതിലെ ദൈവിക കൃപയേയും കുറിച്ചുള്ള ബോധവല്‍ക്കരണം ദമ്പതികള്‍ക്കിടയില്‍ നടത്തുക (AL 58, 223-230).

3. കുട്ടികളുടെ പരിശീലനം: കുട്ടികള്‍ ഏത് ജീവിതവഴികളിലൂടെയാണ് സഞ്ചരിക്കുന്നത് (AL 261) എന്ന് മനസ്സിലാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന മാര്‍പാപ്പയുടെ ഉപദേശം ഉള്‍ക്കൊണ്ടുകൊണ്ട് ശിശു കുട്ടികളുടെ രൂപീകരണത്തെക്കുറിച്ചുള്ള (parenting) അറിവ് നല്‍കുന്നതും അതിന്റെ വെല്ലുവിളികളെപ്പറ്റിയുള്ള അവബോധം നല്‍കുന്നതുമായ ശാസ്ത്രീയവും മനഃശാസ്ത്ര പരവുമായ ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കുക (AL 172, 259-290).

4. മാതാപിതാക്കള്‍ക്കായി കുടുംബജീവിതത്തിന്റെ മനോഹാരിതയും വെല്ലുവിളികളും പ്രതിഫലിപ്പിക്കുന്ന ചര്‍ച്ചകള്‍ ഉള്‍പ്പെടുന്ന മീറ്റിങ്ങുകള്‍ പ്രോത്സാഹിപ്പിക്കണം (AL 32, 89). കുടുംബ ജീവിതത്തിലെ മൂല്യങ്ങളെ വളര്‍ത്തുന്നതിനായി സാക്ഷ്യ ജീവിതമുള്ള പ്രേഷിതദമ്പതികളുടെ അനുഭവം പങ്കുവയ്ക്കലും സഹയാത്രയും (accompaniment) ഉള്‍പ്പെടുന്ന പരിപാടികള്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന കുടുംബങ്ങള്‍ക്കായി നല്‍കപ്പെടണം.

'അമോറിസ് ലെത്തീസ്യ കുടുംബവര്‍ഷം' മുഖ്യമായും അമോറിസ് ലെത്തീസ്യയുടെ സന്ദേശം പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. പരിശുദ്ധ പിതാവ് ഇതില്‍ ഓര്‍മിപ്പിച്ച വിവാഹത്തിന്റെയും കുടുംബജീവിതത്തി ന്റെയും വെല്ലുവിളികളെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിക്കുവാനും കര്‍മ്മപരിപാടികളിലൂടെ കുടുംബങ്ങളെ നവീകരിക്കുവാനുള്ളതാണ് ഈ കുടുംബവര്‍ഷം.

5. അനുയാത്ര: വെല്ലുവിളികളെ നേരിടുവാന്‍ ദമ്പതികള്‍ ദമ്പതികളെ സഹായിക്കണം. അതിനായി പ്രതിസന്ധികളിലുള്ള ദമ്പതികളുടെ ഒത്തുചേരല്‍ പ്രോത്സാഹിപ്പിക്കപ്പെടണം (AL 232). എപ്പോഴും ഉന്മേഷത്തോടെ കൂടി വെല്ലുവിളികളെ നേരിടുവാനും, ആത്മീയമായി ശക്തിപ്പെട്ട് സ്‌നേഹത്തില്‍ വളരുവാനും സാക്ഷ്യ ജീവിതമുള്ള ദമ്പതികളുടെ അനു യാത്ര കുടുംബങ്ങളെ സഹായിക്കും.

6. ദാമ്പത്യ അജപാലനം: ആധുനിക ലോകം കുടുംബങ്ങള്‍ക്കുമേല്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുവാന്‍ (AL 202) കുടുംബങ്ങളെ സഹായിക്കുന്ന മാതൃക ദമ്പതികളെ രൂപത, ഇടവക തലങ്ങളില്‍ ഒരു മിനിസ്ട്രിയായി രൂപപ്പെടുത്തിയെടുക്കാന്‍ കഴിയണം (AL 86-88). ഇടയപരിശീലനത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ സഭയും ഗാര്‍ഹിക സഭയും (AL 200) തമ്മിലുള്ള വൈരുദ്ധ്യങ്ങളെ ഇതിലൂടെ ലഘൂകരിക്കാനും കഴിയണം.

7. കൈമാറേണ്ട കുടുംബ പ്രേഷിത ചൈതന്യം: കുടുംബങ്ങളില്‍ നടക്കുന്ന ആഘോഷങ്ങളോട് ബന്ധപ്പെടുത്തി (ഉദാ: കുട്ടികളുടെ കൂദാശ സ്വീകരണം, വിവാഹ ഒരുക്ക ചടങ്ങുകള്‍, വാര്‍ഷികങ്ങള്‍, തിരുനാളുകള്‍) കുടുംബങ്ങള്‍ക്ക് പ്രേഷിത മനോഭാവം (AL 201, 230, 324) പകര്‍ന്നു നല്‍കുവാന്‍ പരിശ്രമിക്കണം.

8. മുതിര്‍ന്ന മാതാപിതാക്കളുടെ സാന്നിധ്യം: കുടുംബങ്ങളുടെ അജപാലന ശുശ്രൂഷയില്‍ വിവിധ പ്രായത്തിലുള്ളവരുടെ പ്രത്യേകിച്ച് മുതിര്‍ന്ന മാതാ പിതാക്കളുടെ സാന്നിധ്യം ഉള്‍പ്പെടുത്താന്‍ ബോധപൂര്‍വ്വം പരിശ്രമിക്കണം (AL 191-193). മുതിര്‍ന്നവരെ ഒറ്റപ്പെടുത്തി തള്ളിക്കളയാതെ ചേര്‍ത്ത് നിര്‍ത്തുന്നതിന്റെ നല്ല മാതൃക നല്കാനും തലമുറകള്‍ തമ്മിലുള്ള അന്തരം കുറയ്ക്കാനും ഇത് സഹായിക്കും.

9. കുടുംബശുശ്രൂഷയില്‍ യുവജനങ്ങള്‍: യുവജന മിനിസ്ട്രിയുടെ പങ്കാളിത്തത്തോടെ കുടുംബം, വിവാഹം, വിശുദ്ധി, തുറവിയുള്ള ജീവിതശൈലി, സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങളുടെ ഉപയോഗം, ദാരിദ്ര്യം, ദൈവത്തിന്റെ സൃഷ്ടികളോടുള്ള ബഹുമാനം (AL 40) എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകളും കര്‍മപദ്ധതിയും സം ഘടിപ്പിക്കുക. ഈ വര്‍ഷം യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കിക്കൊണ്ട് അവരെ ഉത്സാഹികളും അര്‍പ്പണ ബോധമുള്ളവരും വെല്ലുവിളികളെ നേരിടുവാന്‍ പ്രാപ്തരും ആക്കിതീര്‍ക്കണം. പ്രത്യേകമായി അമോറിസ് ലത്തീസ്യ കുടുംബ വര്‍ഷാചരണത്തെക്കുറിച്ച് അവരെയും ബോധവല്ക്കരിക്കണം.

10. ആഗോള കുടുംബസംഗമത്തിന്റെ ഒരുക്കത്തോടൊപ്പം കുടുംബങ്ങളോടൊത്ത് ഈ പരിശീലന, രൂപീകരണ പരിപാടികളിലൂടെ ചരിക്കുവാനും കുടുംബങ്ങളെ സജ്ജമാക്കണം.

11. മുറിവേറ്റ കുടുംബങ്ങളെ തിരിച്ചറിയുവാനും അവയെ അനുധാവനം ചെയ്യാനും പരിശ്രമിക്കണം (AL 50, 241, 291). മാമ്മോദീസായിലൂടെ ഓരോരുത്തരും ഏറ്റെടുത്ത കുടുംബത്തിലേയും സമൂഹത്തിലേയും തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ തിരിച്ചറിയുവാനും പൂര്‍ത്തീകരിക്കുവാനും അവരെ സഹായിക്കുക.

12. അമോറിസ് ലെത്തീ സ്യയുടെ തുടര്‍പഠനം: സഭയിലെ ഓരോ വ്യത്യസ്തമായ കൂട്ടായ്മകളിലും (AL 199) ക്രിയാത്മകമായ അജപാലനത്തിന്റെ വിവിധ തലങ്ങളിലുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം. അതിനായി അമോറിസ് ലെത്തീസ്യയുടെ സന്ദേശം ആഴത്തില്‍ എല്ലാവരിലേക്കും എത്തിക്കുന്ന പഠനശിബിരങ്ങള്‍ ഇടവകകളിലും സമൂഹങ്ങളിലും സംഘടിപ്പിക്കുക.

അമോറിസ് ലെത്തീസ്യയിലെ നിര്‍ദ്ദേശങ്ങള്‍ പ്രതിഫലിക്കുന്ന ഗ്രേസ് റിപ്പിള്‍സ്, മിഷനറി കപ്പിള്‍സ് ഓഫ് ക്രൈസ്റ്റ് (MCC) ദമ്പതീ കൂട്ടായ്മകള്‍ കുടുംബങ്ങള്‍ക്കുള്ള അജപാലന ശുശ്രുഷയില്‍ സഹശുശ്രുഷകരായി ദമ്പതികളെ പങ്കുകാരാക്കുക എന്നതാണ് പരിശുദ്ധ പിതാവ് ഈ കുടുംബവര്‍ഷത്തില്‍ നിര്‍ദ്ദേശിക്കുക. നവദമ്പതികള്‍ക്കുള്ള തുടര്‍പരിശീലനം, അവരെ അനുധാവനം ചെയ്യല്‍ എന്നിവയില്‍ ദാമ്പത്യം മാതൃകാപരമായി ജീവിക്കുന്ന ദമ്പതികളുടെ സാന്നിധ്യം ഫലദായകമെന്ന് പരിശുദ്ധ പിതാവ് ഓര്‍മപ്പെടുത്തുന്നു. അതുപോലെ, ഇടയ മനോ ഭാവത്തോടെ ദമ്പതികളെ അനുധാവനം ചെയ്യുന്ന സാക്ഷ്യ ജീവിതമുള്ള പ്രേഷിതദമ്പതികളുടെ മിനിസ്ട്രിയെ വളര്‍ത്തിയെടുത്ത് വിവാഹം എന്ന കൂദാശയേയും അതിലെ ദൈവികകൃപയേയും (grace) കുറിച്ചുള്ള ബോധവല്‍ക്കരണം ദമ്പതികള്‍ക്കിടയില്‍ നടത്തുവാനും പരിശുദ്ധ പിതാവ് ആഗ്രഹിക്കുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ ആരംഭംകുറിച്ച് ഇടവകകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ദമ്പതികൂട്ടായ്മയായ ഗ്രേസ് റിപ്പിള്‍സും (Grace ripples), അതിരൂപതയിലെ കപ്പിള്‍സ് മിനിസ്ട്രി കൂട്ടായ്മയായ മിഷനറി കപ്പിള്‍സ് ഓഫ് ക്രൈസ്റ്റും (MCC) പരിശുദ്ധ പിതാവ് ആവശ്യപ്പെടുന്ന സഹഅജപാലനം എന്ന ലക്ഷ്യത്തിലേക്കുള്ള ദീര്‍ഘ വീക്ഷണത്തോടെയുള്ള കാല്‍വയ്പ്പായിരുന്നു.

ക്രിസ്തുവില്‍ വേരൂന്നിയ തങ്ങളുടെ ദാമ്പത്യം കൗദാശിക ഐക്യത്തില്‍ സ്‌നേഹത്തിന്റെ പ്രകാശനമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്കുള്ള മുപ്പത് മാസം നീണ്ട് നില്‍ക്കുന്ന പരിശീലന പരിപാടിയാണ് ഗ്രേസ് റിപ്പിള്‍സ്. 2012 വര്‍ഷത്തിലാണ് എറണാകുളം-അങ്കമാലി കുടുംബപ്രേഷിതകേന്ദ്രം ഇടവക തലത്തില്‍ ദമ്പതികള്‍ ദമ്പതികളെ പരിശീലിപ്പിക്കുന്ന ഈ രൂപീകരണ പദ്ധതിക്ക് ആരംഭം കുറിച്ചത്. അനേകം ദമ്പതികള്‍ക്ക് തങ്ങളുടെ വിവാഹത്തിന്റെ കൗദാശിക മൂല്യം തിരിച്ചറിയാനും ദാമ്പത്യത്തെ വിളിയായി സ്വീകരിച്ചു സഭയുടെ എളിയ ശുശ്രൂഷകരായി കൃപയുടെ (Grace) അലകള്‍ (ripples) സൃഷ്ടിക്കുവാന്‍ ഈ പദ്ധതി സഹായിക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. ഇനിയും ഏറെ ഇടവകകളില്‍ ദമ്പതികള്‍ ഈ പരിശീലന പരിപാടിയില്‍ പങ്കുകാരാകേണ്ടതുണ്ട്. പരിശുദ്ധ പിതാവ് പ്രഖ്യാപിച്ച അമോറിസ് ലെത്തിഷ്യ കുടുംബവര്‍ഷം ഇതിനുള്ള വലിയ അവ സരവും ഓര്‍മപ്പെടുത്തലുമാണ്.

ഗ്രേസ് റിപ്പിള്‍സില്‍ നിന്നും പരിശീലനം സിദ്ധിച്ച് മറ്റ് ദമ്പതികളുടെ പരിശീലകരും തങ്ങളുടെ ദാമ്പത്യം ക്രിസ്തുവിന്റെ പ്രേഷിത ശുശ്രുഷയായി സമര്‍പ്പിക്കാനും സന്നദ്ധരായ സമര്‍പ്പിത ദമ്പതികളുടെ ദമ്പതീ ശുശ്രൂഷയാണ് (Couples Minitsry) മിഷനറി കപ്പിള്‍സ് ഓഫ് ക്രൈസ്റ്റ്. 2014-ല്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഈ ശുശ്രുഷയ്ക്ക് ആരംഭം കുറിച്ചു. കുടുംബ സന്ദര്‍ശനം, ദാമ്പത്യത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ദമ്പതികളോടെത്തുള്ള അനുയാത്ര, മാദ്ധ്യസ്ഥ പ്രാര്‍ത്ഥന, ഇടവകയിലെ സജീവ ഭാഗഭാഗിത്വം എന്നിവയിലൂടെ തങ്ങളുടെ സഹഇടയ ദൗത്യം ക്രിസ്തുവിന്റെ പ്രേഷിത ദമ്പതികള്‍ പൂര്‍ത്തീകരിക്കുന്നു.

കുടുംബവര്‍ഷത്തില്‍ അതിരൂപത ഇടവകകുടുംബ തലങ്ങളില്‍ നടപ്പിലാക്കാവുന്ന ചില കര്‍മ്മ പദ്ധതികള്‍

ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ ആയും നടത്തുന്ന പ്രചാരണ പരിപാടികള്‍ക്കു പുറമെ കുടുംബവര്‍ഷത്തെ ഫലപ്രദമാക്കാന്‍ അതിരൂപതഇടവകകുടുംബ തലങ്ങളില്‍ നടത്താവുന്ന ഏതാനും പരിപാടികള്‍ നിര്‍ദ്ദേശിക്കട്ടെ:

യുവദമ്പതികളുടെ തുടര്‍ പരിശീലന പരിപാടി: യുവദമ്പതികളെ അനുയാത്ര ചെയ്യണം എന്ന പരിശുദ്ധ പിതാവിന്റെ നിര്‍ദ്ദേശത്തിന്റെ ആവിഷ്‌ക്കാരമാണ് ഈ മുന്നേറ്റം.

ദാമ്പത്യത്തിന്റെ ആദ്യ വര്‍ഷങ്ങള്‍ ഏറെ നിര്‍ണായകമാണ്. സാഹചര്യങ്ങളോട് പൊരുത്തപ്പെടല്‍, ബന്ധങ്ങളില്‍ ആഴപ്പെടല്‍ എന്നിവ പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഈ പശ്ചാത്തലത്തില്‍ യുവദമ്പതികളെ അനുധാവനം ചെയ്താല്‍ മൂല്യങ്ങളുള്ള നല്ല കുടുംബങ്ങളെ സൃഷ്ടിക്കാന്‍ സാധിക്കും. ഇതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ് ദാമ്പത്യത്തിന്റെ ആദ്യ വര്‍ഷത്തില്‍ യുവ ദമ്പതികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ തരണം ചെയ്യാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ചെറിയ ദൈര്‍ഘ്യമുള്ള ഓണ്‍ ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുക എന്നത്.

പങ്കാളി മിഷന്‍ 30+: വിവാഹപ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി നില്‍ക്കുന്ന യുവജനങ്ങളുടെ പ്രത്യേകിച്ച് യുവാക്കളുടെ എണ്ണം സഭയെ ആശങ്കപ്പെടുത്തുന്നു. ഈ അവസ്ഥ ഭാവിയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്, പ്രത്യേകിച്ച് ജനസംഖ്യ അനുപാതത്തിന്റെ കാര്യത്തില്‍. ഇവര്‍ക്ക് നല്‍കേണ്ട പ്രത്യേക അജപാലന ശുശ്രൂഷയോടൊപ്പം അതിരൂപത/ രൂപത മാട്രിമോണിയുടെ ആഭിമുഖ്യത്തില്‍ സഭയിലെ യുവജനപ്രസ്ഥാനങ്ങളോട് ചേര്‍ന്ന് കര്‍മപദ്ധതികള്‍ രൂപീകരിക്കാന്‍ സാധിക്കണം.

പ്രൊലൈഫ് പ്രവര്‍ത്തനങ്ങള്‍: ജീവന്‍ എന്ന മഹാദാനം അതിന്റെ ഏതവസ്ഥയിലും സംരക്ഷിക്കപ്പെടേണ്ടതാണ്. ജീവനെ ഘനിക്കുന്ന എല്ലാ തിന്മകള്‍ക്കുമെതിരെ ശരിയായ ബോധവല്‍ക്കരണം ആഴത്തില്‍ നല്കാന്‍ ഈ കുടുംബവര്‍ഷം ഉപയോഗപ്പെടുത്തേണ്ടതാണ്.

വലിയ കുടുംബം കൈത്താങ്ങ് പദ്ധതി: കൂടുതല്‍ മക്കളുള്ള ദമ്പതികള്‍ക്ക് ധാര്‍മീകവും ആത്മീയവുമായ കൈതാങ്ങ് നല്കാന്‍ സഭ ബാധ്യസ്ഥയാണ്. അവര്‍ക്കാവശ്യമായ അജപാലന ശുശ്രൂഷയും മറ്റ് പ്രോത്സാഹനങ്ങളും യഥാവിധി രൂപീകരിക്കുവാന്‍ ഈ കുടുംബവര്‍ഷാചരണം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്കുള്ള അജപാലന ശുശ്രൂഷ: മക്കളില്ലാത്ത ദമ്പതികളുടെ അജപാലനശുശ്രൂഷ കുടുംബശുശ്രൂഷയുടെ ഭാഗമാണ്. അവര്‍ക്കായുള്ള പ്രത്യേക ആത്മീയശുശ്രൂഷകളും അനുയാത്ര രീതികളും രൂപീകരിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്.

ഏകസ്ഥ കൂട്ടായ്മ: ഏകസ്ഥ ജീവിതം വിളിയായി സ്വീകരിച്ചവരുടെ ആത്മീയവും മാനസികവുമായ ശാക്തീകരണം സാധ്യമാക്കാന്‍ അവരുടെ കൂട്ടായ്മകള്‍ രൂപീകരിക്കാന്‍ ഈ വര്‍ഷം ഉപയോഗപ്പെടുത്താം.

ഗ്രേസ് റിപ്പിള്‍സ് യൂണിറ്റ് രൂപീകരണം: ദമ്പതീ പരിശീലന പരിപാടിയായ ഗ്രേസ് റിപ്പിള്‍സ് ഇല്ലാത്ത ഇടവകകളില്‍ പുതിയ പരിശീലന യൂണിറ്റ് സ്ഥാപിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.

വൈധവദാമ്പത്യം: വിധവകളെയും അനാഥരെയും പരദേശികളെയും സംരക്ഷിക്കുക എന്നുള്ളത് വിശുദ്ധ ഗ്രന്ഥത്തിന്റെ ഉദ്‌ബോധനമാണ്. ഇതില്‍ വൈധവ്യം അനുഭവിക്കുന്നവരെ ആത്മീയമായും വൈകാരികമായും ശാക്തീകരിക്കേണ്ടത് സഭയുടെ ധാര്‍മികമായ ഉത്തരവാദിത്തവുമാണ്. പലയിടങ്ങളിലും ഈ ലക്ഷ്യപ്രാപ്തിക്കായി വിധവകളായ സഹോദരിമാരെ സംഘടിതമായി കൂട്ടിച്ചേര്‍ക്കുന്ന മുന്നേറ്റങ്ങളുണ്ട്. അത്തരത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വിധവകളെ ശാക്തീകരിക്കുന്നതിനുള്ള സംഘടിത മുന്നേറ്റമാണ് യൂദിത്ത് ഫോറം കൂട്ടായ്മ. ഈ കൂട്ടായ്മയുടെ ഘടകങ്ങള്‍ ഇടവകകളില്‍ രൂപീകരിച്ച് വിധവകളായവരുടെ ജീവിതത്തിന് ശക്തിയും പ്രതീക്ഷയും നല്‍കുന്ന മുന്നേറ്റങ്ങള്‍ക്ക് രൂപവും ഭാവവും നല്കാന്‍ ഈ കുടുംബവര്‍ഷത്തില്‍ സാധിക്കണം.

ശ്രേഷ്ഠ വാര്‍ദ്ധക്യം: വാര്‍ദ്ധക്യത്തെ ഏറ്റവും ക്രിയാത്മകവും സന്തോഷപ്രദവും കൃപ നിറഞ്ഞതുമാക്കാനുള്ള കൂട്ടായ്മകളും ഉള്‍ക്കാഴ്ചകളും മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുവാന്‍ വേണ്ട പദ്ധതികളും മാര്‍ഗങ്ങളും ഇടവക തലത്തില്‍ ആവിഷ്‌ക്കരിക്കാന്‍ ഈ വര്‍ഷം സാധിക്കേണ്ടതുണ്ട്. അവരുടെ അനുഭവവും അറിവും യുവതലമുറകള്‍ക്ക് പങ്കുവയ്ക്കുന്ന പരിപാടികള്‍ ഇടവകതലത്തില്‍ നടത്താവുന്നതാണ്. അതു പോലെ, ഈ ഡിജിറ്റല്‍ യുഗത്തില്‍ കമ്പ്യൂട്ടര്‍, ഫോണ്‍ എന്നിവ ഉപയോഗിക്കാന്‍ വേണ്ട അടിസ്ഥാന പരിജ്ഞാനം പകര്‍ന്നു നല്‍കുന്ന ക്ലാസുകള്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ അവര്‍ക്കായി സംഘടിപ്പിക്കാവുന്നതാണ്.

ഗ്രാന്‍ഡ് പേരെന്റ്‌സ് ദി നാഘോഷം (ജൂലൈ 26): കുടുംബവര്‍ഷത്തില്‍ പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടിരിക്കുന്ന ഒന്നാണ് മഹത് മാതാപിതാക്കളുടെ ദിനാചരണം (ഗ്രാന്‍ഡ് പേരെന്റ്‌സ് ഡേ). എല്ലാ വര്‍ഷവും ജൂലൈ 26 മഹത് മാതാപിതാ ദിനമായി ആഘോഷിക്കുന്നു. ഗ്രാന്‍ഡ് പേരെന്റ്‌സിനെ ആദരിച്ചുകൊണ്ട് ഈ ആഘോഷം കുടുംബങ്ങളില്‍ കൊണ്ടാടാം.

മാധ്യമമുക്ത കുടുംബ മണിക്കൂര്‍ (Digital Free Family Hour): മാധ്യമങ്ങളുടെ അതിപ്രസരം രൂക്ഷവും കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ മാധ്യമമുക്ത കുടുംബ മണിക്കൂര്‍ ആചരണം എന്തുകൊണ്ടും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

അമോറിസ് ലെത്തീഷ്യയില്‍ പ്രതിപാദിക്കുന്ന കുടുംബത്തിലെ സ്‌നേഹത്തിന്റെ വിവിധ ഭാവങ്ങളാണ് ഈ പരിപാടികളിലെല്ലാം തെളിഞ്ഞുകാണുക. അതിനാല്‍ ഈ സ്‌നേഹത്തിന്റെ പരിശീലനത്തിന് കുടുംബത്തിന്റെ അകത്തളങ്ങളെയും വ്യക്തികളെയും ഒരുക്കുക എന്നുള്ളതാണ് അജപാലകരുടെയും കുടുംബപ്രേഷിത ശുശ്രൂഷകരുടെയും കടമ. പരിശുദ്ധ പിതാവ് ആഗ്രഹിക്കുന്നതുപോലെ കുടുംബം സ്‌നേഹത്തിന്റെയും വിശുദ്ധിയുടെയും വിളനിലമാകാന്‍ നമുക്ക് കൂട്ടായി പരിശ്രമിക്കാം. അതിനുള്ള കൃപയും അനുഗ്രഹവും തിരുക്കുടുംബ പാലകനായ വി. യൗസേപ്പിതാവിന്റെ മധ്യസ്ഥത്തിലൂടെ ദൈവം നല്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.

(പാരീസ് കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബൈബിള്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ലേഖകന്‍ എറണാകുളം-അങ്കമാലി അതിരൂപത ഫാമിലി അപ്പസ്‌തോലെറ്റ് സെന്റര്‍ ഡയറക്ടര്‍ ആയി സേവനം ചെയ്യുന്നു)

Related Stories

No stories found.