അത്ഭുതങ്ങളില്‍ നിന്നു പക്വമായ വിശ്വാസത്തിലേക്ക്

അത്ഭുതങ്ങളില്‍ നിന്നു പക്വമായ വിശ്വാസത്തിലേക്ക്
Published on

ഫാ. ജേക്കബ് പറപ്പള്ളി എം എസ് എഫ് എസ്

മരിയന്‍ ദര്‍ശനങ്ങളെയും മറ്റ് അത്ഭുത പ്രതിഭാസങ്ങളെയും വിവേചിച്ചറിയുന്നതു സംബന്ധിച്ച് ഒരു പുതിയ രേഖ വത്തിക്കാന്‍ വിശ്വാസകാര്യാലയം മെയ് 17 ന് പുറത്തിറക്കുകയുണ്ടായി. നമ്മുടെ കത്തോലിക്ക വിശ്വാസത്തെ സംബന്ധിച്ച് ഈ രേഖ എത്രത്തോളം നിര്‍ണ്ണായകമാണ്?

നമ്മുടെ ലോകം ദൈവത്തിന്റെ സര്‍വവ്യാപിയായ സാന്നിധ്യത്താല്‍ അനുഗ്രഹീതമാണ്. ദൈവത്താല്‍ സാക്ഷാത്കരിക്കപ്പെട്ട രക്ഷാകരചരിത്രമായി മാറിയിരിക്കുകയാണ് നമ്മുടെ ചരിത്രം. മനുഷ്യനുവേണ്ടിയുള്ള തന്റെ പദ്ധതികള്‍ ചരിത്രത്തിലെ ശക്തമായ ഇടപെടലുകളിലൂടെ, അനവധിയും വ്യത്യസ്തവുമായ വിധങ്ങളില്‍ ദൈവം നടത്തി. തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെ അത് പൂര്‍ത്തീകരിക്കപ്പെട്ടു (ഹെബ്രാ. 1.1). മാനവ വിമോചനത്തിനും രക്ഷയ്ക്കും ആവശ്യമായതെല്ലാം അഥവാ മനുഷ്യരുടെ സമ്പൂര്‍ണ്ണതയ്ക്കും പ്രപഞ്ചത്തിന്റെയാകെ ക്ഷേമത്തിനും ആവശ്യമായതെല്ലാം യേശുക്രിസ്തുവില്‍ വെളിപ്പെടുന്നുവെന്ന് സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. യേശുക്രിസ്തുവില്‍ ഇതിനകം വെളിപ്പെടുത്തപ്പെട്ടതില്‍ കൂടുതലായി യാതൊന്നും ഇനി ലോകത്തിലോ മാനവചരിത്രത്തിലോ ദൈവത്താല്‍ വെളിപ്പെടുത്തപ്പെടാനായി ഇല്ല. വെളിപാടിന്റെ പൂര്‍ണ്ണതയാണ് ക്രിസ്തു.

യേശുക്രിസ്തുവിനെയും അവന്റെ സന്ദേശത്തെയും കുറിച്ചുള്ള നമ്മുടെ ധാരണയും അനുഭവവും ആഴപ്പെടുത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. രോഗശാന്തി, സവിശേഷമായ ഉപകാരങ്ങള്‍, ദര്‍ശനങ്ങള്‍, മിസ്റ്റിക്കല്‍ അനുഭവങ്ങള്‍, പരിശുദ്ധ മാതാവിന്റെയോ വിശുദ്ധരുടെയോ പ്രത്യക്ഷങ്ങള്‍, ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ എന്നിങ്ങനെ അസാധാരണമായ നിരവധി അനുഭവങ്ങളിലൂടെ ദൈവത്തിന്റെ സാന്നിധ്യത്തെ ചില വിശ്വാസികള്‍ വിവരിക്കാറുണ്ട്. അത്തരം വിവരണങ്ങളുടെയും ചില സ്ഥലങ്ങളില്‍ അല്ലെങ്കില്‍ ചില ആളുകള്‍ക്ക് ഉണ്ടാകുന്ന അതിഭൗതിക പ്രതിഭാസങ്ങളുടെ ദൃശ്യമായ അടയാളങ്ങളുടെയും ആധികാരികത സഭയ്ക്ക് എങ്ങനെ നിശ്ചയിക്കാനാകും? ഇത്തരം കാര്യങ്ങളില്‍ വിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാന്‍ കഴിയുന്ന മാനദണ്ഡങ്ങള്‍ എന്തെങ്കിലുമുണ്ടോ? ഒരു അതിഭൗതിക പ്രതിഭാസം ആധികാരികം ആണോ അല്ലയോ എന്ന് പ്രഖ്യാപിക്കാനുള്ള നിയമപരമായ അധികാരം ആര്‍ക്കാണ്? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് വത്തിക്കാന്‍ വിശ്വാസകാര്യാലയത്തിന്റെ അധ്യക്ഷന്‍ കാര്‍ഡിനല്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് മെയ് 17-ന് പുറപ്പെടുവിച്ച 'അതിഭൗതിക പ്രതിഭാസങ്ങള്‍ എന്ന് ആരോപിക്കപ്പെടുന്നവയെ വിവേചിച്ചറിയുന്നതിനുള്ള തത്വങ്ങള്‍' എന്ന രേഖയില്‍ ഉള്ളത്.

അതിഭൗതിക പ്രതിഭാസങ്ങള്‍ എന്ന് ആരോപിക്കപ്പെടുന്നവയുടെ ആധികാരികത വിവേചിച്ചറിയുന്നതിനുള്ള തത്വങ്ങള്‍, ഏകദേശം 50 വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ 1978 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ കാലത്ത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 'ദര്‍ശനങ്ങളും വെളിപാടുകളും എന്ന് അനുമാനിക്കപ്പെടുന്നവയെ' മാത്രം കൈകാര്യം ചെയ്യുന്നതിനുള്ള ചട്ടങ്ങളായി അവ പരിമിതപ്പെട്ടിരുന്നു. 2011 ല്‍ പ്രസിദ്ധീകരിക്കുന്നതുവരെ അതു മെത്രാന്മാര്‍ക്കും അവരുടെ സഹകാരികള്‍ക്കും രഹസ്യമായി മാത്രം നല്‍കിയിരുന്ന ഒരു രേഖ ആയിരുന്നു. ഇതനുസരിച്ച്, ദര്‍ശനങ്ങളെ കുറിച്ചുള്ള തങ്ങളുടെ കണ്ടെത്തലുകളും നിഗമനങ്ങളും മെത്രാന്മാര്‍, വത്തിക്കാന്‍ വിശ്വാസകാര്യാലയത്തെ അറിയിക്കുകയും പ്രഖ്യാപിക്കുന്നതിനു മുന്‍പ് കാര്യാലയത്തിന്റെ വിധിതീര്‍പ്പും അംഗീകാരവും നേടുകയും ചെയ്യണമായിരുന്നു. എന്നാല്‍ അതിഭൗതിക പ്രതിഭാസത്തെ വിശ്വാസകാര്യാലയം അംഗീകരിച്ചുവോ ഇല്ലയോ എന്നത് പരസ്യപ്പെടുത്താന്‍ മെത്രാന്മാര്‍ അനുവദിക്കപ്പെട്ടിരുന്നില്ല.

ഇപ്പോഴത്തെ രേഖ പ്രസിദ്ധീകരിക്കുന്നതിനുള്ള കാരണങ്ങള്‍ രേഖയുടെ ആദ്യ ലേഖനങ്ങളില്‍ വിശദീകരിക്കുന്നുണ്ട്. 'ഇന്ന് ബഹുജന മാധ്യമങ്ങള്‍ മൂലം ഇത്തരം ദര്‍ശനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ മുന്‍കാലത്തേക്കാള്‍ അതിവേഗം പ്രചരിക്കുന്നുണ്ട്. മാത്രവുമല്ല, യാത്രകള്‍ എളുപ്പമായിരിക്കുന്നതിനാല്‍ കൂടെക്കൂടെയുള്ള തീര്‍ത്ഥാടനങ്ങള്‍ സാധ്യമായിരിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളുടെ ശരിതെറ്റുകളെ കുറിച്ച് സഭാധികാരികള്‍ അതിവേഗം വിവേചിച്ചറിയേണ്ടതുണ്ട്. മറുവശത്ത് ആധുനിക മനോഭാവവും ശാസ്ത്രീയ അന്വേഷണങ്ങളുടെ ആവശ്യകതയും അത്തരമൊരു വിധിനിര്‍ണ്ണയത്തില്‍ വേഗത്തിലെത്തുക അസാധ്യമോ വളരെ ദുഷ്‌കരമോ ആക്കിയിരിക്കുന്നു. മുന്‍കാലത്ത് മെത്രാന്മാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ അന്വേഷിച്ച് പരസ്യഭക്തിയെയോ വിശ്വാസികളുടെ മറ്റു ഭക്താഭ്യാസങ്ങളെയോ നിരോധിക്കുകയോ അംഗീകരിക്കുകയോ ചെയ്യാന്‍ കൂടുതല്‍ എളുപ്പമായിരുന്നു.'

ദര്‍ശനങ്ങള്‍, പ്രത്യക്ഷങ്ങള്‍, ആന്തരികവും ബാഹ്യവുമായ ഗൂഢവാക്യങ്ങള്‍, ലിഖിതങ്ങള്‍, സന്ദേശങ്ങള്‍ എന്നിവയ്ക്ക് പുറമേ മതപരമായ ബിംബങ്ങളും മനോ ശാരീരിക പ്രതിഭാസങ്ങളും വിവേചിച്ചറിയുന്നതിനുള്ള കൂടുതല്‍ വ്യാപകമായ തത്വങ്ങള്‍ പുതിയ രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് (നം. 6). ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഈ പുതിയ രേഖ രഹസ്യമായി സൂക്ഷിക്കുന്നുമില്ല. ദര്‍ശനങ്ങളുടെ അനുഭവത്തെ വിശ്വാസകാര്യാലയം അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്നതിനെ സംബന്ധിച്ച് പരാമര്‍ശിക്കരുതെന്നാണ് 1978 ലെ രേഖ പ്രാദേശികമെത്രാന്മാരോട് ആവശ്യപ്പെട്ടിരുന്നതെങ്കില്‍, ഇപ്പോള്‍ കാര്‍ഡിനല്‍ ഫെര്‍ണാണ്ടസ് ആവശ്യപ്പെടുന്നത് ഇങ്ങനെയാണ്, 'മെത്രാന്‍ തന്റെ തീരുമാനം പരസ്യപ്പെടുത്തുമ്പോള്‍ വിശ്വാസകാര്യാലയവുമായി യോജിച്ചുകൊണ്ട് എന്ന് പ്രസ്താവിക്കേണ്ടതാണ്.' ഇത്തരത്തില്‍ പുതിയ രേഖ 1978 ലെ പഴയ രേഖയെ നവീകരിക്കുകയും പകരം വയ്ക്കുകയും ചെയ്യുന്നു.

'പരിശുദ്ധാത്മ പ്രവര്‍ത്തനത്തിന്റെ നിരവധി അടയാളങ്ങള്‍ക്കിടയില്‍' കാണപ്പെടുകയും 'സവിശേഷമായ വിധത്തില്‍ വിമര്‍ശനാത്മകമോ അപകടസാധ്യതയുള്ളതോ ആയ യാതൊരു മാനങ്ങളും അതില്‍ കണ്ടെത്താനാകാതിരിക്കുകയും' ചെയ്യുമ്പോള്‍ അത്തരം സംഭവത്തെ അംഗീകരിക്കുന്നതിന് 'തടസ്സമില്ലാത്തത്' എന്ന് അനുയോജ്യനായ സഭാധികാരിക്ക് പ്രഖ്യാപിക്കാവുന്നതാണ്

(നം.17)

  • പ്രത്യക്ഷങ്ങളെയും മറ്റ് അതിഭൗതിക പ്രതിഭാസങ്ങളെയും സംബന്ധിച്ച സത്യം

പ്രത്യക്ഷങ്ങളെയും മറ്റ് വിവിധ അതിഭൗതിക പ്രതിഭാസങ്ങളെയും കുറിച്ചുള്ള വിവരണങ്ങള്‍ സഭയുടെ ചരിത്രത്തില്‍ ഉടനീളം നാം കാണുന്നുണ്ടെങ്കിലും ഇപ്പോള്‍ അവയുടെ ആധികാരികത വിലയിരുത്തുന്നതിനുള്ള തത്വങ്ങളുമായി പുതിയൊരു രേഖ പ്രസിദ്ധീകരിക്കാന്‍ വിശ്വാസകാര്യാലയത്തെ പ്രേരിപ്പിച്ചത് എന്താവാം? സത്യാനന്തരതകളും അര്‍ദ്ധ സത്യങ്ങളും അസത്യങ്ങളും വ്യാജവാര്‍ത്തകളും പ്രസിദ്ധീകരിക്കുകയും സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് വിനിമയ മാര്‍ഗങ്ങളിലൂടെയും പ്രചരിപ്പിക്കുകയും സഭാശത്രുക്കള്‍ അടക്കം അതിഭൗതിക പ്രതിഭാസങ്ങളെ കുറിച്ചുള്ള കഥകള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അത്. ഇവയില്‍ പലതും തീര്‍ച്ചയായും കെട്ടിച്ചമച്ചതാണ്. പക്ഷേ അവ ശിശുസമാനവിശ്വാസമുള്ള വിശ്വാസികളെ ആകര്‍ഷിക്കുകയും, പിന്നീട് തെറ്റാണെന്ന് തെളിയുമ്പോള്‍, തങ്ങളുടെ ജീവിതങ്ങളിലെ ദൈവത്തിന്റെ യഥാര്‍ത്ഥ പ്രവര്‍ത്തനങ്ങളിലുള്ള അവരുടെ വിശ്വാസത്തെ പോലും അതു തകര്‍ക്കുകയും ചെയ്യുന്നു.

വിശ്വാസികളുടെ ജീവിതത്തില്‍ ദൈവത്തിന്റെ ഇടപെടലുകളുടെ യഥാര്‍ത്ഥമായ അടയാളങ്ങളും അത്ഭുതങ്ങളും തീര്‍ച്ചയായും ഉണ്ട്. അവരുടെ വിശ്വാസം ആഴപ്പെടുത്താനും മറ്റുള്ളവരെ ദൈവത്തിലേക്ക് മാനസാന്തരപ്പെടുന്നതു പ്രോത്സാഹിപ്പിക്കാനും അവ സഹായിക്കുന്നു. ഇത്തരത്തില്‍ ആധികാരികമായവയെ വ്യാജമായവയില്‍ നിന്ന് നാം എങ്ങനെ വിവേചിച്ചറിയും? പരിശുദ്ധ മാതാവിന്റെയോ വിശുദ്ധരുടെയോ കണ്ണീരൊഴുക്കുന്ന രൂപങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാജമാണോ എന്ന് എങ്ങനെ അറിയും? പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷങ്ങളോ മറ്റ് ദൈവിക ദര്‍ശനങ്ങളോ ശരിയായതാണെന്ന് എങ്ങനെ ഉറപ്പിക്കും? ഒരു തിരുശേഷിപ്പിനെ സ്പര്‍ശിച്ചതിനുശേഷം അത്ഭുതകരമായ രോഗശാന്തി ഉണ്ടായി എന്ന അവകാശവാദത്തിന്റെ വിശ്വാസ്യത എങ്ങനെ ഉറപ്പിക്കും? കാര്‍ഡിനല്‍ ഫെര്‍ണാണ്ടസ് പറയുന്നു, 'അതിഭൗതിക പ്രതിഭാസത്തെ കുറിച്ചുള്ള വ്യക്തമായ പ്രഖ്യാപനങ്ങള്‍ വളരെ അപൂര്‍വം സംഭവങ്ങളില്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. വാസ്തവത്തില്‍, 1950 നു ശേഷം ആറിലേറെ കേസുകള്‍ ഔദ്യോഗികമായി തീരുമാനിക്കപ്പെട്ടിട്ടില്ല. അതേസമയം വ്യക്തമായ മാര്‍ഗദര്‍ശനങ്ങള്‍ ഇല്ലാത്ത ഇത്തരം പ്രതിഭാസങ്ങള്‍ വര്‍ധിക്കുകയും നിരവധി രൂപതകളിലെ ജനങ്ങള്‍ അതില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ധാരാളം കേസുകള്‍ വ്യത്യസ്തമായ രീതിയില്‍ കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ളതായോ കൈകാര്യം ചെയ്യപ്പെടാതെ പോലും പോയതായോ അനുമാനിക്കാവുന്നതാണ്.'

സഭ അംഗീകരിച്ച ദര്‍ശനസ്ഥലങ്ങളിലേക്ക് വന്‍തോതില്‍ തീര്‍ത്ഥാടകര്‍ എത്തിയിട്ടുണ്ട്. അത്തരം സ്ഥലങ്ങളിലേക്ക് മാര്‍പാപ്പമാര്‍ പോലും തീര്‍ത്ഥാടനങ്ങള്‍ നടത്തിയിട്ടുണ്ട്. ഫ്രാന്‍സിലെ ലൂര്‍ദും പോര്‍ച്ചുഗലിലെ ഫാത്തിമായും ഉദാഹരണങ്ങള്‍. വത്തിക്കാന്‍ അംഗീകരിച്ചിട്ടില്ലാത്ത മറ്റ് പ്രത്യക്ഷങ്ങളെക്കുറിച്ചും വാര്‍ത്തകള്‍ ഉണ്ട്. ബോസ്‌നിയായിലെ മെജുഗോറിയില്‍ നിന്ന് മാതാവിന്റെ ഒരു രൂപം കൊണ്ടുവന്ന ഒരു ഇറ്റാലിയന്‍ വനിതയ്ക്ക് 2016 ല്‍ റോമിന് വടക്കുള്ള ഒരു ചെറുപട്ടണത്തില്‍, കൃത്യമായ ഇടവേളകളില്‍ യേശുവും മറിയവും ദര്‍ശനം നല്‍കിയതായി ഒരു അവകാശവാദം ഉണ്ടായിരുന്നു. സഭാധികാരികള്‍ അത് അംഗീകരിച്ചില്ല. പിന്നീട് ആ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തു. ഈ പ്രതിമയ്ക്കു മുമ്പില്‍ വന്നു നിന്ന് പ്രാര്‍ത്ഥിച്ച ആള്‍ക്കൂട്ടങ്ങള്‍ തങ്ങള്‍ക്ക് വിവിധ സന്ദേശങ്ങള്‍ ലഭിച്ചതായി അവകാശപ്പെട്ടിരുന്നു. സ്വവര്‍ഗ വിവാഹങ്ങള്‍ക്കും ഭ്രൂണഹത്യയ്ക്കും എതിരെയുള്ളവ ആയിരുന്നത്രെ അവയില്‍ ചില സന്ദേശങ്ങള്‍.

ദര്‍ശനങ്ങള്‍, കരയുന്ന മാതാവ്, ചില മനുഷ്യരുടെ ജീവിതങ്ങളിലെ അസാധാരണമായ ദൈവിക ഇടപെടലുകള്‍ തുടങ്ങിയ അതിഭൗതിക പ്രതിഭാസങ്ങളെ സംബന്ധിച്ച വാര്‍ത്തകളുടെ സത്യാവസ്ഥ കണ്ടെത്താനുള്ള വഴികള്‍ എന്തൊക്കെയാണ്? ഈ പ്രതിഭാസങ്ങള്‍ എത്രത്തോളം വിശ്വസനീയമാണ്? ഇത്തരം അത്ഭുതങ്ങളുമായും സ്വകാര്യദര്‍ശനങ്ങളുമായും ബന്ധപ്പെട്ട് പുതിയ ആരാധനാലയങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും സ്ഥാപിക്കപ്പെടുന്നതിനെ സഭയ്ക്ക് എങ്ങനെ നൈയാമികമായി പ്രഖ്യാപിക്കാനാവും? പ്രാദേശിക മെത്രാന്റെ അനുവാദത്തോടെയാണെങ്കില്‍ കൂടി അവ സ്ഥാപിക്കപ്പെടുന്നത് ആധികാരികമായ ദൈവിക ഇടപെടലിന്റെ ഫലമാണോ അഥവാ സ്വാര്‍ത്ഥമായ സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടിയാണോ? ചിലപ്പോള്‍ ഇത്തരം കേന്ദ്രങ്ങള്‍ കൂണുപോലെ പൊടുന്നനെ മുളച്ചു പൊങ്ങുകയും അത്ഭുതങ്ങള്‍ തേടുന്ന വിശ്വാസികളെ ആകര്‍ഷിക്കുകയും പില്‍ക്കാലത്തോ ഉടന്‍ തന്നെയോ ഇല്ലാതാകുകയും ചെയ്യുന്നു. ഇത്തരം പ്രതിഭാസങ്ങള്‍ വിശ്വാസികളുടെ മനസ്സിലെ ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളെ പോലും ചഞ്ചലമാക്കുന്നു. അതുകൊണ്ട് ഇത്തരം അതിഭൗതിക പ്രതിഭാസങ്ങളുടെ ആധികാരികത വിവേചിച്ചറിയുന്നതിന് ചില മാനദണ്ഡങ്ങള്‍ ആവശ്യമായിരിക്കുന്നു. ഇത്തരം പ്രതിഭാസങ്ങള്‍ ആധികാരികമാണോ അല്ലയോ എന്നും അവ വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസവും ക്രൈസ്തവ ജീവിതത്തിന്റെ ഗുണമേന്മയും വര്‍ധിപ്പിക്കുന്നതിന് സഹായകരമാണോ അല്ലയോ എന്നും പ്രഖ്യാപിക്കുവാന്‍ അതുമായി ബന്ധപ്പെട്ട സഭാധികാരത്തിന് വ്യക്തത ഉണ്ടാകേണ്ടതുണ്ട്.

അതിഭൗതിക പ്രതിഭാസവുമായി ബന്ധപ്പെട്ട് വിമര്‍ശനാത്മകവും നിഷേധാത്മകവുമായ നിരവധി ഘടകങ്ങള്‍ ഉണ്ടെങ്കിലും അതിന്റെ സ്വീകരണം വ്യാപകമായി പ്രചരിക്കുകയും 'വ്യക്തമായ ആത്മീയ ഫലങ്ങള്‍' അതുകൊണ്ടു ഉണ്ടാവുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ കൈകാര്യം ചെയ്യുന്നതില്‍ അധികാരികള്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്.

  • അതിഭൗതിക പ്രതിഭാസങ്ങള്‍ വിവേചിച്ച് അറിയുന്നതിനുള്ള തത്വങ്ങള്‍

അതിഭൗതിക പ്രതിഭാസങ്ങളെ വര്‍ഗീകരിക്കുന്നതിനും, അവയുടെ ആധികാരികത വിലയിരുത്തുന്നതിനും അത് പ്രഖ്യാപിക്കുന്നതിനുള്ള നൈയാമിക അധികാരി ആര് എന്ന് വ്യക്തമാക്കുന്നതിനും 6 തത്വങ്ങളാണ് 'അതിഭൗതിക പ്രതിഭാസങ്ങള്‍ എന്ന് ആരോപിക്കപ്പെടുന്നവയെ വിവേചിച്ചറിയുന്നതിനുള്ള തത്വങ്ങള്‍' എന്ന രേഖ നല്‍കുന്നത്.

ആദ്യത്തേത് 'തടസമില്ല' എന്നതാണ് (Nihil obstat or Nothing objects): ഒരു അതിഭൗതിക പ്രതിഭാസമെന്ന് ആരോപിക്കപ്പെടുന്ന സംഭവം 'പരിശുദ്ധാത്മ പ്രവര്‍ത്തനത്തിന്റെ നിരവധി അടയാളങ്ങള്‍ക്കിടയില്‍' കാണപ്പെടുകയും 'സവിശേഷമായ വിധത്തില്‍ വിമര്‍ശനാത്മകമോ അപകടസാധ്യതയുള്ളതോ ആയ യാതൊരു മാനങ്ങളും അതില്‍ കണ്ടെത്താനാകാതിരിക്കുകയും' ചെയ്യുമ്പോള്‍ അത്തരം സംഭവത്തെ അംഗീകരിക്കുന്നതിന് 'തടസ്സമില്ലാത്തത്' എന്ന് അനുയോജ്യനായ ഒരു സഭാധികാരിക്ക് പ്രഖ്യാപിക്കാവുന്നതാണ് (നം.17). ഇത്തരമൊരു സംഭവത്തെ അതിഭൗതികമെന്ന് ഔപചാരികമായി അംഗീകരിക്കുന്നില്ലെങ്കിലും ആരാധനയ്ക്ക് തടസ്സമില്ലെന്ന് ഒരു പ്രാദേശിക മെത്രാന് പ്രഖ്യാപിക്കാവുന്നതാണ്. സംഭവത്തിന്റെ അതിഭൗതികത നിരാകരിക്കുന്നതും അത്തരം പ്രതിഭാസവുമായി ബന്ധപ്പെട്ട ആരാധന വിലക്കുന്നതുമായ തീരുമാനങ്ങളും മെത്രാന്മാര്‍ക്ക് എടുക്കാവുന്നതാണ്. അതിന് പ്രയോഗിക്കാവുന്ന അഞ്ച് മറ്റ് തത്വങ്ങളും രേഖ നല്‍കുന്നുണ്ട്. എന്നിരുന്നാലും എന്തെങ്കിലും നിഗമനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് മെത്രാന്മാര്‍ വത്തിക്കാന്റെ അംഗീകാരം തേടിയിരിക്കേണ്ടതാണ്.

രണ്ടാമത്തെ തത്വം 'അത് നമ്മുടെ കണ്ണുകള്‍ക്കു മുമ്പില്‍ നടക്കട്ടെ' എന്നതാണ്. ഇതിനര്‍ത്ഥം, 'ഈ പ്രതിഭാസത്തിന് പ്രധാനപ്പെട്ട ഭാവാത്മക അടയാളങ്ങള്‍ ഉണ്ടായേക്കാമെങ്കിലും, അതേസമയം തന്നെ ആശയക്കുഴപ്പത്തിന്റെയോ അപകടസാധ്യതകളുടെയോ ചില വശങ്ങളും ഉണ്ടായേക്കും' എന്നതാണ്. അതിനാല്‍, 'വിശ്വാസസംഹിതാപരമായ വ്യക്തത അത്യാവശ്യമായേക്കും' (നം. 18). പ്രതിഭാസത്തിന്റെ ആധികാരികത ശരിയായി വിലയിരുത്തണമെന്ന് വിശ്വാസികള്‍ക്കും സഭാധികാരികള്‍ക്കും ഒരുപോലെയുള്ള മുന്നറിയിപ്പാണിത്. മെത്രാനും ആത്മീയ അനുഭവത്തിന്റെ 'സ്വീകര്‍ത്താവും' തമ്മില്‍ സംഭാഷണവും 'ശ്രദ്ധാപൂര്‍വകമായ വിവേചനവും' ആവശ്യമാണ്.

സാധാരണഗതിയില്‍ അസാധ്യം എന്ന് തോന്നിക്കുന്ന സംഭവങ്ങള്‍ സൃഷ്ടിക്കാനുള്ള മനുഷ്യമനസ്സിന്റെ ശക്തി നിഷേധിക്കാനാവില്ല. ഇവയെല്ലാം ദൈവിക വെളിപാടുകളാണെന്ന് വിലയിരുത്തുകയും അതനുസരിച്ച് കൈകാര്യം ചെയ്യുകയും ചിലപ്പോഴെങ്കിലും കച്ചവട ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ കഷ്ടത്തിലാകുന്നത് ക്രൈസ്തവവിശ്വാസങ്ങളുടെ വിശ്വാസ്യതയാണ്.

മൂന്നാമത്തെ തത്വം 'പരിശോധിച്ചു കൊണ്ടിരിക്കുക' എന്നതാണ്. അതിഭൗതിക പ്രതിഭാസവുമായി ബന്ധപ്പെട്ട് വിമര്‍ശനാത്മകവും നിഷേധാത്മകവുമായ നിരവധി ഘടകങ്ങള്‍ ഉണ്ടെങ്കിലും അതിന്റെ സ്വീകരണം വ്യാപകമായി പ്രചരിക്കുകയും 'വ്യക്തമായ ആത്മീയ ഫലങ്ങള്‍' അതുകൊണ്ട് ഉണ്ടാവുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ കൈകാര്യം ചെയ്യുന്നതില്‍ അധികാരികള്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്. 'ദൈവജനത്തെ സ്തബ്ധരാക്കുന്ന ഒരു നിരോധനം ശിപാര്‍ശ ചെയ്യപ്പെടുന്നില്ല,' എന്നാല്‍ മെത്രാന്‍ ആ 'പ്രതിഭാസത്തെ പ്രോത്സാഹിപ്പിക്കാന്‍' പാടുള്ളതുമല്ല. മെത്രാന്‍, 'ഭക്തിക്ക് ബദല്‍ പ്രകാശനമാര്‍ഗങ്ങള്‍ തേടുകയും അതിന്റെ ആധ്യാത്മിക അജപാലന മാനങ്ങളെ പുനഃക്രമീകരിക്കുകയും ചെയ്യേണ്ടതുണ്ട്.'

നാലാമത്തെ തത്വം 'അധികാരത്തിനു കീഴില്‍' എന്നതാണ്. ഒരു അതിഭൗതിക പ്രതിഭാസം, ധാരാളം ഗുണഫലങ്ങള്‍ ഉള്ളതാണെന്ന് കാണുമ്പോള്‍ തന്നെ ഒരു വ്യക്തിയോ കുടുംബമോ ഒരു സംഘം ആളുകളോ അതിനെ, സാമ്പത്തിക നേട്ടങ്ങള്‍ക്കായി ദുരുപയോഗിക്കുന്നുണ്ടെങ്കില്‍, ഈ പ്രതിഭാസം ഉണ്ടായ കൃത്യമായ സ്ഥലത്തിന്റെ കൈകാര്യം മെത്രാനെയോ പരിശുദ്ധ സിംഹാസനം ചുമതലപ്പെടുത്തുന്ന വ്യക്തിയെയോ ഏല്‍പ്പിക്കേണ്ടതാണ്. (നം. 20)

'നിരോധിതവും തടസ്സപ്പെടുത്തിയതും' എന്നതാണ് അഞ്ചാമത്തെ തത്വം. ആരോപിക്കപ്പെടുന്ന അതിഭൗതികപ്രതിഭാസത്തിന് ചില ഭാവാത്മകഘടകങ്ങള്‍ ഉണ്ടെങ്കില്‍ കൂടിയും അതില്‍ കാണപ്പെടുന്ന വിമര്‍ശനാത്മകവിഷയങ്ങളും അപകടങ്ങളും വളരെ ഗൗരവമുള്ളതാണെങ്കില്‍ 'ഈ പ്രതിഭാസത്തോടു ചേര്‍ന്നു നില്‍ക്കുന്നത് അനുവദനീയമല്ല' എന്ന് രൂപതാമെത്രാന്‍ പരസ്യമായി പ്രഖ്യാപിക്കണമെന്ന് വിശ്വാസകാര്യാലയം ആവശ്യപ്പെടേണ്ടതാണ്. ഇത് ബാധിക്കാവുന്ന വിശ്വാസികളെ നിരോധനത്തിന്റെ കരണങ്ങള്‍ അറിയിക്കേണ്ടതും അവരുടെ ആദ്ധ്യാത്മിക താല്‍പര്യങ്ങളെ പുനഃക്രമീകരിക്കാന്‍ നടപടികള്‍ എടുക്കേണ്ടതുമാണ്.

ആറാമത്തെ തത്വം 'അതിഭൗതികതയില്ലെന്ന പ്രഖ്യാപനമാണ്.' അതിഭൗതിക പ്രതിഭാസമെന്ന് ആരോപിക്കപ്പെടുന്നവ അതിഭൗതികമല്ലെന്ന് 'മൂര്‍ത്തവും തെളിയിക്കപ്പെട്ടതുമായ വസ്തുതകളുടെയും തെളിവിന്റെയും അടിസ്ഥാനത്തില്‍' പ്രഖ്യാപിക്കാന്‍ വത്തിക്കാന്‍ ഒരു മെത്രാനെ അധികാരപ്പെടുത്തുന്നു. അതിഭൗതിക പ്രതിഭാസം കെട്ടിച്ചമച്ചതും തെറ്റായ ഉദ്ദേശത്തോടുകൂടിയുള്ളതും, മാനസ്സിക പ്രശ്‌നങ്ങളാലുണ്ടായതുമാണെന്ന് സ്ഥാപിക്കാന്‍, ദര്‍ശനം അവകാശപ്പെട്ടയാള്‍ കള്ളം പറഞ്ഞതായി സമ്മതിക്കുകയോ വിശ്വാസ്യതയുള്ള സാക്ഷികള്‍ തെളിവുകള്‍ ലഭ്യമാക്കുകയോ ചെയ്തതു വഴി സാധിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക. (നം. 22).

ചോദ്യം അപ്പോഴും അവശേഷിക്കുന്നു: അതിഭൗതിക പ്രതിഭാസം എന്ന് പറയപ്പെടുന്നവയില്‍ ഏതെങ്കിലും യഥാര്‍ത്ഥത്തില്‍ ആധികാരികമോ, ദൈവിക വെളിപാടിന്റെ ഭാഗമോ ദൈവശാസ്ത്രത്തിനും ആധ്യാത്മികതയ്ക്കും അപ്പുറം ശാസ്ത്രം കൊണ്ട് വിശദീകരിക്കാന്‍ കഴിയുന്നതോ ആണോ? അത്തരം പ്രതിഭാസത്തിന് വിശ്വസനീയമായ മനശ്ശാസ്ത്രപരമോ, അതീന്ദ്രിയ മനശ്ശാസ്ത്രപരമോ ആയ വിശദീകരണം നല്‍കപ്പെട്ടാല്‍ അത് സഭയുടെ വിശ്വാസ്യതയെ ബാധിക്കുകയില്ലേ? ഏതെങ്കിലും ഒരു പ്രതിഭാസത്തെ അതിഭൗതികം എന്ന് ഉറപ്പിച്ച് പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ഈ രേഖ ഒന്നും പറയുന്നില്ല. എന്നിരുന്നാലും നല്‍കപ്പെട്ടിരിക്കുന്ന തത്വങ്ങള്‍ അനുസരിച്ച് ഒരു പ്രതിഭാസത്തെ അതിഭൗതികം എന്ന് പ്രഖ്യാപിക്കാന്‍ കഴിയുന്നതാണ്. അതിന് മാര്‍പാപ്പയുടെ പ്രത്യേക നടപടി ആവശ്യമാണ് (നം. 23).

മനുഷ്യാവതാരത്തിന്റെ രഹസ്യത്തിലും ദിവ്യകാരുണ്യത്തിലും ശരിക്കും വിശ്വസിക്കുന്ന ഒരാള്‍ക്ക്, തന്റെ വിശ്വാസത്തെ ഉറപ്പിക്കാന്‍ ദൈവത്തില്‍ നിന്ന് മറ്റ് യാതൊരു അടയാളങ്ങളും ആവശ്യമില്ല. പക്ഷേ ഇതിന് ഒരു ക്രൈസ്തവ വിശ്വാസി തന്റെ ശിശുസമാനമായ വിശ്വാസത്തില്‍ നിന്ന് പക്വമായ വിശ്വാസത്തിലേക്ക് വളരേണ്ടതുണ്ട്.

  • പക്വമായ വിശ്വാസം ജീവിക്കാനുള്ള വിളി

ക്രൈസ്തവവിശ്വാസം യുക്തിഭദ്രമാണെന്നത് സഭയുടെ ബോധ്യമാണ്. അന്ധവിശ്വാസങ്ങളും യുക്തിഹീനമായ അനുഷ്ഠാനങ്ങളും കൊണ്ട് അത് ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയപ്പെടാതിരിക്കാന്‍ സഭയുടെ പ്രബോധനാധികാരം ജാഗ്രത പാലിക്കേണ്ടതുണ്ട്. മതബോധനം നല്‍കാനുമുള്ള ഗൗരവാവഹമായ ഉത്തരവാദിത്വം പ്രാദേശിക മെത്രാന്മാര്‍ക്കുണ്ട്. എത്രതന്നെ ആകര്‍ഷകമായി തോന്നിയാലും സഭയുടെ അംഗീകാരം ഇല്ലാതെ അതിഭൗതിക പ്രതിഭാസത്തെ സംബന്ധിച്ച വാര്‍ത്തകള്‍ വെറുതെ വിശ്വസിക്കാതിരിക്കാന്‍ തക്ക പക്വത വിശ്വാസികള്‍ക്ക് ഉണ്ടാകണം. മെത്രാന്‍ എന്ന നിലയില്‍ ഉണ്ടാകേണ്ട ചുമതലകളെ കുറിച്ച് പൗലോസ് ശ്ലീഹാ തന്റെ ലേഖനങ്ങളില്‍ എഴുതുന്നുണ്ട്. മെത്രാന്‍ 'അന്യൂനമായ വിശ്വാസ സംഹിതയില്‍ പ്രബോധനം നല്‍കണം. അതിനെ എതിര്‍ക്കുന്നവരില്‍ ബോധ്യം ജനിപ്പിക്കാന്‍ കഴിയേണ്ടതിന് താന്‍ പഠിച്ചറിഞ്ഞ സത്യവചനത്തെ മുറുകെ പിടിക്കണം' (തീത്തോസ് 1:9). ജാഗ്രതയോടെ വര്‍ത്തിക്കുക മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുക, ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക എന്ന് പൗലോസ് ശ്ലീഹാ തിമോത്തിയോസിന് എഴുതുന്നു (2 തിമോ. 4:2). അതിഭൗതിക പ്രതിഭാസങ്ങള്‍ എന്ന് ആരോപിക്കപ്പെട്ട ചില സംഭവങ്ങള്‍ സ്വീകരിക്കാനര്‍ഹമെന്ന് അംഗീകരിക്കുന്നതിനുമുമ്പ് പ്രാദേശിക മെത്രാന്മാര്‍ ശരിയായ വിവേചനം നടത്താത്ത ഏതാനും സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നുള്ളതാണ് ദൗര്‍ഭാഗ്യകരം. അക്കാരണത്താല്‍ ഏതെങ്കിലും ഒരു അതിഭൗതിക പ്രതിഭാസം സംബന്ധിച്ച തന്റെ നിഗമനം പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഇക്കാര്യം വിശ്വാസകാര്യാലയത്തെ അറിയിക്കുകയും അംഗീകാരം നേടുകയും ചെയ്യണമെന്ന് ഈ രേഖ മെത്രാന്മാരോട് നിര്‍ദേശിക്കുന്നു.

പൊതുവേ ജനങ്ങള്‍ അത്ഭുതങ്ങള്‍ തേടുന്നവരാണ്. സ്വന്തം ജീവിതങ്ങള്‍ ഉള്‍പ്പെടെ ഈ ലോകത്തിലെ സകലതിന്റെയും ക്ഷണികമായ സ്വഭാവത്തെക്കുറിച്ച് അവബോധമുള്ള മനുഷ്യര്‍ ഈ ലോകത്തിനപ്പുറം നിലനില്‍ക്കുന്നതോ നിത്യമായതോ അതിഭൗതികമായതോ ആയ എന്തിനെയെങ്കിലും തേടുന്നത് സ്വാഭാവികമാണ്. അതിനാല്‍ അത്തരം എന്തെങ്കിലും കാര്യങ്ങള്‍ തങ്ങള്‍ കണ്ടതായി ആരെങ്കിലും അവകാശപ്പെടുകയും അത് അറിയിക്കുകയും ചെയ്യുമ്പോള്‍ ആളുകള്‍ അതില്‍ വിശ്വസിക്കാനാണ് വിശ്വസിക്കാതിരിക്കുന്നതിനേക്കാള്‍ സാധ്യത. ക്രൈസ്തവരെ സംബന്ധിച്ച് ഏറ്റവും വലിയ അത്ഭുതം അഥവാ അതിഭൗതിക പ്രതിഭാസം എന്നത് ദൈവം മനുഷ്യനായി എന്ന യാഥാര്‍ത്ഥ്യവും ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ യഥാര്‍ത്ഥ സാന്നിധ്യവുമാണ്. മനുഷ്യാവതാരത്തിന്റെ രഹസ്യത്തിലും ദിവ്യകാരുണ്യത്തിലും ശരിക്കും വിശ്വസിക്കുന്ന ഒരാള്‍ക്ക്, തന്റെ വിശ്വാസത്തെ ഉറപ്പിക്കാന്‍ ദൈവത്തില്‍ നിന്ന് മറ്റ് യാതൊരു അടയാളങ്ങളും ആവശ്യമില്ല. പക്ഷേ ഇതിന് ഒരു ക്രൈസ്തവ വിശ്വാസി തന്റെ ശിശുസമാനമായ വിശ്വാസത്തില്‍ നിന്ന് പക്വമായ വിശ്വാസത്തിലേക്ക് വളരേണ്ടതുണ്ട്. യുക്തിയും ബോധ്യവുമുള്ള വിശ്വാസമാണത്. അത്തരം ആളുകള്‍ക്ക് മാതാവിന്റെ കരയുന്ന പ്രതിമയോ വിവിധതരം ദിവ്യകാരുണ്യ അത്ഭുതങ്ങളോ അത്യാവശ്യമേയല്ല.

സാധാരണഗതിയില്‍ അസാധ്യം എന്ന് തോന്നിക്കുന്ന സംഭവങ്ങള്‍ സൃഷ്ടിക്കാനുള്ള മനുഷ്യമനസിന്റെ ശക്തി നിഷേധിക്കാനാവില്ല. ഇവയെല്ലാം ദൈവിക വെളിപാടുകളാണെന്ന് വിലയിരുത്തുകയും അതനുസരിച്ച് കൈകാര്യം ചെയ്യുകയും ചിലപ്പോഴെങ്കിലും കച്ചവട ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ കഷ്ടത്തിലാകുന്നത് ക്രൈസ്തവവിശ്വാസങ്ങളുടെ വിശ്വാസ്യതയാണ്. പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് വിശ്വാസകാര്യത്തിന്റെ അധ്യക്ഷന്‍ കാര്‍ഡിനല്‍ ഫെര്‍ണാണ്ടസ് പറഞ്ഞ വാക്കുകള്‍ അതിഭൗതിക പ്രതിഭാസങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നതിനെ കുറിച്ച് നാം ചിന്തിക്കുമ്പോള്‍ വളരെ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞു, 'ഇത്തരം പ്രതിഭാസങ്ങളെ ശ്രദ്ധിക്കാനോ ശ്രദ്ധിക്കാതിരിക്കാനോ വിശ്വാസികളെ സ്വതന്ത്രരായി വിടുകയാണ് വാസ്തവത്തില്‍ സഭ ചെയ്യുന്നത്. വെളിപാട് ദൈവവചനത്തില്‍ സംഭവിച്ചു കഴിഞ്ഞു. ക്രൈസ്തവ ജീവിതത്തിന് ആവശ്യമായതെല്ലാം അതിലുണ്ട്.' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു, 'ഈ അതിഭൗതിക ഇടപെടലുകളെ നാം അംഗീകരിക്കുന്നു. പക്ഷേ അവയെ ശരിയായി വിവേചിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു.' 'എല്ലാറ്റിനെയും പരീക്ഷിച്ചറിയുക, നന്മയെ സംരക്ഷിക്കുക.' ക്രൈസ്തവര്‍ ശിശുസഹജമായ വിശ്വാസത്തില്‍ നിന്ന് പക്വമായി വിശ്വാസത്തിലേക്ക് വളരെയേണ്ടതുണ്ട് അപ്പോള്‍ തങ്ങളുടെ വിശ്വാസം ബോധ്യത്തോടെ പ്രഘോഷിക്കാന്‍ അവര്‍ക്ക് സാധിക്കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org