അതിരറ്റ സ്‌നേഹം, അതീവ സ്‌നേഹം

അതിരറ്റ സ്‌നേഹം, അതീവ സ്‌നേഹം

ആദ്യത്തെ ക്രിസ്മസ് സംഭവിച്ചത് അക്കാലത്തിന്റെ ദേശചരിത്ര-സംസ്‌കാരിക-രാഷ്ട്രീയാധികാര സാഹചര്യത്തിലാണെങ്കിലും അസാധാരണമായ ദൈവിക ഇടപെടലിലാണ് അത് സാധിച്ചതെന്ന് ഓരോ വിശ്വാസിയും തിരിച്ചറിയുന്നു. തന്റെ ഏകജാതനെ ഭൂമിക്കു നല്കാന്‍ തക്കവിധം ലോകത്തെ സ്‌നേഹിച്ച ദൈവത്തിന്റെ സ്‌നേഹതലത്തില്‍ നിന്നുകൊണ്ടാണ് ക്രിസ്മസ് ചിന്തകള്‍ ആരംഭിക്കുന്നത്. ആയതിനാല്‍ ഓരോ ക്രിസ്മസും സ്‌നേഹത്തിന്റെ നിറവിലാണ് ചെന്നെത്തി നില്ക്കുന്നത്. ഭൂമിയോടുള്ള/ലോകത്തോടുള്ള പരമകാരുണികന്റെ സ്‌നേഹമാണ് ഓരോ തിരുപ്പിറവിയിലും പ്രതിഫലിക്കുന്നത്.

സ്‌നേഹഗാഥയായ ക്രിസ്മസില്‍ സംഗീതത്തിന്റെ സാന്നിധ്യം നാമറിയുന്നു. ക്രിസ്മസിനോടനുബന്ധിച്ച് ഗീതങ്ങളും സംഗീതവും വിശുദ്ധ ബൈബിളില്‍ കാണുന്നു. സഖറിയായുടെ ഗീതം, പരിശുദ്ധ മാതാവിന്റെ ഗീതം, എലിസബത്തിന്റെ ഗീതമെന്നിങ്ങനെ ദൈവിക പരിപാലനയുടെ നിറവില്‍ തുളുമ്പി നില്‍ക്കുന്ന പാട്ടുകള്‍ നാം കാണുന്നു. ഈ ഗീതങ്ങളിലെല്ലാം ദൈവത്തില്‍ ആനന്ദിക്കുന്നവരുടെ അനുഭൂതി ഭരിതമായ ആഖ്യാനങ്ങള്‍ കാണാം. എല്ലാവിധമായ വിഭാഗീയതകളെയും ആധിപത്യങ്ങളെയും അട്ടിമറിക്കുന്ന ദൈവികപദ്ധതിയെ സ്തുതിക്കുന്ന അംശങ്ങളുണ്ട്. ഹൃദയ വിചാരത്തില്‍ അഹങ്കരിക്കുന്നവരെയും ശക്തരെയും നിഷ്പ്രഭമാക്കുന്ന ദൈവിക ഇടപെടലിന്റെ സ്വരം കൊണ്ട് ഈ ഗീതങ്ങള്‍ നിര്‍ഭരമാണ്. വിശക്കുന്നവര്‍ക്കും ബലഹീനര്‍ക്കും എളിമ മാനസ്സര്‍ക്കും സന്തോഷം നല്കുന്ന അനുഭവമായിട്ടാണ് ഭൂമിയിലേക്ക് ദൈവം അവതരിച്ചത്. സംഗീതത്തിന്റെ സൗന്ദര്യം അതിന്റെ ലയത്തിലാണ്. ഭാവരാഗതാളലയം എന്നൊക്കെയും പറയാറുണ്ട്. തിരുപ്പിറവിയോടനുബന്ധിച്ചുള്ള ഗീതങ്ങളിലെല്ലാം ഭൂമിയിലെങ്ങനെയാണ് ലയപൂര്‍ണ്ണമായ സാമൂഹ്യാവസ്ഥ നഷ്ടമാകുന്നതെന്നതിന്റെ ചിത്രങ്ങളുണ്ട്. മാനവരാശിയെ പലതട്ടിലാക്കുന്ന ആധിപത്യങ്ങളെയും ചൂഷണങ്ങളെയും അഴിച്ചുപണിയുന്ന വിശക്കുന്നര്‍ക്കും പീഡിതര്‍ക്കും തൃപ്തിയും വിഭൂതിയും ലഭിക്കുന്ന അനുഭവമായിട്ടാണ് 'ദൈവകൃപനിറഞ്ഞവളായ' ദൈവപുത്രന്റെ അമ്മ ദൈവികപദ്ധിയെക്കുറിച്ച് പാടുന്നത്. അതേ ക്രിസ്മസ് നിരപ്പാകലിന്റെ അനുഭവമാണ്.

മാലാഖമാരുടെ സംഗീതത്തില്‍ ''സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു'' എന്ന സന്ദേശമാണ് ആട്ടിടയന്മാരോടു വിനിമയം ചെയ്തത്. ഏതെങ്കിലും ഒരു പരിമിത സമൂഹത്തിന്റെ സന്തോഷമല്ല തിരുപ്പിറവി. സകലജനത്തിനുമുള്ള സന്തോഷമാണ് ദിവ്യജനനത്തിലൂടെ ലോകത്തെ സ്‌നേഹിച്ച ദൈവം പങ്കുവച്ചത്. ആ സന്തോഷത്തില്‍ ദരിദ്രരുടെ സന്തോഷവും ബന്ധനസ്ഥരുടെ വിടുതിയും ചൂഷിതര്‍ക്കുള്ള സാന്ത്വനവും ഉണ്ടായിരുന്നു. ദൈവപുത്രന്റെ പ്രബോധനത്തിലുടനീളം സമത്വത്തിന്റെ സുവിശേഷം ഉള്ളടങ്ങിയിട്ടുണ്ട്. സന്തോഷം ആത്മാവിന്റെ പ്രകാശനമാണ്. അതു പരതന്ത്ര വ്യവസ്ഥയില്‍ / ഘടനയില്‍ അസാധ്യമാണ്. വെട്ടിപ്പിടിക്കലുകള്‍ക്കും, വാരിക്കൂട്ടുന്ന സമ്പത്തിനും നല്കാനാവാത്ത ആത്മീയസന്തോഷമാണ് ലോകത്തിനായി മാലാഖമാര്‍ പാടിയ സന്ദേശത്തില്‍ / ഗീതത്തില്‍ ഉള്ളത്.

സ്വര്‍ഗീയ സൈന്യവ്യൂഹത്തിന്റെ പാട്ടില്‍ ''ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം'' എന്ന സന്ദേശമുണ്ട്. ദൈവകൃപ ലഭിച്ചവര്‍ക്ക് എന്നും സന്മനസ്സുള്ളവര്‍ക്ക് എന്നും പ്രയോഗിച്ചു കാണുന്നു. അതേ, സന്മനസ്സാണ് ക്രിസ്മസ് അനുഭവത്തെ നല്കുന്നത്. തിന്നും കുടിച്ചും മദിച്ചും ക്രിസ്മസ് ദിനം നിറഞ്ഞു തുളുമ്പുമ്പോള്‍ ദരിദ്രരെയും ബലഹീനരെയും നാമോര്‍ക്കുന്നുണ്ടെങ്കില്‍ സന്മനസ്സിന്റെ ലോകത്തിലാണ് നാം നിലനില്‍ക്കുന്നത്. ദരിദ്രരോടു പക്ഷം പിടിക്കുന്ന വചനമാണ് മനുഷ്യപുത്രന്‍ ഈ ഭൂമിക്കു നല്കിയത്. നമ്മുടെ ഇടങ്ങളിലേക്ക് ഇല്ലായ്മക്കാരെയും ദുര്‍ബലരെയും ചേര്‍ത്തുപിടിക്കുമ്പോള്‍ നമ്മളും സന്മസ്സിന്റെ ഉടമകളാണെന്നു തിരിച്ചറിയുന്നു. ഈ സന്മനസ്സ് ഉള്ളപ്പോള്‍ മാത്രമേ സമാധാനത്തില്‍ ജീവിക്കാനാവൂ. വിരോധവും വെറുപ്പും ചൂഷണമനോഭാവങ്ങളും നിര്‍ത്തിക്കളഞ്ഞാല്‍ മാത്രമേ ദൈവിക സമാധാനത്തിന്റെ ശാദ്വലഭൂമിയിലേക്കു നമുക്കു കാലെടുത്തു വയ്ക്കാനാകൂ. ഓരോ ക്രിസ്മസും സ്‌നേഹത്തിന്റെ ലോകമാണ് നമുക്കു മുമ്പില്‍ തുറന്നു വയ്ക്കുന്നത്. ഭൂമിയെ സ്‌നേഹിച്ച ദൈവമാണ് ക്രിസ്മസിന്റെ ആധാരം - സ്‌നേഹം, സംഗീതം, സന്തോഷം, സമാധാനം എന്നിവയുടെ ലയപൂര്‍ണ്ണമായ അനുഭവമാണ് ഓരോ ക്രിസ്മസും നമ്മോടു വിനിമയം ചെയ്യുന്നത്. ശ്രുതിഭംഗം വരാത്ത സംഗീതവും മനസ്സിനെ നിറയ്ക്കുന്ന സന്തോഷവും സമാധാനവും നിരുപാധികസ്‌നേഹത്തില്‍ ജീവിക്കുമ്പോഴേ നമുക്കു ലഭിക്കൂ. അതാണ് ക്രിസ്മസ് രഹസ്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org