പരീക്ഷകള്‍ ജീവിതത്തിന്റെ അവസാന വാക്കല്ല

പരീക്ഷകള്‍ ജീവിതത്തിന്റെ അവസാന വാക്കല്ല

പരീക്ഷകളിലെ തോല്‍വിയെ തുടര്‍ന്നുള്ള ആത്മഹത്യകള്‍ക്ക് കുറവ് വന്നിട്ടുണ്ടെങ്കിലും വിദ്യാര്‍ത്ഥിസമൂഹം പരീക്ഷാഭയത്തില്‍ നിന്ന് ഇപ്പോഴും മുക്തമല്ലെന്നു വ്യക്തമാക്കുന്നതാണ് പ്ലസ്ടു പരീക്ഷാ തോല്‍വിയെ തുടര്‍ന്ന് തൃശൂരില്‍ നടന്ന ആത്മഹത്യ. തൃശൂര്‍ പട്ടേപാടത്തെ പതിനെട്ടുകാരിയാണ് 2021-22 വര്‍ഷ പ്ലസ്ടു പരീക്ഷയില്‍ തോറ്റതിന്റെ മനോ വിഷമത്തില്‍ തൂങ്ങിമരിച്ചത്. പ്ലസ്ടുഫലം ഓണ്‍ലൈനില്‍ പരിശോധിച്ച ശേഷം ഈ കുട്ടി വെള്ളാങ്കല്ലൂരിലെ ജോലിസ്ഥലത്തുള്ള മാതാവിനെ വിളിച്ചു കരഞ്ഞിരുന്നുവത്രെ. അല്‍പ്പം കഴിഞ്ഞ് അമ്മ മകളെ ആശ്വസിപ്പിക്കാനായി തിരിച്ചുവിളിച്ചപ്പോള്‍ മറുപടി ലഭിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2019-ലാണ് പ്ലസ്ടു പരീക്ഷയില്‍ തോറ്റതിന് മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥിനി സ്വയം തീകൊളുത്തിയത്. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ വിദ്യാര്‍ത്ഥിനി പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് മരണത്തിന് കീഴടങ്ങി.

സ്വയം ജീവനൊടുക്കാനുള്ള അവിവേകം കാണിക്കുന്നില്ലെങ്കിലും പരീക്ഷകളില്‍ തോറ്റതിനും ഗ്രേഡ് കുറഞ്ഞതിനും സ്വയം പഴിച്ച് വിഷാദചിത്തരായി കഴിയുന്ന വിദ്യാര്‍ത്ഥികള്‍ നിരവധിയുണ്ട്. മറ്റുള്ളവരുടെ മുമ്പില്‍ മോശക്കാരനാകുമല്ലോ എന്നു കരുതി ഒളിച്ചോടുന്നവരുമുണ്ട്. ഒരു പരീക്ഷയില്‍ തോല്‍ക്കുമ്പോഴേക്കും ജീവിതം തന്നെ നഷ്ടമായി എന്ന് കരുതുന്ന വിദ്യാര്‍ത്ഥികളും ഉന്നത വിജയത്തിനായി പരീക്ഷയെ ചൂണ്ടി പേടിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന മാതാപിതാക്കളും സ്ഥിരം കാഴ്ചയാണ്.

തന്റെ കുട്ടി എല്ലാറ്റിലും ഒന്നാമത് എത്തണമെന്നാണ് ഓരോ രക്ഷിതാവിന്റെയും ആഗ്രഹം. രണ്ടാമതെത്തിയാല്‍ വലിയ പ്രയാസമാണ്. പരാജയം ഓര്‍ക്കാനേ പറ്റില്ല. എല്‍കെജിയില്‍ പഠിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ പോലും മാതാപിതാക്കള്‍ക്ക് ടെന്‍ഷനാണ്. കുട്ടിയുടെ അഭിരുചിയറിയാതെ മറ്റുള്ളവരെ പോലെ തന്റെ മകനും മകളും ഉയര്‍ന്ന ജോലികളില്‍ കയറിപ്പറ്റണമെന്നാ ഗ്രഹിക്കുന്നവരാണ് രക്ഷിതാക്കളില്‍ ഏറിയ പങ്കും. വിദ്യാഭ്യാസം ജോലിക്കു വേണ്ടിയെന്ന സാമൂഹിക കാഴ്ചപ്പാടാണ് ഇതിനു കാരണം.

മക്കളുടെ ഭാവി നിര്‍ണയത്തിലും തോല്‍വികളില്‍ തളരാതെ മുന്നോട്ടു പോ കാന്‍ അവരെ പ്രാപ്തരാക്കു ന്നതിലും രക്ഷിതാക്കള്‍ക്കു വലി യ പങ്കുണ്ട്. മക്കളെ അവരുടെ കഴിവിനും അഭിരുചിക്കും ഇഷ്ടത്തിനുമൊത്ത് വളര്‍ത്തണം. അവരില്‍ ഇല്ലാത്ത കഴിവിനെ വളര്‍ത്താന്‍ ശ്രമിച്ചാല്‍, പഠനത്തിനു സ്വയം താത്പര്യമില്ലാത്ത മേഖല തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിച്ചാല്‍ വിപരീത ഫല മുളവാക്കിയെന്നു വരാം. ഏത് ജോലിക്കും അതിന്റേതായ മഹത്വമുണ്ടെന്ന് കുട്ടികളും രക്ഷിതാക്കളും മനസ്സിലാക്കണം. ജോലി ലഭിക്കുന്നതിനുള്ള ഒരു ഉപാധിയെന്നതിലപ്പുറം വിദ്യാഭ്യാസത്തെ വ്യക്തിവികാസത്തിനും സ്വയം കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതിനുമുള്ള ഉപാധിയായി കാണേണ്ടതാണ്. മത്സരലോകത്താണ് ഇന്നത്തെ തലമുറ വളര്‍ന്നു കൊണ്ടിരിക്കുന്നത്. ചെറിയൊരു പരാജയം മതി അവരെ തളര്‍ത്താന്‍.

കുട്ടികള്‍ക്ക് ചെറുപ്പത്തിലേ വലിയ സൗകര്യങ്ങള്‍ നല്‍കി, മികച്ച സൗകര്യങ്ങളുള്ള സ്‌കൂളില്‍ അയക്കുന്നവരാണ് രക്ഷിതാക്കളില്‍ പലരും. ജീവിതത്തില്‍ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിക്കാനുള്ള അവസരം അവര്‍ക്ക് നല്‍കാറില്ല. ഭാവിയില്‍ ചെറിയ പരാജയങ്ങള്‍ പോലും സഹിക്കാനും ഏറ്റുവാങ്ങാനുമുള്ള മാനസിക വികാസമുണ്ടാകില്ല ഇത്തരം കുട്ടികള്‍ക്ക്. അതുകൊണ്ട് കുട്ടികള്‍ക്ക് ഇടയ്ക്കിടെ തോല്‍വിയുടെ അനുഭവം സൃഷ്ടിക്കണമെന്നാണ് മനഃശാസ്ത്രജ്ഞരുടെ പക്ഷം.

മക്കളെ ഒരിക്കലും വിജയം മാത്രം പഠിപ്പിക്കരുത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ മകന്റെ അധ്യാപകനയച്ചകത്തില്‍ അധ്യാപകനോട് പറയുന്നതിങ്ങനെയാണ്. 'അവനെ പഠിപ്പിക്കുക; തോല്‍വികള്‍ അഭിമുഖീകരിക്കാന്‍, വിജയങ്ങള്‍ ആസ്വദിക്കാനും.'

നമ്മളും പഠിപ്പിക്കണം, മക്കളെ തോല്‍വികളെ അഭിമുഖീകരിക്കാന്‍. എങ്കില്‍ പരീക്ഷകളില്‍ തോറ്റതിന് ഒരു കയറിന്റെ തുണ്ടിലോ രണ്ട് തുള്ളി വിഷത്തിലോ ജീവനൊടുക്കുന്ന സ്ഥിതിവിശേഷമുണ്ടാകുകയില്ല.

തോറ്റവന്‍, അല്ലെങ്കില്‍ തോറ്റവളെന്നത് ഒരു സ്ഥിരം ലേബലല്ല. ചില ഘട്ടങ്ങളില്‍ ആര്‍ക്കും സംഭവിക്കാവുന്ന ഒരവസ്ഥ മാത്രമാണത്. എല്ലായ്‌പ്പോഴും എല്ലാ കാര്യങ്ങളിലും വിജയിക്കാന്‍ കഴിയണമെന്നില്ല, പരീക്ഷകളില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്നവര്‍ ജീവിതത്തില്‍ വിജയിക്കണമെന്നുമില്ല. തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്. അത്തരം ഘട്ടങ്ങള്‍ സമചിത്തതയോടെ കൈകാര്യം ചെയ്താല്‍ ഒരുപക്ഷേ ഭാവിയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച നേട്ടം കൈവരിക്കാനായേക്കാം.

തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്തി മറികടക്കാന്‍ ശ്രമിക്കുന്നവര്‍ സ്ഥിരമായി വിജയിക്കുന്നവരേക്കാള്‍ നന്നായി മുന്നിലെത്തിയ ചരിത്രങ്ങള്‍ എമ്പാടുമുണ്ട്. തോല്‍വി വിജയത്തിലേക്കുള്ള ചവിട്ടുപടിയെന്നാണല്ലോ. ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞന്മാരില്‍ പ്രമുഖനും ആപേക്ഷിക സദ്ധാന്തത്തിന്റെ ഉപജ്ഞാതാവുമായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ചരിത്രം നമ്മുടെ മുമ്പിലുണ്ട്. ക്ലാസ്സില്‍ പഠനത്തില്‍ ഏറ്റവും പിന്നാക്കമായതിനാല്‍ 'നിനക്കു ബുദ്ധിയില്ലെന്ന അധ്യാപകന്റെ അധിക്ഷേപം കേട്ട വിദ്യാര്‍ത്ഥിയായിരുന്നു ചെറുപ്പത്തില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. ആ അധിക്ഷേപത്തില്‍ തളരാതെ മുന്നോട്ട് പോയതുകൊണ്ടാണ് പിന്നീടദ്ദേഹത്തിന് ലോകത്തിന്റെ നെറുകയില്‍ എത്താനായത്.

ഗുജറാത്തിലെ ഭറൂച് ജില്ലാ കലക്ടറായ തുഷാര്‍ മേത്തയുടെ കഥ അടുത്തിടെയാണ് മാധ്യമങ്ങളില്‍ വന്നത്. പത്താം ക്ലാസ്സില്‍ ഗണിതത്തിന് 100-ല്‍ 36, ഇംഗ്ലീഷിന് 35, സയന്‍സിന് 38 എന്നിങ്ങനെയാണ് അദ്ദേഹത്തിനു ലഭിച്ച മാര്‍ക്കുകള്‍, അക്കാദമിക് തലത്തില്‍ ഇത്ര താഴ്ന്ന നിലവാരം പുലര്‍ത്തിയ അദ്ദേഹത്തിന് ജീവിതത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് വിധിയെഴുതിയതാണ് സ്‌കൂള്‍ അധികൃതരും നാട്ടുകാരും. അദ്ദേഹം പക്ഷേ നിരാശനാകാതെ പഠനം തുടരുകയും യുപിഎസ്‌സി പരീക്ഷ വിജയിച്ച് 2012-ല്‍ ഐഎഎസ് നേടുകയുമായിരുന്നു.

പരീക്ഷകള്‍ ജീവിതത്തിന്റെ അവസാനമല്ലെന്നും ജീവിതം നീണ്ടു കിടക്കുന്നതാണെന്നുമുള്ള അവബോധത്തോടെ മുന്നേറാനുള്ള മനക്കരുത്തും ദൃഢനിശ്ചയവുമാണ് വിജയത്തിന്റെ ആണിക്കല്ല്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org