
മോണ്‍. ഡോ. പോള്‍ മുണ്ടോളിക്കല്‍
വികാരി ജനറാള്‍, മാനന്തവാടി രൂപത
വളരെ വിശാലമായിരുന്ന തലശ്ശേരി രൂപതയുടെ വടക്കു ഭാഗത്ത് കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടന്നിരുന്ന വലിയൊരു പ്രദേശം ഉള്‍ക്കൊള്ളുന്നതാണ് 1973 മെയ് മാസം 1-ാം തീയതി ഉദ്ഘാടനം ചെയ്യപ്പെട്ട മാനന്തവാടി രൂപത. ഭാഷകളുടെയും സംസ്‌കാര ങ്ങളുടെയും വൈവിധ്യത്തോ ടൊപ്പം ഈ ഭൂവിഭാഗത്തെ സാമ്പത്തിക പിന്നോക്കാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും രൂപതയുടെ സര്‍വതോന്മുഖമായ പുരോഗതിയെ തടസ്സപ്പെടുത്തുന്നവയായിരുന്നു. എങ്കിലും ദൈവപരിപാലനത്തില്‍ ആശ്രയിച്ചുകൊണ്ട് രൂപതയുടെ സ്വര്‍ഗീയ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായം തേടി തൂങ്കുഴി പിതാവ് തന്റെ ഇടയദൗത്യം ഏറ്റെടുത്തു. മാനന്ത വാടി രൂപതയിലെ ദൈവജനത്തെ മാത്രമല്ല, ഈ രൂപതാതിര്‍ത്തിയി ലുള്ള ജാതി മതഭേദമെന്യേ സകല മനുഷ്യരുടെയും സമുദ്ധാരണം ലക്ഷ്യമാക്കിയാണ് പിതാവ് രൂപതയുടെ അജപാലന കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കിയത്.
22 വര്‍ഷക്കാലം രൂപതയെ നയിച്ച തൂങ്കുഴി പിതാവ് ഇവിടെ നിന്നും താമരശ്ശേരി രൂപതാധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ യാത്രയായപ്പോഴേ ക്കും മാനന്തവാടി രൂപത എല്ലാ രംഗങ്ങളിലും അദ്ഭുതാവഹമായ പുരോഗതി നേടിയിരുന്നു.
1986-ല്‍ തൂങ്കുഴി പിതാവിന്റെ സെക്രട്ടറിയായി സേവനം ആരംഭിച്ചതു മുതല്‍ പിതാവുമായി അവസാനം വരെ വ്യക്തിബന്ധം പുലര്‍ത്താന്‍ എനിക്ക് സാധിച്ചി ട്ടുണ്ട്. മെത്രാനെന്ന നിലയില്‍ തന്റെ രൂപതയിലെ വൈദികര്‍, വൈദിക വിദ്യാര്‍ഥികള്‍, സന്യ സ്തര്‍, ദൈവജനം എന്നിവരോ ടൊപ്പം പൊതുസമൂഹത്തോടും വളരെ നല്ല വ്യക്തിബന്ധം സ്ഥാപി ക്കാന്‍ സാധിച്ചത് പിതാവിന്റെ സവിശേഷതയാണ്. ഇതിനെല്ലാം അടിസ്ഥാനമായി രുന്നത് പിതാവിന്റെ ആഴമായ ദൈവവിശ്വാസവും പ്രാര്‍ഥനാ ജീവിതവുമാണ്. അപ്പസ്‌തോല നായിരുന്ന വി. പൗലോസിന്റെ ആത്മനൊമ്പരം വെളിപ്പെടു ത്തുന്ന വാക്കുകളില്‍ നിന്ന് ''ക്രിസ്തു നിങ്ങളില്‍ രൂപപ്പെടു ന്നതുവരെ'' (ഫിലി. 4:19) എന്നതാണ് തൂങ്കുഴി പിതാവ് തന്റെ ആപ്തവാക്യമായി സ്വീകരിച്ചത്.
സീറോ മലബാര്‍ സഭയില്‍ ആരാധനക്രമ നവീകരണ രംഗത്ത് വത്തിക്കാന്‍ കൗണ്‍സിലിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുവര്‍ത്തിക്കപ്പെടണമെന്ന കാര്യത്തില്‍ തൂങ്കുഴി പിതാവിന് പ്രത്യേക നിഷ്‌കര്‍ഷയുണ്ടായിരുന്നു.
ഈ വാക്കുക ളോട് പരമാവധി നീതിപുലര്‍ ത്തുന്ന വിധമായിരുന്നു പിതാവിന്റെ ഇടയധര്‍മ്മ നിര്‍വഹണം. മെത്രാനായശേഷം രൂപതയിലെ ദൈവജന ത്തെ അഭിസംബോധന ചെയ്ത് എഴുതിയ ആദ്യ ഇടയലേഖനത്തില്‍ പിതാവ് ആഹ്വാനം ചെയ്തു: ''ഇടവകയെ ക്രിസ്തുവിന്റെ സ്‌നേഹത്താല്‍ ഒന്നിപ്പിക്കപ്പെട്ട ദൈവജന ത്തിന്റെ കുടുംബമാക്കിത്തീര്‍ക്കുന്നതാകട്ടെ നമ്മുടെ വൈദികരുടെയും സന്യാസിനീ സന്യാസികളുടെയും ഇടവകാംഗങ്ങളുടെയും സവിശേഷമായ കര്‍മ്മപദ്ധതി.'' വൈദിക രോടും വൈദിക വിദ്യാര്‍ഥികളോടും സന്യ സ്തരോടും പിതൃസഹജമായ വാത്സല്യവും വ്യക്തിബന്ധവും പിതാവിനുണ്ടായിരുന്നു. അതിനാല്‍ തന്നെ രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങളിലും നാടിന്റെ പൊതുവായ ഉന്നമനത്തിനുമുള്ള എല്ലാ സംരംഭങ്ങളിലും ഇവരുടെ ആത്മാര്‍ഥമായ സഹകരണം അദ്ദേഹത്തിന് ലഭിച്ചിരുന്നു.
മാനന്തവാടി രൂപതയില്‍പ്പെടുന്ന പൊതു സമൂഹത്തിന്റെ ഉന്നമനത്തിനായി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (W.S.S.S.) എന്ന പേരില്‍ സാമൂഹ്യസേവന പ്രവര്‍ത്തന ങ്ങള്‍ക്കു രൂപം നല്‍കി. ഗോത്ര വര്‍ഗക്കാര്‍ വളരെ യധികമുള്ള വയനാട്ടില്‍ അവരെ സമുദ്ധരിക്കുന്ന തിനുവേണ്ടിയുള്ള നിരവധി സേവനരംഗങ്ങള്‍ രൂപത യുടെ ആരംഭം മുതലേ ഉണ്ടായിരുന്നു. 1978-ല്‍ തിരുനെല്ലിയിലെ ഗോത്ര വര്‍ഗക്കാരുടെയിടയില്‍ പകര്‍ച്ചവ്യാധിയും പട്ടിണി മരണവുമുണ്ടായപ്പോള്‍ അവരെ സഹായിക്കാന്‍ ആരും ഇല്ലാതിരുന്നതിനാല്‍ തൂങ്കുഴി പിതാവ് ഈ അവസഥ മനസ്സിലാക്കി സാമൂഹ്യ സേവന വിഭാഗത്തിന്റെ ഒരു ടീമിനെ അയച്ച് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചത് പ്രത്യേകം സ്മരിക്കുന്നു. കൂടാതെ, വയനാട്ടിലും രൂപതയുടെ മറ്റുഭാഗ ങ്ങളിലും അടിസ്ഥാന സൗകര്യങ്ങളായ റോഡുകള്‍, കുടിവെള്ളം എന്നിവയോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്ന തിനും പൊതുസമൂഹത്തെ സംഘടിപ്പിക്കുന്ന തിനും നേതൃത്വം നല്‍കാന്‍ പിതാവിന് സാധിച്ചു. അക്കാലത്തെ ജനങ്ങളുടെ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കാ നുള്ള വിവിധങ്ങളായ പദ്ധതികളും സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നവയായിരുന്നു.
ദൈവജനത്തിന്റെ ആധ്യാത്മിക പുരോഗതിക്കുവേണ്ടി രൂപതാതലത്തില്‍ ബൈബിള്‍ കണ്‍വെന്‍ഷനുകളും ഇടവക കളില്‍ ധ്യാനങ്ങളും നടത്തുന്നതിന് പിതാവ് പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. രൂപത കേന്ദ്രത്തില്‍ നിരന്തരം പ്രാര്‍ഥനയുടെ ഒരു ഭവനമായി സിയോന്‍ ചാപ്പലും പിന്നീട് സിയോന്‍ ധ്യാനകേന്ദ്രവും ആരംഭിച്ചത് അനേകരെ മാനസാന്തരത്തിലേക്കും ജീവിത നവീകരണത്തിലേക്കും നയിച്ചിട്ടുണ്ട്. കേരള ത്തില്‍ ആദ്യമായി ഒരു രൂപതയുടെ ആഭിമുഖ്യ ത്തില്‍ ധ്യാനകേന്ദ്രം ആരംഭിച്ചത് തൂങ്കുഴി പിതാവിന്റെ കാലത്ത് മാനന്തവാടിയിലായിരു ന്നുവെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. വിശുദ്ധ കുര്‍ബാനയുടെ സന്നിധിയില്‍ അനുദിനം വളരെ സമയം പ്രാര്‍ഥനയ്ക്കായി നീക്കിവച്ചിരുന്ന പിതാവ് ജപമാലഭക്തിയും വളരെയേറെ പ്രോത്സാഹിപ്പിച്ചിരുന്നു.
സീറോമലബാര്‍സഭയില്‍ ആരാധനക്രമ നവീകരണ രംഗത്ത് വത്തിക്കാന്‍ കൗണ്‍സി ലിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുവര്‍ത്തിക്ക പ്പെടണമെന്ന കാര്യത്തില്‍ തൂങ്കുഴി പിതാവിന് പ്രത്യേക നിഷ്‌കര്‍ഷയുണ്ടായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആരാധനക്രമ ത്തെ സംബന്ധിക്കുന്ന പ്രമാണ രേഖയില്‍, ആരാധനക്രമ നവീകരണത്തില്‍, ''പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതോടൊപ്പം, ദൈവശാസ്ത്രപരവും അജപാലനപരവുമായ പരിഗണനകളും കാലാനുസൃതമായ നവീകരണവും'' (ആരാധനക്രമം, ഖണ്ഡിക കള്‍ 23-24) മാനദണ്ഡങ്ങളായിരിക്കണ മെന്ന് പഠിപ്പിക്കുന്നുണ്ടല്ലോ. കത്തോലിക്കാ സഭയുടെ ഈ പ്രബോധനത്തെ ആധാര മാക്കി തന്റെ വീക്ഷണം വ്യക്തമാക്കുന്നതിന് പിതാവ് പരിശ്രമിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും സഭയുടെ പൊതുവായ അജപാലന നയരൂപീകരണത്തിലും പരിശുദ്ധാരൂപിയോട് തുറവിയുള്ള ഒരു മനസ്സായിരുന്നു തൂങ്കുഴി പിതാവിന്റേത്.
ദൈവജനത്തെ മാത്രമല്ല, പൊതുസമൂഹ ത്തെയും ബാധിക്കുന്ന മദ്യപാനം, കുടുംബ കലഹങ്ങള്‍, ദാരിദ്ര്യം ഇവ പരിഹരിക്കുന്ന തിനും ദൈവവിശ്വാസത്തിലും പ്രാര്‍ഥന യിലും അടിയുറച്ച ഉത്തമകുടുംബങ്ങള്‍ രൂപപ്പെടുത്തുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനും ഉതകുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതോ ടൊപ്പം ഇടയലേഖനങ്ങളിലൂടെ ഇവയുടെ പ്രാധാന്യത്തെ നിരന്തരം ഓര്‍മ്മപ്പെടുത്തു ന്നതിനും പിതാവ് ശ്രദ്ധിച്ചിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തി നായുള്ള പദ്ധതികള്‍ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്കുവഹിക്കുന്നവ യാണ്. രൂപതയുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തി നടപ്പാക്കുന്നതിലും പിതാവ് ജാഗ്രത പുലര്‍ത്തിയിരുന്നു. ഇവയുടെയെല്ലാം ഫലമായി ആത്മീയമായും ഭൗതികമായും മാനന്തവാടി രൂപതയ്ക്ക് ഇന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ പുരോഗതിക്കും ഉറച്ച അടിസ്ഥാനമിടുന്നതിന് രൂപതയുടെ സ്ഥാപകനായ അഭിവന്ദ്യ തൂങ്കുഴി പിതാവിന് സാധിച്ചു.
വലിയ കടപ്പാടോടുകൂടിയാണ് മാനന്തവാടി രൂപതയിലെ ദൈവജനം പിതാവിനെ അനുസ്മരിക്കുന്നത്. ദൈവം ഭരമേല്പിച്ച ഇടയദൗത്യം താമരശ്ശേരിയിലും തൃശ്ശൂര്‍ അതിരൂപതയിലും പൂര്‍ത്തിയാക്കി നിത്യസമ്മാനത്തിനായി ദൈവസന്നിധിയിലേക്ക് യാത്രയായിരിക്കുന്ന അഭിവന്ദ്യ പിതാവിന് കാരുണ്യവാനായ ദൈവം നിത്യസൗഭാഗ്യം നല്കി അനുഗ്രഹിക്കണമേ എന്നാണ് ദൈവജനത്തിന്റെ പ്രാര്‍ഥന. കണ്ടുമുട്ടിയവര്‍ക്കെല്ലാം ആര്‍ദ്രമായ സ്‌നേഹത്തിന്റേയും ഔപചാരികതകളില്ലാത്ത സുതാര്യമായ വ്യക്തിത്വത്തിന്റേയും ദീപ്തമായ ഓര്‍മ്മകള്‍ നല്‍കിയ അഭിവന്ദ്യ ജേക്കബ് തൂങ്കുഴി പിതാവിന് അഭിവാദ്യങ്ങള്‍!