വിശുദ്ധ കുര്‍ബാനയുടെ ജോര്‍ജ് കരിന്തോളിലച്ചന്‍

വിശുദ്ധ കുര്‍ബാനയുടെ ജോര്‍ജ് കരിന്തോളിലച്ചന്‍
Published on

വിശുദ്ധ കുര്‍ബാനയുടെ ഉപാസകനും എം സി ബി എസ് സഭാംഗവും ലോകം അറിഞ്ഞ പ്രസിദ്ധനായ ധ്യാന ഗുരുവും കൗണ്‍സിലിംഗിലൂടെ ആയിരക്കണക്കിന് ആളുകള്‍ക്ക് ആശ്രയവും എം സി ബി എസ് സഭയുടെ ജനറാളുമായിരുന്ന ബഹു. ജോര്‍ജ് കരിന്തോളില്‍ അച്ചന്‍ സെപ്റ്റംബര്‍ 18 ന് നിത്യതയിലേക്ക് യാത്രയായി എന്ന വാര്‍ത്ത എം സി ബി എസ് സഭയെയും ജോര്‍ജ് അച്ചനെ അറിയാവുന്ന ആയിരക്കണക്കിന് വിശ്വാസികളെയും നിരാലംബരായ നിരവധി ആളുകളെയും ഏറെ ദുഃഖത്തിലാഴ്ത്തി. വിശുദ്ധനായ ഒരു വൈദികനെ, സ്‌നേഹിതനായ ഒരു സഭാംഗത്തെ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് എം സി ബി എസ് സഭാഗങ്ങളും, ഞങ്ങളുടെ വേദനകളില്‍ ആശ്വാസമായിരുന്ന, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം പറഞ്ഞുതന്നിരുന്ന ഈശോയുടെ പ്രതിരൂപമായ ജോര്‍ജ് അച്ചന്‍ തങ്ങളെ വിട്ടുപോയെന്ന് വിശ്വാസികളും, ഏതൊരു ആവശ്യത്തിലും സഹായമായിരുന്ന കാലടി ആശ്രമത്തിലെ ആ വല്യച്ചന്‍ ഞങ്ങള്‍ക്ക് നഷ്ടമായല്ലോ എന്ന് നിരാലംബരായ നൂറുകണക്കിനാളുകളും ഒരുപോലെ മനസ്സില്‍ പറഞ്ഞ ദിവസം. ഇതിന്റെ കൂടെ അവര്‍ കൂട്ടിച്ചേര്‍ത്തു; 'ഈ അച്ചന്‍ ഒരു വിശുദ്ധനായിരുന്നു, ഇനിമുതല്‍ ഈ അച്ചനോട് നമുക്ക് പ്രാര്‍ത്ഥിക്കാം.'

കോതമംഗലം രൂപതയില്‍ കൊടുവേലി ചെറുപുഷ്പ ഇടവകയിലെ കരിന്തോളില്‍ കുടുംബത്തില്‍ വര്‍ക്കിസാറിന്റെയും ത്രേസ്യാമ്മയുടെയും ഏഴു മക്കളില്‍ രണ്ടാമനായി 1953 ല്‍ ജോര്‍ജ് ജനിച്ചു. 1969 ല്‍ ദിവ്യകാരുണ്യ മിഷനറി സഭയില്‍ പ്രവേശിച്ച്, 1972 ല്‍ പ്രഥമ വ്രതവാഗ്ദാനം ചെയ്തു. 1978 ല്‍ കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ചു. പല ഇടവകകളിലും അസിസ്റ്റന്റ് വികാരിയായും വികാരിയായും അച്ചന്‍ സേവനം ചെയ്തു. എം സി ബി എസിന്റെ കൊല്ലാട് മൈനര്‍ സെമിനാരി, ആലുവ സ്റ്റഡി ഹൗസ്, ഇല്ലിത്തോട് സന്നിധാന ആശ്രമം, അതിരമ്പുഴ ലിസ്യു മൈനര്‍ സെമിനാരി, കരിമ്പാനി ദിവ്യകാരുണ്യ ആശ്രമം, താന്നിപ്പുഴ ദിവ്യകാരുണ്യ ധ്യാനകേന്ദ്രം എന്നീ ഭവനങ്ങളില്‍ മാതൃക നിറഞ്ഞ ജീവിതം അച്ചന്‍ കാഴ്ചവച്ചു. ഇതിനിടയില്‍ എം സി ബി എസ് ന്റെ കൗണ്‍സിലറായും പിന്നീട് സഭയുടെ ജനറാളായും (2002-2008) സഭയെ നയിച്ചു.
  • ആശ്വാസമായിരുന്ന ജോര്‍ജ്ജച്ചന്‍:

അച്ചന്റെ മരണവാര്‍ത്ത അറിഞ്ഞ ഉടനെ എല്ലാവരും മനസ്സില്‍ പറഞ്ഞതും പരസ്പരം പങ്കുവച്ചതും ഇതാണ്, 'ഞങ്ങള്‍ ഇനി സങ്കടങ്ങള്‍ ആരോട് പറയും... ആര് ഞങ്ങള്‍ക്ക് ആശ്വാസമാകും.'

ജീവിതത്തിന്റെ വേദനകളുമായി വരുന്നവര്‍ക്ക് എന്നും ആശ്വാസമായിരുന്നു ജോര്‍ജച്ചന്‍. പതിനെട്ടാം തീയതി നിത്യതയിലേക്ക് യാത്രയാകുമ്പോഴും അച്ചന്റെ ചിന്തയും പ്രാര്‍ത്ഥനയും മറ്റുള്ളവരെ കുറിച്ചായിരുന്നു, അവരുടെ വേദനകളെക്കുറിച്ച് ആയിരുന്നു. ആരെയും വെറുംകയോടെ അച്ചന്‍ പറഞ്ഞു വിട്ടില്ല... വിശന്നു വന്നിരുന്നവര്‍ക്ക് ഭക്ഷണം കൊടുത്ത് ആശ്വാസമായി. സാമ്പത്തിക ബുദ്ധിമുട്ടുമായി വരുന്നവര്‍ക്ക് മറ്റുള്ളവരുടെ സഹായത്തോടെ പരിഹാരം കണ്ടിരുന്നു...

മാനസിക വേദനകളുമായി വന്നിരുന്നവരെ കേള്‍ക്കാനും ആശ്വാസമാകാനും അച്ചന് കഴിഞ്ഞു.

അച്ചന്റെ മരണവാര്‍ത്ത അറിഞ്ഞ ഉടനെ എല്ലാവരും മനസ്സില്‍ പറഞ്ഞതും പരസ്പരം പങ്കുവച്ചതും ഇതാണ്, 'ഞങ്ങള്‍ ഇനി സങ്കടങ്ങള്‍ ആരോട് പറയും... ആര് ഞങ്ങള്‍ക്ക് ആശ്വാസമാകും.'

  • വിശുദ്ധനായ ഒരു പുരോഹിതന്‍:

എം സി ബി എസ് സഭാഗങ്ങള്‍ക്കും അച്ചനെ ഒരു പ്രാവശ്യമെങ്കിലും കണ്ടിട്ടുള്ളവര്‍ക്കും പറയാനുള്ളത് ഇതു മാത്രമാണ്, വിശുദ്ധനായിരുന്നു ജോര്‍ജച്ചന്‍. പ്രായഭേദമില്ലാതെ, വലുപ്പ ചെറുപ്പം ഇല്ലാതെ, ജാതി ഭാഷാ വ്യത്യാസമില്ലാതെ എല്ലാവരും ഈ അച്ചന്റെ അടുത്ത് വന്നിട്ടുണ്ടെങ്കില്‍ വന്നവരൊക്കെ സമാധാനത്തോടെ തിരിച്ചു പോയിട്ടുണ്ടെങ്കില്‍ അതിന്റെ ഒരു പ്രധാന ഘടകം ജോര്‍ജച്ചന്‍ വിശുദ്ധനായി ജീവിച്ചു എന്നുള്ളതാണ്. അച്ചന്‍ ആയിരുന്ന ആശ്രമങ്ങളിലും ഇടവകകളിലും സന്യാസ പൗരോഹിത്യ ജീവിതത്തിന്റെ സന്തോഷം അച്ചനും അച്ചനിലൂടെ കൂടെയുള്ളവരും അനുഭവിച്ചു. സങ്കടങ്ങളും പ്രശ്‌നങ്ങളും പറയാന്‍ വന്നവരില്‍ പുരോഹിതരും സന്യസ്തരും മെത്രാന്മാരും ഉണ്ടായിരുന്നു. കാരണം അവരുടെയെല്ലാം പ്രശ്‌നങ്ങള്‍ ക്ഷമയോടെ കേള്‍ക്കുകയും പ്രാര്‍ത്ഥനയില്‍ അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്തിരുന്നു ജോര്‍ജച്ചന്‍. കാലടി ധ്യാനകേന്ദ്രത്തില്‍ അച്ചന്‍ അന്ത്യവിശ്രമംകൊള്ളുന്നിടത്തു സന്ദര്‍ശകരുടെ പ്രവാഹമാണ്. പ്രാര്‍ത്ഥനാനിയോഗങ്ങള്‍ എഴുതി വെച്ചിട്ടാണ് പലരും മടങ്ങുന്നത്. 'വിശുദ്ധനായ ജോര്‍ജച്ചാ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ' എന്നെഴുതിയാണ് ഓരോ പ്രാര്‍ത്ഥനയും നിയോഗവും അവസാനിക്കുന്നത്.

  • വിളമ്പി നല്‍കുന്ന സ്‌നേഹം:

ആശ്രമത്തിലുള്ള വൈദികര്‍ ഇപ്പോഴും വേദനയോടെ പങ്കുവയ്ക്കുന്നത് ഭക്ഷണമേശയില്‍ വേദനയോടെ അനുഭവിക്കുന്ന ജോര്‍ജച്ചന്റെ അസാന്നിധ്യമാണ്. കുറെ വര്‍ഷങ്ങളായി ശാരീരിക ബുദ്ധിമുട്ടു മൂലം ആവശ്യത്തിനു പോലും ആഹാരം കഴിക്കാന്‍ അച്ചന് സാധിച്ചിരുന്നില്ല. എങ്കിലും കൂടെയിരുന്ന് ഭക്ഷണം കഴിക്കുന്ന ആശ്രമാംഗങ്ങള്‍ക്കും അവിടെ വരുന്ന സന്ദര്‍ശകര്‍ക്കും വയറുനിറയെ വിളമ്പി കൊടുക്കാന്‍ അച്ചന്‍ എന്നും താല്‍പര്യം കാണിച്ചിരുന്നു. വയറു മാത്രമല്ല 'മനസ്സും നിറച്ചു വിടുന്ന' അമ്മ സ്‌നേഹമായിരുന്നു ജോര്‍ജച്ചന്‍. പലപ്പോഴും അപ്രതീക്ഷിതമായി വരുന്ന സന്ദര്‍ശകര്‍ക്ക് സ്വന്തം ആഹാരം പോലും നല്‍കി മനസ്സുനിറച്ചു വിടുമായിരുന്നു ജോര്‍ജച്ചന്‍. അച്ചന്റെ ശാരീരിക ബുദ്ധിമുട്ട് കണ്ടറിഞ്ഞ് പലരും അച്ചന് പറ്റുന്ന രീതിയിലുള്ള ഭക്ഷണസാധനങ്ങള്‍ കൊണ്ടു കൊടുക്കുമായിരുന്നു. അതുപോലും തീന്‍ മേശയില്‍ കൊണ്ടുവന്ന് കൂടെയുള്ളവര്‍ക്ക് പങ്കിട്ട് നല്‍കുമായിരുന്നു. കരുതലുള്ള സ്‌നേഹം എന്നല്ലാതെ എന്താണ് ഇതിനെ പറയുക.

  • പരിശുദ്ധകുര്‍ബാനയുടെ കൂട്ടുകാരന്‍:

എന്തുകൊണ്ട് ജോര്‍ജ് അച്ചന്‍ ഇത്രയും ജനഹൃദയങ്ങളില്‍ ഇടം നേടി എന്നുള്ള ചോദ്യത്തിന് ഉത്തരം, അച്ചന്‍ വിശുദ്ധ കുര്‍ബാനയുടെ ഉപാസകനും കൂട്ടുകാരനുമായിരുന്നു എന്നുള്ളതാണ്. ഏത് ശാരീരിക ബുദ്ധിമുട്ടില്‍ പോലും കുര്‍ബാന അര്‍പ്പിക്കാത്ത ദിവസം അച്ചന്റെ ജീവിതത്തില്‍ ഇല്ലായിരുന്നു. വിഷമങ്ങളും വേദനകളും ആയി വരുന്നവരെ അച്ചന്‍ വിശുദ്ധ കുര്‍ബാനയിലേക്ക് അടുപ്പിച്ചു. വേദനകള്‍ക്ക് ക്രൂശിതനില്‍ പരിഹാരം കണ്ടു. മണിക്കൂറുകളാണ് അച്ചന്‍ ദിവ്യകാരുണ്യ സന്നിധിയില്‍ ചെലവിട്ടത്. വിശുദ്ധ കുര്‍ബാനയിലെ കാരുണ്യത്തിന്റെയും ആര്‍ദ്രതയുടെയും ചെറുതാകലിന്റെയും ക്രിസ്തുമുഖം അച്ചന്‍ കണ്ടു, അച്ചനില്‍ കണ്ടു. വിശുദ്ധ കുര്‍ബാനയിലുള്ള, ക്രിസ്തുവിലുള്ള അച്ചന്റെ അടിയുറച്ച വിശ്വാസമാണ് മരണത്തോട് അടുത്ത സമയത്തു പോലും അപരന്റെ വേദനകളില്‍ ആശ്വാസമാകാന്‍ അച്ചനെ പ്രേരിപ്പിച്ചതും പ്രചോദനമായതും.

'എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും' എന്ന ക്രിസ്തുവിന്റെ വചനം ജോര്‍ജച്ചനില്‍ പൂര്‍ത്തിയാകുകയാണ്. അച്ചന്റെ മാധ്യസ്ഥം വഴി അനുഗ്രഹങ്ങള്‍ ലഭിക്കുന്ന ഒട്ടനവധി പേര്‍ ആശ്രമത്തിലെ വൈദികരെ വിളിച്ച് അറിയിക്കുന്നുമുണ്ട്. അച്ചന്റെ കബറിടത്തില്‍ വയ്ക്കാന്‍ കൊണ്ടുവരുന്ന പൂക്കളുടെയും തിരികളുടെയും കൂടെ പേപ്പറില്‍ എഴുതിയ നിയോഗങ്ങളും പ്രാര്‍ത്ഥനകളും ഉണ്ട്. ദൈവ സന്നിധിയില്‍ അച്ചന്‍ ശക്തനായ മധ്യസ്ഥനാകുമെന്ന് പൂര്‍ണ്ണ വിശ്വാസവുമുണ്ട് അച്ചനെ അറിയുന്നവര്‍ക്ക്.

ആരെയും പിണക്കാതെയും ആരെയും അകറ്റാതെയും ജീവിച്ച് ഇന്ന് സ്വര്‍ഗത്തിലായിരിക്കുന്ന പുണ്യജന്മം ആണ് ജോര്‍ജച്ചന്‍. രോഗികളെയും നിരാലംബരെയും കുടുംബത്തിലും വ്യക്തിജീവിതത്തിലും ബുദ്ധിമുട്ടുകള്‍ അനുഭവിച്ചവരെയും നെഞ്ചോടു ചേര്‍ത്ത് പ്രാര്‍ത്ഥിച്ച് ജീവിച്ച ജോര്‍ജ് അച്ചനെ ലോകത്തിനു മുമ്പില്‍ മാതൃകയാകാന്‍ വിശുദ്ധിയുടെ പദവിയിലേക്ക് ദൈവം കൈപിടിച്ചു നടത്തട്ടെ എന്നാണ് പ്രാര്‍ത്ഥന. അതുതന്നെയാണ് ഞങ്ങളുടെ പ്രത്യാശയും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org