അന്ത്യത്തിലേക്ക് നീങ്ങുന്ന ഭൂമി; നിസ്സഹായനായ പാപ്പയും

അന്ത്യത്തിലേക്ക് നീങ്ങുന്ന ഭൂമി; നിസ്സഹായനായ പാപ്പയും
Published on
'ലൗദാത്തോ സി' പ്രസിദ്ധീകരിച്ചിട്ട് എട്ട് വര്‍ഷമായിട്ടും വേണ്ടത്ര ഭാവാത്മകമായ പ്രതികരണം അതിന് ലഭിച്ചില്ല എന്ന് ഫ്രാന്‍സിസ് പാപ്പ വേദനയോടെ പങ്കുവയ്ക്കുന്നു. മുന്‍ ചാക്രിക ലേഖനത്തില്‍ പരാമര്‍ശിക്കപ്പെട്ട 'പാരിസ്ഥിതിക മാനസാന്തര'ത്തിന് ഇനിയും ലോകം ചെവികൊടുത്തിട്ടില്ല എന്ന പാപ്പയുടെ ഹൃദയം തകര്‍ന്ന തേങ്ങല്‍ ലോകം അവഗണിക്കുന്നു.

വിശ്വവിഖ്യാതനായ ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സ് ഭൂമിയുടെ ആയുസ്സ് കേവലം അറുനൂറ് വര്‍ഷം മാത്രമാണെന്ന് ശാസ്ത്രീയ കണക്കുകൂട്ടലോടെ പ്രവചിച്ചപ്പോള്‍ സംശയത്തോടെ ലോകം നെറ്റിചുളിച്ചു. ആരംഭിച്ചതിനെല്ലാം അന്ത്യമുണ്ടാകുമെന്നതിന്റെ ഉദാഹരണമാണ് മനുഷ്യന്‍. പക്ഷെ തന്റെ വാസഗേഹമായ ഭൂമിയുടെ ആയുസ്സ് പരിമിതമാണ് എന്ന ആശയം ഉള്‍ക്കൊള്ളാന്‍ മനുഷ്യന് സാധിക്കുന്നില്ല. പ്രപഞ്ചം ഭൂമിയെ നശിപ്പിക്കുകയല്ല, മനുഷ്യന്‍ സ്വാര്‍ത്ഥപരമായ ചെയ്തികള്‍ മൂലം ഭൂമിയെ നശിപ്പിക്കു കയാണ്. ഭൂമിക്ക് ഏല്‍ക്കുന്ന പ്രഹരം ഇനിയും അധികകാലം തടഞ്ഞുനിര്‍ത്താനാവില്ല. വരാനിരിക്കുന്ന നാശത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ എട്ടു വര്‍ഷം മുന്‍പ് 'ലൌദാത്തോ സി' എന്ന ചാക്രിക ലേഖനത്തില്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂമി സര്‍വമനുഷ്യരുടേയും പൊതുഭവനമാണെന്നും ആര്‍ക്കും അതിനുമേല്‍ സമ്പൂര്‍ണ്ണ അവകാശമില്ലെന്നും ഹരിതഗൃഹവാതകങ്ങള്‍, കാര്‍ബ ണ്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് തുടങ്ങിയ വാഹനങ്ങള്‍ / എയര്‍ കണ്ടീഷണറുകള്‍ തുടങ്ങിയവയില്‍നിന്ന് പുറംതള്ളുന്ന വിഷവാതകങ്ങള്‍ ഏറ്റവും കൂടുതല്‍ അന്തരീക്ഷവായുവിനെ മലീമസമാക്കുമെന്നും രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രസിഡണ്ട് ട്രംപ് പ്രസിഡണ്ട് പദവിയിലിരുന്ന കാലഘട്ടത്തില്‍ ഈ ദുരവസ്ഥ ലഘൂകരിക്കാന്‍ രാജ്യാന്തര തലത്തില്‍ നടത്തിവന്ന ഗവേഷണങ്ങള്‍ക്ക് നല്‍കിയിരുന്ന അമേരിക്കന്‍ ഫണ്ട് ഗണ്യമായി വെട്ടിച്ചുരുക്കുകയും ചെയ്തു. ശാസ്ത്രകൗതുകമെന്ന നിലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ബഹിരാകാശ ദൗത്യങ്ങള്‍ക്കായി തൊടുത്തുവിടുന്ന റോക്കറ്റുകളും ടണ്‍ കണക്ക് കാര്‍ബണ്‍ വാതകങ്ങളാണ് അന്തരീക്ഷത്തില്‍ തള്ളിവിടുന്നത്. സൂര്യനില്‍ കൃഷിയിറക്കി ഭൂമിയിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാനാണ് ശ്രമമെങ്കില്‍ ഭരണാധികാരികളെ വണങ്ങുന്നു!!

രണ്ടു മൂന്നു മാസങ്ങള്‍ക്കു ള്ളില്‍ത്തന്നെ അഫ്ഗാനിസ്ഥാനിലും മൊറോക്കോയിലും ലിബിയയിലും സിക്കിമിലും ഉണ്ടായ ഭൂമികുലുക്കങ്ങള്‍, മേഘവിസ്‌ഫോടനം, പ്രളയം എന്നിവയൊക്കെ നാം പെട്ടെന്ന് വിസ്മരിച്ചൊ? നമ്മുടെ കൊച്ചുകേരളത്തില്‍ത്തന്നെ 2018 ലെ വെള്ളപ്പൊക്കം പോലെ നാശമുണ്ടായില്ലെങ്കിലും ആയിരക്കണക്കിന് ഏക്കര്‍ കൃഷിയല്ലെ നശിച്ചത്. വിതച്ച വയലുകളിലും വിളഞ്ഞ നെല്‍പാടങ്ങളിലും വെള്ളം കയറി കൃഷി നശിച്ച് എത്ര കര്‍ഷകരാണ് ജീവനൊടുക്കിയത്. ചെറുതും വലുതുമായ ഉരുള്‍പൊട്ടല്‍ മൂലം ഒഴുകിപ്പോയ വീടുകളും പാലങ്ങളും നിരവധിയല്ലേ? ഇക്കഴിഞ്ഞ നാലഞ്ചു മാസത്തിനുള്ളില്‍ ഉണ്ടായ നഷ്ടങ്ങള്‍ നികത്താന്‍ നൂറുകണക്കിന് കോടി രൂപയും നീണ്ടകാലവും വേണ്ടിവരും.

2023 ഒക്‌ടോബര്‍ നാലിന് പോപ്പ് ഫ്രാന്‍സിസ് 'ലൗദാത്തോ സി' ഇറക്കി എട്ടു വര്‍ഷം തികയുന്ന ദിവസം തന്നെ 'ലൗദാത്തേദേവും' പുറത്തിറക്കിയത് കാലാവസ്ഥവ്യതിയാനം പ്രവചനാതീതമായ നാശം ക്ഷണിച്ചുവരുത്തുന്നതുകൊണ്ടാണ്. ഇത് ഗൗരവമായ ഓര്‍മ്മപ്പെടുത്തലാണ്. 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ' എന്ന് ചങ്കു തകര്‍ക്കുന്ന ഇഞ്ചക്കാട് ബാലചന്ദ്രന്റെ വരികള്‍ യാഥാര്‍ത്ഥ്യമാകും വിധമാണ് ജനങ്ങളുടെ പ്രകൃതി നശീകരണ പ്രവര്‍ത്തികള്‍. പൊന്മുട്ടയിടുന്ന താറാവിനെ കൊന്നാല്‍ പൊന്‍മുട്ടകള്‍ ഒരുമിച്ചു ലഭിക്കുമെന്ന ആക്രാന്തം. കാട്ടിലെ വന്‍മരങ്ങള്‍ തടിക്കുവേണ്ടി മുറിച്ചെടുത്ത് വേരുകള്‍ക്കിടയില്‍ അള്ളിപ്പിടിച്ചിരുന്ന മണ്ണു മുഴുവന്‍ ശക്തമായ മഴയില്‍ ഒലിച്ചിറങ്ങുന്നതല്ലേ ഉരുള്‍പൊട്ടല്‍? മനുഷ്യന് അസ്ഥികള്‍ നല്‍കുന്ന ഉറപ്പുപോലെയാണ് ഭൂമിക്കടിയിലെ പാറകള്‍ നിലയുറപ്പിച്ചിരിക്കുന്നത്. വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് ക്വാറി വ്യവസായികള്‍ ഭൂമിയുടെ നട്ടെല്ല് തകര്‍ത്തു. സര്‍ക്കാരില്‍ വലിയ സ്വാധീനമുള്ളവരാണ് ക്വാറി ഉടമകള്‍. മനുഷ്യ നന്മയ്ക്കും വ്യാവസായിക പുരോഗതിക്കും വേണ്ടി പരിസ്ഥിതി ശാസ്ത്രജ്ഞന്മാരുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചേ ഖനനവും മരംമുറിയും അനുവദിക്കാനാകൂ. പ്രാദേശികമായ പരിസ്ഥിതിനാശത്തിന് സാര്‍വദേശീയമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്നതിന്റെ തെളിവാണ് 'എല്‍നീനോ' പ്രതിഭാസം. ശാന്തസമുദ്രത്തിലെ വെള്ളത്തിന്റെ താപനില ഉയരുമ്പോള്‍ ഉണ്ടാകുന്ന വാതകച്ചുഴികള്‍ അമേരിക്ക മുതല്‍ ഗള്‍ഫ് മണലാരണ്യങ്ങളെ വരെ ബാധിക്കുന്നു. ഒക്‌ടോ ബര്‍ അവസാനം മുതല്‍ അമേരിക്കയിലും യൂറോപ്പിലും അനുഭവപ്പെട്ടിരുന്ന തണുപ്പ് രണ്ടുവര്‍ഷമായി വൈകുന്നുവെന്ന് കാലാവസ്ഥ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ടാഴ്ച മുമ്പ് ഗള്‍ഫ് പ്രദേശങ്ങളിലുണ്ടായ മഴ മറ്റൊരു ഉദാഹരണമാണ്. ചുരുക്കത്തില്‍ 'ക്ലൈമാറ്റിക്ക് പാരഡോക്‌സ്' (കാലാവസ്ഥ വിരോധാഭാസം) മനുഷ്യന്റെ പാര്‍പ്പിടം, കുടിവെള്ളം, കൃഷി എന്നിവയെ വളരെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു. 'നാം ജീവിക്കുന്ന ലോകം തകര്‍ച്ചയിലേക്കും പൊട്ടിത്തെറിയിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്നു' എന്ന് ഫ്രാന്‍സിസ് പാപ്പ വിലപിക്കുന്നു. മനുഷ്യന്‍ പടുത്തുയര്‍ത്തിയ അംബരചുംബികള്‍ നിലംപൊത്താന്‍ ഒരു സുനാമിക്കാകും എന്നതിന്റെ സാമ്പിളും പ്രപഞ്ചം തന്നെ മുന്നറിയിപ്പ് നല്‍കിയത് നാം വിസ്മരിക്കാതിരിക്കട്ടെ. പരിസ്ഥിതിശാസ്ത്രം ചെറുപ്രായത്തില്‍ത്തന്നെ കുട്ടികളുടെ മസ്തിഷ്‌ക്കത്തില്‍ ചിരപ്രതിഷ്ഠ നടത്താന്‍ കഴിവുള്ള സിലബസ് നവീകരണമാണ് വേണ്ടത്. പകരം അന്ധവിശ്വാസങ്ങളും കെട്ടുകഥകളുമാണ് ശാസ്ത്രസത്യങ്ങളേക്കാള്‍ ചില നിഗൂഢലക്ഷ്യങ്ങളോടെ പഠനപുസ്തകങ്ങളില്‍ കുത്തിത്തിരുകുന്നത്. വിദ്യാഭ്യാസത്തെ രാഷ്ട്രീയതാല്പര്യങ്ങള്‍ക്കായി ബലികഴിക്കരുത്.

'കത്തോലിക്ക സഭയില്‍നിന്ന് പോലും എനിക്കു നേരിടേണ്ടിവരുന്ന യുക്തിരഹിതവും നിരാശപൂര്‍ണ്ണവുമായ അഭിപ്രായങ്ങള്‍ക്ക് മധ്യത്തിലും ചില സത്യങ്ങള്‍ പറയേണ്ടത് എന്റെ കടമയാണെ'ന്ന് മാര്‍പാപ്പ ഈ പ്രബോധനത്തില്‍ തുറന്നു പറയുന്നു. 'ലൗദാത്തോ സി' പ്രസിദ്ധീകരിച്ചിട്ട് എട്ട് വര്‍ഷമായിട്ടും വേണ്ടത്ര ഭാവാത്മകമായ പ്രതികരണം അതിന് ലഭിച്ചില്ല എന്ന് ഫ്രാന്‍സിസ് പാപ്പ വേദനയോടെ പങ്കുവയ്ക്കുന്നു. മുന്‍ ചാക്രിക ലേഖനത്തില്‍ പരാമര്‍ശിക്കപ്പെട്ട 'പാരിസ്ഥിതിക മാനസാന്തര'ത്തിന് ഇനിയും ലോകം ചെവികൊടുത്തിട്ടില്ല എന്ന പാപ്പയുടെ ഹൃദയം തകര്‍ന്ന തേങ്ങല്‍ ലോകം അവഗണിക്കുന്നത് നാശത്തിന്റെ വഴി തെരഞ്ഞെടുക്കുന്നതുകൊണ്ടാണ്. ഐക്യരാഷ്ട്രസഭ ഇക്കാര്യത്തില്‍ ശക്തമായി ഇടപെടുന്നില്ല. കാരണം, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ക്ക് വീറ്റോ അവകാശമുണ്ടല്ലൊ!

കഴിഞ്ഞ അര ശതാബ്ദത്തിനിടയില്‍ ആഗോളതാപനം വളരെ ഉയര്‍ന്നു. കഴിഞ്ഞ ഇരുന്നൂറ് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന താപനില (ഒരു ദശാബ്ദത്തില്‍ 0.15 ഡിഗ്രി സെല്‍ഷ്യസ് വര്‍ധന). ഈ തോതില്‍ താപനില ഉയര്‍ന്നാല്‍ അടുത്ത ഒരു ടസ്‌കത്തിനുള്ളില്‍ 1.5 ഡിഗ്രി സെല്‍ഷ്യസില്‍ നാം എത്തിച്ചേരുമെന്ന് മാര്‍പാപ്പ സഗൗരവം മനുഷ്യരാശിയെ ഓര്‍മ്മപ്പെടുത്തുന്നു.

സൗമ്യഭാഷയിലാണെങ്കിലും ഫ്രാന്‍സിസ് പാപ്പ നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കാന്‍ യുദ്ധക്കൊതിയന്മാരായ വന്‍ശക്തികള്‍ക്ക് ശ്രവിക്കാന്‍ സമയമില്ല. ഫലമോ? സര്‍വനാശം. ഇനി ആറു നൂറ്റാണ്ട് മാത്രം എന്ന സ്റ്റീഫന്‍ ഹോക്കിങ്ങ്‌സിന്റെ മുന്നറിയിപ്പ് ഡെമോക്ലസിന്റെ വാള് പോലെ ശിരസ്സിന് മുകളില്‍ തൂങ്ങി നില്‍ക്കുന്നു!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org