പാരിസ്ഥിതിക ആഘാത പഠന വിജ്ഞാപനം 2020 : ധാര്‍മ്മിക നൈതിക മാനങ്ങള്‍

പാരിസ്ഥിതിക ആഘാത പഠന വിജ്ഞാപനം 2020 : ധാര്‍മ്മിക നൈതിക മാനങ്ങള്‍

ഫാ. സജി മാത്യു കണയങ്കല്‍ സി.എസ്.ടി.

2020 മാര്‍ച്ച് 23-ന് കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാക്കി പൊതുജനാഭിപ്രായത്തിനായി സമര്‍പ്പിച്ചിരുന്ന പാരിസ്ഥിതിക ആഘാത പഠന (EIA) വിജ്ഞാപനത്തിന്റെ കരടുരേഖ ഇതിനകം തന്നെ ശക്തമായ വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വഴി തെളിച്ചു കഴിഞ്ഞു. ഈ കരടുരേഖയുടെ സാമൂഹിക സാമ്പത്തിക മാനങ്ങളും ഇതിന്റെ പാരിസ്ഥിതികമായ ചില പ്രത്യാഘാതങ്ങളും അപഗ്രഥിച്ചുകൊണ്ടുള്ള ഡോ. മാര്‍ട്ടിന്‍ ഗോപുരത്തിങ്കലിന്റെ ലേഖനം സത്യദീപത്തിന്റെ മുന്‍ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നുവല്ലോ. ഈ വിജ്ഞാപനത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന പുതിയ വ്യവസ്ഥകളെയും ഇളവുകളെയും സംബന്ധിച്ച് ധാരാളം പഠനങ്ങള്‍ ഇതിനകം തന്നെ വിവിധ മാധ്യമങ്ങളില്‍ വന്നു കഴിഞ്ഞിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഈ കരടുരേഖ ഉയര്‍ത്തുന്ന ചില നൈതിക -ധാര്‍മ്മിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുവാനാണ് ഈ ലേഖനത്തിന്റെ ശ്രമം.
ലക്ഷ്യത്തില്‍നിന്നും പിന്നോട്ടോ?
1960 കളില്‍ ആഗോളതലത്തില്‍ ആരംഭിച്ച പാരിസ്ഥിതിക ചര്‍ച്ചകളുടെയും പ്രത്യേകിച്ച് 1972 ലെ സ്‌റ്റോക്‌ഹോം കോണ്‍ഫ്രന്‍ സിന്റെയും പശ്ചാത്തലത്തില്‍ 1986 ലാണ് പരിസ്ഥിതി സംരക്ഷണത്തിനായുള്ള നിയമം ഇന്ത്യയില്‍ നിലവില്‍ വരുന്നത്. 1994 ലും 2006 ലും പ്രസ്തുത നിയമം കൂടുതല്‍ മെച്ചപ്പെടുത്തി പുതിയ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചു. ഇവയുടെയെല്ലാം ഉദ്ദേശ്യം ഒന്നു തന്നെയായിരുന്നു. "പരിസ്ഥിതിയുടെ നിലനില്‍പ്പും സംരക്ഷണവും മെച്ചപ്പെടുത്തുക." ആഗോളതലത്തില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന വിവിധ പഠനങ്ങളും സമ്മേളനങ്ങളും അവ മു ന്നോട്ടു വയ്ക്കുന്ന മാനദണ്ഡങ്ങളുമാണ് പാരിസ്ഥിതിക ആഘാതപഠനത്തിന് മാനദണ്ഡമായി സ്വീകരിച്ചിട്ടുള്ളതും. അതനുസരിച്ച് ഒരു ഭൂപ്രദേശത്തിന്റെ ജൈവഘടനയ്ക്കും ആവാസ വ്യ വസ്ഥയ്ക്കും ദോഷകരവും നാശകരവുമായ ഏതു തരം പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കാനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുവാനുമാണ് പാരിസ്ഥിതിക ആഘാതപഠനം നടത്തേണ്ടത്. സുസ്ഥിര വികസനം (Sustainable Development), മലീനീകരിക്കുന്നവര്‍ നല്‍കേണ്ട നഷ്ടപരിഹാരം (Pollution Pays Principle), വിനാശത്തിന്റെ തടയല്‍ (Principle of Non-regression), തലമുറകള്‍ തമ്മിലുള്ള സമത്വം (Intergenera-tional Equity), താല്പര്യ വൈരുദ്ധ്യം (Conflict of Interests) ഇങ്ങനെ നാനാതരം കാര്യങ്ങള്‍ പരിഗണിച്ചാവണം EIA നടപ്പാക്കേണ്ടത്. മുന്‍കാലത്തെ നിയമങ്ങളും വിജ്ഞാപനങ്ങളുമെല്ലാം തത്ത്വത്തില്‍ ഇക്കാര്യങ്ങള്‍ ഗൗരവമായി പരിഗണിക്കുകയും ചെയ്തിരുന്നു.
2020-ലെ പുതിയ കരടുനിയമത്തില്‍ ഇത്തരം തത്ത്വങ്ങളെക്കുറിച്ചോ അടിസ്ഥാന മാനദണ്ഡങ്ങളെക്കുറിച്ചോ കാര്യമായ പരാമര്‍ശമൊന്നുമില്ല. എന്നു മാത്രമല്ല ലഘൂകരിക്കപ്പെടുന്ന പല നിയമങ്ങളും EIA യുടെ അടിസ്ഥാന ഉദ്ദേശ്യത്തിനു തന്നെ ഘടകവിരുദ്ധവുമാണ്. SANDRP (South Asia Network on Dams, River and People) ഗവേഷകയായ അമൃതപീതത്തിന്റെ ഭാഷയില്‍ "ഇതിലെ പല നിര്‍ദ്ദേശങ്ങളും അവ്യക്തവും വക്രവും ജനാധിപത്യവിരുദ്ധവും അനീതിപരവും വൈചിത്ര്യങ്ങള്‍ നിറഞ്ഞതുമാണ്. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധി ഇതിനെ ദുരന്തം (Disaster) എന്നു വിശേഷിപ്പിച്ചതും. 2006-ലെ നിയമത്തില്‍ തന്നെ ധാരാളം പഴുതുകള്‍ ഉണ്ടായിരുന്നതുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിനും ഭൂമിയുടെ നിലനില്പിനുമായി കൂടുതല്‍ കര്‍ശനവും സുതാര്യവുമായ നിയമങ്ങള്‍ അനിവാര്യമാണ് എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുമ്പോഴാണ് നിലവിലുള്ള നിയമങ്ങള്‍ ലഘൂകരിക്കപ്പെടുന്നത്. പ്രകൃതിയുടെയും ജനതയുടെയും പൊതു താല്പര്യത്തിനുപരിയായി വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും വ്യവസായ ലോബിക്കും അവരുടെ ഇഷ്ടാനുസരണം പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യാന്‍ അവസരം കൊടുക്കുന്നതാണ് ഈ നിയമലഘൂകരണം. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന വലിയ പദ്ധതികള്‍ പലതും അനുമതി ആവശ്യമില്ലാത്ത B2 വിഭാഗത്തിലേയ്ക്ക് മാറ്റിയിരിക്കുന്നത് ദൂരവ്യാപകമായ നാശത്തിനു കാരണമാകും. 'തന്ത്രപ്രധാന'വും 'വികസനപരവു'മായ പല പദ്ധതികള്‍ക്കും പൊതുജനാഭിപ്രായം ആവശ്യമില്ലെന്ന വ്യവസ്ഥയും അതിര്‍ത്തി പ്രദേശത്തിനോട് ചേര്‍ന്നുള്ള 100 കിലോമീറ്റര്‍ ചുറ്റളവിലുള്ള (Arial Distance) തന്ത്രപ്രധാനമായ സ്ഥലത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനാഭിപ്രായങ്ങള്‍ തേടേണ്ടതില്ലെന്ന നയവും RIA യുടെ അടിസ്ഥാന ലക്ഷ്യത്തെ തന്നെ അവഗണിക്കുന്നതാണ്. ഒരു പദ്ധതിയുടെ വിപുലീകരണത്തിനും നവീകരണത്തിനും പരിസ്ഥിതി ആഘാത പഠനവും പൊതുജനാഭിപ്രായ രൂപീകരണവും നിര്‍ബന്ധമാക്കിയിരിക്കുന്ന നിലവിലെ നിയമത്തിന് തികച്ചും ഘടകവിരുദ്ധമായി ഇവയെല്ലാം ഒഴിവാക്കിയിരിക്കുകയാണ് പുതിയ കരടുരേഖയില്‍. ഇങ്ങനെ EIA യുടെ അടിസ്ഥാന ലക്ഷ്യത്തിനു തന്നെ ഘടകവിരുദ്ധമായ ഒട്ടനവധി കാര്യങ്ങള്‍ പുതിയ കരടു രേഖയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നത് തികച്ചും വിരോധാഭാസമാണ്.
നീതിനിഷേധത്തിന്റെ കാണാചരടുകള്‍
EIA 2020 ല്‍ വന്നിരിക്കുന്ന പല നിര്‍ദ്ദേശങ്ങളിലും സ്വാഭാവനീതിയുടെ നിരസനമുള്ളപ്പോള്‍ തന്നെ ഇതു നടപ്പിലാക്കാന്‍ അവലംബിച്ചിരിക്കുന്ന മാര്‍ഗ്ഗരീതികളിലും മനുഷ്യാവകാശലംഘനങ്ങള്‍ നടന്നിരിക്കുന്നതായി മനസ്സിലാക്കുവാന്‍ കഴിയും. 2020 മാര്‍ച്ച് 23-നാണ് ഈ കരടു രേഖ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി പ്രസിദ്ധീകരിച്ചത്. അതിന് തൊട്ടുപിന്നാലെ വന്ന ലോക്ക്ഡൗണും ഇന്നും വ്യാപനം തുടര്‍ന്നുകൊണ്ടിരിക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രോട്ടോക്കോളും ഇതിനെക്കുറിച്ചുള്ള സമഗ്രമായ പഠനത്തിനും ചര്‍ച്ച യ്ക്കുമുള്ള അവസരം നഷ്ടമാക്കി. മാത്രമല്ല പ്രാദേശിക ഭാഷകളിലൊന്നും ഈ കരടു രേഖയെക്കുറിച്ചുള്ള ഔദ്യോഗിക പരിഭാഷകള്‍ ലഭ്യമല്ല. ഇത്തരമൊരു സുപ്രധാനമായ പരിഷ്‌ക്കരണം തിരക്കിട്ട് ഈ മഹാമാരിയുടെ കാലത്തുതന്നെ നടപ്പിലാക്കണം എന്ന് വാശിപിടിക്കുന്നത് തന്നെ നാനാവിധ സംശയങ്ങള്‍ക്കിട വരുത്തുന്നതാണ്.
ആദ്യം ജൂണ്‍ 30 വരെയുമാണ് പൊതുജനങ്ങള്‍ക്ക് ഇതിനെക്കുറിച്ച് അഭിപ്രായം പറയുവാന്‍ സമ യം ഉണ്ടായിരുന്നത്. പിന്നീട് കോ ടതി നിര്‍ദ്ദേശ പ്രകാരം ആഗസ്റ്റ് 11 വരെയും നീട്ടിയിരുന്നുവെങ്കിലും ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും ഇന്നും ഇതേക്കുറിച്ച് അജ്ഞരാണ്. മാത്രമല്ല സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളുപയോഗിച്ച് ഈ രേഖയെക്കുറിച്ചുള്ള സംവാദങ്ങള്‍ തടയുവാനും അധികാരികള്‍ ശ്രദ്ധിച്ചിരുന്നു. പ്രാദേശിക ഭാഷയിലുള്ള ചുരുക്കം ചില മാധ്യമങ്ങളും ചില ദേശീയ മാധ്യമങ്ങളും ഒഴികെയുള്ള മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യത്തോടെ ഈ വിജ്ഞാപനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ രേഖയ്‌ക്കെതിരായി പൊതുജനാഭിപ്രായം ക്രോഡീകരിക്കാന്‍ ശ്രമിച്ച Fridays For Future (FFF), Let India Breath, There is no Earth B തുടങ്ങിയ സന്നദ്ധ സംഘടനക ളുടെ വെബ്‌സൈറ്റുകള്‍ സെന്‍സര്‍ ചെയ്യുക ഉണ്ടായി എന്ന ഒരു വാര്‍ത്ത പുറത്തു വന്നിട്ടുണ്ട്. ഈ കരടു നിര്‍ദ്ദേശങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ഇ-മെയിലുകള്‍ അയച്ച Fridays for Future എന്ന സന്നദ്ധ സംഘടനയിലെ പ്രവര്‍ത്തകര്‍ക്കെതിരെ ഭീകര പ്രവര്‍ത്തനത്തിനും ദേശവിരുദ്ധ പ്രവര്‍ത്തനത്തിനും ചുമത്തുന്ന UAPA നിയമമനുസരിച്ച് ജൂലൈ 22-ന് കേസു ചുമത്തപ്പെട്ടു. പിന്നീട് ഈ നടപടികള്‍ പിന്‍വലിച്ചുവെങ്കിലും ഭരണ ഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന മനുഷ്യാവകാശത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. മാത്രമല്ല പൊതുജന ങ്ങള്‍ക്ക് ഒന്നിച്ചു ചേരാനോ ഗൗരവമായ പഠനങ്ങള്‍ നടത്താനോ സാധ്യമല്ലാത്ത ഈ മഹാമാരിയുടെ സമയത്ത് ഈ രേഖയെക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകളും പഠനങ്ങളും സാധ്യമല്ല താനും.
ഈ കരട് രേഖയിലെ ഒട്ടനവധി നിര്‍ദ്ദേശങ്ങളും അടിസ്ഥാന നീതിക്കെതിരെയുള്ളതാണ്. 'തന്ത്രപ്രധാനവും' 'വികസനപരവും' എന്ന ലേബലില്‍ വലിയ ഒരു വിഭാഗം പദ്ധതികളെയും വ്യവസായങ്ങളെയും പൊതുജനത്തിന്റെ അറിവില്‍നിന്നും ഇടപെടലുകളില്‍ നിന്നും ഒഴിവാക്കുന്നു. ഇത്തരം പദ്ധതികളെക്കുറിച്ചുള്ള ഒരു വിവരവും പൊതുജനത്തിന് നല്‌കേണ്ടതില്ല എന്നാണ് ഇതി ലെ കാതലായ നിര്‍ദ്ദേശങ്ങളിലൊന്ന്. നിലവിലുള്ള നിയമത്തില്‍ പദ്ധതികളുടെ വിപുലീകരണത്തിനും നവീകരണത്തിനും പരിസ്ഥിതി ആഘാത പഠനവും പതുജനാഭിപ്രായ ശേഖരണവും നിര്‍ബന്ധമാണ്, പുതിയ നിര്‍ദ്ദേശപ്രകാരം 25% ലധികം വിപുലീകരണം ആവശ്യമുള്ള പദ്ധതികള്‍ക്കേ പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമുള്ളൂ. 50% മേ ലുള്ളവയ്ക്കു മാത്രമേ പൊതുജനാഭിപ്രായം തേടേണ്ടതുള്ളൂ. മാ ത്രമല്ല പുതിയ പദ്ധതി നടപ്പില്‍ വരുത്തുമ്പോള്‍ തേടേണ്ട പൊതുജനാഭിപ്രായം (Public Hearing) പുതിയ നിയമത്തില്‍ നിന്നും പാടേ ഒഴിവാക്കിയിരിക്കുകയാണ്. ഇത്തരം പദ്ധതികള്‍ക്കെതിരേ ആക്ഷേപമുണ്ടെങ്കില്‍ അവ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനത്തിന് അവകാശമില്ല. മറിച്ച് നിയമലംഘനം നടത്തിയവര്‍ തന്നെയോ സര്‍ക്കാരിന്റെ പ്രതിനിധിയോ പദ്ധതിയുടെ നടത്തിപ്പുകാരോ ഉപദേശകസമിതിയോ നിയന്ത്രണ അതോറിറ്റിയോ ആണ് ഇവ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. നിയമലംഘനം റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള അവകാശം പൊതുജനത്തിന് നിഷേധിച്ചതു കൂടാതെ, ഇതിനുള്ള അവകാശം നിയമലംഘകര്‍ക്കായും ചില ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കായും പരിമിതപ്പെടുത്തിയിരിക്കുന്നത് എത്രമാത്രം അപഹാസ്യകരവും വൈരുദ്ധ്യാത്മകവുമാണ്. കരടുരേഖയിലെ നിര്‍ദ്ദേശങ്ങള്‍ ഇതേ രീതിയില്‍ നിയമമായി മാറിയാല്‍ അവ പാരിസ്ഥിതിക നീതിയുടെയും സ്വഭാവികനീതിയുടെയും നഗ്നമായ ലംഘനമായിരിക്കും എന്നതിന് സംശയമൊന്നുമില്ല.

ഈ കരട് രേഖയിലെ ഒട്ടനവധി നിര്‍ദ്ദേശങ്ങളും അടിസ്ഥാന നീതിക്കെതിരെയുള്ളതാണ്.

'തന്ത്രപ്രധാനവും' 'വികസനപരവും' എന്ന ലേബലില്‍ വലിയ ഒരു വിഭാഗം പദ്ധതികളെയും വ്യവസായങ്ങളെയും പൊതുജനത്തിന്റെ അറിവില്‍നിന്നും ഇടപെടലുകളില്‍ നിന്നും ഒഴിവാക്കുന്നു.

കരുതല്‍ തത്ത്വത്തിന്റെയും പൊതുജന നന്മയുടെയും ലംഘനം
EIA യുടെ ജീവനാഡിയായി നിലകൊള്ളുന്ന പ്രമാണമാണ് കരുതല്‍ തത്ത്വം. ഒരു പദ്ധതി പ്ര കാരം നാശമുണ്ടാകുകയാണെങ്കില്‍ അതില്ലെന്ന് ഉറപ്പാക്കിയിട്ടു മാത്രമേ ഇത്തരം പദ്ധതികള്‍ക്ക് അനുമതി നല്കുകയും അവ ആ രംഭിക്കുകയും െചയ്യാന്‍ പാടുള്ളൂ എന്നതാണ് ഈ തത്ത്വത്തിന്റെ കാതല്‍. ഒരു പദ്ധതിയുടെ ഫലമായി പ്രകൃതിക്കോ, മനുഷ്യവംശത്തിനോ, ഇതര ജീവജാലങ്ങള്‍ ക്കോ നാശമുണ്ടായാല്‍ അതു പരിഹരിക്കാന്‍ കഴിയില്ല എന്ന ബോധ്യത്തില്‍ നിന്നുമാണ് ഇത്തരമൊരു കരുതല്‍ തത്ത്വം ഋകഅ യു ടെ അടിസ്ഥാനപ്രമാണങ്ങളില്‍ പ്പെടുത്തിയത്. വ്യവസായങ്ങളും മറ്റും പാരിസ്ഥിതിക നിയമങ്ങള്‍ അനുസരിച്ചു മാത്രമേ അനുവര്‍ ത്തിക്കാവൂ എന്നും അതില്‍ പൊതുജനങ്ങള്‍ക്കിടപ്പെടുവാന്‍ അവസരമുണ്ടാകണമെന്നുമുള്ള വ്യവസ്ഥകള്‍ 1994-ലാണ് ഇന്ത്യയില്‍ നടപ്പിലാക്കി തുടങ്ങിയത്.
പുതിയ നിയമമനുസരിച്ച് ഏ തെങ്കിലും പദ്ധതി തുടങ്ങുന്നതിനുള്ള അനുമതിക്കായി അപേക്ഷ അയച്ച് നിശ്ചിത കാലാവധി കഴിഞ്ഞാല്‍ പദ്ധതികള്‍ ആരംഭിക്കാം. ഈ പദ്ധതി പ്രകാരം എന്തെങ്കിലും നാശമുണ്ടായാല്‍ നിശ്ചിത തുക പിഴയൊടുക്കിയാല്‍ മതിയാകും. ഇതുവരെയുള്ള പരിസ്ഥിതി നിയമങ്ങളെയും ഈ രംഗത്തെ വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങളെയും പാടേ അവഗണിക്കുന്നതും നോക്കുകുത്തിയാക്കുന്നതുമാണ് ഈ പരിഷ്‌ക്കാരം. ഒരു പദ്ധതി പ്രകാരം ഈ ഭൂമിക്കുണ്ടാവുന്ന നികത്താനാവാത്ത നാശത്തിന് നഷ്ടപരിഹാരം നിര്‍ണ്ണയിക്കാന്‍ ഏതു കോടതിക്കാണ് കഴിയുക? ആരാണ് അതിന് വില യിടുന്നത്? ഒരു പദ്ധതിയുടെ പൂര്‍ത്തീകരണത്തിലൂടെ വരാന്‍ സാധ്യതയുള്ള ജൈവവൈവിദ്ധ്യനാശത്തിനും പാരിസ്ഥിതിക പ്ര ത്യാഘാതങ്ങള്‍ക്കും നാം എന്തു നഷ്ടപരിഹാരമാണ് ഈടാ ക്കാന്‍ പോകുന്നത്? കേവലം കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ മാത്രം നോക്കി നിയമങ്ങള്‍ പരിഷ്‌ക്കരിക്കപ്പെടുമ്പോള്‍ നഷ്ടമാവുന്നത് ഈ ഭൂമിയില്‍ നിലനില്‍ക്കുവാനും ജീവിക്കുവാനുമുള്ള ജൈവവംശത്തിന്റെ അടിസ്ഥാന അവകാശമാണ്. 1992 ലെ റിയോ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് മുന്‍കരുതല്‍ തത്ത്വത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ ഈ നിയമ പരിഷ്‌ക്കരണത്തില്‍ യഥാര്‍ത്ഥത്തില്‍ പരിഗണിക്ക പ്പെടേണ്ടതാണ്. "പരിഹരിക്കാനാവാത്തതോ ഗൗരവാവഹമോ ആയ നാശത്തിന്റെ ഭീഷണി ഉള്ളിടത്ത്, പൂര്‍ണ്ണ ശാസ്ത്രീയ തീര്‍ച്ചയില്ലായ്മ ഒഴികഴിവായെടുത്ത് പരിസ്ഥിതി ശോഷണത്തെ തടയുന്ന മുതല്‍ മുടക്കും ഫലങ്ങളും തമ്മിലുള്ള താരതമ്യം ഉപേക്ഷിക്കാന്‍ പാടില്ല… ഒരു പദ്ധതി വഴി ഗൗരവാവഹവും പരിഹരിക്കാനാവാത്തതുമായ നാശം ഉണ്ടാകാമെന്ന് വസ്തുനിഷ്ഠമായ വിവരശേഖരണം സൂചിപ്പിക്കുന്നുവെങ്കില്‍ – അവിതര്‍ക്കിതമായ തെളിവുകള്‍ ഇല്ലെങ്കില്‍ പോലും – ആ പദ്ധതികള്‍ നിര്‍ ത്തിവയ്ക്കുകയോ പരിഷ്‌ക്കരിക്കുകയോ ചെയ്യണം" (ലൗദാത്തോ സി, 186).


വികസന പ്രക്രിയയുടെ ഇരകളുടെ ദൈന്യതയും നിലവിളിയും
EIA യില്‍ ഇതുവരെയും കാര്യമായി പരിഗണിക്കപ്പെടാത്തതും ഇപ്പോള്‍ പൂര്‍ണ്ണമായി അവഗണിക്കപ്പെട്ടിരിക്കുന്നതുമായ ഒന്നാണ് ഒരു പദ്ധതിയുടെ നടത്തിപ്പു വഴി ഇരകളായി മാറുന്നവരുടെ അടിസ്ഥാന അവകാശ നിഷേധം. വന്‍കിട പദ്ധതികളുടെയും വികസന പ്രക്രിയയുടെ യും ഫലമായി പിറന്ന മണ്ണും നാടും ഉപേക്ഷിച്ചു അഭയാര്‍ത്ഥികളായി അലഞ്ഞു തിരിയുന്നവരുടെയും തൊഴില്‍ നഷ്ടമായവരുടെയും ജീവിതമാര്‍ഗ്ഗം വഴിമുട്ടിയവരുടെയും വിഹ്വലതകളും നി ലവിളിയും നമുക്കു ചുറ്റും ഇന്നും മുഴങ്ങുന്നുണ്ട്. നര്‍മ്മദാ നദീതടങ്ങളിലും നന്ദിഗ്രാമിലും കൂടംകുളത്തും മാത്രമല്ല മൂലമ്പള്ളിയിലെയും പ്ലാച്ചിമടയിലെയും വികസനത്തിന്റെയും വ്യവസായത്തിന്റെയും തിക്തഫലമനുഭവിക്കുന്നവരുടെ ദുരിതത്തിന് ഇതുവരെയും അവസാനമായിട്ടില്ല. ഈ ദുരന്തത്തിന് തീവ്രത വര്‍ദ്ധിപ്പിക്കുന്നതാണ് പുതിയ കരടു രേഖയിലെ പല നിര്‍ദ്ദേശങ്ങളും.
പുതിയ കരടുരേഖയില്‍ ഒരു പദ്ധതിയുടെയും പാര്‍ശ്വഫലം അനുഭവിക്കുന്നരെ പരാമര്‍ശിക്കു ന്നുപോലുമില്ലെന്നത് തികച്ചും ഖേദകരമാണ്. ഇത് സ്വാഭാവികനീതിക്കും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ഘടകവിരുദ്ധമാണ് എ ന്നതു മാത്രമല്ല, വികസന പ്രക്രിയയുടെ ഫലമായി, തങ്ങളുടെ ത നതു ഭൂമിയും ദേശവും സംസ്‌കാരവും ഉപേക്ഷിക്കേണ്ടി വരുന്ന കര്‍ഷകരും ഗോത്ര വംശജരും തദ്ദേശിയരുമായ നിരവധി സാധാരണ മനുഷ്യരുടെ ദുരിതങ്ങള്‍ വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. ഫ്രാന്‍ സിസ് മാര്‍പാപ്പ പറയുന്നതുപോ ലെ "കേവലം ലാഭത്തെക്കുറിച്ച് മാത്രം സങ്കല്‍പ്പിക്കുന്നിടത്ത് പ്ര കൃതിയുടെ താളക്രമം, അതിന്റെ ക്ഷയ-പുനരുജ്ജീവന ഘട്ടങ്ങള്‍, മാനുഷിക ഇടപെടല്‍ വഴി ഗൗരവാവഹമാം വിധം താറുമാറാകാവുന്ന ആവാസവ്യവസ്ഥയുടെ സങ്കീര്‍ണ്ണത ഇവയെക്കുറിച്ച് ചിന്തയുണ്ടാവില്ല" (ലൗദാത്തോ സി 190). വികസന പ്രക്രിയയുടെ ഫലമായി തിക്തഫലമനുഭവിക്കുന്നവരെക്കുറിച്ചുള്ള അവഗണനയെയും മാര്‍പാപ്പ ശക്തമായി വിമര്‍ശിക്കുന്നുണ്ട്, അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ വികസന പ്രക്രിയകളെക്കുറിച്ചുള്ള ചര്‍ച്ചയുടെ മുഖ്യ അജണ്ടയുടെ ഭാഗമായി ഒരു പദ്ധതിയുടെ പാര്‍ശ്വഫലമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ വരാറില്ല. തീരെ പ്രാധാന്യം കുറഞ്ഞാണ് ഈ മേഖലകള്‍ കൈ കാര്യം ചെയ്യാറുള്ളത്. വികസനത്തിന്റെയും ജീവിത നിലവാരത്തിന്റെയും ഉയര്‍ന്ന മേഖലയില്‍ കഴിയുന്നവര്‍ നിസ്വരായവരുടെ യും പാര്‍ശ്വവത്ക്കരിക്കപ്പെട്ടിരി ക്കുന്നവരുടെയും പ്രശ്‌നങ്ങളെ പാടേ അവഗണിക്കുന്നു. (ലൗദാത്തോ സി 49). അദ്ദേഹം തന്നെ പറയുന്നതുപോലെ ഒരു പദ്ധതിയെക്കുറിച്ചുള്ള ഗൗരവാവഹമായ ചര്‍ച്ചകള്‍ സര്‍ക്കാര്‍ നടത്തുമ്പോള്‍ വികസന പ്രക്രിയയുടെ ഇരകളായി (Victims) മാറുവാന്‍ സാധ്യതയുള്ള എല്ലാവരെയും പ്രത്യേകിച്ച് തദ്ദേശീയരെയും കര്‍ ഷകരെയും ഗോത്രവംശങ്ങളെയും ഈ ചര്‍ച്ചകളുടെ പ്രധാന പങ്കാളികള്‍ (Principle Dialogue Partners) ആക്കണം. അവര്‍ കേവലം കേള്‍വിക്കാരോ അതിഥികളോ ആയിരിക്കരുത്. അവരെ മനസ്സിലാക്കാനും പഠിക്കാനും ശ്രവിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയണം. (Querida Amazonia, 26)
EIA യുടെ കരട് വിജ്ഞാപനത്തിലെ ആക്ഷേപങ്ങളെക്കുറിച്ച് ഏതു വേദിയിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ ഇപ്പോള്‍ പറയുന്നത്. ഇത് സര്‍ക്കാരിന്റെ നയമല്ല എന്നും അന്തിമ വിജ്ഞാപനം ആയിട്ടില്ലെന്നും പൊതുജനത്തിന്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും നിര്‍ദ്ദേശങ്ങള്‍ പരിഗണനയ്ക്ക് എടുക്കുമെന്നും അദ്ദേഹം പറയുന്നുമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ആത്മാര്‍ത്ഥതയുള്ള താണെങ്കില്‍ ഈ വിജ്ഞാപനത്തെക്കുറിച്ച് ഇതിനകം തന്നെ വന്നിരിക്കുന്ന ആക്ഷേപങ്ങള്‍ ഗൗരവമായി പരിഗണിച്ചാല്‍ മതി. കേവല നിയമത്തിനതീതമായി പരിസ്ഥിതിയെക്കുറിച്ചുള്ള നമ്മുടെ ബോധ്യങ്ങളും അവബോധവുമായിരിക്കണം എല്ലാ പദ്ധതിയുെടയും വികസന പ്രക്രിയയുടെയും ആധാരമായി വര്‍ത്തിക്കേണ്ടത്. പ്രശസ്ത പാരിസ്ഥിതിക കവി വെന്‍ഡല്‍ ബെറി പറയുന്ന തുപോലെ, "നമുക്കോ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനോ അറിയാമെങ്കിലും ഇല്ലെങ്കിലും നമ്മുടെ എല്ലാ ഇടപെടലുകളുടെയും തീരുമാനങ്ങളുടെയും ഒരു പങ്കാളിയാണ് ഈ പ്രകൃതി. ഇതിന് മനുഷ്യര്‍ക്കുള്ളതിനേക്കാള്‍ കൂടുതല്‍ വോട്ടും ദൈര്‍ഘ്യമേറിയ ഓര്‍മ്മയും കരുത്തേറിയ നീതിബോധവുമുണ്ട്."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org