
കാഴ്ചയിലേക്കെത്തുന്നത് കേള്‍വിയിലേക്കെത്തുന്നതിനേക്കാള്‍ മനസ്സില്‍ പതിയുന്നതാണ്. ചിത്രങ്ങളും പേരുകളും ശബ്ദങ്ങളും വേഷവിതാനങ്ങളും ഒക്കെ എന്തിന്റെയൊക്കെയോ മെസ്സേജുകളാണ്; ആകണം!! എന്നാല്‍ ആധുനികതയുടെ മാറ്റങ്ങളുടെ പിന്നാലെയുള്ള ഓട്ടത്തില്‍ നമുക്കു ശരിയും തെറ്റും തിരിച്ചറിയനാകാത്തതുപോലെ! എവിടെയും കാണുന്ന ഒരു 'ട്രെന്‍ഡ്' ഇന്ന് അനുകരണത്തിന്റെ പാത വെട്ടുകയാണ്. ശരിയും തെറ്റും എന്നതിനേക്കാള്‍ 'ഭൂരിപക്ഷം' പ്രധാനമാകുന്ന കാലം! എവിടെയും ഒരു നെഗറ്റീവ് പോസിറ്റീവായി മാറുന്ന നാളുകളാണ്. അപകടങ്ങളും അ വിശ്വസനീയമാം വിധമുള്ള മൃഗീയതകളും നമുക്കിടയില്‍ സാധാരണമാകുന്നു. ഇതിനിടയില്‍ നാം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു കാഴ്ചയാണ് 'നെഗറ്റീവിസം.'
നമ്മുടെ നിയമങ്ങള്‍ കണ്ണുതുറക്കുന്നത് പലപ്പോഴും ഒരപകടത്തിലൂടെയാണെന്ന് ആനുകാലിക സംഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ കാഴ്ചകള്‍ സാധാരണത്വങ്ങളില്‍ അഭിരമിക്കുന്നു. എന്തു കണ്ടാലും നാമൊന്നിനേയും 'നേത്രപടലങ്ങള്‍'ക്കപ്പുറം കടത്തിവിടാറില്ല; ഹൃദയമറിയാത്ത നിസ്സംഗതയുടെ കാഴ്ചക്കാരായി നാം മാറുന്നതുകൊണ്ടാണ് നിയമ ലംഘനങ്ങള്‍ പതിവാകുന്നതും പലതും വരുത്തിവയ്ക്കുന്നതും. കണ്‍മുന്നിലൂടെ എന്നും കടന്നുപോയിരുന്ന കാഴ്ചയിലെ 'ഗൗരവം' നാം ശ്രദ്ധിച്ചതേയില്ല; നമ്മെയെല്ലാം ഞെട്ടിക്കുന്ന ദുരന്തമുഖത്തുനിന്നു കൊണ്ട് ഇന്നലെകളെ നാമോര്‍ത്തേക്കാം... പക്ഷേ, വൈകിയോടിയ ചിന്തകള്‍ ദുരന്തത്തിലേക്കെത്തുകയായിരുന്നു. ഒന്നും നമ്മെ ബാധിക്കാത്തതെന്ന ചിന്തയില്‍ നിന്നും നമ്മെ ഒരിക്കലും വിസ്മരിപ്പിക്കാത്ത ഓര്‍മ്മകളിലേക്കെത്തിക്കുന്നു; ഗദ്ഗദവും തേങ്ങലുംന മ്മുടെ ജീവിതത്തെ നൈരിപ്പോടിനു സമാനമാക്കുന്നു. സമാധാനം നമുക്കിടയില്‍ അന്യമാകുന്ന കാലം!
എന്തുകൊണ്ടാണിങ്ങനെയൊക്കെെയന്ന് പലപ്പോഴും ചിന്തിക്കുന്നുണ്ട് നാം; എന്നാല്‍ ഒന്നിനു പുറകെ ഒന്നായെത്തുന്ന ദുരന്തപ്പെരുമഴിയില്‍ നാം ഞെട്ടുകയാണ് പതിവ്! നമുക്കു മുന്നിലൂടെ കടന്നുപോകുന്ന ബസ്സില്‍ ''ഡെവിള്‍ ഓഫ് മൈ വേള്‍ഡ്'' എന്നെഴുതിയിരിക്കുന്നതില്‍ പ്രത്യേകിച്ചൊന്നും നാം കണ്ടില്ല. മറ്റൊരു ബസ്സില്‍ ''നോ സൈലന്‍സ് ഒണ്‍ലി വയലന്‍സ്'' എന്നെഴുതിയതിലും നാം ശ്രദ്ധച്ചതേയില്ല. അധോലോകമെന്നും അസുരനെന്നും ഡയനോസിറോസ് എന്നും, റോക്ക് ഹെഡ്ഡെന്നും, ഹിറ്റ്‌ലറെന്നും, എക്‌സ്‌പ്ലോഡെന്നും തുടങ്ങി നെഗറ്റീവ് ചിന്തകളുടെ പേരും ചിത്രങ്ങളും അതിനനുബന്ധമായ കലപില കോലാഹലങ്ങളും ലേസര്‍ലാമ്പുകളുടെ ഡിസ്‌കോ ഡാന്‍സുകളും അതിനൊപ്പം വാഹനത്തിന്റെ ഉള്‍വശം പുകകൊണ്ടു നിറയുകയും ചെയ്യുന്നതോടൊപ്പം ഉല്ലാസയാത്രക്കാരുടെ ''ആര്‍മാദിച്ചുള്ള'' അത്യന്താധുനിക പെര്‍ ഫോമെന്‍സുകളും അരങ്ങേറുന്ന; ടൂറിസ്റ്റ് വാഹനങ്ങളുടെ 'ഡ്രൈവറും കിളി'യുമൊക്കെ ഇത്തരം ദ്രുതതാള ബഹളത്തോടൊപ്പം ചേരുന്നു... വാഹനത്തിന്റെ വേഗതയോ ഗതിവിഗതികളോ ദുരന്ത സാധ്യതകളോ വക വയ്ക്കാതെ രക്തത്തിളപ്പില്‍ മുന്നേറുകയാണ്. ഇത്തരം ദ്രുതതാളത്തെയും ദുരന്ത സാധ്യതകളെയും തിരിച്ചറിയേണ്ടവരും തിരത്തേണ്ടവരും അച്ചടക്കം ബോധ്യപ്പെടുത്തേണ്ടവരും ''പിള്ളേരുടെ സന്തോഷം'' എന്ന നിസ്സംഗതയില്‍ പതുങ്ങിയിരിക്കും. നിയന്ത്രണമാകെ 'സാത്താന്‍' കൈക്കലാക്കും. ജീവനും ജീവിതവും എല്ലം ഒരു ഇമവെട്ടും നേരംകൊണ്ട് തകരുന്നതിലേക്ക് ആരുടേയും മനസ്സ് എത്തിപ്പെടാറില്ല!! വിനോദത്തിനും അതിരുകളുണ്ടെന്ന ഒരു ബോധ്യം നാം സ്വന്തമാക്കണം. ആനന്ദത്തിന് അനന്ത സാധ്യതകളുണ്ട്. എന്നാല്‍ ആനന്ദം അതിരുകളില്ലാത്തതല്ലെന്നു മാത്രമല്ല അത് വിശുദ്ധ വിചാരങ്ങളോടും ദൈവിക ദാനങ്ങളോടും ചേര്‍ന്നിരിക്കുന്നതാണ്.
അടുക്കും ചിട്ടയുമില്ലാത്തതും ക്രമരഹിതമായ താടിയും മുടിയും, കീറിയതും തുന്നിയതുമായ വസ്ത്രങ്ങളും, വസ്ത്രങ്ങളില്‍ അരുതാത്ത ഭാഷകളുടെ എഴുത്തുകളും അര്‍ത്ഥശൂന്യവും ദ്വയാര്‍ത്ഥങ്ങളും വ്യംഗ്യാര്‍ത്ഥങ്ങളുമുള്ള ആലേഖനങ്ങളുമൊക്കെയായി ഒരു 'അന്തര്‍മുഖ സഞ്ചാരി'കളായി യുവതമാറുന്നുണ്ട്. ചുറ്റും നില്‍ക്കുന്നവരെല്ലാം ''ഇതെന്തു കോലം'' എന്നു കുശുകുശുക്കുമ്പോള്‍ ഒന്നുമറിയാത്തവരെപ്പോലെയും ആരെയും മൈന്‍ഡ് ചെയ്യാതെയും ഒരു തരം 'ജാള്യത'യോടെ പതുങ്ങി നില്‍ക്കുന്ന യുവത്വം; എല്ലാത്തിലും സ്വാതന്ത്ര്യമെന്ന വലിയ പദത്തെ ആശ്രയിച്ച് മറുപടികളും ഉണ്ടാകും! ശരി മാത്രമാണ് ശരി; കാലമോ കോലമോ ചിന്തയോ കച്ചവടലക്ഷ്യമോ സ്വാധീനിക്കാത്തവിധം വ്യക്തിത്വ വികാസം തലമുറകള്‍ സ്വന്തമാക്കണം. നന്മയുടെ പ്രതീകങ്ങളായി വസ്ത്രധാരണവും പെരുമാറ്റവും നാം പ്രവര്‍ത്തിക്കുന്നിടങ്ങളിലെ ആലേഖങ്ങളും നിറഭേദങ്ങളും ചിത്രങ്ങളുമൊക്കെയായിരിക്കാന്‍ നാം ശ്രദ്ധിച്ചേ തീരൂ!!
നിയമങ്ങള്‍ കൃത്യമായും ഭംഗിയായും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെ ആര്‍ക്കാണ് ഇവിടെ വേണ്ടത്? 'പാവം' പ്ര വര്‍ത്തനങ്ങളെ ഭയങ്കരന്മാര്‍ വിഴുങ്ങുന്നതിലെ വര്‍ത്തമാനവും നാം പടുത്തുയര്‍ത്തുന്നതു തന്നെ. ഏതു വിധേനയും കാര്യങ്ങള്‍ 'അടി പൊളി'യാകണമെന്ന ആധുനിക ചിന്ത ദുരന്തത്തിന്റെ നാന്ദിയാണ്.
ഇന്റര്‍വ്യൂവിനായി നാം തയ്യാറെടുക്കുമ്പോള്‍ എന്തു ചോദ്യങ്ങളെയായിരിക്കും അഭിമുഖീകരിക്കേണ്ടി വരികയെന്നതിലായിരിക്കും നമ്മുടെ പഠനം ശ്രദ്ധയൂന്നുക. ശരിതെറ്റുകളേക്കാള്‍ ഇന്റര്‍വ്യൂവില്‍ വിജയിക്കുകയെന്നത് ഉദ്യോഗാര്‍ത്ഥിയുടെ പ്രഥമ ലക്ഷ്യമായിരിക്കു മല്ലൊ! നമ്മുടെ സാമൂഹ്യജീവിതത്തിലും നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളോട് കാലികമായിട്ട് ചുറ്റുവട്ടം എങ്ങനെ പ്രതികരിക്കുന്നുവെന്ന് നാം 'പഠിച്ചു'വയ്ക്കുന്നു. ഇതാണ് സമൂഹത്തിലെ 'നെഗറ്റീവിസം' വളരാനുള്ള കാരണം. ഏതു രംഗത്ത് നാം എത്തിപ്പെട്ടാലും നമ്മെ ഭരിക്കുന്നത് 'ട്രെന്‍ഡുകള്‍' ആണ്. ട്രെന്‍ഡുകള്‍ക്കൊപ്പമുള്ള ഓട്ടത്തില്‍ മൂല്യങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നു. എല്ലാവര്‍ക്കുമൊപ്പം പിടിച്ചു നില്‍ക്കാനുള്ള 'നയം' നമ്മെയൊക്കെ നട്ടെല്ലില്ലാത്തവരാക്കുന്നു. ശരിയല്ലെന്നു പറയാനുള്ള ഇച്ഛാശക്തി നഷ്ടപ്പെടുന്നു, ഒഴുക്കിനെതിരെ നീന്തി കരപറ്റേണ്ടവര്‍ ഒഴുക്കിനൊപ്പം ഒഴുകി കരതെറ്റി അലയുന്നു; ഇന്നത്തെ ദുരന്തങ്ങള്‍ക്കൊക്കെ ഇത്തരം ചില മാനസ്സികാവസ്ഥകള്‍ ഉണ്ട്.
എല്ലാ നിയമവും അനുസരിക്കന്നവരെ ഇവിടെ ആര്‍ക്കാണ് വേണ്ടത്? ടൂറിസ്റ്റ് ബസ്സുകളെന്നല്ല നമ്മുടെയിന്നത്തെ എല്ലാ ആഘോഷവേളകള്‍ക്കും ഒരു ട്രെന്‍ഡിന്റെ അനുധാവനമുണ്ട്. ഒപ്പം നില്‍ക്കുകയെന്ന മനഃശാസ്ത്രം ചൂഷണം ചെയ്യപ്പെടുന്നതിലെ കച്ചവടമാണ് 'അടിച്ചുപൊളി'യുടെ സിദ്ധാന്തം. ഓടുന്ന വാഹനത്തിലെ ഒട്ടനവധി നിയമലംഘനങ്ങളും നമ്മടെതന്നെ സൃഷ്ടിയാണ്. മര്യാദ വേഗതയില്‍ വാഹനമോടിക്കുന്നവരെ നമുക്കു താത്പര്യമുണ്ടോ? അപകടമുണ്ടാക്കാതെ പറക്കുന്ന വണ്ടികളെ നമുക്കിഷ്ടമല്ലേ? പക്ഷേ, പറക്കുന്ന വണ്ടി ഏതു നിമിഷവും ദുരന്തത്തിലേക്കെത്താമെന്ന് ഓര്‍ക്കാന്‍ നാം ശ്രമിക്കാറില്ല! മാലാഖയെന്നെഴുതിയ വാഹനത്തേക്കാള്‍ നമുക്കിഷ്ടം 'ഡെവിള്‍' എന്നെഴുതിയതാണെങ്കില്‍ വാഹനമുടമകള്‍ ഡെവിളില്‍ ശ്രദ്ധയൂന്നുമെന്നത് ഒരു സാധാരണ കാര്യമല്ലേ? നാം മേല്‍പറഞ്ഞ 'ഇന്റര്‍വ്യൂ' ഇവിടെയാണ് പ്രസക്തമാകുക. നമ്മുടെ ആവശ്യമെന്താണോ അതിലേക്കെത്തുന്ന 'കച്ചവട'മാണ് ചുറ്റിലും നടക്കുന്ന നിയമലംഘനങ്ങളിലൂടെ തുറന്നെത്തുന്നത്! ആവശ്യക്കാരന് ആവശ്യമുള്ളതു കൊടുത്ത് ട്രെന്‍ഡിനെ മുതലാക്കുന്നത് തിരിച്ചറിയണമെങ്കില്‍ നമ്മുടെ വ്യക്തിത്വം ശരിക്കൊപ്പം നിലയുറപ്പിക്കണം. കാലം മാറിയാലും ശരികള്‍ മാറരുത്; മാറ്റരുത്! സ്വഭാവഗുണം കൂടാതെയുള്ള സാമര്‍ത്ഥ്യത്തിന് അര്‍ത്ഥമില്ലെന്ന് തലമുറകള്‍ അറിയണം. അടുത്തിടെയുണ്ടായ അപകടങ്ങളെക്കുറിച്ച് വിലയിരുത്തുമ്പോള്‍ ചുമതലപ്പെട്ടവരുടെ 'വീഴ്ചകള്‍' ദൃശ്യമല്ലേ? ജീവനും ജീവിതവും മറ്റെന്തിനേക്കാളും അമൂല്യമാണെന്നറിയാന്‍ നാം വൈകുന്നു!! മനുഷ്യര്‍ ജീവിച്ചിരിക്കുന്നുവെങ്കില്‍ മാത്രമാണ് വിനോദമെന്നതിന് അര്‍ത്ഥമുള്ളൂ! കാലത്തിന്റെ 'ലഹരി' ജീവിതമെന്ന ലഹരിയെ വിഴുങ്ങുന്നതിലെ ദുരന്തമാണ് ചുറ്റിലും സംഭവിക്കുന്നത്. നാമൊക്കെ ഇതിനെ 'വിധി'യെന്നു പറഞ്ഞ് നിസ്സംഗതയോടെ മനസ്സു മരവിച്ചവരെപ്പോലെ കാഴ്ചക്കാരാകു ന്നു; അനുഭവത്തിന്റെ മനുഷ്യര്‍ക്ക് ജീവിതത്തോടൊപ്പം ദുഃഖത്തിന്റെ നെരിപ്പോട് ചേരുകയാണ്; ഒന്നിനും പരിഹരിക്കാനാകാത്ത നഷ്ടബോധത്തില്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്ന മനുഷ്യരുണ്ടിവിടെ? ആരുടെയൊക്കെയോ അലംഭാവം അഥവാ മനഃപൂര്‍വ്വമല്ലാത്ത തെന്ന് 'മനഃപൂര്‍വ്വം' പറഞ്ഞുവയ്ക്കുന്ന ചില വീക്ഷണങ്ങളും ഇതിനൊക്കെ ആക്കം കൂട്ടുന്നു. സന്തോഷത്തേക്കാള്‍ ദുഃഖത്തിന്റെ കുത്തൊഴുക്കിലല്ലേ നാമൊക്കെയിന്ന്? എല്ലാമുണ്ടെന്ന് ഡിജിറ്റല്‍ യുഗം സംസാരിക്കുമ്പോഴും മനുഷ്യരിലെ മനുഷ്യത്വം നഷ്ടമാകുകയല്ലേ? ഒരു കോടി വര്‍ഷം കംപ്യൂട്ടര്‍ സ്‌ക്രീനിനു മുന്നിലിരുന്നാലും ഉപയോക്താവിനെ നോക്കി കംപ്യൂട്ടര്‍ ചിരിക്കില്ലെന്ന യാഥാര്‍ത്ഥ്യം 'ഡിജിറ്റല്‍ മനുഷ്യന്‍' ഓര്‍ക്കുന്നതു നന്ന്. നാം നമുക്കുതന്നെ വിനയാകുന്നതിലെ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ മനസ്സു തുറക്കണം. 'മനസ്സുള്ള മനുഷ്യന്‍' ദൈവത്തെ തിരിച്ചറിയാന്‍ ശ്രദ്ധിക്കണം. അറിവിന്റെ ആദ്യവും അവസാനവും ദൈവമാണെന്നറിയാനെങ്കിലും ഒരു 'അറിവ്' നാം സ്വന്തമാക്കണം. ''നമുക്കൊന്നുമറിയില്ലെന്ന ഒരറിവ്'' നമുക്കു സ്വന്തമാക്കാനാകുമെങ്കില്‍ നല്ലതുകള്‍ നമ്മില്‍ പ്രാവര്‍ത്തികമാകും!! അഹങ്കാരം ആപത്തിന്റെ തായ്‌വേരാണ്! ഞാന്‍ ഒരു സകലകലാ 'എക്‌സ്‌പേര്‍ട്ടാ'ണെന്ന മണ്ടന്‍ വിചാരമൊക്കെ മാറ്റിവയ്ക്കാനാകുമെങ്കില്‍ നമ്മുടെ ജീവിതം കൂടുതല്‍ ജാഗ്രതയിലാകുമെന്നു തീര്‍ച്ച! നിങ്ങളുടെ ഉള്ളിലുള്ള സ്‌നേഹിതന്റെ 'ഇതു ചെയ്യുക' എന്നു പറയുമ്പോള്‍ മറ്റു സ്‌നേഹിതരെ ശ്രദ്ധിക്കരുതെന്ന് ഗാന്ധിജി പറഞ്ഞുതരുന്നുണ്ട്. എന്തിലും ഏതിനും ദൈവഭയമുണ്ടാകണം; മനഃസാക്ഷി സജീവമാക്കി നിര്‍ത്തണം!!
ഇതു വേഗതയുടെ കാലമാണ്; ഒന്നിനും സമയമില്ലെന്നു പറയുന്ന കാലം! നാമെല്ലാം ഓട്ടത്തിലാണ്. നമ്മെ തടഞ്ഞു നിര്‍ത്തി ''തിടുക്കത്തില്‍ എങ്ങോട്ടാണ്?'' എന്ന് ഒരാള്‍ ചോദിച്ചാല്‍ ഒരുപക്ഷേ, അപ്പോഴായിരിക്കും തിടുക്കത്തിന്റെ 'കാരണം' തന്നെ തിരയുന്നത്! അത്രമാത്രം നിരര്‍ത്ഥകമായിട്ടാണ് നാമെല്ലാം ഓടിക്കൊണ്ടിരിക്കുന്നത്; ശാന്തതയും സ്വസ്ഥതയുമൊന്നും ഇന്നില്ല! ഇന്നത്തെ അപകടങ്ങള്‍ക്കു കാരണവും ഈ വേഗതയാണ്; പലപ്പോഴും വാഹനങ്ങള്‍ക്കല്ല നമ്മുടെ മനസ്സിലാണ് 'വേഗപ്പൂട്ട്' അത്യാവശ്യമായിരിക്കുന്നത്? മനസ്സിന്റെ വേഗത പ്രവൃത്തിയുടെ വേഗതയ്ക്ക് ആക്കം കൂട്ടും... മുന്നിലെ തടസ്സങ്ങളേക്കാള്‍ നമ്മുടെ വേഗതയ്ക്കാണ് പ്രാധാന്യം. ദുരന്തത്തിലേക്ക് വേഗതയെത്താമെന്ന് ചിന്തിക്കാനും മനസ്സ് അനുവദിക്കുന്നില്ല. നിയമങ്ങള്‍ അനുസരിക്കുന്ന ഒരു ജനതയുള്ളിടത്താണ് ഭരണം സുഗമമാകുക; നമുക്കു വേണ്ടിയാണ് നിയമങ്ങള്‍ എന്നറിയാന്‍ നാം മനസ്സാകുന്നില്ല. ദുരന്തത്തിനു ശേഷം പഠന നിരീക്ഷണങ്ങള്‍ക്ക് നഷ്ടപ്പെട്ടതിനെ തിരികെയെത്തിക്കാനാകില്ലല്ലോ; ഒരപകടത്തിനു പിന്നാലെ മറ്റൊരപകടം വന്നെത്തുന്ന ആധുനികതയില്‍ നമ്മുടെ ഞെട്ടല്‍പോലും ഒരു സ്ഥിര മരവിപ്പിലേക്ക് മാറിയിരിക്കുന്നു.
നിയമങ്ങള്‍ അനുസരിക്കാതെയുണ്ടാകുന്ന ഏതു ദുരന്തത്തിനും 'മനഃപൂര്‍വ്വമല്ലാത്ത''തെന്നുള്ള വിവക്ഷ മാറ്റി കുറ്റകരം എന്നുതന്നെയാക്കണം. വാഹനാപകടം ഒരു പതിവു കാഴ്ചയോ സംഭവമോ ആക്കി 'നിയമം' കാണരുത്; മനുഷ്യജീവന്‍ നിയമത്തിന്റെ വകുപ്പുകള്‍ക്കു മീതെയാണെന്നു മാത്രമല്ല; വിലമതിക്കാവുന്നതിനുമപ്പുറം അമൂല്യമാണ്; ജീവന്‍ ജീവിതപ്പിഴവുകൊണ്ട് നശിപ്പിക്കരുത്. വലിച്ചെറിയരുത്. മക്കളുടെ മനസ്സിന് സ്‌നേഹത്തിന്റെ വേഗപ്പൂട്ട് അനിവാര്യമാണ്; വിനോദയാത്രകള്‍ വിങ്ങലിന്റെയും തേങ്ങലിന്റെയും നഷ്ടബോധത്തിന്റെയും അവസരമാകരുത്. അദ്ധ്യാപകര്‍ക്കും അധികാരികള്‍ക്കും വിദ്യാര്‍ത്ഥികളുടെ മേല്‍ കരുതലും നിയന്ത്രണവും ഉണ്ടാകണം. മാതാപിതാക്കള്‍ മക്കളെ പക്വതയിലും പാകതയിലും വിവേകത്തിലും ജീവിതം ജീവിച്ചു തീര്‍ക്കണമെന്ന 'സ്വപ്ന'ത്തിലും വളര്‍ത്തണം; സകലതിനും ഒരു 'വേഗപ്പൂട്ട്' അനിവാര്യമാണ്. മാനസികാവസ്ഥയെ ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പായിക്കരുത്. വ്യക്തിത്വം ശക്തിപ്പെടുത്താനും; അനുകരണമാംവിധം ആദര്‍ശബന്ധിയാക്കാനും മക്കളുടെ പുസ്തകതാളുകളില്‍ 'അക്ഷര'ങ്ങള്‍ ഉണ്ടാകണം. ആയുസ്സിനോട് ചേര്‍ത്തുവയ്ക്കാവുന്ന ആഗ്രഹങ്ങള്‍ മാത്രം മതി; അതിനപ്പുറമുള്ളത് പളുങ്കു പാത്ര സമാനേ വീണുടഞ്ഞേക്കാം, സൂക്ഷിക്കണം.