

‘കേരളരാഷ്ട്രീയത്തിൽ ചില വിസ്മയങ്ങൾക്കായി കാത്തിരിക്കണം’ എന്ന പ്രതിപക്ഷ നേതാവിന്റെ വാക്കുകളെ ഗൗരവത്തിലെടുത്തവരെപ്പോലും അതിശയിപ്പിക്കും വിധം അക്ഷരാർഥത്തിൽ വിസ്മയത്തേരിലേറിയാണ് UDF ന്റെ ജൈത്രയാത്ര. 102 എന്ന മാന്ത്രിക സംഖ്യയോളം ആധികാരിക നേട്ടത്തിലേക്ക് ഐക്യജനാധിപത്യമുന്നണിയെ എത്തിച്ച ഘടകങ്ങൾ പലതാണ്. ഒപ്പം 2021-ലെ 99 എന്ന മഹത്തായ നേട്ടത്തിൽ നിന്ന് 35 എന്ന ശൂന്യതയിലേക്ക് LDF നെ ചുഴറ്റിയെറിഞ്ഞ രാഷ്ട്രീയ അടിയൊഴുക്കുകളും ശ്രദ്ധേയം.
‘എന്തുകൊണ്ടു തോറ്റു!’ എന്ന ചർച്ചയോളം തന്നെ പ്രധാനപ്പെട്ടതാണ് ‘എങ്ങന ജയിച്ചു’ എന്നതും. ഐതിഹാസികമായ ചരിത്രവിജയത്തിനുശേഷം മാധ്യമങ്ങളുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ വി ഡി സതീശൻ വ്യക്തമാക്കാൻ ശ്രമിച്ച വിജയരഹസ്യങ്ങളിൽ ‘പിണറായി വിജയനും’ ഒരു പാഠപുസ്തകമായി എന്നത് മറ്റൊരു വിസ്മയം!!!
ഒന്നാം പിണറായി സർക്കാർ ഭരണത്തുടർച്ച ഉറപ്പാക്കാൻ ബോധപൂർവം സ്വീകരിച്ച ജനക്ഷേമ നടപടികളും, അത് ജനങ്ങളിലെത്തിക്കാൻ ജനാധിപത്യപരമായി സ്വീകരിച്ച മാർഗങ്ങളും തന്നെയാണ് തങ്ങളുടെ തിരിച്ചുവരവിന് ആധാരമാക്കിയത് എന്ന് വി ഡി സതീശൻ ആവർത്തിച്ചപ്പോൾ, എന്തുകൊണ്ട് മൂന്നാം ഊഴം പിണറായിക്ക് ജനം നല്കിയില്ല എന്ന ചോദ്യത്തിനും ഉത്തരമാവുകയായിരുന്നു.
പൊതുവേദിയിൽ ചോദ്യം വിലക്കിയ പിണറായിയോട് വർഷങ്ങളായി ഉത്തരവാദിത്വപ്പെട്ട പാർട്ടി യോഗങ്ങളിൽ പ്പോലും ആരും ഒന്നും ചോദിക്കാറി ല്ലെങ്കിലും ജനം എണ്ണിയെണ്ണി പലതും ചോദിച്ചപ്പോൾ പിണറായി മാത്രമല്ല, പാർട്ടി തന്നെയും ‘വനവാസത്തി’ലെന്ന സ്ഥിതിയായി.
LDF ന്റെ പരാജയവും വലിയ വിസ്മയം തന്നെയാണ് - ചരിത്രത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി ശ്രീ. പിണറായി വിജയൻ രേഖപ്പെടുത്തപ്പെടും എന്ന പ്രതിപക്ഷ നേതാവിന്റെ പ്രവചനത്തെ സാധൂകരിക്കുംവിധം മന്ത്രിസഭ തന്നെ അടപടലം ആടിയുലഞ്ഞത് അസാധാരണവും അപ്രതീക്ഷിതവുമായിരുന്നു. 13 മന്ത്രിമാരെ ജനം പിടിച്ചു പുറത്താക്കിയപ്പോൾ ധർമ്മടം മണ്ഡലത്തിൽ 6 റൌണ്ട് എണ്ണിത്തീരും വരെയും ശ്രീ. പിണറായി പിന്നിലായിരുന്നുവെന്നതും മറ്റൊരു ചരിത്രവിസ്മയം! വോട്ടെണ്ണിത്തുടങ്ങിയ 8 മണി മുതൽ 11 മണി വരെ സാക്ഷാൽ പിണറായിയെ വിറപ്പിച്ചത് യൂത്ത് കോൺഗ്രസ് നേതാവായ വി പി അബ്ദുൽ റഷീദായിരുന്നു. 2021-ൽ 50,143 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച ശ്രീ. പിണറായി ഇത്തവണ 19,247 വോട്ടിന് കടന്നുകൂടി. അങ്ങനെ ‘ജയിക്കാതെ റഷീദ് നിയമസഭയിൽ’ എത്തുകയാണ്.
സി പി എം അംഗസംഖ്യ 67-ൽ നിന്ന് 26 ആയതും സി പി ഐ 17-ൽ നിന്ന് 8 ആയി ചുരുങ്ങിയതും, LDF-ന്റെ 50 സിറ്റിംഗ് എം എൽ എ മാർ തോറ്റമ്പിയതും, സി പി എം വിമതരായ ജി സുധാകരൻ അമ്പലപ്പുഴയിലും വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിലും ടി കെ ഗോവിന്ദൻ തളിപ്പറമ്പിലും ആധികാരിക വിജയം നേടിയതും മറ്റും വിസ്മയ പരമ്പരകളായി!! കേരള കോൺഗ്രസ് (എം) ഉൾപ്പെടെ 7 ഘടകകക്ഷികളും സംപൂജ്യരായ ചരിത്രവും ഈ തിരഞ്ഞെടുപ്പിന്റേതായി. തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത് UDF മാത്രമല്ല, നേമവും, കഴക്കൂട്ടവും ചാത്തന്നൂരും പിടിച്ച് മൂന്ന് താമരകളെ വിരിയിച്ച് BJP യും വിസ്മയിപ്പിച്ചു.
എന്തുകൊണ്ട് CPM നേതൃത്വം നല്കിയ ഇടതുപക്ഷം തോറ്റു എന്ന ചോദ്യത്തിന് ഏറ്റവും ലളിതവും എന്നാൽ സത്യസന്ധവുമായി മറുപടി നല്കിയത് ഇപ്പോഴും പാർട്ടിയിൽ ‘സാങ്കേതികമായി’ തുടരുന്ന (പാർട്ടി അംഗത്വം പുതുക്കിയില്ല, അതിനാൽ പാർട്ടിക്ക് പുറത്തല്ല എന്നാണ് സുധാകരൻ അവകാശപ്പെടുന്നത്.) ജി. സുധാകരനായിരുന്നു. “‘ഞാനും എന്റെ ഭാര്യയും പിന്നെ തട്ടാനും’ എന്ന പ്രമാണത്തിന് പാർട്ടിയിൽ പ്രാമുഖ്യമേറിയപ്പോൾ നേതാവും പാർട്ടിയും തോറ്റു.”
‘ഞാനല്ലാതെ പാർട്ടിയിൽ മറ്റാര്’ എന്ന പിണറായിയുടെ അപ്രമാദിത്വത്തെ നാടുനീളെ നിവർത്തിയുയർത്തിയ ഫ്ലക്സ് ബോർഡുകളിൽ ‘LDF അല്ലാതെ മറ്റാരുണ്ട്’ എന്ന വെല്ലുവിളിയോടെ പൊലിപ്പിച്ചപ്പോൾ ജനം വീട്ടിലിരിക്കാൻ പറഞ്ഞതിന്റെ ആകത്തുകയാണ് ദയനീയ പരാജയം. പൊതുവേദിയിൽ ചോദ്യം വിലക്കിയ പിണറായിയോട് വർഷങ്ങളായി ഉത്തരവാദിത്വപ്പെട്ട പാർട്ടി യോഗങ്ങളിൽപ്പോലും ആരും ഒന്നും ചോദിക്കാറില്ലെങ്കിലും ജനം എണ്ണിയെണ്ണി പലതും ചോദിച്ചപ്പോൾ പിണറായി മാത്രമല്ല, പാർട്ടി തന്നെയും ‘വനവാസത്തി’ലെന്ന സ്ഥിതിയായി.
ശരിയാണ് നമുക്ക് ഈ പാർട്ടിയെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ. പക്ഷേ, പാർട്ടിക്കകത്ത് കുറച്ചുകാലങ്ങളായി എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് പാർട്ടിനേതൃത്വത്തിന് ഒന്നും അറിയില്ലായെന്ന് തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കി.
അനുദിന ഭരണനിർവഹണ ച്ചെലവുകൾക്കുപോലും പണമില്ലാതെ വിഷമിച്ച ഒരു സർക്കാർ, കടം വാങ്ങിയ പണം കൊണ്ട് PR വർക്ക് നടത്തി അഴിമതിയാരോപണങ്ങളെയും ഭരണസ്തംഭനത്തെ തന്നെയും വെള്ളപൂശി വെളുപ്പിച്ചെടുക്കാമെന്ന് കരുതിയെങ്കിൽ അത് ജനവിരുദ്ധമായി അധഃപതിച്ചുവെന്നാണ് മനസ്സിലാക്കേണ്ടത്.
“അഴിമതിക്കാരെ സംരക്ഷിക്കുന്ന സംവിധാനമായി സർക്കാർ മാറി” എന്ന കുറ്റപ്പെടുത്തൽ പ്രതിപക്ഷത്തെക്കാൾ ശക്തമായി ഉയർത്തിയത് കേരള ഹൈക്കോടതിയാണെന്നിരിക്കിലും, തെറ്റ് തിരുത്താനല്ല, വിമർശിച്ചവരെ നിശ്ശബ്ദരാക്കാനാണ് പാർട്ടിയും പിണറായിയും പണിയെടുത്തത്.
കഴിഞ്ഞ 10 വർഷം സർക്കാർ നടത്തിയ വികസന നേട്ടങ്ങളെപ്പോലും അപ്രസക്തമാക്കുംവിധം മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും ധിക്കാരവും അസഹ്യമായി അതിരുവിട്ടപ്പോൾ ജനം പറഞ്ഞു, “കടക്കു പുറത്ത്; അമ്മാതിരി ഭരണമൊന്നും വേണ്ട!!!”
ഈസി ഗവേണിംഗ്സിലൂടെ വ്യവസായ സൌഹൃദമാകുന്ന നവകേരളത്തെക്കുറിച്ച് വാചാലമായ സർക്കാർ തന്നെയാണ് ആന്തൂരിൽ വ്യവസായിയുടെ അപമൃത്യുവിന് കാരണമായത്. കൺവെൻഷൻ സെന്ററിനുള്ള അനുമതി അന്യായമായും അകാരണമായും വൈകിപ്പിച്ച് അയാളെ ആത്മഹത്യയിലേക്ക് തള്ളിയിടാൻ നേതൃത്വം നല്കിയ അന്നത്തെ നഗരസഭാ ചെയർപേഴ്സണായ ശ്യാമളയെ (എം വി ഗോവിന്ദന്റെ ഭാര്യ) നിയമസഭാ സ്ഥാനാർഥിയാക്കിയ പാർട്ടി, ജനങ്ങളെ മാത്രമല്ല, സാധാരണക്കാരായ പാർട്ടി പ്രവർത്തകരെക്കൂടിയാണ് വെല്ലുവിളിച്ചത്. മുകളിൽ നിന്ന് കെട്ടിയിറക്കപ്പെട്ട അവരെ തോല്പിച്ച് വീട്ടിലിരുത്താൻ ഏറെ അധ്വാനിച്ചത് പാർട്ടിക്കാരായതിനാലാകണം പാർട്ടി ഗ്രാമത്തിൽ തന്നെ അവർ ദയനീയമായി തോറ്റതും!!
പി കെ ശ്യാമള ഒരു പ്രതീകമാണ്. ‘നേതാക്കൾക്ക് തെറ്റ് പറ്റിയാൽ അണികൾ തിരുത്തണം’ എന്ന കുഞ്ഞികൃഷ്ണന്റെ വാക്കുകളെ അവഗണിച്ചൊതുക്കിയ പാർട്ടിയിലെ ഏകാധിപത്യ പ്രവണതകൾ എത്രയോ ശക്തം എന്നതിന്റെ സമകാലിക സൂചനകൾ തന്നെയാണ് പുറത്തുപോയ ഗോവിന്ദനും, സുധാകരനും മറ്റും.
1967 ഓഗസ്റ്റ് 13 ന് ചൈനയിലെ പീക്കിംഗിലെ ലിബറേഷൻ ആർമി ഡെയ്.ലി പത്ര റിപ്പോർട്ടിലെ ചില വരികൾ ഈ തിരഞ്ഞെടുപ്പിനോട് നാം ചേർത്ത് വായിക്കണം.
“ലോകം കണ്ട ഏറ്റവും മഹാനായ പ്രതിഭയാണ് ചെയർമാൻ മാവോ. ചൈനയ്ക്കകത്തും പുറത്തും നടന്ന തൊഴിലാളി വർഗ മുന്നേറ്റങ്ങളുടെ ആകത്തുകയായ അദ്ദേഹത്തിന്റെ ദർശനങ്ങൾ തകർക്കാൻ കഴിയാത്ത സത്യമാണ്. ചെയർമാൻ മാവോയുടെ നിർദേശങ്ങൾ നടപ്പാക്കുമ്പോൾ നമുക്കത് മനസ്സിലാകുന്നുണ്ടോ എന്ന കാര്യം ചിന്തിക്കുകയേ വേണ്ട! ചില നിർദേശങ്ങൾ അത് നിടപ്പിലാക്കുമ്പോഴാണ് മനസ്സിലാവുക. ചിലത് നടപ്പിലാക്കി വർഷങ്ങൾക്കു ശേഷവും. അതിനാൽ മനസ്സിലാക്കിയാലും ഇല്ലെങ്കിലും ചെയർമാൻ മാവോയുടെ നിർദേശങ്ങൾ പൂർണ്ണമായി നടപ്പാക്കാൻ നാം ശ്രദ്ധിക്കണം.”
കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടി യിലെ അഭിനവ മാവോ ശ്രീ. പിണറായി യുടെ വാക്കുകൾക്ക് എതിർ വാക്കുകളി ല്ലാതായ നിമിഷം മുതലാണ്, ഞാൻ തന്നെ പാർട്ടി എന്ന ധാർഷ്ട്യം പ്രധാന പാർട്ടി പരിപാടിയായി മേൽക്കൈ നേടിയ നാൾ മുതലാണ് പാർട്ടി തോറ്റത്. ഈ തിരഞ്ഞെടുപ്പ് അതിന് അടിവരയിട്ടെന്ന് മാത്രം! കരിങ്കൊടി പ്രതിഷേധക്കാർ അടിയേറ്റു വീണപ്പോൾ ‘അത് രക്ഷാപ്രവർത്തനമായി’ പാർട്ടി വ്യാഖ്യാനിച്ചിടത്തും, കരിങ്കൊടിയുടെ വർജ്യതയിൽ കറുത്ത ഷർട്ടിനുപോലും മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ വിലക്കു നേരിട്ടപ്പോഴും ‘മാവോ സൂക്ത’ങ്ങൾ തന്നെയാണ് പിണറായി പ്രമാണങ്ങളായി വാഴ്ത്തപ്പെട്ടത്.
തോൽവിയുടെ കാരണത്തെക്കുറിച്ചുള്ള പാർട്ടിയുടെ ദേശീയ സെക്രട്ടറി എം എ ബേബിയുടെ ആദ്യപ്രതികരണം തികച്ചും നിരാശാജനകമായി. ഭരണ വിരുദ്ധ വികാരം കേവലം മാധ്യമസൃഷ്ടി യാണെന്നായിരുന്നു ബേബിയുടെ കണ്ടെത്തൽ. അതിനാൽ പരാജയ കാരണം വേറെ അന്വേഷിക്കേണ്ടി വരും. എം സ്വരാജ് എഫ് ബിയിൽ കുറിച്ചത് അനർഹമായ പരാജയമെ ന്നാണ്, തെറ്റുപറ്റിയത് വോട്ടർമാർക്കാ ണത്രെ. തോല്പിക്കാനല്ല; തോറ്റെന്ന് സമ്മതിപ്പിക്കാനാണ് സത്യമായും പ്രയാസം. ശരിയാണ് നമുക്ക് ഈ പാർട്ടിയെക്കുറിച്ച് ഒന്നും അറിഞ്ഞു കൂടാ. പക്ഷേ, പാർട്ടിക്കകത്ത് കുറച്ചു കാലങ്ങളായി എന്താണ് സംഭവിക്കു ന്നത് എന്നതിനെക്കുറിച്ച് പാർട്ടി നേതൃത്വത്തിന് ഒന്നും അറിയില്ലായെന്ന് തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കി.
പാർട്ടിയുടെ ആദ്യകാല നിരോധന നാളുകളിലും പിന്നീട് അടിയന്തിരാവ സ്ഥാക്കാലത്തും കാക്കിയുടെ ക്രൂരത ഏറ്റവും അധികം ഏറ്റുവാങ്ങിയ പാർട്ടി നേതൃത്വം തന്നെയാണ് പൊലീസിന്റെ നരനായാട്ടിന് സ്റ്റേഷനുകൾക്കകത്തും, പുറത്തും അനുമതി നല്കി തെരുവുകളെ പലപ്പോഴും കുരുതികളമാക്കിയത് എന്നത് മറ്റൊരു വൈചിത്ര്യം! പിണറായി നേരിട്ട് കൈകാര്യം ചെയ്ത ആഭ്യന്തരവകുപ്പ് തന്നെയാണ് ഭരണത്തകർച്ചയിൽ മുമ്പിലായത്!
എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന ത്തർക്കത്തിൽ പക്ഷപാതപരമായ നിലപാട് നിർലജ്ജം നിരന്തരം സ്വീകരിച്ച ഇതേ ആഭ്യന്തരവകുപ്പ്, 21 വൈദികരെ അരമനയ്ക്കകത്തും പുറത്തും നിർദയം നിലത്തിട്ടിഴച്ചും, ക്രൂരമായി മർദിച്ചും വിശ്വാസികളെ പരസ്യമായി വെല്ലുവിളിച്ചത് മറക്കാൻ കാലമായില്ല.
പിണറായി ഒരു പാഠമാകണം. ആദ്യം പാർട്ടി തന്നെ അത് പഠനവിഷയമാക്കണം. നേതാവും പാർട്ടിയും ഒന്നാകുന്നതിന്റെ അപചയം, കേവലം തിരഞ്ഞെടുപ്പ് പരാജയത്തിനപ്പുറത്ത് പാർട്ടിയെത്തന്നെ ഇല്ലാതാക്കുമെന്ന ചരിത്രപാഠം! പ്രജ പൗരനായി മാറിയെന്നും രാജാവല്ല ജനസേവകനാണ് ജനാധിപത്യ കാലത്തുള്ളതെന്നും ഇനിയെങ്കിലും പാർട്ടി തിരിച്ചറിയണം. അപ്പോഴും മതനിരപേക്ഷ കേരളത്തിന്റെ തടർച്ച യഥാർഥ കമ്മ്യൂണിസ്റ്റ് നയത്തിലൂന്നിയ പാർട്ടിയിലൂടെ എന്നതിനാൽ ഇനിയും സിപിഎം ഇവിടെ തുടരണം; നല്ല പ്രതിപക്ഷമായി.
കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് ജനാധിപത്യ പാർട്ടികൾ ക്കും പിണറായി പാഠപുസ്തകമാകണം. ഭരണപരാജയത്തെ വർഗീയ പ്രീണനത്തിലൂടെ മറികടക്കാൻ ശ്രമിച്ചാൽ മതനിരപേ ക്ഷകേരളം മാപ്പ് തരില്ലെന്ന പാഠം പുതിയ സർക്കാരിനെ നയിക്കാനൊരുങ്ങുന്നവർക്ക് പുതിയ പ്രമാണമാകട്ടെ. മലപ്പുറത്ത് തവനൂരിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് ക്രൈസ്തവനായ വി എസ് ജോയിക്ക് വിജയമൊരുക്കിയ, കൊച്ചിപോലെ ക്രിസ്തീയ ഭൂരിപക്ഷമായിരിക്കുന്ന ഒരു സ്ഥലത്ത് മുഹമ്മദ് ഷിയാസിന് വിജയിക്കാനവസരമൊരുക്കുന്ന പുതിയ കേരളാ സ്റ്റോറിയാണ് യഥാർഥ നവകേരളമെന്ന് ലോകത്തെ ഇനിയുമറിയിക്കാൻ പുതിയ ഭരണനേതൃത്വത്തിന് സാധിക്കട്ടെ. ഗ്രൂപ്പുകളികൾ ഇല്ലാതെ സാമുദായിക പ്രീണന സമ്മർദങ്ങളി ല്ലാതെ ഒരുമയോടെ നിന്നാൽ ജനം ഇരുകൈയും നീട്ടി സ്വീകരിക്കും. 102 സീറ്റ് നല്കി ജയിപ്പിച്ച ജനത്തെ പരിഹസിക്കും വിധം മുഖ്യമന്ത്രി നിർണ്ണയം അലങ്കോലമാക്കരുത്.
പട നയിച്ചവൻ പ്രമാണിയെന്ന തത്വം നീതിപൂർവകവും, നിയമാനുസൃതവുമാണ് എന്നത് മറക്കരുത്.