ദ എലഫന്റ് വിസ്പറേഴ്‌സ്

ആദിവാസികള്‍ എന്നും നിന്നിടത്തു നില്‍ക്കേണ്ടവരോ?
ദ എലഫന്റ് വിസ്പറേഴ്‌സ്
ഇത്തരം ഡോക്യുമെന്ററികളും സിനിമകളും വാസ്തവത്തില്‍ ഇന്ത്യയിലെ നഗര പ്രേക്ഷകരെയും പാശ്ചാത്യ പ്രേക്ഷകരെയും മനസ്സില്‍ കണ്ട് നിര്‍മ്മിച്ചവയാണ് എന്നതു വിസ്മരിക്കാനാവില്ല. സസ്യജന്തു ജാലങ്ങളോടൊപ്പം ആദിവാസികളെയും അവ വിശിഷ്ട കാഴ്ചവസ്തുക്കളാക്കുകയും ഇന്ത്യയിലെ വനങ്ങളിലും സമീപപ്രദേശങ്ങളിലും വസിക്കുന്ന ജനങ്ങളെ ബാധിക്കുന്ന നിരവധി സുപ്രധാന വിഷയങ്ങള്‍ പുറത്തു കൊണ്ടുവരുന്നതില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്നു.

ഈ വര്‍ഷം മികച്ച ഷോര്‍ട് ഡോക്യുമെന്ററിക്കുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയിരിക്കുകയാണ് ദ എലിഫന്റ് വിസ്പറേഴ്‌സ്. ദക്ഷിണേന്ത്യയിലെ ബൊമ്മന്‍, ബെല്ലി എന്നീ ആദിവാസി ദമ്പതികള്‍ വളര്‍ത്തുന്ന രഘു എന്ന അനാഥനായ ആനക്കുട്ടിയുടെ ജീവിതത്തെ ചിത്രീകരിക്കുകയാണിതില്‍. കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ ഈ ഡോക്യുമെന്ററിക്ക് ലോകമെമ്പാടും വലിയ നിരൂപകശ്രദ്ധ ഓസ്‌കാറിനു മുമ്പേ തന്നെ ലഭിച്ചിരുന്നു. ദൃശ്യമികവുണ്ട്, വൈകാരികമായി പ്രേക്ഷകരെ സ്പര്‍ശിക്കുകയും ചെയ്യും. പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഡോക്യുമെന്ററികളും സിനിമകളും ഇന്ത്യയില്‍ പ്രചാരം നേടുകയും പ്രകൃതി സംരക്ഷണത്തില്‍ അവ വലിയ പങ്ക് വഹിക്കുകയും ചെയ്യുന്നുണ്ട്. എലിഫന്റ് വിസ്പറേഴ്‌സ് ഇതിനകം തന്നെ ഇന്ത്യയിലെ ആന സംരക്ഷണത്തിലേക്ക് വളരെയധികം ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. എന്നാല്‍ ദ എലിഫന്റ് വിസ്പറേഴ്‌സ് ഉള്‍പ്പെടെയുള്ള ഇത്തരം ഡോക്യുമെന്ററികളും സിനിമകളും വാസ്തവത്തില്‍ ഇന്ത്യയിലെ നഗര പ്രേക്ഷകരെയും പാശ്ചാത്യ പ്രേക്ഷകരെയും മനസ്സില്‍ കണ്ട് നിര്‍മ്മിച്ചവയാണ് എന്നതു വിസ്മരിക്കാനാവില്ല. സസ്യജന്തുജാലങ്ങളോടൊപ്പം ആദിവാസികളെയും അവ വിശിഷ്ട കാഴ്ചവസ്തുക്കളാക്കുകയും ഇന്ത്യയിലെ വനങ്ങളിലും സമീപപ്രദേശങ്ങളിലും വസിക്കുന്ന ജനങ്ങളെ ബാധിക്കുന്ന നിരവധി സുപ്രധാന വിഷയങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്നു.

1. മനുഷ്യവന്യജീവി സംഘര്‍ഷം

ഇന്ത്യയിലെ പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 20142019 കാലയളവില്‍ ആനമനുഷ്യ സംഘര്‍ഷം മൂലം മാത്രം 2,398 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കടുവകള്‍, കാട്ടുപന്നികള്‍, കാട്ടുപോത്തുകള്‍ തുടങ്ങിയവയും നിരവധി ജീവനുകള്‍ അപഹരിച്ചു. ഖേദകരമെന്നു പറയട്ടെ, ഈ മരണങ്ങളില്‍ ഭൂരിഭാഗവും പത്രങ്ങളിലോ വാര്‍ത്താ ചാനലുകളിലോ ഒരിക്കലും വരാറില്ല, കാരണം വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായവരില്‍ ഭൂരിഭാഗവും ഗോത്ര/ആദിവാസി സമുദായങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ത്യയിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളിലൊന്നാണിവര്‍. ഒരു സന്ദര്‍ഭത്തിലൊഴിച്ച് ഡോക്യുമെന്ററിയിലൊരിടത്തും മനുഷ്യവന്യജീവി സംഘര്‍ഷത്തെക്കുറിച്ച് പരാമര്‍ശമില്ല. ആദിവാസികള്‍ ഈ പ്രശ്‌നം മൂലം എത്രമാത്രം ദുരിതമനുഭവിക്കുന്നു എന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. അതിശയകരമെന്നു പറയട്ടെ, ഡോക്യുമെന്ററി ഈ പ്രശ്‌നത്തിന് പരിഹാരങ്ങളൊന്നും നിര്‍ദേശിക്കുന്നുമില്ല.

ഈ പ്രശ്‌നം ആദിവാസികളെ മാത്രമല്ല ബാധിക്കുന്നത്. സംരക്ഷിത വനങ്ങള്‍ക്ക് സമീപം കൃഷി ചെയ്യുന്ന ആളുകളും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് സുരക്ഷിതരല്ല. ഓരോ വര്‍ഷവും ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമിയും വിവിധ വിളകളും വന്യമൃഗങ്ങളാല്‍ നശിപ്പിക്കപ്പെടുന്നു. കോര്‍പ്പറേറ്റുകള്‍ നടത്തുന്ന വാര്‍ത്താ ചാനലുകള്‍ പോലും പാനല്‍ ചര്‍ച്ചകളിലും മറ്റും ഈ വിഷയം ഉന്നയിക്കുന്ന കാലത്ത്, മനുഷ്യവന്യജീവി സംഘര്‍ഷത്തെക്കുറിച്ച് ഒന്നും പരാമര്‍ശിക്കാത്തത് ഈ ഡോക്യുമെന്ററി സംവിധായകന്റെ ഭാഗത്തു നിന്നുള്ള ഗുരുതരമായ വീഴ്ചയായി. ഇനി ഇതേ സംവിധായകന്‍ ഇതേ പ്രദേശത്തെ മനുഷ്യവന്യജീവി സംഘര്‍ഷത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കുകയാണെങ്കില്‍തന്നെ ഇതിനേക്കാള്‍ ഗുരുതരമായ മറ്റൊരു പ്രശ്‌നം ഉണ്ടാകും ആ ഡോക്യുമെന്ററി ഓസ്‌കാര്‍ അവാര്‍ഡിനു പരിഗണിക്കപ്പെടില്ല!

2. ആദിവാസികളുടെ വികല ചിത്രീകരണം

ബൊമ്മന്റെയും ബെല്ലിയുടെയും അവരുടെ ദത്തുപുത്രനായ രഘുവിന്റെയും ജീവിതം ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നു, അത് സൃഷ്ടിക്കുന്ന മെലോഡ്രാമയുടെ കുമിളയില്‍ നിന്ന് പുറത്തുവരിക കാഴ്ചക്കാര്‍ക്കു ദുഷ്‌കരമായിരിക്കും, ആദിവാസി സമൂഹങ്ങളെ ബാധിക്കുന്ന ചില കഠിന യാഥാര്‍ത്ഥ്യങ്ങള്‍ തികച്ചും വിസ്മരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. പുലര്‍ച്ചെ മുതല്‍ സന്ധ്യ വരെ ആനക്കുട്ടിയെ പരിപാലിച്ചുകൊണ്ടും മറ്റും ആദിവാസി സമൂഹങ്ങള്‍ സംസ്ഥാനത്ത് വളരെ നന്നായി ജീവിക്കുന്നു എന്ന ധാരണയാണ് ഇത് കാഴ്ചക്കാരില്‍ അവശേഷിപ്പിക്കുക. ആദിവാസികളെ സംബന്ധിച്ച് പല മിഥ്യകളും പ്രചരിപ്പിക്കുന്നതിന് ഇതു കാരണമാകുന്നു. ഉദാഹരണത്തിന്, 'ആധുനിക ജീവിത'ത്തിന്റെ കഷ്ടപ്പാടുകളും ആകുലതകളുമൊന്നും അലട്ടാത്ത, വളരെ സന്തോഷമായി ജീവിക്കുന്ന ഒരു മനുഷ്യവിഭാഗമാണ് ആദിവാസികളെന്നും അവരുടെ നിഷ്‌കളങ്കതയും പ്രാചീനതയും ഒരുതരം ഒളിനോട്ട സന്തോഷത്തോടെ 'വീക്ഷിക്കപ്പെടാനുള്ളതാണെന്നും' ഇതു ധരിപ്പിക്കുന്നു. ഡോക്യുമെന്ററി, ഒരു ഘട്ടത്തിന് ശേഷം, കേവലം വിലാപമായി മാറുന്നു.

ഒരു തെരുവ് നായയെ ദത്തെടുക്കുകയും അതിനെ പരിപാലിക്കാന്‍ തങ്ങളുടെ മിക്കവാറും സമയവും ഊര്‍ജവും വിഭവങ്ങളും ചെലവഴിക്കുകയും ചെയ്യുന്ന, കുട്ടികളില്ലാത്ത, വയോധികരായ ജര്‍മ്മന്‍ ദമ്പതികളെ കുറിച്ച് ആരെങ്കിലും ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കുകയാണെങ്കില്‍, അത് ഹൃദയസ്പര്‍ശിയോ കലാസൗന്ദര്യപരമായി ആഹ്ലാദകരമോ ആയിരുന്നാലും, ആ ഡോക്യുമെന്ററി ഓസ്‌കാര്‍ അംഗീകാരത്തിലേക്ക് എത്താനുള്ള സാദ്ധ്യത വളരെ വിരളമാണ്.

3. വിനോദസഞ്ചാരിയും നിവാസിയും

വന്യജീവികളെക്കുറിച്ചുള്ള സിനിമകളും ഡോക്യുമെന്ററികളും നിര്‍മ്മിക്കുന്ന മറ്റ് ചലച്ചിത്രകാരന്മാരെപ്പോലെ ഈ സംവിധായകനും ഡോക്യുമെന്ററിയെ സമീപിച്ചത് ഒരു 'ടൂറിസ്റ്റ്' എന്ന നിലയിലാണ്, അല്ലാതെ ഒരു 'നിവാസി' എന്ന നിലയിലല്ല. ബെല്ലിയും ബൊമ്മനും അവര്‍ ഉള്‍പ്പെടുന്ന സമൂഹവും ഈ ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തില്‍ 'നിവാസികള്‍' ആണ്. 'നിവാസി'യും 'സഞ്ചാരിയും' തമ്മില്‍ വലിയ വ്യത്യാസമുണ്ട്; പുതിയ കാര്യങ്ങള്‍ അനുഭവിച്ചറിയാന്‍ 'സഞ്ചാരി' വനത്തിലെത്തുന്നു, ആവശ്യമുള്ളപ്പോഴെല്ലാം സ്വന്തം 'വീട്ടിലേക്ക്' മടങ്ങാനുള്ള സാധ്യത അയാള്‍ക്കുണ്ട്; എന്നാല്‍ 'നിവാസി'ക്ക് തന്റെ വീടെന്ന് വിളിക്കാന്‍ കാടല്ലാതെ മറ്റൊരിടമില്ല. 'നിവാസികള്‍' എന്നെന്നേക്കുമായി വനത്തില്‍ കുടുങ്ങിക്കിടക്കുന്നു, വനം ഉപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുന്നതിനുള്ള ധന വിഭവങ്ങളോ സാമൂഹിക മൂലധനമോ അവര്‍ക്കു ലഭ്യമല്ല. എന്നിരുന്നാലും, 'സഞ്ചാരി', വനത്തിലായിരിക്കുമ്പോള്‍, ഭരണകൂടം അവര്‍ക്കു സംരക്ഷണം നല്‍കുന്നു (ഉദാഹരണത്തിന് ഗൈഡുകള്‍, ഫോറസ്റ്റ് ഗാര്‍ഡുകള്‍ തുടങ്ങിയവര്‍). മാത്രമല്ല, ടൂറിസ്റ്റുകളോടു നന്നായി പെരുമാറിയാല്‍ അവര്‍ തങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്ന നിവാസികളും അവര്‍ക്കു സംരക്ഷണമേകുന്നു. 'നിവാസികളെ' കുറിച്ച് പുറം ലോകത്ത് നല്ലതോ മോശമോ ആയ പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശക്തിയുള്ളവരാണല്ലോ ടൂറിസ്റ്റുകള്‍.

4. ആദിവാസി കുട്ടികളുടെ തെറ്റായ ചിത്രീകരണം

ഡോക്യുമെന്ററിയുടെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് അതിലെ ആദിവാസി കുട്ടികളുടെ ചിത്രീകരണമാണ്. ഡോക്യുമെന്ററി കുട്ടികളെ കുറിച്ചല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് കൂടുതല്‍ സ്‌ക്രീന്‍ സമയം ലഭിക്കുന്നില്ല എന്നതു സ്വാഭാവികമാണ്. എന്നിരുന്നാലും, കുട്ടികളെ കാണിക്കുമ്പോഴെല്ലാം അവര്‍ ആനകള്‍ക്ക് ചുറ്റും കളിച്ചു നടക്കുന്നതായിട്ടാണു കാണിക്കുന്നത്. അവര്‍ക്കെന്തെങ്കിലും ജീവിതാഭിലാഷങ്ങളുള്ളതായി ചിത്രീകരിക്കപ്പെടുന്നില്ല. ഇത്തരമൊരാഖ്യാനമല്ല ഈ കുട്ടികള്‍ക്ക് വേണ്ടത്. ഭൂരിഭാഗം ആദിവാസി കുട്ടികള്‍ക്കും സ്‌കൂളില്‍ പോകാനുള്ള സ്വയംപ്രേരണയില്ല. കേരളത്തിലെ ഒരു ജെസ്യൂട്ട് സന്നദ്ധ സംഘടന വഴിയായി ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ എനിക്ക് അതിനെക്കുറിച്ച് നേരിട്ട് അറിവുണ്ട്. തമിഴ്‌നാട്ടിലെ കാട്ടുനായ്ക്കര്‍ എന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് ഈ കുട്ടികള്‍. കാട്ടുനായ്ക്കരുടെ സാക്ഷരതാ നിരക്ക് കേരളത്തേക്കാള്‍ വളരെ കുറവാണ്. ഊട്ടിയിലെ ട്രൈബല്‍ റിസര്‍ച്ച് സെന്ററില്‍ നിന്ന് ശേഖരിച്ച കണക്കുകള്‍ പ്രകാരം, നീലഗിരിയിലെ കാട്ടുനായ്ക്കരില്‍ 25.54% നു മാത്രമാണ് സാക്ഷരതയുള്ളത്. പല ആദിവാസി കുട്ടികളും മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതുമൂലമോ കടുത്ത മദ്യാസക്തി കൊണ്ടോ ശിഥിലമായ കുടുംബങ്ങളിലാണു വളരുന്നത്. അവര്‍ക്ക് മുന്നില്‍ കാണാന്‍ മാതൃകകള്‍ ഇല്ല. കാര്യങ്ങള്‍ അങ്ങനെയിരിക്കെ, ഈ കുട്ടികളുടെ മുന്‍തലമുറകളെന്ന പോലെ ഇവരും ആനകളെ കുളിപ്പിക്കുകയും പരിപാലിക്കുകയുമൊക്കെയാണ് ചെയ്യുന്നത് എന്നു ചിത്രീകരിക്കുന്നത് ബുദ്ധിശൂന്യമാണ്, അവര്‍ ഇതില്‍ നിന്ന് മാറുകയാണ് ആവശ്യം. വന്യജീവികളോടു വാത്സല്യവും കരുണയും കാണിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഈ ആദിവാസി കുട്ടികളുടെ കാര്യത്തില്‍ അവര്‍ക്ക് ഇപ്പോള്‍ ആവശ്യമുള്ള ആഖ്യാനമല്ല ഇത്; പകരം ഈ കുട്ടികളെ ലക്ഷ്യബോധമുള്ളവരും ശാക്തീകരിക്കപ്പെട്ടവരുമാക്കാന്‍ കഴിയുന്ന ആഖ്യാനങ്ങള്‍ സൃഷ്ടിക്കപ്പെടണം.

5. ജനപ്രിയതയ്ക്കായുള്ള ആദിവാസികളുടെ കാല്പനികവല്‍ക്കരണം

ആദിവാസികളുടെ ജീവിതത്തെയും പ്രകൃതിയുമായുള്ള അവരുടെ ബന്ധത്തെയും കാല്പനികമാക്കുന്നതാണ് ഡോക്യുമെന്ററിയെന്ന് ആദിവാസികളുടെ ജീവിതം അടുത്ത് നിന്ന് നിരീക്ഷിച്ച ആര്‍ക്കും അറിയാം. ആദിവാസികള്‍ക്ക് പ്രകൃതിയോട് അഗാധമായ ആദരവ് ഉണ്ടെന്നത് ശരിയാണ്, പക്ഷേ അവര്‍ പ്രകൃതിയെയും അതിന്റെ വിവിധ ഘടകങ്ങളെയും ദൈവമായി കരുതുന്നതുകൊണ്ടാണത്. ഉദാഹരണത്തിന്, ഡോക്യുമെന്ററിയില്‍, രഘു എന്ന ആനക്കുട്ടിയെ പ്രാദേശിക ക്ഷേത്രത്തില്‍ ഹാരമണിയിക്കുന്നതോ ബൊമ്മനും ബെല്ലിയുമായി അത് ഗാഢമായ 'മാതാപിതാകുട്ടി' ബന്ധം സ്ഥാപിക്കുന്നതോ ആയ സന്ദര്‍ഭങ്ങള്‍ കാണാം. പുറത്തുനിന്നുള്ളവരെ സംബന്ധിച്ചിടത്തോളം, ഇവ തികച്ചും ആകര്‍ഷകമായ കാഴ്ചകളാണ്, അതിനാല്‍ അത് കാല്പനികമാക്കാന്‍ ശ്രമിക്കുന്നു. ഇത് അവരുടെ വളര്‍ത്തുമൃഗങ്ങളുമായുള്ള ബന്ധത്തോട് ഏറെക്കുറെ സമാനമാണെന്ന വസ്തുത കാഴ്ചക്കാര്‍ക്കു പിടികിട്ടാതെ പോകുന്നു. ഒരു മൃഗവുമായുള്ള ബന്ധം കൊണ്ട് മാത്രം ആരും അവരുടെ ജീവിതത്തെ നിര്‍വചിക്കരുത്. ആദിവാസികള്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ചിരുന്നെങ്കില്‍, വിചിത്രമായി കരുതപ്പെടുന്ന ആചാരങ്ങള്‍ മിക്കവയും പണ്ടേ അപ്രത്യക്ഷമാകുമായിരുന്നു. ആദിവാസികളെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകള്‍ ഇല്ലാതാക്കാനും അവരെ ശാക്തീകരിക്കാനും ശ്രമിക്കുന്നതിനുപകരം ആളുകള്‍ ഇപ്പോഴും അവരെ കാല്‍പനികവല്‍കരിക്കുന്ന ആഖ്യാനങ്ങളില്‍ തുടരുന്നത് ദൗര്‍ഭാഗ്യകരമാണ്. രഘുവുമായുള്ള ബന്ധത്തെക്കാള്‍ ബൊമ്മന്റെയും ബെല്ലിയുടെയും ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ബൊമ്മനെയും ബെല്ലിയെയും വെറുതെ ആനയെ ഇണക്കുന്നവരായി നിര്‍വചിക്കുന്നതിലൂടെയും വിമോചനമൂല്യമുള്ള മറ്റു യാതൊന്നും ആവിഷ്‌കരിക്കാതിരിക്കുന്നതിലൂടെയും - ഏത് കലയുടെയും മഹത്തായ ലക്ഷ്യമതാണല്ലോ - ഡോക്യുമെന്ററി പരാജയപ്പെടുത്തുന്നത് ബൊമ്മനെയും ബെല്ലിയെയും മാത്രമല്ല, ആദിവാസികളെ ആകെയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org