മുതിര്‍ന്ന കുട്ടികളുടെ വിശ്വാസപരിശീലനം

മുതിര്‍ന്ന കുട്ടികളുടെ വിശ്വാസപരിശീലനം

ഫാ. ബിനോയ് പാണാട്ട്

തങ്ങള്‍ 'അത്ര ചെറിയ കുട്ടികളല്ല' എന്ന് സ്വയം തെളിയിക്കേണ്ട സാഹചര്യവും സമ്മര്‍ദ്ദവും മുതിര്‍ന്ന കുട്ടികളില്‍ വന്നുചേരുന്നുണ്ടെങ്കില്‍ അതിനായി അവര്‍ ശ്രമിക്കുന്നതു സ്വാഭാവികമാണ്. പന്ത്രണ്ടു വര്‍ഷത്തെ സീനിയോറിറ്റി ഉണ്ടായിരുന്നിട്ടും ഒന്നാം ക്ലാസിലെ ഒരു ചെറിയ കുട്ടിയോടൊപ്പം തന്നെയും നിയന്ത്രിക്കുന്നതും പരിമിതപ്പെടുത്തുന്നതുമായ ഒരു സംവിധാനത്തില്‍ നിന്നും എത്രയും വേഗം പുറത്തു കടക്കാനുള്ള പന്ത്രണ്ടാംക്ലാസുകാരുടെ ത്വരയെ വലിയ തെറ്റ് പറയാനാവില്ല.

അവര്‍ക്കു 'സീനിയേഴ്‌സ്' എന്ന പരിഗണന നല്‍കി, വിശ്വാസപരിശീലന സംവിധാനത്തിലെ ഉത്തരവാദിത്വങ്ങള്‍ ഏല്‍പിച്ച്, സ്വയം തെളിയിക്കാനും കഴിവുകള്‍ പ്രകടിപ്പിക്കാനും അവസരങ്ങള്‍ നല്‍കി ഈ പ്രശ്‌നത്തെ മറികടക്കണം.

ഒരു വിശ്വാസ പരിശീലന വര്‍ഷത്തിലെ എല്ലാവിധ ആഘോഷങ്ങളും കര്‍മ്മപദ്ധതികളും പ്ലസ് ടു ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിലേക്ക് വിട്ടുകൊടുക്കുക. തങ്ങള്‍ മുതിര്‍ന്ന കുട്ടികളാണെന്നും ചെറിയ കുട്ടികളുടെ കാര്യത്തില്‍ തങ്ങള്‍ക്കും ഉത്തരവാദിത്വങ്ങളുണ്ടെന്നും ഇതുവഴി അഭിലഷണീയമല്ലാത്ത മാര്‍ഗങ്ങളിലൂടെ തങ്ങള്‍ 'അത്ര ചെറിയ കുട്ടികളല്ല' എന്ന് തെളിയിക്കേണ്ട ആവശ്യമില്ലെന്നും അവര്‍ തിരിച്ചറിയുന്നു.

ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികളുടെ പ്രവേശനോത്സവം അധ്യാപകരുടെ മാത്രം ഉത്തരവാദിത്വമായി തീരാതെ അതിന്റെ പരിപൂര്‍ണ്ണമായ പ്ലാനിങ്ങും നടത്തിപ്പും +1 ലേയും +2 വിലേയും കുട്ടികളെ ഏല്‍പ്പിക്കുന്നത് ഉചിതമായിരിക്കും.

+1, +2 കുട്ടികളെ സംബന്ധിച്ച മറ്റു ചില നിര്‍ദേശങ്ങള്‍

  • സിനിമകളും ഷോട്ട് ഫിലിമുകളും പാഠപുസ്തകമെന്ന പോലെ അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടണം. 'ചോസന്‍' എന്ന ടെലിവിഷന്‍ സീരീസ് ഉദാഹരണം. അവയുടെ എപിസോഡുകള്‍ പ്രദര്‍ശിപ്പിക്കുകയും ചര്‍ച്ച നടത്തുകയും അവയെ ആസ്പദമാക്കി റീല്‍സും മറ്റും സൃഷ്ടിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

  • രോഗീസന്ദര്‍ശനം നിര്‍ബന്ധിത ഔട്ട് റീച്ച് പ്രോഗ്രാമിന്റെ റിപ്പോര്‍ട്ട് സമര്‍പ്പണത്തിന് മാത്രമുള്ള കടമ്പയായി ചുരുങ്ങി പോകാതെ, ഇടവകയില്‍ ഗുരുതരമായ രോഗാവസ്ഥയിലോ അവശതയിലോ ഉള്ളവരെ സന്ദര്‍ശിക്കുന്നതും അവരോടൊപ്പം സമയം ചെലവഴിക്കുന്നതും മുതിര്‍ന്ന കുട്ടികളുടെ വിശ്വാസ പരിശീലനത്തിന്റെ ഭാഗമാകണം.

  • ഇന്‍സ്റ്റയിലെയും ഫേസ്ബുക്കിലെയും യൂട്യൂബിലെയും നന്മയുടെ തുരുത്തുകളായ പേജുകളെയും ചാനലുകളെയും ഈ കൗമാരക്കാര്‍ക്കു പരിചയപ്പെടുത്തുക. കമന്റുകളിലൂടെയും മറ്റും അവയില്‍ സജീവമാകാനും അത്തരം പുതിയ കണ്ടന്റുകള്‍ സൃഷ്ടിക്കാനും അവരെ പ്രോത്സാഹിപ്പിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org