
2011-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനു നാമനിര്‍ദേശം ചെയ്യപ്പെട്ട ആളാണ് ആര്‍ച്ചുബിഷപ് തോമസ് മേനാംപറമ്പില്‍. വടക്കുകിഴക്കനിന്ത്യയിലെ ഗോത്രസംഘര്‍ഷങ്ങള്‍ പരിഹരിച്ചു സമാധാനം സ്ഥാപിക്കുന്നതിനു നടത്തിയ പരിശ്രമങ്ങളുടെ പേരിലായിരുന്നു ഇത്. സലേഷ്യന്‍ സന്യാസസമൂഹത്തിന്റെ ഗുവാഹത്തി വൈസ് പ്രൊവിന്‍ഷ്യലായിരുന്ന അദ്ദേഹം 1981-ലാണ് അസ്സമിലെ ദിബ്രുഗഡ് രൂപതാധ്യക്ഷനായി നിയമിതനായത്. 1992-ല്‍ ഗുവാഹത്തി രൂപതാ ബിഷപ്പായി. 1995 ഗുവാഹത്തി അതിരൂപതയായും അദ്ദേഹം ആര്‍ച്ചുബിഷപ്പായും ഉയര്‍ത്തപ്പെട്ടു. 2012-ല്‍ വിരമിച്ചു. അതിനുശേഷവും രണ്ടു വര്‍ഷം ഒരു രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി സേവനം ചെയ്തു. സി ബി സി ഐയുടെയും ഏഷ്യന്‍ മെത്രാന്‍ സംഘങ്ങളുടെ ഫെഡറേഷന്റെയും വിവിധ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്. ആര്‍ച്ചുബിഷപ് മേനാംപറമ്പിലുമായി സത്യദീപം നടത്തിയ അഭിമുഖസംഭാഷണത്തില്‍ നിന്ന്.
ഇന്ത്യ ബഹുത്വത്തിന്റെയും വൈവിധ്യത്തിന്റെയും നാടാണല്ലോ. ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും ഇന്ന് ഭീഷണിയിലാണ്. ബഹുസ്വര സംസ്‌കാരത്തില്‍ നിന്ന് ഏകശിലാപരമായ മതാധിപത്യ സംസ്‌കാരത്തിലേക്കുള്ള ഈ മാറ്റത്തെ അങ്ങ് എങ്ങനെയാണ് വിലയിരുത്തുന്നത്?
അശോക ചക്രവര്‍ത്തിയുടെ കാലം മുതല്‍, ഇന്ത്യ എല്ലായ്‌പ്പോഴും ബഹുസ്വരതയോടും വൈവിധ്യത്തോടുമുള്ള ആഴമായ ബഹുമാനത്തിന് പ്രസിദ്ധമായിരുന്നു. ഇന്ത്യ വൈവിധ്യങ്ങളെപ്പോലും 'ആഘോഷിച്ചു' എന്നാണു ശശി തരൂരിന്റെ വാക്കുകള്‍. എന്നാല്‍ ഇന്ന് അത്തരം മാന്യമായ നിലപാടുകള്‍ കടുത്ത ഭീഷണി നേരിടുന്നു. വിലമതിക്കപ്പെടുന്ന ചില മൂല്യങ്ങളില്‍ നിന്ന് നാം എത്ര വേഗത്തിലാണ് അകലുന്നതെന്ന് പലര്‍ക്കും അറിയില്ല; ഉദാഹരണത്തിന്, മതേതരത്വത്തില്‍ നിന്ന്. ഇന്ത്യയിലെ മതേതരത്വം എന്നാല്‍ മതപരവും സാംസ്‌കാരികവുമായ എല്ലാ പാരമ്പര്യങ്ങളോടുള്ള ബഹുമാനമാണ്.
എന്നിരുന്നാലും, ഇന്ന് ഭൂരിപക്ഷ മതത്തിനു കേവലപദവി നല്‍കുകയും രക്ഷാകര്‍ത്തൃത്വം കല്‍പിക്കുകയും സവിശേഷാനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നു; പൊതു പണം അവരുടെ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും അവരുടെ തീര്‍ത്ഥാടനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനും അവരുടെ മതപ്രവര്‍ത്തകരെ പിന്തുണയ്ക്കുന്നതിനും ഉപയോഗിക്കുന്നു; മറ്റ് പാരമ്പര്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ പലവിധത്തില്‍ ഉപദ്രവിക്കപ്പെടുകയും ചില മേഖലകളില്‍ പരസ്യമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഒരു മതാധിപത്യ സംസ്‌കാരം ഇന്ത്യയുടെ മതേതര വീക്ഷണത്തെ ക്രമേണ ഇല്ലാതാക്കുകയാണ്.
മണിപ്പൂരിലെ സ്ഥിതി ഭയാനകമാണ്. മതേതരത്വത്തിനും മത സ്വാതന്ത്ര്യത്തിനുമെതിരായ വ്യക്തമായ ഭീഷണിയാണിത്. ഇത് ഒരൊറ്റപ്പെട്ട സംഭവമാണോ അതോ ഇന്ത്യന്‍ ജനതയുടെ മൊത്തത്തിലുള്ള അവസ്ഥയാണോ?
തങ്ങള്‍ക്കിടയില്‍ അടുത്തിടെ നടന്നതും നേരത്തെ ഗുജറാത്തിലും മുമ്പ് കന്ദമാലിലും (ഒഡീഷ) സംഭവിച്ചതും തമ്മില്‍ മണിപ്പൂരിലെ ക്രിസ്ത്യാനികള്‍ സാമ്യം കാണുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം അവിടെ നന്നായി ആസൂത്രണം ചെയ്യുകയും അതിശയകരമായ വേഗതയില്‍ നടപ്പിലാക്കുകയും ചെയ്തു. ക്രിസ്ത്യന്‍ വീടുകളും ന്യൂനപക്ഷ സ്ഥാപനങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. 54 പേരുടെ ജീവന്‍ നഷ്ടമായി. സ്വകാര്യ സ്വത്തുക്കള്‍ക്കുണ്ടായ നാശനഷ്ടം കണക്കാക്കാനാകുകയുമില്ല.
മതസ്ഥാപനങ്ങള്‍ യാതൊരു മര്യാദയുമില്ലാതെ ആക്രമിക്കപ്പെട്ടു, കോണ്‍വെന്റുകള്‍ കൊള്ളയടിച്ചു, പവിത്രവസ്തുക്കള്‍ അവഹേളിക്കപ്പെട്ടു. പൊലീസിന്റെ സാന്നിധ്യത്തിലാണ് ഇതിലേറെയും നടന്നത്. ഭൂരിപക്ഷ സമുദായത്തിലെ പ്രവര്‍ത്തകര്‍ക്ക് ആയുധങ്ങള്‍ സൂക്ഷിക്കാനും ഉപയോഗിക്കാനും അനുവാദമുണ്ടായിരുന്നു, മറ്റുള്ളവര്‍ നിരായുധരും അരക്ഷിതരുമായിരുന്നു. ഭൂരിപക്ഷം വരുന്ന മെയ്‌തേയ് സമൂഹത്തിനിടയില്‍ തങ്ങളുടെ ഭാവി ഇരുളടഞ്ഞതായിരിക്കുമെന്ന് പൊതുവെ ക്രിസ്ത്യാനികളായ കുക്കി സോ സമൂഹം, ഇപ്പോള്‍ കരുതുന്നു. മെയ്‌തേയ് ക്രിസ്ത്യന്‍ പള്ളികളും കൊള്ളയടിക്കപ്പെട്ടു.
ഹിന്ദുത്വ ബുദ്ധികേന്ദ്രങ്ങളുടെ ഗൂഢതന്ത്രങ്ങളെയും ദീര്‍ഘകാല ലക്ഷ്യങ്ങളെയും തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ പ്രദേശങ്ങളിലെയും ക്രിസ്ത്യാനികള്‍ അവരുടെ ആവശ്യങ്ങള്‍ക്കും അനിവാര്യതകള്‍ക്കും സാധ്യതകള്‍ക്കും അനുസൃതമായി യാഥാര്‍ത്ഥ്യബോധത്തോടെ മുന്നോട്ട് പോകണം എന്നതാണ് എന്റെ പൊതുനിര്‍ദേശം.
മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ രണ്ട് വംശീയ വിഭാഗങ്ങള്‍ തമ്മിലുള്ള മത്സരമാണെന്ന് പലരും കരുതുന്നു. ദശാബ്ദങ്ങളായി വടക്കുകിഴക്കന്‍ മേഖലയിലായിരുന്നതിന്റെ പശ്ചാത്തലത്തില്‍ അങ്ങയുടെ വിലയിരുത്തല്‍ എന്താണ്?
ഗോത്രവര്‍ഗ പദവി, ഭൂമി, ഹിന്ദു മെയ്‌തേയ് ക്രിസ്ത്യന്‍ കുക്കിസോ സമുദായങ്ങള്‍ക്കിടയില്‍ ജീവിക്കാനുള്ള ഇടം എന്നിവയ്ക്കായി ഉണ്ടായിരുന്ന ഒരു മത്സരമായിരുന്നു വാസ്തവത്തിലിത്. ഇതിനെ പിന്നീട് ഒരു വര്‍ഗീയമാനത്തിലേക്ക് വികസിപ്പിക്കുകയായിരുന്നു. ഇത് നിലവില്‍ ഹിന്ദുത്വ വാദികളുടെ കുതന്ത്രത്തിന്റെ ഭാഗമാണ്: ഏതെങ്കിലും പ്രാദേശിക സംഘര്‍ഷം മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനുള്ള അവസരമാക്കി മാറ്റുക. തുടക്കം രണ്ട് വ്യക്തികളോ രണ്ട് വംശീയ വിഭാഗങ്ങളോ അല്ലെങ്കില്‍ സാമ്പത്തികവും മറ്റുമായ താത്പര്യങ്ങളുടെ പേരില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള കലഹമോ ആയിരിക്കാം. ഈ തര്‍ക്കത്തിലേക്ക് മതപരമായ ഒരു മാനം കൊണ്ടുവരാന്‍ ബന്ധപ്പെട്ട കക്ഷികളെ പ്രേരിപ്പിക്കുകയും തുടര്‍ന്ന് അത് അങ്ങേയറ്റം വരെ എത്തിക്കുകയും ചെയ്യുന്നു. എല്ലായ്‌പോഴും ഇരകളാകുന്നത് ന്യൂനപക്ഷ സമുദായമാണ്.
ഭരിക്കുന്ന പാര്‍ട്ടിയുടെ വര്‍ഗീയ അജണ്ടകളെ എതിര്‍ക്കുന്നില്ലെന്ന് ഇന്ത്യയിലെ സഭാനേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനമുണ്ട്. അങ്ങയുടെ വിലയിരുത്തല്‍ എന്താണ്?
ഭരിക്കുന്നവര്‍ക്കു ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ആവശ്യമായ രീതിയില്‍ ക്രിയാത്മക വിമര്‍ശനം ഉന്നയിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തില്‍ ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് ഞാന്‍ സമ്മതിക്കുന്നു. ഇന്ന്, അനീതിയുടെ പല സംഭവങ്ങളും പെരുകിക്കൊണ്ടിരിക്കുമ്പോള്‍, ബുദ്ധിപരമായ വിമര്‍ശനങ്ങള്‍ വളരെ ആവശ്യമുള്ള ഒരു സന്ദര്‍ഭമാണിത്.
എന്നിരുന്നാലും, കൃത്രിമമായ വീരസ്യം പ്രകടിപ്പിക്കുന്നതോ സംസാരിക്കുന്നവര്‍ക്കോ സംസാരിക്കുന്നവര്‍ പ്രതിനിധീകരിക്കുന്നവര്‍ക്കോ പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതോ ആയ, സുചിന്തിതമല്ലാത്ത പ്രസ്താവനകള്‍ നടത്തുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. നേരെമറിച്ച് നന്നായി ആലോചിച്ചുറപ്പിച്ചു നല്‍കുന്ന സന്ദേശങ്ങള്‍ പ്രേരണാശേഷിയുള്ളതായിരിക്കും. സ്വീകരിക്കുന്ന നിലപാടിന് അല്ലെങ്കില്‍ പറയുന്ന വാക്കുകള്‍ക്ക് ഒരാള്‍ ഉത്തരവാദിയായിരിക്കണം.
മൃദു ഹിന്ദുത്വ നിലപാടുകളുള്ള ക്രിസ്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. അങ്ങ് എങ്ങനെയാണ് ഇതിനെ വിലയിരുത്തുന്നത്?
3,000 കിലോമീറ്റര്‍ അകലെ നിന്ന് കേരളത്തിനുള്ള രാഷ്ട്രീയ സമീപനങ്ങളൊന്നും നിര്‍ദേശിക്കാന്‍ ഞാനാളല്ല. എന്നാല്‍ ഹിന്ദുത്വ ബുദ്ധികേന്ദ്രങ്ങളുടെ ഗൂഢതന്ത്രങ്ങളെയും ദീര്‍ഘകാല ലക്ഷ്യങ്ങളെയും തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ പ്രദേശങ്ങളിലെയും ക്രിസ്ത്യാനികള്‍ അവരുടെ ആവശ്യങ്ങള്‍ക്കും അനിവാര്യതകള്‍ക്കും സാധ്യതകള്‍ക്കും അനുസൃതമായി യാഥാര്‍ത്ഥ്യബോധത്തോടെ മുന്നോട്ട് പോകണം എന്നതാണ് എന്റെ പൊതു നിര്‍ദേശം. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന വിവിധ ശക്തികളെ അവര്‍ക്കറിയാം. തീര്‍ച്ചയായും, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള തങ്ങളുടെ സഹവിശ്വാസികളുടെ താല്‍പ്പര്യങ്ങളില്‍ അവര്‍ വിട്ടുവീഴ്ച ചെയ്യരുത്.
എന്നിരുന്നാലും, ഹിന്ദുത്വയുടെ ഭീഷണ രൂപകല്പനകളെ ഭയക്കാതെ, ഹിന്ദു സമൂഹത്തിലെ മിതവാദികളുമായുള്ള ആരോഗ്യകരമായ ബന്ധം വളര്‍ത്തിയെടുക്കാനും സമചിത്തരായ ബുദ്ധിജീവികളുമായി സംവാദം നടത്താനും പ്രാദേശിക ക്രിസ്ത്യന്‍ സമൂഹങ്ങളോട് ഞാന്‍ ശക്തമായി അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് അവരുടെ പിന്തുണ ആവശ്യമാണ്; ന്യൂനപക്ഷ സംഭാവനകളെ വിലമതിക്കാന്‍ അവര്‍ക്കും ന്യായങ്ങളുണ്ട്. കഴിഞ്ഞ ഇരുപത് നൂറ്റാണ്ടുകളായി നമ്മള്‍ പങ്കുവച്ചുപോരുന്ന അനുഭവമാണിത്.
സിനഡാലിറ്റിയുടെ ചൈതന്യം ഉള്‍ക്കൊള്ളാന്‍ സാര്‍വത്രിക സഭയെ ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്‌ബോധിപ്പിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ പൊതുവെയും കേരളത്തില്‍ പ്രത്യേകിച്ചും, എപ്പിസ്‌കോപ്പല്‍ ആധിപത്യത്തിന്റെ അല്ലെങ്കില്‍ എപ്പിസ്‌കോപോക്രസിയുടെ സ്വഭാവവിശേഷങ്ങള്‍ നാം കാണുന്നു. അങ്ങ് അതിനോട് യോജിക്കുന്നുണ്ടോ?
സിനഡാലിറ്റിയെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ധാരണയില്‍ ഞാനൊരു വിദഗ്ദ്ധനാണെന്ന് അവകാശപ്പെടുന്നില്ല. എന്നാല്‍ പങ്കാളിത്തം, സഹകരണം, കൂടിയാലോചന എന്നീ ആശയങ്ങള്‍ വേറിട്ടുനില്‍ക്കുന്നതായി തോന്നുന്നു. ഒരുമിച്ചു നടക്കുക എന്ന ആശയം ഗോത്ര പാരമ്പര്യത്തില്‍ ഏറെയുണ്ട്. അതിനാല്‍ പരീക്ഷണങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മിഷനറിമാരായ ഞങ്ങള്‍ക്ക് ഈ ആശയങ്ങള്‍ വളരെയേറെ സ്വന്തമായി തോന്നുന്നു. അവരുടെ പങ്കാളിത്ത പ്രക്രിയയില്‍ വലിയ ഊര്‍ജ്ജസ്വലതയുണ്ട്, എടുത്ത തീരുമാനങ്ങള്‍ അവര്‍ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യുന്നു. വ്യക്തികളുടെ സ്വാര്‍ത്ഥതാല്‍പ്പര്യത്തേക്കാള്‍ പൊതുനന്മയ്ക്ക് മുന്‍ഗണനയുണ്ട്. സഭാനേതൃത്വം എന്നത് എല്ലാത്തിലുമുപരി വിനീതമായ സേവനവും പരസ്പര ബഹുമാനവുമാണ് (യോഹ. 13:1317).
സംസ്‌കാരവും സുവിശേഷവത്കരണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വടക്കുകിഴക്കന്‍ മിഷനിലെ സംസ്‌കാരികാനുരൂപണ പരിശ്രമങ്ങള്‍ വിശദീകരിക്കാമോ?
സാംസ്‌കാരികാനുരൂപണരംഗത്ത്, ഞങ്ങള്‍ ബഹുമാനപൂര്‍വ്വം സഹവര്‍ത്തിക്കുന്ന സമൂഹത്തിന്റെ സാംസ്‌കാരിക ലോകത്തേക്ക് പ്രവേശിക്കുന്നതിനും വിവിധ പാരമ്പര്യങ്ങളില്‍പ്പെട്ട ആളുകളുടെ മാനസിക തരംഗദൈര്‍ഘ്യത്തെ ഗാഢമായ സംവേദനക്ഷമതയോടെ സമീപിക്കുന്നതിനും വൈവിധ്യമാര്‍ന്ന സമൂഹങ്ങളുടെ സംഘാത മനസ്സുമായി ആഴത്തില്‍ സംവദിക്കുന്നതിനും ഞങ്ങള്‍ പരമാവധി പ്രാധാന്യം നല്‍കുന്നു. ഇതായിരിക്കണം മിഷനറിമാരുടെ പ്രവര്‍ത്തന ശൈലി.
ക്രൈസ്തവ സന്ദേശം പങ്കിടുന്നതിനോ ആരാധനയെ സജീവമാക്കുന്നതിനോ ഉപയോഗിക്കാവുന്ന പ്രതീകങ്ങളും ചിത്രങ്ങളും നിര്‍ദ്ദേശിക്കേണ്ടത് വിശ്വാസി സമൂഹം തന്നെയാണ്. പ്രാപ്തരായ വ്യക്തികളുമായി ബഹുമാനപുരസ്സരം നടത്തുന്ന പരസ്പര കൂടി യാലോചനകള്‍ പ്രചോദനാത്മകമായ പാരമ്പര്യങ്ങള്‍ വികസിപ്പിക്കുന്നതിനു സഹായിക്കും. എന്നാല്‍ ബന്ധപ്പെട്ട ക്രൈസ്തവ സമൂഹത്തിന്റെ സാംസ്‌കാരിക സംവേദനക്ഷമത എല്ലായ്‌പ്പോഴും കണക്കിലെടുക്കേണ്ടതാണ്.
വടക്കു കിഴക്കന്‍ പ്രദേശങ്ങളിലെ ഗോത്രവര്‍ഗ സമൂഹങ്ങള്‍ക്കിടയില്‍ സമാധാനവും ഐക്യവും സ്ഥാപിക്കാനുള്ള അങ്ങയുടെ ശ്രമങ്ങള്‍ വിശദീകരിക്കാമോ? അതു നോബല്‍ സമ്മാനത്തിനു പരിഗണിക്കപ്പെട്ടിരുന്നല്ലോ.
ഇന്ന് മിക്കവാറും എല്ലാ രാജ്യങ്ങളിലെയും ഭൂരിപക്ഷ സമുദായങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍, ന്യൂനപക്ഷ വംശീയ വിഭാഗങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളും ലോകമെമ്പാടും തങ്ങളുടെ ശബ്ദം കേള്‍പ്പിക്കുവാന്‍ ശ്രമിക്കാറുണ്ടെന്ന മുന്‍കാല പ്രവണതകള്‍ മറക്കാന്‍ നാം പ്രലോഭിപ്പിക്കപ്പെടുന്നു. സാമ്രാജ്യത്വാനന്തര കാലഘട്ടത്തിലെ പ്രബലമായ രാഷ്ട്രീയ പ്രവണതയായി സാമൂഹ്യ ശാസ്ത്രജ്ഞനായ ഫ്രാന്‍സിസ് ഫുകുയാമ ഇതിനെ കണക്കാക്കി. അദ്ദേഹമതിനെ 'സ്വത്വ രാഷ്ട്രീയം' എന്ന് വിളിച്ചു.
ഒറ്റപ്പെട്ട് ജീവിച്ചിരുന്ന ചെറിയ സമൂഹങ്ങള്‍ പരസ്പരം സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍, ഭൂമി, സാമ്പത്തിക അവകാശങ്ങള്‍, രാഷ്ട്രീയ ആനുകൂല്യങ്ങള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും മാത്സര്യനേട്ടങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ അയല്‍ക്കാരുമായി കലഹമുണ്ടാകാന്‍ സാധ്യതയുണ്ട്. 1980 മുതല്‍ ഏകദേശം മൂന്ന് ദശാബ്ദക്കാലം വടക്കുകിഴക്കന്‍ ഇന്ത്യയില്‍ വിവിധ ഗോത്രങ്ങള്‍ക്കിടയില്‍ ഇത്തരം നിരവധി സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ഈ ഗോത്രങ്ങളില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളായതിനാല്‍, വിവിധ സഭകളുടെ നേതാക്കള്‍ ഒരുമിച്ച് ഒരു അഭ്യര്‍ത്ഥന നടത്തിയപ്പോള്‍, അനുകൂലമായ പ്രതികരണമാണ് ഉണ്ടായത്. സമാധാനം ഉണ്ടായി. അതിന്റെ ക്രെഡിറ്റ് എല്ലാ സഭാ നേതാക്കന്മാര്‍ക്കും ആണ്, എനിക്കല്ല. സഭാനേതാക്കളെ ഒരുമിച്ച് കൊണ്ടുവരാന്‍ മുന്‍കൈയെടുത്തതില്‍ ഞാന്‍ സന്തോഷിക്കുന്നു, അതിനു വളരെ സമയമെടുത്തു, പ്രാരംഭ ഘട്ടത്തില്‍ അത്യന്തം പ്രയാസകരവുമായിരുന്നു.
മുമ്പ് ഞങ്ങള്‍ ഇടപെട്ടിട്ടുള്ള എല്ലാ സംഘട്ടനങ്ങളും ഗോത്ര സമൂഹങ്ങള്‍ തമ്മിലുള്ളതായിരുന്നു, അവര്‍ക്കിടയില്‍ ഞങ്ങള്‍ സഭാ നേതാക്കന്മാര്‍ക്ക് ഒരു പരിധിവരെ പ്രേരണാശക്തി ഉണ്ടായിരുന്നു. ഇപ്പോഴത്തെ മണിപ്പൂര്‍ സംഘര്‍ഷത്തില്‍ നാം നിസ്സഹായരാണ്, കാരണം ഭൂരിപക്ഷ സമുദായം ന്യൂനപക്ഷമായ ഗോത്രവര്‍ഗത്തെ ലക്ഷ്യം വക്കുകയാണ് അവിടെ. എന്നിരുന്നാലും, ഞങ്ങള്‍ എല്ലാ ശ്രമങ്ങളും ഉപേക്ഷിക്കുന്നില്ല. മറിച്ച് ഞങ്ങളുടെ കഴിവിന്റെ പരമാവധി സഹായിക്കാന്‍ ശ്രമിക്കുന്നു. ഉള്‍പ്പെട്ടിരിക്കുന്ന അപകടസാധ്യതകള്‍ വളരെ വലുതാണ്. പരാജയപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഞങ്ങള്‍ കര്‍ത്താവില്‍ ആശ്രയിക്കുന്നു.
നിലവില്‍ കേരളത്തിലെ സഭ മുരടിച്ചു നില്‍ക്കുന്ന ഒരു സഭയാണെന്ന് തോന്നുന്നു. അഴിമതിയും സ്വജനപക്ഷപാതവും സുതാര്യതയുടെയും പരോപകാരത്തിന്റെയും ആദര്‍ശങ്ങളെ അകറ്റി നിര്‍ത്തുന്നു. കേരള സഭയുടെ വിശ്വാസ്യത അപകടത്തിലാണ്. അങ്ങയുടെ അഭിപ്രായം എന്താണ്?
ഇത്രയും ദൂരെ നിന്ന് ഒരു വിധി പ്രസ്താവിക്കാന്‍ ഞാനാളല്ല. എല്ലാവരുടെയും അഭിപ്രായങ്ങളെ ഞാന്‍ മാനിക്കുകയും എല്ലാവരുടെയും ഉത്കണ്ഠ പങ്കിടുകയും ചെയ്യുന്നു. എന്നിരുന്നാലും, നമ്മുടെ വിഭജിത നിലപാടില്‍ നിന്ന് പ്രയോജനം നേടുന്നത് സഭയോട് ശത്രുതയുള്ള ശക്തികളാകുമെന്ന് ഞാന്‍ വളരെയധികം ഭയപ്പെടുന്നു.
ശക്തരായ എതിരാളികളെ ഭിന്നിപ്പിച്ചു തകര്‍ക്കാനാണു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കൗടില്യന്‍ തന്റെ അര്‍ത്ഥശാസ്ത്രം എന്ന ഗ്രന്ഥത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. അതാണ് ഹിന്ദുത്വ ശക്തികള്‍ പരിപൂര്‍ണ്ണതയോടെ വികസിപ്പിച്ചെടുത്തിട്ടുള്ള തന്ത്രം. നമ്മുടെ ആഭ്യന്തര വിഭജനം അത്തരം ശത്രുശക്തികളെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. സ്വന്തം ഇഷ്ടപ്രകാരം നമ്മള്‍ സ്വയം ഇരകളാക്കുന്നു. 'നമുക്കു നമ്മുടെ പൊതു ഭാവിയിലേക്ക് നോക്കാം' എന്ന് കണ്ണീരോടെ യാചിക്കാന്‍ മാത്രമേ എനിക്ക് കഴിയൂ. നമ്മുടെ കര്‍ക്കശമായ നിലപാടുകളാല്‍ നാം ദ്രോഹിക്കുന്നത് നമ്മുടെ പൊതുഭാഗധേയത്തെയാണ്. ഈ പ്രകടമായ സത്യത്തിലേക്ക് നമ്മുടെ കണ്ണുകള്‍ തുറക്കപ്പെടട്ടെ.
ഏഷ്യന്‍ മെത്രാന്‍ സംഘങ്ങളുടെ ഫെഡറേഷന്റെ (എഫ് എ ബി സി) ചുമതല വഹിച്ചിരുന്ന കാലയളവിലെ ഓര്‍മ്മകളെ അങ്ങ് എപ്രകാരം അനുസ്മരിക്കുന്നു?
ഞാന്‍ എഫ്എബിസിയില്‍ അംഗമായ ഉടന്‍, സുവിശേഷവല്‍ക്കരണത്തിനുള്ള ഓഫീസിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ എന്നോട് ആവശ്യപ്പെടാന്‍ ഇടയായതെങ്ങനെയെന്ന് എനിക്കറിയില്ല. രണ്ട് ടേമിന് ശേഷം ചുമതല മറ്റൊരാളെ ഏല്‍പ്പിക്കണമെന്ന് ഞാന്‍ നിര്‍ബന്ധിച്ചെങ്കിലും, പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും രണ്ട് തവണ കൂടി എന്നെത്തന്നെ ഇതേല്‍പിക്കുകയായിരുന്നു. സുവിശേഷവല്‍ക്കരണം എനിക്ക് അതിയായ താല്‍പ്പര്യമുള്ള രംഗമായിരുന്നു എന്നതില്‍ സംശയമില്ല. വടക്കുകിഴക്കന്‍ മേഖലയിലെ അനുഭവങ്ങള്‍ എനിക്കു സഹായകരമായി. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ സുവിശേഷവത്കരണവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ നിരവധി കോണ്‍ഫറന്‍സുകള്‍ നടത്തി. കൊറിയ, വിയറ്റ്‌നാം, മ്യാന്‍മര്‍, ലാവോസ്, കസാഖ്സ്ഥാന്‍, മംഗോളിയ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രകടമായ ആവേശം ഉണ്ടായിരുന്നു.
എന്റെ അവസാന കാലത്ത്, 'ഏഷ്യയിലെ ബുദ്ധിജീവികള്‍'ക്കായി രണ്ട് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ധാര്‍മ്മിക മൂല്യങ്ങള്‍, നീതി, സമാധാനം, അനുരഞ്ജനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ചില വിഷയങ്ങളില്‍ ചൈനയിലെ മെയിന്‍ലാന്‍ഡ് ഉള്‍പ്പെടെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള പണ്ഡിതന്മാരെ ഒന്നിപ്പിക്കുക എന്നതായിരുന്നു ഇവയുടെ ലക്ഷ്യം. ഈ സമ്മേളനങ്ങള്‍ വലിയ അംഗീകാരം നേടി.
പല ലോക സര്‍വകലാശാലകളിലെയും ബുദ്ധിജീവികളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ഇതെനിക്കിടയാക്കി. വിരമിച്ചതിന് ശേഷവും ഈ സര്‍വകലാശാലകളിലേക്കു ഞാന്‍ ക്ഷണിക്കപ്പെടുന്നു. ചൈനയിലെ ഹുബെയ്, വുഹാന്‍, നങ്കായ്, റെന്‍മിന്‍, ബീജിംഗ് എന്നീ സര്‍വകലാശാലകളിലും ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ നിരവധി സര്‍വകലാശാലകളിലും ഞാന്‍ പോയിട്ടുണ്ട്. കൗതുകകരമെന്നു പറയട്ടെ, ചൈനയിലെ ഹുബെയ് യൂണിവേഴ്‌സിറ്റി എനിക്ക് ഒരു 'ഓണററി പ്രൊഫസര്‍' സ്ഥാനവും നല്‍കി.
അത്യാധുനിക പണ്ഡിതന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കും ഇടയില്‍ പോലും ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് അനുഭവാധിഷ്ഠിതമായ ലളിതമായ ഉത്തരങ്ങള്‍ സ്വീകരിക്കുന്നവരുണ്ടെന്നും സത്യത്തിന് ബോദ്ധ്യപ്പെടുത്തുന്ന ശക്തിയുണ്ടെന്നും മാനുഷിക സമീപനം എപ്പോഴും സ്വീകാര്യത നേടുന്നുവെന്നും മനസ്സിലാക്കിയത് എനിക്ക് വലിയൊരു പാഠമായിരുന്നു.