അതിരൂപതയായി ഉയര്‍ത്തപ്പെട്ടതിന്റെ ശതാബ്ദി നിറവില്‍ എറണാകുളം-അങ്കമാലി അതിരൂപത

കേരളീയ സുറിയാനി ഹയരാര്‍ക്കിയുടെ ബൂളാ പരസ്യം ചെയ്തത് സംബന്ധിച്ച്, വിസിസ്റ്റര്‍ അപ്പസ്‌തോലിക്കയായിരുന്ന കര്‍ദിനാള്‍ ലെപ്പ്‌സിയെ തിരുമേനിയും സുറിയാനി മേലധ്യക്ഷന്മാരും മറ്റുചില വൈദികരും കൂടി 1924-ല്‍ എടുത്ത പടം
കേരളീയ സുറിയാനി ഹയരാര്‍ക്കിയുടെ ബൂളാ പരസ്യം ചെയ്തത് സംബന്ധിച്ച്, വിസിസ്റ്റര്‍ അപ്പസ്‌തോലിക്കയായിരുന്ന കര്‍ദിനാള്‍ ലെപ്പ്‌സിയെ തിരുമേനിയും സുറിയാനി മേലധ്യക്ഷന്മാരും മറ്റുചില വൈദികരും കൂടി 1924-ല്‍ എടുത്ത പടം
1923 ഡിസംബര്‍ 3-നു കൂടിയ പൗരസ്ത്യ തിരുസംഘത്തിന്റെ പ്ലീനറി മീറ്റിംഗില്‍വച്ചാണ് എറണാകുളം കേന്ദ്രമാക്കി സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

2022-2023 സീറോ മലബാര്‍ സഭയെയും എറണാകുളം-അങ്കമാലി അതിരൂപതയേയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു വര്‍ഷമാണ്. എന്തെന്നാല്‍ 2023 ഡിസംബര്‍ 21-നു സീറോ മലബാര്‍ ഹയരാര്‍ക്കിയും ഈ അതിരൂപതയും സ്ഥാപിതമായിട്ടു നൂറു വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. 2022 ഡിസംബര്‍ 21-നു ശതാബ്ദിയാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. 2023 ഡിസംബര്‍ 21-നു ശതാബ്ദിയാഘോഷങ്ങളുടെ സമാപനവും ഹയരാര്‍ക്കി സ്ഥാപനത്തിന്റെ ശതാബ്ദിയോടൊപ്പം സീറോ മലബാര്‍ സഭയിലെ പ്രഥമ അതിരൂപതയായ എറണാകുളം-അങ്കമാലി അതിരൂപതയായതിന്റെ ശതാബ്ദിയും ആഘോഷിക്കുകയാണ്. ചരിത്രം പരിശോധിച്ചാല്‍ 1923 മുതല്‍ 2023 വരെയുള്ള ഒരു നൂറ്റാണ്ടു സീറോ മലബാര്‍ സഭയുടെയും എറണാകുളം-അങ്കമാലി അതിരൂപതയുടെയും വളര്‍ച്ചയുടെയും ഉയര്‍ച്ചയുടെയും ഒപ്പം പ്രശസ്തിയുടെയും കാലഘട്ടമായിരുന്നു എന്നു കാണാം.

സുറിയാനി കത്തോലിക്കരെ ലത്തീന്‍ ഭരണക്രമങ്ങളില്‍ നിന്നെ ല്ലാം വേര്‍പെടുത്തി പോപ്പ് ലെ യോ പതിമൂന്നാമന്‍ "Quod jam Pridem' എന്ന പേപ്പല്‍ ബൂളവഴി 20-05-1887-ല്‍ കോട്ടയം, തൃശ്ശിവപ്പേരൂര്‍ എന്നീ വികാരിയാത്തുകള്‍ സ്ഥാപിച്ചു. സുറിയാനി കത്തോലിക്കരുടെ നിലവിലുള്ള കോട്ടയം, തൃശ്ശിവപ്പേരൂര്‍ വികാരിയാത്തുക ളെ പുനഃക്രമീകരിച്ച് എറണാകു ളം വികാരിയാത്തുകൂടി (നടുമിസ്സം) സ്ഥാപിച്ചും മൂന്നു വികാരിയാത്തുകളിലും സ്വദേശീയ മെ ത്രാന്മാരെ നിയമിച്ചും ലെയൊ പതിമൂന്നാമന്‍ പാപ്പ 1896-ല്‍ 'Quae Rei Sacrae' എന്ന പേപ്പല്‍ ബൂള പുറപ്പെടുവിച്ചു. ഇപ്രകാരം സ്ഥാപിതമായ ചങ്ങനാശ്ശേരി, എറണാകുളം, തൃശ്ശൂര്‍ വികാരിയാത്തുകളില്‍ യഥാക്രമം മാര്‍ മാത്യു മാക്കീല്‍, മാര്‍ ളൂയിസ് പഴേപറമ്പില്‍, മാര്‍ ജോണ്‍ മേനാച്ചേരി എന്നിവര്‍ വികാരി അപ്പസ്‌തോലിക്കമാരായി നിയമിക്കപ്പെട്ടു. 1896-ല്‍ ഈ മൂന്നു വികാരിയാത്തുകള്‍ സ്ഥാപിതമാകുമ്പോള്‍ തൃശ്ശൂര്‍ വികാരിയാത്തില്‍ 60 ഇടവകപ്പള്ളികളും 13 കുരിശുപള്ളികളും 79 വൈദികരും മൂന്നു കൊവേന്തകളും ഒരു കന്യാസ്ത്രീ മഠവും 30 സന്യാസികളും 18 കന്യാസ്ത്രീകളുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ നടുമിസ്സമായ എറണാകുളം വികാരിയാത്തിലാകട്ടെ 68 ഇടവകപ്പള്ളികളും 8 കുരിശുപള്ളികളും 11 കപ്പേളകളും 113 വൈദികരും 80,790 കത്തോലിക്കരും 3 മഠങ്ങളും 68 കന്യാസ്ത്രീകളും. അതേസമയം ചങ്ങനാശ്ശേരി വികാരിയാത്തിലാകട്ടെ 1,07,254 കത്തോലിക്കരും 4 കൊവേന്തകളും 41 സന്യാസികളും 3 മഠങ്ങളും 77 ഇടവകപ്പള്ളികളും 45 കുരിശുപള്ളികളും 268 വൈദികരും ഉണ്ടായിരുന്നു. തൃശ്ശൂര്‍ വികാരിയാത്തില്‍ തെക്കുംഭാഗരുടെ പള്ളികളൊന്നും ഉണ്ടായിരുന്നില്ല. എറണാകുളം വികാരിയാത്തില്‍ മൂന്നു പള്ളികള്‍ (കരിങ്കുന്നം, ചുങ്കം, ബ്രഹ്മമംഗലം) തെക്കുംഭാഗരുടേതായിരുന്നു. എന്നാല്‍ ചങ്ങനാശ്ശേരി വികാരിയാത്തിലാകട്ടെ നല്ലൊരു സംഖ്യ പള്ളികളും തെക്കുംഭാഗരുടെ തായിരുന്നു. ചങ്ങനാശ്ശേരിയിലും എറണാകുളത്തും ഉണ്ടായിരുന്ന തെക്കുംഭാഗര്‍ക്കുവേണ്ടി 1911-ല്‍ വിശുദ്ധ പത്താം പീയൂസ് പാപ്പ ''Universi Christian'' എന്ന പേപ്പല്‍ ബൂളവഴി കോട്ടയം വികാരിയാത്തു സ്ഥാപിച്ചു.

കേരളത്തിലെ സുറിയാനി കത്തോലിക്കാ സഭാസമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഒരു ഹയരാര്‍ക്കി സ്ഥാപിക്കപ്പെടേണ്ടത് അത്യാവശ്യമായിരുന്നു. സുറിയാനി വികാരി അപ്പസ്‌തോലിക്കമാര്‍ നാലുപേരും അതിനുള്ള പരിശ്രമങ്ങള്‍ തനിച്ചും കൂട്ടമായും നടത്തിക്കൊണ്ടിരുന്നു. ഓരോ വികാരി അപ്പസ്‌തോലിക്കയും തന്റെ വികാരിയാത്തിനെ ഭരണകേന്ദ്രമായി സ്ഥാപിച്ചുകിട്ടാന്‍ വേണ്ടതായ അവകാശവാദങ്ങളും ഉന്നയിച്ചുകൊണ്ടിരുന്നു. എറണാകുളത്തിന്റെ ഭൂപ്രകൃതിയും രാഷ്ട്രീയ സാമ്പത്തിക പ്രധാന്യവുമെല്ലാം പൗരസ്ത്യ തിരുസംഘം വിലയിരുത്തിയശേഷം, എറണാകുളത്തെ ആസ്ഥാന അതിരൂപതയാക്കിയും എറണാകുളം വികാരി അപ്പസ്‌തോലിക്കയായ മാര്‍ അഗസ്റ്റിന്‍ കണ്ടത്തിലിനെ മെത്രാപ്പോലീത്തായും ഹയരാര്‍ക്കിയുടെ തലവനുമാക്കിയും സീറോ മലബാര്‍ ഹൈരാര്‍ക്കി സ്ഥാപിക്കാന്‍ തീരുമാനിച്ചു. 1923 ഡിസംബര്‍ 3-നു കൂടിയ പൗരസ്ത്യ തിരുസംഘത്തിന്റെ പ്ലീനറി മീറ്റിംഗില്‍വച്ചാണ് എറണാകുളം കേന്ദ്രമാക്കി സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പ്രസ്തുത തീരുമാനത്തിന്റെ വെളിച്ചത്തില്‍ പീയൂസ് പതിനൊന്നാമന്‍ പാപ്പ 1923 ഡിസംബര്‍ 21-ലെ 'Romani Pontifices' (റൊമാനി പൊന്തിഫിച്ചെസ്) എന്നു തുടങ്ങുന്ന അപ്പസ്‌തോലിക് കോണ്‍സ്റ്റിറ്റിയൂഷന്‍ വഴി എറണാകുളത്തിനെ അതിരൂപതയായും ചങ്ങനാശ്ശേരി, തൃശ്ശൂര്‍, കോട്ടയം വികാരിയാത്തുകളെ സാമന്ത രൂപതകളുമായും ഉയര്‍ത്തി സീറോ മലബാര്‍ ഹൈരാര്‍ക്കി സ്ഥാപിച്ചു.

1923-ല്‍ എറണാകുളം അതിരൂപതയായി ഉയര്‍ത്തപ്പെടുമ്പോള്‍ 99 ഇടവകകളും 7 കുരിശുപള്ളികളും 41 കപ്പേളകളും 150 വൈദികരും 25,160 വീടുകളും 1,31,130 ജനങ്ങളുമാണ് ഉണ്ടായിരുന്നതെങ്കില്‍ ചങ്ങനാശ്ശേരിയില്‍ 120 ഇടവകപ്പള്ളികളും 75 കുരിശുപള്ളികളും (കപ്പേളകളും കൂടി) 263 വൈദികരും 1,59,024 ജനങ്ങളും 33,140 വീടുകളും ഉണ്ടായിരുന്നു. തൃശൂരാകട്ടെ 109 ഇടവകകളും 12 കുരിശുപള്ളികളും 98 വൈദികരും 19,290 വീടുകളും 1,09,275 ജനങ്ങളുമാണ് ഉണ്ടായിരുന്നതെങ്കില്‍ കോട്ടയം രൂപതയില്‍ പള്ളികളും കപ്പേളകളുമായി 48 എണ്ണവും 45 വൈദികരും 35,000 ജനങ്ങളുമാണ് ഉണ്ടായിരുന്നത്. അക്കാലത്തെ സഭാപഞ്ചാംഗപ്രകാരമുള്ള കണക്കുകളാണു മുകളില്‍ നല്കിയിരിക്കുന്നത്.

1956 ജൂലൈ മാസത്തില്‍ എറണാകുളം അതിരൂപതയെ വിഭജിച്ചു കോതമംഗലം രൂപത സ്ഥാപിക്കുന്നതിനുമുമ്പ് ഏകദേശം 2350 ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്ന അതിരൂപതയില്‍ 49,296 സുറിയാനി കത്തോലിക്കാ കുടുംബങ്ങളിലായി 2,95,776 കത്തോലിക്കരും 141 ഇടവകപ്പള്ളികളും 52 കുരിശുപള്ളികളും കൊവേന്തകളും മഠങ്ങളുമായി 73 സന്യാസസ്ഥാപനങ്ങളും 205 കപ്പേളകളും 232 വൈദികരും 2 കോളേജുകളും 31 ഹൈസ്‌ക്കൂളുകളും 42 അപ്പര്‍ പ്രൈമറി സ്‌ക്കൂളുകളും സര്‍ക്കാര്‍ ഗ്രാന്റ് ലഭിച്ചിരുന്ന 138 പ്രൈമറി സ്‌ക്കൂളുകളും സര്‍ക്കാര്‍ ഗ്രാന്റില്ലാത്ത 116 പ്രൈമറി സ്‌ക്കൂളുകളും 7 ആശുപത്രികളും 10 ഡിസ്പന്‍സറികളും 4 സാധുജന വൃദ്ധമന്ദിരങ്ങളും 2 വിധവാ മന്ദിരങ്ങളും 2 സങ്കേതങ്ങളുമാണ് ഉണ്ടായിരുന്നത്. 1956-ല്‍ കോതമംഗലം ആസ്ഥാനമാക്കി പുതിയ രൂപത സ്ഥാപിതമായതോടെ എറണാകുളം അതിരൂപതയുടെ വിസ്തീര്‍ണ്ണം കേവലം 1567 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. 24,970 കത്താലിക്കാ ഭവനങ്ങളും 1,83,560 കത്തോലിക്കരും 93 ഇടവകപ്പള്ളികളും 31 കുരിശുപള്ളികളും 168 കപ്പേളകളും 150 വൈദികരും കൊവേന്തകളും മഠങ്ങളുമായി 62 എണ്ണവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂടാതെ, 2 കോളേജുകളും 18 ഹൈസ്‌ക്കൂളുകളും 47 മിഡില്‍ സ്‌ക്കൂളുകളും ഗ്രാന്റ് ലഭിച്ചിരുന്ന 87 പ്രൈമറി സ്‌ക്കൂളുകളും ഗ്രാന്റ് ലഭിക്കാത്ത 64 പ്രൈമറി സ്‌ക്കൂളുകളും 2 അനാഥാലയങ്ങളും 9 ആശുപത്രികളും 10 ഡിസ്പന്‍സറികളും 4 വൃദ്ധമന്ദിരങ്ങളും 4 സങ്കേതങ്ങളും അതിരൂപതയില്‍ ഉണ്ടായിരുന്നു.

1923 മുതല്‍ 1956 വരെ ഒരു അതിരൂപതയും സാമന്ത രൂപതകളുമാണുണ്ടായിരുന്നതെങ്കില്‍ 1956-ല്‍ ചങ്ങനാശ്ശേരിയെ കൂടി അതിരൂപതയാക്കിയപ്പോള്‍ സീറോ മലബാര്‍ ഹയരാര്‍ക്കിയില്‍ തുല്യാധികാരമുള്ള രണ്ടു പ്രൊവിന്‍സുകള്‍ (അതിരൂപതകള്‍) ഉണ്ടായി. ഈ 'ക്രമപ്രശ്‌നം' 1992-ല്‍ സീറോ മലബാര്‍ സഭയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയായും എറണാകുളം അതിരൂപതയെ മേജര്‍ ആര്‍ച്ചു ബിഷപ്പിന്റെ അതിരൂപതയും ആസ്ഥാനവുമാക്കി ഉയര്‍ത്തുകയും ചെയ്തതോടെ പരിഹരിക്കപ്പെട്ടു. അതോടൊപ്പം അതിരൂപതയുടെ നാമധേയം എറണാകുളം-അങ്കമാലി എന്നാക്കി മാറ്റി. സീറോ മലബാര്‍ സഭയെ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ സഭയായി ഉയര്‍ത്തിയപ്പോള്‍ സീറോ മലബാര്‍ സഭയുടെ പേരിലും മാറ്റം വരുത്തുകയും അതിരൂപതയുടെ പേരുകൂടി പുതിയ പേരിനോടൊപ്പം നല്കപ്പെടുകയും ചെയ്തു. അങ്ങനെ സീറോ മലബാര്‍ സഭയ്ക്കു ''മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ച് ഓഫ് എറണാകുളം-അങ്കമാലി'' എന്ന നാമധേയംകൂടി ലഭിച്ചു. ഹയരാര്‍ക്കി സ്ഥാപനത്തിനുശേഷം ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ എറണാകുളം-അങ്കമാലി അതിരൂപത ഏകദേശം ആറുലക്ഷത്തിലധികം വിശ്വാസികളും 1,15,100 കുടുംബങ്ങളും 220 ഇടവകപ്പള്ളികളും 115 കുരിശുപള്ളികളും 450-ഓളം കപ്പേളകളും 460 വൈദികരും ഉള്ള അതിരൂപതയായി വളര്‍ന്നിരിക്കുന്നു. അതിരൂപതയുടെയും ഇടവകപ്പള്ളികളുടെയും അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന സന്യാസസഭകളുടെയും മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസിദ്ധമായ സ്ഥാപനങ്ങള്‍കൊണ്ടു (സ്‌ക്കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍, ട്രൈനിംഗ് സെന്ററുകള്‍, പ്രസ്സുകള്‍, പ്രസിദ്ധീകരണങ്ങള്‍ etc.) സമ്പന്നമായ അതിരൂപതയാണ് ഇന്ന് എറണാകുളം-അങ്കമാലി.

1956-ല്‍ നിന്നും 2023 ആയപ്പോഴേക്കും അതിരൂപതയുടെ വിസ്തൃതിയില്‍ മാറ്റം സംഭവിച്ചില്ലെങ്കിലും പള്ളികളുടെയും സ്ഥാപനങ്ങളുടെയും സര്‍വോപരി ദൈവജനത്തിന്റെയും വളര്‍ച്ച വളരെ കൗതുകാവഹമായി ഉയര്‍ന്നു. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് തുറമുഖപട്ടണമായ കൊച്ചിയുടെ ആസ്ഥാനമായ എറണാകുളം പട്ടണത്തിന്റെയും പരിസരപ്രദേശങ്ങളുടെയും വളര്‍ച്ചയിലുണ്ടായ മാറ്റങ്ങളായിരുന്നു. മെട്രോപ്പോലിറ്റന്‍ നഗരമായ എറണാകുളവും സമീപപ്രദേശങ്ങളും കൈവരിച്ച സാമ്പത്തിക വളര്‍ച്ചമൂലം എറണാകുളം കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായി മാറി. വ്യവസായവത്ക്കരണം എറണാകുളത്തിന്റെ മുഖഛായതന്നെ മാറ്റി. നാട്ടിന്‍പുറങ്ങളില്‍നിന്നും ജോലിക്കും ബിസിനസിനുമായി ഇവിടേയ്ക്കുണ്ടായതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ കുടിയേറ്റമാണ് അതിരൂപതയുടെ വളര്‍ച്ചയ്ക്ക് ഒരു നിമിത്തമായത്.

കേരളത്തിന്റെ മെട്രോനഗരമായ കൊച്ചിയുടെ ഹൃദയഭാഗത്ത് അതിരൂപതാകേന്ദ്രം (ആസ്ഥാനം) നിലകൊള്ളുന്നു. സീറോ മലബാര്‍ റീത്തില്‍ സ്ഥാപിതമായ ബഹുഭൂരിപക്ഷം സന്യാസസമൂഹങ്ങളുടെയും ശാഖാഭവനങ്ങള്‍ ഈ അതിരൂപതയിലുണ്ട്. പുരുഷന്മാരുടെ 30 സന്യാസസഭകളുടേതായി (സീറോ മലബാര്‍ റീത്തു പിന്‍തുടരുന്നവര്‍) 108 ശാഖാഭവനങ്ങളും സ്ത്രീകളുടെ 82 സന്യാസിനീസമൂഹങ്ങളുടേതായി 405 ശാഖാമഠങ്ങളും അതിരൂപതയിലുണ്ട്. സീറോ മലബാര്‍ സഭയിലെ C M I, V C, C S T, M C B S എന്നീ നാലു പ്രധാന സന്യാസസഭകളുടെയും C M C, F C C, S A B S, C S N, S D, A S M I, C P S, S S S തുടങ്ങിയ സന്യാസിനീസഭകളുടെയും മുഖ്യ ആസ്ഥാനം (ജനറലേറ്റ്) എറണാകുളം-അങ്കമാലി അതിരൂപതയിലാണ്. കൂടാതെ C M F, C S sR, R C J, O F M. Conv. തുടങ്ങിയ സന്യാസ സഭകളുടെ സീറോ മലബാര്‍ പ്രൊവിന്‍സുകളുടെ പ്രൊവിന്‍ഷ്യല്‍ ഹൗസുകളും പല ഇന്റര്‍ നാഷണല്‍ വിമെന്‍ കോണ്‍ഗ്രിഗേഷന്‍സിന്റെയും സീറോ മലബാര്‍ പ്രൊവിന്‍സുകളുടെ പ്രൊവിന്‍ഷ്യലേറ്റുകളും ഈ അതിരൂപതയിലാണു സ്ഥാപിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org