ഏക് റൂപ്പയാ

ഏക് റൂപ്പയാ

മാര്‍ഷല്‍ ഫ്രാങ്ക്

അചഞ്ചലനായ അഭിഭാഷകന്‍
"ആയതിനാല്‍ ഈ കേസ്സിലെ പ്രതിക്ക് ഞങ്ങള്‍ ഒരു രൂപാ പിഴയായി വിധിക്കുന്നു. ഈ തുക 15.09.2020-ന് മുമ്പായി കോടതിയില്‍ അടയ്‌ക്കേണ്ടതാണ്. ഇതിന് അമാന്തം വരുത്തുന്ന പക്ഷം പ്രതിക്ക് മൂന്നുമാസത്തെ വെറും തടവും ഒപ്പം ഈ കോടതിയില്‍ വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് 15.09.2020 മുതല്‍ മൂന്നു വര്‍ഷത്തേക്ക് വിലക്കും ഏര്‍പ്പെടുത്തിയിരിക്കുന്നു."
ജീഡിപി വളര്‍ച്ചയില്‍ ലോകത്തെ ദരിദ്രരാഷ്ട്രങ്ങളെയെല്ലാം ബഹുദൂരം പിന്തള്ളി, പടവല സമാനമായി താഴേക്കു വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യ മഹാരാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് അപ്രതീക്ഷിത "കൈത്താങ്ങായി" തന്റെ റിട്ടയര്‍മെന്റിനു കേവലം രണ്ടു ദിവസം മുമ്പ് ഒരു രൂപ സര്‍ക്കാര്‍ ഖജനാവിലേക്കു മുതല്‍ക്കൂട്ടി – 2020 ആഗസ്റ്റ് 31 ഉച്ചയ്ക്ക് 12 മണിക്ക് തൊട്ടുമുമ്പ് – ആരാധ്യനായ സുപ്രീം കോടതി ജഡ്ജി അരുണ്‍മിശ്ര അവര്‍കള്‍ തന്റെ "നിയോഗപരമായ" കടമ നിര്‍വഹിച്ചിരിക്കുന്നു. "അണ്ണാന്‍കു ഞ്ഞും തന്നാലായത്" എന്ന് കേട്ടിട്ടുണ്ട്. പക്ഷേ, ഇന്നിവിടെ അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഇന്ത്യയിലെ ദരിദ്രനാരായണന്മാര്‍ക്ക് "ആനന്ദലബ്ധിക്കിനിയെന്തുവേണം."
ഇന്ത്യയുടെ നീതിന്യായ മേഖലയില്‍ ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്തവിധം പ്രശസ്തനും പ്രഗത്ഭനുമായ അഭിഭാഷകന്‍ ആണ് പ്രശാന്ത് ഭൂഷന്‍. അടിച്ചമര്‍ത്തപ്പെട്ടവനും അരികുവല്‍കരിക്കപ്പെട്ടവനും, നിരാംലബനും, നീതിനിഷേധിക്കപ്പെട്ടവനും വേണ്ടി ഹാജരായി, അധീശാധികാരങ്ങള്‍ കയ്യാളുന്ന ശാക്തികചേരികള്‍ക്ക് എതിരെ, തന്റെ ധീരമായ നിലപാടുകള്‍ എടുക്കുകവഴി വളരെയേറെ ശ്രദ്ധിക്കപ്പെട്ട നിയമവിശാരദനാണ് പ്രശാന്ത് ഭൂഷന്‍.
2020 ജൂണ്‍ 27-ന് സമൂഹമാധ്യമങ്ങളില്‍ ഇദ്ദേഹത്തിന്റെതായ ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടു. "കഴിഞ്ഞ ആറുവര്‍ഷമായി ഇന്ത്യയിലെ ജനങ്ങള്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്ക് വിധേയമായി കൊണ്ടിരിക്കുന്നു. ഇന്ത്യാരാജ്യത്തിന്റെ സമ്പൂര്‍ണ്ണനാശത്തിനു തന്നെ ഒരു പക്ഷേ കാരണമായേക്കാവുന്ന ഈ വലിയ അപകടത്തെ ബഹു. സുപ്രീം കോടതി തികഞ്ഞ നിസ്സംഗതയോടെ വീക്ഷിക്കുന്ന പരിതാപകരമായ അവസ്ഥ കാണുന്നു. കഴിഞ്ഞ കാലത്ത് ഇന്ത്യയുടെ പരമോന്നത നീതിന്യായപീഠത്തില്‍ ആസന്നസ്ഥരായിരുന്ന 4 മഹദ്‌വ്യക്തികള്‍ – സുപ്രീംകോടതി ചീഫ് ജസ്റ്റീസുമാര്‍- ഈ തകര്‍ച്ച കണ്ടിട്ടും ഈ വിഷയത്തോട് കുറ്റകരമായ അനാസ്ഥ വച്ചുപുലര്‍ത്തി."
ഈ അര്‍ത്ഥത്തിലുള്ള ഒരു സന്ദേശമായിരുന്നു അത്. പ്രസ്തുത സന്ദേശം പരിപാവനമായ നീതിന്യായവ്യവസ്ഥയെ അവഹേളിക്കുന്നുവെന്നും, അതുവഴി അപകീര്‍ത്തിപരമാണെന്നും ആയതിനാല്‍ അത് പിന്‍വലിച്ച് നിരുപാധികം മാപ്പു പറയണമെന്നും സുപ്രീം കോടതി പറഞ്ഞു. എന്നാല്‍ അഡ്വ. പ്രശാന്ത് ഭൂഷന്‍ മാപ്പു പറഞ്ഞില്ലെന്നു മാത്രമല്ല, കൂടുതല്‍ കടുത്ത ഭാഷയില്‍ ചില മുന്‍ജഡ്ജിമാരുടെ വിധിന്യായങ്ങളിന്മേലുള്ള അന്യായതീര്‍പ്പുകളെ സംബന്ധിച്ചു പ്രതികരിക്കുകയും ചെ യ്തു. ഈ വലിയ "കുറ്റകൃത്യത്തിന്മേല്‍" കോടതിയില്‍ നടന്ന വിചാരണയ്‌ക്കൊടുവിലാണ് തുടക്കത്തില്‍ സൂചിപ്പിച്ച വിധിന്യായവും ശിക്ഷയും വന്നത്. തുടര്‍ന്ന് അച്ചടിദൃശ്യ മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും പ്രശാന്ത് ഭൂഷന്റെ നിലപാടുകളെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ സംവാദങ്ങളും കമന്റുകളും വന്നു. ഒട്ടേറെ ഭീഷണികളും പ്രലോഭനങ്ങളും ഉണ്ടായി. എന്നാല്‍, ഇതിനെയെല്ലാം ധൈര്യപൂര്‍വ്വം നേരിട്ട് അഡ്വ. ഭൂഷന്‍ അചഞ്ചലനായി നിന്നു. അങ്ങനെ ഒരു അഭിഭാഷകനായ ഇദ്ദേഹം നീതിന്യായ നിയമവ്യവസ്ഥയോടുള്ള അചഞ്ചലമായ തന്റെ വിധേയത്വത്തില്‍ മുറുകെ പിടിച്ച് 'ഏക് റൂപ്പയാ' (ഒരു രൂപ) ഖജനാവില്‍ ഒടുക്കി വിധിക്കു വഴങ്ങി. തന്റെ ജീവനു തന്നെ ഭീഷ ണിയായി തീരാവുന്ന ഈ വിഷയത്തില്‍, ഇതിനുമുമ്പ് ഇത്തരം ചില നിലപാടുകള്‍ എടുക്കുക വഴി സ്വജീവിതം തന്നെ ഹോമിക്കപ്പെട്ട ഡോ. നരേന്ദ്ര അച്യുത് ധബോല്‍ക്കര്‍ (2013), ഗോവിന്ദ് പന്‍സാരെ (2015), എം.എം. കല്‍ ബുര്‍ഗി (2015), ഗൗരി ലങ്കേഷ് (2017) എന്നീ മുന്‍ഗാമികളുടെ ജ്വലിക്കുന്ന ചിത്രം മുമ്പിലുണ്ടായിട്ടും, അഡ്വ. പ്രശാന്ത് നിന്നിടത്ത് പാറപോലെ ഉറച്ചു നില്ക്കുകയാണ് ഉണ്ടായത്.

കളങ്കമേല്ക്കുന്ന നീതിദേവത

കണ്ണുമൂടി കെട്ടി, നിഷ്പക്ഷതയുടെ തുലാസ് കൈകളിലേന്തി നില്ക്കുന്ന പ്രതീകത്തിനു മുമ്പില്‍ ആസനസ്ഥരായി അശരണന്റെയും ആലംബഹീനന്റെയും, പാര്‍ശ്വവല്‍കരിക്കപ്പെട്ടവന്റെയും ആവലാതികള്‍ക്കു പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ നിയോഗിക്കപ്പെട്ടവരില്‍ ചുരുക്കം ചിലരെങ്കിലും, പരിശുദ്ധയായ നീതിദേവതയുടെ യശസ്സിന് കളങ്കമേല്പിച്ചു കൊണ്ടിരിക്കുന്ന കാഴ്ച 1947-നു ശേഷം വല്ലപ്പോഴുമൊക്കെ ഇന്ത്യയില്‍ കണ്ടിരുന്നു. എന്നാല്‍ 2014-നു ശേഷം അതൊരു കലയും ശീലവുമായി വളരുക വഴി പുഴുക്കുത്തുകള്‍ അര്‍ബുദസമാനമായി പടര്‍ന്നുകയറി ഭാരതാംബയുടെ സുന്ദരകളേബരത്തെയാകമാനം ഗ്രസിച്ച് കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു.

ഭരണവര്‍ഗ്ഗം ദുഷിക്കുമ്പോള്‍ തിരുത്തല്‍
ശക്തിയായി നിയന്ത്രിക്കാന്‍ കെല്പുള്ള
സ്ഥാപനമായി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍
വകുപ്പുകളും ഉപവകുപ്പുകളും എഴുതിച്ചേര്‍ത്ത്
നമുക്കു നല്കിയ ഡോ. അംബേദ്കര്‍
പോലുള്ള പൂര്‍വ്വസൂരികളെ തമസ്‌കരിക്കാനുള്ള
തമസ്സിന്റെ സന്തതികളുടെ ചെയ്തികള്‍
അനുസ്യൂതം മുന്നേറിക്കൊണ്ടിരിക്കുന്നു.

ഇന്നത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവിടെ വലിയൊരു വര്‍ഗ്ഗീയകലാപം അരങ്ങേറി. ദലിത് മതന്യൂനപക്ഷത്തില്‍ പെട്ട നൂറുകണക്കിനാളുകള്‍ പട്ടാപ്പകല്‍ പട്ടണമദ്ധ്യത്തില്‍ ക്രമസമാധാനപാലകരുടെ കണ്‍ മുമ്പില്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. അന്ന് സോറാബ്ദീന്‍ ഷെയ്ക്കും ഭാര്യയും വധിക്കപ്പെട്ടത് പോലീസ് സൃഷ്ടിച്ച വ്യാജഏറ്റുമുട്ടലിന്റെ ഫലമായിട്ടായിരുന്നു. ഇന്നത്തെ കേന്ദ്ര ആഭ്യന്തരവകുപ്പുമന്ത്രി അന്ന് ഗുജറാത്തിലെ പോലീസ്മന്ത്രിയായിരുന്നു. ഈ കൊലയില്‍ അദ്ദേഹത്തിന് നേരിട്ടു പങ്കുണ്ടായിരുന്നു എ ന്നാരോപിച്ച് ഒരു കേസ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടു. ഈ കേസ് ജസ്റ്റീസ് ലോയയുടെ ബഞ്ചിലാണ് വിചാരണ ചെയ്യപ്പെട്ടത്. വിചാരണ തുടര്‍ന്നു വരവേ ജസ്റ്റീസ് ലോയ ഒരു ദിവസം അജ്ഞാത കാരണങ്ങളാല്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ജസ്റ്റീസ് ലോയയുടെ വധത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് മറ്റൊരു കേസ് സുപ്രീം കോടതിയില്‍വന്നു. ഈ കേസ് വിചാരണ ചെയ്യുന്നതിന്, സുപ്രീം കോടതിയിലെ 9 മുതിര്‍ന്ന ജഡ്ജിമാരെ മറികടന്ന്, താരതമ്യേന ഏറ്റവും ജൂനിയറായ അരുണ്‍മിശ്രയെ അന്നത്തെ ചീഫ് ജസ്റ്റീസ് ദിപക് മിശ്ര ചുമതലപ്പെടുത്തി. ഇത് ചട്ടവിരുദ്ധവും നഗ്നമായ അഴിമതിയുമാണെന്നു പറഞ്ഞ് ഇന്ത്യയുടെ ചരിത്രത്തില്‍ ഇദംപ്രഥമമായി 4 മുതിര്‍ ന്ന ജഡ്ജിമാര്‍-കുര്യന്‍ ജോസഫ്, ചെമലേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോക്കൂര്‍ – എന്നിവര്‍ പരസ്യമായി ഡല്‍ഹി സുപ്രീം കോടതിയുടെ പരിസരത്ത് പത്ര സമ്മേളനം നടത്തിയത് ഓര്‍മ്മ വരുന്നു. 2018 ജനുവരി 12-നാണ് ഇത് നടന്നത്. ആ ഒറ്റക്കാര്യം കൊ ണ്ടു തന്നെ ജസ്റ്റീസ് അരുണ്‍ മിശ്രയോട് സംഘപരിവാറിനുള്ള അമിതതാല്‍പര്യം നമുക്കെല്ലാം ബോധ്യമായതാണ്. പ്രസ്തുത കേസില്‍ അമിത്ഷായ്ക്ക് നിരപരാധി പട്ടം ചാര്‍ത്തി കിട്ടിയതും നാം പീന്നിട് കണ്ടു. ഈ വിഷയത്തില്‍ ജൂഡിഷ്യറിയുടെ പവിത്രതയ്ക്കു ക്ഷതമേറ്റപ്പോള്‍ നൊമ്പരപ്പെട്ട ഹൃദയവുമായി പരസ്യമായി മാധ്യമങ്ങളുടെ മുമ്പില്‍ വന്ന നാലുപേരില്‍ രഞ്ജന്‍ ഗൊഗോയിയെ നാം പിന്നീടു കാണുന്നത് ഇന്ത്യന്‍ ചിഫ് ജസ്റ്റീസിന്റെ സിംഹാസനത്തിലാണ്. അവിടിരുന്നുകൊണ്ട് സംഘപരിവാര്‍ നേതാക്കള്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന എല്ലാ കേസ്സുകളും "തെളിവുകളുടെ അഭാവത്തില്‍" വെറുതെ വിട്ടുകൊണ്ടുള്ള വിധിന്യായം എഴുതിയ ഗൊഗോയിയെ കണ്ട് മൂക്കത്ത് വിരല്‍ വച്ച് നില്‍ക്കാന്‍ വിധിക്കപ്പെട്ടവരായി നാം ശിക്ഷിക്കപ്പെടുകയും ചെയ്തുവെന്നുള്ളത് പിന്നീടുള്ള ചരിത്രം.

കൊച്ചിയിലെ ഫ്‌ളാറ്റും വേദനിക്കുന്ന കോടീശ്വരനും

കൊച്ചിയിലെ മരട് മുനിസിപ്പാലിറ്റിയിലെ ഫ്‌ളാറ്റ് പൊളിച്ചതുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഭവങ്ങള്‍ നമ്മുടെ ഓര്‍മ്മയിലുണ്ട്. കെട്ടിടനിര്‍മ്മാണ നിയന്ത്രണ ചട്ടങ്ങളിലെ നിബന്ധനങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളതെന്നും ഗുരുതരമായ പരിസ്ഥിതി ആഘാതം അതുവഴി ഉണ്ടാവുമെന്നും ആയതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടതും ആയതു നടപ്പിലാക്കിയതും ഇതേ അരുണ്‍ മിശ്രയായിരുന്നു. ചട്ടലംഘനം അറിയാതെ ഈ ഫ്‌ളാറ്റുകള്‍ വാങ്ങിയ ഇടത്തരക്കാരുടെ തടസ്സവാദങ്ങള്‍ നിഷ്‌കരുണം തള്ളിക്കളഞ്ഞുകൊണ്ട് അരുണ്‍ മിശ്ര പറഞ്ഞത്; അദ്ദേഹത്തിന്റെ മനസ്സാക്ഷിക്ക് ഉത്തമബോധ്യം വരുന്ന കാര്യങ്ങളാണ് ഓരോ വിധിന്യായത്തിനും പിന്നിലുള്ളതെന്നാണ്. ഭരണഘടനയുടെയും ഇന്ത്യന്‍ പീനല്‍ കോഡിന്റെയും നാലതിരുകള്‍ക്കുള്ളില്‍ നിന്നുവേണം ഒരു ജഡ്ജി പ്രവര്‍ത്തിക്കേണ്ടത് എന്നിരിക്കെ, ഒരു വ്യക്തിയുടെ ഇഷ്ടാനിഷ്ടവും മനസ്സാക്ഷിയും രാഷ്ട്രീയ ചായ്‌വും ജാതിമതബോധവും വിധിന്യായങ്ങളെ സ്വാധീനിക്കാന്‍ പാടില്ലായെന്നുള്ള സാമാന്യ നീതി ഇവിടെ നഗ്നമായി ലംഘിക്കപ്പെടുകയായിരുന്നു.
2019-ല്‍ സ്ഥാനമേറ്റ് 2020 സെ പ്റ്റംബര്‍ രണ്ടിന് റിട്ടയര്‍ ചെയ്യുന്നതിനകം ജസ്റ്റീസ് അരുണ്‍മിശ്ര ഗുജറാത്തിലെ "വേദനിക്കുന്ന കോടിശ്വരന്‍" അദാനിക്ക് അനുകൂലമായി ഏഴു വിധിന്യായങ്ങള്‍ നീതിരഹിതമായി ചാര്‍ത്തിക്കൊടുത്തതായി നീതിന്യായരംഗത്തെ പരിണിതപ്രജ്ഞരായ പ്രഗത്ഭ അഭിഭാഷകര്‍ അടിവരയിട്ടു പറയുന്നു. വിള നശിച്ച് കടം കയറി ആത്മഹത്യയില്‍ അഭയംപ്രാപിക്കുന്ന രാജസ്ഥാനിലെ പാവം കര്‍ഷകരുടെ തലയില്‍ വീണ ഇടിത്തീയായിരുന്നു റിട്ടയര്‍ ചെയ്യുന്നതിന് കേവലം മൂന്നു ദിവസം മുമ്പ് അരുണ്‍മിശ്ര പുറപ്പെടുവിച്ച വിധിന്യായം. ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് അധികഭാരമായി 8000 കോടി രൂപയുടെ ബാധ്യത വരുത്തിവച്ച പ്രസ്തുത വിധിന്യായത്തിന്റെ ഗുണഭോക്താവ് അദാനി പവര്‍ രാജസ്ഥാന്‍ ലിമിറ്റഡിന്റെ (അജഞഘ) ഏകമുതലാളിയായ കേരളത്തിലെ വിഴിഞ്ഞം ഫെയിം അദാനി ഗ്രൂപ്പായിരുന്നു. അരുണ്‍ മിശ്ര ജസ്റ്റീസ് പദവി അലങ്കരിച്ചുവരവേ, ഇന്ത്യയുടെ നീതിന്യായ പീഠത്തെ അവഹേളിക്കുവാന്‍ പാകത്തില്‍ ചെയ്തു കൂട്ടിയ പാതകങ്ങളെ അക്കമിട്ടു നിരത്തി, ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍ ന്യായാധിപ ശ്രീമതി രേഖാ ശര്‍മ്മ "ഗുഡ്‌ബൈ ജസ്റ്റീസ് മിശ്ര" എന്ന തലക്കെട്ടില്‍ 2020 സെപ്റ്റംബര്‍ 3-ന് ഇന്ത്യന്‍ എക്‌സ്പ്രസ് ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ സ്‌ഫോടനാത്മകമായ ലേഖനം, ഇന്ത്യന്‍ കോടതികളുടെ അകത്തളങ്ങളില്‍ നടമാടുന്ന അനാരോഗ്യകരങ്ങളായ പ്രവണതകളുടെ നേര്‍ക്ക് തിരിച്ചുപിടിച്ച കണ്ണാടിയായിരുന്നു.
ഇത്തരത്തില്‍ ഓര്‍ക്കാനും പറഞ്ഞുപോകാനും പാകത്തില്‍ നിരവധി സംഭവങ്ങള്‍ ഇന്ത്യയിലെ വിവിധ ഹൈക്കോടതികളിലും സു പ്രീംകോടതിയിലും ദിനംപ്രതി അ രങ്ങേറിക്കൊണ്ടിരിക്കുന്നു. ഭരണവര്‍ഗ്ഗം ദുഷിക്കുമ്പോള്‍ തിരുത്തല്‍ ശക്തിയായി നിയന്ത്രിക്കാന്‍ കെല്പുള്ള സ്ഥാപനമായി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വകുപ്പുകളും ഉപവകുപ്പുകളും എഴുതിച്ചേര്‍ത്ത് നമുക്കു നല്കിയ ഡോ. അംബേദ്കര്‍ പോലുള്ള പൂര്‍വ്വസൂരികളെ തമസ്‌കരിക്കാനുള്ള തമസ്സിന്റെ സന്തതികളുടെ ചെയ്തികള്‍ അനുസ്യൂതം മുന്നേറിക്കൊണ്ടിരിക്കുന്നു. അവര്‍ വിഭാവനം ചെയ്തു പടുത്തുയര്‍ ത്തിയ സ്വപ്നസ്ഥാപനത്തിന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ ഭയം ജനിക്കുന്നു. അരുതെന്ന് പറയേണ്ടവര്‍, അധികാരികളുടെ അ പ്പക്കഷണങ്ങള്‍ ആസ്വദിച്ച് വിനീതവിധേയരായി അവര്‍ക്ക് ദാസ്യപ്പണി ചെയ്യുന്നു. ഇത്തരമൊരു അന്തരീക്ഷത്തിലാണ് പ്രശാന്ത് ഭൂഷണെപ്പോലുള്ള നട്ടെല്ല് നിവര്‍ത്തി നിന്ന് തെറ്റിനെ തെറ്റെന്നു പറയാന്‍ ധൈര്യം കാണിക്കുന്ന നിര്‍ഭയവ്യക്തിത്വങ്ങളെ കാണുന്നത്. അധികാരകസേരകളും സ്ഥാനമാനങ്ങളും തൃണസമാനമായി കരുതുന്ന ഇവര്‍ സമൂഹത്തില്‍ തുലോം തുച്ഛമായി കൊണ്ടിരിക്കുന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. എങ്കിലും കറുത്ത വാവിന്‍ നാളില്‍ അപ്രതീക്ഷിതമായി മാനത്ത് തെളിയുന്ന വെള്ളിനക്ഷത്രം പോലെ ഇവര്‍ ശോഭിക്കുന്നു. നിരാശയുടെ കയത്തില്‍ മുങ്ങിത്താഴുന്ന ഇന്ത്യയിലെ അസംഘടിത ജനസാമാന്യത്തിന് ഇതൊരു കച്ചിത്തുരുമ്പായെങ്കിലും പ്രതീക്ഷ നല്കുന്നു. ഇവിടെ പ്രശാന്ത് ഭൂഷന്‍ ട്രഷറിയില്‍ അടച്ച ഒരു രൂപ – ഏക് റൂപ്പയാ – വര്‍ദ്ധിത വീര്യത്തോട് ആയിരം കോടിയുടെ മൂല്യത്തോടെ ജ്വലിച്ച് ഉയര്‍ന്നു നില്ക്കുന്നു.
ജയ് ഹിന്ദ്!!!!!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org