അധികാരത്തിന്റെ ഈഗോയില്‍ നിന്ന് തോറ്റുകൊടുക്കുന്നവന്റെ ഈശോയിലേക്ക്

അധികാരത്തിന്റെ ഈഗോയില്‍ നിന്ന് തോറ്റുകൊടുക്കുന്നവന്റെ ഈശോയിലേക്ക്

ക്രിസ്തുരാജന്റെ തിരുനാള്‍ കഴിഞ്ഞ് ആഴ്ചകള്‍ പിന്നിടുന്നു. ചെറുപ്പത്തില്‍ വേദപാഠ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ക്രിസ്തുരാജ തിരുനാളില്‍ നടത്തിയ ക്രിസ്തുരാജറാലി ഓര്‍ത്തെടുക്കുകയാണ്. ക്രിസ്തു നമ്മുടെ നേതാവ്, ക്രിസ്തു നമ്മുടെ രാജാവ്, ക്രിസ്തുരാജ്യം ഭരിക്കട്ടെ, ക്രിസ്തു മാര്‍ഗം വാഴട്ടെ. ആവേശത്തോടെ നടത്തിയ ആ ജയ്‌വിളികള്‍ ഇന്നലെ പോലെ മനസ്സില്‍ വീണ്ടും ഓര്‍മ്മകളായെത്തുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രഖ്യാപനങ്ങളുടെ 50-ാം വാര്‍ഷികാഘോഷ വേളയില്‍ Congregation for the Clergy സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഭാഷണത്തിന്റെ മുഖ്യവിഷയം ''പുരോഹിതന്‍ എന്ന നേതാവ്'' എന്നതായിരുന്നു. അന്ന് മാര്‍പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചതിങ്ങനെയാണ്. ''ഉത്തമനായ ഒരു പുരോഹിത നേതാവിന്റെ സാമീപ്യം ശാന്തത സൃഷ്ടിക്കുന്നു. ദേഷ്യക്കാരനും കര്‍ക്കശക്കാരനുമായ പുരോഹിത നേതാവിനെ കണ്ട് അണികള്‍ പരക്കം പായുന്നു, ചിന്നി ചിതറുന്നു. അതുകൊണ്ട് നല്ലൊരു നേതാവ് പ്രമാണയുക്തരായിരിക്കണം, പക്ഷേ, ആരുടയും പ്രമാണിയാകരുത്. മനസ്സ് ദൃഢമായിരിക്കണം, പക്ഷേ, കഠിനമാക്കരുത്. ആനന്ദമാനസനായിരിക്കണം, പക്ഷേ, ആനന്ദോന്മത്തനാകരുത്. ചുരുക്കത്തില്‍ ഒരു പുരോഹിത നേതാവ് ആളുകളുടെ മണമുള്ള നല്ലൊരിടയനായിരിക്കണം. മറിച്ച്, നിയമം നടപ്പാക്കുന്ന ഒരു ഉദ്യോഗസ്ഥനായിരിക്കരുത്.''

ഒരു ഉത്തമനായ നേതാവിന് ഉണ്ടായിരിക്കേണ്ട ഏറ്റവും നല്ല ഗുണഗണങ്ങളില്‍ ഒന്നാണ് തന്റെ അണികളെ പരിഗണിക്കാനുള്ള കഴിവ്. തന്റെ അണികളെ പരിഗണനയിലെടുക്കാതെയുള്ള നേതാക്കന്മാരുടെ തീരുമാനങ്ങള്‍ ഭോഷത്തമാണ്. ഒരിക്കല്‍ ഒരു സാബത്ത് ദിനത്തില്‍ യേശുവും, ശിഷ്യന്മാരും പ്രസംഗിച്ച് വലഞ്ഞ് ഒരു വയലിലൂടെ കടന്നുപോകുമ്പോള്‍ നല്ല വിശപ്പുണ്ടായിരുന്ന ശിഷ്യന്മാര്‍ ആ വയലില്‍ നിന്ന് നെല്‍ക്കതിരുകള്‍ പറിച്ച് തിന്നുവാന്‍ തുടങ്ങി. ഇതു കണ്ട നിയമജ്ഞരും ഫരിസേയരും അവരെ ചൂണ്ടി യേശുവിനോട് പറയുന്നു, ''നിന്റെ ശിഷ്യന്മാര്‍ സാബത്ത് ദിവസത്തില്‍ നിഷിദ്ധമായത് ചെയ്യുന്നു.'' യേശു അവരോട് ചോദിക്കുന്നുണ്ട്, സാബത്ത് ദിവസത്തില്‍ കുഴിയില്‍ വീണ നിങ്ങളുടെ കാളകളെ കുഴിയില്‍ നിന്ന് പിടിച്ച് കയറ്റാത്തവരായി ആരുണ്ട്? സാബ ത്ത് ദിവസം ജോലി ചെയ്യാതിരിക്കുക എന്നത് ഈ ഒരു യഹൂദ നിയമവും പാരമ്പര്യവും ആണ്. വിശക്കുന്ന തന്റെ ശിഷ്യന്മാര്‍ക്ക് മുമ്പില്‍ നിയമം പാലിക്കുന്ന കര്‍ക്കശക്കാരനെക്കാള്‍ മനുഷ്യത്വം കാട്ടിയ കരുണകാട്ടിയ ഒരു നല്ല നേതാവ് ആകുകയാണ് യേശു ചെയ്തത്. മറ്റൊരിക്കല്‍ കൈ കഴുകാതെ ഭക്ഷണം കഴിക്കുന്ന ശിഷ്യന്മാരെയും നിയമജ്ഞരും ഫരിസേയരും കുറ്റപ്പെടുത്തുന്നുണ്ട്. അവിടുന്ന് നമ്മോട് പറയുന്നത് ഇതാണ്, ''എന്റെ രാജ്യം നിയമത്തിന്റെ രാജ്യമല്ല; എന്റെ മതം നിയമത്തിന്റെയോ പാരമ്പര്യങ്ങളുടെയോ അനുഷ്ഠാനങ്ങളുടെയോ മതമല്ല. മറിച്ച്, എന്റെ മതം കരുണയുടെ, അനുകമ്പയുടെ മതമാണ്. ദൈവിക നിയമത്തേക്കാള്‍ ഉപരി മതപാരമ്പര്യങ്ങളെയും മതാനുഷ്ഠാനങ്ങളെയും ഒരു വികാരമായി നാം സ്വീകരിക്കുമ്പോള്‍ മനുഷ്യത്വം എന്നത് വെറുമൊരു വിചാരമായി മാറുന്നു. ജസ്റ്റിസ് കുര്യന്‍ ജോസഫ് ഒരിക്കല്‍ തന്റെ പ്രഭാഷണത്തില്‍ പറയുന്നതിങ്ങനെയാണ്, ''അണികളുടെ മനസ്സും വികാരവും മാനിക്കാതെയും ചോദിക്കാതെയും ഉള്ള നൈയാമികമായ തീരുമാനങ്ങള്‍ കൊണ്ട് ഒരു സമൂഹവും സമുദായവും നിലനില്‍ക്കുക സാധ്യമല്ല.'' ഒരു കുടുംബത്തില്‍ അപ്പനും അമ്മയും മക്കളും മരുമക്കളും ഒരുമിച്ചിരുന്ന് ആലോചിച്ച് എടുക്കുന്ന കൂട്ടായ തീരുമാനങ്ങളേ കുടുംബത്തില്‍ വിലപ്പോവുകയുള്ളൂ. കഴിഞ്ഞ ആഴ്ച പങ്കെടുത്ത ധ്യാനത്തില്‍ ധ്യാനഗുരു പറഞ്ഞത് ഓര്‍ക്കുന്നു, ദൈവത്തെ പ്രതിനിധീകരിക്കാതെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നവരെല്ലാം ദൈവജനത്തിന് ഒരു വെല്ലുവിളിയാണ്. നിയമം മാത്രം പാലിക്കുന്ന നിയമജ്ഞരാകാതെ, പാരമ്പര്യങ്ങള്‍ അനുഷ്ഠിക്കുന്ന പാരമ്പര്യ വാദികളാകാതെ, ദൈവിക നിയമത്തെ മുറുകെ പിടിക്കുന്ന, ദൈവിക നിയമങ്ങളെ തന്റെ മാറോടു ചേര്‍ക്കുന്ന നല്ല നേതാക്കന്മാരായി നമുക്ക് മാറാം. കര്‍ത്താവ് നിയമജ്ഞ രേയും ഫരിസേയരെയും സം ബോധന ചെയ്യുന്നതിങ്ങനെയാണ്. കപടനാട്യക്കാരായ നിയമജ്ഞരെ, ഫരിസേയരെ നിങ്ങള്‍ക്ക് ദുരിതം. നാം ആയിരിക്കുന്ന സമൂഹത്തില്‍ നിയമം പാലിക്കുന്ന കാര്‍ക്കശക്കാരനെക്കാള്‍ മനുഷ്യത്വം കാട്ടുന്ന നല്ലൊരു മനുഷ്യനാകുവാന്‍ ഓരോ നേതാക്കള്‍ക്കുമാകട്ടെ.

ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ചരിത്രത്തിലെ എല്ലാ നല്ല നേതാക്കന്മാരും ജീവിതത്തില്‍ തോറ്റുപോയവരാണ് അല്ലെങ്കില്‍ ജീവിതത്തില്‍ തോറ്റു കൊടുത്തവരാണ്. എബ്രഹാം ലിങ്കണ്‍, നെല്‍സണ്‍ മണ്ടേല, ഗാന്ധിജി, ഗ്രഹാം സ്റ്റെയിന്‍സ് തുടങ്ങി നല്ല നേതാക്കന്മാരൊക്കെ ജീവിതത്തില്‍ തോറ്റു പോയവരാണ് അല്ലെങ്കില്‍ തോറ്റു കൊടുത്തവരാണ്. തിയേറ്ററുകളില്‍ തകര്‍ത്തോ ടിയ ചിത്രമാണ് ഈയിടെ പുറത്തിറങ്ങിയ ''Face of the Faceless.'' ഇതില്‍ അതില്‍ റാണി മരിയ എന്ന വിപ്ലവകാരിയായ ഒരു നേതാവിനെ നാം കാണുന്നു. പക്ഷേ ആ നേതാവും തോറ്റുപോയി. അധികാരത്തിന്റെ പടച്ചട്ടയ ണിഞ്ഞ ഒരു നേതാവിന്റെ ഈഗോയില്‍ നിന്നും തോറ്റു കൊടുക്കുവാന്‍ മനസ്സുള്ള ഒരു നല്ല മനുഷ്യനിലേക്കുള്ള ദൂരം ഒത്തിരി അകലെയാണ്. പരി. അമ്മ ജീവിതത്തില്‍ തോറ്റുകൊടുത്തവളാണ്. മോശയുടെ നിയമമനുസരിച്ച് വിവാഹത്തിനു മുമ്പേ ഗര്‍ഭവതിയാകുന്ന സ്ത്രീകള്‍ കല്ലെറിഞ്ഞ് കൊല്ലപ്പെടണം എന്നതാണ് വ്യവസ്ഥ. പക്ഷെ, ഇതാ കര്‍ത്താവിന്റെ ദാസി എന്ന ഒറ്റ വചനത്തിലൂടെ പരി. അമ്മ തന്റെ തോല്‍വി സമ്മതിക്കുന്നു. അവസാനം കുരിശിന്‍ചുവട്ടില്‍ തന്റൈ ഏകജാതന്റെ ചേതനയറ്റ ശരീരം മടിയില്‍ കിടത്തുമ്പോള്‍ പോലും ആ അമ്മ ഒരക്ഷരം മിണ്ടുന്നില്ല. തോറ്റുകൊടുക്കുകയായിരുന്നു, മറ്റാരുടെയൊക്കെയോ വിജയത്തിനായി. കര്‍ത്താവിന്റെ ജീവിതവും മറ്റൊന്നായിരുന്നില്ല. ഒന്ന് പിറന്നു വിഴുവാന്‍ ഒരു സത്രത്തിന്റെ വാതില്‍ പോലും അവനു മുമ്പില്‍ തുറക്കപ്പെട്ടിട്ടില്ല. ഒരു കാലിത്തൊഴുത്തിലായിരന്നു അവന്റെ ജനനം. താമസിക്കുവാന്‍ ഒരു ഇടം പോലും അവനുണ്ടായിരുന്നില്ല. ഒരിക്കല്‍ ആരോ അവനോട് ചോദിക്കുന്നുണ്ട്. അങ്ങ് വസിക്കുന്ന ഇടം എവിടെയാണെന്ന്? അവിടുന്ന് പറയുന്നു, പാമ്പുകള്‍ക്ക് മാളങ്ങളും പക്ഷികള്‍ക്ക് കൂടുകളുമുണ്ട് എന്നാല്‍ മനുഷ്യപുത്രന് തലചായ്ക്കാന്‍ ഇടമില്ല. ഒന്ന് മരിച്ചടയ്ക്കപ്പെടുവാന്‍ ഒരുപിടി മണ്ണ് പോലും അവന് സ്വന്തമായി ഉണ്ടായിരുന്നില്ല. അവസാനം ആരുടെയോ കടമെടുത്ത കല്ലറയിലാണ് അവന്‍ സംസ്‌കരിക്കപ്പെട്ടത്. 30 വെള്ളിക്കാശിന് തന്നെ ഒറ്റിക്കൊടുത്ത യൂദാസിനെ 'സ്‌നേഹിതാ' എന്ന് വിളിച്ച് ആശ്ലേഷിച്ചവനാണ് നമ്മുടെ കര്‍ത്താവ്. യൂദാസ് തന്നെ ഒറ്റിക്കൊടുക്കുമെന്നും പത്രോസ് തന്നെ തള്ളിപ്പറയും എന്നറിഞ്ഞിട്ടും അവര്‍ക്കു പോലും തന്റെ ശരീര രക്തങ്ങള്‍ പകുത്തു നല്‍കിയവനാണ് കര്‍ത്താവ്. അവസാനം പടയാളികള്‍ ക്രൂശിതനായ യേശുവിനെ നോക്കി പരിഹസിക്കുന്നുണ്ട്, നീ ദൈവപുത്രനാണെങ്കില്‍ താഴേക്ക് ഇറങ്ങി വരിക. അവിടുന്ന് നിശ്ചയമായും ദൈവപുത്രന്‍ ആയിരുന്നു. അവിടത്തേക്ക് എല്ലാ ബന്ധനങ്ങളെയും അതിജീവിച്ച് താഴേക്ക് ഇറങ്ങി വരാമായിരുന്നു. പക്ഷേ തോറ്റു കൊടുക്കുക ആയിരുന്നു മറ്റാരുടെയൊക്കെയോ വിജയത്തിനായി.

തോറ്റു കൊടുക്കുക എന്നത് കയ്പ്പ് നിറഞ്ഞതാണെങ്കിലും അതിലൊരു മധുരം ഉണ്ട്. ആ മധുരം വിജയിക്കുന്നവന്റെ മനസ്സിലാണ്. ആ തോറ്റു കൊടുക്കുന്നവന്‍ വിജയിക്കുന്നവന്റെ മനസ്സിലെ ഹീറോ ആയിരിക്കും. ഒന്ന് തോറ്റു കൊടുത്താല്‍ തീരാവുന്ന പ്രശ്‌നങ്ങളെ പലപ്പോഴും നമ്മുടെ സമൂഹങ്ങളിലുള്ളൂ. ക്രിസ്തു എന്ന നമ്മുടെ നേതാവിന് ഉണ്ടായിരുന്ന ഏറ്റവും വലിയ ഗുണമാണ് തോറ്റു കൊടുക്കുക എന്നത്. അവിടുന്ന് തോറ്റു കൊടുത്തില്ലായിരുന്നെങ്കില്‍ ഇന്ന് നമുക്ക് യേശു എന്ന പേരില്‍ ഒരു രക്ഷകന്‍ ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് തോറ്റു കൊടുക്കുന്ന ഏവനും പകുത്ത് നല്‍കുന്നത് നമ്മുടെ ഈശോയുടെ രക്ഷയാണ്. കുടുംബങ്ങളില്‍ ഭര്‍ത്താവ് ഭാര്യയുടെയും ഭാര്യ ഭര്‍ത്താവിന്റെയും മക്കള്‍ മാതാപിതാക്കളുടെയും മാതാപിതാക്കള്‍ മക്കളുടെയും മുമ്പില്‍ തോറ്റു കൊടുക്കുമ്പോള്‍ ഉണ്ടാകുന്നത് സുദൃഢമായ കുടുംബ ബന്ധങ്ങളാണ്. ജോലിസ്ഥലങ്ങളില്‍ മുതലാളിമാര്‍ തൊഴിലാളികള്‍ക്ക് മുമ്പിലും തൊഴിലാളികള്‍ മുതലാളിമാര്‍ക്ക് മുമ്പിലും തോറ്റു കൊടുക്കുമ്പോള്‍ വിരിയുന്നത് സമുന്നതമായ സ്‌നേഹബന്ധങ്ങളാണ്. അധികാരത്തിന്റെ ദണ്ഡുകൊണ്ട് തന്റെ അണികളെ നിലയ്ക്ക് നിര്‍ത്തുന്നതില്‍ നിന്നും സ്വന്തം അണികളുടെ കാലു കഴുകുന്ന ഈശോയുടെ നല്ല നേതാവിന്റെ മനസ്സ് നമുക്ക് സ്വന്തമാക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org