നവസാധാരണത്വത്തിലെ വിദ്യാഭ്യാസ നിരീക്ഷണങ്ങള്‍

നവസാധാരണത്വത്തിലെ വിദ്യാഭ്യാസ നിരീക്ഷണങ്ങള്‍

നീണ്ട 'കോവിഡ് അവധി'ക്കു ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ ഒരുങ്ങുമ്പോള്‍ മാറുന്ന സമീപനങ്ങളെക്കുറിച്ച് ഒരവലോകനം…

സി. ഡോ. സോജ മരിയ സി.എം.സി.
അസി. പ്രൊഫസര്‍,
സെന്റ് ജോസഫ് ട്രെയിനിംഗ് കോളജ്, എറണാകുളം

ആഗ്രഹിച്ചാലും ഇല്ലെങ്കിലും മാറ്റത്തിന് വിധേയമാക്കപ്പെടുകയും ചെറുത്തു നില്‍ക്കുന്തോറും ജീവി ക്കാന്‍ ആഗ്രഹിക്കുന്ന ചുറ്റുപാടുകളില്‍നിന്നും പുറംതള്ളപ്പെടുകയും ചെയ്യുന്ന നവ സാധാരണത്വത്തിന്റെ (ിലം ിീൃാമഹ) നാള്‍വഴികളിലാണ് ലോകം. വാക്കിലും പ്രവൃത്തിയിലും ചിന്തയിലും മനോഭാവങ്ങളിലും ജീവിത ശൈലികളിലും ജോലികളിലുമെല്ലാം പുതിയ സാധാരണത്വം ഉടലെടുത്തു കഴിഞ്ഞു. മുന്‍പ് അസാധാരണവും അനാവശ്യവുമായി കരുതിയിരുന്നവ ഈ നവസാധാരണത്വത്തില്‍ നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ കൂടുകെട്ടിയത് വളരെപ്പെട്ടെന്നും തയ്യാറെടുപ്പിനു കാത്തുനില്ക്കാതെയുമായിരുന്നു.

ആരുടെയും അനുവാദം ചോദിക്കാതെ കോവിഡ് കാലം ജീവിതത്തിന്റെ സമസ്ത മേഖലകളിലും വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. കോവിഡ് കേവലം ആരോഗ്യപ്രശ്‌നം മാത്രമല്ല, അത് സാമൂഹികവും സാമ്പത്തികവും ആത്മീയവും വിദ്യാഭ്യാസപരവുമായ പ്രതിസന്ധിയായിരിക്കുന്നു.

പഴയ 'സാധാരണ'ത്വത്തിലേക്ക് തിരികെപോകാന്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍, വരുംകാലം ഒരിക്കലും പഴയകാലത്തെ പുനഃ സ്ഥാപിക്കില്ല എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. അടച്ചിട്ടിരിക്കുന്ന വിദ്യാലയങ്ങള്‍ തുറക്കുന്നതിനായുള്ള ശ്രമങ്ങള്‍ ആരംഭിക്കുമ്പോള്‍ കോവിഡാനന്തര വിദ്യാഭ്യാസ മേഖലയിലെ നവസാധാരണത്വങ്ങള്‍ പരിചിന്തന വിഷയമാകേണ്ടതുണ്ട്.

വിദ്യാലയ കേന്ദ്രീകരണത്തില്‍ നിന്ന് വിദ്യാഭ്യാസ പ്രക്രിയയിലേക്ക്

യൂണിഫോം ധരിച്ച കുട്ടികളെ കുത്തിനിറച്ച് ഓടിയിരുന്ന സ്‌കൂള്‍ വാഹനങ്ങള്‍, കൃത്യസമയത്ത് മുഴങ്ങിയിരുന്ന മണിശബ്ദം, കുട്ടികള്‍ നിരയായി നിന്ന് പങ്കെടുത്തിരുന്ന അസംബ്ലികള്‍, ശബ്ദമുഖരിതമായിരുന്ന സ്‌കൂള്‍ വരാന്തകള്‍, ആരവങ്ങള്‍ ഉയര്‍ന്നിരുന്ന കളിക്കളങ്ങള്‍ തുടങ്ങി വിദ്യാലയവുമായി ബന്ധപ്പെട്ടതെല്ലാം ഇന്ന് ഭൂതകാലശേഷിപ്പുകള്‍ പോലെ നിലകൊള്ളുന്നു. മൂകമായ ക്ലാസ്സ്മുറികളും സ്‌കൂള്‍മുറ്റങ്ങളും കാടുപിടിച്ച ഗ്രൗണ്ടുകളും കോവിഡിന്റെ പരിണിതഫലങ്ങളാണ്. കയ്യിലൊതുക്കാവുന്ന മൊബൈല്‍/ടാബ്/ ലാപ്‌ടോപ്പ് സ്‌ക്രീനില്‍ തെളിയുന്ന ഒരു ഇമേജില്‍ വിദ്യാലയം എന്ന മഹത്തായ അനുഭവം ഇല്ല എന്നതാണ് വാസ്തവം. വെര്‍ച്വല്‍ ക്ലാസ്സ്മുറികള്‍ ഉണ്ട് എന്ന് പറയാം. ഒരു കുട്ടിയുടെ ജീവിതത്തിന്റെ ആദ്യ പതിനഞ്ചു വര്‍ഷങ്ങളോളം ഏറ്റവും കൂടുതല്‍ സമയം ചെല വഴിച്ചിരുന്നത് വിദ്യാലയത്തിലാണ്. അവന്റെ/ അവളുടെ സ്വഭാവ രൂപീകരണത്തിനും ഭാവിജീവിതത്തിനും അടിസ്ഥാനം ഇടുന്നതില്‍, സാമൂഹികവല്‍ക്കരണ ശാസ്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു എന്ന് കരുതിയിരുന്ന വിദ്യാലയ അന്തരീക്ഷം ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു; അല്ലെങ്കില്‍ ഒരു സ്‌ക്രീനിന്റെ സാങ്കേതികതയിലേക്ക് ഒതുങ്ങിയിരിക്കുന്നു. പകരം അടച്ചിട്ട മുറികളും ഒറ്റപ്പെട്ട ജീവിതക്രമങ്ങളും ഒരു കുട്ടിയുടെ സ്വഭാവരൂപവത്കരണത്തില്‍ സ്ഥാനം പിടിക്കുമ്പോള്‍ വ്യക്തിത്വത്തിന്റെ സാമൂഹികമാനങ്ങള്‍ നഷ്ടമാകുമോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു. വിദ്യാലയം കുട്ടികള്‍ക്ക് ഒരു വികാരം ആയിരുന്നെങ്കില്‍, വിദ്യാലയത്തോട് ഇഴയടുപ്പം തോന്നുന്നതില്‍ വിമുഖതയുള്ള തലമുറ രൂപപ്പെടുകയാണ്. ഈ പുതിയ സാധാരണത്വത്തില്‍ വിദ്യാലയ സമുച്ചയമോ ചുറ്റുപാടുകളോ സൗകര്യങ്ങളോ പ്രാധാന്യം അര്‍ഹിക്കുന്നില്ല, മറിച്ച് വിദ്യാഭ്യാസ പ്രക്രിയ നടത്തുന്നതിനുള്ള വെറുമൊരു ഹേതു മാത്രമായി വിദ്യാലയം മാറ്റപ്പെട്ടിരിക്കുന്നു.

രൂപാന്തരീകരണം സംഭവിച്ച അധ്യാപകര്‍

അധ്യാപകരുടെ ഭാവഭേദങ്ങള്‍ മാത്രമല്ല അര്‍ത്ഥതലങ്ങളും അവശ്യ നൈപുണികളും മാറ്റത്തിന് വിധേയമായി കഴിഞ്ഞു. ഗുരു വിദ്യ പകര്‍ന്നുനല്‍കിയിരുന്ന കാലത്തില്‍ നിന്നും വിദ്യാര്‍ത്ഥികളോടൊപ്പമുള്ള യാത്രയായി വിദ്യാഭ്യാസവും അധ്യാപക ധര്‍മ്മവും പുനര്‍നിര്‍വചിക്കപ്പെട്ടിരുന്നു. അതിനുമപ്പുറം, കൂടെ ആയിരിക്കുന്ന മാര്‍ഗദര്‍ശി എന്നതില്‍ നിന്നും വിദ്യാഭ്യാസ സംരംഭകന്‍ (ഋറൗ- ുൃലിലൗൃ) എന്ന നിലയിലേക്ക് അധ്യാപകര്‍ വളരേണ്ടിയിരിക്കുന്നതിന്റെ ആവശ്യകതയിലാണ് നാം എത്തിനില്‍ക്കുന്നത്. ഓരോ വിദ്യാര്‍ഥിയുടെയും സാധ്യതകളെ കണ്ടെത്തി അവയുടെ സാഫല്യത്തിനും സാധൂകരണത്തിനുമായി, കഠിനാധ്വാനം നടത്തി നിരന്തരം അനുധാവനം ചെയ്ത് അധ്യാപകന്‍ തന്റെ ഉത്തരവാദിത്വം നിര്‍വ ഹിക്കേണ്ടതായി വരുന്നു. ഓരോ വിദ്യാര്‍ത്ഥിയേയും വ്യക്തിപരമായി അറിഞ്ഞ് അവന്റെ/അവളുടെ ആവശ്യങ്ങള്‍ക്കും പ്രത്യേകതകള്‍ക്കും അനുസൃതം ബോധന പരിജ്ഞാനത്തെ ആവിഷ്‌കരിച്ച്, അനുയോജ്യമായ ബോധനരീതികള്‍ സൃഷ്ടിച്ചെടുത്ത്, ഫലപ്രദമായ വളര്‍ച്ചയിലേക്ക് കൊണ്ടുവരുവാന്‍ തക്കവിധം കാര്യക്ഷമത ആര്‍ജിച്ചെടുക്കുക എന്നത് ഇക്കാലത്തെ അധ്യാപകന്റെ ഏറ്റവും കുറഞ്ഞ ശേഷിയായി മാറിയിരിക്കുന്നു. സാങ്കേതിക വൈജ്ഞാനിക ബോധനശാസ്ത്രം (ഠലരവിീരീിലേിേുലറമഴീഴ്യ) ഇന്നത്തെ അധ്യാപകരുടെ ഗുണമേന്മ നിശ്ചയിക്കുന്ന അളവുകോലായി മാറിയിട്ടുണ്ട്. ഒരുപക്ഷേ നിയമ നിര്‍മ്മാണമോ ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശമോ അനുസരിച്ചുള്ള ഒന്നായിരുന്നു ഇതെങ്കില്‍ അദ്ധ്യാപക സമൂഹം അതിനെ ഹൃദയപൂര്‍വ്വം ഉള്‍ക്കൊള്ളുമായിരുന്നോ എന്ന് സംശയിക്കേണ്ടതുണ്ട്. നിനച്ചിരിക്കാതെ കോവിഡ്-19 എന്ന മഹാമാരി യുടെ കരാളഹസ്തത്തില്‍ സാമൂഹികജീവിതം കുരുങ്ങി കിടക്കുമ്പോള്‍ സാങ്കേതികവിദ്യയും അവയുടെ ഉപയോഗ തലങ്ങളും ഫലപ്രദമായി പ്രയോഗിച്ച ഒരു വിഭാഗം, അധ്യാപകര്‍ തന്നെയാണ്. അറിവുകള്‍ കാര്യക്ഷമമായി പങ്കുവെക്കുന്നതിനും യോജ്യവും ആകര്‍ഷകവുമായ ബോധനരീതികള്‍ പ്രാവര്‍ത്തികമാക്കുന്നതിനും സാങ്കേതിക പരിജ്ഞാനവും അതിന്റെ പരിശീലനവും അവര്‍ക്ക് ആവശ്യമായി വന്നു. കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ സ്വാഭാവികമായിത്തന്നെ നിലവിലുള്ള ഒരു വ്യവസ്ഥയെ സ്വാധീനിക്കുന്നതും മാറ്റിമറിക്കുന്നതും എപ്രകാരമാണ് എന്നതിന് ഉത്തമദൃഷ്ടാന്തമാണിത്. വിദ്യാഭ്യാസം എന്ന പ്രക്രിയയ്ക്ക് പ്രസക്തി ഉണ്ടാകുന്നതു തന്നെ അതിന്റെ പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കപ്പെടുമ്പോഴാണല്ലോ. കോവിഡാനന്തര വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അധ്യാപകരുടെ ധര്‍മ്മവും കര്‍മ്മവും പുനര്‍ നിര്‍വചിക്കപ്പെടുമ്പോള്‍ അത് വെറും അറിവിന്റെ വ്യവഹാരത്തില്‍ മാത്രം ഒതുങ്ങുന്നതല്ല എന്നത് പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു.

വിദ്യാര്‍ത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസം

സമയത്ത് ഉണര്‍ന്ന്, തയ്യാറായി സ്‌കൂളിലെത്തി, വിദ്യാലയത്തിലെ നിയമങ്ങളനുസരിച്ച്, അധ്യാ പകരെ ബഹുമാനിച്ച്, പാഠങ്ങള്‍ പഠിച്ച്, കൃത്യമായി ഹോംവര്‍ക്ക് ചെയ്ത്, പരീക്ഷയെഴുതി, വിദ്യ അഭ്യസിച്ചിരുന്ന കുട്ടികള്‍ ഇനി പഴങ്കഥയാവുകയാണോ? 24 മണിക്കൂറില്‍ തനിക്ക് അനുയോജ്യമായ സമയവും രീതിയും പഠിതാവ് നിശ്ചയിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യുന്ന വിദ്യാര്‍ഥി കേന്ദ്രീകൃതമായ വ്യവസ്ഥയിലേക്ക് ഏറെക്കുറെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മാറിക്കഴിഞ്ഞു. മുന്‍പ് പഠനത്തിനായി നീക്കിവച്ചിരുന്ന പകല്‍സമയമൊക്കെ ഇപ്പോള്‍ സന്ധ്യകളും രാത്രികളും സ്വന്തമാക്കി കഴിഞ്ഞു. പഠിതാവിന്റെ താല്‍പര്യങ്ങളും തിരഞ്ഞെടുപ്പുകളും പഠനപ്രക്രിയയെ ക്രമീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയാണിന്ന്. അധ്യാപകന്‍ ക്ലാസില്‍ പഠിപ്പിക്കുന്നതിനു മുന്‍പുതന്നെ വിഷയം തെരഞ്ഞു കണ്ടെത്തുകയും മനസ്സിലാക്കുകയും ചെയ്യുന്നതിനാല്‍ വിഷയത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് ലഭ്യമാകാന്‍ സാധ്യതയില്ലാത്ത മേഖലകളിലേക്കും അനുഭവ തലങ്ങളിലേക്കും നയിക്കുവാന്‍ കഴിവുള്ള അധ്യാപകരുടെ ക്ലാസുകള്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി അര്‍ത്ഥപൂര്‍ണമായി അനുഭവപ്പെടുകയുള്ളൂ.

ഫലപ്രദമായ സാങ്കേതിക ബോധന രീതികള്‍

പഠനവിഷയത്തെ സംബന്ധിച്ച് അറിവും അതുമായി ബന്ധപ്പെട്ട ജീവിതനൈപുണികളുടെ പരിശീലനവും അത് ഫലപ്രദമായി നല്‍കുന്നതിനുള്ള സാങ്കേതികവിദ്യകളും ബോധന രീതികളും ഇന്നത്തെ നവസാധാരണത്വത്തില്‍ സംയോജിപ്പിച്ച് ഉപയോഗിക്കേണ്ടതായിട്ടുണ്ട്. പഠന പ്രക്രിയയ്ക്ക് ശേഷം വിദ്യാര്‍ത്ഥികളില്‍ ഉളവാകുന്ന ഫലദായകത്വത്തിന്റെ അടിസ്ഥാനത്തിലാണ് പഠന പ്രക്രിയയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പോലും ഇന്ന് രൂപപ്പെടുന്നത്. ഉദ്ദേശ്യങ്ങള്‍ ആദ്യം രൂപപ്പെടുത്തി അവയ്ക്കനുസൃതം പാഠ്യ പദ്ധതി ക്രമീകരിച്ച്, ഫലം കൈവരിക്കുന്ന പഴയ രീതിക്ക് പകരം പഠനപ്രക്രിയയ്ക്ക് ശേഷം സംജാതമാകുന്ന ഫലത്തെ അടിസ്ഥാനമാക്കി ഉദ്ദേശ്യങ്ങളും പ്രക്രിയയും രൂപീകരിക്കുക എന്ന രീതി പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ ഉപയോഗം പഠന പ്രക്രിയയില്‍ മാത്രമല്ല മൂല്യനിര്‍ണ്ണയത്തിലും ആഴമായ സ്വാധീനം ചെലുത്തുന്നുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും സാങ്കേതികപഠന നിയന്ത്രണ വ്യൂഹങ്ങളും ഉപഭോക്താക്കള്‍ക്ക് ഏറ്റവും സൗഹാര്‍ദ്ദപരമായി ഉപയോഗിക്കത്തക്ക വിധം നിര്‍മ്മിച്ചു നല്‍കുവാന്‍ കമ്പനികള്‍ മത്സരിക്കുകയാണ്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ പ്രക്രിയയിലേക്ക് സാവധാനം തിരിച്ചു വന്നാലും സാങ്കേതിക വിദ്യകളുടെ സഹായവും മാധ്യമങ്ങളുടെ താങ്ങും ഇല്ലാതെ ഫലപ്രദമായ പഠനപ്രക്രിയ ഇനി സാധ്യമാകും എന്ന് തോന്നുന്നില്ല. അത്രമാത്രം ബോധനശാസ്ത്രത്തെയും രീതികളെയും കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് സാങ്കേതികവിദ്യകള്‍ കീഴടക്കിക്കഴിഞ്ഞു.

മൂല്യബോധനവും സ്വഭാവ രൂപീകരണവും പുതിയ അര്‍ത്ഥതലങ്ങളിലേക്ക്

വിദ്യാഭ്യാസ പ്രക്രിയയിലൂടെ നല്‍കപ്പെടേണ്ട മൂല്യങ്ങളും മൂല്യ സമ്പാദന രീതികളും ഇന്നിന്റെ പശ്ചാത്തലത്തില്‍ പുനര്‍നിര്‍വചിക്കപ്പെട്ടു കഴിഞ്ഞു. അര്‍ത്ഥശൂന്യമായ മതാനുഷ്ഠാനങ്ങളും കുത്തഴിഞ്ഞ രാഷ്ട്രീയവും വര്‍ദ്ധിച്ചു വരുന്ന വ്യക്തിഗത സ്വയംപര്യാപ്തതയ്ക്കുള്ള മുറവിളികളും ആഴമില്ലാത്ത ആകര്‍ഷണ സിദ്ധാന്തങ്ങളും മാധ്യമങ്ങളുടെ നിരന്തരസ്വാധീനവും മൂല്യങ്ങളുടെ തിരഞ്ഞെടുപ്പിലും കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും മുന്‍പത്തേക്കാളേറെ സ്വാധീനം ചെലുത്തുന്നുണ്ട്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളില്‍ സ്വസ്ഥമായി ജീവിക്കുവാനുള്ള ആഗ്രഹത്തില്‍ നാടും വീടും ബന്ധങ്ങളും പരിഗണിക്കപ്പെടേണ്ട വസ്തുതകളല്ല എന്നു വന്നിരിക്കുന്നു. അപരന്റെ നൊമ്പരങ്ങളിലും വേദനകളിലും നിന്നു സാമൂഹ്യ അകലം പാലിക്കുകയാണ് നാമിന്ന്. നോക്കിലും വാക്കിലും ചിരിയിലും സ്പര്‍ശനത്തിലും സ്വാര്‍ത്ഥതയുടെ പരിധിക്കുള്ളില്‍ നമ്മെത്തന്നെ നാം തളച്ചിട്ടിരിക്കുന്നു. മനുഷ്യത്വത്തിലേക്കുള്ള തുറവിയും ഊഷ്മളമായ മനുഷ്യബന്ധങ്ങളിലേക്കുള്ള വളര്‍ച്ചയും വരുംകാല മൂല്യബോധന പ്രക്രിയയില്‍ സ്ഥാനം പിടിച്ചേ മതിയാകൂ. സാങ്കേതികവിദ്യയും മാധ്യമങ്ങളും സമ്മാനിക്കുന്ന കൃത്രിമത്വം വ്യക്തികളുടെ സ്വഭാവ പ്രത്യേകതയായി മാറുന്നുണ്ട്. സ്‌ക്രീനില്‍ കാണുന്നവയും മാധ്യമങ്ങളിലൂടെ അറിയുന്നവയും വിശ്വാസപ്രമാണങ്ങളാവുകയും ജീവിതത്തില്‍ അതിന്റെ പ്രയോഗ തലങ്ങള്‍ അന്വേഷിക്കുകയും ചെയ്യുമ്പോള്‍ ഭൂരിഭാഗം ജീവിത സാഹചര്യങ്ങളിലും യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവാതെ വരുന്ന അന്തരം നിലനില്‍ക്കുന്നു. വെര്‍ച്വല്‍ ലോകത്തുനിന്ന് ജീവിതത്തിന്റെ സ്വാഭാവിക സാധാരണത്വത്തിന്റെ നിമ്‌നോന്നതങ്ങളിലേക്ക് വിദ്യാര്‍ത്ഥി ജീവിതങ്ങളെ സമരസപ്പെടുത്തുക എന്നത് വരുംകാലങ്ങളില്‍ ബുദ്ധിമുട്ടേറിയ ചുമതല ആയിരിക്കും.

പഠിതാവിന്റെ താല്‍പര്യങ്ങളും തിരഞ്ഞെടുപ്പുകളും പഠനപ്രക്രിയയെ ക്രമീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയാണിന്ന്. അധ്യാപകന്‍ ക്ലാസില്‍ പഠിപ്പിക്കുന്നതിനു മുന്‍പുതന്നെ വിഷയം തെരഞ്ഞു കണ്ടെത്തുകയും മനസ്സിലാക്കുകയും ചെയ്യുന്നതിനാല്‍ വിഷയത്തോടനുബന്ധിച്ച് കുട്ടി കള്‍ക്ക് ലഭ്യമാകാന്‍ സാധ്യതയില്ലാത്ത മേഖലകളിലേക്കും അനുഭവതലങ്ങളിലേക്കും നയിക്കുവാന്‍ കഴിവുള്ള അധ്യാപകരുടെ ക്ലാസുകള്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി അര്‍ത്ഥപൂര്‍ണമായി അനുഭവപ്പെടുകയുള്ളൂ.

കോവിഡ് കാലത്ത് പഠന പ്രവര്‍ത്തനങ്ങള്‍ അല്ലാതെയുളള ഒരു പ്രവര്‍ത്തനവും ഫലപ്രദമായി ഓണ്‍ലൈന്‍ ക്ലാസിലൂടെ നടക്കുന്നില്ല എന്നതാണ് കേരളത്തിലെ സ്ഥിതി എന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നു. അദ്ധ്യാപകരുമായി തങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും തുറന്നു സംസാരിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുന്നില്ല. ഓണ്‍ലൈന്‍ പരീക്ഷകള്‍ തികച്ചും ഫലപ്രദമല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഓണ്‍ലൈന്‍ പഠനം നിലവില്‍ വന്നതോടെ ക്ലാസ്സില്‍ പങ്കെടുക്കുന്നതിലും പഠനം തുടരുന്നതിലും കുട്ടികളുടെ താല്പര്യം കുറഞ്ഞിരിക്കുന്നു. ഗ്രാമീണആദിവാസി മേഖലകളില്‍ നിന്നുള്ള പകുതിയിലധികം കുട്ടികളും പഠനം ഉപേക്ഷിക്കുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നു. കോവിഡാനന്തര ക്ലാസ്സുമുറികളില്‍, അച്ചടക്കത്തോടെ ഇരിക്കാനും അധ്യാപകരെ നേരിട്ടുകേട്ട് പഠിക്കാനും ബുക്കില്‍ എഴുതാനും പുസ്തകങ്ങള്‍ വായിക്കാനും കുട്ടികളെ പരിശീലിപ്പിക്കേണ്ടി വരും. മണിക്കൂറുകള്‍ നീളുന്ന പരീക്ഷകള്‍ നടത്തുന്നതും വലിയ വെല്ലുവിളിയായിരിക്കും. 2020, 2021 അധ്യയന വര്‍ഷത്തില്‍ സ്‌കൂളില്‍ ചേര്‍ന്ന (പ്രത്യേകിച്ച് 1, 11 ക്ലാസ്സിലെ കുട്ടികള്‍ക്ക്) പുതിയ വിദ്യാലയ അന്തരീക്ഷവും അധ്യാപകരുടെ നേരിട്ടുള്ള ഇടപെടലും തികച്ചും അപരിചിതമാണ്. കേരളത്തിലെ ഓണ്‍ലൈന്‍ പഠനസമ്പ്രദായത്തില്‍ നല്കപ്പെടുന്ന വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം നിര്‍ണ്ണയിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇല്ല. പാഠഭാഗങ്ങള്‍ തിരക്കിട്ട് തീര്‍ക്കുക എന്നതിനേക്കാള്‍ കുട്ടികളുടെ മാനസികശാരീരിക ധാര്‍മ്മിക വളര്‍ച്ചയ്ക്ക് കാര്യമായ പരിഗണനയോ സംഭാവനയോ നിലവിലിരിക്കുന്ന ഓണ്‍ലൈന്‍ പഠനരീതി നല്‍കുന്നില്ല എന്നതാണ് വസ്തുത. മാധ്യമങ്ങളുടെ ഉത്തരവാദിത്വ പൂര്‍ണ്ണമായ ഉപയോഗത്തിന് കുട്ടികളെ അവരുടെ പ്രായത്തിനനുസരിച്ചു പരിശീലിപ്പിക്കേണ്ടിയിരിക്കുന്നു. പകര്‍ച്ച വ്യാധി, പാരിസ്ഥിതിക ആപത്തുകള്‍, മറ്റ് ദുരന്തങ്ങള്‍ എന്നിവ ഇനിയും നമ്മുടെ ജീവിതത്തെ മാറ്റി മറിച്ചേക്കാം. അപ്പോഴൊക്കെ പഠനത്തെ ബാധിക്കാതെ വിദ്യാര്‍ഥികളെ പരിപാലിക്കാനും അവരുടെ പ്രശ്‌നങ്ങളെ കൃത്യമായി വിലയിരുത്തി, അവ ലഘൂകരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കാലതാമസം കൂടാതെ തയ്യാറാക്കുകയും ചെയ്യേണ്ടതുണ്ട്. നിലനിന്നിരുന്ന വിദ്യാഭ്യാസ സമ്പ്രദായം കൂടുതല്‍ മേന്മയുള്ളതാണെന്ന് ഒരുപക്ഷേ പരിചയം കൊണ്ടും തഴക്കം കൊണ്ടും തോന്നിയേക്കാം. സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്, വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ മിശ്രിത പഠനരീതിയിലേക്കുള്ള ചുവടുമാറ്റം കൂടുതല്‍ ഫലപ്രദമായ വിദ്യാഭ്യാസം നല്‍കുമെന്ന കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി തുറവിയോടെ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുവാന്‍ സമൂഹവും മാതാപിതാക്കളും അധ്യാപകരും ഒരുങ്ങേണ്ടതുണ്ട്. കൂടുതല്‍ ക്രിയാത്മകവും സുന്ദരവുമായ വിദ്യാഭ്യാസ പ്രക്രിയയിലേക്കാണ് കോവിഡിന്റെ കഷ്ടപ്പാടുകള്‍ നമ്മെ നയിക്കുന്നത് എന്ന് നമുക്ക് പ്രത്യാശിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org