അവസാനത്തവനെയും പരിഗണിക്കുന്നതാവണം വിദ്യാഭ്യാസം

അവസാനത്തവനെയും പരിഗണിക്കുന്നതാവണം വിദ്യാഭ്യാസം

ദേശീയ വിദ്യാഭ്യാസ നയരേഖയെക്കുറിച്ചുള്ള പ്രഭാഷണത്തില്‍ നിന്ന്

ഡോ. സുനില്‍ പി ഇളയിടം

ഡോ. സുനില്‍ പി ഇളയിടം
ഡോ. സുനില്‍ പി ഇളയിടം

വിദ്യാഭ്യാസം കൊണ്ടു കൈവരേണ്ട ഗുണമെന്താണ് എന്നത് പഴയകാലം മുതല്‍ തന്നെയുള്ള ഒരു സംവാദവിഷയമാണ്. പഠിച്ച് എന്താകണം? പഠിപ്പില്‍ നിന്ന് എന്തു കിട്ടണം? പ്ലേറ്റോയുടെ കാലത്ത് ഈയൊരു ചോദ്യമുയരുന്നുണ്ട്. ബൗദ്ധിക ശ്രേഷ്ഠതയാണോ ധാര്‍മ്മിക ശ്രേഷ്ഠതയാണോ വിദ്യാഭ്യാസത്തില്‍ നിന്നു കൈവരേണ്ടത്? പല കാലങ്ങളില്‍ പലതരം ഊന്നലുകളോടെ ഇതിനു മറുപടികളുണ്ടായിട്ടുണ്ട്. ഇപ്പോഴും തുടരുന്നുമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളില്‍ സ്വാമി വിവേകാനന്ദന്‍ വിദ്യാഭ്യാസത്തെക്കുറിച്ച് അവതരിപ്പിക്കുന്ന കൗതുകമുള്ള ഒരാശയം, മനുഷ്യനില്‍ സ്വയമേവയുള്ള പൂര്‍ണതയുടെ പ്രകാശനമാണ് വിദ്യാഭ്യാസം എന്നാണ്. മനുഷ്യന് അതില്‍ തന്നെ ഒരു പൂര്‍ണതയുണ്ട്. ആ പൂര്‍ണതയെ പ്രകാശിപ്പിക്കാന്‍ ഒരുപക്ഷേ പല മനുഷ്യര്‍ക്കും കഴിയുന്നില്ല. അങ്ങനെ കഴിയാതെ പോകുന്ന പൂര്‍ണതയുടെ പ്രകാശനത്തെ സാദ്ധ്യമാക്കുകയാണു വിദ്യാഭ്യാസം ചെയ്യുന്നത്.

ചുരുക്കം പേര്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പു വരുത്തുന്ന
ഒരേര്‍പ്പാടിന്റെ പേരല്ല വിദ്യാഭ്യാസം. അവസാനത്തെ ആളെ കാണലാണ്.
രാഷ്ട്രമെന്നത് അവസാനത്തെയാളിനെ കാണുന്ന കണ്ണിന്റെ പേരാണ്
എന്നു ഗാന്ധിജി കരുതിയിരുന്നു. ഇന്ന് രാഷ്ട്രമെന്നത്
നാലോ അഞ്ചോ പേരെ കാണുന്ന ഒരു കണ്ണിന്റെ പേരാണ്.


ഒരു വിദ്യാര്‍ത്ഥിയില്‍ വളര്‍ന്നു വരാനുള്ള ഊര്‍ജം ഉണ്ട്. ആ ഊര്‍ജത്തെ പ്രകാശിപ്പിക്കാനുള്ള ഇടമൊരുക്കി കൊടുക്കലാണ് വിദ്യാഭ്യാസമെന്നാണ് വിവേകാനന്ദന്‍ എഴുതിയത്. പതിനെട്ടാം നൂറ്റാണ്ടില്‍ രൂപപ്പെട്ട ജ്ഞാനോദയത്തിന്റെയും കാ പനികമായ മനുഷ്യസങ്കല്‍പത്തിന്റെയും ഒരു മുഴക്കം ആ വാക്കിലുണ്ട്. മനുഷ്യന്‍ ജനിക്കുമ്പോള്‍ സ്വതന്ത്രനാണെന്നും പിന്നീട് ബന്ധിതനാകുന്നുവെന്നുമൊക്കെ റൂസ്സോ പറയുന്നുണ്ടല്ലോ. ജനിക്കുമ്പോള്‍ സ്വതന്ത്രനും പൂര്‍ണനുമായ മനുഷ്യന്‍, പക്ഷേ ആ മനുഷ്യനെ വളരാന്‍ പിന്നെ സമൂഹം അനുവദിക്കുന്നില്ല. ആ ഭേദങ്ങളെ മറികടക്കലാണ് വിദ്യാഭ്യാസമെന്ന ആശയം. അറിവിനെ ഒരു പൂര്‍ത്തിയിലെത്തിക്കാനുള്ള വഴിയാണു വിദ്യാഭ്യാസം തുറക്കേണ്ടത്. ഇതു പിന്നീടു പലരും ഉയര്‍ത്തിപ്പിടിച്ച ആശയമാണ്.
ഇരുപതാം നൂറ്റാണ്ടിലെ വലിയ കവികളിലൊരാളായിരുന്ന എലിയറ്റ് അദ്ദേഹത്തിന്റെ നാടകങ്ങളിലൊന്നില്‍ വിജ്ഞാനത്തെക്കുറിച്ച് എഴുതുന്ന ഒരു വാക്യം ഏതാണ്ട് ഇങ്ങനെയാണ്.
"വിജ്ഞാനത്തില്‍ നഷ്ടപ്പെട്ടു പോകുന്ന വിവേകം എവിടെയാണ്, വിവരങ്ങളില്‍ നഷ്ടപ്പെട്ടു പോകുന്ന വിജ്ഞാനം എവിടെയാണ്?" വിജ്ഞാനവും വിവേകവുമെല്ലാം അറിവിന്റെ പല പടവുകളാണ്. ഇതില്‍ ഏതു പടവാണ് വാസ്തവത്തില്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായിരിക്കേണ്ടത്? ഒരര്‍ ത്ഥത്തില്‍ ഇതാണു വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള മര്‍മ്മസ്പര്‍ശിയായ ചോദ്യമെന്നാണു ഞാന്‍ കരുതുന്നത്. നിങ്ങള്‍ അതിഭീമമായ ഒരു വിവരശേഖരം സമ്പാദിക്കുന്നതും ആ വിവരശേഖരത്തിന്റെ ബലത്തില്‍ സാമൂഹികമോ സാമ്പത്തികമോ ഒക്കെയായ പദവികള്‍ നേടുന്നതും ആണോ വിദ്യാഭ്യാസം? വിജ്ഞാനമെന്നത് ലോകത്തെ വ്യാഖ്യാനിക്കാനും വിശദീകരിക്കാനുമുള്ള ശേഷിയായി നിങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതാണോ വിദ്യാഭ്യാസം? ഇതൊരു ഗൗരവമുള്ള പ്രശ്‌നമാണ്.
വിജ്ഞാനം എന്നതിനെ വിവേകം എന്ന് ചിലപ്പോഴൊക്കെ വിവര്‍ത്തനം ചെയ്യാറുണ്ട്. സമുന്നതമായ വിജ്ഞാനം. എന്താണ് ഈ വിവേകം? നിഘണ്ടുവില്‍ നോക്കിയാല്‍ കാര്യകാരണബോധം എന്നാണു കാണുക. മലയാളത്തില്‍ ഒരു കവി ഈ വാക്കിനെ അവിടെനിന്നെല്ലാമെടുത്ത് വേറൊരിടത്തു കൊണ്ടുപോയി പ്രതിഷ്ഠിച്ചിട്ടുണ്ട്. കുഞ്ചന്‍ നമ്പ്യാര്‍. "ദാരിദ്ര്യമെന്തന്നറിഞ്ഞവര്‍ക്കേ പാരില്‍ പരക്ലേശവിവേകമുള്ളൂ" എന്നാണ് അദ്ദേഹത്തിന്റെ വരി. വിവേകത്തിനൊരുപക്ഷേ നമ്മുടെ ഭാഷ കൊടുത്ത ഏറ്റവും വലിയ വിശദീകരണമതാണ്. ആ വാക്കിനു ചെല്ലാവുന്നതിന്റെ പരമാവധിയിലേയ്ക്ക് ഈ മനുഷ്യന്‍ അതിനെ കൊണ്ടുചെന്നു കയറ്റുന്നു. പരക്ലേശവിവേകം. പരക്ലേശത്തെ കുറിച്ചുള്ള ബോധമാണ് ഈ വിവേകം. താന്‍ ലോകത്തെക്കുറിച്ചു നേടുന്ന അറിവല്ല. ലോകത്തെ ഒരു കിളിക്കൂടാക്കുക. അവസാനത്തെ മനുഷ്യന്റെ ബുദ്ധിമുട്ടുകളെ കുറിച്ചുള്ള ബോദ്ധ്യം നിങ്ങളെ അലോസരപ്പെടുത്തണം. അപ്പോള്‍ വിവേകമായി. പരക്ലേശബോധം. അറിവിന്റെ ഏറ്റവും ഉയര്‍ന്ന പടവായ വിവേകം നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഉള്ളില്‍ എത്രത്തോളം അവശേഷിക്കുന്നുണ്ട് എന്നത് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഏത് ആലോചനയിലും പ്രധാനമാണ്.

വിജ്ഞാനവും വിവേകവുമെല്ലാം അറിവിന്റെ പല പടവുകളാണ്. ഇതില്‍ ഏതു പടവാണ് വാസ്തവത്തില്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായി രിക്കേണ്ടത്? ഒരര്‍ത്ഥത്തില്‍ ഇതാണു വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള മര്‍മ്മസ്പര്‍ശിയായ ചോദ്യമെന്നാണു ഞാന്‍ കരുതുന്നത്. നിങ്ങള്‍ അതിഭീമമായ ഒരു വിവരശേഖരം സമ്പാദിക്കുന്നതും ആ വിവരശേഖരത്തിന്റെ ബലത്തില്‍ സാമൂഹികമോ സാമ്പത്തികമോ ഒക്കെയായ പദവികള്‍ നേടുന്നതും ആണോ വിദ്യാഭ്യാസം? വിജ്ഞാനമെന്നത് ലോക ത്തെ വ്യാഖ്യാനിക്കാനും വിശദീകരിക്കാനുമുള്ള ശേഷിയായി നിങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതാണോ വിദ്യാഭ്യാസം?
ഇതൊരു ഗൗരവമുള്ള പ്രശ്‌നമാണ്.


വലിയ വിദ്യാഭ്യാസസമ്മേളനങ്ങളിലെവിടെയെങ്കിലും, പരക്ലേശബോധം വിദ്യാഭ്യാസത്തില്‍ നിന്നുണ്ടാകുന്നുണ്ടോ എന്ന ചോദ്യം അവസാനത്തെ വിഷയമായി വന്നിട്ടു പോലും ഒരു നൂറ്റാണ്ടെങ്കിലും ആയിട്ടുണ്ടാകും. പക്ഷേ ടാഗോര്‍ കരുതിയിരുന്നത്, അല്ലെങ്കില്‍ അരിസ്റ്റോട്ടില്‍ മുതലുള്ളവര്‍ ആലോചിച്ചിരുന്നത് അന്തിമലക്ഷ്യം ഇതാണെന്നാണ്. അന്തിമലക്ഷ്യം വഴിയില്‍ വച്ചു നഷ്ടപ്പെടുകയും ഇടത്താവളങ്ങളിലെവിടെയോ തങ്ങിപ്പോകുകയും ചെയ്യുന്ന ഒരു പദ്ധതിയെ കുറിച്ചാണ് നമ്മള്‍ വിദ്യാഭ്യാസം എന്ന് ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതു നമ്മുടെ ബിരുദമായി, നമ്മുടെ തൊഴിലായി, സാമൂഹികപദവിയായി, അഭിമാനാലങ്കാരങ്ങളായി. പക്ഷേ ഈ അവസാനത്തെ ലക്ഷ്യമായില്ല. അവസാനത്തെ ലക്ഷ്യത്തെ വഴിയിലുപേക്ഷിച്ച്, ഇടത്താവളങ്ങള്‍ അന്തിമലക്ഷ്യമാണെന്നു തീര്‍പ്പാക്കിയിട്ടാണു നാം അഭ്യസ്തവിദ്യരായി ഇന്നു ജീവിക്കുന്നത്. അതുകൊണ്ട് അഭ്യസ്തവിദ്യരായിരിക്കുമ്പോള്‍ തന്നെ സാമൂഹിക വിരുദ്ധരായിരിക്കാന്‍ ഒരു പ്രയാസവുമില്ലാത്ത പതിനായിരകണക്കിനാളുകള്‍ നമുക്കു ചുറ്റുമുണ്ട്. അവര്‍ വലിയ പണ്ഡിതന്മാരാണ്. പക്ഷേ ആ പാണ്ഡിത്യമൊന്നും അവരുടെ അനുഭവബോധത്തെയോ ജീവിതബോധത്തെയോ സ്പര്‍ശിക്കുന്നില്ല.
2020 ല്‍ പാസ്സാക്കപ്പെട്ട വിദ്യാഭ്യാസനയത്തെ കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം പറയേണ്ട ഒരു കാര്യമാണിത്. വിദ്യാഭ്യാസത്തിന്റെ അന്തിമലക്ഷ്യമായി കണക്കാക്കപ്പെട്ട പരക്ലേശബോധം, സാമൂഹികത എന്ന സങ്കല്‍പത്തെ ഏതാണ്ട് സമ്പൂര്‍ണമായും കൈയൊഴിഞ്ഞിരിക്കുന്ന ഒരു രേഖയാണത്.
ഇന്ത്യയില്‍ വന്ന മൂന്നാമത്തെ ദേശീയ വിദ്യാഭ്യാസനയമാണ് ഇപ്പോഴത്തേത്. 1965 ലാണ് ആദ്യത്തെ വിദ്യാഭ്യാസകമ്മീഷനായ കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നത്. ഒരുപക്ഷേ ഇന്ത്യന്‍ വിദ്യാഭ്യാസരേഖകളില്‍ ഏറ്റവും ആധികാരികവും സമഗ്രവും ഇന്ത്യന്‍ ജനതയെ ആകമാനം പരിഗണിച്ചതുമായ ഒരു രേഖ. അന്ന് നെഹ്രുവിയന്‍ രാഷ്ട്രസങ്കല്‍പം ശക്തമാണ്, ഗാന്ധിജി കെട്ടുപോയിട്ടില്ലാത്ത ഒരാശയമാണ്, അതിന്റെയൊക്കെ സ്വാധീനം ആ രേഖയില്‍ കാണാം. അതുകൊണ്ട്, അവസാനത്തെ മനുഷ്യനും അറിവു നല്‍കുക, എല്ലാ മനുഷ്യര്‍ക്കും അന്തസ്സുള്ള മനുഷ്യജീവിതം ഉറപ്പാക്കുക എന്നതൊക്കെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായി സങ്കല്‍പിക്കപ്പെട്ടിരുന്നു. ചുരുക്കം പേര്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പു വരുത്തുന്ന ഒരേര്‍പ്പാടിന്റെ പേരല്ല വിദ്യാഭ്യാസം. അവസാനത്തെ ആളെ കാണലാണ്.

വള്ളത്തോള്‍ ദേശീയ സ്വാതന്ത്ര്യസമരകാലത്തെഴുതിയ ഒരു വരിയുണ്ട്. 'ഉടുപ്പില്‍ തുന്നിച്ചേര്‍ത്ത ഉയര്‍ന്ന വിദ്യാഭ്യാസം എത്ര താഴ്ത്തീലാ നമ്മെ' എന്ന്. നിങ്ങളിത് ഒരലങ്കാരമായി ഉടുപ്പില്‍ തുന്നിച്ചേര്‍ക്കുമ്പോള്‍, മാലയായി കോര്‍ക്കുമ്പോള്‍ ഇതിനുള്ളില്‍ നിന്ന് മനുഷ്യനെ കുറിച്ചുള്ള ഉത്കണ്ഠകള്‍ നിങ്ങളെ എത്രത്തോളം സ്പര്‍ശിക്കുന്നുണ്ട് എന്നതാണ് വിദ്യാഭ്യാസത്തിന്റെ മൗലികമായ ലക്ഷ്യം. അതു കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കാണാന്‍ പറ്റും. ഗ്രാമങ്ങളിലെ വിദ്യാഭ്യാസം, ഗ്രാമീണ വിദ്യാഭ്യാസത്തിനു കൊടുക്കേണ്ട പ്രാധാന്യം, സ്‌കൂള്‍ വിദ്യാഭ്യാസത്തെ നവീകരിക്കേണ്ടതിന്റെ ആവശ്യകത എന്നിവയൊക്കെ അതു മുന്നോട്ടു വയ്ക്കുകയും അവസാനത്തെ ആളെയും കാണുന്ന ഒരു കാഴ്ചയെ രൂപപ്പെടുത്താനായിട്ട് അതു ശ്രമിക്കുകയും ചെയ്തു. ഇന്ത്യയിലുടനീളം വിപുലമായ സംവാദങ്ങള്‍ നടത്തി, ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ വിചക്ഷണന്മാരോടെല്ലാം പലതരം ആലോചനകള്‍ നടത്തി, വര്‍ഷങ്ങള്‍ കൊണ്ടാണ് കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കപ്പെട്ടത്. ഇന്ത്യയില്‍ എഴുതപ്പെട്ട ഏറ്റവും ഗംഭീരമായ റിപ്പോര്‍ട്ടാണത്. അതിലെ നിര്‍ദേശങ്ങള്‍ മിക്കവാറും ഇടയ്ക്കിടയ്ക്കു കൈയൊഴിയപ്പെട്ടു.
പിന്നീട് 80-85 കാലത്ത് രാജീവ്ഗാന്ധിയുടെ കാലത്ത് അടുത്ത വിദ്യാഭ്യാസനയം വന്നു. അത് 1991 ല്‍ ആഗോളവത്കരണത്തിന്റെ കാലത്തോടെ ഒന്നുകൂടി നവീകരിച്ച്, പുതുക്കി പണിതു. ആ രേഖയാണ് കഴിഞ്ഞ മുപ്പതു വര്‍ഷമായി നമ്മുടെ വിദ്യാഭ്യാസ ആസൂത്രണത്തെ നിയന്ത്രിച്ചു പോരുന്നത്. അതിനു ശേഷം വരുന്നതാണ് 2020 ല്‍ പ്രഖ്യാപിക്കപ്പെട്ട ദേശീയ വിദ്യാഭ്യാസ നയം.
ഇതു പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഇതു നടപ്പാക്കാന്‍ ഉത്തരവാദപ്പെട്ട സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയില്ല. ഇത് വിദ്യാഭ്യാസവിദഗ്ദ്ധരോടോ ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോടോ ചര്‍ച്ച ചെയ്തില്ല. ഇന്ത്യയുടെ സാമൂഹിക വൈവിദ്ധ്യങ്ങളേയും സംഘര്‍ഷങ്ങളേയും അതു പരിഗണിച്ചില്ല. മറിച്ച്, പ്രീപ്രൈമറി മുതല്‍ ഗവേഷണം വരെ എല്ലാം സര്‍വാധികാരപരമായ ഒരൊറ്റ കേന്ദ്രത്തിലേയ്ക്കു കേന്ദ്രീകരിക്കുന്ന, സംവരണം മുതല്‍ ന്യൂനപക്ഷാവകാശം വരെ സമ്പൂര്‍ണമായി ഹനിക്കാന്‍ പോകുന്ന കാര്യപരിപാടിയാണ് വാസ്തവത്തില്‍ പുതിയ വിദ്യാഭ്യാസനയത്തിന്റെ ഉള്ളിലുള്ളത്. ഇനി വരുന്ന കാല്‍നൂറ്റാണ്ടെങ്കിലും ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസം നിയന്ത്രിക്കാന്‍ പോകുന്ന അടിസ്ഥാനരേഖ ഇതാണ്. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലായിരുന്നു. കോത്താരി കമ്മീഷന്റെ മറ പിടിച്ചിട്ടാണ് 72 ല്‍ ഇന്ദിരാഗാന്ധിയുടെ കാലത്ത് അത് കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുപോലെ അധികാരമുള്ളതാക്കി മാറ്റിയത്. ഇപ്പോള്‍ വിദ്യാഭ്യാസ ആസൂത്രണത്തില്‍ നിന്നു സംസ്ഥാനങ്ങള്‍ ഏതാണ്ട് സമ്പൂര്‍ണമായി ഒഴിവാക്കപ്പെട്ടിരിക്കുകയാണ്.
എന്തുകൊണ്ടാണു ഭരണഘടന വിദ്യാഭ്യാസത്തെ സംസ്ഥാനവിഷയമാക്കിയത്? ഇന്ത്യയെന്നത് ഏകീകൃതമായ ഒരൊറ്റ സംസ്‌കാരമോ ഒരൊറ്റ ജനവിഭാഗമോ അല്ല. എത്രയോ ഭാഷകള്‍,സംസ്‌കാരങ്ങള്‍, മതങ്ങള്‍, ജീവിതശൈലികള്‍ ഉണ്ട്. ഇതെല്ലാം നിലനില്‍ക്കുന്ന ഒരു സമൂഹത്തിന്റെ വിദ്യാഭ്യാസ സങ്കല്‍പം ദേശീയമായ ഒരൊറ്റ ചട്ടക്കൂടില്‍ പറ്റില്ല. കാരണം, മണിപ്പൂരിനാവശ്യമുള്ള വിദ്യാഭ്യാസമായിരിക്കില്ല കേരളത്തിനു വേണ്ടത്. കേരളത്തിന്റെ ആവശ്യങ്ങളായിരിക്കില്ല കശ്മീരിനുള്ളത്. ഓരോ സമൂഹത്തിന്റെയും വളര്‍ച്ചയുടെയും സാമ്പത്തികവികാസത്തിന്റെയും വിഭവലഭ്യതയുടെയും വിജ്ഞാനവികാസത്തിന്റെയും തോതുകളെല്ലാം വച്ച് അതതു സമൂഹങ്ങളുടെ വളര്‍ച്ചയ്ക്കുതകുന്ന വിദ്യാഭ്യാസ പദ്ധതികളാവിഷ്‌കരിക്കാനും നടപ്പിലാക്കാനും കഴിയണം എന്ന ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം വികസിപ്പിച്ചെടുത്ത ദേശീയതാസങ്കല്‍പമാണ് വിദ്യാഭ്യാസത്തെ സ്റ്റേറ്റ് ലിസ്റ്റിലാക്കിയത്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഏതേതു മേഖലയിലാണു ഗവേഷണം നടത്തേണ്ടത് എന്നു തീരുമാനിക്കാന്‍ ഒരഖിലേന്ത്യാ സമിതിയുണ്ട്. ആ സമിതി തീരുമാനിക്കുന്ന മുന്‍ഗണനയനുസരിച്ചാണു നിങ്ങള്‍ ഗവേഷണം നടത്തേണ്ടത്. എങ്കില്‍ മാത്രമേ നിങ്ങള്‍ക്കു ഫണ്ട് ലഭ്യമാകുകയുള്ളൂ. അതുകൊണ്ട് ഒരു സംസ്ഥാനത്തിന്റെ സവിശേഷാവശ്യങ്ങള്‍ക്കുതകുന്ന വിജ്ഞാനവികാസ, വിജ്ഞാന ഉത്പാദനങ്ങള്‍ സാദ്ധ്യമാകാത്ത മട്ടില്‍ ഗവേഷണം ആസൂത്രണം ചെയ്യപ്പെടുന്നു.

മനുഷ്യര്‍ തത്വചിന്തയും സാഹിത്യവും ശാസ്ത്രവും പഠിക്കണം, തൊഴിലും പഠിക്കണം. അല്ലാതെ വിദ്യാഭ്യാസം എന്നത് പണിപഠിക്കല്‍ മാത്രമാണ് എന്നു പറഞ്ഞാല്‍ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യ ത്തെ അട്ടിമറിക്കലാണ്. ആ അട്ടിമറിക്കലിന്റെ പ്രാഥമികാസൂത്രണം ഈ വിദ്യാഭ്യാസരേഖയിലുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസത്തിലേയ്ക്കു തൊഴില്‍ വിദ്യാഭ്യാസത്തെ കൊണ്ടു വരുമ്പോള്‍ ഫലത്തിലത് ജാത്യധിഷ്ഠിതമായ തൊഴില്‍ വിഭജനത്തെ ഇന്ത്യയിലെ ഗ്രാമങ്ങളില്‍, ദരിദ്രരായ മനുഷ്യരുടെ ജീവിതപരിസരങ്ങളില്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ പോന്നതാണ്.


പാര്‍ലിമെന്റില്‍ ചര്‍ച്ചയില്ല, സംസ്ഥാനങ്ങളുമായി ചര്‍ച്ചയില്ല, വിദ്യാഭ്യാസ ആസൂത്രകരോടോ വിദ്യാര്‍ത്ഥികളോടോ ഒന്നും ചര്‍ച്ചയില്ല. സാര്‍വത്രികമായ ചര്‍ച്ചാനിരാസത്തിലൂടെ ഒറ്റയടിക്കു പ്രഖ്യാപിക്കപ്പെട്ടു 2020 ലെ ഈ പുതിയ വിദ്യാഭ്യാസനയം.
കഴിഞ്ഞ രണ്ടു വിദ്യാഭ്യാസരേഖകളിലെയും ഒന്നാമത്തെ ഭാഗമെന്നത് ചരിത്രപരിശോധനയാണ്. ഇതുവരെ നടപ്പാക്കപ്പെട്ട വിദ്യാഭ്യാസപരിഷ്‌കരണങ്ങള്‍ കൊണ്ട് എന്തൊക്കെയാണു നടന്നത്, നേടിയത്, എന്താണു ബാക്കിയുള്ളത്? ഇപ്രകാരമുള്ള ഒരു ചരിത്രാത്മകപരിശോധനയ്ക്കു ശേഷമാണ് കമ്മീഷന്‍ അതിന്റെ അന്വേഷണത്തിലേയ്ക്കു കടക്കുക. പുതിയ രേഖയുടെ ഒന്നാമത്തെ സ്വ ഭാവം അതിനു ചരിത്രമില്ല എന്നതാണ്. അത് ആകാശത്തു നിന്നു കെട്ടിയിറക്കപ്പെട്ട, ശൂന്യസ്ഥലത്തു നില്‍ക്കുന്ന ഒരു രേഖയാണ്. കോര്‍പറേറ്റ് അജണ്ട നേര്‍ക്കുനേര്‍ പ്രഖ്യാപിക്കല്‍ മാത്രം. ചരിത്രശൂന്യത എന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം, ദുരധികാരത്തിന്റെ ഒന്നാമത്തെ ശത്രു ചരിത്രബോധമാണ്. ദുരധികാരം എന്നും ചരിത്രത്തെ വെറുക്കുന്നു. കാരണം, ഒരു ജനത അതിന്റെ ജീവിതത്തെ തിരിച്ചറിയുന്ന തലമാണു ചരിത്രം. ഞങ്ങളെങ്ങനെ ഞങ്ങളായെന്നു ഒരു ജനത തിരിച്ചറിയുന്ന തലം. അതില്ലാതാക്കലാണ് ദുരധികാരം ചെയ്യുന്ന ഒരു കാര്യം. ആ ചരിത്രശൂന്യത ഇതില്‍ നന്നായി കാണാം.
ഇന്ത്യന്‍ ഭരണഘടന മുന്നോട്ടു വച്ച ഫെഡറല്‍ സംവിധാനത്തെ വിദ്യാഭ്യാസമേഖലയില്‍ പൂര്‍ണമായും നിരാകരിക്കുകയാണ് ഈ രേഖ. പ്രീപ്രൈമറി മുതല്‍ ഉന്നതവിദ്യാഭ്യാസത്തിലെ ഗവേഷണം വരെ ആസൂത്രിതവും കേന്ദ്രിതവുമായ ഒരൊറ്റ ചട്ടക്കൂടിലേയ്ക്കു കൊണ്ടുവരാന്‍ ഉതകുന്ന ഒരു സംവിധാനം ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ എന്ന പേരില്‍ വരുന്നു. പ്രധാനമന്ത്രിയാണ് അതിന്റെ ചെയര്‍മാന്‍. അദ്ദേഹം നിര്‍ദേശിക്കുന്ന ചില മുഖ്യമന്ത്രിമാരും വിദഗ്ദ്ധന്മാരും അംഗങ്ങള്‍. ഇവരാണ് ഉന്നതവിദ്യാഭ്യാസം ഇന്ത്യയിലുടനീളം ആസൂത്രണം ചെയ്യുക. എന്താണിതിന്റെ പ്രശ്‌നമെന്നു ചോദിച്ചാല്‍, ഒരൊറ്റ രാഷ്ട്രം, ഒറ്റ സംസ്‌കാരം, ഒരൊറ്റ ജനത, ഒരു ഭാഷ, ഒരു പാര്‍ട്ടി, ഒരു നേതാവ് എന്നൊക്കെയുള്ള യുക്തിയുടെ വിദ്യാഭ്യാസത്തിലേയ്ക്കുള്ള തള്ളിക്കയറ്റമാണിത്. ഇന്ത്യയുടെ ബഹുത്വത്തെ വിജ്ഞാനതലത്തില്‍ നിരസിക്കലാണിത്. അങ്ങനെ നിരസിച്ചുകൊണ്ട് വളരെ ഏകാത്മകമായ ഒരു തത്വത്തെ, വിദ്യാഭ്യാസത്തെ അടിച്ചേല്‍പിക്കുകയാണ്. അടിസ്ഥാനപരമായി ഭരണഘടനാലംഘനമാണ് ഇതില്‍ നടക്കുന്നത്.
കുറെ മാറ്റങ്ങള്‍ ഈ നയം കൊണ്ടു സംഭവിക്കും. നമ്മുടെ വിദ്യഭ്യാസം വളരെ ചിലവേറിയതായി തീരും എന്നതാണൊന്ന്. ഇന്ത്യന്‍ സമൂഹത്തിന്റെ പ്രാദേശിക വൈവിദ്ധ്യങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസ ആസൂത്രണം നടത്താനുള്ള സാദ്ധ്യതകളെ അതു വലിയൊരളവോളം ഇല്ലാതാക്കും. അതു വളരെ കൂടുതല്‍ മതാത്മകവും വര്‍ഗീയവുമായി മാറുകയും ചെയ്യും.
സ്‌കൂള്‍ വിദ്യാഭ്യാസം നാലു തട്ടുകളായി ഈ രേഖ വിഭാവനം ചെയ്യുന്നു. ആകെ പതിനഞ്ചു വര്‍ഷം. അഞ്ചു വര്‍ഷത്തെ ഒന്നാം ഘട്ടം, മൂന്നു വര്‍ഷത്തെ രണ്ടാം ഘട്ടം, വീണ്ടും മൂന്നു വര്‍ഷത്തെ മൂന്നാം ഘട്ടം, നാലു വര്‍ഷം നീളുന്ന നാലാം ഘട്ടം. ഇങ്ങനെ നാലു ഘട്ടങ്ങളായിട്ടാണ് ആ വിദ്യാഭ്യാസ ക്രമീകരണം. ഏതു വയസ്സിലാണ് ഒരു കുട്ടിയെ സ്‌കൂളിലയയ്‌ക്കേണ്ടത് എന്നതു പണ്ടു മുതലേ ഒരു ചര്‍ച്ചാവിഷയമാണ്. മൂന്നാം വയസ്സിലയയ്ക്കണോ, അഞ്ചാം വയസ്സിലയയ്ക്കണോ എന്നതെല്ലാം ധാരാളം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. രസകരമായ ഒരുത്തരം പണ്ടു ബെര്‍ട്രാന്‍ഡ് റസ്സല്‍ പറഞ്ഞിട്ടുള്ളതാണ്. നിങ്ങള്‍ ഒന്നോ രണ്ടോ മുറികളുള്ള ഒരു വീട്ടില്‍ അടഞ്ഞു താമസിക്കുകയാണെങ്കില്‍ കഴിയുന്നത്ര നേരത്തെ കുട്ടികളെ സ്‌കൂളിലയയ്ക്കണം. മറിച്ച്, ജീവിതവുമായും പ്രകൃതിയുമായി ഇടപഴകി, നാട്ടുകാരുമായും മനുഷ്യരുമായും കൂടിക്കലര്‍ന്ന് ജീവിക്കാന്‍ ഒരു കുഞ്ഞിന് അവസരമുണ്ടെങ്കില്‍ കഴിയുന്നത്ര വൈകി അയച്ചാല്‍ മതി. ഇതാണു റസ്സലിന്റെ നിര്‍ദേശം. അല്ലാതെ മൂന്നു വയസ്സെന്നല്ല അദ്ദേഹം പറയുന്നത്.
ലോകത്തെ അറിയലാണ് വിദ്യാഭ്യാസം. മാനുഷികമായ പൂര്‍ണതയെ പ്രകാശിപ്പിക്കലാകണമത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ആലോചനകളില്‍ നിന്നൊക്കെ ഈ ഘടകം മാഞ്ഞു മാഞ്ഞു പോയി. അതുകൊണ്ട് ഒരു കുട്ടി ഏതു വയസ്സില്‍ വിദ്യാലയത്തില്‍ ചേരണം എന്നതിന് പ്രാദേശികമായ ഭേദങ്ങളില്ലാതെ സാര്‍വത്രികമായ ഒറ്റ പാറ്റേണ്‍ നിര്‍ദേശിക്കപ്പെടുന്നു. ഒപ്പം തന്നെ ഈ വിദ്യാഭ്യാസസങ്കല്‍പത്തിലുള്ള മറ്റൊരു കാര്യം, ആറാം ക്ലാസു മുതല്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വരുന്നു എന്നതാണ്. കേള്‍ക്കുമ്പോള്‍ വളരെ നല്ലതാണെന്നു തോന്നും. ആന്തരീകമായ ഒരപകടമിതിലുണ്ട്. എന്താണ് ഇന്ത്യന്‍ ഗ്രാമങ്ങളെ നിയന്ത്രിക്കുന്ന അടിസ്ഥാന യാഥാര്‍ത്ഥ്യം? ജാതിയാണത്. ഈ ജാതി തൊഴില്‍ബന്ധിതമാണ്. ഓരോ ജാതിയും ഓരോ തൊഴിലാണ്. വിദ്യാഭ്യാസത്തില്‍ ആറാം ക്ലാസു മുതല്‍ തൊഴില്‍ പരിശീലനം നിര്‍ബന്ധമായി തീരുന്നു എന്നതിനര്‍ത്ഥം നിങ്ങളുടെ വിദ്യാഭ്യാസം കുലത്തൊഴില്‍ പഠിക്കലായിതീരുന്നു എന്നതാണ്. സാര്‍വത്രികവും സൗജന്യവുമായ പൊതുവിദ്യാഭ്യാസം എന്നതിനു പകരം ജാതിബന്ധിതമായ കുലത്തൊഴില്‍ പഠിക്കലായി നമ്മുടെ പൊതുവിദ്യാഭ്യാസത്തെ അകമേ അട്ടിമറിക്കുന്ന ഒരു പ്രക്രിയ കൂടിയാണ് വിദ്യാഭ്യാസത്തിലേയ്ക്ക് തൊഴിലിനെ കടത്തിക്കൊണ്ടു വരല്‍.
ഉന്നതവിദ്യാഭ്യാസം ആകമാനം ഇതു പൊളിച്ചു പണിയുന്നു. മൂന്നു തരത്തിലുള്ള സംവിധാനങ്ങളായി ഉന്നതവിദ്യാഭ്യാസത്തെ പുനഃക്രമീകരിക്കുന്നു. ഒന്ന്, ചുരുക്കം എണ്ണം വരുന്ന റിസര്‍ച്ച് യൂണിവേഴ്‌സിറ്റികള്‍. രണ്ട്, മഹാഭൂരിപക്ഷം വരുന്ന കോളേജുകളും പരിശീലനസ്ഥാപനങ്ങളും. മൂന്ന്, അദ്ധ്യാപന പരിശീലനകേന്ദ്രങ്ങള്‍. ഇങ്ങനെ മൂന്നു വിഭാഗങ്ങളായി ഉന്നതവിദ്യാകേന്ദ്രങ്ങളെതിരിക്കുന്നു. ഗവേഷണം അഥവാ വിജ്ഞാനോത്പാദനമെന്നത് ചുരുക്കം വരുന്ന റിസര്‍ച്ച് യൂണിവേഴ്‌സിറ്റികള്‍ക്കായി പരിമിതപ്പെടുത്തുന്നു. അമ്പതിനായിരത്തോളം കോളേജുകള്‍ ഇന്ന് ഇന്ത്യയിലുണ്ട്. ആയിരത്തോളം സര്‍വകലാശാലകളുണ്ട്. ഈ കോളേജുകള്‍ 2030-ല്‍ കൈവരിക്കേണ്ട ലക്ഷ്യമായി ഈ രേഖ നിര്‍ദേശിക്കുന്ന കാര്യം കോളേജുകളെല്ലാം സാമ്പത്തികവും ഭരണപരവും അക്കാദമികവുമായി സ്വയംപര്യാപ്തത കൈവരിക്കണം എന്നാണ്. സാമ്പത്തിക സ്വയംപര്യാപ്തത എന്നതിന്റെ അര്‍ത്ഥമെന്താണ്? കോളേജ് നടത്തിപ്പിന്റെ ചിലവു കോളേജ് കണ്ടെത്തുക. ഇന്ത്യയിലെ അമ്പതിനായിരത്തോളം വരുന്ന കോളേജുകള്‍ എങ്ങനെയാണ് സാമ്പത്തികമായ സ്വയം പര്യാപ്തത കൈവരിക്കുക? മൂന്നാര്‍ പോലെയൊരു ഉള്‍നാട്ടില്‍ ഒരു കോളേജ് എങ്ങനെയായിരിക്കും സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുക? എങ്ങനെയാണ് ഒരു ഉന്നതവിദ്യാഭ്യാസസ്ഥാപനത്തിനു സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാന്‍ പറ്റുക? കാര്യം വളരെ ലളിതമാണ്. വില്‍പനമൂല്യമുള്ള കോഴ്‌സുകള്‍ പഠിപ്പിക്കുക. ഏതാണു വില്‍പനമൂല്യമുള്ള കോഴ്‌സുകള്‍? ഇന്നു കമ്പോളത്തില്‍ മൂലധനവര്‍ദ്ധനവിന് ആവശ്യമായ വിജ്ഞാനവും വൈഭവവും എന്താണോ, അതു പരിശീലിപ്പിക്കുന്ന കോഴ്‌സുകള്‍. തത്വശാസ്ത്രത്തിനോ ചരിത്രത്തിനോ രാഷ്ട്രമീമാംസയ്‌ക്കോ നരവംശശാസ്ത്രത്തിനോ പുരാവിജ്ഞാനത്തിനോ വില്‍പനമൂല്യമില്ല. ഇതു പുതിയ നിര്‍ദേശമാണെന്നു കരുതേണ്ട. ഗവണ്‍മെന്റ് രേഖയില്‍ ഇപ്പോഴേ വന്നുള്ളൂവെങ്കിലും ഈ നിര്‍ദേശം ആദ്യമായി വന്നത് 24 കൊല്ലം മുമ്പാണ്. 96-ല്‍. വാജ്‌പേയിയുടെ നേതൃത്വത്തില്‍ ഒന്നാം എന്‍ഡിഎ ഗവണ്‍മെന്റ് വന്ന സമയത്ത് ഇന്ത്യയിലെ വലിയ രണ്ടു കുത്തകകള്‍ ചേര്‍ന്ന് ഒരു വിദ്യാഭ്യാസ നയരേഖ തയ്യാറാക്കി. അംബാനിയും ബിര്‍ളയും. അവര്‍ മുമ്പോട്ടു വച്ച വിദ്യാഭ്യാസപരിഷ്‌കരണനിര്‍ദേശത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഉന്നതവിദ്യാഭ്യാസമേഖലയിലെ സര്‍ക്കാര്‍ പണമിറക്കല്‍ അവസാനിപ്പിക്കണം എന്നതായിരുന്നു. സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാഭ്യാസവും സെക്കണ്ടറി വിദ്യാഭ്യാസവും നടപ്പാക്കുക. അതിനു പണം ചെലവാക്കുക. ഉന്നതവിദ്യാഭ്യാസത്തിന്റെ ആസൂത്രണവും സംവിധാനങ്ങളുമെല്ലാം സ്വകാര്യസംരംഭകരെ ഏല്‍പിക്കുക. അവര്‍ക്കാവശ്യമുള്ള ആളുകളെ അവര്‍ സൃഷ്ടിച്ചുകൊള്ളും. സര്‍ക്കാര്‍ എന്തിനു പണം മുടക്കണം? ഇതിലടങ്ങിയിരിക്കുന്ന അപകടമിതാണ്. സ്വകാര്യസംരംഭകര്‍ക്കാവശ്യമുള്ള വിജ്ഞാനവൈഭവങ്ങള്‍ മാത്രമേ ഉന്നതവിദ്യാഭ്യാസമേഖലയിലുണ്ടാകുകയുള്ളൂ എന്ന സ്ഥിതി വന്നാല്‍ ഒരു സമൂഹത്തില്‍ നിന്നാദ്യം ഇല്ലാതാകുന്നത് വിമര്‍ശനബോധമാണ്. കാരണം അംബാനിക്കും അദാനിക്കും വേണ്ട അറിവു സാമൂഹ്യബോധമല്ല, സാങ്കേതിക പരിശീലനമാണ്. തങ്ങളുടെ എണ്ണക്കിണറുകള്‍ കുഴിക്കാനും വ്യാപാരം ശക്തിപ്പെടുത്താനും ആവശ്യമായ പണിക്കാരെ നിര്‍മ്മിക്കലായിട്ടു വിദ്യാഭ്യാസം മാറും. ഇങ്ങനെ മാറണമെന്നാണ് അംബാനിയും ബിര്‍ളയുമൊക്കെ നിര്‍ദേശിച്ചത്. അന്നത് ഉപേക്ഷിക്കപ്പെട്ടു. ഇന്ന് മറ്റൊരു രൂപത്തില്‍ വരുന്നു. വില്‍പനമൂല്യമുള്ള കോഴ്‌സുകള്‍ ആരംഭിക്കുക, ആ കോഴ്‌സുകളുടെ വില്‍പനയില്‍ നിന്ന് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുക. സര്‍ക്കാരിനെയോ ഫണ്ടിംഗ് ഏജന്‍സികളെയോ ആശ്രയിക്കാതെ സ്വയം നിലനില്‍ക്കുന്ന സ്ഥാപനങ്ങളായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മുഴുവന്‍ മാറുക. ഏതെങ്കിലും ചിലതു മാറുകയല്ല. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസമേഖലയിലെ അമ്പതിനായിരത്തോളം കോളേജുകളും അങ്ങനെ രൂപാന്തരപ്പെടുത്തണം എന്നാണ് 2030 ഒരു സമയപരിധിയായി നിര്‍ദേശിച്ച് ഇതില്‍ പറയുന്നത്. ഫലത്തില്‍ എന്തു സംഭവിക്കും? ഗ്രാമാന്തരങ്ങളില്‍ ലക്ഷക്കണക്കിനു ദരിദ്രരമായ മനുഷ്യരെ വിദ്യാഭ്യാസത്തിലേയ്ക്കു കൊണ്ടു വന്ന എയിഡഡ് സംവിധാനങ്ങള്‍ ഏതാണ്ട് അവസാനിക്കും.
അതില്‍ വേറൊരു അപകടവുമുണ്ട്. തൊഴില്‍ വിപണിയില്‍ ഉടനടി തൊഴില്‍ ലഭ്യതയുളള കോഴ്‌സുകള്‍ ഇന്നേതാണോ അതല്ല നാളെ. കേരളത്തിലെ എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ കഥയെടുത്താല്‍ അതറിയാം.
ഒരു സമൂഹം അതിനെത്തന്നെ സ്വയം മനസ്സിലാക്കി അതിന്റെ തന്നെ പോരായ്മകളെ തിരിച്ചറിഞ്ഞ് കൂടുതല്‍ മെച്ചപ്പെട്ട ഒരു സമൂഹമായി മാറാന്‍ പണിപ്പെടുക. അതിന്റെ പേരാണ് വിദ്യാഭ്യാസം. അതല്ലാതെ നിങ്ങള്‍ക്കൊരു പണി പരിശീലിപ്പിക്കുന്നതിന്റെ പേരല്ല. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഈ വിദ്യാഭ്യാസരേഖയുടെ അടിസ്ഥാന യുക്തി സാമൂഹികവും ചരിത്രപരവുമായ ഒരു സമഗ്രബോധം ഉണ്ടാക്കുകയല്ല, മറിച്ച് ഏതെങ്കിലും ഒരു പണി പഠിപ്പിക്കലാണ്.
അന്തിമമായി എന്തു സംഭവിക്കും? വിദ്യാഭ്യാസം സമ്പൂര്‍ണമായി മൂലധനത്തിന്റെ പിടിയില്‍പെടും. സഹസ്രാബ്ദങ്ങളായി നിലനിന്ന ഇന്ത്യയിലെ പ്രാകൃതവും പ്രാചീനവുമായ ജാതിബന്ധങ്ങളെ നമ്മുടെ വിദ്യാഭ്യാസത്തിനകത്തേക്കു മടക്കിക്കൊണ്ടുവരും. അങ്ങനെ ഒരു ഭാഗത്തു ബ്രാഹ്മണ്യത്തിന്റെ ജാതിബോധത്തെയും മറുഭാഗത്ത് മൂലധനത്തിന്റെ അക്രമാസക്തമായ കടന്നുകയറ്റത്തെയും കൈനീട്ടി സ്വാഗതം ചെയ്യുന്ന ഒരു യുക്തി ഈ വിദ്യാഭ്യാസരേഖയുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നതാണു ഗുരുതരമായ ഒരു പ്രശ്‌നം.
മറ്റു രണ്ടു കാര്യങ്ങള്‍ കൂടി പറയാം. ഈ വിദ്യാഭ്യാസരേഖയില്‍ നിങ്ങള്‍ കാണാത്ത ചില വാക്കുകളുണ്ട്. സംവരണം, ന്യൂനപക്ഷപദവി എന്നിവയാണവ. ഇതെല്ലാം നിലനിറുത്തുമെന്നു പൊതുവായി പറയുന്നുണ്ട്. എങ്ങനെയായിരിക്കും സംവരണം പാലിക്കുക? വില്‍പനമൂല്യമുള്ള കോഴ്‌സുകള്‍ വില്‍ക്കുകയും പണമുള്ളവര്‍ അതു വാങ്ങി പഠിക്കുകയും ചെയ്യുന്ന ഒരു സ്ഥലത്ത് എങ്ങനെയാണു സംവരണതത്വങ്ങള്‍ പാലിക്കപ്പെടുക? നിങ്ങള്‍ ഇന്ത്യയിലെ സ്വകാര്യവിദ്യാഭ്യാസമേഖലയിലേയ്ക്കും സ്വകാര്യതൊഴില്‍ മേഖലയിലേയ്ക്കും നോക്കൂ. എവിടെയാണു സംവരണമുള്ളത്? സര്‍ക്കാരും സമൂഹവും പണം മുടക്കി, സാമൂഹിക ഉത്തരവാദിത്വത്തോടെ വിദ്യാഭ്യാസമോ തൊഴില്‍ സംവിധാനമോ ഉറപ്പാക്കുമ്പോഴാണ് സംവരണം ലഭിക്കുന്നത്. സംവരണവും ന്യൂനപക്ഷങ്ങളുടെ സവിശേഷാവകാശപരിഗണനയുമൊക്കെ സാമൂഹിക ഉത്തരവാദിത്വങ്ങളായി ഭരണഘടന വിഭാവനം ചെയ്തതാണ്. രണ്ടായിരം കൊല്ലത്തെ സാമൂഹികമായ അടിച്ചമര്‍ത്തല്‍ നേരിട്ട ഒരു ജനവിഭാഗത്തെ അമ്പതു കൊല്ലം കൊണ്ട് നാം തുല്യരായി സങ്കല്‍പിക്കുന്നു എന്നു നാം പറയുന്നതില്‍ ഒരര്‍ത്ഥവുമില്ല. ചരിത്രത്തിലെ നിഷേധങ്ങളെ കണ്ട് അവരെക്കൂടെ കൂടെക്കൂട്ടണം. അതൊരു സമൂഹത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വമാണ്. സംവരണം ഔദാര്യമല്ല, ഉത്തരവാദിത്വമാണ്. അതു മൂലധനം കൊണ്ടു റദ്ദാക്കുകയാണ് വിദ്യാഭ്യാസനയരേഖ ചെയ്യുന്നത്.
സംവരണം ഇല്ലാതാക്കുമെന്നു പറയുന്നില്ല. പക്ഷേ എങ്ങനെ നടപ്പാക്കുമെന്നു പറഞ്ഞിട്ടില്ല. വില്‍പനമൂല്യമുള്ള കോഴ്‌സുകള്‍ വില്‍ക്കുകയും അതുവാങ്ങി ആളുകള്‍ പഠിക്കുകയും ചെയ്തുകഴിയുമ്പോള്‍ സംവരണം ഇല്ലാതാകുമെന്നു കരുതാന്‍ കൂടുതല്‍ ആലോചിക്കേണ്ടതില്ല. ഫലത്തില്‍ അതാണു സംഭവിക്കുക. അങ്ങനെ ഒരു ഭാഗത്തു സംവരണത്തെയും മറുവശത്ത് ന്യൂനപക്ഷാവകാശങ്ങളെയും ഇല്ലാതാക്കുന്നു.
ഈ രേഖ വെര്‍ച്വല്‍ ലേണിംഗിനെ ശക്തിപ്പെടുത്തണം എന്നാവശ്യപ്പെടുന്നുണ്ട്. വെര്‍ച്വല്‍ യൂണിവേഴ്‌സിറ്റികള്‍. ഇതു ഭരണകൂടത്തെ സംബന്ധിച്ചു ഗുണകരമാണ്. കാരണം, വിദ്യാഭ്യാസമേഖലയിലെ മുതല്‍മുടക്ക് ഏതാണ്ട് അവസാനിപ്പിക്കാം. ഒരു കോളേജ് സ്ഥാപിക്കുന്ന ചിലവില്ലാതെ ഒരു യൂണിവേഴ്‌സിറ്റി നടത്താം. ഉന്നതവിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തരവാദിത്വത്തെ ഏതാണ്ട് സമ്പൂര്‍ണമായി ഇല്ലാതാക്കുന്നു. കലാലയങ്ങള്‍ വഴി വികസിച്ചു വരുന്ന സാമൂഹികതാബോധത്തെ ഇല്ലാതാക്കാം. കഴിയുന്നത്ര ചിതറിക്കുക, ഒത്തുചേരാന്‍ ഇടം കൊടുക്കാതിരിക്കുക.
ഓരോ വിഷയത്തിന്റെയും ഭവശാസ്ത്രപരമായ അടിസ്ഥാനങ്ങള്‍ ഓരോന്നാണ്. ഓരോന്നിനുമിണങ്ങുന്ന ബോധനസമ്പ്രദായങ്ങള്‍ വേണം. എങ്കില്‍ മാത്രമേ ഓരോ കോഴ്‌സും അനുഭവാധിഷ്ഠിതമായി മാറൂ. വിദ്യാഭ്യാസമെന്നത് ഉള്ളടക്കവിതരണം അല്ല. വിവരങ്ങളില്‍ നിന്ന് അവയെ കൂട്ടിയിണക്കി ഒരു യാഥാര്‍ത്ഥ്യത്തെ വിശദീകരിക്കാന്‍, പുതിയ വീക്ഷണങ്ങള്‍ വികസിപ്പിക്കാന്‍, സമൂഹത്തെ മനസ്സിലാക്കാന്‍, ബോധത്തിലേയ്ക്കു തുറക്കാന്‍ ഒരാളെ പര്യാപ്തമാക്കുന്ന പണിയാണു വിദ്യാഭ്യാസം. ആ ഘടകത്തെയാണിതു ഇല്ലാതാക്കുന്നത്. പകരം എല്ലാ വിഷയങ്ങളെയും ഒരൊറ്റ ഫോര്‍മാറ്റിലേക്കു മാറ്റുന്നു. സാങ്കേതിക വിദ്യ ബോധനശാസ്ത്രം നിര്‍ണയിക്കുന്ന സ്ഥിതി വരുന്നു. യഥാര്‍ത്ഥത്തില്‍ ബോധനശാസ്ത്രത്തിനുതകുന്ന സാങ്കേതികവിദ്യയാണു വേണ്ടത്.
വിജ്ഞാനത്തെയും കര്‍ഷകന്റെ ഉത്പന്നത്തെയും വ്യാപാരിക്കു ലാഭമുണ്ടാക്കാനുള്ള വിപണിവസ്തുവായി മാറ്റുന്ന നിയമങ്ങളാണ് ഇപ്പോള്‍ ഇന്ത്യയില്‍ വരുന്നത്.

(തൃക്കാക്കര ഭാരതമാതാ കോളേജില്‍ നടത്തിയ കാര്‍ഡിനല്‍ പാറേക്കാട്ടില്‍ അനുസ്മരണ പ്രഭാഷണത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org