

ഡോ. കുര്യാസ് കുമ്പളക്കുഴി
1947-ല്‍ സ്വതന്ത്രമാകുന്ന കാലത്ത്, ഇന്ത്യയിലെ അഞ്ഞൂറോളം നാട്ടു രാജ്യങ്ങളില്‍ വിദ്യാഭ്യാസം കൊണ്ടും സാമൂഹിക പ്രബുദ്ധത കൊണ്ടും ഏറ്റവും മുന്നില്‍ നിന്നിരുന്നത് തിരുവിതാംകൂറും കൊച്ചിയുമായിരുന്നു. ഇത്തരത്തിലുള്ള ഒരു പരിഷ്‌കൃത സമൂഹത്തിന്റെ സൃഷ്ടിയില്‍ മുഖ്യപങ്കുവഹിച്ചത് ഈ രണ്ടു നാട്ടുരാജ്യങ്ങളിലും ഉണ്ടായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു. അവയില്‍ ബഹുഭൂരിപക്ഷവും കത്തോലിക്കാസഭയുടേതായിരുന്നു.
ഈ പരിഷ്‌കൃതിയിലേക്കുള്ള വളര്‍ച്ച അത്ര എളുപ്പത്തിലൊന്നും സംഭവിച്ചതല്ല. ജാതിപരമായ ഉച്ചനീചത്വങ്ങള്‍ രൂക്ഷമായിരുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു. ഭൂരിപക്ഷം വരുന്ന അധഃസ്ഥിത സമുദായാംഗങ്ങള്‍ക്ക് സ്വതന്ത്രമായി വഴി നടക്കുവാന്‍ പോലും അനുവാദമില്ലായിരുന്നു. ജാതികള്‍ക്കിടയിലുണ്ടായിരുന്ന കിരാതമായ തീണ്ടലും തൊടീലും തികച്ചും മനുഷ്യത്വ രഹിതമായിരുന്നു. അതിന്റെ രൂക്ഷത വെളിപ്പെടുത്തുന്നതാണ്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളില്‍ കേരളം സന്ദര്‍ശിച്ച സ്വാമി വിവേകാനന്ദന്‍ ഹൃദയംനൊന്തു നടത്തിയ ഒരു പ്രസ്താവന. അതിങ്ങനെ: ''മലബാറില്‍ ഞാന്‍ കണ്ടതിനെക്കാള്‍ കവിഞ്ഞ ഒരു വിഡ്ഢിത്തം ഇതിനു മുമ്പു ലോകത്തെവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? സവര്‍ണ്ണര്‍ നടക്കുന്ന തെരുവില്‍ക്കൂടി പാവപ്പെട്ട പറയനു നടന്നുകൂടാ... ഈ മലബാര്‍കാരെല്ലാം ഭ്രാന്തന്മാരാണ്; അവരുടെ വീടുകള്‍ അത്രയും ഭ്രാന്താലയങ്ങളും.''
1897 ഫെബ്രുവരി 14-ന് മദ്രാസില്‍ നടത്തിയ ഒരു പ്രസംഗത്തിലാണദ്ദേഹം ഇങ്ങനെ പറഞ്ഞത്. വീണ്ടും രണ്ടു പതിറ്റാണ്ടിനുശേഷം മഹാകവി കുമാരനാശാന്‍ 1919-ല്‍ 'സിംഹനാമം' എന്ന കവിതയില്‍ ഇങ്ങനെ ചോദിച്ചു:
നരനു നരനശുദ്ധവസ്തുപോലും
ധരയില്‍ നടപ്പതു തീണ്ടലാണു പോലും
നരകമിവിടമാണു ഹന്ത കഷ്ടം!
ഹര ഹര ഇങ്ങനെ വല്ല നാടുമുണ്ടോ?
സ്വാമികള്‍ നമ്മുടെ നാടിനെ 'ഭ്രാന്താലയ'മെന്നേ പരിഹസിച്ചുള്ളൂ. മഹാകവി വിളിക്കുന്നതു 'നരക'മെന്നാണ്!
വിവേകാനന്ദ സ്വാമികള്‍ കേരളം സന്ദര്‍ശിക്കുമ്പോഴും (1892) മഹാകവി കുമാരനാശാന്‍ സ്വന്തം നാടിനെ നരകമെന്നു വിശേഷിപ്പിക്കുമ്പോഴും (1919) കേരളം നിര്‍ണ്ണായകമായ ഒരു പരിവര്‍ത്തനഘട്ടത്തിലൂടെ കടന്നുപോകുകയായിരുന്നു. പ്രത്യക്ഷത്തില്‍ അതു ദൃശ്യമായിരുന്നില്ലെന്നേയുള്ളൂ.
അന്നേക്കു കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിതമായിരുന്ന ക്രൈസ്തവ വിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങിയ പുതിയ തലമുറ ജാതിപരമായ അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും ഒട്ടൊക്കെ മോചനം നേടിക്കഴിഞ്ഞിരുന്നു. എല്ലാ വിഭാഗം കുട്ടികളും ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്. അത്തരം സ്ഥാപനങ്ങളില്‍ ജാതി വിവേചനം ആര്‍ക്കും അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. അവയില്‍ സവര്‍ണ വിദ്യാര്‍ഥികള്‍ക്കു മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ.
കേരളത്തില്‍ ആദ്യമായി ഒരു ആധുനിക വിദ്യാലയം സ്ഥാപിതമാകുന്നത് 1793-ലാണ്. ഈശോസഭാംഗമായ പോര്‍ട്ടുഗീസ് മിഷണറി ഗബ്രിയേല്‍ ഗോണ്‍സാല്‍വസ് ആ വര്‍ഷം കോഴിക്കോട്ടു ബീച്ചിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തോടു ചേര്‍ന്ന് രണ്ടു വിദ്യാലയങ്ങള്‍ക്കു തുടക്കമിട്ടു. ഒന്നു പോര്‍ട്ടുഗീസ് സ്‌കൂളും മറ്റൊന്ന് യൂറോപ്യന്‍ സ്‌കൂളും. പോര്‍ട്ടുഗീസുകാരായ ഉദ്യോഗസ്ഥരുടെ മക്കള്‍ക്കു വേണ്ടിയായിരുന്നു പോര്‍ട്ടുഗീസ് സ്‌കൂള്‍. നാട്ടുകാര്‍ക്കുവേണ്ടി യൂറോപ്യന്‍ സ്‌കൂളും.
കേരളത്തില്‍ ആദ്യമായി ഒരു ആധുനിക വിദ്യാലയം സ്ഥാപിതമാകുന്നത് 1793-ലാണ്. ഈശോസഭാംഗമായ പോര്‍ട്ടുഗീസ് മിഷണറി ഗബ്രിയേല്‍ ഗോണ്‍സാല്‍വസ് ആ വര്‍ഷം കോഴിക്കോട്ടു ബീച്ചിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തോടു ചേര്‍ന്ന് രണ്ടു വിദ്യാലയങ്ങള്‍ക്കു തുടക്കമിട്ടു. ഒന്നു പോര്‍ട്ടുഗീസ് സ്‌കൂളും മറ്റൊന്ന് യൂറോപ്യന്‍ സ്‌കൂളും. പോര്‍ട്ടുഗല്‍ക്കാരായ ഉദ്യോഗസ്ഥരുടെ മക്കള്‍ക്കുവേണ്ടിയായിരുന്നു പോര്‍ട്ടുഗീസ് സ്‌കൂള്‍. നാട്ടുകാര്‍ക്കുവേണ്ടി യൂറോപ്യന്‍ സ്‌കൂളും. പോര്‍ട്ടുഗീസ് സ്‌കൂള്‍ കുറെക്കാലത്തിനുശേഷം നിന്നുപോയി. യൂറോപ്യന്‍ സ്‌കൂള്‍ ഇന്നും നിലവിലുണ്ട്. കോഴിക്കോട്ടു ബീച്ചിലെ 'സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ബോയ്‌സ്.'
പ്രൊട്ടസ്റ്റന്റ് മിഷണറിമാര്‍ കേരളത്തിലെത്തുന്നതു പിന്നെയും ഒരു ദശാബ്ദം കൂടി കഴിഞ്ഞാണ്. 1806-ല്‍ ആദ്യ പ്രോട്ടസ്റ്റന്റ് മിഷണറി വില്യം തോബിയാസ് റിംഗിള്‍ ടോബ് തെക്കന്‍ തിരുവിതാംകൂറിലെ നാഗര്‍കോവിലിനു സമീപമുള്ള മൈപ്പാടിയിലെത്തി. അദ്ദേഹം അവിടെ തന്റെ സഹായിയായ വേദ മാണിക്യത്തിന്റെ വീട്ടുമുറ്റത്ത് ഒരു വിദ്യാലയം ആരംഭിച്ചു. അതാണു തിരുവിതാംകൂറിലെ ആദ്യ ആധുനിക വിദ്യാലയം. തുടര്‍ന്ന് ആംഗ്ലിക്കന്‍ മിഷണറിമാരായ തോമസ് നോര്‍ട്ടണ്‍ ആലപ്പുഴയിലും ബഞ്ചമിന്‍ ബെയ്‌ലി കോട്ടയത്തും വില്യം ജയിംസ് ഡാസണ്‍ കൊച്ചിയിലും എത്തിച്ചേര്‍ന്ന് ആധുനിക വിദ്യാലയങ്ങള്‍ ആരംഭിച്ചു. ഇതിനു പിന്നാലെ തിരുവിതാംകൂറിലെമ്പാടും പ്രോട്ടസ്റ്റന്റു മിഷണറിമാര്‍ സാധാരണ ജനങ്ങള്‍ക്കുവേണ്ടി പള്ളികളും പള്ളിക്കൂടങ്ങളും ആരംഭിച്ചു.
മലബാറിലെ വിദ്യാഭ്യാസരംഗം കൈയടക്കിയത് 1834 മുതല്‍ മലബാറിലെത്തിയ പ്രോട്ടസ്റ്റന്റുകാരായ ബാസല്‍ ഇവാഞ്ചേലിക്കല്‍ മിഷനാണ്.
കോഴിക്കോട്ടു തുടക്കം കുറിച്ച കത്തോലിക്കാ മിഷണറി വിദ്യാലയത്തിനു പക്ഷേ, പിന്തുടര്‍ച്ച ഉണ്ടായില്ല. മലബാറിലെ വിദ്യാഭ്യാസരംഗം കൈയടക്കിയത് 1834 മുതല്‍ മലബാറിലെത്തിയ പ്രോട്ടസ്റ്റന്റുകാരായ ബാസല്‍ ഇവാഞ്ചേലിക്കല്‍ മിഷനാണ്. വിശ്വാസികളുടെ ആത്മീയജീവിതത്തിനു പ്രാമുഖ്യം നല്കിയ കത്തോലിക്കാ മിഷണറിമാര്‍ മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും വിദ്യാഭ്യാസരംഗത്തു സജീവമാകാന്‍ മടിച്ചുനിന്നു. ഇതിനൊരു മാറ്റമുണ്ടാകുന്നതു വരാപ്പുഴ രൂപതയിലാണ്. 1856-ല്‍ രൂപതാധ്യക്ഷനായിരുന്ന ബര്‍ണര്‍ദീന്‍ ബിച്ചിനെല്ലി ഇടവകപ്പള്ളികള്‍ക്കയച്ച ഇടയലേഖനത്തില്‍ എല്ലാ പള്ളികളോടും ചേര്‍ന്നു പള്ളിക്കൂടങ്ങള്‍ ആരംഭിക്കണം എന്നു നിര്‍ദ്ദേശിക്കുന്നുണ്ട്. അതു പക്ഷേ, 'സംക്ഷേപവേദാര്‍ത്ഥം' പഠിപ്പിക്കാന്‍ മാത്രമായിരുന്നു. എന്നാല്‍ ബിച്ചിനെല്ലിയുടെ പിന്‍ഗാമി ബിഷപ് ലെയെനാര്‍ദോ മെല്ലാനോ, ഇതിനു മാറ്റം വരുത്തിക്കൊണ്ട് എല്ലാ ഇടവകകളിലും സെക്കുലര്‍ വിദ്യാഭ്യാസം നല്കുന്ന പള്ളിക്കൂടങ്ങള്‍ ആരംഭിക്കാന്‍ കല്പന നല്കി.
മെല്ലാനോ മെത്രാന്‍ ക്രാന്തദര്‍ശിയായ ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കൂടിയാണ്. സ്‌കൂളുകളില്‍ ഇംഗ്ലീഷും ആധുനിക വിഷയങ്ങളും പഠിപ്പിക്കണമെന്നും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്കണമെന്നും ആദ്യം നിര്‍ദ്ദേശിച്ചതു മെല്ലാനോ മെത്രാനാണ്. വൈദികര്‍ ഇംഗ്ലീഷ് പഠിക്കണമെന്ന് ആദ്യം കല്പന നല്കിയതും അദ്ദേഹം തന്നെ. കല്പന നല്കുക മാത്രമല്ല, പുത്തന്‍പള്ളി സെമിനാരിയില്‍ വിക്ടര്‍ ഒലിവെയ്‌റാ എന്ന ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുകയും ചെയ്തു.
1806-ല്‍ ആദ്യ പ്രോട്ടസ്റ്റന്റു മിഷണറി വില്യം തോബിയാസ് റിംഗിള്‍ ടോബ് തെക്കന്‍ തിരുവിതാംകൂറിലെ നാഗര്‍കോവിലിനു സമീപമുള്ള മൈപ്പാടിയിലെത്തി. അദ്ദേഹം അവിടെ തന്റെ സഹായിയായ വേദമാണിക്യത്തിന്റെ വീട്ടുമുറ്റത്ത് ഒരു വിദ്യാലയം ആരംഭിച്ചു. അതാണു തിരുവിതാംകൂറിലെ ആദ്യ ആധുനിക വിദ്യാലയം.
കേരളത്തിലെ സുറിയാനി വിഭാഗം കത്തോലിക്കരുടെ ആത്മീയാധികാരിയും വരാപ്പുഴ മെത്രാപ്പോലീത്ത തന്നെയായിരുന്നെങ്കിലും ബിച്ചിനെല്ലി മെത്രാന്റെയും മെല്ലാനോ മെത്രാന്റെയും വിദ്യാഭ്യാസപരിഷ്‌കാരങ്ങള്‍ പൊതുവെ ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍ മാത്രമേ പ്രായോഗികമായുള്ളൂ. സുറിയാനി കത്തോലിക്കരിലേക്ക് ആധുനിക വിദ്യാഭ്യാസം കടന്നെത്തിയില്ല. അവര്‍ക്കു കൈയെത്താവുന്നിടത്തൊക്കെ ഉണ്ടായിരുന്നതു പ്രൊട്ടസ്റ്റന്റ് വിദ്യാലയങ്ങളായിരുന്നു. അവയില്‍ തങ്ങളുടെ കുട്ടികളെ അയയ്ക്കാന്‍ കത്തോലിക്കാ മാതാപിതാക്കള്‍ക്കു താല്‍പര്യമുണ്ടായിരുന്നില്ല. എന്നല്ല, അത്തരം സ്‌കൂളുകളില്‍ കുട്ടികളെ അയയ്ക്കരുതെന്നു വൈദികരുടെ വിലക്കും ഉണ്ടായിരുന്നു. ഇതിനൊരു പരിഹാരമുണ്ടാക്കിയതു ചാവറ കുര്യാക്കോസ് ഏലിയാസച്ചനായിരുന്നു.
കേരളത്തിലെ സി എം ഐ സഭയുടെ സ്ഥാപക പിതാക്കളിലൊരാള്‍ കൂടിയായിരുന്ന ചാവറയച്ചന്‍ അന്നു മാന്നാനം ആശ്രമത്തിലായിരുന്നു താമസം. സി എം ഐ സന്യാസ സമൂഹത്തിന്റെ പ്രിയോര്‍ ജനറാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ കര്‍മ്മ മണ്ഡലം വളരെ വിപുലമായിരുന്നു. 1861-ല്‍ ബിച്ചിനെല്ലി മെത്രാന്‍ ചാവറയച്ചനെ കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ മുഴുവന്‍ ചുമതലയുള്ള വികാരി ജനറാളായി നിയമിച്ചു. പുതിയ ചുമതലയില്‍ വ്യാപൃതനായിരിക്കുമ്പോഴാണ്, തന്റെ സമുദായാംഗങ്ങള്‍ മുഴുവന്‍ ജ്ഞാനകുരുടന്മാരാണെന്ന സങ്കടകരമായ സാഹചര്യം അദ്ദേഹത്തിന്റെ സവിശേഷ ശ്രദ്ധയില്‍പ്പെട്ടത്. (വിദ്യാഭ്യാസമില്ലാത്ത അവസ്ഥയെ 'ജ്ഞാനകുരുടത്തം' എന്നാണദ്ദേഹം വിശേഷിപ്പിച്ചിരുന്നത്.) ഇതര ക്രൈസ്തവ വിഭാഗങ്ങള്‍ വിദ്യാഭ്യാസപരമായി ഏറെ മുന്നേറിക്കഴിഞ്ഞിരുന്നു എന്ന വസ്തുതയും അദ്ദേഹം ശ്രദ്ധിച്ചു.
മെല്ലാനോ മെത്രാന്‍ ക്രാന്തദര്‍ശിയായ ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കൂടിയാണ്. സ്‌കൂളുകളില്‍ ഇംഗ്ലീഷും ആധുനിക വിഷയങ്ങളും പഠിപ്പിക്കണമെന്നും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്കണമെന്നും ആദ്യം നിര്‍ദ്ദേശിച്ചതു മെല്ലാനോ മെത്രാനാണ്.
ഈ പിന്നോക്കാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കണ്ടെത്തിയേ മതിയാവൂ എന്നദ്ദേഹത്തിനു മനസ്സിലായി. അതിനൊരു മാര്‍ഗമേയുള്ളൂ. കത്തോലിക്കാ ദേവാലയങ്ങളോടനുബന്ധിച്ചും സ്‌കൂളുകള്‍ ആരംഭിക്കുക. അങ്ങനെയാണു സുറിയാനി കത്തോലിക്കര്‍ക്കുവേണ്ടിയുള്ള ആദ്യ വിദ്യാലയം 1864-ല്‍ മാന്നാനത്തു സ്ഥാപിതമായത്. സ്‌കൂള്‍ സ്ഥാപിക്കുക മാത്രമല്ല ചാവറയച്ചന്‍ ചെയ്തത്. വീടുകള്‍ കയറിയിറങ്ങി കുട്ടികളെ സ്‌കൂളിലേക്കയ്ക്കാന്‍ മാതാപിതാക്കളെ നിര്‍ബന്ധിച്ചു. ഭക്ഷണവും വസ്ത്രവും കൊടുത്തു മക്കളെ സ്‌കൂളിലയ്ക്കാന്‍ ശേഷിയില്ലാത്ത മാതാപിതാക്കളെ സഹായിക്കാനും അദ്ദേഹം വഴി കണ്ടെത്തി. കുട്ടികള്‍ക്കു വസ്ത്രവും ഭക്ഷണവും സ്‌കൂളില്‍ നിന്നു കൊടുത്തു. ഇതിനുവേണ്ടി, സൗകര്യമുള്ളവരുടെ വീടുകളില്‍ നിന്നു വസ്ത്രങ്ങളും അരിയും തേങ്ങയും പച്ചക്കറികളുമൊക്കെ ശേഖരിച്ചു.
ചോറിന് അരിയെടുക്കുമ്പോള്‍ അതില്‍ നിന്ന് ഒരുപിടി അരി മറ്റൊരു പാത്രത്തില്‍ സൂക്ഷിക്കണമെന്നു ചാവറയച്ചന്‍ അമ്മമാരോടു നിര്‍ദേശിച്ചു. ആഴ്ചയിലോ മാസത്തിലോ അരി വാങ്ങിക്കൊണ്ടു വരാന്‍ അദ്ദേഹം ആളെ അയയ്ക്കും. അതുകൊണ്ടു വന്നാണു സ്‌കൂളില്‍ പാവപ്പെട്ട കുട്ടികള്‍ക്കു ഭക്ഷണം തയ്യാറാക്കിയിരുന്നത്. ഇങ്ങനെയാണു പിടിയരി പിരിവ് എന്ന സമ്പ്രദായം സുറിയാനി കത്തോലിക്കര്‍ക്കിടയില്‍ പ്രചാരത്തിലായത്. പില്‍ക്കാലത്തിതു പള്ളികള്‍ക്കുള്ള ധനാഗമ മാര്‍ഗമായി മാറി. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യഘട്ടംവരെ 'പിടിയരി പിരിവു' കത്തോലിക്ക ഇടവകകളില്‍ നിലവിലുണ്ടായിരുന്നു.
ചോറിന് അരിയെടുക്കുമ്പോള്‍ അതില്‍ നിന്ന് ഒരുപിടി അരി മറ്റൊരു പാത്രത്തില്‍ സൂക്ഷിക്കണമെന്നു ചാവറയച്ചന്‍ അമ്മമാരോടു നിര്‍ദേശിച്ചു. അതില്‍ നിന്നായിരുന്നു സ്‌കൂളില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് ഭക്ഷണം നല്കിയിരുന്നത്.
ചാവറയച്ചന്‍ പിന്നെ തുടക്കം കുറിച്ചത് ഒരു വിദ്യാഭ്യാസ വിപ്ലവത്തിനായിരുന്നു. വികാരി ജനറാള്‍ എന്ന നിലയില്‍ തന്റെ അധികാര പരിധിയിലുള്ള 160 ഇടവകപ്പള്ളികളിലേക്കും 1865-ല്‍ അദ്ദേഹം ഒരു സര്‍ക്കുലര്‍ അയച്ചതായി ചരിത്രം പറയുന്നു. എല്ലാ പള്ളികളോടും ചേര്‍ന്നു പള്ളിക്കൂടങ്ങള്‍ ആരംഭിക്കണമെന്ന കല്പനയായിരുന്നു, അതിന്റെ ഉള്ളടക്കം. അതില്‍ വീഴ്ച വരുത്തുന്ന പള്ളികള്‍ക്ക് അംശമുടക്കുണ്ടാകു മെന്ന മുന്നറിയിപ്പും ഒപ്പമുണ്ടായിരുന്നുവത്രെ. ഇത്ര കര്‍ശന മായ കല്പന പാലിക്കപ്പെടാതിരിക്കാന്‍ ഒരു സാധ്യതയുമില്ല. അന്നത്തെ കാലത്ത്, 160 ഇടവകകളില്‍ ഒരേ സമയം സ്‌കൂളുകള്‍ നിലവില്‍ വരിക എന്നത് ഒരു വിപ്ലവം തന്നെയല്ലേ?
ഈ വിപ്ലവം പിന്നീട് കേരള സഭയാകെ ഏറ്റെടുക്കുന്ന ദൃശ്യമാണു നമ്മള്‍ കാണുന്നത്. 1887-ല്‍ കേരളത്തിലെ സുറിയാനി കത്തോലിക്കര്‍ക്കു രണ്ടു വികാരിയാത്തുകള്‍ അനുവദിച്ചു കിട്ടി, തൃശ്ശൂരും കോട്ടയവും. തൃശ്ശൂരില്‍ അഡോള്‍ഫ് മെഡ്‌ലിക്കോട്ടും കോട്ടയത്തു ചാള്‍സ് ലെവീ ഞ്ഞും വികാരി അപ്പസ്‌തോലി ക്കാമാരുമായി. രണ്ടു ബിഷപ്പു മാരും താന്താങ്ങളുടെ വികാരി യാത്തുകളില്‍ വിശ്വാസികളുടെ വിദ്യാഭ്യാസാവശ്യം നിര്‍വഹി ക്കാന്‍ വേണ്ട വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിനു മുന്‍ഗണന നല്കി. 1896-ല്‍ മൂന്നാമതൊരു വികാരിയാത്തു കൂടി (എറണാകുളം) കേരള സഭയ്ക്കു ലഭിച്ചു. ഇതു വിദ്യാഭ്യാസ വിപ്ലവത്തിന്റെ ആക്കം വീണ്ടും വര്‍ധിപ്പിക്കാനിടയാക്കി.
1817-ല്‍ കോട്ടയത്തു സി എം എസ്. മിഷണറിമാര്‍ ആരംഭിച്ച ഇംഗ്ലീഷ് സ്‌കൂളാണു പില്‍ക്കാലത്തു കേരളത്തിലെ ആദ്യ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി വികസിച്ച സി എം എസ് കോളേജ്. ഇന്ത്യയിലെ ആദ്യ കോളേജെന്നു ചിലര്‍ അഭിപ്രായപ്പെടുന്ന പശ്ചിമബംഗാളിലെ സെറാംപൂര്‍ കോളേജ് 1818-ലാണു ഡാനിഷ് മിഷണറിമാര്‍ ആരംഭിച്ചത്. കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ ഉന്നത വിദ്യാഭ്യാസ രംഗത്തും ആദ്യചുവടുവച്ചതു ക്രൈസ്തവ മിഷണറിമാരാണെന്ന് ഇതു വ്യക്തമാക്കുന്നു.
കേരളത്തിലെ ആദ്യ കത്തോലിക്കാ കോളേജ് തൃശ്ശൂര്‍ സെന്റ് തോമസ് ആണ്. 1889-ല്‍ ബിഷപ് മെഡ്‌ലിക്കോട്ട് ആരംഭിച്ച ഇംഗ്ലീഷ് വിദ്യാലയം 1918-ല്‍ കോളേജായി വികസിച്ചു. ഇതിനു പിന്നാലെ 1922-ല്‍ ചങ്ങനാശ്ശേരി എസ് ബി കോളേജും നിലവില്‍ വന്നു. കേരളത്തിലെ ആദ്യ വനിതാകോളേജ് 1864-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ആയില്യം തിരുനാള്‍ ആരംഭിച്ച തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജാണ്. 1925-ല്‍ കര്‍മ്മലീത്താ മിഷണറി ഫാ. കാന്തിദൂസിന്റെ നേതൃത്വത്തില്‍ എറണാകുളത്തു സ്ഥാപിതമായ സെന്റ് തെരേസാസ് കോളേജാണു കേരളത്തിലെ ആദ്യ കത്തോലിക്കാ വനിതാ കോളേജ്. ഇന്നു കേരളത്തിലുള്ള 153 സ്വകാര്യ കോളേജുകളില്‍ 74 എണ്ണവും ക്രൈസ്തവമാനേജ്‌മെന്റുകളുടേതാണ്; അവയില്‍ തന്നെ 52 എണ്ണം കത്തോലിക്കാ കോളേജുകളും.
ഇന്നു കേരളത്തിലെ ഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധ ക്രൈസ്തവ മാനേജ്‌മെന്റുകളുടെ നിയന്ത്രണത്തിലാണ്. സീറോ മലബാര്‍, ലത്തീന്‍ രൂപതകള്‍ മാത്രമല്ല, ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമ്മാ, സി എസ് ഐ വിഭാഗങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു പ്രാമുഖ്യം നല്കുന്നു. ഇന്നു ക്രൈസ്തവ വിദ്യാഭ്യാസമേഖല താരതമ്യേന ശാന്തമാണെങ്കിലും കഴിഞ്ഞ കാലങ്ങളില്‍ അങ്ങനെയായിരുന്നില്ല. സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പും പിമ്പും സഭയുടെ വിദ്യാഭ്യാസാവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ കോപ്പുകൂട്ടിയ ഭരണകൂടങ്ങള്‍ക്കെതിരെ സഭയ്ക്കു നിരന്തര പോരാട്ടം നടത്തേണ്ടി വന്നിട്ടുണ്ട്.
1945-ല്‍ തിരുവിതാംകൂറിലെ പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദേശസാല്‍ക്കരിക്കാന്‍ ശ്രമിച്ച ദിവാന്‍ സി പി രാമസ്വാമി അയ്യരെ പ്രതിരോധിക്കാന്‍ അന്നത്തെ ചങ്ങനാശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ ജെയിംസ് കാളാശ്ശേരിയുടെ നേതൃത്വത്തില്‍ സഭ സമരരംഗത്തിറങ്ങി. 1959-ല്‍ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രത്തിലാക്കാന്‍ വിദ്യാഭ്യാസ ബില്ലവതരിപ്പിച്ച ഇ എം എസ് ഗവണ്‍മെന്റിനെതിരെ കേരളത്തിലെ വിവിധ സഭാവിഭാഗങ്ങള്‍ ഒന്നടങ്കം നടത്തിയ പോരാട്ടമാണു വിമോചന സമരം എന്ന ചരിത്ര സംഭവം. 1972-ല്‍ മാനേജ്‌മെന്റ് കോളേജുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളാക്കി മാറ്റാന്‍ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനെതിരെയും സഭയ്ക്കു സമരരംഗത്തിറങ്ങേണ്ടി വന്നു. അതാണു കോളജു വിദ്യാഭ്യാസ സമരം. പിന്നീട് 2001-ലെ യു ഡി എഫ് ഗവണ്‍മെന്റിന്റെ പുതിയ സ്വാശ്രയ വിദ്യാഭ്യാസ പദ്ധതിയോട് ഏറെ സഹകരിച്ച കേരള സഭയ്ക്ക് അവകാശ സംരക്ഷണാര്‍ത്ഥം നീണ്ട നിയമ പോരാട്ടം നടത്തേണ്ടി വന്നു.
എല്ലാ ഘട്ടങ്ങളിലും വിജയം സഭാപക്ഷത്തിനു തന്നെയായിരുന്നു. ''യതോ ധര്‍മ്മ സ്തതോ ജയ'' (ധര്‍മ്മമെവിടെയോ അവിടെയാണു ജയം) എന്നാണല്ലോ ആചാര്യന്മാര്‍ നമുക്കു പറഞ്ഞു തന്നിട്ടുള്ളത്.
ഈ ജയം കൊണ്ടു കേരളത്തിലെന്തു നേട്ടമുണ്ടായി? ഭ്രാന്താലയം മനുഷ്യാലയമായി മാറി. നരകം സ്‌നേഹസമൂഹമായി മാറി.