വിദ്യാഭ്യാസം: അര്‍ത്ഥവും അര്‍ത്ഥാന്തരങ്ങളും?!

വിദ്യാഭ്യാസം: അര്‍ത്ഥവും അര്‍ത്ഥാന്തരങ്ങളും?!

ലോകത്തിനു തന്നെ മാതൃകയാകുന്ന വിദ്യാഭ്യാസ സമ്പ്രദായമുള്ള ഫിന്‍ലന്‍ഡ് എന്ന രാജ്യമാണ് 2019-ലെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും സന്തോഷഭരിതമായ രാജ്യം. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളെ വിലയിരുത്തുന്നതിനായുള്ള 'പ്രോഗ്രാം ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് അസ്സസ്സ്‌മെന്റ്' (പി സ) പ്രകാരം സ്ഥിരമായി ഉന്നതനിലവാരം പുലര്‍ത്തുന്ന വികസിത രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഫിന്‍ലന്‍ഡ്. കേരളത്തിന്റെ ആറിലൊന്നു ജനസംഖ്യ മാത്രമുള്ള ഈ രാജ്യത്തെ അഴിമതിയുടേയും അക്രമത്തിന്റെയും കുറവും സാമൂഹിക പിന്തുണയും ഉന്നത ജീവിത നിലവാരവും ആയുസും ലോക ശ്രദ്ധ നേടുന്നതാണ്.

സമ്മര്‍ദ രഹിതമായ ബാല്യം മക്കള്‍ക്ക് നല്‍കുന്നതില്‍ അതീവ ശ്രദ്ധയുണ്ടിവിടെ. മൂന്നര വയസ്സുവരെ കുട്ടികളെ നോക്കുവാന്‍ അച്ഛന്‍മാര്‍ക്ക് ജോലിയില്‍ നിന്ന് അവധിയെടുക്കാം. ഏഴു വയസ്സുവരെ ഫിന്നിഷ് ഭാഷയില്‍ 'നവോള' എന്നു വിളിക്കുന്ന പ്രത്യേക സമ്പ്രദായത്തില്‍ പ്രത്യേകം പരിശിലനം നേടിയവരുടെ നിരീക്ഷണങ്ങളും പരിശീലനങ്ങളും വിലയിരുത്തലുകളും ഉണ്ടാകും. ലോകത്തെ ഏറ്റവും വൈകി വിദ്യാഭ്യാസം തുടങ്ങുന്നത് ഫിന്‍ലന്‍ഡിലെ പ്രത്യേകതയാണ്. കാരണം 7-ാം വയസ്സില്‍ മാത്രമാണ് കുട്ടികള്‍ അക്ഷരങ്ങളുടെ ലോകത്ത്് പ്രവേശിക്കുക. ഇത് പ്രാഥമിക വിദ്യാഭ്യാസത്തിന് ബലമേറ്റുന്നു, അടിത്തറ പാകുന്നു ഏഴു മുതല്‍ പതിനാറു വയസ്സു വരെ ഏകീകൃത രൂപമുള്ള പ്രീ-പ്രൈമറി വിദ്യാഭ്യാസം. അടിസ്ഥാന വിദ്യാഭ്യാസം കഴിഞ്ഞ് പൊതുവായതിലോ അല്ലെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട പഠന ശാഖകളിലോ അപ്പര്‍ സെക്കന്ററി മൂന്നു വര്‍ഷം ചെയ്യാം. ഇതിനു ശേഷം സര്‍വകാലശാല ബിരുദം.

  • പഠനരീതി

നമ്മുടെ പഠനത്തിലെ വിഷയബന്ധിയായ പുസ്തകക്കെട്ടുകളെ അപേക്ഷിച്ച് ഭാവിയെ അഭിമുഖീകരിക്കാനുതകുന്ന തരത്തില്‍ പ്രശ്‌നാധിഷ്ഠിത പഠനമാണ് ഫിന്‍ലന്‍ഡില്‍. ക്ലാസ് പരീക്ഷ മുതല്‍ ടേമ്‌ലി എക്‌സാമിനേഷനും ഫൈനല്‍ എക്‌സാമിനേഷനും ഇതര മത്സര പരീക്ഷകളും കൊണ്ട് നാം മക്കളുടെ ജീവിതത്തെ അതിസമ്മര്‍ദത്തിന്റെ സൂക്ഷ്മതയില്‍ നിര്‍ത്തുമ്പോള്‍ ഫിന്‍ലന്‍ഡില്‍ അടിസ്ഥാന വിദ്യാഭ്യാസത്തിനൊടുവില്‍ നടത്തുന്ന നാഷണല്‍ മെട്രിക്കുലേഷന്‍ പരീക്ഷ മാത്രമാണ് ഉള്ളത്. സമ്മര്‍ദരഹിതമായ വിദ്യാഭ്യാസ കാലം സമ്മാനിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നു എന്നു സാരം.

  • അധ്യാപകര്‍

അധ്യാപനം ഏറ്റം ആദരണീയമായ തൊഴിലാണ് ഫിന്‍ലന്‍ഡില്‍. ഒരു പ്രൊഫസറുടെ ശമ്പളത്തെക്കാള്‍ കൂടുതല്‍ പ്രാഥമിക അധ്യാപകരുടെ ശമ്പളം എന്നത് നമ്മെ അതിശയിപ്പിച്ചേക്കാം. എല്ലാത്തിലും രാഷ്ട്രീയം കലര്‍ത്തുന്ന നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളിലും നയരൂപീകരണത്തിലും സിലബസും കരിക്കുലവും തയ്യാറാക്കുന്നതിലും എന്തിനേറെ പാഠപുസ്തക സമിതിയിലും ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയം ദര്‍ശിക്കാം. എന്നാല്‍ ഫിന്‍ലന്‍ഡില്‍ വിദ്യാഭ്യാസ നയ രൂപീകരണത്തിലും പാഠപുസ്തക സമിതിയിലും പാഠ്യപദ്ധതി തയ്യാറാക്കലിലും മൂല്യനിര്‍ണയത്തിലും അധ്യാപകര്‍ക്കാണ് മുന്‍ഗണന. മികച്ച സംവേദന ക്ഷമതയും കാര്യക്ഷമതയും മികവുറ്റ പെരുമാറ്റവും തര്‍ക്കമറ്റ വിദ്യാഭ്യാസ യോഗ്യതകളും അധ്യാപക തിരഞ്ഞെടുപ്പിലേയും നിയമനത്തിലേയും അടിസ്ഥാന വിലയിരുത്തലുകളാണ്. സാധാരണ പ്രൈമറി ക്ലാസുകളില്‍ ഇരുപത്തിനാലു കുട്ടികള്‍ മാത്രമാണുണ്ടാവുകയെന്നത് വിദ്യാര്‍ത്ഥികളുമായുള്ള സംവേദന ക്ഷമതയ്ക്ക് ആക്കം കൂട്ടുന്നു. അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളുടെ മേല്‍ നല്ല കരുതലും കാവലും വഴി നടത്തലും ശിക്ഷണാധികാരങ്ങളും ഉണ്ട്. പഠനത്തോടൊപ്പം അവരിലെ മാനുഷികതയുടെ പച്ചപിടിക്കല്‍ ശ്രദ്ധിക്കുന്നുണ്ടെന്നു സാരം!

  • ഫിന്‍ലന്‍ഡില്‍ നിന്നും ഭാരതത്തിലേക്ക്

വിദ്യാഭ്യാസം ഒരു നാണയമാണ്. അതിന്റെ ഒരു വശം പ്രവര്‍ത്തിയേയും മറുവശം ജ്ഞാനത്തേയും കാണിക്കുന്നു എന്നാണ് രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞുവയ്ക്കുന്നത്. ഇതില്‍ ജ്ഞാന സമ്പാദനത്തില്‍ നമ്മുടെ വിദ്യാഭ്യാസ നയങ്ങള്‍ മികവുറ്റതാകുമ്പോഴും പ്രവൃത്തി അഥവാ വിജ്ഞാനത്തിന്റെ പ്രായോഗികത വിജയം കാണുന്നുണ്ടോയെന്നും വിലയിരുത്തണം. ഫിന്‍ലന്‍ഡില്‍ ജാതിമതവര്‍ഗവര്‍ണ്ണ സാമ്പത്തിക വ്യത്യാസങ്ങള്‍ക്കതീതമായ അവസര സമത്വങ്ങള്‍ നാം പഠനവിധേയമാക്കണം. മൂന്നു മുതല്‍ ആറുവയസ്സുവരെ ഉള്ള മക്കളെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിലെ 'അമിതഭാരം' നാമെന്താണ് കാണാതെ പോകുന്നത്? 1986-ലെ ദേശീയ വിദ്യാഭ്യാസ നയരൂപീകരണത്തിനും 1992-ലെ നയനവീകരണത്തിനുശേഷം പുതിയ വിദ്യാഭ്യാസനയം രൂപീകരിക്കുമ്പോഴും നമുക്കിടയിലെ ലക്ഷ്യബോധവും ലക്ഷ്യപ്രാപ്തിയും ആരെയും ആകര്‍ഷിക്കുന്നതാകുന്നുണ്ടോ; മാതൃകാപരമാകുന്നുണ്ടോ? ത്രിഭാഷാ ഫോര്‍മുലയിലും പരീക്ഷകളുടെ കുറവുമൊക്കെ നാളെയുടെ മക്കളുടെ ജീവിതരേഖയില്‍ തിളക്കം ചാര്‍ത്തുമോ?

ആത്മവിശ്വാസവും ജീവിതത്തിലേക്കുള്ള ഉറപ്പായ പരിശീലനമാകുന്നുണ്ടോ നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസമെന്ന് വിലയിരുത്തണം. സാക്ഷരതയ്ക്ക് മുന്നിലാകുന്നത് നല്ലതുതന്നെ. പക്ഷെ നമ്മുടെ ഉന്നത വിദ്യാഭ്യാസ രേഖയുമായി പുറത്തേക്കിറങ്ങിയാല്‍ എവിടെയാണ് തൊഴില്‍? വിദ്യാഭ്യാസത്തിന്റെ ഈ ഔന്നത്യം ഇതര രാജ്യത്തെത്തിയാലും നമ്മുടെ മക്കള്‍ മറ്റെന്തെങ്കിലും 'പ്രായോഗിക വിദ്യാഭ്യാസം' ചെയ്താലേ പിടിച്ചു നില്‍ക്കാന്‍ ആകുകയുള്ളൂ. വളരെ ലളിതവും ആയാസരഹിതവും ടെന്‍ഷന്‍ ഫ്രീയുമായി ഇതര രാജ്യങ്ങളില്‍ വിദ്യാഭ്യാസം ചെയ്യുന്നവര്‍ക്ക് തൊഴിലുമുണ്ട് ജീവിതവുമുണ്ട്. ഇവിടെ എന്തുകൊണ്ട് വിദ്യാഭ്യാസം 'ക്യാമ്പ സില്‍' അവസാനിക്കുന്നുവെന്നു വിലയിരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്? ജീവിതത്തിന്റെ ആദ്യകാലങ്ങളിലാണ് മനുഷ്യന് അവസരങ്ങള്‍ ലഭിക്കേണ്ടത്! ഈ അവസരങ്ങളിലേക്ക് നാളെയുടെ മക്കളെ കൂട്ടിക്കൊണ്ടുവരാനും വ്യക്തിക്കും കുടുംബത്തിനും രാജ്യത്തിനും വ്യക്തിത്വ മികവ് ഉപയുക്തമാക്കാനും വിദ്യാഭ്യാസത്തിന്റെ നയങ്ങള്‍ക്ക് ആസൂത്രണ പാടവം ഉണ്ടാകണം.

  • രാഷ്ട്രീയം

രാഷ്ട്രീയം തൊഴിലാക്കുന്നതിലേക്കുള്ള 'പഠനകാലം' ഉണ്ടാകരുത്; രാഷ്ട്രീയം തൊഴിലല്ല! രാഷ്ട്ര സേവനത്തിലേക്ക് സകല ജനത്തെയും എത്തിക്കുന്ന ഒരു 'വിഷന്‍' വിദ്യാഭ്യാസ കാലത്തുണ്ടാകണം. വൈരങ്ങളും പ്രകോപനങ്ങളും കിടമത്സരങ്ങളും ഹിംസാത്മക ചിന്തകളും നാളെയുടെ മക്കളില്‍ ഉണ്ടാകാന്‍ ഇടയാകുമ്പോള്‍ മഹാത്മജിയുടെ സന്ദേശം രാജ്യപുരോഗതിയുടെ ചുക്കാന്‍ പിടിക്കുമോ? ബാല്യ കൗമാര യൗവന വാര്‍ധക്യ കാലങ്ങളുടെ കാലാകാലങ്ങളിലെ സ്വപ്‌നങ്ങള്‍ ഹനിക്കുന്നതാകരുത് വിദ്യാഭ്യാസം. കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളാക്കാന്‍ അനുവദിക്കാതെ സമ്മര്‍ദ പഠനങ്ങളും പുസ്തകകൂമ്പാരങ്ങളും ആപത്താണ്. സന്തോഷഭരിതമായ മനുഷ്യ സമൂഹത്തെ രൂപപ്പെടുത്തണമെങ്കില്‍ 'ടെന്‍ഷന്‍ ഫ്രീ' എഡ്യുക്കേഷന്‍ ഉണ്ടാകണം. ഒപ്പം പഠനവും ജോലിയുമെന്ന ആഗോള സങ്കല്പത്തിന്റെ സാധ്യതകള്‍ പ്രായോഗികവുമാക്കണം. പഠനംകൊണ്ട് ജീവിതത്തെ പണിതുയര്‍ത്താനുമാകണം ഒപ്പം മറ്റുള്ളവരെ കൈപിടിച്ചുയര്‍ത്തുന്നതുമാകണം വിദ്യാഭ്യാസം. മഹാത്മാക്കളുടെ സഞ്ചാരപഥം ഭാവി രാഷ്ട്രീയത്തിന് (താല്‍പര്യമുള്ളവര്‍ക്ക്) പാഠമാക്കുംവിധം വിദ്യാഭ്യാസ നയത്തിന്റെകൂടി ഭാഗമായി മാറണം. തെരുവില്‍ തമ്മില്‍ തല്ലുന്ന മക്കളാകരുത് നമ്മുടെ വിദ്യാലയങ്ങളിലൂടെ പുറത്തു വരുന്നത്. അച്ചടക്കവും അനുസരണവും സ്വഭാവ മേന്മയും സന്മാര്‍ഗ സഞ്ചാരവും വിദ്യാഭ്യാസത്തിന്റെ മേന്മകളാകണം. സഹകരണ മനോഭാവത്തിലൂന്നിയ സമഗ്ര വ്യക്തിത്വ വികാസം വിദ്യാഭ്യാസ കാലത്ത് നേടിയെടുക്കാന്‍ പര്യാപ്തമായ വിദ്യാലയ അന്തരീക്ഷം നമ്മുടെ നാട്ടില്‍ ഉണ്ടാകണമെന്നത് നയരൂപീകരണത്തിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നാകണം.

  • പഠനവും ജീവിതവും

ജനസാന്ദ്രത വളരെ കൂടിയിരിക്കുകയും പ്രതിശീര്‍ഷ ജി ഡി പി വളരെ കുറഞ്ഞിരിക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസാനുബന്ധമായ ജീവിതം ചിട്ടപ്പെടുത്തുന്നതില്‍ തികഞ്ഞ ദീര്‍ഘവീഷണം അത്യാവശ്യമാണ്. ലോണും ലോണിന്റെ മേല്‍ ലോണും എടുത്ത് ഇവിടുത്തെ പഠനാവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ പാടുപെടുന്ന മക്കളും മാതാപിതാക്കളും ഇവിടുത്തെ സാധാരണ സംഭവം മാത്രം. എന്നാല്‍ പഠനശേഷം ഇന്നാട്ടില്‍ സംലഭ്യമായ സാധ്യതകള്‍ വിദ്യാഭ്യാസത്തിന്റെ ഭാരിച്ച ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒന്നുമല്ല. മികവുറ്റ പഠനങ്ങള്‍ കൈമുതലാക്കിയ ബ്രെയിനും സര്‍ഗാത്മകതയും പ്രവാസത്തിലേക്ക് വഴി തിരിയുന്ന കാഴ്ച നാടിന്റെ വളര്‍ച്ചയെ തടയുമെന്നറിയണം. വിദേശത്ത് പഠനങ്ങള്‍, തൊഴില്‍ സാധ്യതയുമായി ഇഴചേരുമ്പോള്‍ നമുക്കിവിടെ പഠനം ഒരു വഴിയേ തൊഴിലോ എവിടെയെന്നറിയില്ല താനും. ഇതിനു മാറ്റം വരുന്ന വിദ്യാഭ്യാസ നയം രാഷ്ട്രീയത്തിന് അതീതമായി ഉണ്ടാകണം. നമ്മുടെ മക്കളുടെ പഠനം നാട്ടിലെ തന്നെ വികസനോന്മുഖ മേഖലയെ മുന്നില്‍ കണ്ടുകൊണ്ടാവണം; സാമൂഹിക വികസനവും പ്രതിശീര്‍ഷ ജി ഡി പിയെ ത്വരിതപ്പെടുത്തുന്നതുമാകണം. രാഷ്ട്രീയത്തിനും ഭരണത്തിനും അതീതമായി വിദ്യാഭ്യാസത്തിന് സ്ഥിരമായ ഉന്നത സമിതികള്‍ ഉണ്ടാകണം. പ്രതിബദ്ധതയുള്ള അധ്യാപകരുടെ സാന്നിധ്യം നയരൂപീകരണത്തില്‍ സ്ഥിരമായി ഉണ്ടാകണം. അധ്യാപക നിയമനവും രാഷ്ട്രീയത്തിന് അതീതമാകണം. ഗുണമേന്മ എന്നാല്‍ നന്മയുടെ ഫലം ഉണ്ടാകുന്നതെന്ന അര്‍ത്ഥം രൂഢമൂലമാകണം.

വൈറ്റ് കോളര്‍ ചിന്ത വിട്ട് ലളിതപഠനമെങ്കിലും ലക്ഷ്യബോധമുള്ള പഠനമുണ്ടാകണം. ജീവിതത്തിനുള്ള പരിശീലനമാകണം വിദ്യാഭ്യാസ നയത്തിന്റെ കാതല്‍. പഠനവും തൊഴിലും ഇഴചേരുന്ന ഇച്ഛാശക്തി വളര്‍ത്തിയെടുക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org