വിദ്യാഭ്യാസം എന്റെ വീക്ഷണത്തില്‍

ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് (ജൂബിലി മിഷന്‍ മെഡി. കോളേജിന്റെ സ്ഥാപക ഡയറക്റ്റര്‍)
വിദ്യാഭ്യാസം എന്റെ വീക്ഷണത്തില്‍
താത്പര്യമില്ലാതെ ചില കോഴ്‌സുകളില്‍ ചേരാന്‍ നിര്‍ബന്ധിതരാകുന്ന വിദ്യാര്‍ത്ഥികള്‍ സാമൂഹിക വിരുദ്ധരുടെ ഗണത്തില്‍ പെട്ടുപോകാനിടയുണ്ട്. യുവജനങ്ങള്‍ക്കിടയില്‍ ലഹരിയുടെ നീരാളിപ്പിടിത്തം ഉണ്ടാകുന്നതിന്റെ കാരണങ്ങളിലൊന്ന് ഈ സമ്മര്‍ദമാണ്.

വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ആദ്യം തന്നെ ഗുരുക്കന്മാരെയാണ് മനസ്സില്‍ വണങ്ങേണ്ടത്. മാതാപിതാക്കന്മാര്‍, ഔപചാരിക വിദ്യാഭ്യാസം നല്‍കിയ സ്‌കൂള്‍, കോളേജ് അധ്യാപകര്‍, അനൗപചാരികവിദ്യാഭ്യാസം നല്‍കിക്കൊണ്ടിരിക്കുന്ന സമൂഹം ഇവരെ നന്ദിയോടെ നമിക്കുന്നു. വിദ്യാഭ്യാസത്തെ ക്ലാസ് മുറി, ഗ്രന്ഥങ്ങള്‍, ലബോറട്ടറി തുടങ്ങിയ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഒതുക്കാനും ഞാനിഷ്ടപ്പെടുന്നില്ല; തീര്‍ച്ചയായും അവ സഹായക ഘടകങ്ങളാണ്.

അമ്മയാണ് എല്ലാവരുടെയും പ്രഥമഗുരു. 'മദര്‍ ടംഗ്' (Mother Toungue) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അമ്മ സംസാരിക്കുന്ന ഭാഷ എന്നാണല്ലോ. ശിശുവായിരുന്നപ്പോള്‍ അമ്മയുടെ കൈത്തണ്ടയില്‍ സുരക്ഷിതമായി അമ്മയുടെ മാറിലെ ചൂടിന്റെ സുഖത്തില്‍ ഏറ്റവും കൂടുതല്‍ നോക്കുന്നത് അമ്മയുടെ മുഖഭാവങ്ങളും, ചുണ്ടിന്റെ ചലനവും, ഓമനത്തം കലര്‍ന്ന അമ്മയുടെ ശബ്ദങ്ങളുമാണ്. അമ്മയുടെ മുഖം പ്രകാശിതമായി പുഞ്ചിരിക്കുമ്പോള്‍ കുഞ്ഞ് സന്തോഷത്തിന്റെ ആദ്യപാഠം മനസ്സിലാക്കിക്കഴിഞ്ഞു. ഭര്‍ത്താവിന്റെ ആക്രോശങ്ങളോ കുടുംബത്തിലെ വഴക്കുകളോ മൂലം അമ്മയുടെ മുഖകാന്തി മങ്ങുമ്പോള്‍ കുഞ്ഞിന്റെ സന്തോഷവും കുറയുന്നു. വാക്കുകളില്ലാത്ത ഈ മൗനസംഭാഷണമാണ് കുഞ്ഞിന്റെ പ്രഥമ വിദ്യാഭ്യാസം. അമ്മമുഖത്തിന്റെ വ്യതിയാനങ്ങള്‍ കുഞ്ഞിന്റെ സ്വഭാവത്തെ ഭാവിയില്‍ രൂപപ്പെടുത്തുന്ന പ്രധാന ഘടകമാണ്. 1960-കളുടെ അവസാനത്തില്‍ ഭാരതത്തിന്റെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനായി 'കോത്താരി കമ്മീഷന്‍' എന്ന ഉന്നതാധികാര സമിതി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിന്റെ ആദ്യവാചകം തന്നെ ഈ പഠനം ലക്ഷ്യം തെറ്റിപ്പോയി എന്ന് സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ക്ക് തോന്നിയിരുന്നു. 'വിദ്യാഭ്യാസം ക്ലാസ്മുറിയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്ന് ആരംഭിക്കുന്നു' എന്നായിരുന്നു റിപ്പോര്‍ട്ടിലെ ആദ്യവാചകം. തുറന്ന സാമൂഹികവീക്ഷണമുള്ള ഒരു വ്യക്തിക്കും ഇത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. പുസ്തകങ്ങളില്‍ അച്ചടിക്കപ്പെട്ടതിനേക്കാള്‍ അലിഖിതമായ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളില്‍നിന്നാണ് ജനനം മുതല്‍ മനുഷ്യര്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. ഔപചാരികവിദ്യാഭ്യാസം വിദ്യാര്‍ത്ഥിക്ക് ദിശയും സാധ്യതകളും നല്‍കുന്നു എന്നത് സത്യം തന്നെ.

കേരളത്തില്‍ പരമ്പരാഗതമായി SSLC പരീക്ഷ കഴിഞ്ഞാല്‍, മറ്റ് വലിയ ആലോചനകളൊന്നുമില്ലാതെ കോളേജ് പഠനം ആരംഭിക്കുന്നു. വിദ്യാര്‍ത്ഥിയുടെ മനസ്സറിഞ്ഞല്ല, മാര്‍ക്ക് നോക്കിയാണ് കോളേജ് (ഇപ്പോള്‍ പ്ലസ് ടു) പ്രവേശനം. ഒരു തൊഴിലധിഷ്ഠിത ഡിഗ്രി കോഴ്‌സിനെക്കുറിച്ചുള്ള ചിന്ത പലപ്പോഴും വിദ്യാര്‍ത്ഥിക്കോ രക്ഷിതാക്കള്‍ക്കോ കാണണമെന്നില്ല. ചില മാതാപിതാക്കന്മാര്‍ക്ക് കുട്ടിയെ വൈദ്യശാസ്ത്ര പഠനത്തിന് അയയ്ക്കണമെന്ന് നിര്‍ബന്ധം, എന്നാല്‍ വിദ്യാര്‍ത്ഥിക്ക് അഗ്രികള്‍ച്ചറോ, കോമേഴ്‌സോ മറ്റോ ആയിരിക്കും താത്പര്യം. ഈ ആത്മസംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥി പരാജയപ്പെടാനാണ് സാധ്യത. ഇഷ്ടമില്ലാത്ത വിഷയങ്ങള്‍ കുട്ടികളുടെമേല്‍ അടിച്ചേല്പിക്കരുത്. അച്ഛനമ്മമാരും മക്കളും തമ്മില്‍ വലിയ അകല്‍ച്ചയിലേക്ക് ഇത് വഴിവയ്ക്കും.

SSLC, +2 പ്രവേശനത്തിനു മുമ്പ് വിദ്യാര്‍ത്ഥിയുടെ അഭിരുചി മനസ്സിലാക്കാന്‍ വിദഗ്ധരായ കൗണ്‍സിലര്‍ വിദ്യാര്‍ത്ഥിയെ ഇന്റര്‍വ്യൂ ചെയ്യുകയും അച്ഛനമ്മമാരെ അത് ബോധ്യപ്പെടുത്തുകയും ചെയ്യാനുള്ള സംവിധാനം സര്‍ക്കാര്‍ തലത്തില്‍ നിര്‍ബന്ധമായി ഏര്‍പ്പെടുത്തണം. ഇവര്‍ നല്‍കുന്ന വസ്തുനിഷ്ഠമായ വിലയിരുത്തലിന് ഉന്നതവിദ്യാഭ്യാസാരംഭത്തില്‍ വെയ്‌റ്റേജ് നല്‍കണം. അല്ലെങ്കില്‍ 'സ്‌ക്വയര്‍ പെഗ് ഇന്‍ എ സര്‍ക്കിള്‍' പ്രതിഭാസം സംഭവിക്കും. അഭിരുചിയുണ്ടെങ്കിലേ പ്രഫഷണല്‍ അഭിനിവേശമുണ്ടാകൂ. താത്പര്യമില്ലാതെ ചില കോഴ്‌സുകളില്‍ ചേരാന്‍ നിര്‍ബന്ധിതരാകുന്ന വിദ്യാര്‍ത്ഥികള്‍ സാമൂഹികവിരുദ്ധരുടെ ഗണത്തില്‍ പെട്ടുപോകാനിടയുണ്ട്. യുവജനങ്ങള്‍ക്കിടയില്‍ ലഹരിയുടെ നീരാളിപ്പിടിത്തം ഉണ്ടാകുന്നതിന്റെ കാരണങ്ങളിലൊന്ന് ഈ സമ്മര്‍ദമാണ്.

ചില വികസിതരാജ്യങ്ങളില്‍ ഹൈസ്‌ക്കൂള്‍ തലം മുതല്‍ കൗണ്‍സിലിങ്ങിലൂടെ വിദ്യാര്‍ത്ഥിയുടെ അഭിരുചി തിരിച്ചറിയാനുള്ള ഫലപ്രദമായ സംവിധാനങ്ങള്‍ നിലവിലുണ്ട്. തന്മൂലം ആ ദിശയില്‍ പഠനം തുടര്‍ന്ന് വരുമാനം കണ്ടെത്തി സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവ് ലഭിക്കുന്നു.

ഡോക്ടര്‍, എഞ്ചിനീയര്‍, പ്രൊഫസര്‍ തുടങ്ങിയവ മാത്രമാണ് സമുന്നതസ്ഥാനമുള്ള ജോലികള്‍ എന്ന് ധരിച്ചവരാകുന്നത് മൗഢ്യമാണ്. വികസിതരാജ്യങ്ങളില്‍ തോട്ടപ്പണിക്കാരനെ 'ട്രീ ഡോക്ടര്‍' എന്നാണ് അഭിസംബോധന ചെയ്യുക. അവരുടെ വാഹനത്തില്‍ വന്ന് മണിക്കൂറിനു സാമാന്യം നല്ല കൂലി അവര്‍ നേടുന്നു. നമ്മുടെ നാട്ടില്‍ തോട്ടപ്പണിയെന്നത് നാലാംകിട ജോലിയാണ്.

വൈറ്റ് കോളര്‍ ഭ്രമം!! SSLC കഴിഞ്ഞാലുടന്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ചേര്‍ന്ന് പഠിച്ച് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയാല്‍ സ്വദേശത്തും വിദേശത്തും നല്ല ജോലിസാധ്യതയുണ്ട്. കാര്‍ഷിക സര്‍വകലാശാലകളില്‍ വൈവിധ്യങ്ങളാര്‍ന്ന കോഴ്‌സുകള്‍ ഉണ്ട്; പാസായാല്‍ ഉടനെ ജോലിയും. പരമ്പരാഗതമായ ബി.എ, ബി. എസ്.സി, ബി.കോം ബിരുദങ്ങളെക്കാള്‍ അപ്ലൈഡ് പഠന കോഴ്‌സ് പാസ്സായവരെയാണ് പ്ലേസ്‌മെന്റിന് എത്തുന്ന ഉദ്യോഗസ്ഥന്മാര്‍ അന്വേഷിക്കുന്നത്. യോഗ്യതയുള്ളവര്‍ക്ക് ഉടന്‍ അപ്പോയന്റ്‌മെന്റ് മെമ്മോ ലഭിക്കുന്നു.

ഇംഗ്ലണ്ട്, ആസ്‌ത്രേലിയ, കാനഡ തുടങ്ങിയ പ്രദേശത്ത് എങ്ങനെയെങ്കിലും എത്തിച്ചേര്‍ന്നാല്‍ സ്വര്‍ഗത്തിലെത്താം എന്ന് ആധുനിക യുവജനങ്ങള്‍ ധരിച്ച് വശായിരിക്കുന്നു! ഇന്നാട്ടിലെന്നപോലെ ജോലി ചെയ്യുകയാണെന്ന് നടിച്ച് പണമടിച്ചെടുക്കാമെന്ന് അവര്‍ കരുതുന്നു. പഠനവും, ഒഴിവുസമയങ്ങളില്‍ ജോലിയും ചെയ്താണ് അവിടെ ഭൂരിപക്ഷവും ജീവിക്കുന്നത്.

ഭാരതത്തില്‍ത്തന്നെ വൈവിധ്യമാര്‍ന്ന ജോലികളും സാധ്യതകളുമുണ്ട്. പക്ഷേ നമുക്ക് മെയ്യനങ്ങാന്‍ വയ്യ. പിന്നെ ആര്‍ക്കാണ് ഇത്തരക്കാരെ ഉയര്‍ത്തിയെടുക്കാന്‍ സാധിക്കുക.

വിദ്യാഭ്യാസം, തൊഴില്‍ എന്നിവയെക്കുറിച്ചുള്ള നമ്മുടെ മനോഭാവം അടിമുടി മാറ്റാന്‍ കഴിവുള്ള വിദ്യാഭ്യാസരീതിയാണ് നമുക്കാവശ്യം. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അവലംബിച്ചിരിക്കുന്ന വിദ്യാഭ്യാസ നവീകരണം വെറും ആഭാസമാണ്. ഉദാ: മെഡിക്കല്‍ വിദ്യാഭ്യാസം. ഹിന്ദിയിലും സംസ്‌കൃതത്തിലുമായാല്‍ ബിരുദാനന്തരബിരുദത്തിന് പ്രമുഖ സര്‍വകലാശാലകളെ സമീപിക്കുമ്പോള്‍, സംസ്‌കൃതത്തില്‍ പഠിച്ചത് ഒന്നിനും പ്രയോജനപ്പെടില്ല. ലോകമെമ്പാടും ഡോക്ടര്‍മാര്‍ 'ഹിപ്പോക്രേറ്റസ് പ്രതിജ്ഞ'യെടുക്കുമ്പോള്‍, നമുക്ക് ഇവിടെ 'ചരക പ്രതിജ്ഞ'. ഇതൊന്നുമല്ല വിദ്യാഭ്യാസ നവീകരണവും പുരോഗതിയും. രാഷ്ട്രീയ അജണ്ട മനസ്സില്‍ സൂക്ഷിക്കുന്നവര്‍ വിദ്യാഭ്യാസത്തിന്റെ സംരക്ഷകരല്ല, അന്തകരായിരിക്കും. കാലോചിതമായ മൂല്യബോധം വിദ്യാഭ്യാസത്തിന്റെ മേമ്പൊടി ആയിരിക്കുകയും വേണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org