ആവാസവ്യവസ്ഥകള്‍ തകിടം മറിയുമ്പോള്‍

ആവാസവ്യവസ്ഥകള്‍ തകിടം മറിയുമ്പോള്‍
'ദൈവം നല്കിയ വിഭവങ്ങളെ നാം ഉത്തരവാദിത്വമില്ലാതെ ദുര്‍വിനിയോഗം ചെയ്യുന്നതു വഴി ഭൂമി അവള്‍ക്കേറ്റ ക്ഷതങ്ങള്‍ മൂലം നമ്മെ നോക്കി വിലപിക്കുന്നു' എന്ന് ലൗദാത്തോ സീ എന്ന ചാക്രിക ലേഖനത്തില്‍ ഫ്രാന്‍സിസ് പാപ്പ എഴുതിവെച്ചിരിക്കുന്നത് നമ്മള്‍ കാണാതെ പോകരുത്.

അഗ്രാഹ്യമായ അത്ഭുതങ്ങളുടെയും നിഗൂഢങ്ങളായ രഹസ്യങ്ങളുടെയും അക്ഷയഖനിയാണ് പ്രപഞ്ചം. യുഗയുഗങ്ങളായി വള്ളിക്കോ പുള്ളിക്കോ മാറ്റമില്ലാതെ നിലനില്ക്കുന്ന അഖിലാണ്ഡകടാഹം രൂപകല്പന ചെയ്ത പരംപൊരുളിന്റെ കരവിരുതും ദീര്‍ഘവീക്ഷണവും ഒരുനാളും അപഗ്രഥനങ്ങള്‍ക്ക് വഴിപ്പെടുന്നില്ല. മനുഷ്യന്റെ ബുദ്ധിക്കും അവന്‍ വികസിപ്പിച്ചെടുത്ത ശാസ്ത്രത്തിന്റെ അഹന്തയ്ക്കും എത്തിനോക്കാന്‍ പോലും സാധിക്കാത്ത സങ്കീര്‍ണതകള്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പ്രപഞ്ചത്തിന്റെ ഒരു ചെറിയ കണിക മാത്രമാണ് നാം അധിവസിക്കുന്ന ഭൂമി. ഭൂമിയും അതുള്‍പ്പെടുന്ന നവഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും കേന്ദ്ര ബിന്ദുവായ സൂര്യനുമടങ്ങുന്ന സൗരയൂഥത്തേക്കാള്‍ ബ്രഹ്മാണ്ഡമായ ശതകോടി സൗരയൂഥങ്ങള്‍ പ്രപഞ്ചത്തിലുണ്ടെന്ന് ചിന്തിക്കുമ്പോളാണ് സൃഷ്ടിയുടെ മഹത്വവും ഈ കൊച്ചുഭൂമിയുടെ നിസ്സാരതയും വെളിവാകുന്നത്. സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളിലോ അന്യസൗരയൂഥങ്ങളിലോ ജീവന്റെ സാന്നിധ്യമുണ്ടോയെന്ന് എന്നറിഞ്ഞുകൂടാ. ഭൂമിയുടെ അയല്‍ഗ്രഹങ്ങളിലെങ്കിലും അതുണ്ടോ എന്നറിയാനുള്ള പരീക്ഷണങ്ങള്‍ ശാസ്ത്രം തുടങ്ങിവെച്ചിട്ട് നാളേറെയായി. ഇന്നുവരെ തറപ്പിച്ചൊരു മറുപടി പറയാന്‍ കഴിഞ്ഞിട്ടില്ല. അതെന്തായാലും യുഗങ്ങള്‍ക്കു മുമ്പ് സൃഷ്ടിയുടെ അവസരത്തില്‍ പ്രപഞ്ചത്തിലെ സകല വസ്തുക്കള്‍ക്കുമായി ദൈവം നിശ്ചയിച്ചുറപ്പിച്ച ആവാസവ്യവസ്ഥകള്‍ ഭൂമിയൊഴികെ മറ്റെല്ലാ ഭാഗങ്ങളിലും ഇന്നും അഭംഗുരം തുടരുന്നു. എന്നാല്‍ ഭൂമിയില്‍ ആ വ്യവസ്ഥകള്‍ അപ്പാടെ തകിടം മറിഞ്ഞു എന്നതിന് ക്രമം തെറ്റിയ പ്ര കൃതിതന്നെ തെളിവാണ്.

കൃത്യമായ വ്യവസ്ഥകളോടു കൂടിയാണ് സ്രഷ്ടാവായ ദൈവം ആദിമാതാപിതാക്കളെ ഏദന്‍ തോട്ടത്തില്‍ ജീവിക്കാന്‍ വിട്ടത്. എന്നാല്‍ അവര്‍ ആ വ്യവസ്ഥകളെല്ലാം കാറ്റില്‍ പറത്തി. ദൈവത്തിന്റെ തിരുഹിതം അട്ടിമറിച്ചവര്‍ അതിന്റെ ഫലമറിഞ്ഞു. ഭൂമിയിലെ അന്തരീക്ഷം കലുഷിതമായി. ശാന്തികവാടങ്ങള്‍ അടഞ്ഞു. അവിടെ നിന്നിങ്ങോട്ട് അശാന്തിയുടെ ഘോഷമാണ്. ആബേലിന്റെ രക്തം ഭൂമിയില്‍ കിടന്ന് സ്വര്‍ഗ്ഗത്തെ നോക്കി നീതിക്കായി നിലവിളിച്ചു. തിന്മ പെരുകി. ഭൂമിയില്‍ നീതിമാന്മാര്‍ ഇല്ലെന്നായി. ഫലമോ? നാല്പത് രാവും നാല്പത് പകലും നീണ്ടുനിന്ന ഒറ്റമഴപ്പെയ്ത്തില്‍ ഭൂമി അപ്പാടെ പ്രളയ ജലത്തില്‍ മുങ്ങിപ്പോയില്ലേ? എന്നിട്ടും തിന്മയില്‍നിന്ന് പിന്തിരിയാന്‍ തയ്യാറാകാതിരുന്ന ജനത്തിന്റെ പട്ടണങ്ങള്‍ കത്തി ചാമ്പലായി. ഭൂമിയില്‍ നിലവിലിരുന്ന ആവാസവ്യവസ്ഥകള്‍ ഒന്നടങ്കം പോയി മറഞ്ഞു.

പ്രകൃതിയുടെ നയവും നൈയാമികതയുമാണ് ആവാസയോഗ്യമായ നിയമങ്ങള്‍ വെളിപ്പെടുത്തുന്നത്. ദൈവികനിയമങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നതും മറ്റൊന്നുമല്ല. ദൈവം ഭൂമിയില്‍ രൂപപ്പെടുത്തിയ ഇത്തരം വ്യവസ്ഥകള്‍ പ്രാരംഭം മുതല്‍ക്കുതന്നെ മനുഷ്യന്‍ ലംഘിച്ചിരുന്നുവെന്ന് സൂചിപ്പിക്കാനാണ് ആബേലിന്റെ വധവും നോഹയുടെ കാലത്തെ വെള്ളപ്പൊക്കവും സോദോം ഗൊമേറയുടെ നാശവും പരാമര്‍ശവിധേയമായത്. അന്യഗ്രഹങ്ങളുടെ സ്ഥിതി നമുക്കറിഞ്ഞുകൂടാ. എന്നാല്‍ ഭൂമിയില്‍ പുരാണങ്ങളും ഇതിഹാസങ്ങളും പ്രാക്തനപ്രോക്തങ്ങളായ തത്വസംഹിതകളും ആത്മ നിവേശിതങ്ങളായ വേദഗ്രന്ഥങ്ങളുമൊക്കെ ഈ വ്യവസ്ഥകള്‍ക്ക് പിന്‍ബലം നല്കുന്നവയാണ്. തത്വചിന്തകരും മതസ്ഥാപകരും പ്രഭാഷകരും പ്രവാചകരും പ്രഘോഷിച്ചതും മറ്റൊന്നുമല്ല. ചുരുക്കത്തില്‍ ഭൂമിയുടെ ആവിര്‍ഭാവം മുതല്‍ ഇന്നോളം ചേതനവും അചേതനവുമായ സകലതിന്റെയും ക്രമം തെറ്റാത്ത നിലനില്പ് ഈ വ്യവസ്ഥകളെ ആശ്രയിച്ചിരിക്കുന്നു.

ക്രമേണ കാലം മാറി. കാലാവസ്ഥ മാറി. അത്ര എളുപ്പം പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രതിസന്ധിയാണ് ഇന്ന് സംജാതമായിരിക്കുന്നത്; അല്ലെങ്കില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അന്തരീക്ഷമലിനീകരണം, ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, ഭൂമിയുടെ നൈസര്‍ഗികതയ്ക്ക് മേലുള്ള കടന്നുകയറ്റം, സമുദ്രജലത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍, മഞ്ഞുമലകളുടെ ഉരുകിയൊഴുകല്‍ തുടങ്ങിയ സ്വഭാവികവും നിര്‍മ്മിതവുമായ പ്രാതികൂല്യങ്ങള്‍ ഭൂമിയിലെ ആവാസവ്യവസ്ഥകളെ ഒന്നടങ്കം തകിടം മറിക്കുമ്പോള്‍ ഭൂകമ്പം, മലയിടിച്ചില്‍, അഗ്‌നിപര്‍വ്വത വിസ്‌ഫോടനം, ഉരുള്‍പൊട്ടല്‍, ജലപ്രളയം, സുനാമി, കാട്ടുതീ, പകര്‍ച്ച വ്യാധികള്‍ ആദിയായ പരിണിത ഫലങ്ങള്‍ അനിവാര്യമായി വരുന്നു. മനുഷ്യന്‍ അവന്റെ നിയന്ത്രിക്കാനാവാത്ത ജഡികമോഹങ്ങള്‍ക്കും അധാര്‍മ്മികമായ ധനാര്‍ത്ഥിക്കും വശപ്പെട്ട് കാട്ടിക്കൂട്ടുന്ന സന്മാര്‍ഗവിരുദ്ധമായ സകല ചെയ്തികള്‍ക്കും ഇന്നല്ലെങ്കില്‍ നാളെ ഒരു തിരിച്ചടി ഉണ്ടായേ മതിയാവൂ.

കാലാവസ്ഥാവ്യതിയാനത്തിനും ആഗോളതാപനത്തിനും മുഖ്യകാരണമായി പറയപ്പെടുന്നത് മനുഷ്യ നിര്‍മിതമായ അന്തരീക്ഷ മലിനീകരണമാണ്. ഭവനങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവ മുതല്‍ പടുകൂറ്റന്‍ വ്യവസായശാലകള്‍ വരെ പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ്, നൈട്രിക് ഓക്‌സൈഡ്, മിഥേന്‍ ആദിയായ ഹരിതഗൃഹവാതകങ്ങളുടെ കനത്ത സാന്നിധ്യം മൂലം സൂര്യപ്രകാശത്താല്‍ ചൂടുപിടിക്കുന്ന ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് മുകളിലേയ്ക്ക് മടങ്ങേണ്ട ചൂടിന്റെ ഒരു ഭാഗം ഭൂമിയില്‍ തന്നെ തുടരുന്നു. ഇതുമൂലം ഭൂമിയില്‍ വ്യാപിക്കുന്ന ചൂടിന്റെ വര്‍ദ്ധനയാണ് ആഗോള താപനം. ഇത് കാലാവസ്ഥാ വ്യതിയാനത്തിനും പര്‍വ്വതങ്ങളിലെ മഞ്ഞുരുകലിനും സമുദ്രജലത്തിന്റെ നിമ്‌നോന്നതിക്കും കാരണമാകുന്നു. കാലാവസ്ഥാവ്യതിയാനം മനുഷ്യനുള്‍പ്പെടെ സകല ജീവ ജാലങ്ങളിലും കാണപ്പെടുന്ന ജീവിതക്രമത്തിന്റെ താളം തെറ്റിക്കുന്നത് നമുക്ക് ചിരപരിചിതമാണല്ലൊ. സമുദ്രാന്തര്‍ഭാഗത്തുണ്ടാകുന്ന ഭൂകമ്പവും തല്ഫലമായ സു നാമിയും ഭൂവിഭാഗങ്ങളെ തീര്‍ത്തും നാമാവശേഷമാക്കുന്നു. ചുഴലിക്കൊടുങ്കാറ്റുകളും ഈ ആഗോളതാപനത്തിന്റെ തിക്തഫലങ്ങളാണെന്ന് പറയുമ്പോള്‍ അതിനിടയാക്കുന്ന അന്തരീക്ഷ മലിനീകരണത്തിന് ഒരു ചെറിയ കാരണം പോലും നമ്മുടെ ജാഗ്രതക്കുറവ് മൂലം സംഭവിച്ചു കൂടാത്തതാണ്. നേരെ മറിച്ച് കഴിയാവുന്നിടത്തൊക്കെ അന്തരീക്ഷത്തെ മലിനപ്പെടുത്തുകയാണ് നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും മൂലം ഉല്ഭൂതമാകുന്ന മറ്റൊരു വന്‍ദുരന്തമാണ് കത്തിപ്പടരുന്ന കാട്ടുതീ. അമേരിക്ക, ടര്‍ക്കി, ഓസ്‌ട്രേലിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ കോടിക്കണക്കിന് ഏക്കര്‍ ഭൂമി ഇതിനോടകം ചാമ്പലായി. ഭൂമിയുടെ ശ്വാസകോശമെന്നറിയപ്പെടുന്ന ആമസോണ്‍ കാടുകളില്‍ 2019 ല്‍ പടര്‍ന്ന കാട്ടുതീ എത്ര വലിയ നാശനഷ്ടമാണുണ്ടാക്കിയതെന്ന് വാര്‍ത്തകളിലൂടെ നമ്മള്‍ അറിഞ്ഞു.

നമുക്ക് ആവാസവ്യവസ്ഥകള്‍ ഒരുക്കിത്തരുന്ന പ്രകൃതിയിലേയ്ക്ക് മടങ്ങി വരാം. അവിടെ അത്യാഗ്രഹിയായ മനുഷ്യന്‍ ഏല്പ്പിച്ച അഗാധമായ മുറിവിന്റെ പാടുകളുണ്ട്. മരിച്ച മലയും മരിച്ച കാടും മരിച്ച പുഴയും മരിച്ച പാറയും ഒരു കാലത്ത് ജീവനോടെ അവിടെയുണ്ടായിരുന്നു. ഇന്നോ? തിളങ്ങുന്ന തണ്ണീര്‍ത്തടങ്ങളുടെ സ്ഥാനത്ത് ഭൂമിയുടെ കണ്ണീര്‍ച്ചാലുകള്‍ മാത്രം. 'ഒരു കാക്കക്കാലിന്റെ നിഴല്‍പോലും ഇല്ലാത്ത വരണ്ട നഗര'മെന്ന് കടമ്മനിട്ട വിലപിച്ചത് ഈ ഭൂമിയെ നോക്കിയാണ്. 'കോണ്‍ക്രീറ്റ് വൃക്ഷങ്ങളുടെ തണല്‍ പറ്റി ഭൂമി ഉറങ്ങുന്ന കാലം ഇന്ന് എന്റെ ഉറക്കം കെടുത്തുന്നു' എന്ന് കെ.ജി. ശങ്കരപ്പിള്ള പരാതി പറഞ്ഞതും ഈ ഭൂമിയെത്തന്നെ മനസ്സില്‍ കണ്ടിട്ടാണ്. 'ദൈവം നല്കിയ വിഭവങ്ങളെ നാം ഉത്തര വാദിത്വമില്ലാതെ ദുര്‍വിനിയോഗം ചെയ്യുന്നതുവഴി ഭൂമി അവള്‍ക്കേറ്റക്ഷതങ്ങള്‍ മൂലം നമ്മെ നോക്കി വിലപിക്കുന്നു' എന്ന് ലൗദാത്തോ സീ എന്ന ചാക്രിക ലേഖനത്തില്‍ ഫ്രാന്‍സിസ് പാപ്പ എഴുതി വെച്ചിരിക്കുന്നത് നമ്മള്‍ കാണാതെ പോകരുത്.

വര്‍ഷങ്ങളായി ആവാസവ്യവസ്ഥകളെ തകിടം മറിക്കുന്ന നടപടികള്‍ അവലംബിക്കുക വഴി പ്രകൃതിയുടെ രീതിയും ദൈവത്തിന്റെ നീതിയും ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ സ്രഷ്ടാവിന് മുന്നറിയിപ്പ് തരാതെ ഗത്യന്തരമില്ലാതെ വന്നു. പ്രകൃതിദുരന്തങ്ങളും ജല പ്രളയവും ഭൂകമ്പവും സുനാമിയും ചുഴ ലിക്കാറ്റും വിളനാശവും കണ്ടിട്ടും കൊണ്ടിട്ടും പഠിച്ചില്ല നമ്മള്‍. ഒടുവിലിതാ കഴിഞ്ഞ ഒന്നരക്കൊല്ലമായി നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ മഹാമാരി അയച്ച് നമ്മെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ഈ ബന്ധനത്തില്‍ നിന്ന് എന്ന് എങ്ങനെയൊരു മോചനം? നമുക്കറിയില്ല. സ്വയം രൂപപ്പെട്ടതോ പരീക്ഷണശാലയില്‍ നിന്ന് പുറത്ത് ചാടിയതോ എന്തായാലും ഈ പരീക്ഷണകാലം മറികടക്കാന്‍ ലഭിക്കുന്ന പ്രതിരോധ മാര്‍ഗങ്ങളോടൊപ്പം പ്രപഞ്ചനാഥനോടുള്ള ഹൃദയംഗമമായ പ്രാര്‍ത്ഥനയും അവശ്യം ആവശ്യമായിരിക്കുന്നു. ഇസ്രായേലിന്റെ രാജാവായിരുന്ന സോളമനെപ്പോലെ ഉന്നതങ്ങളിലേയ്ക്ക് കരങ്ങളുയര്‍ത്തി നമുക്കും പ്രാര്‍ത്ഥിക്കാം:

'ദൈവമേ... അങ്ങയുടെ ജനമായ ഞങ്ങള്‍ അങ്ങയിലേയ്ക്ക് തിരിഞ്ഞ് ഞങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കുമ്പോള്‍ ഞങ്ങളോട് ക്ഷമിക്കുകയും ആകാശം തുറന്ന് ഞങ്ങളുടെ മേല്‍ കൃപ വര്‍ഷിക്കുകയും അങ്ങനെ അങ്ങ് ഞങ്ങള്‍ക്ക് തന്നിരിക്കുന്ന ഈ ഭൂമിയില്‍ ഞങ്ങളെ ബന്ധനത്തിലാക്കിയിട്ടുള്ള മഹാമാരിയുടെ കരാളഹസ്തങ്ങളില്‍ നിന്ന് ഞങ്ങളെ മോചിപ്പിക്കുകയും ചെയ്യണമെ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org