ദേവസ്യ എന്ന ദേവസ്യ

ദേവസ്യ എന്ന ദേവസ്യ

നാടകരംഗേത്തക്ക് കടന്നുവരുന്നതിനു മുമ്പ് ഞാന്‍ ചെറുകഥകളും നര്‍മ്മലേഖനങ്ങളും വിനോദഭാവനകളുമാണ് എഴുതിക്കൊണ്ടിരുന്നത്. അവ അക്കാലത്തെ ചില ആനുകാലികങ്ങളിലും മാസികകളിലും പ്രസിദ്ധീകരിച്ചു വന്നു. എന്നാല്‍ എനിക്കു കൂടുതല്‍ സംതൃപ്തി തന്ന ഒരു മാസികയായിരുന്നു തേവരയില്‍ നിന്നു പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന 'ജയഭാരതം'. തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ മലയാളം പ്രൊഫസറും സംസ്‌കൃത പണ്ഡിതനുമായ പി സി ദേവസ്യയായിരുന്നു അതിന്റെ പത്രാധിപര്‍. ഓരോ ലക്കത്തിലും കേരളത്തിലെ പ്രമുഖരായ പല എഴുത്തുകാരും അതില്‍ അണിനിരന്നിരുന്നു. അക്കൂട്ടത്തില്‍ ഈ എളിയവന്റെ കഥകളും നര്‍മ്മലേഖനങ്ങളും ഉള്‍പ്പെട്ടു എന്നതില്‍ ഞാനഭിമാനിക്കുന്നു.

എന്റെ രചനകള്‍ വായിച്ച് അദ്ദേഹം വേണ്ട തിരുത്തലുകള്‍ നടത്തിയും കുറവുകള്‍ നികത്തിയുമാണ് പ്രസിദ്ധീകരിച്ചിരുന്നത്. അത് എനിക്കു വലിയ പ്രോത്സാഹനവും ഉത്തേജനവുമായിരുന്നു. ചുരുക്കത്തില്‍ സാഹിത്യരംഗത്ത് എനിക്കു ചെറിയൊരു മേല്‍വിലാസം ഉണ്ടാക്കിത്തരാന്‍ സഹായിച്ചത് അദ്ദേഹമാണ്. ആ സ്‌നേഹത്തിനും മഹാമനസ്‌ക്കതയ്ക്കും എന്റെ നന്ദിയും കടപ്പാടും ഞാന്‍ അന്നേ അദ്ദേഹത്തെ അറിയിച്ചിരുന്നു. ഇതെല്ലാം സംഭവിക്കുന്നതു 1950 കളിലാണ്. പിന്നീടാണ് ഞാന്‍ നാടകരംഗത്തു പ്രവേശിച്ചതും അതില്‍ ഉറച്ചു നിന്നതും. ചെറുകഥാ രംഗത്തേക്ക് പിന്നെ തിരിഞ്ഞു നോക്കിയില്ല.

തേവര കോളജില്‍ അധ്യാപകനാവുന്നതിനു മുമ്പ് അദ്ദേഹം തൃശ്ശൂര്‍ സെന്റ് തോമസ് കോളജിലാണ് തന്റെ അധ്യാപനം തുടങ്ങിവച്ചത്. പ്രഗത്ഭമതികളായ ജോസഫ് മുണ്ടശ്ശേരിയും എം പി പോളും സഹാധ്യാപകരായിരുന്നു. മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്‍, കേന്ദ്രമന്ത്രിയായിരുന്ന സി എം സ്റ്റീഫന്‍, കേരള ധനകാര്യ മന്ത്രിയായിരുന്ന എന്‍ കെ ശേഷന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട വന്‍ ശിഷ്യനിര പി സി ദേവസ്യയുടെ സമ്പത്താണ്.

അദ്ദേഹം തികഞ്ഞൊരു കലാകാരനും ചിത്രകാരനുമായിരുന്നു. അദ്ദേഹം വരച്ച ടാഗോറിന്റെയും കാര്‍ഡിനല്‍ ന്യൂമാന്റെയും ചിത്രങ്ങള്‍ ചിത്രകലയിലെ അദ്ദേഹത്തിന്റെ പാടവം വിളിച്ചോതുന്നു. അദ്ദേഹം വരച്ച ഒരു ചിത്രം സെന്റ് തോമസ് കോളജിലെ ഒരു മുറിയില്‍ ഞാന്‍ കണ്ടിട്ടുണ്ട്. കളിമണ്‍ പ്രതിമ നിര്‍മ്മാണത്തിലും അദ്ദേഹം വിദഗ്ദ്ധനായിരുന്നു. ചുരുക്കത്തില്‍ പ്രൊഫ. പി സി ദേവസ്യ ഒരു സര്‍വകലാവല്ലഭനായിരുന്നു.

കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കിടയിലെ ചുരുക്കം ചില സംസ്‌കൃത പണ്ഡിതരിലൊരാളായ പി സി ദേവസ്യ സംസ്‌കൃത ഭാഷ പഠിച്ചതിനു പിന്നിലും രസകരമായ ഒരു സംഭവമുണ്ട്. കുടമാളൂരിലെ പ്ലാക്കിയില്‍ കുടുംബാംഗമാണ് ദേവസ്യ. ബാലനായിരിക്കെ എല്ലാ ദിവസവും പുലര്‍ച്ചയ്ക്ക് അടുത്തുള്ള ക്ഷേത്രത്തില്‍ നിന്നു ദേവസ്യ എന്ന തന്റെ പേര് ഉച്ചരിച്ചുകൊണ്ടു ശ്ലോകങ്ങള്‍ കേള്‍ക്കാം. ക്രിസ്ത്യാനിയായ തന്റെ പേരെന്താ ഇവരിങ്ങനെ എന്നും ഉരുവിടുന്നത് എന്നറിയാന്‍ കൗതുകമായി. സമീപത്തുള്ള തെക്കേടത്തു മനയിലെ ഭട്ടതിരിപ്പാട് ഇതുപോലെ ചൊല്ലുന്നതു കേട്ടിട്ടുണ്ട്. ബാലനായ ദേവസ്യ ഒരു ദിവസം തന്റെ സംശയം തീര്‍ക്കാന്‍ അദ്ദേഹത്തെ സമീപിച്ചു. അദ്ദേഹം ഒരു മന്ത്രം ചൊല്ലി.

  • ''ഓം ദുര്‍ ബുഹസ്വ

  • തുത് സവിദൂര്‍ വരേണ്യം

  • ഭര്‍ഗോ ദേവസ്യ ധീ മഹി

  • ദിയോ യോനാ പ്രജോദയ''

ഇത് സംസ്‌കൃതത്തിലുള്ള ഗായത്രീ മന്ത്രമാണെന്നും സംസ്‌കൃതത്തില്‍ 'ദേവസ്യ' എന്നാല്‍ 'ദേവന്റെ' എന്നാണ് അര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ ഭാഷയൊന്നു പഠിക്കണമല്ലൊ എന്നായി ദേവസ്യയുടെ ചിന്ത. പിന്നെ അത് ഒരു വാശിയും ആവേശവുമായി മാറി. ഒളശ്ശ മാത്തു ആശാനാണ് സംസ്‌കൃതത്തിന്റെ പ്രാഥമിക പാഠങ്ങള്‍ ദേവസ്യയെ പഠിപ്പിച്ചത്. പിന്നെ പലരില്‍ നിന്നുമായി ഭാഷയുടെ ആഴങ്ങള്‍ ഹൃദിസ്ഥമാക്കി. 1937-ല്‍ ദേവസ്യ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു മലയാളത്തിലും സംസ്‌കൃതത്തിലും എം എ ബിരുദങ്ങള്‍ കരസ്ഥമാക്കി. ചുരുങ്ങിയ കാലത്തിനുള്ളല്‍ സംസ്‌കൃത-മലയാള ഭാഷകളിലെ നിപുണന്‍ എന്ന പ്രശസ്തി നേടി.

കാഴ്ചയ്ക്ക് യോഗ്യനും സുന്ദരനുമാണ് കുടമാളൂര്‍ക്കാരനായ ദേവസ്യ. ആരോടും അധികം പങ്കുവയ്ക്കാത്ത ഒരു പഴയ അനുഭവമുണ്ട് അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ വീടിനടുത്തുതന്നെയായിരുന്നു കുടമാളൂര്‍ക്കാരിയായ സിസ്റ്റര്‍ അല്‍ഫോന്‍സയുടെയും വീട്. അന്നക്കുട്ടിയെന്നായിരുന്നു അന്നത്തെ പേര്. കവിതാ വാസനയുള്ള അന്നക്കുട്ടി പെന്‍സില്‍കൊണ്ട് കവിതകള്‍ എഴുതും. കുടുംബത്തിലെതന്നെ ഒരു വൈദികന്റെ കൈയിലാണ് അതു നോക്കാന്‍ ഏല്പിച്ചിരുന്നത്. ആ നാട്ടിലെ ആദ്യ മലയാളം ബി എ ക്കാരനായ ദേവസ്യയുടെ പക്കല്‍ പരിശോധിച്ചു വേണ്ട തിരുത്തലുകള്‍ക്കായി വൈദികന്‍ അവ കൊടുത്തിരുന്നു. നല്ല സുന്ദരിയായ അന്നക്കുട്ടിക്ക് അന്നു ദേവസ്യയെക്കാള്‍ നാലു വയസ്സു പ്രായം കുറവ്. ദേവസ്യയുടെ മൂത്ത സഹോദരി ചിന്നയുടെ താല്പര്യത്തില്‍ വിവാഹാലോചന നടത്തി. എന്നാല്‍ അന്നക്കുട്ടിക്ക് വിവാഹജീവിതത്തില്‍ തെല്ലും താല്പര്യമില്ലെന്നും ദൈവവിളി അനുസരിച്ചു കന്യാവ്രതം സ്വീകരിക്കാന്‍ പോവുകയാണെന്നും അറിഞ്ഞതോടെ ആ ആലോചന അവിടെ അവസാനിച്ചു. പിന്നീട് അന്നക്കുട്ടി സിസ്റ്റര്‍ അല്‍ഫോന്‍സയും മരണാനന്തരം ദൈവദാസിയും തുടര്‍ന്നു വാഴ്ത്തപ്പെട്ടവളും 2008-ല്‍ വിശുദ്ധയുമായി എന്നതു ചരിത്രം.

പ്രൊഫ. ദേവസ്യ തൃശൂര്‍ സെന്റ് തോമസില്‍ നിന്നു വിട്ട് 1945 ല്‍ തേവര കോളജില്‍ ഉദ്യോഗം സ്വീകരിച്ചു. അവിടെ കുറെക്കാലം തുടര്‍ന്നു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് സമര്‍ത്ഥരായ അധ്യാപകരെ തേടിക്കൊണ്ടിരുന്ന കാലം. അവിടെ മലയാളം വിഭാഗത്തിലെ പ്രൊഫസറായി പി സി ദേവസ്യയെ ക്ഷണിച്ചു. 1958-ല്‍ അവിടെ അദ്ദേഹം ചുമതലയേറ്റു പ്രശസ്തമാംവിധം സേവനമനുഷ്ഠിച്ചു.

1906 മാര്‍ച്ചില്‍ ജനിച്ച അദ്ദേഹത്തിന് അറുപതു തികഞ്ഞപ്പോള്‍ 1966-ല്‍ റിട്ടയര്‍മെന്റായി. മാര്‍ ഇവാനിയോസിലെ യാത്രയയപ്പു സമ്മേളനത്തില്‍ പ്രസിദ്ധരായ പലരും പങ്കെടുത്തു സംസാരിച്ചു. വിദ്യാര്‍ത്ഥി സമൂഹമടക്കം നിബിഡമായ സദസ്സ്. പി സി ദേവസ്യ വേദിയില്‍ ചിന്താവിഷ്ടനായി ഇരിക്കുകയാണ്. പ്രിന്‍സിപ്പലും സഹാധ്യാപകരും വിരഹത്തിന്റെ വേദന പങ്കുവച്ചു. അതോടൊപ്പം പറഞ്ഞു: ''60 കഴിഞ്ഞു സാര്‍ ഇവിടന്നു പിരിഞ്ഞുപോവുകയാണ്. ഞങ്ങള്‍ക്കെല്ലാം ദുഃഖമുണ്ട്. എന്തായാലും ഇനിയുള്ള കാലം സാര്‍ സന്തോഷത്തിലും സംതൃപ്തിയിലും ആരോഗ്യത്തിലും കഴിയാന്‍ ഇടവരട്ടെ!''

ഒടുവില്‍ മറുപടി പ്രസംഗത്തിന്റെ ഊഴമായി. അദ്ദേഹം എഴുന്നേറ്റു മൈക്കിനു മുമ്പില്‍ നിന്നു. ''ഇവിടെ ചിലര്‍ എനിക്ക് ഇനിയുള്ള കാലത്തേക്ക് ആയുസ്സ് നേര്‍ന്നു. ഏതാണ്ട് വിഷാദം പുരണ്ട സ്വരത്തിലായിരുന്നു ആശംസ. നല്ല കാര്യം. ഞാന്‍ ചിന്തിച്ചതു വേറൊന്നാണ്. ഇനിയുള്ള നാല്പതു കൊല്ലക്കാലം എന്തു ചെയ്യ ണം എന്ന് ആലോചിക്കുകയായിരുന്നു.'' അതുകേട്ടു സദസ്സ് അന്തംവിട്ട് അത്ഭുതപ്പെട്ടുപോയി.

അതാണ് ആത്മവിശ്വാസം. അതാണ് ഇച്ഛാശക്തി. പ്രായ ത്തെ കൈപ്പിടിയിലൊതുക്കി മുന്നേറുന്ന ദൃഢചിത്തത! മനസ്സില്‍ യുവത്വം സൂക്ഷിക്കുന്നവര്‍ക്കേ ഇങ്ങനെ പറയാനാവൂ. അന്നു സാറിന് വയസ്സ് അറുപതാണെങ്കിലും മനസ്സ് മുപ്പതിലായിരുന്നു.

കുട്ടിയായിരുന്നപ്പോള്‍ എല്ലാ ദിവസവും ദേവസ്യ എന്ന തന്റെ പേര് ക്ഷേത്രത്തില്‍ മുഴങ്ങികേട്ടപ്പോള്‍ കൗതുകത്തോടെ നടത്തിയ അന്വേഷണം സംസ്‌കൃതഭാഷ പഠിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. പിന്നീട് ആ ഭാഷയില്‍ അഗാധപണ്ഡിതനായി. അതു ചെന്നെത്തിയതു 'ക്രിസ്തുഭാഗവതം' എന്ന സംസ്‌കൃത മഹാകാവ്യ രചനയിലാണ്. ക്രിസ്തുദേവന്റെ ജീവചരിത്രത്തെ ആസ്പദമാക്കി സംസ്‌കൃത ഭാഷയില്‍ പ്രസിദ്ധീകൃതമായ ഇന്ത്യയിലെ ആദ്യകൃതി. 60 വയസ്സില്‍ റിട്ടയര്‍ ചെയ്ത അദ്ദേഹം 1977-ല്‍ 71-ാം വയസ്സിലാണ് ഇതു പ്രസിദ്ധീകരിച്ചത്. ഈ വിശിഷ്ടകൃതിക്കു 1979-ലെ മഹാറാണി സേതു പാര്‍വതീ ഭായി അവാര്‍ഡും 1980 ലെ ഏറ്റവും മികച്ച സംസ്‌കൃത കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. മറ്റിനങ്ങളിലായി വേറെ 19 പുരസ്‌കാരങ്ങള്‍, ആറു സര്‍വകലാശാലകളിലെ വിവിധ സമിതികളില്‍ അംഗത്വം, വിശ്വസംസ്‌കൃതി പ്രതിഷ്ഠാന്‍ വക പണ്ഡിതരത്‌നം ബഹുമതി, ലാല്‍ ബഹദൂര്‍ ശാസ്ത്രി വിദ്യാപീഠത്തിന്റെ ഡി ലിറ്റ് ബിരുദം തുടങ്ങി നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. കര്‍മ്മനിരതനും സ്ഥിരോത്സാഹിയുമായ അദ്ദേഹം ഇവയ്‌ക്കെല്ലാം പുറമെ വിവിധ ശാഖകളിലായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. മാക്യവെല്ലിയുടെ 'രാജനീതി', കഥാസരിത്‌സാഗരം വിവര്‍ത്തനം, ഭാരതശില്പികള്‍, ബാലനഗരം, 13 ചെറുകഥകള്‍, വേതാള കഥകള്‍, മരുഭൂമിയിലെ ഗര്‍ജ്ജനം (കവിത) തുടങ്ങിയവ.

കോട്ടയം പന്നയ്ക്കല്‍ മേരിയായിരുന്നു ആദ്യഭാര്യ. അവരുടെ മരണശേഷം തൃശ്ശൂര്‍ ചാണ്ടി പാവുണ്ണിയുടെ മകള്‍ മേരിയെ വിവാഹം കഴിച്ചു. രണ്ടു വിവാഹങ്ങളിലുമായി അഞ്ചു മക്കള്‍ - മൂന്ന് ആണും രണ്ടു പെണ്ണും - തൃശ്ശൂരിലെ ചാണ്ടി വീട്ടിലും അല്ലാതെയും ദേവസ്യ സാറിനെ പലപ്പോഴും ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്. സാഹിത്യ നാടക വിഷയങ്ങള്‍ സംസാരിച്ചിട്ടുണ്ട്.

ഏറ്റവും അവസാനമായി കണ്ടത് 2005-ല്‍ ഞാന്‍ കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായിരിക്കെ തിരുവനന്തപുരത്തുപോയപ്പോള്‍ നാലാഞ്ചിറയില്‍ 'ജയഭാരതം' എന്നു പേരുള്ള വസതിയില്‍ (പി ഡി ജെയിംസ് എന്ന മകന്റെ വീട്ടില്‍). വിശ്രമജീവിതം നയിക്കുന്ന അദ്ദേഹത്തെ - ആ ജ്ഞാന വൃദ്ധനെ - നേരിട്ടു പോയി കണ്ടു. ഏറെ സന്തോഷം പകര്‍ന്നതായിരുന്നു ആ കൂടിക്കാഴ്ച. കട്ടിലില്‍ ഇരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ തൊട്ടരികെ തന്നെ ഞാനിരുന്നു. നിമിഷങ്ങളോളം എന്നെ ഉറ്റുനോക്കി. തുടര്‍ന്നു മന്ദഹസിച്ചുകൊണ്ട് അദ്ദേഹം കഷണ്ടി കയറിയ എന്റെ ശിരസ്സില്‍ തലോടി.

'ജോസിന്റെ വിശേഷങ്ങളൊക്കെ ഞാനറിയുന്നുണ്ട്. അക്കാദമി ചെയര്‍മാനായല്ലൊ, നന്നായി. ദൈവം ജോസിനെ സമൃദ്ധമായി അനുഗ്രഹിച്ചിട്ടുണ്ട്.''

''ഒപ്പം സാറിന്റെ അനുഗ്രഹവും പ്രോത്സാഹനവും ആദ്യകാലത്ത് എനിക്കു വേണ്ടുവോളം ലഭിച്ചിട്ടുണ്ട്. സാറിന്റെ പ്രാര്‍ത്ഥനയില്‍ എന്നെ ഓര്‍ക്കണം.''

ഞാന്‍ ശിരസ്സു കുനിച്ചപ്പോള്‍ അദ്ദേഹം തലയില്‍ കൈവച്ചു എന്നെ അനുഗ്രഹിച്ചു. അങ്ങനെ കുറെ നേരം ഞങ്ങള്‍ കുശലം പറഞ്ഞു. എന്തെന്നില്ലാത്ത സന്തോഷത്തോടും വാത്സല്യത്തോടും കൂടിയാണ് അദ്ദേഹം സംസാരിച്ചത്. പ്രായാധിക്യത്തിന്റെ അല്പം അവശതയുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മ്മശക്തിക്കോ കാഴ്ചയ്‌ക്കോ തെല്ലും കുറവില്ല എന്നത് എന്നെ ആശ്ചര്യപ്പെടുത്തി.

ചുരുക്കുകയാണ്. 60 വയസ്സില്‍ യാത്രയയ്പ് വേളയില്‍ വീറോ ടെ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. 2006 ഒക്‌ടോബര്‍ 10-ാം തീയതി 101-ാം വയസ്സിലാണ് പ്രൊഫ. പി.സി. ദേവസ്യ എന്ന മഹാപ്രതിഭ ഈ ലോകത്തോട് വിട പറഞ്ഞത്.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org