ദേവസ്യ എന്ന ജയില്‍പ്പുള്ളി

ദേവസ്യ എന്ന ജയില്‍പ്പുള്ളി

നാടകം വായിക്കാനുള്ളതോ അഭിനയിക്കാനുള്ളതോ? വായിക്കാന്‍ വേണ്ടി എന്നതിനേക്കാള്‍ ഉപരിയായി അഭിനയിക്കാന്‍ വേണ്ടിയാവണം രചന നടത്തേണ്ടത്.

നോവലും ചെറുകഥയും വായിക്കുന്ന ലാഘവത്തോടുകൂടി നാടകം വായിക്കുന്നതു ശരിയാവില്ല. അവ വായിക്കുമ്പോഴുണ്ടാകുന്ന അനുഭൂതിയും സംതൃപ്തിയും നാടകം വായിക്കുമ്പോള്‍ ലഭിച്ചെന്നു വരില്ല. മുറിക്കകത്തിരുന്നു നാടകം വായിക്കുമ്പോള്‍ സ്റ്റേജില്‍ കാണുന്ന ഇഫക്ട് ഉണ്ടായെങ്കിലേ അതു നല്ല നാടകമാവൂ എന്നും അത്തരമൊരു പ്രതീതി ജനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാടകം ഒരു പരാജയമായിത്തീരുമെന്നും നമ്മുടെ ചില നാടക നിരൂപകന്മാര്‍ വാദിക്കാറുണ്ട്. പ്രായോഗികമായി അതെങ്ങനെ സാധിതമാകുമെന്നു മനസ്സിലാകുന്നില്ല. നാടകത്തെക്കുറിച്ചു അല്പം താത്ത്വികമായി പഠിച്ച അറിവുമാത്രം കൈമുതലാക്കി, അരങ്ങിനെക്കുറിച്ചോ അവതരണത്തെക്കുറിച്ചോ അഭിനയത്തിന്റെ അനന്ത സാധ്യതകളെക്കുറിച്ചോ വേണ്ടത്ര പിടിയില്ലാതെ തട്ടിമൂളിക്കുന്ന അഭിപ്രായമായിട്ടേ ഇതിനെ ഗണിക്കാനാവൂ. അല്പം ക്ലേശം സഹിച്ച്, സമയം ചെലവഴിച്ചു, തിയറ്ററില്‍ വന്നിരുന്നു നാടകാവതരണം ശരിക്കും കാണണം. അതിനു മെനക്കെടാന്‍ തയ്യാറില്ലാത്തവരാണ് ഈ വാദഗതി മുഴക്കുക.

മുറിക്കകത്തിരുന്നു വായിച്ച ചില നിരൂപകന്മാര്‍ നല്ലൊരു സാഹിത്യകൃതിയല്ലെന്നു വിധിക്കുകയും അരങ്ങത്ത് അവതരിപ്പിച്ചു കണ്ട പ്രേക്ഷകവൃന്ദങ്ങള്‍ ഉജ്ജ്വലനാടകം എന്ന് ഒരേ സ്വരത്തില്‍ പുകഴ്ത്തുകയും ചെയ്ത ഒരു നാടകത്തെക്കുറിച്ചാണ് അടുത്തതായി കുറിക്കുന്നത്. ആ നാടകത്തിന്റെ പേര് 'കറുത്ത വെളിച്ചം.'

അരങ്ങത്ത് ഇരമ്പിയ നാടകമെന്നു തെല്ലും അതിശയോക്തി കൂടാതെ നാടകപ്രേമികളും നാടകപ്രവര്‍ത്തകരും വിശേഷിപ്പിച്ച ഒരു കൃതി അരങ്ങിന്റെ സാധ്യതകള്‍ പരമാവധി മുതലെടുത്തു രചിച്ചതാണീ കലാസൃഷ്ടി. കാണികളെ ആരംഭം മുതല്‍ അവസാനം വരെ ആകാംക്ഷയിലും ഉല്‍ക്കണ്ഠയിലും ചിലപ്പോള്‍ നര്‍മ്മ രസത്തിലും പൊട്ടിച്ചിരിയിലും മറ്റു ചിലപ്പോള്‍ വിഷാദത്തിലും ദുഃഖത്തിലും മാറി മാറി ലയിപ്പിച്ച, അവരുടെ അന്തരംഗങ്ങളില്‍ അനുഭൂതികള്‍ വിരിയിച്ച ഒരു ശോകാന്ത നാടകം! മറക്കാനാവാത്ത ഏതാനും കഥാപാത്രങ്ങള്‍. മനസ്സില്‍ നിന്ന് ഊരിപ്പോകാത്ത കുറെ നാടകീയ മുഹൂര്‍ത്തങ്ങള്‍. അസംഭവ്യതയുടെയും അസ്വാഭാവികതയുടെയും അംശങ്ങള്‍ നാടകത്തില്‍ അങ്ങിങ്ങായി തലകാട്ടുന്നുണ്ടെങ്കിലും ആ ദോഷങ്ങളും പോരായ്മകളും പ്രേക്ഷകമനസ്സുകളില്‍ തടഞ്ഞു നില്‍ക്കാത്തവിധം അത്ര ചടുലമായും ഉദ്വേഗനിര്‍ഭരമായുമാണ് നാടകത്തിലെ രംഗങ്ങള്‍ നീങ്ങുന്നത്. ആ ഒഴുക്കിനിടയില്‍ അതിലെ കുറവുകളെപ്പറ്റി ചിന്തിക്കാന്‍ പ്രേക്ഷകന് സമയമോ സന്ദര്‍ഭമോ ലഭിക്കുന്നില്ല.

ഇതിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ദേവസ്യ. അയാളെ കേന്ദ്രീകരിച്ചാണ് ഇതിവൃത്തം ഇതള്‍ വിരിയുന്നത്. ദേവസ്യയും കുറുപ്പും ആത്മസുഹൃത്തുക്കളാണ്. ദേവസ്യയുടെ ഭാര്യ അച്ചാമ്മ ആദ്യ പ്രസവത്തോടെ മരിച്ചു. സര്‍ക്കാരാശുപത്രിയില്‍ കിടന്നു, തക്കസമയത്തു ശുശ്രൂഷ ലഭിക്കാതെ, രക്തം വാര്‍ന്നൊഴുകിയാണു അവള്‍ മരിച്ചത്. മരണത്തിനു കാരണക്കാരിയായ നഴ്‌സിനെ കുറുപ്പ് കൊന്നു. ഭാര്യയും മക്കളുമുള്ള കുറുപ്പിനെ രക്ഷിക്കാന്‍ വേണ്ടി, ദേവസ്യ സ്വയം കുറ്റമേറ്റെടുത്ത് ജയിലില്‍ പോയി. തന്റെ പിഞ്ചുകുഞ്ഞിനെ കുറുപ്പിന്റെ പക്കല്‍ ഏല്പിച്ചിട്ടാണ് ദേവസ്യ പോയത്. നീണ്ട വര്‍ഷത്തെ ജയില്‍ വാസവും അവിടന്നേറ്റ കഠിനമായ മര്‍ദനങ്ങളും ദേവസ്യയെ ക്ഷയരോഗിയാക്കി. മരിക്കുന്നതിനു മുമ്പ്, ഇതിനകം യുവതിയായി കഴിഞ്ഞിട്ടുള്ള മകളെ കാണാനുള്ള അദമ്യമമായ ദാഹത്തോടെ ദേവസ്യ, കാറ്റും മഴയും മിന്നലും ഇടിമുഴക്കവുമുള്ള ഒരു രാത്രിയില്‍, ജയില്‍ചാടി കുറുപ്പിന്റെ വീട്ടിലെത്തുന്നു. ഇവിടന്നാണ് നാടകം ആരംഭിക്കുന്നത്.

വന്നപ്പോള്‍, തന്റെ മകള്‍ കുറുപ്പിനോടൊപ്പമില്ലെന്നും, അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ശോശാമ്മയോടൊപ്പമാണ് വളരുന്നതെന്നും മനസ്സിലായി. കുറുപ്പിന്റെ മകന്‍ പോലീസാണെന്നറിഞ്ഞതോടെ ദേവസ്യ സ്ഥലം വിട്ടു.

മകളെ തേടി ദേവസ്യ അലഞ്ഞു തിരഞ്ഞു. ഡോക്ടര്‍ ശോശാമ്മ, പല സ്ഥലമാറ്റങ്ങള്‍ക്കുശേഷം ഇപ്പോള്‍ എവിടെയാണെന്നുപോലും കുറുപ്പിന് അറിയില്ല. പിന്നീട്, ദേവസ്യ അതിസുന്ദരിയായ മകളെ കണ്ടുമുട്ടി - കോളജ് കുമാരിയായ ബീനയെ. ഡോക്ടര്‍ ശോശാമ്മ ആഘാതമേറ്റപോലെയായി. ക്രമേണ ബീന സത്യാവസ്ഥ മനസ്സിലാക്കി. തടവുചാടി വന്ന പുള്ളി സ്വന്തം പിതാവായി നില്ക്കുന്ന അവസ്ഥ. വീട് പുകയുന്ന ഒരഗ്നിപര്‍വതമായി മാറി. ഓരോരുത്തരുടെ മനസ്സലും സ്‌ഫോടനങ്ങള്‍ നടക്കുന്നു. അപരിഹാര്യമായ പ്രതിസന്ധികള്‍, ആത്മസംഘര്‍ഷത്തിന്റെ നിമിഷങ്ങള്‍.

ബീനയും സ്ഥലത്തെ എസ് പിയുടെ മകനും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുന്നു. തടവുചാടിയ ദേവസ്യയെ പോലീസ് തേടി നടക്കുന്നു. ആ ദേവസ്യ ബീനയുടെ പിതാവായി ശോശാമ്മയുടെ വീട്ടില്‍ കഴിയുന്നു. രഹസ്യം മൂടിവയ്ക്കാന്‍ ശോശാമ്മ പാടുപെടുന്നു. ഒരു പ്രത്യേക ധാരണയുടെ അടിസ്ഥാനത്തില്‍ ദേവസ്യയെ ശോശാമ്മയുടെ എസ്റ്റേറ്റിലെ വീട്ടിലേക്കു മാറ്റി താമസിപ്പിക്കുന്നു. സ്വന്തം മകളുടെ വിവാഹം കാണാനായി പള്ളിയില്‍ വരുമെന്നു ദേവസ്യ ശാഠ്യം പിടിച്ചപ്പോള്‍ അതു സഹിക്കാനാവാതെ ശോശാമ്മ ബീനയറിയാതെ പോലീസിന് വിവരം കൊടുക്കുന്നു. ഇതിനകം രോഗം മൂര്‍ച്ഛിച്ചു രക്തം ഛര്‍ദ്ദിച്ച് ദേവസ്യ മരണമടയുന്നു. അറസ്റ്റു ചെയ്യാന്‍ ശൗര്യത്തോടെ പോലീസ് സംഘം കുതിച്ചെത്തിയപ്പോള്‍ കണ്ടതു മരിച്ചു മരവിച്ചു കിടക്കുന്ന ദേവസ്യയെ.

മകളുടെ വിവാഹത്തിന്റെ ഘോഷയാത്ര പള്ളിയില്‍ നിന്നു മടങ്ങുമ്പോള്‍, പിതാവിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അതേ പള്ളിയിലേക്കു പോകുന്നു. സ്വന്തം മകള്‍ അതറിയുന്നില്ല. ഇതാണ് 'കറുത്തവെളിച്ച'ത്തിന്റെ കഥ.

ഈ നാടകമെഴുതുന്നതിന്റെ തലേ വര്‍ഷം തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരു സംഭവം നടന്നു. അഥവാ നടന്നതായി പറയപ്പെടുന്നു. ഞാന്‍ ദൃക്‌സാക്ഷിയല്ല. അനുഭവസ്ഥനുമല്ല. അടുത്തുള്ള ഒരു ഗ്രാമപ്രദേശത്തു നിന്നു പൂര്‍ണ്ണ ഗര്‍ഭിണിയായ ഒരു യുവതിയെ അവശനിലയില്‍ ആശുപത്രിയില്‍ കൊണ്ടുവന്നു. സമയം പാതിരാത്രി. കടിഞ്ഞൂല്‍ പ്രസവമാണ്. ബ്ലീഡിങ്ങായിട്ടാണ് കൊണ്ടുവന്നത്. ഭര്‍ത്താവും അയാളുടെ ഉറ്റ സുഹൃത്തും വേറെ രണ്ടു സ്ത്രീകളും കൂടെയുണ്ടായിരുന്നു. സാധുക്കളായിരുന്നു അവര്‍. പണം വാരിക്കോരിക്കൊടുക്കാന്‍ കഴിവില്ലാത്തവരായതുകൊണ്ടോ എന്തോ ഡ്യൂട്ടിയിലുണ്ടായിരുന്ന ദുഷ്ടയായ നഴ്‌സ് വേണ്ടപോലെ രോഗിയെ മൈന്റ് ചെയ്തില്ല, ശുശ്രൂഷിച്ചില്ല, രോഗ വിവരമറിയിച്ചു ഡോക്ടറെ വരുത്തിയില്ല. ചോരയില്‍ മുങ്ങി, മുറിച്ചിട്ട തടിപോലെ ബോധമില്ലാതെ കിടക്കുകയാണ് യുവതി.

തെല്ലും ഉല്‍ക്കണ്ഠയില്ലാതെ നെഴ്‌സ് നില്‍ക്കുന്നതു കണ്ടപ്പോള്‍ സുഹൃത്തിനു ദേഷ്യം വന്നു. അയാള്‍ നെഴ്‌സിന്റെ നേരെ തട്ടിക്കയറി. നെഴ്‌സും വിട്ടുകൊടുത്തില്ല. കഴുത്തിനു ചുറ്റും നാക്കുള്ള പോലെ അവള്‍ പലതും പുലമ്പി. 'ഡോക്ടറോട് വരാന്‍ പറഞ്ഞിട്ടുണ്ട്' അവസാനം ഗര്‍വിഷ്ഠയെപ്പോലെ നെഴ്‌സ് മൊഴിഞ്ഞു. തുടര്‍ന്ന് മറ്റു പലരോടും വര്‍ത്തമാനം പറഞ്ഞ് ആടിക്കുഴഞ്ഞു രസിച്ചു നിന്നു.

ഭര്‍ത്താവും സുഹൃത്തും ദൈവത്തോട് പ്രാര്‍ത്ഥിച്ച് വരാന്തയില്‍ നിന്നു. കൂടെ വന്ന സ്ത്രീകള്‍ യുവതിയുടെ അടുത്തുനിന്നു കരഞ്ഞു. ഡ്യൂട്ടി സമയത്ത് ഉറക്കത്തിലായിരുന്ന ലേഡി ഡോക്ടര്‍ മഹാറാണിയെപ്പോലെ എഴുന്നള്ളി. അവരുടെ മഹനീയ സേവനം ലഭിക്കുന്നതിനുമുമ്പായി ഗര്‍ഭിണി മരണമടഞ്ഞു. കൂടെ വന്ന സ്ത്രീകള്‍ വിങ്ങിപ്പൊട്ടി. അല്പം കഴിഞ്ഞപ്പോള്‍ ആ ശപിക്കപ്പെട്ട നെഴ്‌സ് വരാന്തയിലേക്കു വന്നിട്ടു ഒരു വിലയുമില്ലാത്ത പോലെ വളരെ നിസ്സാരമട്ടില്‍ പറഞ്ഞു: 'നിങ്ങളുടെ ആളു ചത്തു' എന്ന്. ഭര്‍ത്താവ് അതുകേട്ടു തകര്‍ന്നു. കലിപൂണ്ട സുഹൃത്തു തീപ്പൊരി പാറുന്ന കണ്ണുകളോടെ നഴ്‌സിന്റെ നേരെ ചാടിവീണു. ആരൊക്കെയോ ഇടപെട്ടു അയാളെ പിടിച്ചു കൊണ്ടുപോയതിനാല്‍ നെഴ്‌സ് രക്ഷപ്പെട്ടു. അവളെ കൊല്ലാനുള്ള അരിശമുണ്ടായിരുന്നു ആ സുഹൃത്തിന്.

ഏകദേശം ഈ രീതിയിലൊക്കെയാണ് സംഭവിച്ചതെന്ന് അന്ന് ആശുപത്രിയിലുണ്ടായിരുന്ന ഒരു സ്ത്രീ, പിന്നീട് എന്റെ ഓഫീസില്‍ കുറിയില്‍ പണമടയ്ക്കാനായി വന്നപ്പോള്‍ പറഞ്ഞു. അതുകേട്ട സമയത്ത് എന്റെ മനസ്സിലും ആ കൂട്ടുകാരനുണ്ടായതുപോലുള്ള രോഷം നുരയിട്ടുപൊന്തി. നെഴ്‌സിന്റെ നീചവും മനുഷ്യത്വ രഹിതവുമായ പ്രവൃത്തിയോടു കടുത്ത അമര്‍ഷം തോന്നി. ഇതാണ് കറുത്തവെളിച്ചത്തിനു രൂപം കൊടുക്കാന്‍ എനിക്കു ലഭിച്ച അസംസ്‌കൃത പദാര്‍ത്ഥം. ബാക്കിയെല്ലാം എന്റെ ഭാവന. എന്റെ സംഭാവന!

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org