

മിഥുന്‍ ജെ ഫ്രാന്‍സിസ് എസ് ജെ
ആരാധനക്രമ വിവാദത്തില്‍, 'ഐക്യം' എന്നതിനെ സൂചിപ്പിക്കാന്‍ സീറോ മലബാര്‍ സഭ അടുത്തയിടെ 'ഐകരൂപ്യം' എന്ന പദം ഉപയോഗിക്കാന്‍ തുടങ്ങി. പക്ഷേ, 'ഐക്യത്തിന് ഐകരൂപ്യം ആവശ്യമില്ല' എന്നതിനാല്‍, ഐക്യവും ഐകരൂപ്യവും തമ്മില്‍ വേര്‍തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. പരിശുദ്ധാത്മാവില്‍ നിന്നുള്ള ദാനമാണ് ഐക്യം. ദൈവികതയില്‍ പിതാവിനോടു സദൃശ്യനും അതേസമയം മനുഷ്യനുമായ യേശുക്രിസ്തു വിലുള്ള പൊതുവായ വിശ്വാസത്തിലെ മാനുഷികഘടകങ്ങളെ സമന്വയിപ്പിക്കുന്നതു പരിശുദ്ധാത്മാവാണല്ലോ.
യേശുവിന്റെ മണവാട്ടിയും പരിശുദ്ധാത്മാവിന്റെ ആലയവും പിതാവിന്റെ കൂദാശയുമായ സഭയുടെ സാര്‍വത്രികത കാണിച്ചു തരുന്നതുമാണ് ഐക്യം. ഈ ശരീരത്തില്‍ വൈവിധ്യം ഒരു ഭീഷണിയല്ല മറിച്ച് അവസരമാണ്. ഏകവും കാതോലികവും അപ്പസ്‌തോലികവും വിശുദ്ധവും എന്ന നിലയില്‍, ബഹുസംസ്‌കാര പൂര്‍ണ്ണതയില്‍ വളരുന്നതിന് സഭയ്ക്കുള്ള അവസരം. കൂടാതെ കത്തോലിക്കാസഭ അതിന്റെ സാര്‍വത്രിക തനിമയില്‍ വിവിധങ്ങളായ സംസ്‌കാരങ്ങളെയും ആരാധനക്രമ ആവിഷ്‌കാരങ്ങളെയും ആശ്ലേഷിക്കുന്നു. സീറോ മലബാര്‍ സഭ അവയില്‍ ഒന്നു മാത്രമാണ്. അതിനാല്‍, സീറോ മലബാര്‍ സഭ ഒരു പ്രത്യേക റീത്ത് ആയിരിക്കുമ്പോള്‍ തന്നെ, അതിനുള്ളിലെ സാംസ്‌കാരിക ബഹുത്വത്തെ ആരാധനക്രമ വ്യത്യസ്തതക(varients)ളായി, മെത്രാന്മാരും സിനഡും അംഗീകരിക്കേണ്ടതുണ്ട്. കാരണം സീറോ മലബാര്‍ സഭയും ഒരു സാര്‍വത്രിക സഭയാണ്. പൈതൃകങ്ങളെ സംരക്ഷിക്കാനും സഭയുടെ സാര്‍വത്രിക ഐക്യത്തെ ആഴപ്പെടുത്താനുമുള്ള വഴികളാണ് ആരാധനക്രമ വ്യത്യസ്തതകളും സാംസ്‌കാരിക ആവിഷ്‌കാരങ്ങളും. കാരണം 'കര്‍ക്കശമായ ഐകരൂപ്യം അടിച്ചേല്‍പ്പിക്കാന്‍ സഭയ്ക്ക് യാതൊരു ആഗ്രഹവുമില്ല' എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട് (SC 37).
സഭയിലെ ഐക്യവും വൈവിധ്യവും
റീത്തുകള്‍, സംസ്‌കാരങ്ങള്‍, വിശ്വാസപ്രകാശനങ്ങള്‍ എന്നിവയില്‍ കത്തോലിക്കാസഭ അപ്പസ്‌തോലിക കാലം മുതല്‍ പരമ്പരാഗതമായി തന്നെ വൈവിധ്യപൂര്‍ണ്ണമാണ്. അപ്പോഴും അത് ഏകവും സര്‍വത്രികവും ആയിരിക്കുന്നു. അതിനാല്‍ സഭയുടെ ഏകത്വം വൈവിധ്യത്തിലെ ഐക്യ മാണ്. തീര്‍ച്ചയായും അതൊരു വൈരുദ്ധ്യമല്ല, മറിച്ച് ക്രിസ്തുവിന്റെ മൗതികശരീരത്തിന്റെ പ്രതിഫലനമാണ് (1 കോറി 12:12-27). വിവിധ അവയവങ്ങള്‍ ചേര്‍ന്ന് ഏക ശരീരമായിരി ക്കുകയും ഓരോന്നും അനന്യവും സാര്‍വത്രികവുമായ വ്യത്യസ്ത ദൗത്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു. ത്രിതൈ്വക ദൈവത്തിന്റെ ചിത്രവും ഏക കത്തോലിക്കാ സഭയുടെ വൈവിധ്യത്തെ പ്രകാശിപ്പിക്കുന്നു. ഇതിന് നേര്‍വിരുദ്ധമായി സഭയുടെ മേല്‍ ഏകമാനകം അടിച്ചേല്‍പ്പിക്കുകയാണ് ഐകരൂപ്യം ചെയ്യുന്നത്.
ഒരു ഏക സാംസ്‌കാരിക വിഭാഗത്തിന്റെ മാത്രം സഭയായിരിക്കാതെ സാര്‍വത്രികമായിരിക്കുന്നതുകൊണ്ട് സീറോ മലബാര്‍ സഭ അതിനുള്ളിലെ ആരാധനക്രമ അനുഷ്ഠാനങ്ങളുടെ വൈവിധ്യത്തിന്റെ സമ്പന്നതയെ സ്വീകരിക്കുകയാണ് വേണ്ടത്, ഭയപ്പെടുകയല്ല.
ഇത് ദൈവത്തിന്റെ ത്രിതൈ്വക സ്വഭാവത്തിന് എതിരാണ്. വൈവിധ്യത്തിലെ ഏകത്വമാകട്ടെ സാര്‍വത്രികവും ഏകവും ആയിരിക്കാനുള്ള സഭയുടെ കഴിവിനെ വളര്‍ത്തുകയാണ് ചെയ്യുന്നത്. ഒരു ഏക സാംസ്‌കാരിക വിഭാഗത്തിന്റെ മാത്രം സഭയായിരിക്കാതെ സാര്‍വത്രിക മായിരിക്കുന്നതുകൊണ്ട് സീറോ മലബാര്‍ സഭ അതിനുള്ളിലെ ആരാധനക്രമ അനുഷ്ഠാനങ്ങളുടെ വൈവിധ്യത്തിന്റെ സമ്പന്നതയെ സ്വീകരിക്കുകയാണ് വേണ്ടത്, ഭയപ്പെടുകയല്ല. ഉദാഹരണത്തിന് തനതായ ചരിത്രവും സംസ്‌കാരവും ഉള്ള എറണാകുളം അങ്കമാലി മേജര്‍ അതിരൂപതയ്ക്ക് ജനങ്ങളോട് നേരിട്ട് സംസാരിക്കുന്ന ഒരു ആരാധനക്രമരീതിയില്‍ അവരുടെ വിശ്വാസം പ്രകാശിപ്പിക്കാനുള്ള അവകാശമുണ്ട്.
എറണാകുളം അങ്കമാലി മേജര്‍ അതിരൂപതയുടെ അവകാശം: ഐക്യത്തിനുവേണ്ടി ലിറ്റര്‍ജിക്കല്‍ വേരിയന്റ്
സീറോ മലബാര്‍ സഭയിലെ ഏറ്റവും പ്രമുഖമായ അതിരൂപതകളില്‍ ഒന്നായ എറണാകുളം അങ്കമാലി തനതായ ആരാധനക്രമ രീതികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ആ പ്രദേശത്തെ ജനങ്ങളുടെ സാംസ്‌കാരിക സ്വത്വത്തെയും ദൈവശാസ്ത്ര ഭാവുകത്വത്തെയും പ്രതിഫലിപ്പിക്കുന്നതും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആരാധനക്രമ നവീകരണ ദര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നതുമാണ് അത്. അതിരൂപതയുടെ ലിറ്റര്‍ജിക്കല്‍ വേരിയന്റ് അവിടുത്തെ പ്രാദേശിക സംസ്‌കാരത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ്. സീറോ മലബാര്‍ സഭയുടെ നൂറ്റാണ്ടുകള്‍ നീണ്ട ആത്മീയ, സഭാത്മക ചരിത്രമാണ് അതിനെ രൂപപ്പെടുത്തിയത്. തങ്ങളുടെ ആരാധനക്രമ തനിമ നിലനിര്‍ത്താനുള്ള എറണാകുളം അങ്കമാലി അതിരൂപതയുടെ അവകാശം നിഷേധിക്കുക എന്നാല്‍ സാംസ്‌കാരിക അനുരൂപണത്തിന്റെ ദൈവശാസ്ത്ര സ്വഭാവത്തെ തെറ്റിദ്ധരിക്കുക എന്നാണര്‍ത്ഥം. അടിസ്ഥാനപരമായ വിശ്വാസ പ്രബോധനങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ പ്രാദേശികമായ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും വിശ്വാസത്തിന്റെ ആരാധനക്രമ ആവിഷ്‌കാരത്തിലേക്ക് ഉള്‍ക്കൊള്ളിക്കാനാണ് സഭ ആഗ്രഹിക്കുന്നത്. മനുഷ്യാവതാര രഹസ്യത്തിന്റെ ഫലമാണിത്. പ്രാദേശിക ആചാരങ്ങളെ സുവിശേഷത്തിന്റെ വെളിച്ചത്തില്‍ വീണ്ടെടുക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നത് കത്തോലിക്കാസഭയുടെ മിഷനറി സ്വഭാവത്തിന്റെ അവശ്യഘടകമാണ്.
രക്ഷകനും ദൈവവും എന്ന നിലയില്‍ യേശുക്രിസ്തുവിന്റെ മൗലിക സന്ദേശത്തിന്റെ സത്തയെ നഷ്ടപ്പെടുത്താതെ, പ്രാദേശിക സംസ്‌കാരങ്ങളിലേക്ക് സഭയെ ആഴത്തില്‍ ഉള്‍ച്ചേര്‍ക്കണമെന്ന സഭാപ്രബോധനത്തില്‍ വേരൂന്നിയിരിക്കുന്നതാണ് ഒരു ലിറ്റര്‍ജിക്കല്‍ വേരിയന്റിനുവേണ്ടിയുള്ള എറണാകുളം അങ്കമാലി മേജര്‍ അതിരൂപതയുടെ ആവശ്യം. ഏകീകൃതമായ ഒരു സംസ്‌കാരമോ അനുഷ്ഠാനമോ അടിച്ചേല്‍പ്പിക്കുകയല്ല, മറിച്ച് വിശ്വാസത്തിന്റെ കാതലായ സന്ദേശം കൈമാറപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കുകയാണ് ഇവിടെ സഭയുടെ ചുമതല.
സഭ സേവനം നല്‍കുന്ന ജനങ്ങളുടെ സാംസ്‌കാരിക സാഹചര്യങ്ങളുമായി ഇണങ്ങുന്ന വിധത്തിലായിരിക്കണം ഈ വിശ്വാസത്തിന്റെ സംവേദനം നടക്കേണ്ടത്. അതിനായി കൂടുതല്‍ സമൂലമായ അനുരൂപണങ്ങള്‍ ലിറ്റര്‍ജിയില്‍ ആവശ്യമാണെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറഞ്ഞിട്ടുണ്ട് (SC 40). സുവിശേഷവും പ്രാദേശിക സാഹചര്യവും തമ്മിലുള്ള ഒരു സംഭാഷണമാണ് അത് ആഹ്വാനം ചെയ്യുന്നത്. സാംസ്‌കാരിക ആവിഷ്‌കാരങ്ങളെ വളരാന്‍ അനുവദിച്ചുകൊണ്ട് സ്വന്തം ദൗത്യത്തോട് വിശ്വസ്തത പുലര്‍ത്തുകയാണ് സഭ ഉറപ്പുവരുത്തേണ്ട കാര്യം.
വിശ്വാസികളോട് അര്‍ഥപൂര്‍ണ്ണമായി സംവദിക്കുകയും അവരുടെ സാംസ്‌കാരിക, ആധ്യാത്മിക യാത്രയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഒരു ലിറ്റര്‍ജിക്കല്‍ വേരിയന്റ് നിലനിര്‍ത്തുക എന്ന അവകാശം എറണാകുളം അങ്കമാലി മേജര്‍ അതിരൂപതയ്ക്കുണ്ട്. സാംസ്‌കാരിക പ്രകാശനത്തോടുള്ള സഭയുടെ ആദരവില്‍ വേരൂന്നിയ ഒരു ലിറ്റര്‍ജിക്കല്‍ വേരിയന്റ് എന്നതാണു മേജര്‍ അതിരൂപതയുടെ അവകാശം. സാര്‍വത്രിക കത്തോലിക്കാസഭ എന്ന നിലയില്‍ സാംസ്‌കാരികബഹുത്വത്തെ ബലികഴിക്കാതെ സീറോ മലബാര്‍ സഭയ്ക്കുള്ളില്‍ ഐക്യം വളര്‍ത്താനുള്ള സഭയുടെ പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ അവകാശം. അതുകൊണ്ട് ആരാധനക്രമ വ്യത്യസ്തത സഭയുടെ ഐക്യത്തിനുള്ള ഭീഷണിയല്ല മറിച്ച് സഭയെ ആകെ പടുത്തുയര്‍ത്തുന്ന തനതായ സംസ്‌കാരങ്ങളോടുള്ള ആദരവും ബഹുമാനവും പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ്. മെത്രാന്മാരുടെ സിനഡ് ഇത് മനസ്സിലാക്കണം. സഭയിലെ വിവിധ ഘടകങ്ങള്‍ അവരവരുടെ തനതായ സാംസ്‌കാരികതകളിലൂടെ സ്വന്തം വിശ്വാസത്തെ പ്രകാശിപ്പിക്കുന്നതുപോലെ സീറോ മലബാര്‍ സഭയ്ക്കും സാധിക്കും എന്ന് മെത്രാന്മാര്‍ അംഗീകരിക്കുകയും വേണം.
എളിമയും അനുസരണവും: മെത്രാന്‍സിനഡിന്റെ ദൗത്യം
നല്ല ഇടയനായ ഈശോയുടെ എളിമയോടെ അജപാലന പരമായി എറണാകുളം അങ്കമാലി അതിരൂപതയുടെ ലിറ്റര്‍ജിക്കല്‍ വേരിയന്റിനെ സമീപിക്കുകയാണ് സിനഡ് ചെയ്യേണ്ടത്. യേശുവിനോടുള്ള അനുസരണം വ്യത്യസ്തതകളെ അടിച്ചമര്‍ത്തുന്നതല്ല എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. മറിച്ച് വ്യത്യസ്തതകളുടെ മൂല്യം അംഗീകരിക്കുന്നതും ദൈവഹിതത്തെ അനുസരിക്കുന്നതും ആയിരിക്കണമത്. ദൈവം എന്ന നിലയില്‍ തന്നില്‍ നിന്ന് വ്യത്യസ്തമായ മനുഷ്യ സംസ്‌കാരത്തെ സ്വീകരിച്ച ആളാണ് യേശു. അതിനാല്‍ യേശുവിന്റെ ദൗത്യം എളിമ കൊണ്ടും പിതാവിന്റെ ഹിതത്തോടുള്ള അനുസരണം കൊണ്ടും മുദ്രിതമാണ്. ജനങ്ങളുടെ ആഴമേറിയ ആവശ്യങ്ങളെ അഭിമുഖീകരിക്കാത്ത കര്‍ക്കശമായ മതാനുഷ്ഠാനങ്ങള്‍ പുലര്‍ത്തുന്ന മത രാഷ്ട്രീയ നേതാക്കള്‍ക്കുള്ള ഒരു വെല്ലുവിളിയുമായിരുന്നു അത് (മത്താ 23:23-24). അതേ വിധത്തില്‍ അതിരൂപതയിലെ വിശ്വാസികളുടെ ഉരുത്തിരിഞ്ഞുവരുന്ന ആവശ്യങ്ങളുടെ വെളിച്ചത്തില്‍ ചില ആരാധനക്രമ അനുഷ്ഠാനങ്ങളെ പുനരവലോകനം ചെയ്യാന്‍ മെത്രാന്‍മാര്‍ തയ്യാറാകണം. കാരണം കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി വൈവിധ്യപൂര്‍ണ്ണമായ ഒരു നഗരസംസ്‌കാരമാണ് അവിടെ നിലനില്‍ക്കുന്നത്. സബ്‌സിഡിയാരിറ്റിയുടെ തത്വം ഇവിടെ ബാധകമാണ്. ഐക്യത്തിലേക്കുള്ള സാര്‍വത്രിക വിളിയോട് വിശ്വസ്ത മായിരിക്കുമ്പോള്‍ തന്നെ ഓരോ സാഹചര്യത്തിന്റെയും സവിശേഷതകളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ക്രിസ്ത്യന്‍ ആധ്യാത്മികതയുടെ അവശ്യഘടകമാണ് എളിമ.
ഏകവും വിശുദ്ധവും കാതോലികവും അപ്പസ്‌തോലികവുമായ സഭയ്ക്കുള്ളില്‍ വൈവിധ്യത്തെയും ഐക്യത്തെയും ആശ്ലേഷിക്കാനുള്ള അജപാലനപരമായ ഉത്തരവാദിത്വം സീറോ മലബാര്‍ മെത്രാന്‍ സിനഡിനുണ്ട്. സഭയ്ക്കുള്ളില്‍ കാണുന്ന ലിറ്റര്‍ജിക്കല്‍ വേരിയന്റുകള്‍, വിശേഷിച്ചും എറണാകുളം അങ്കമാലി മേജര്‍ അതിരൂപതയിലേത് സീറോ മലബാര്‍ സഭയുടെ കാതോലിക സ്വഭാവത്തിന്റെ പ്രകാശനം മാത്രമാണ്, ഐക്യത്തിനുള്ള ഭീഷണി അല്ല. സീറോ മലബാര്‍ സഭയ്ക്കുള്ളിലെ ലിറ്റര്‍ജിക്കല്‍ വേരിയന്റുകളെ സഭയുടെ സാര്‍വത്രികതയുടെ സമ്പന്നതയുടെ ഭാഗമായി കാണണം. ആരാധനക്രമ വൈവിധ്യമെന്ന വിഷയത്തെ എളിമയോടും തുറവിയോടും, സുവിശേഷ സന്ദേശത്തെ പ്രകാശിപ്പിക്കുന്നതില്‍ പ്രാദേശിക സംസ്‌കാരങ്ങള്‍ക്കുള്ള പ്രാധാന്യത്തെ അംഗീകരിച്ചു കൊണ്ടും സിനഡ് സമീപിക്കണം. ഏക വിശ്വാസത്തോടും ഏക കര്‍ത്താവിനോടും ഏക ജ്ഞാനസ്‌നാനത്തോടും വിശ്വസ്തമായിരിക്കുമ്പോള്‍ തന്നെ വൈവിധ്യത്തെ ആഘോഷിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്റെ മൗതിക ശരീരത്തില്‍ വേരൂന്നിയിരിക്കുന്നതാണ് ആത്യന്തികമായി സഭയുടെ ഐക്യം.