നമ്മൾ സ്നേഹിക്കുന്നത് മനുഷ്യരെയോ, അവരുടെ മുഖംമൂടികളെയോ?

Do we love people, or their masks?
Published on: 
“The problem is, people are being hated when they are real and are being loved when they are fake.”

ജമൈക്കയുടെ അതിരുകളിൽ നിന്നിറങ്ങി വിവേചനത്തെക്കുറിച്ചും അവകാശലംഘനങ്ങളെ ക്കുറിച്ചും ഭൂഖണ്ഡങ്ങൾ തോറും പാടിനടന്ന ബോബ് മാർലിയുടെ ഈ വാക്കുകൾ ആദ്യമായി വായിച്ചപ്പോൾ, എന്തുകൊണ്ടോ എനിക്ക് ഒരു പഴയ സുഹൃത്തിനെ ഓർമ്മ വന്നു.

അവൻ അങ്ങനെയൊരു മനുഷ്യനായിരുന്നു - മനസ്സിൽ തോന്നിയത് തുറന്നു പറയും. നിങ്ങൾ പുതിയൊരു ഷർട്ട് ധരിച്ചാൽ, “നന്നായിട്ടുണ്ട്” എന്ന് വെറുതെ പറയില്ല. ഇഷ്ടപ്പെട്ടാൽ പറയും. ഇഷ്ടപ്പെട്ടില്ലെങ്കിൽ അതും പറയും. ഒരിക്കൽ ഞാൻ വളരെയധികം ഇഷ്ടപ്പെട്ട് വാങ്ങിയ ഒരു വസ്ത്രം അവനെ കാണിച്ചു.“എങ്ങനെയുണ്ട്?”

അവൻ കുറച്ചുനേരം നോക്കി.

“സത്യം പറയട്ടെ?”

ആ ചോദ്യം കേട്ടപ്പോൾ തന്നെ എനിക്ക് അപകടം മണത്തു.

“പറ.”

“നിനക്ക് ഇത് ഒട്ടും ചേരുന്നില്ല.”

അവൻ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്. ഞാൻ ചിരിച്ചില്ല.

അന്ന് അവനോട് എനിക്ക് ചെറിയൊരു ദേഷ്യം തോന്നി. “ഇത്രയും സത്യസന്ധമായി പറയേണ്ട കാര്യമുണ്ടോ?” എന്ന് മനസ്സിൽ ചോദിച്ചു.

പിന്നീട്, കുറച്ചുകാലം കഴിഞ്ഞപ്പോൾ, അതേ സുഹൃത്ത് പറഞ്ഞ വാക്കുകൾ ഞാൻ വീണ്ടും ഓർത്തു. അവൻ എന്നെ പരിഹസിക്കാനല്ല പറഞ്ഞത്. എന്നാൽ എന്നെ സന്തോഷിപ്പിക്കാൻ ഒരു കള്ളം പറയാനും അവന് അറിയില്ലായിരുന്നു. അന്നത് മനസ്സിലായില്ലെങ്കിലും, ഇന്ന് തോന്നുന്നു - ചില മനുഷ്യർ നമ്മളെ സ്നേഹിക്കുന്നത് നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ പറഞ്ഞുകൊണ്ടല്ല; നമ്മൾ കേൾക്കേണ്ട വാക്കുകൾ പറഞ്ഞുകൊണ്ടാണ്. പക്ഷേ, അത്തരം മനുഷ്യരെ ഇഷ്ടപ്പെടുക എന്നത് എപ്പോഴും അത്ര എളുപ്പമുള്ള കാര്യമല്ല.കാരണം സത്യം ഒരു പൂവല്ല. പലപ്പോഴും അത് കണ്ണാടിയാണ്. നമ്മൾ നമ്മെ സുന്ദരരരായി കാണാൻ ആഗ്രഹിക്കുന്ന സമയത്ത് കണ്ണാടി, മുഖത്തിലെ ഒരു ചെറിയ പാടുപോലും കാണിച്ചുതരും. കണ്ണാടിയോട് ദേഷ്യപ്പെടുക എന്നത് എളുപ്പമാണ്; വേണമെങ്കിൽ കണ്ണാടി നോക്കാതെയുമിരിക്കാം. മുഖത്തെ പാട് ഇല്ലാതാക്കുക എന്നതാണ് ബുദ്ധിമുട്ട്.

നമ്മുടെ ബന്ധങ്ങളിലും ഇതുതന്നെയാണ് സംഭവിക്കുന്നത്.

ഒരു സുഹൃത്ത് ജോലിയിൽ പ്രൊമോഷൻ കിട്ടിയ കാര്യം നമ്മളോട് പറയുമ്പോൾ, “നീ എല്ലാം വളരെ നന്നായി ചെയ്യുന്നതുകൊണ്ടാണ് ഉദ്യോഗക്കയറ്റം കിട്ടിയത്” എന്ന് പറയുന്നത് എളുപ്പമാണ്. പക്ഷേ, അയാൾ തെറ്റായൊരു തീരുമാനമെടുക്കുകയാണെന്ന് തോന്നുമ്പോൾ, “ഇക്കാര്യം ഒരിക്കൽ കൂടി നീ ആലോചിക്കണം” എന്ന് പറയാൻ ധൈര്യം വേണം. ആദ്യത്തെ അഭിനന്ദനത്തിന് നിറഞ്ഞ ഒരു പുഞ്ചിരിയായിരിക്കും അയാളുടെ പ്രതികരണം. രണ്ടാമത്തെ മുന്നറിയിപ്പിന് ചിലപ്പോൾ മൗനമായിരിക്കും അയാളുടെ പ്രതികരണം.. അതുകൊണ്ടുതന്നെ മനുഷ്യർ പലപ്പോഴും സത്യത്തേക്കാൾ സുഖകരമായ മിഥ്യകളെ തിരഞ്ഞെടുക്കുന്നു; മുഖംമൂടികൾ അണിയുന്നു.

നമ്മെ ചോദ്യം ചെയ്യാത്ത ആളുകളെ, നമ്മൾ പറയുന്നതെല്ലാം ശരിയാണെന്ന് തലകുലുക്കുന്നവരെ, നമ്മുടെ തെറ്റുകളെക്കുറിച്ച് സംസാരിക്കാത്തവരെ, നമ്മളെക്കുറിച്ച് നമ്മൾക്കുള്ള മനോഹരമായ ധാരണയ്ക്ക് ഒരു ചെറിയ പോറൽ പോലും വരുത്താത്തവരെ നമുക്ക് ഇഷ്ടമാണ്. അങ്ങനെ നോക്കുമ്പോൾ, വ്യാജമായ പെരുമാറ്റത്തിന് ഒരു പ്രത്യേക സൗന്ദര്യമുണ്ട്. അത് മിനുക്കിയതാണ്. മൃദുവാണ്.

അത് ഒരിക്കലും മേശപ്പുറത്ത് കത്തി വയ്ക്കുന്നില്ല. അത് നമ്മെ അലസോരപ്പെടു ത്തുന്നില്ല; മുറിവേൽപ്പിക്കുന്നില്ല. എല്ലാവരോടും പുഞ്ചിരിക്കും. എല്ലാവരോടും യോജിക്കും. എല്ലാവരെയും സന്തോഷിപ്പിക്കും. ഒരു കൂട്ടത്തിൽ ഒരാൾ പറയുന്ന തമാശ മോശമായാലും ചിരിക്കും. ആരെങ്കിലും തെറ്റായ അഭിപ്രായം പറഞ്ഞാലും തലകുലുക്കും. ഒരാൾ ചോദിക്കാത്ത പ്രശംസപോലും കൊടുക്കും. അങ്ങനെയുള്ള ഒരാളോടൊപ്പം ഇരിക്കുമ്പോൾ ജീവിതം എളുപ്പമാണ്. പക്ഷേ, എത്രനേരം? എത്രകാലം?

എനിക്ക് തോന്നാറുണ്ട്, സാമൂഹിക ജീവിതത്തിന്റെ വലിയൊരു ഭാഗം ഒരുതരം നയതന്ത്രമാണ്. നമ്മൾ ഓരോരുത്തരും ചെറിയ ചെറിയ മുഖംമൂടികളുമായി നടക്കുന്നു. ഓഫീസിൽ ഒരു മുഖം. സുഹൃത്തുക്കളുടെ ഇടയിൽ മറ്റൊരു മുഖം. ബന്ധുക്കളുടെ മുന്നിൽ മറ്റൊന്ന്. വീട്ടിലെത്തുമ്പോഴാണ് അല്ലെങ്കിൽ അത്രയും സ്വാതന്ത്ര്യമുള്ളിടത്താണ് അല്പമെങ്കിലും ചിലപ്പോൾ നമ്മൾ നമ്മളായി മാറുന്നത്. അത് തെറ്റാണോ? അല്ല. എല്ലാ സത്യവും എല്ലാ സമയത്തും പറയേണ്ടതില്ല. മര്യാദയും കരുതലും മനുഷ്യബന്ധങ്ങളുടെ ഭാഗമാണ്. പക്ഷേ, മര്യാദയും കാപട്യവും തമ്മിൽ ഒരു നേർത്ത വരയുണ്ട്. ആ വര കടന്നാൽ, മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിനിടെ നമ്മൾ നമ്മളെത്തന്നെ നഷ്ടപ്പെടുത്താൻ തുടങ്ങും.

ഒരിക്കൽ ഒരു കൂട്ടുകാരനുമായി ഒരു കാര്യത്തെക്കുറിച്ച് ഞാൻ അഭിപ്രായ വ്യത്യാസത്തിൽപ്പെട്ടു. അവൻ വളരെ ഉറച്ച നിലപാടിലായിരുന്നു. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു. അവൻ കുറച്ചുനേരം മിണ്ടാതിരുന്നു.

പിന്നീട് പറഞ്ഞു: “നീ എപ്പോഴും ഇങ്ങനെ എതിർത്ത് സംസാരിക്കണമെന്നില്ല.” അവന്റെ വാക്ക് എന്നെ കുറച്ചുനേരം വേദനിപ്പിച്ചു. പക്ഷേ, പിന്നീട് ഞാൻ ചിന്തിച്ചു - ഒരു ബന്ധത്തിൽ സ്നേഹത്തിന്റെ തെളിവ് എല്ലായ്പ്പോഴും സമ്മതം മാത്രമാണോ?

നമ്മൾ സ്നേഹിക്കുന്ന ഒരാൾ തെറ്റുമ്പോൾ, അവനെ സന്തോഷിപ്പിക്കാൻ നാം കൂടെ തെറ്റണമോ? അന്നാണ് ബോബ് മാർലിയുടെ വാക്കുകൾ വീണ്ടും ഓർമ്മയിൽ വന്നത്. യഥാർത്ഥ മനുഷ്യർ ചിലപ്പോൾ നമ്മളെ അസ്വസ്ഥരാക്കും. കാരണം അവർ നമ്മൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന ചില സത്യങ്ങളെ പുറത്തുകൊണ്ടുവരും.

ഒരു കുടുംബത്തിൽ, സ്ഥാപനത്തിൽ, പ്രസ്ഥാനത്തിൽ വർഷങ്ങളായി എല്ലാവരും മിണ്ടാതെ അംഗീകരിക്കുന്ന ഒരു കാര്യത്തെ ഒരാൾ ചോദ്യം ചെയ്താൽ, ആദ്യം ചോദ്യം ചെയ്യപ്പെടുന്നത് ആ കാര്യമായിരിക്കില്ല - ചോദ്യം ചോദിച്ച മനുഷ്യനായിരിക്കും.

“ഇതുവരെ എല്ലാവരും ഇങ്ങനെയല്ലേ ചെയ്തിരുന്നത്?”

“ഇതിൽ എന്താണ് ഇത്ര പ്രശ്നം?”

“നിനക്ക് മാത്രം എന്താണ് ഇത്ര ബുദ്ധിമുട്ട്?”

സമൂഹത്തിന്റെ പല പതിവുകളും അങ്ങനെയാണ് നിലനിൽക്കുന്നത്. ആരും ചോദ്യം ചെയ്യാത്തതുകൊണ്ട്.

സത്യസന്ധത ചിലപ്പോൾ ഒരു ചെറിയ കല്ലുപോലെയാണ്. ശാന്തമായി കിടക്കുന്ന വെള്ളത്തിലേക്ക് അത് വീണാൽ, തിരമാലകൾ ഉണ്ടാകും.

ആ തിരമാലകളെ എല്ലാവരും ഇഷ്ടപ്പെടണമെന്നില്ല. പ്രത്യേകിച്ച് സ്വന്തം പ്രതിബിംബം വെള്ളത്തിൽ തെളിഞ്ഞുകാണുന്നവർക്ക്.

എന്നാൽ ഇവിടെ ഒരു കാര്യം കൂടി കൂട്ടിച്ചേർക്കേണ്ടതുണ്ട്..

മുഖംമൂടിയില്ലാതെ തുറന്നു സംസാരിക്കുന്നത് സത്യസന്ധതയാണ്; ക്രൂരമായി സംസാരിക്കുന്നത് സത്യസന്ധതയല്ല. “ഞാൻ സത്യം മാത്രമേ പറയൂ” എന്ന് പറഞ്ഞ് മറ്റുള്ളവരെ മുറിവേൽപ്പിക്കുന്നവരെ നമുക്ക് കാണാം.

“നീ ഭയങ്കര ബോറാണ്.”

“നിനക്ക് ഒന്നും അറിയില്ല.”

“നിന്റെ തീരുമാനം മണ്ടത്തരമാണ്.”

ഇവ സത്യമായിരിക്കാം. പക്ഷേ സത്യം ആയതുകൊണ്ട് മാത്രം അത് മനോഹരമാകണമെന്നില്ല.

ഒരു സുഹൃത്തിനോട് “നിനക്ക് തെറ്റിപ്പോയി” എന്ന് പറയുന്നതും, “ഇവിടെ നിനക്ക് തെറ്റിപ്പോയതായി എനിക്ക് തോന്നുന്നു; വേണമെങ്കിൽ നമുക്ക് ഒന്നുകൂടി ആലോചിക്കാം” എന്ന് പറയുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. രണ്ടാമത്തേതിൽ സത്യത്തിനൊപ്പം കരുതലുമുണ്ട്.

ഒരുപക്ഷേ, സത്യസന്ധതയുടെ ഏറ്റവും മനോഹരമായ രൂപം അതായിരിക്കാം - സത്യം മറയ്ക്കാതിരിക്കുക, പക്ഷേ സത്യം കൊണ്ട് മറ്റൊരാളെ ചെറുതാക്കാതിരിക്കുക.

എന്റെ ജീവിതത്തിൽ ഞാൻ പതുക്കെ പഠിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു കാര്യവുമുണ്ട്. എല്ലാവർക്കും നമ്മളെ ഇഷ്ടപ്പെടണമെന്നില്ല.

നമ്മൾ എത്ര സ്നേഹത്തോടെ പെരുമാറിയാലും, ചിലർക്ക് നമ്മളെ ഇഷ്ടപ്പെടില്ല. നമ്മൾ എത്ര സത്യസന്ധരായാലും, ചിലർക്ക് അത് അഹങ്കാരമായി തോന്നും. നമ്മൾ എത്ര മൃദുവായി സംസാരിച്ചാലും, ചിലർക്ക് നമ്മുടെ വാക്കുകൾ ഉൾക്കൊള്ളാനാവില്ല. അത് എല്ലായ്പ്പോഴും നമ്മുടെ പരാജയമല്ല. ചിലപ്പോൾ, നമ്മൾ മറ്റൊരാളുടെ പ്രതീക്ഷയ്ക്കൊത്ത് അഭിനയിക്കാത്തതിന്റെ വില മാത്രമാണ്.

എല്ലാവരെയും സന്തോഷിപ്പിക്കാനുള്ള ശ്രമത്തിൽ നമ്മൾ പതുക്കെ ഒരു വിചിത്രമായ ജീവിതം തുടങ്ങുന്നു. രാവിലെ കണ്ണാടിയിൽ നോക്കുമ്പോൾ കാണുന്നത് നമ്മുടെ മുഖമാണ്. പക്ഷേ, ദിവസം മുഴുവൻ നമ്മൾ ധരിച്ചിരിക്കുന്നത് മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്ന മുഖംമൂടികളാണ്..

അവസാനം ഒരു ദിവസം നമ്മൾ നമ്മളോട് തന്നെ ചോദിക്കും:

“ഇതിൽ യഥാർത്ഥത്തിൽ ഞാൻ എവിടെയാണ്?”

അതുകൊണ്ടാണ് ബോബ് മാർലിയുടെ വാക്കുകൾ ഒരു പരാതിയേക്കാൾ ഒരു ക്ഷണമായി തോന്നുന്നത്. കുറച്ചുകൂടി സത്യസന്ധതരാകാനുള്ള ക്ഷണം. നമ്മളെക്കുറിച്ച് എല്ലാം മനോഹരമായി പറയുന്നവരെ മാത്രം തേടാതെ, ആവശ്യമുള്ളപ്പോൾ “ഇവിടെ നിനക്ക് തെറ്റി” എന്ന് പറയാൻ ധൈര്യമുള്ള ഒരാളെ ജീവിതത്തിൽ സൂക്ഷിക്കാനുള്ള ക്ഷണം.

അതുപോലെ, അത്തരം ഒരാളുടെ വാക്കുകൾ കേൾക്കുമ്പോൾ ഉടനെ പ്രതിരോധത്തിലാകാതെ, “ഇതിൽ എനിക്ക് കേൾക്കാൻ ബുദ്ധിമുട്ടുള്ള എന്തെങ്കിലും സത്യമുണ്ടോ?” എന്ന് സ്വയം ചോദിക്കാനുള്ള ക്ഷണം.

കാരണം, ചിലപ്പോൾ നമ്മളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന മനുഷ്യൻ തന്നെയായിരിക്കും നമ്മളെ ഏറ്റവും കൂടുതൽ അസ്വസ്ഥരാക്കുന്നത്.

ഒരു വ്യാജ പുഞ്ചിരിയോ വ്യാജ അഭിന്ദനമോ നമുക്ക് ഒരു ദിവസം സന്തോഷം തന്നേക്കാം. സത്യസന്ധമായ വാക്ക് ചിലപ്പോൾ ഒരു ദിവസം മുഴുവൻ നമ്മളെ അലട്ടിയേക്കാം.. പക്ഷേ, ആ വാക്ക് നമ്മളെ കുറച്ചുകൂടി നല്ല മനുഷ്യനാക്കുന്നുവെങ്കിൽ? അപ്പോൾ ആ അസ്വസ്ഥതയ്ക്കും ഒരു സൗന്ദര്യമുണ്ട്.

ഒടുവിൽ, എനിക്ക് തോന്നുന്നത് ഇതാണ് - ജീവിതത്തിൽ നമ്മളെ സ്നേഹിക്കുന്നവരുടെ എണ്ണം അത്ര പ്രധാനമല്ല.

നമ്മൾ ആരാണെന്ന് അറിഞ്ഞിട്ടും നമ്മളോടൊപ്പം നിൽക്കുന്ന കുറച്ചുപേർ ഉണ്ടോ എന്നതാണ് പ്രധാനപ്പെട്ടത്. അവരുടെ മുന്നിൽ അഭിനയിക്കേണ്ടതില്ല. നമ്മുടെ വിജയങ്ങൾ വലുതാക്കി പറയേണ്ടതില്ല.

പരാജയങ്ങൾ മറച്ചുവയ്ക്കേണ്ടതില്ല. നമ്മുടെ നിശ്ശബ്ദത പോലും വിശദീകരിക്കേണ്ടതില്ല. അവരുടെ മുന്നിൽ നമുക്ക് വെറും നമ്മളായിരിക്കാം. ഒരുപക്ഷേ, മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ സ്നേഹം അതാണ് - “നീ യഥാർത്ഥത്തിൽ ആരാണെന്ന് എനിക്കറിയാം. എന്നിട്ടും, നിന്നെ ഞാൻ സ്നേഹിക്കുന്നു.”

logo
Sathyadeepam Online
www.sathyadeepam.org