
അനുദിന ജീവിതത്തില്‍ കര്‍ത്താവിന്റെ മരണ-ഉത്ഥാനങ്ങള്‍ സംഭവിക്കുന്നതെങ്ങനെയെന്ന് വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെയും ഈശോസഭയുടെയും ചരിത്രത്തിന്റെ വെളിച്ചത്തില്‍ ധ്യാനിക്കട്ടെ.
ഞാന്‍ വെള്ളയായി കാണുന്നത് കറുപ്പാണെന്ന് സഭാധികാരം തീരുമാനിച്ചാല്‍ അതു കറുപ്പാണെന്ന് ഞാന്‍ വിശ്വസിക്കും എന്ന് പഠിപ്പിച്ചയാളാണ് ഈശോസഭയുടെ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള.
എന്നിട്ടും സഭാധികാരവുമായുള്ള ബന്ധത്തിലാണ് ഇഗ്നേഷ്യസും പാപ്പയുടെ മുന്നണിപ്പോരാളികള്‍ എന്ന് പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഈശോസഭയും മരണ-ഉത്ഥാന പ്രഹേളികയെ - മിസ്റ്ററിയെ - ഈ ലോകത്തില്‍ ഏറ്റവും തീവ്രമായി അനുഭവിച്ചറിഞ്ഞത് എന്നത് ധ്യാനാര്‍ഹമാണ്.
1521-ല്‍ സംഭവിച്ച മാനസാന്തരത്തിന്റെ ആവേശത്തില്‍ ഇഗ്നേഷ്യസ് തീര്‍ത്ഥാടകനായി ജറുസലേമിലെത്തി. ഇനിയുള്ള കാലം വിശുദ്ധ നാട്ടില്‍ കഴിയണം - അതാണ് സ്വപ്നം. എന്നാല്‍ വിശുദ്ധ നാട്ടിലെ സഭയുടെ അധികാരിയായ ഫ്രാന്‍സിസ്‌കന്‍ പ്രിയോര്‍ പറഞ്ഞു: ഇവിടെ താമസിക്കുന്നത് പലതരത്തിലും പ്രശ്‌നമാകും - മടങ്ങിപ്പോകണം. മടങ്ങുന്ന പ്രശ്‌നമേയില്ല എന്നായി ഇഗ്നേഷ്യസ്. അനുസരിക്കാത്തവരെ മഹറോന്‍ ചൊല്ലാന്‍ പാപ്പ എന്നെ അധികാരപ്പെടുത്തുന്ന ബൂള കാണണമോ? - പ്രിയോര്‍. ഇഗ്നേഷ്യസിന്റെ സംശയമില്ലാത്ത മറുപടി, പാപ്പ പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാനിതാ പോകുന്നു - ബൂള കാണേണ്ട എന്നായിരുന്നു.
തുടര്‍ന്നങ്ങോട്ട് വേദനിപ്പിക്കുന്ന അനുസരണയുടെയും അതിശയകരമായ ദൈവപരിപാലനയുടെയും അനുഭവങ്ങളുടെ ഒരു പരമ്പരയായിരുന്നു അദ്ദേഹത്തിന് ജീവിതം, 1556-ല്‍ മരിക്കുന്നതുവരെ.
മുപ്പതാം വയസ്സുവരെ ലോകത്തിന്റെ ഭോഷത്തങ്ങളില്‍ മുഴുകി, പ്രശസ്തിയെന്ന കുമിളയെ പീരങ്കിയുടെ മുമ്പിലും തേടി ജീവിച്ച ഒരാള്‍ ഈശോസഭ എന്ന സന്യാസസഭയുടെ സ്ഥാപകനും ലോകത്തെ മുഴുവന്‍ സ്വാധീനിച്ചവനും വിശുദ്ധരുടെ വിശുദ്ധനും (എന്ന് വിശുദ്ധ ഫ്രാന്‍സിസ് സാലസ്) ആയിത്തീരുന്ന കഥയാണത്.
ഇന്‍ക്വിസിഷനോ മറ്റ് സഭാധികാരികളോ ഇഗ്നേഷ്യസിനെ എട്ട് അവസരങ്ങളില്‍ വിസ്തരിച്ചു. രണ്ടു തവണ തടവിലിട്ടു - ഒരിക്കല്‍ അദ്ദേഹത്തിന്റെയും കൂട്ടുകാരന്റെയും കാലുകള്‍ ഒരേ ചങ്ങലയുടെ രണ്ടറ്റങ്ങളില്‍ ബന്ധിച്ചാണ് താമസിപ്പിച്ചത്.
പോകുന്നിടത്തൊക്കെ അന്വേഷണങ്ങള്‍കൊണ്ട് ശല്യം ചെയ്തുകൊണ്ടിരുന്ന ഇന്‍ക്വിസിഷനെപ്പറ്റി ഒരിക്കല്‍ ക്ഷമകെട്ട് ഇഗ്നേഷ്യസ് പറഞ്ഞത് ഈ ഇന്‍ക്വിസിഷനുകള്‍കൊണ്ട് എന്തുപകാരമെന്ന് എനിക്ക് മനസ്സിലാകുന്നില്ല എന്നാണ്. സലമാങ്ക എന്ന പട്ടണത്തില്‍ തടവിലാക്കി ചങ്ങലയ്ക്കിട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്. ദൈവത്തെപ്രതി ഞാന്‍ സഹിക്കാനാഗ്രഹിക്കുന്നത്ര വിലങ്ങുകളും ചങ്ങലകളും ഈ സലമാങ്കയിലില്ല എന്നാണ്. ആ അനുഭവങ്ങളെ ഓര്‍ത്തുകൊണ്ട് വളരെ കഴിഞ്ഞ് 1545-ല്‍ അദ്ദേഹം എഴുതി: ദൈവത്തിനു കൂടുതല്‍ മഹത്വമുണ്ടാകാന്‍ അത്രയുമോ അതിലധികമോ ഇനിയും സഹനങ്ങള്‍ വേണമെന്നാണ് എന്റെ ആഗ്രഹം... ദൈവത്തെപ്രതി ഇനിയും വിചാരണ ചെയ്യപ്പെടണം, ഏകാന്തത്തടവില്‍ അടയ്ക്കപ്പെടണം, ചങ്ങലകളാല്‍ ബന്ധിതനാകണം - അതൊക്കെ സഭാധികാരികളില്‍ നിന്നാണെങ്കില്‍ ആകട്ടെ - ഇതാണ് ആ സന്യാസ സുപ്പീരിയര്‍ ജനറലിന്റെ ആഗ്രഹം.
സ്‌പെയിനിലെ ഈശോസഭയുടെ പ്രൊവിന്‍ഷ്യലായ ഫ്രാന്‍സിസ് ബോര്‍ജിയയെ കര്‍ദിനാ ളാക്കാന്‍ 1552-ല്‍ ചില അധികാരികള്‍ ആലോചിച്ചു. ഇഗ്നേഷ്യസ് ബോര്‍ജിയയ്ക്ക് എഴുതി: നമ്മള്‍ ആ ആലോചനയെ സ്വീകരിക്കരുത് എന്നാണ് എന്റെ പ്രാര്‍ത്ഥനകളില്‍ പരിശുദ്ധാരൂപി എനിക്കു തോന്നിക്കുന്നത്. എന്നാല്‍ മറിച്ചാകാം പരിശുദ്ധാരൂപി താങ്കള്‍ക്കു തോന്നിക്കുന്നത്. അങ്ങനെയെങ്കില്‍ ഞാന്‍ അതിനെ ആദരിക്കും. ഇതിലൊരു വൈരുധ്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല - ചില ഉദ്ദേശ്യങ്ങളോടെ ദൈവം ഒരാളെ ഒരു ദിശയിലും വേറെ ഉദ്ദേശ്യങ്ങളോടെ മറ്റു ചിലരെ വിപരീതദിശയിലും പ്രചോദിപ്പിക്കാം, അങ്ങനെ ദൈവമഹത്വത്തിന് ഏറ്റവും ഉതകുന്ന അവസ്ഥയിലെത്തിക്കാം. ഈ കാര്യത്തിന്റെ തീര്‍പ്പ് ഞാന്‍ ദൈവത്തിനു വിടുന്നു - എല്ലാ കാര്യങ്ങളിലും അവിടത്തെ ഇഷ്ടം നിറവേറട്ടെ... സഭയില്‍ അധികാരപ്രയോഗത്തിന്റെയും അനുസരണയുടെയും ഏറ്റവും വിശുദ്ധമായ ഒരു ഉദാഹരണം തന്നെ ഇത്.
ഇഗ്നേഷ്യസിന്റെ അധികാരപ്രയോഗം അഹംഭാവത്തില്‍ നിന്നായിരുന്നില്ല, അദ്ദേഹത്തിന്റെ അനുസരണ ദാസ്യഭാവത്തില്‍നിന്നോ അജ്ഞതയില്‍നിന്നോ ആയിരുന്നില്ല, അമ്പരപ്പിക്കുന്ന വിശ്വാസത്തില്‍ നിന്നായിരുന്നു, പ്രാര്‍ത്ഥനയില്‍നിന്നായിരുന്നു.
കര്‍ദിനാള്‍ ജോ കരാഫയ്ക്ക് ഇഗ്നേഷ്യസ് ലൊയോളയെ ഇഷ്ടമായിരുന്നില്ല - കര്‍ദിനാളിന്റെ ചില ആലോചനകളോട് ഇഗ്നേഷ്യസ് യോജിക്കാത്തതുകൊണ്ടുതന്നെ. 1555-ല്‍ കരാഫ പാപ്പ ആയി തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത കേട്ടപ്പോള്‍ ഇഗ്നേഷ്യസിന്റെ മുഖം വിളറി, അസ്ഥികള്‍ കൂട്ടിയടിച്ചു, എന്നാല്‍ അദ്ദേഹം ഉടനെ പള്ളിയിലേക്കു പോയി, ഏതാനും നിമിഷങ്ങള്‍ക്കുശേഷം തിരിച്ചുവന്നപ്പോള്‍ മുഖം പ്രസന്നമായിരുന്നു എന്നൊക്കെ സഹപ്രവര്‍ത്തകര്‍ കണ്ടു.
1555-ല്‍ പാപ്പയായി തിരഞ്ഞടുക്കപ്പെട്ട കരാഫ, പോള്‍ നാലാമന്‍, വെറുതെ ഇരുന്നില്ല. ഏതാനും ദിവസങ്ങള്‍ക്കുശേഷം പേപ്പല്‍ പൊലീസ് ജസ്വിറ്റ് ജനറലിന്റെ ഓഫീസ് റെയ്ഡു ചെയ്തു - സ്‌പെയിന്‍കാരനായ ഇഗ്നേഷ്യസ് റോമയെ ആക്രമിച്ച സ്‌പെയിന്‍ ചക്രവര്‍ത്തിക്കുവേണ്ടി ആയുധം ശേഖരിച്ചുവച്ചിട്ടില്ലേ എന്ന സംശയത്തില്‍.
ഒരു വര്‍ഷത്തിനകം 1556 ജൂലൈ 30-ന് മരണാസന്നനായ ഇഗ്നേഷ്യസിന്റെ അവസാനത്തെ ആഗ്രഹം പോള്‍ പാപ്പയുടെ-കരാഫയുടെ-ആശീര്‍വാദം വേണം എന്നായിരുന്നു. സെക്രട്ടറി അമാന്തിച്ചതുകൊണ്ട് ആശീര്‍വാദം കിട്ടാതെതന്നെ 31-ന് പുലര്‍ച്ചയ്ക്ക് ഇഗ്നേഷ്യസ് മരിച്ചു.
രണ്ടേകാല്‍ നൂറ്റാണ്ടിലൂടെ 23,000 അംഗങ്ങളും ലോകത്തെല്ലായിടത്തും പ്രവര്‍ത്തനങ്ങളുമായി വളര്‍ന്ന ഈശോസഭയെ അനേകം സംഭവങ്ങള്‍ ഒരു പ്രതിസന്ധിയിലെത്തിച്ചു. 1373-ലെ പാപ്പ ഈശോസഭയെ പിരിച്ചുവിട്ടു, സ്ഥാപനങ്ങളെല്ലാം കണ്ടുകെട്ടി, സുപ്പീരിയര്‍ ജനറലിനെ ഏകാന്തത്തടവിലടച്ചു, രണ്ടുവര്‍ഷം കഴിഞ്ഞ് അദ്ദേഹം അവിടെ മരിച്ചു.
മരണ-ഉത്ഥാനങ്ങളുടേതല്ലാതെ സുവിശേഷത്തില്‍ മറ്റൊരു വഴിയില്ല. ദൈവപുത്രന്‍ ഉത്ഥാനത്തിന്റെ മഹത്വത്തിലെത്തിയത്, മരിച്ചവരില്‍നിന്നുള്ള ആദ്യഫലം ആയത്, സ്വയം ഒന്നുമല്ലാതാക്കി, അടിമയെപ്പോലെ മരണംവരെ മഹാപുരോഹിതനിലൂടെയും പീലോത്തോസിലൂടെയും വെളിപ്പെട്ട പിതാവിന്റെ ഹിതത്തെ അനുസരിച്ചുകൊണ്ടാണ് - കുരിശുമരണം വരെ.
1814-ല്‍ അന്നത്തെ പാപ്പ ഈശോസഭയെ വീണ്ടും ആഘോഷമായി പുനര്‍ജ്ജീവിപ്പിച്ച് പുത്തന്‍ ഉത്തരവാദിത്വങ്ങള്‍ ഏല്പിച്ചു. ഈശോസഭ വീണ്ടും ലോകമെങ്ങും വളര്‍ന്നു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം വലിയ കോളിളക്കങ്ങള്‍ സഭയില്‍ നടക്കുന്ന കാലത്ത് ഈശോസഭയുടെ സുപ്പീരിയര്‍ ജനറല്‍ ആയിരുന്ന പേദ്രൊ അറൂപ്പെയുടെ ചില രീതികള്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയ്ക്ക് ഇഷ്ടമായില്ല. അറൂപ്പെയെ കാണാന്‍ കുറെ നാളത്തേക്ക് അദ്ദേഹം വിസമ്മതിച്ചു. അറൂപ്പെയ്ക്ക് അസുഖമായപ്പോള്‍ ഈശോസഭയെ നയിക്കാന്‍ തന്റെ പ്രതിനിധിയെ വച്ചു. രണ്ടു വര്‍ഷം കഴിഞ്ഞാണ് ഭരണം ഈശോസഭയെ തിരിച്ചേല്‍പ്പിച്ചത്.
ചെറുതല്ലാത്ത സന്ദേഹത്തോടെ, ഉറയ്ക്കാത്ത ചുവടുവയ്പുകളോടെ മുന്നോട്ടുപോയ ഈശോസഭയോട് 2008-ല്‍ പതിനാറാം ബനഡിക്റ്റ് പാപ്പ പറഞ്ഞു: ''... സഭയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്, നിങ്ങളുടെ സേവനം ആവശ്യമുണ്ട്, പ്രത്യേകമായി മറ്റുള്ളവര്‍ എത്താത്തതോ എത്താന്‍ പ്രയാസപ്പെടുന്നതോ ആയ ഭൂഭാഗങ്ങളിലേക്കും ആത്മീയമേഖലകളിലേക്കും കടന്നുചെല്ലാന്‍ സഭ ഉറപ്പോടെ നിങ്ങളെ ആശ്രയിക്കുന്നു.''
ആ ഈശോസഭയില്‍ നിന്നാണല്ലോ സഭയ്ക്ക് അകത്തും പുറത്തും വലിയ വെല്ലുവിളികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലത്ത് സഭയെത്തന്നെ നയിക്കാന്‍ ഒരാള്‍ തെരഞ്ഞെടുക്കപ്പെട്ടത് - ഫ്രാന്‍സിസ് പാപ്പ.
ഈശോസഭ തുടങ്ങിയ മലബാര്‍ റീത്ത്, ചൈനാ റീത്ത്, പാരഗ്വെ ഗ്രാമങ്ങള്‍ എന്നീ പരീക്ഷണങ്ങളും ഈശോസഭക്കാരായ ഹെന്റി ദെ ലുബാക്, ഷാന്‍ ഡാനിയേലൂ, റ്റെയ്യാര്‍ദ് ദെ ഷാര്‍ദ്ദാന്‍ മുതലായ വ്യക്തികളും സഭയില്‍ അനുസരണയുടെ തീച്ചൂളയിലൂടെ കടന്നുപോയി. പിന്നീട് അവയും അവരും സഭയുടെ ഭൂഷണങ്ങളായി പുകഴ്ത്തപ്പെട്ടു. ഫാദര്‍ അറൂപ്പെയെ വിശുദ്ധനാക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നു.
മരണ-ഉത്ഥാനങ്ങളുടേതല്ലാതെ സുവിശേഷത്തില്‍ മറ്റൊരു വഴിയില്ല. ദൈവപുത്രന്‍ ഉത്ഥാനത്തിന്റെ മഹത്വത്തിലെത്തിയത്, മരിച്ചവരില്‍നിന്നുള്ള ആദ്യഫലം ആയത്, സ്വയം ഒന്നുമല്ലാതാക്കി, അടിമയെപ്പോലെ മരണംവരെ മഹാപുരോഹിതനിലൂടെയും പീലോത്തോസിലൂടെയും വെളിപ്പെട്ട പിതാവിന്റെ ഹിതത്തെ അനുസരിച്ചുകൊണ്ടാണ് - കുരിശുമരണം വരെ.
ഫലം പുറപ്പെടുവിക്കണമെങ്കില്‍ വിത്തു നിലത്തുവീണ് അഴിയണം. പുതിയ മനുഷ്യര്‍ വരണമെങ്കില്‍ സ്ത്രീ ഗര്‍ഭകാലത്തിന്റെ ക്ലേശങ്ങളും പ്രസവത്തിന്റെ മഹാവേദനയും അനുഭവിക്കണം.
സ്വന്തം ജീവന്‍ സംരക്ഷിക്കുന്നവര്‍ അതു നഷ്ടമാക്കുകയാണ്.
അനേകം രീതികളിലാകാം ഈ സ്വയം ശൂന്യമാകല്‍ എന്ന് നമുക്കറിയാം. ചെയ്യേണ്ട ജോലിയില്‍, സുവിശേഷം അറിയിക്കുന്നതില്‍, ദൈവം തന്ന ബന്ധങ്ങളില്‍, സഹിക്കേണ്ട രോഗങ്ങളില്‍, അംഗീകരിക്കേണ്ട പരിമിതികളില്‍, പരാജയങ്ങളില്‍, സത്യത്തെയും നീതിയെയും മുറുകെപ്പിടിക്കുമ്പോള്‍ ഉണ്ടാകുന്ന ആക്ഷേപങ്ങളില്‍... ദൈവത്തോടും മനുഷ്യരോടുമുള്ള സ്‌നേഹം മാത്രം ശക്തിപ്പെടുത്തി സ്വയം ആത്മദാനം ചെയ്യുകയാണത്. രക്തത്തിലോ അല്ലാതെയോ ഉള്ള സാക്ഷിത്വമാണത്. സഭയില്‍ എല്ലാവരും അങ്ങനെ യേശുവിന്റെ ജീവിതമരണോത്ഥാനങ്ങളുടെ സാക്ഷികളാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.