സാക്ഷര കേരളത്തില്‍ നിന്ന് സാംസ്‌കാരിക കേരളത്തിലേക്കുള്ള ദൂരം

സാക്ഷര കേരളത്തില്‍ നിന്ന് സാംസ്‌കാരിക കേരളത്തിലേക്കുള്ള ദൂരം
കേരളം എല്ലാവര്‍ക്കും ഉള്ളതാണ്. ജാതി മത രാഷ്ട്രീയ ഭേദമന്യെ എല്ലാവര്‍ക്കും ഇവിടെ ജീവിക്കാനാകണം. വെറുതെ ജീവിക്കാനല്ല. മനുഷ്യനായി ജീവിക്കാന്‍, മനസ്സമാധാനത്തോടെയും അന്തസ്സോടെയും. അപ്പോള്‍ മാത്രമേ സാക്ഷര കേരളം സാംസ്‌കാരിക കേരളമായി മാറൂ.

രാജ്യ തലസ്ഥാനത്ത് താമസിക്കുന്ന കൂലിപ്പണിക്കാരനായ നസിമുദ്ദീന്‍ ഖാന്‍ പറഞ്ഞതില്‍ നിന്ന് തുടങ്ങാം. തൊണ്ണൂറ്റി ഒന്ന് വയസുള്ള അദ്ദേഹം ഇന്ത്യാ വിഭജനത്തിന്റെ ബലിയാടാണ്. പ്രശസ്ത ചരിത്രകാരിയായ ആഞ്ചല്‍ മല്‍ഹോത്രയോട് ഖാന്‍ പറഞ്ഞു തുടങ്ങി: 'ഞങ്ങള്‍ ഹിന്ദുസ്ഥാനില്‍ ജനിച്ചവരാണ്. ഇവിടെ വളര്‍ന്നവര്‍, ഇവിടെ ജീവിക്കുന്നവര്‍, ഇവിടെ മരിക്കുന്നവര്‍. ഞങ്ങള്‍ മരിക്കുമ്പോള്‍ ഞങ്ങളെ ഈ ഭൂമിയില്‍ മറവു ചെയ്യുന്നു, ശരീരം അഴുകി ഈ മണ്ണിന്റെ ഭാഗമാകുന്നു. അങ്ങനെ ഞങ്ങള്‍ ഹിന്ദുസ്ഥാനായി മാറുന്നു. മോളെ, ഇനി പറയു, ഞങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ അവകാശമില്ലേ? ഞങ്ങള്‍ ഈ മണ്ണിന്റെ ഭാഗമല്ലേ?'

നസിമുദ്ദീന്‍ ഖാന്റെ പിതാവ് മൗണ്ട്ബാറ്റണ്‍ പ്രഭുവിന്റെ സുരക്ഷാ സേനയിലെ അംഗമായിരുന്നു. വിഭജനത്തെത്തുടര്‍ന്ന്, മൗണ്ട്ബാറ്റണ്‍ തന്റെ സുരക്ഷാ സേനയിലെ മുസ്ലിം സേനാംഗങ്ങളോട് പാക്കിസ്ഥാനില്‍ ജിന്നയുടെ സുരക്ഷാ ഭടന്മാരായി പോകാന്‍ പ്രേരിപ്പിച്ചെങ്കിലും അതിന് വഴങ്ങാന്‍ വിസമ്മതിച്ച്, ഇന്ത്യയില്‍ തങ്ങിയ മനുഷ്യനാണ് അദ്ദേഹം. വിഭജനകാലത്തെ കൂട്ടക്കൊലയുടെ ബാക്കിപത്രമായി ഡല്‍ഹിയിലെ തെരുവുകളില്‍ ചിതറിക്കിടന്ന ശവങ്ങളുടെ അഴുകിയ ദുര്‍ഗന്ധം ഇന്നും ഖാന് അനുഭവപ്പെടുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ അക്ഷരാഭ്യാസമുള്ളവരോ, ഉദ്യോഗസ്ഥരോ, രാഷ്ട്രീയക്കാരോ ആരുമില്ല. പക്ഷേ മനുഷ്യബന്ധങ്ങളെക്കുറിച്ചും രാജ്യത്തെക്കുറിച്ചും ആ മനുഷ്യനുള്ളത്ര ആശയ വ്യക്തത നമുക്കുണ്ടോ എന്ന് സംശയമാണ്. അദ്ദേഹം ഉന്നയിച്ച ചോദ്യം ഇതര സംസ്ഥാനക്കാര്‍ക്ക് മാത്രമല്ല, മത നിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും പേരില്‍ മേനിപറയുന്ന മലയാളിക്കും ബാധകമാണ്.

കേരളത്തിന് പല വിശേഷണങ്ങള്‍ മലയാളികള്‍ സ്വയം നല്‍കാറുണ്ട്. പ്രബുദ്ധ കേരളം, സാക്ഷര കേരളം, ജനാധിപത്യ കേരളം, സാംസ്‌കാരിക കേരളം, ദൈവത്തിന്റെ സ്വന്തം നാട്... വിശേഷണങ്ങള്‍ ഇനിയുമുണ്ട്. എന്നാല്‍ നമ്മുടെ വര്‍ത്തമാനകാല അനുഭവങ്ങള്‍ പലതും ഇതുമായി ഒത്തുപോകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എല്ലാത്തരം അസഹിഷ്ണുതയും ഇവിടെ വളര്‍ന്നു കൊണ്ടിരിക്കുന്നു. ഇതില്‍ ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസമോ രാഷ്ട്രീയ വ്യത്യാസമോ ഇല്ല. അസഹിഷ്ണുതയില്‍ മുന്നിലാര്, പിന്നിലാര് എന്ന ചോദ്യത്തിനും പ്രസക്തിയില്ല. ആര്‍ക്കും അല്പം ഗര്‍ഭം ധരിക്കാനാവില്ലല്ലോ?

അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ സാധാരണ ഗതിയില്‍ നാം ജാതി മത ശക്തികളെയാണ് പഴിചാരുന്നത്. അത് ഒരളവുവരെ ശരിയുമാണ്. അതേ സമയം അവര്‍ മാത്രമല്ല അതിന്റെ ഉത്തരവാദികള്‍ എന്ന വസ്തുതയും അവശേഷിക്കുന്നു. കേരളത്തിലെ രാഷ്ട്രീയ സമൂഹവും ഇതില്‍ നിന്നൊട്ടും ഭിന്നമാകുന്നില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തമ്മിലും പ്രസ്ഥാനങ്ങള്‍ക്കുള്ളിലും ജനങ്ങളോടുള്ള അവരുടെ ഇടപെടലുകളിലും ഇത് പ്രകടമാണ്. അ സഹിഷ്ണുത ഏതായാലും ജനാധിപത്യ വിരുദ്ധമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

ഇക്കഴിഞ്ഞ മേയ് ഇരുപത്തി ഒന്നിന് ആലപ്പുഴയില്‍ പോപ്പുലര്‍ ഫണ്ട് നടത്തിയ പ്രകടനത്തില്‍ സ്വന്തം അച്ഛന്റെ ചുമലില്‍ ഇരുന്നുകൊണ്ട് മകന്‍ വിളിച്ച മുദ്രാവാക്യം നാം കേട്ടതാണ്. മകനെക്കൊണ്ട് വിളിപ്പിച്ചത് എന്നു പറയുന്നതാവും കൂടുതല്‍ ശരി. അതു വലിയ വിവാദമായപ്പോള്‍ മുദ്രാ വാക്യം ആര്‍.എസ്.എസ്സിന് എതിരെ വിളിച്ചതാണെന്ന വിശദീകരണം വന്നു. ആര്‍.എസ്.എസ്സിന് എതിരെ എസ്.ഡി.പി.ഐക്കോ, എസ്.ഡി.പി.ഐക്ക് എതിരെ ആര്‍.എസ്.എസ്സിനോ ഇത്തരത്തിലൊരു മുദ്രാവാക്യം വിളിക്കാമോ എന്ന ചോദ്യം പ്രസക്തം തന്നെ. തല്‍ക്കാലം അതവിടെ നില്ക്കട്ടെ. മറുവശത്ത് ചില ഹിന്ദു സംഘടനകള്‍ മുസ്ലീം വിരുദ്ധ മുദ്രാവാക്യം മുഴക്കി തെരുവില്‍ ഇറങ്ങിയതും ശ്രദ്ധേയമായി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആര്‍.എസ്.എസ്. എസ്.ഡി.പി.ഐ സംഘട്ടനത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടതിനും, ഒരു ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാവ് മുസ്ലീം വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ നിയമ നടപടി നേരിടുന്നതിനും കേരളം സാക്ഷ്യം വഹിച്ചു.

ഇതിനെക്കാള്‍ ആശങ്കാജനകമാണ് രാഷ്ട്രീയപ്പാര്‍ട്ടികളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുത. ഇവര്‍ ജാതിമത ശക്തികളെ തരാതരം പോലെ കൂട്ടുപിടിച്ച് അധികാരത്തിലേറുന്നു എന്നതു മാത്രമല്ല പ്രശ്‌നം. അത്തരം ഉദാഹരണങ്ങള്‍ നമ്മുടെ മുന്നില്‍ ധാരാളമുണ്ട്. ലണ്ടനില്‍ മനുഷ്യനാണോ മഞ്ഞിനെ സൃഷ്ടിക്കുന്നത് അതോ മഞ്ഞാണോ മനുഷ്യനെ സൃഷ്ടിക്കുന്നത് എന്നറിയില്ലെന്ന് ഓസ്‌കാര്‍ വൈല്‍ഡ് പറഞ്ഞതു പോലെയാണ് ഇവിടെ രാഷ്ട്രീയവും ജാതി മത സംഘടനകളുമായുള്ള ബന്ധം. ആര് ആരെ സൃഷ്ടിക്കുന്നു എന്നു പറയാന്‍ നന്നേ ബുദ്ധിമുട്ടാണ്.

എന്നാല്‍ ഇതിനെ വെല്ലുന്നതാണ് രാഷ്ട്രീയ സമൂഹത്തില്‍ പ്രകടമായി കണ്ടു തുടങ്ങിയിരിക്കുന്ന അസഹിഷ്ണുത. സ്വര്‍ണ്ണ കടത്തു കേസുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങളില്‍ ഇത് മറനീക്കി പുറത്തുവരികയുണ്ടായി. പാര്‍ട്ടികളും അവരുടെ അണികളും പരസ്പരം വിളിച്ച കൊലവിളി മുദ്രാവാക്യങ്ങള്‍ ഒരുപക്ഷേ മുന്‍പ് സൂചിപ്പിച്ച സംഘടനകള്‍ വിളിച്ചതിനേക്കാള്‍ അപകടകരമാണ് എന്നു പറയേണ്ടിവരും. പാര്‍ട്ടിഓഫീസുകള്‍ അടിച്ചു തകര്‍ത്തു. ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിമരങ്ങളും നശിപ്പിച്ചു. നേതാക്കളെ തൊട്ടുകളിക്കുന്നവരോട് മലരും കുന്തിരിക്കവും കരുതിവയ്ക്കാന്‍ പറയാനും അവര്‍ അമാന്തിച്ചില്ല. അണികള്‍ ശക്തിമാന്മാര്‍ക്കു വേണ്ടി ഒച്ചവയ്ക്കുന്ന ആള്‍ക്കൂട്ടമായി മാറിയിരിക്കുന്നു എന്ന് സാരം.

ഇവിടെ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ഇതില്‍ ആദ്യത്തേത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധം കലുഷിതമാകുന്നു എന്നതാണ്. കക്ഷികള്‍ തമ്മില്‍, പ്രത്യേകിച്ച് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍, സംവാദത്തിനുള്ള ഇടം ഇത് ഇല്ലാതാക്കുകയും സംസ്ഥാന രാഷ്ട്രീയത്തില്‍ ആഴത്തിലുള്ള ചേരിതിരിവ് സൃഷ്ടിക്കുകയും ചെയ്യും. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ തകര്‍ച്ച ആരംഭിക്കുന്നത് ഇത്തരം സംഭവവികാസങ്ങളിലൂടെയാണ്.

അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ സാധാരണ ഗതിയില്‍ നാം ജാതി മത ശക്തികളെയാണ് പഴിചാരുന്നത്. അത് ഒരളവുവരെ ശരിയുമാണ്. അതേ സമയം അവര്‍ മാത്രമല്ല അതിന്റെ ഉത്തരവാദികള്‍ എന്ന വസ്തുതയും അവശേഷിക്കുന്നു. കേരളത്തിലെ രാഷ്ട്രീയ സമൂഹവും ഇതില്‍ നിന്നൊട്ടും ഭിന്നമാകുന്നില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തമ്മിലും പ്രസ്ഥാനങ്ങള്‍ക്കുള്ളിലും ജനങ്ങളോടുള്ള അവരുടെ ഇടപെടലുകളിലും ഇത് പ്രകടമാണ്.

രണ്ടാമത്തേത് വിളിച്ച മുദ്രാ വാക്യത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ടതാണ്. നേതാക്കളെ തൊട്ടു കളിച്ചാല്‍ തിരിച്ചടിക്കുമെന്നാണ് ഭീഷണി. നേതാക്കളെ തൊട്ടാലെ പ്രശ്‌നമാകൂ എന്ന് വ്യംഗ്യാര്‍ത്ഥം. തിരിച്ച് പറഞ്ഞാല്‍, അണികളെ ആര്‍ക്കുവേണമെങ്കിലും യഥേഷ്ടം വെട്ടിയും കുത്തിയും വകവരുത്താം. അവര്‍ തങ്ങള്‍ നേതാക്കളുടെ ചാവേറുകളാണെന്ന് സ്വയം സമ്മതിക്കുന്നു. അടിയും തടവും അണികള്‍ക്ക്, അധികാരവും അര്‍ത്ഥവും നേതാക്കള്‍ക്ക് എന്നതാണ് രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ ഏര്‍പ്പാട്. ഇതൊരു തരം അടിമ ഉടമ ബന്ധമാണ്.

രാഷ്ട്രീയത്തിലെ ഈ അടിമ ഉടമ ബന്ധത്തില്‍ നിന്നാണ് മൂന്നാമത്തെ കാര്യം തുടങ്ങുന്നത്. ഇത് മറ്റൊന്നുമല്ല രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ളില്‍ സംഭവിക്കുന്ന അധികാര കേന്ദ്രീകരണം. ഇപ്പോഴിത്, സാധാരണ നാം കാണാറുള്ള അധികാര കേന്ദ്രീകരണത്തിനപ്പുറം, നേതാക്കള്‍ തന്നെ പാര്‍ട്ടിയായി മാറുന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു. തോമസ് ഹോബ്‌സിന്റെ ലെവിയത്താന്‍ എന്ന പുസ്തകത്തിന്റെ പുറംചട്ടയാണ് ഓര്‍മ്മ വരുന്നത്. മനുഷ്യരുടെ ചിത്രമുള്ള വസ്ത്രമണിഞ്ഞ് ഒരു കൊടുമുടിയുടെ പശ്ചാത്തലത്തില്‍ നില്ക്കുന്ന ആള്‍രൂപമാണ് അതിന്റെ ഉള്ളടക്കം. എല്ലാ അധികാരങ്ങളും ഭരണാധികാരിയില്‍ വന്നുചേരുന്നു എന്നതിനേക്കാള്‍, സമൂഹം തന്നെ അയാളില്‍ ലയിച്ച് ഇല്ലാതാവുകയാണ് ഇവിടെ.

ഒഥല്ലൊയുടെ അരക്ഷിതാവസ്ഥയും അസൂയയും ചൂഷണം ചെയ്ത് അയാളെ എങ്ങനെയാണോ ഇയാഗോ ഉപയോഗിച്ചത് അതുപോലെയാണ് നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ വളരുന്നതും ഉയരുന്നതും. തങ്ങളുടെ ചെയ്തികളെ എതിര്‍ക്കുന്നവരെ നേരിടാനുള്ള അവരുടെ യുക്തി വളരെ ലളിതമാണ്: വിമര്‍ശിക്കുന്നവര്‍ പാര്‍ട്ടി ശത്രുക്കളാണ്. ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികള്‍ എന്ന് ചാപ്പ കുത്തുന്നതു പോലെയുള്ളൊരു ഏര്‍പ്പാട്. നേതൃത്വം പറയുന്നത് അനുസരിക്കുക എന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം.

ഇതേ മനോഭാവമാണ് ജനങ്ങളോടുള്ള പാര്‍ട്ടി/ഭരണ നേതൃത്വങ്ങളുടെ സമീപനത്തിലും കാണാനാകുന്നത്. തങ്ങള്‍ക്ക് വിധേയപ്പെട്ട് നില്ക്കുന്നിടത്തോളം ജനങ്ങളുടെ 'അവകാശങ്ങള്‍' സംരക്ഷിക്കപ്പെടും. ഭരണകൂടത്തിന്റെ/രാഷ്ട്രീയ നേതൃത്വത്തിന്റെ ചെയ്തികള്‍ എന്തു തന്നെയാണെങ്കിലും, അതിനെതിരെ ശബ്ദം ഉയര്‍ത്താതിരിക്കുക. ഫ്രാന്‍സില്‍ മുസ്ലീങ്ങളെക്കുറിച്ച് ഇപ്പോള്‍ പ്രചാരത്തിലുള്ളൊരു പറച്ചിലുണ്ട്, മൗനം ദീക്ഷിക്കുമ്പോള്‍ ഫ്രഞ്ചുകാരും സംസാരിക്കാന്‍ തുനിഞ്ഞാല്‍ മുസ്ലീങ്ങളും. ഇതിന്റെ മറ്റൊരു പതിപ്പാണ് നമ്മുടെ നാട്ടില്‍ ഇപ്പോള്‍. മൗനം ദീക്ഷിക്കുമ്പോള്‍ പുരോഗമനക്കാരും ശബ്ദിക്കുമ്പോള്‍ മൂരാച്ചികളും. 'ബുദ്ധിജീവികളും സാംസ്‌കാരിക നായകന്മാരും' മൗനം ദീക്ഷിച്ചാല്‍ മാത്രം പോരാ. അവര്‍ക്ക് ഒരു അധിക ചുമതല കൂടിയുണ്ട് രാഷ്ട്രീയ/ ഭരണ നേതൃത്വങ്ങളുടെ ചെയ്തികളെ, അത് എന്തായാലും, ന്യായീകരിക്കുക.

സംശയം വേണ്ട, കേരള സമൂഹവും രാഷ്ട്രീയവും നാളിതു വരെ നാം എതിര്‍ത്തിരുന്ന സമൂഹങ്ങളെയും അവരുടെ രാഷ്ട്രീയത്തേയുമാണ് ഇപ്പോള്‍ പിന്തുടര്‍ന്നു കൊണ്ടിരിക്കുന്നത്. അതിന്റെ ലക്ഷണമാണ് ഭരണത്തിലും രാഷ്ട്രീയത്തിലും ജനാധിപത്യത്തിന്റെ അളവ് കുറഞ്ഞുവരുന്നത്, രാഷ്ട്രീയം പബ്‌ളിക്ക് റിലേഷന്‍സ്‌വര്‍ക്കും ചെലവേറിയതുമാകുന്നത്, രാഷ്ട്രീയത്തിലും സമൂഹത്തിലും തിരുത്തല്‍ ശക്തികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്, വര്‍ഗീയത മറനീക്കി പുറത്തുവന്നു തുടങ്ങിയിരിക്കുന്നത്, മൂലധന ശക്തികള്‍ക്ക് സ്വീകാര്യത ഏറിക്കൊണ്ടിരിക്കുന്നത്.

ഗ്രീക്ക് ചിന്തകന്‍ ഡയോജനസ് മരണാസന്നനായപ്പോള്‍ പറഞ്ഞത്, മരണശേഷം തന്നെ കമഴ്ത്തി കിടത്തി അടക്കം ചെയ്യണമെന്നാണ്. അതിന്റെ കാരണമായി അദ്ദേഹം പറഞ്ഞത് ഇതാണ് 'താമസിയാതെ എല്ലാം കീഴ്‌മേല്‍ മറിയും'. അതുപോലൊരു കീഴ്‌മേല്‍ മറിയല്‍ കേരള സമൂഹത്തേയും കാത്തിരിക്കുന്നു. നാം അതീവ ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇത് ഒഴിവാക്കാനാകു. തിരഞ്ഞെടുപ്പു വിജയത്തിനും പബ്‌ളിക്ക് റിലേഷന്‍സിനും അപ്പുറമുള്ളൊരു രാഷ്ട്രീയത്തിന് ബീജാവാപം ചെയ്യാന്‍ നമുക്കാവണം. നിലവിലെ 'രാഷ്ട്രീയ ഇന്ദ്രജാലത്തില്‍' സൂര്യപ്രകാശം കടത്തിവിടുന്നതാവണം അത്. അതിന് ഭരണകൂടത്തോടായാലും രാഷ്ട്രീയ നേതൃത്വങ്ങളോടായാലും ജാതി മത സംഘടനകളോടായാലും ചോദ്യങ്ങള്‍ ചോദിക്കാന്‍ നാം ശീലിക്കണം. മുന്‍പൊക്കെ പഴയ ചോദ്യക്കടലാസില്‍ നിന്നുള്ള ചോദ്യങ്ങളെങ്കിലും നാം ചോദിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും നിലച്ചമട്ടാണ്. നസിമുദ്ദീന്‍ഖാന്‍ പറഞ്ഞതിലേക്ക് തിരികെ പോയാല്‍, കേരളം എല്ലാവര്‍ക്കും ഉള്ളതാണ്. ജാതി മത രാഷ്ട്രീയ ഭേദമന്യെ എല്ലാവര്‍ക്കും ഇവിടെ ജീവിക്കാനാകണം. വെറുതെ ജീവിക്കാനല്ല. മനുഷ്യനായി ജീവിക്കാന്‍, മനസ്സമാധാനത്തോടെയും അന്തസ്സോടെയും. അപ്പോള്‍ മാത്രമേ സാക്ഷര കേരളം സാംസ്‌കാരിക കേരളമായി മാറൂ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org