
നാല് ലക്ഷത്തിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ആഫ്രിക്കയിലാണ് ഹോമോ സാപ്പിയന്‍സ് എന്ന ശാസ്ത്രനാമമുള്ള ആധുനിക മനുഷ്യന്റെ മുത്തച്ഛന്റെ മുതുമുത്തച്ഛന്മാര്‍ ജനിച്ചത്. രണ്ട് കാലില്‍ നടക്കാന്‍ കഴിയുന്ന മനുഷ്യക്കുരങ്ങുകള്‍ കായികബലമുള്ള ഗോത്രത്തലവന്റെ നേതൃത്വത്തില്‍ തങ്ങളുടെ അധികാര അവകാശ അതിര്‍ത്തികള്‍ വരഞ്ഞ് വേര്‍തിരിച്ചു. അധിനിവേശത്തിനെത്തുന്നവരെ മരണം വരെ പോരാടി തോല്‍പ്പിച്ചു. വനവിഭവങ്ങളില്‍ സംതൃപ്തരായ ഇവര്‍, പിന്നീട് പച്ചമാംസത്തിന്റെ രുചിയറിഞ്ഞു. കല്ലുകളുരച്ച് അഗ്‌നി കടഞ്ഞ് തീയുണ്ടാക്കാന്‍ പഠിച്ചു. അങ്ങനെ അഗ്‌നിയില്‍ വെന്ത ഭക്ഷണത്തിന്റെ രുചിയറിഞ്ഞു. ശാരീരിക അസ്വസ്ഥതകള്‍ക്ക് പച്ചമരുന്നുകള്‍ ഏതെന്ന് അവര്‍ മനസ്സിലാക്കി. പ്രതികൂല കാലാവസ്ഥയിലേക്കുള്ള ഭക്ഷണം മാംസവും പോഷകസമൃദ്ധമായ വിത്തുകളും ഉണക്കി വായു കടക്കാത്ത മണ്ണറകളില്‍ സൂക്ഷിച്ചു. പിന്നെ വളക്കൂറുള്ള നദീതടങ്ങളിലേക്ക് മാറിയ ഇവരാണ് പിന്നീടുണ്ടായ നദീതടസംസ്‌കാരത്തിന്റെ പ്രാരംഭകര്‍. ചക്രത്തിന്റെ കണ്ടുപിടുത്തം അവര്‍ക്ക് ശിലായുഗത്തില്‍നിന്ന് ശാസ്ത്രയുഗത്തിലേക്കുള്ള ചവിട്ടുപടികളായി. ഗ്രാമങ്ങള്‍ ചെറുപട്ടണങ്ങളും ചെറുപട്ടണങ്ങള്‍ വന്‍നഗരങ്ങളുമായി. കൊടുംവനങ്ങള്‍ കോണ്‍ഗ്രീറ്റ് വനങ്ങളായി. കാലവും കാലാവസ്ഥയും മുറതെറ്റി. ഗോത്രബോധം കടുത്ത കുടുംബ സ്വാര്‍ത്ഥതയായി പരിണമിച്ചു. പ്രാമുഖ്യ അധികാരശക്തി അതിര്‍ത്തി സംഘട്ടനങ്ങള്‍ക്ക് വഴിമാറി. അമ്പും വില്ലിനും പകരം റോക്കറ്റും മിസൈലുമായി. പരിണാമം മേലേ നിന്ന് താഴോട്ടോ, അതോ പുരോഗതിയില്‍ നിന്ന് പ്രാകൃതമെന്ന് ഇന്നത്തെ ഇരുകാലി മനുഷ്യര്‍ പേരിട്ട ആദിമസംസ്‌കാരത്തിലേക്കോ? ഇതു രണ്ടുമല്ല, 'ഞാന്‍' കേന്ദ്രീകൃതമായ വൈകൃതാവസ്ഥയിലേക്കോ? കരുതല്‍ അതി ധൂര്‍ത്തിന് വഴി മാറിക്കൊടുത്തപ്പോള്‍ അമ്മപ്രകൃതിയുടെ മനുഷ്യനോടുള്ള വാത്സല്യം ശത്രുതയിലേക്ക് നീങ്ങുന്നതിന്റെ അടയാളമായി കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും. സ്റ്റീഫന്‍ ഹോക്കിങ്ങ്‌സിനെപ്പോലെയുള്ളവര്‍ ഭൂമിക്ക് 'എക്‌സ്പയറി ഡേറ്റ്' അടയാളപ്പെടുത്തി ഏറിയാല്‍ 600 വര്‍ഷം.
അമ്പും വില്ലും കൊണ്ടുള്ള ജലത്തിനുവേണ്ടിയുള്ള അടുത്ത ലോകമഹായുദ്ധത്തിനുമുമ്പ് താപനവര്‍ദ്ധനയില്‍ മഞ്ഞുരുകിയുണ്ടാകുന്ന ജലനിരപ്പിന്റെ ഉയര്‍ച്ചയില്‍ ഭൂമിയുടെ മൂന്നിലൊന്ന് ഭാഗങ്ങള്‍ ജലസമാധിയില്‍ കലാശിക്കും. അവശേഷിക്കുന്ന മനുഷ്യര്‍ മണ്ണിനടിയില്‍ ആഹാരംതേടി നിരാശരാകും; കാരണം അവന്‍ തന്നെ മലിനമാക്കിയ ഭൂമി വിള നല്‍കില്ല. അറുനൂറ് വര്‍ഷം ഉണ്ടല്ലോ, അതുവരെ ആസ്വദിക്കാമെന്ന പ്രതീക്ഷയില്‍ മനുഷ്യന്‍ പൊന്‍മുട്ടയിടുന്ന താറാവിനെ കൊന്നുകൊണ്ടേയിരിക്കും. നാളെയില്ലാത്ത പുതിയ ഗോത്രമായിരിക്കും അത്. മനുഷ്യന്‍ ആഹാരത്തിനു വേണ്ടി മനുഷ്യനെ വേട്ടയാടുന്ന കാലം! മാനസിക സാമൂഹികതലങ്ങളില്‍ ഈ ഉന്മൂലനം കത്തിക്കയറിക്കഴിഞ്ഞല്ലൊ. മനുഷ്യനിലനില്പിന്നായുള്ള മതങ്ങളുടെ 'ഓസോണ്‍ സംരക്ഷണ'പാളിയിലും വിള്ളലുകള്‍ വ്യാപകമാവുകയാണ്. വിശ്വാസവും പരസ്പരവിശ്വാസവും (TRUST) മനുഷ്യന് കൈമോശമാകുന്ന പ്രക്രിയയുടെ ഈ ചാലക ശക്തിയുടെ സംഹാരതാണ്ഡവം അസുരവാദ്യം മുഴക്കിക്കൊണ്ടിരിക്കുകയാണിന്ന്. 'ലൗദാത്തോ സി' എന്ന ഫ്രാന്‍സിസ് പാപ്പയുടെ നവീന 'നോഹയുടെ പേടക'ത്തിന് അതിജീവിക്കാനാവാത്ത മഹാപ്രളയമാണ് ഭൂമിയെ വിഴുങ്ങാനിരിക്കുന്നത്. അനാവശ്യങ്ങള്‍ അവശ്യവസ്തുക്കളാക്കി മാറ്റാന്‍ കണ്‍സ്യൂമറിസം കുറച്ചൊന്നുമല്ല സഹായിച്ചത്. അതിനു കുടചൂടാന്‍ പരസ്യകോര്‍പ്പറേറ്റുകളും, മനുഷ്യന്റെ ഉള്ളില്‍ ഒളിച്ചിരിക്കുന്ന ധൂര്‍ത്തും ആര്‍ഭാടവുമെന്ന സംഹാര ശേഷിയുള്ള രാക്ഷസന്മാര്‍ മറനീക്കി മനുഷ്യനെ കാല്‍ചുവട്ടിലാക്കുന്നതും, അതിസമ്പന്നന്മാരെ അനുകരിക്കാനുള്ള ഭൂരിപക്ഷ ദരിദ്രവിഭാഗത്തിന്റെ ദുര്‍മോഹങ്ങളും ചേരുമ്പോള്‍ സാധാരണ ക്കാരന്റെ കുടുംബഖജനാവ് കാലിയാകുന്നു.
ഭൂതകാലജീവിതം പുനര്‍വായനയ്ക്ക് വിധേയമാക്കുമ്പോള്‍ തല മുറകള്‍ പിറക്കുംതോറും നിഷ്‌കളങ്കതയും ലാളിത്യവും നേര്‍ത്തു വരുന്നതായിക്കാണാം.
വാഹനധൂര്‍ത്ത് 'ഡൂംസ് ഡേ' (DOOMS DAY)യുടെ ഏറ്റവും അടുത്തപടിയാണ്. സൈക്കിള്‍ യാത്ര സര്‍വ്വവ്യാപകമായ അവസ്ഥയില്‍നിന്ന് ഇരുചക്രമോട്ടോര്‍ വാഹനങ്ങളില്‍ തുടങ്ങി ഏറ്റവും വിലകൂടിയ ബ്രാന്‍ഡ് കാറുകളിലെത്തിച്ചേര്‍ന്നു. ഒരു വീട്ടില്‍ അത്യാവശ്യങ്ങളില്‍ മാത്രം ഉപയോഗിച്ചിരുന്ന ഒരു കാറിനു പകരം നീളം കൂടിയ ഷെഡുകള്‍ പണിതീര്‍ത്ത് ലക്ഷങ്ങള്‍, കോടികള്‍ വിലയുള്ള കാര്‍ പ്രദര്‍ശനം ധനാഢ്യന്മാരുടെ വീടുകളില്‍ കാണാം. ഇതിലെ ഇന്ധനങ്ങള്‍ പുറപ്പെടുവിക്കുന്ന കാര്‍ബണ്‍ വാതകങ്ങള്‍ അന്തരീക്ഷമലിനീകരണവും ഓസോണ്‍ പാളി വിള്ളലും സൃഷ്ടിക്കുന്നു. അന്തരീക്ഷ താപവര്‍ദ്ധന കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രളയങ്ങളും മഹാമാരികളുടെ വ്യാപനവും സൃഷ്ടിച്ചതിന്റെ പ്രത്യാഘാതങ്ങള്‍ കേരളീയര്‍ക്ക് മറക്കാനാകുമോ? കാലാവസ്ഥാവ്യതിയാനം സര്‍വ്വകണക്കുകളും തെറ്റിച്ച് ഭക്ഷ്യോത്പാദനത്തെ ബാധിക്കുന്നു. കണിക്കൊന്ന മരങ്ങള്‍ താളംതെറ്റി എല്ലാ മാസവും പുഷ്പിക്കുന്നത് താപവര്‍ദ്ധനയുടെ ചെറിയ ഉദാഹരണമാണ്. വനനശീകരണത്തിലൂടെ അന്തരീക്ഷത്തിലെ ഓക്‌സിജന്‍, കാര്‍ബണ്‍ ഡയോക്‌സൈഡ്, മോണോക്‌സൈഡ്, നൈട്രജന്‍ അനുപാതത്തെ അട്ടിമറിക്കുന്നു. ലോകത്തിന്റെ പച്ചത്തുരുത്തായ ആമസോണ്‍ കാടുകളിലെ വന്മരങ്ങള്‍ തടി വ്യവസായത്തിനും, കൃഷിക്കും വെട്ടിവെളുപ്പിക്കുന്നു. അമേരിക്ക, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ ഉത്പ്പാദിപ്പിക്കുന്ന ഹരിത ഗൃഹവാതകങ്ങള്‍ ഭൂമിയെ ചൂടുപിടിപ്പിക്കുമ്പോള്‍, അവര്‍ യുദ്ധങ്ങളില്‍ ഊറ്റം കൊണ്ട് ഭൂമി അമ്മയെ പ്രഹരിക്കുകയാണ്. ഇക്കാര്യങ്ങളില്‍ പ്രഗത്ഭമതികളായ ഡോ. സ്വാമിനാഥന്‍, കസ്തൂരിരംഗന്‍ തുടങ്ങിയ ശാസ്ത്രജ്ഞന്മാരുടെ നിര്‍ദേശങ്ങള്‍ തങ്ങളെ നശിപ്പിക്കാനാണെന്ന പ്രചരണത്തില്‍ പാവം കൃഷിക്കാരും വന്‍കിട എസ്റ്റേറ്റ് മുതലാളികള്‍ക്കുവേണ്ടി കൊടിപിടിക്കുന്നു. ഈ ശാസ്ത്രജ്ഞന്മാര്‍ ഭൂമിയുടെ ഭാവിസംരക്ഷണത്തിനുവേണ്ടിയാണ് പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും പിന്‍ബലത്തോടെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുള്ളത്. 'പോപ്പുലാരിറ്റി'ക്കുവേണ്ടി ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം നല്ല അറിവുള്ളവര്‍ ജനങ്ങളോടുള്ള 'കൂറ്' പ്രഖ്യാപിക്കുന്നത് തെറ്റിനേക്കാള്‍ വലിയ അധര്‍മ്മമാണ്. വൃക്ഷസംരക്ഷണം ഒരു ദിവസത്തെ 'പരിപാടി'യായി ഒതുക്കുന്നതും അതിന്റെ പേരില്‍ പലരും പണം തട്ടുന്നതും ആര്‍ക്കാണ് മനസ്സിലാകാത്തത്?
1880 ഓടു കൂടിയാണ് ഫോസില്‍ ഇന്ധനോത്പാദനം ഒരു വ്യവസായമായി മാറുന്നത്. അന്നുമുതല്‍ കാര്‍ബണ്‍ വാതകങ്ങളുടെ ബഹിര്‍ഗമനം ഭൂമിയുടെ താപം വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങി. 2015 ലെ രാജ്യാന്തര ഉടമ്പടി പ്രകാരം ഹരിതഗൃഹവാതകങ്ങളുടെ വര്‍ദ്ധന എല്ലാ രാജ്യങ്ങളും നിയന്ത്രിച്ചാല്‍പ്പോലും '21 22' നൂറ്റാണ്ടുകളില്‍ താപനിലയുടെ മൂന്ന് ഡിഗ്രി ഉയര്‍ച്ച തടയാനാവില്ലെന്നാണ് ഭൗമശാസ്ത്രജ്ഞന്മാര്‍ കണക്കാക്കുന്നത്. താപവര്‍ദ്ധന 1.5 ഡിഗ്രിയില്‍ പിടിച്ചുനിര്‍ത്തണം. അങ്ങനെ വേണമെങ്കില്‍ കാര്‍ബണ്‍ വാതക ഉത്പാദനം 2030 ആകുമ്പോള്‍ പൂജ്യം എന്ന തോതിലേക്കെത്തിച്ചാലേ ഇത് സാധ്യമാകൂ. 1901-2018 കാലഘട്ടത്തില്‍ ഇന്ത്യയില്‍ 0.7 ഡിഗ്രി താപം ഉയര്‍ന്നിട്ടുണ്ട്. വൈകാതെ അത് 4.4 ഡിഗ്രിയായി ഉയരും. തന്മൂലം സിന്ധു ഗംഗാ തടങ്ങളിലെ കൃഷിയോഗ്യമായ ഭൂമിയില്‍ നിന്നുള്ള കാര്‍ഷികോത്പാദനം പാടെ നിലയ്ക്കും. ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഊഷ്മാവ് വര്‍ദ്ധിച്ച് ഏറ്റവും മുകളിലെ ജലപാളികളുടെ താപം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ അര നൂറ്റാണ്ടായി സമുദ്രജലതാപം വര്‍ദ്ധിക്കുകയാണ്. മഴയുടെ തോതില്‍ കുറവ് വന്നിട്ടും ചില പ്രദേശങ്ങളില്‍ പൊടുന്നനെയുള്ള മഴ മൂലം തീവ്രമഴയും വെള്ളപ്പൊക്കവും ഉണ്ടാകുന്നു. കേരളം കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കത്തിന്റെ തിക്താനുഭവത്തിലൂടെ കടന്നുപോയതാണല്ലോ. ചുരുക്കത്തില്‍ താപനവര്‍ദ്ധന കാലാവസ്ഥയുടെ താളം തെറ്റിച്ചു. നാം ശ്രദ്ധിക്കാതെ തന്നെ ഉയര്‍ന്നു വരുന്ന സമുദ്രജലനിരപ്പ് കേരളം, മഹാരാഷ്ട്രപോലെയുള്ള തീരദേശസംസ്ഥാനങ്ങള്‍ക്ക് മഹാ ഭീഷണിയായി മാറും. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ സമുദ്രനിരപ്പ് പ്രതിവര്‍ഷം മൂന്നു മില്ലിമീറ്റര്‍ വര്‍ദ്ധിക്കുകയാണ്. ആര്‍ട്ടിക്ക് അന്റാര്‍ട്ടിക്ക് ഹിമപാളികള്‍ ഉരുകുന്നതും, താപം മൂലം സമുദ്രജലം വികസിക്കുന്നതുമാണ് ഇതിന്റെ കാരണങ്ങള്‍. താങ്ങാനാവാത്ത ചൂടില്‍ മത്സ്യസമ്പത്തും കുറഞ്ഞുവരും. കേരളതീരത്തുനിന്ന് മത്തി, അയില എന്നീ മത്സ്യങ്ങള്‍ വഴിമാറിപ്പോകുന്നുവെന്ന് ഫിഷറീസ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂമിയില്‍ മനുഷ്യര്‍ നടത്തുന്ന പ്രകൃതിധ്വംസനങ്ങളാണ് ഇതിന്റെയെല്ലാം കാരണം.
ഇന്ത്യയിലെ പുരോഗതിയുടെ തലസ്ഥാനമായ മുംബൈ മുങ്ങിപ്പോകാന്‍ ഇടയുണ്ടെന്ന് പുണെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'സൃഷ്ടി കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്റെ' പഠനത്തില്‍ കണ്ടെത്തി. റായ്ഗഡിലെ ദേവ്ഘറിലുള്ള 55 ഹെക്റ്റര്‍ തീരം കഴിഞ്ഞ മൂന്ന് പ തിറ്റാണ്ടിനിടയില്‍ കടലെടുത്തു. മഹാരാഷ്ട്രയിലെ പല തീരപ്രദേശങ്ങളിലും സമുദ്രജലം ക്രമേണ കരവിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതുമൂലം അടിമണ്ണ് ദുര്‍ ബലപ്പെടുകയും മണ്ണിടിച്ചില്‍ ഉണ്ടാകുകയും ചെയ്യുന്നു. തീരപ്രദേശങ്ങളില്‍ കണ്ടിരുന്ന കണ്ടല്‍ക്കാടുകള്‍ കരയിലെ കൃഷിഭൂമിയില്‍ വേരുറപ്പിക്കുന്നതുവഴി ധാന്യോത്പാദനത്തില്‍ കുറവ് സംഭവിക്കുന്നു. 2050-നകം ദക്ഷിണ മുംബൈയുടെ നല്ലൊരു ഭാഗം കടലെടുക്കുമെന്നത് സമാധാനം കെടുത്തുന്ന വാര്‍ത്തയാണ്. സെക്രട്ടറിയേറ്റ്, നരിമാന്‍ പോയിന്റ്, കഫെ പരേഡുമെല്ലാം കടലെടുത്ത് പോകുക എന്നത് ഊഹിക്കാന്‍ പോലുമാകുന്നില്ല. ശാസ്ത്രജ്ഞന്മാര്‍ ഇതെല്ലാം വരുന്ന 25-30 വര്‍ഷത്തിനുള്ളില്‍ സംഭവിക്കുമെന്ന് പ്രവചിച്ചുകഴിഞ്ഞു; അതായത് ഇപ്പോള്‍ മദ്ധ്യവയസ്സായിരിക്കുന്നവര്‍ക്ക് ഇത് അനുഭവിക്കേണ്ടിവരും! പക്ഷേ പ്രകൃതി സംരക്ഷണത്തിന് ദീര്‍ഘദൃഷ്ടിയുള്ള ശാസ്ത്രജ്ഞന്മാര്‍ മുമ്പോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ എന്തു കാരണം പറഞ്ഞെങ്കിലും തട്ടി മാറ്റി ജനത്തെ ഇളക്കിവിടുന്നവര്‍ അമ്മഭൂമിയോടും നമ്മുടെ 'പൊതുഭവന'മായ പ്രപഞ്ചത്തോടും, ഒപ്പം പ്രപഞ്ചസ്രഷ്ടാവിനോടും ചെയ്യുന്നത് മഹാ അപരാധമാണ്. നാം അന്ത്യനാളുകളിലേക്ക് അതി വേഗം പാഞ്ഞടുക്കുന്നു. കൊച്ചിയില്‍ ഈ വര്‍ഷം തോരാമഴയെത്തുടര്‍ന്ന് മുഖ്യറോഡുകള്‍ വെള്ളത്തിനടിയിലാകുകയും ഗതാഗതം തടസ്സപ്പെടുകയും ഉണ്ടായി. ഹൈക്കോടതിപോലും ഇക്കാര്യത്തില്‍ ഇടപെട്ടു. എഞ്ചിനീയര്‍മാര്‍ പറഞ്ഞ ഒരു കാര്യം മോട്ടോര്‍ ഉപയോഗിച്ച് തുടര്‍ച്ചയായി കടലിലേക്ക് വെള്ളം അടിച്ചിട്ടും കടല്‍ ഈ അധികജലം എടുക്കുന്നില്ല എന്നാണ്. ഇത് ഗൗരവമായിക്കാണേണ്ട ഒരു പ്രതിഭാസമാണ്. മഴയുണ്ടെങ്കിലും സമുദ്രജലത്തിന്റെ താപം ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ സമുദ്രജലം വികസിക്കും; ജല നിരപ്പ് ഉയരും. അപ്പോള്‍ കരവെള്ളം കടലിലേക്ക് ഒഴുകില്ല. വരാന്‍ പോകുന്ന കടലിന്റെ കരവിഴുങ്ങല്‍ പ്രക്രിയയ്ക്കു മുമ്പുള്ള പ്രതിഭാസമായി ഇതിനെ കാണണം. ക്രമേണ തീരദേശ മഹാനഗരങ്ങളുടെ പല ഭാഗങ്ങളും കടലെടുക്കാന്‍ സാധ്യതയുണ്ട്. ഉദാ: മുംബൈ, കൊച്ചി. നാം അറിയാതെ ക്രമേണ ഫോര്‍ട്ട്‌കൊച്ചിയുടെ തീരം കടലെടുത്തു കൊണ്ടിരിക്കുന്നു. പൊന്നാനിയുടെ തീരവും ശുഷ്‌കിക്കുകയാണ്.
അന്ത്യം എങ്ങനെയെന്ന ചോദ്യത്തിന് രണ്ട് സാധ്യതകളാണ് ശാസ്ത്രലോകം നമ്മുടെ മുമ്പില്‍ വയ്ക്കുന്നത്: ഒന്ന് കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന താപ വര്‍ദ്ധനമൂലം സ്റ്റീഫന്‍ ഹോക്കിങ്ങ്‌സ് പ്രവചിച്ചതുപോലെ അറുനൂറ് വര്‍ഷത്തിനുള്ളില്‍ ഭൂമി കത്തിച്ചാമ്പലാകും. അല്ലെങ്കില്‍ ഇപ്പോള്‍ത്തന്നെ ആരംഭിച്ചിരിക്കുന്ന സമുദ്ര ജലനിരപ്പ് വര്‍ദ്ധന ലോകത്തിലെ പല മഹാനഗരങ്ങളേയും വിഴുങ്ങിക്കളയും. ഇങ്ങനെയൊരു ഗ്രഹം നിലനിന്നിരുന്നു എന്ന് സാക്ഷ്യം പറയാന്‍ ആരെങ്കിലും അവശേഷിക്കുമോ!!! പുരുഷാന്തരം അവിടെ അവസാനിക്കുന്നു. ആവുംവിധം, മറന്നുപോയ ലാളിത്യത്തിന്റെ മുന്‍ തലമുറ സംസ്‌കാരത്തിലേക്ക് തിരിച്ചുപോയേ പറ്റൂ. ഇച്ഛാശക്തിയുണ്ടെങ്കില്‍ എന്തും സാധ്യമാണ്, തീര്‍ച്ച റിട്രോഗ്രേഡ് ഇവലൂഷനില്‍ (Retrograde evolution) നിന്ന് റീകണ്‍സ്ട്രക്റ്റീവ് (Reconstructive) പരിണാമത്തിലേക്ക്.
വാല്‍ക്കഷണം: 'കാളവണ്ടി' യുഗം എന്ന് പഴമയെ പുച്ഛിക്കുന്നവര്‍ ഭാവിയില്‍ കാളയുമില്ല, വണ്ടി യുമില്ല, വണ്ടിക്കാരനുമില്ല എന്ന അവസ്ഥയിലേക്കാണ് ആധുനിക മനുഷ്യനെ കൊണ്ടെത്തിച്ചിരിക്കു ന്നത് എന്ന് ഓര്‍ക്കുന്നത് കൊള്ളാം. ചുമരുണ്ടെങ്കിലെ ചിത്രമെഴുതാന്‍ കഴിയുകയുള്ളൂ.