ലഹരി: സഭയുടെ പ്രതികരണം

ലഹരി: സഭയുടെ പ്രതികരണം
സമൂഹത്തിലെ വിപത്തുകള്‍ക്കെതിരെ പ്രതികരിക്കേണ്ടതും, പൊതുസമക്ഷം അവതരിപ്പിക്കേണ്ടതും ആത്മീയ സാമുദായിക നേതാക്കന്മാരുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ സ്‌ഫോടനാത്മകവും, സാമൂഹ്യ സമഞ്ജസം തകര്‍ക്കുന്നതുമായ വിഷയങ്ങള്‍ പൊതുബോധത്തിലേക്ക് കൊണ്ടു വരുമ്പോള്‍ അത്യന്തം ശ്രദ്ധയും സൂക്ഷ്മതയും പുലര്‍ത്തേണ്ടത് ആവശ്യമാണ്.

ലഹരി പദാര്‍ത്ഥങ്ങളുടെ ആഴത്തിലും പരപ്പിലും ഉള്ള വ്യാപനം ഇന്നത്തെ കേരള സമൂഹം നേരിടുന്ന വലിയ പ്രതിസന്ധിയാണ്. ധാരാളം യുവാക്കളും, കുട്ടികളും മയക്കുമരുന്ന് ഉപയോഗിക്കുകയും, അതിനു അടിമപ്പെടുകയും, ചിലപ്പോള്‍ അതിന്റെ വാഹകരും വിക്രേതാക്കളും ആവുകയും ചെയ്യുന്നു. ചിലര്‍ പിടിക്കപ്പെടുന്നുണ്ടെങ്കിലും വലിയൊരു വിഭാഗം ഇപ്പോഴും കൂടുതല്‍ മയക്കുമരുന്നിനായി ദാഹിക്കുകയോ ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുകയോ ചെയ്യുന്നു.

ലഹരി പ്രതിസന്ധി സമൂഹത്തിലെ എല്ലാവരെയും ബാധിക്കുന്നതാണ് എങ്കിലും, ക്രൈസ്തവരെ തകര്‍ക്കാന്‍ ഇതര സമൂഹങ്ങള്‍ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്യുന്നതാണ് എന്ന് ഒരു വര്‍ഷത്തിലേറെയായി ചില ക്രൈസ്തവ മേലധ്യക്ഷന്മാര്‍ പരസ്യമായി പ്രഖ്യാപിക്കുകയും അത് പള്ളിയിലെ ആത്മീയ പ്രഭാഷണങ്ങളില്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. സമൂഹം അതിനോട് വിവിധ രീതിയിലാണ് പ്രതികരിച്ചതെങ്കിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ക്രൈസ്തവര്‍ക്കിടയിലെ വിവിധ സംഘടനകളും വളരെ അനുഭാവപൂര്‍ണ്ണമായാണ് ക്രൈസ്തവ നേതാക്കളുടെ ഇത്തരം പ്രതികരണങ്ങളോട് പ്രതികരിച്ചത്. ലൗ ജിഹാദ് ഒരു വലിയ സാമൂഹിക വിപത്താണ് എന്ന് നിരവധി പേര്‍ കരുതുന്നു.

സമൂഹത്തിലെ വിപത്തുകള്‍ക്കെതിരെ പ്രതികരിക്കേണ്ടതും, പൊതുസമക്ഷം അവതരിപ്പിക്കേണ്ടതും ആത്മീയ സാമുദായിക നേതാക്കന്മാരുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ സ്‌ഫോടനാത്മകവും, സാമൂഹ്യ സമഞ്ജസം തകര്‍ക്കുന്നതുമായ വിഷയങ്ങള്‍ പൊതുബോധത്തിലേക്ക് കൊണ്ടു വരുമ്പോള്‍ അത്യന്തം ശ്രദ്ധയും സൂക്ഷ്മതയും പുലര്‍ത്തേണ്ടത് ആവശ്യമാണ്. സാമൂഹ്യസ്തരത്തിന് കേടുപാടുകള്‍ ഉണ്ടാക്കാതെയും സമൂഹത്തിലെ എല്ലാവരെയും വിശ്വാസത്തില്‍ എടുത്തും, ഇരകളാക്കപ്പെടുന്ന എല്ലാ വ്യക്തികളെയും കുടുംബങ്ങളെയും ഉള്‍ച്ചേര്‍ത്തുമാണ് അത് ചെയ്യേണ്ടത്.

മയക്കുമരുന്ന് പ്രതിസന്ധി കേരളത്തെ രൂക്ഷമായി ബാധിച്ചിട്ടു ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ എങ്കിലും, ആഗോള മയക്കുമരുന്ന് മാഫിയ വിശേഷിച്ചു മെക്‌സിക്കന്‍, ഇറ്റാലിയന്‍ മാഫിയകളും അഫ്ഗാനിസ്ഥാന്‍, കൊളംബിയ, വെനിസ്യൂല, തായ്‌ലന്‍ഡ്, പോലുള്ള ഉത്പാദക രാജ്യങ്ങളും ലോക കമ്പോളത്തില്‍ പിടിമുറുക്കിയ 80 കളുടെ അവസാനം മുതല്‍ കത്തോലിക്കാ സഭ ലോകവ്യാപകമായി ആ പ്രതിസന്ധിയോട് സക്രിയമായും സര്‍ഗ്ഗാത്മകമായും പ്രതികരിച്ചിട്ടുണ്ട്. പ്രസ്തുത വിഷയത്തെ സഭ സാമൂഹ്യമായും, രാഷ്ട്രീയമായും, സാമ്പത്തികമായും, ആത്മീയമായും ആധികാരികമായി പഠിക്കുകയും കൃത്യമായ അജപാലന നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. തദ്ഫലമായി പ്രശ്‌നഭരിതമായ പ്രദേശങ്ങളിലെ രൂപതകള്‍, സന്യാസ സമൂഹങ്ങള്‍, ക്രൈസ്തവ സംഘടനകള്‍ എന്നിവ പ്രാദേശികമായി പ്രസക്തവും പ്രായോഗികവുമായ നയപരിപാടികള്‍ ആസൂത്രണം ചെയ്ത് സമൂഹത്തെ പൊതുവിലും, ക്രൈസ്തവരെ വിശേഷിച്ചും ലഹരി വിമുക്തമാകാന്‍ സഹായിക്കുന്നുണ്ട്.

2001-ല്‍ ആരോഗ്യത്തിനുവേണ്ടിയും അജപാലന ശുശ്രൂഷയ്ക്കു വേണ്ടിയുമുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ 'സഭ: ലഹരി വസ്തുക്കളും ആസക്തിയും' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള രേഖ ഒരു ക്രൈസ്തവ സമൂഹം എന്ന നിലയില്‍ നമുക്ക് എന്താണ് ലഹരി വിഷയത്തില്‍ ചെയ്യാന്‍ സാധിക്കുന്നത് എന്ന അടിസ്ഥാന ചോദ്യത്തിന്റെ ഉത്തരം കണ്ടുപിടിക്കാനുള്ള ശ്രമം ആണ്. മയക്കുമരുന്ന് പ്രതിസന്ധി പരിഹരിക്കാന്‍ വിവിധങ്ങളായ സമീപനങ്ങള്‍ സ്വീകരിക്കാം എന്ന് അംഗീകരിക്കുന്ന രേഖ ക്രൈസ്തവമായ സമീപനങ്ങളെ പൊതുസമക്ഷം അവതരിപ്പിക്കുന്നു.

മയക്കുമരുന്ന് എന്ന വിഷയത്തെ പരിഹരിക്കാനുള്ള ഉത്തരവാദിത്വം പ്രഥമത രാഷ്ട്രത്തിന്റെയും ഭരണകൂടത്തിന്റെതും ആണെങ്കിലും, ആ പ്രക്രിയയിലും, നയരൂപീകരണത്തിലും സര്‍ക്കാരിനെ സഹായിക്കുന്ന നിര്‍ദ്ദേശങ്ങളാണ് ഈ രേഖ മുന്നോട്ടു വെക്കുന്നത്. ആസക്തിയുടെയും ലഭ്യതയുടെയും വാതിലുകള്‍ തടയുക, അടിമപ്പെട്ടവരെ വിമുക്തിക്കു സഹായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക, നിരോധിക്കുക എന്ന ത്രിവിധ സമീപനമാണ് സഭ ഈ രേഖയില്‍ അവതരിപ്പിച്ചിട്ടുള്ളത്. മയക്കുമരുന്നിനെ നിയമവിധേയമാക്കുന്നത് പല രാജ്യങ്ങളിലും വിജയം കണ്ട ശൈലി ആണ് എന്ന് കഴിഞ്ഞ 20 വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും മയക്കുമരുന്നിനെ നിയമ വിധേയമാക്കുന്ന സമീപനത്തെ സഭ അംഗീകരിക്കുന്നില്ല.

പണമുണ്ടാക്കാനോ, മറ്റു ദുരുദ്ദേശ്യങ്ങള്‍ക്കായോ കുറച്ചുപേര്‍ മയക്കുമരുന്ന് വില്‍ക്കുന്നു, മാസ്മരികത ആഗ്രഹിക്കുന്ന മറ്റു ചിലര്‍ അത് വാങ്ങി ഉപയോഗിക്കുന്നു, എന്ന മയക്കുമരുന്നിനെ കുറിച്ചുള്ള വിലയിരുത്തല്‍ തികച്ചും ലളിതമായ ഒരു സാമാന്യവത്കരണം ആയിരിക്കും. മയക്കുമരുന്ന് വിനിമയത്തില്‍ അതിന്റെ വിതരണ വശത്തെ (സപ്ലൈ എന്‍ഡ്) കുറിച്ച് സംസാരിക്കുന്നത് വിഷയത്തില്‍ നിന്ന് തന്നെയുള്ള സൗകര്യപ്രദമായ ഒളിച്ചോട്ടം ആണ് എന്നാണ് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നത്. എന്ന് മാത്രമല്ല മയക്കു മരുന്ന് ഉത്പാദിപ്പിക്കുന്നവര്‍, കടത്തുന്നവര്‍, വില്‍ക്കുന്നവര്‍ എന്നിവരുടെ സംഘം ഭരണകൂടത്തെയും, അതിന്റെ ക്രമസമാധാന സേന, നിയമവ്യവസ്ഥ എന്നിവയെക്കാളൊക്കെ അതിശക്തരാണ്. അതിര്‍ത്തി കാവല്‍സേന മുതല്‍ പ്രതിരോധ സേന വരെ ഉള്‍പ്പെടുന്ന ശക്തികളും, സര്‍ക്കാരും, മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും, സന്നദ്ധ സംഘടനകളും ഒത്തൊരുമിച്ചു പൊരുതിയാല്‍ മാത്രമേ അല്പമെങ്കിലും അതിനെ നിയന്ത്രിക്കാന്‍ ആവൂ.

ആവശ്യവശത്തെ (ഡിമാന്‍ഡ് എന്‍ഡ്) കൈകാര്യം ചെയ്യുന്നതാണ് മയക്കുമരുന്ന് പ്രതിസന്ധിയെ മറികടക്കാന്‍ കൂടുതല്‍ ഫലപ്രദം എന്ന് വിദഗ്ധര്‍ കരുതുന്നു. മയക്കുമരുന്നിന്റെ പ്രചാരവും ആസക്തിയും ഒരു സാമൂഹ്യ ആരോഗ്യ പ്രശ്‌നം എന്ന രീതിയിലാണ് ഇപ്പോള്‍ മിക്കവാറും സമീപിക്കുന്നത്. അങ്ങനെ കാണുമ്പോള്‍ അതിനുള്ള പ്രതിവിധികളും അടിമകളായവരോടുള്ള നമ്മുടെ സമീപനത്തിലും വലിയ മാറ്റം വരും. മയക്കുമരുന്നിനോടുള്ള ആസക്തി മാനസിക സുരക്ഷിതത്വത്തിനായുള്ള യുവാക്കളുടെ അന്വേഷണമാണെന്ന് എഴുത്തുകാരിയായ മയ്യാ സലാവിറ്റ്‌സ് 'അണ്‍ബ്രോക്കണ്‍ ബ്രെയിന്‍: എ റെവല്യൂഷണറി ന്യൂ വേ ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് അഡിക്ഷന്‍' എന്ന പുസ്തകത്തില്‍ വിശദമാക്കിയിരിക്കുന്നു. ലഹരിവസ്തുക്കളുടെ ലഭ്യത മാത്രമല്ല ആസക്തിയെ ഉണ്ടാക്കുന്നത്. അത് തലച്ചോറിന്റെ ഒരു വൈകല്യമാണ്, മാത്രവുമല്ല ആസക്തി ഉള്ളവര്‍ക്ക് ഒരു ചരിത്രവും ഉണ്ടാവും. ഓട്ടിസം പോലെ തലച്ചോറിന്റെ വയറിങ്ങിലെ ഒരു അപാകത ആണ് എന്നാണു സലാവിറ്റ്‌സ് അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെ, മയക്കുമരുന്നിന് അടിമപ്പെടുന്നവര്‍ നമ്മുടെ കരുതലും, സ്‌നേഹവും, ശുശ്രൂഷയും കൂടുതല്‍ ആയി അര്‍ഹിക്കുന്നു.

സഭയാകട്ടെ ആസക്തി ഒരു ധാര്‍മ്മിക പ്രശ്‌നം കൂടിയാണ് എന്ന രീതിയില്‍ ആണ് എന്ന സമീപനം എടുക്കുന്നു. വ്യക്തിയുടെ അന്തസും മാഹാത്മ്യവും, തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം, തന്നോട് തന്നെയുള്ള ഉത്തരവാദിത്വബോധം, ജീവിതത്തെ ക്രമപ്പെടുത്തുന്ന ധാര്‍മ്മിക നിയമങ്ങള്‍, ആനന്ദവും സുഖസന്തോഷവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കല്‍ എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ ഇഴപിരിഞ്ഞു കിടക്കുന്നതാണ് പല സാമൂഹ്യ പ്രതിസന്ധികളുടെയും മൂല കാരണം. അതുകൊണ്ടു തന്നെ പരിഹാരത്തിന് നിയമവഴി, തെറാപ്പി എന്നിവയോടൊപ്പം ധാര്‍മ്മികവും ആത്മീയവുമായ മാര്‍ഗ്ഗങ്ങളും തേടേണ്ടതുണ്ട്.

അമേരിക്ക പോലെ മയക്കു മരുന്ന് വളരെ ആഴത്തില്‍ പടര്‍ന്നിറങ്ങിയ രാജ്യങ്ങളില്‍ തെറാപ്പിയോടും മരുന്നിനോടും ഒപ്പം വിശ്വാസ സംബന്ധിയായ പരിഹാര മാര്‍ഗ്ഗങ്ങളും ഉള്‍ച്ചേര്‍ത്തത് ഏറെ പേര്‍ക്ക് മികച്ച ഫലം നല്‍കിയിട്ടുണ്ട് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. തത്സംബന്ധിയായി അമേരിക്കന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്നേ പ്രസിദ്ധീകരിച്ച ഇടയലേഖനത്തില്‍ സഭ വിശ്വാസത്തിന്റെയും, പ്രത്യാശയുടെയും, സ്‌നേഹത്തിന്റെയും ജനത ആണ് എന്നും, മയക്കുമരുന്നിനോടുള്ള പ്രതികരണങ്ങളും ഇടപെടലുകളും വിശ്വാസം പ്രത്യാശ, സ്‌നേഹം എന്നീ സമീപനങ്ങളില്‍ അടിയുറച്ചു വേണം മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്ന് സമര്‍ത്ഥിച്ചിട്ടുണ്ട്.

അതെ സമയം, മയക്ക് മരുന്നിനെ അതില്‍ തന്നെ ഒരു പ്രത്യേക പ്രശ്‌നം ആയി കണക്കാക്കുന്നത് വിഡ്ഢിത്തം ആയിരിക്കും. കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി കേരള സമൂഹത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ വന്ന പരിവര്‍ത്തനങ്ങള്‍ എല്ലാം അതുമായി ബന്ധപ്പെടുത്തി കാണേണ്ടതുണ്ട്. ഉപഭോഗ സംസ്‌കാരം, വ്യക്തിമാഹാത്മ്യ വാദം, സ്വാതന്ത്ര്യം, മാധ്യമ ഗോസിപ്പുകള്‍, രാഷ്ട്രീയ ചര്‍ച്ചകള്‍, സിനിമ, കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഒക്കെ അതിനു കാരണമായിട്ടുണ്ട്. ഇവയൊക്കെ സമൂഹത്തെ ഉത്തരോത്തരം വളര്‍ത്തുന്ന സംഗതികള്‍ ആണ് എങ്കിലും, അക്കാര്യങ്ങളില്‍ നാം പുലര്‍ത്തിപ്പോന്ന അയഞ്ഞ മനോഭാവവും, മാനവ മൂല്യരാഹിത്യവും ഒരു സമൂഹം എന്ന നിലയില്‍ നമ്മെ വളരെയേറെ പിന്നോട്ട് അടിച്ചിട്ടുണ്ട്. അതിലുപരി മത സമൂഹങ്ങളില്‍ വളര്‍ന്ന അസഹിഷ്ണുത, കോയ്മാഭാവം, ജാതി വരേണ്യതയില്‍ ഊന്നിയ സാമൂഹ്യ അസമത്വം, വിദ്യാഭ്യാസ പദ്ധതിയില്‍ വന്ന പോരായ്മകള്‍, രാഷ്ട്രീയ സാംസ്‌കാരിക മത മേഖലകളില്‍ മാതൃകകളുടെയും പ്രചോദിപ്പിക്കുന്ന വ്യക്തിത്വങ്ങളുടെയും അഭാവം ഒക്കെ നമ്മുടെ സമൂഹത്തിന്റെ ഇന്നത്തെ സ്ഥിതിക്ക് കാരണമാണ്. മുന്‍ഗണനാ ക്രമത്തില്‍ ഈ വിഷയങ്ങളെ ബന്ധിപ്പിച്ചുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടുന്നതാണ് ശരിയായ സമീപനം.

മയക്കുമരുന്നു റിപ്പോര്‍ട്ടിംഗില്‍ മുഖ്യധാരാ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും പുലര്‍ത്തുന്ന സമീപനം ഒട്ടും ആശാസ്യമല്ല. മിക്ക വാര്‍ത്തകളും മയക്കു പദാര്‍ത്ഥങ്ങള്‍ ലഭിക്കുന്ന ഉറവിടങ്ങള്‍, അതിന്റെ വകഭേദങ്ങള്‍, അവയുടെ പ്രഭാവം, അത് ഉപയോഗിക്കുന്ന രീതി എന്നൊക്കെയുള്ള സര്‍വ്വ ആറിവും ലഭ്യമാക്കുന്ന രീതിയിലാണ് അവതരിക്കപ്പെടുന്നത്. അതുമല്ലെങ്കില്‍ മയക്കുമരുന്നുപയോഗത്തിന്റെ ത്രസിപ്പിക്കുന്നതോ, ഭീതിപ്പെടുത്തുന്നതോ, വൈകാരികമോ ആയ റിപ്പോര്‍ട്ടുകള്‍ ആണ് മിക്കവയും. മയക്കു മരുന്നിന്റെ ഇരകളുടെ സ്വകാര്യത സംരക്ഷിക്കുകയും, അവരെ കുറ്റപ്പെടുത്തുകയോ, കളിയാക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്യാതെ സഹാനുഭൂതിയോടെ സഹായിക്കുകയും വേണം.

മയക്കുമരുന്ന് വിപത്തിനെ കുറിച്ച് സംസാരിക്കുന്നത് ചില കത്തോലിക്കാ രൂപതാ മേലധ്യക്ഷന്മാര്‍ ഇപ്പോള്‍ ഒരു വാര്‍ഷിക ആചാരം ആക്കിയിട്ടുണ്ട്. സാമൂഹ്യ വിപത്തുകളെ കുറിച്ചുള്ള മതമേലധ്യക്ഷന്മാരുടെ പരാമര്‍ശങ്ങള്‍ വര്‍ദ്ധിത തോതില്‍ പൊതുശ്രദ്ധ കൈവരിക്കും എങ്കിലും അതിന്റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചു പ്രധാനമായും ഉത്തരവാദിത്വം കാണിക്കേണ്ടത് അവര്‍ തന്നെയാണ്. ദൗര്‍ഭാഗ്യവശാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി പലവുരു പള്ളിപ്രസംഗമായും, പത്രക്കുറിപ്പുകള്‍ ആയും, ഇടയ ലേഖനങ്ങള്‍ ആയും ഒക്കെ അവര്‍ നടത്തിയ ഇടപെടലുകള്‍ ഒരു മതത്തെ ലക്ഷ്യം വക്കുകയും, ഇതരമത സ്പര്‍ദ്ധയും, വിഭാഗീയതയും, അപരസമൂഹ ഭീതിയും, പ്രചരിപ്പിക്കുന്നതിനുമേ നിദാനമായിട്ടുള്ളൂ. തങ്ങളുടെ ഇടപെടല്‍ കൊണ്ട് പൊതു സമൂഹത്തിനും, ക്രൈസ്തവ സമൂഹത്തിനും വിശേഷിച്ചു മയക്കു മരുന്നിന്റെ ഇരകള്‍ക്ക് എന്ത് പ്രയോജനമാണ് ഉണ്ടായത് എന്ന ആത്മശോധന അവര്‍ തന്നെ നടത്തേണ്ടിയിരിക്കുന്നു.

മയക്കുമരുന്നിന് അടിപ്പെട്ട തലമുറയെ അതില്‍നിന്ന് രക്ഷിക്കുവാനായി സാധിക്കുന്നതെല്ലാം ചെയ്തില്ലെങ്കില്‍ അത് സംബന്ധിച്ച് കത്തോലിക്കാ നേതൃത്വം നടത്തുന്ന പള്ളിപ്രസംഗത്തിന്റെ ഉദ്ദേശശുദ്ധിയെ പൊതുസമൂഹം സംശയത്തോടെ വീക്ഷിക്കും എന്ന് മാത്രമല്ല, സഭയുടെ ദൗത്യം, ലക്ഷ്യം ഒക്കെ നഷ്ടപ്പെട്ട് അപ്രസക്തവും വിശ്വാസികളാല്‍ പരിത്യക്തവുമാകുന്ന ഒരു ഘടന മാത്രമായി സഭ അധഃപതി ക്കുകയും ചെയ്യും.

ഒരു മെത്രാന്റെ ചരിത്രപരമായ പള്ളിപ്രസംഗം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ മയക്കുമരുന്ന് കൂടുതല്‍ വ്യാപിക്കുകയും, കൂടുതല്‍ കുട്ടികള്‍ അതില്‍ വീണു പോവുകയും ചെയ്തിരിക്കുന്നു എന്ന ശോചനീയമായ തിരിച്ചറിവാണ് നമുക്ക് ഇന്ന് ഉള്ളത്. എന്ന് മാത്ര മല്ല, വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വിതരണം, പോലീസ് പോലും വിതരണ ശൃഖലയുടെ ഭാഗമാകുന്നത് ഒക്കെ നമ്മുടെ ഇടപെടലുകളുടെ ഫല ശൂന്യത മാത്രമാണ് എടുത്തുകാണിക്കുന്നത്. നാം എന്തോ വലിയ കാര്യം ചെയ്യുന്നു എന്ന പ്രതീതി പടര്‍ത്തി യഥാര്‍ത്ഥ വിഷയത്തില്‍ നിന്നു സൗകര്യപ്രദമായി ഒളിച്ചോടുക മാത്രമാണ് അവര്‍. അതെ സമയം രണ്ടു സമൂഹങ്ങള്‍ തമ്മില്‍ ഭിന്നത വളര്‍ത്താന്‍ അത് ഇപ്പോഴും സഹായിക്കുന്നു എന്നത് നമ്മെ ഉത്കണ്ഠപ്പെടുത്തേണ്ടതാണ്.

വലിയ ഒരു ദുരന്തത്തിന് മുന്നില്‍ നില്‍ക്കുമ്പോഴും ഇത്ര നിഷ്‌ക്രിയമായും ലാഘവത്വത്തോടെയും നില്‍ക്കാനും, നമ്മുടെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിവെടുക്കാന്‍ കുയുക്തികള്‍ മെനയുകയോ മറ്റുള്ളവരെ പഴിക്കുകയോ ചെയ്യുന്ന ഒരു സമൂഹം മലയാളികളെ കവിഞ്ഞു മറ്റെങ്ങും കാണില്ല. മയക്കുമരുന്നിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് പുതു തലമുറയെ മോചിപ്പിക്കാന്‍ കത്തോലിക്കാ സഭ പ്രതിജ്ഞാബദ്ധമാണ് എങ്കില്‍, സത്വരമായും മുന്‍ഗണനാക്രമത്തിലും സഭയ്ക്ക് ചെയ്യാവുന്ന അജപാലന കാര്യങ്ങളില്‍ ചിലത് കുറിക്കട്ടെ:

1. അടിയന്തിര സഹായത്തിനും റിപ്പോര്‍ട്ടിംഗിനുമായി ഒരു 24 മണിക്കൂര്‍ സൗജന്യ ഹെല്പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തുക.

2. ഇരകളെയും അവരുടെ കുടുംബങ്ങളെയും കണ്ടുപിടിക്കാനും സഹായം നല്‍കാനും ഇടവകകള്‍ തോറും സാമൂഹ്യ സര്‍വേ നടത്തുക. ആവശ്യവിവരങ്ങളുടെ ഡാറ്റ സംഘടിപ്പിക്കുക. പഠനങ്ങള്‍ നടത്തുക.

3. ഈ ദുരന്തത്തെ അഭിമുഖീകരിക്കുവാനും സഹായിക്കുവാനുമായി വിവിധ ലഘു ലേഖകള്‍, കൈപ്പുസതകങ്ങള്‍, അവബോധന ഉള്ളടക്കങ്ങള്‍, മൊബൈല്‍ ആപ്പ്, വെബ്‌സൈറ്റ് എന്നിവ ഉണ്ടാകുക, നിരന്തരമായി അത് അപ്‌ഡേറ്റ് ചെയ്യുക, പ്രചരിപ്പിക്കുക.

4. പ്രശ്‌നഭരിത മേഖലകളില്‍ രൂപതാ/ഫൊറോനാ അടിസ്ഥാനത്തില്‍ കൗണ്‍സിലിംഗ് സെന്ററുകള്‍ സ്ഥാപിക്കുക. ലഹരി മുക്തി പരിപാടികളും നാര്‍ക്കോട്ടിക് അനോണിമസ് പോലുള്ള നിരന്തര പരിപാടികളും നടത്തുക.

5. മയക്കു മരുന്നിന്റെ ഇരകളെക്കാളും തകര്‍ന്നു പോകുന്നത് അവരുടെ മാതാപിതാക്കളാണ്. മയക്കു മരുന്നിനെതിരായി പ്രവര്‍ത്തിക്കാന്‍ ഏറ്റവും ഊര്‍ജ്ജം ഉണ്ടാവാന്‍ സാധിക്കുന്നതും അവര്‍ ആണ്. മാതാപിതാക്കളുടയും സന്നദ്ധപ്രവര്‍ത്തകരുടെയും നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുക. ജാഗ്രതാ സെല്ലുകള്‍ പ്രവര്‍ത്തിപ്പിക്കുക.

6. ലഹരി വിമുക്തിക്കായി കേരള സര്‍ക്കാര്‍ ഏതാനും സാമ്പത്തിക സഹായ പ്ലാനുകള്‍ നല്‍കുന്നുണ്ട്. സര്‍ക്കാരുമായി സഹകരിച്ചു ലഹരി വിമുക്തിക്കായി സര്‍ക്കാരിനൊപ്പം കൂടുതലായി സഹകരിക്കുകയും, നയരൂപീകരണത്തില്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുക.

7. കുട്ടികളെയും യുവാക്കളെയും കൂടുതല്‍ സമൂഹത്തിലേക്ക് ഇഴ ചേര്‍ക്കുന്നതിനായി ക്ലബ്ബുകള്‍, പൊതുപ്രവര്‍ത്തന വേദികള്‍, ഒക്കെ ആരംഭിക്കുക.

8. നിയമ ഉപദേശം കൊടുക്കുക, മയക്കുമരുന്നിന് എതിരായി നിയമ പോരാട്ടം നടത്തുക.

9. സാമൂഹ്യമാധ്യമങ്ങളിലും പൊതുവേദികളിലും അവബോധന പരിപാടികള്‍ സംഘടിപ്പിക്കുക.

മയക്കുമരുന്നിന് അടിപ്പെട്ട തലമുറയെ അതില്‍നിന്ന് രക്ഷിക്കുവാനായി സാധിക്കുന്നതെല്ലാം ചെയ്തില്ലെങ്കില്‍ അത് സംബന്ധിച്ച് കത്തോലിക്കാ നേതൃത്വം നടത്തുന്ന പള്ളിപ്രസംഗത്തിന്റെ ഉദ്ദേശ ശുദ്ധിയെ പൊതുസമൂഹം സംശയത്തോടെ വീക്ഷിക്കും എന്ന് മാത്രമല്ല, സഭയുടെ ദൗത്യം, ലക്ഷ്യം ഒക്കെ നഷ്ടപ്പെട്ട് അപ്രസക്തവും വിശ്വാസികളാല്‍ പരിത്യക്തവുമാകുന്ന ഒരു ഘടന മാത്രമായി സഭ അധഃപതിക്കുകയും ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org