
'നില്‍ക്കാനൊരു തറ പിന്നിലൊരു മറ, എന്റെയു ള്ളില്‍ ഒരു നാടകം എന്റെ മുന്നില്‍ നിങ്ങളും'
എന്‍ എന്‍ പിള്ള
ഡോ. തോമസ് പനക്കളം
(നാടകപ്രവര്‍ത്തകന്‍)
ഡീന്‍ ഓഫ് ആര്‍ട്‌സ്, ഭാരത മാതാ കോളേജ്, തൃക്കാക്കര
മലയാള പ്രൊഫഷണല്‍ നാടകരംഗം പരിവര്‍ത്തനത്തിന്റെ പാതയിലാണോ എന്ന ചോദ്യത്തിന് വലിയ പ്രസക്തിയുണ്ട്. ചില സംഘങ്ങളെങ്കിലും പതിവ് ജനപ്രിയ ചേരുവകള്‍ക്കു പകരം നാടക ത്തെ ഗൗരവമായി സമീപിക്കുന്നുവെന്നത് ആശാജനകമാണ്. രചന, സംവിധാനം, അഭിനയം, സംഗീതം, സെറ്റ്, ലൈറ്റ്, തുടങ്ങി സമസ്ത മേഖലകളിലും ഈ മാറ്റം പ്രകടമാണ്. തിയേറ്റര്‍ നാടകങ്ങളുടെ ഗുണപരമായ വശങ്ങള്‍ പല സംഘങ്ങളും ഉള്‍പ്പെടുത്തുന്നുണ്ട്. അഭിനയത്തില്‍ പഴയ ഒറ്റയാള്‍ പുരുഷ ശബ്ദഘോഷങ്ങള്‍ക്കും കണ്ണീര്‍ നായികസങ്കല്‍പങ്ങള്‍ക്കും പകരം ജീവിതം തുടിച്ചുനില്‍ക്കുന്നത് കാണാന്‍ കഴിയും (എന്നാല്‍ ഇത് പൊതുസ്വഭാവമല്ല. പതിവ് ജനപ്രിയ രീതികള്‍ അവലംബിക്കുന്നവരാണേറെയും).
നാടകം ജീവനോപാധി
ഒട്ടുമിക്കവര്‍ക്കും നാടകം ജീവനോപാധിയാണ്. അതുതന്നെ വലിയ വെല്ലുവിളിയാണ്. ആറോ ഏഴോ നടീ നടന്മാര്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കും സെറ്റ്, ലൈറ്റ്, മ്യൂസിക് വര്‍ക്കേഴ്‌സിനുമെല്ലാം മതിയായ പ്രതിഫലം കൊടുക്കാന്‍ കഴിയുന്നുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്. നാടകസംഘ ഉടമകള്‍ക്കും ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതുകൊണ്ടു തന്നെയാണ് കലയോട് പല സംഘങ്ങളും വിട്ടുവീഴ്ച ചെയ്യുന്നത്. (രചന, സംവിധാനം, നടീനടന്മാരുടെ തിരഞ്ഞെടുപ്പ് തുടങ്ങിയവയിലും ഈ വിട്ടുവീഴ്ച സംഭവിക്കുമ്പോള്‍ കല കെട്ടുകാഴ്ചയാവാം).
നാടകം രൂപപ്പെടുത്തിയ നാട്
നാടകം രൂപപ്പെടുത്തിയ നാടാണ് കേരളം എന്നു പറഞ്ഞാല്‍ പോലും അത് അതിശയോക്തിയല്ല. എന്നാല്‍ അത്തരം ഒരു സ്വാധീനം വര്‍ത്തമാന കാല നാടകങ്ങള്‍ക്ക് ചെലുത്താന്‍ കഴിയുന്നില്ല. സാമൂഹിക രാഷ്ട്രീയ പരിവര്‍ത്തനത്തിന് ഹേതുവാകാനോ സമൂഹം നേരിടുന്ന പൊതുപ്രതി സന്ധികളെ അഭിമുഖീകരിക്കാനോ പൂര്‍ണ്ണമായ അര്‍ഥത്തില്‍ നാടകം തയ്യാറാവുന്നില്ല. കേരളത്തില്‍ എവിടെ നാടകം നടന്നാലും 40 വയസ്സിന് മുകളിലുള്ളവരാണ് പ്രേക്ഷകരായി എത്തുന്നത്. അതുകൊണ്ടുതന്നെ പുതിയ തലമുറയോട് നാടകം സംവദിക്കുന്നില്ല.
കേരളത്തില്‍ എവിടെ നാടകം നടന്നാലും 40 വയസ്സിന് മുകളിലുള്ളവരാണ് പ്രേക്ഷകരായി എത്തുന്നത്. അതുകൊണ്ടുതന്നെ പുതിയ തലമുറയോട് നാടകം സംവദിക്കുന്നില്ല.
ദൃശ്യമാധ്യമ /സാമൂഹ്യ മാധ്യമസ്വാധീനം
ദൃശ്യമാധ്യമ രംഗത്ത് ഉണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ നാടകത്തെ ബാധിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ തുറന്നിടുന്ന അവസരങ്ങള്‍ നാടകങ്ങള്‍ക്ക് നല്‍കാനാവുന്നില്ല.
മുമ്പ് സിനിമയിലെത്താനുള്ള ഒരു വഴിയായി നാടകത്തെ കണ്ടിരുന്നവരുണ്ട്. ഇന്ന് സ്ഥിതി മാറി. സിനിമയിലെത്താന്‍ റീല്‍സും സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഇട്ട് വൈറലായാല്‍ മതി എന്ന കാര്യവും നാടകത്തെ ബാധിച്ചിട്ടുണ്ട്.
ചലനാത്മകമായ അമേച്വര്‍ നാടക മേഖല
മലയാള നാടകത്തെ സംബന്ധിച്ച് ഏറ്റവും ചലനാത്മകമായ മേഖലയാണ് അമേച്വര്‍ നാടകങ്ങളുടേത്. വളരെ ഗൗരവമായി നാടക ക്രിയയെ സമീപിക്കുന്ന അത്തരം സംഘങ്ങളുടെ ഗുണവശങ്ങള്‍ ചില പ്രൊഫഷണല്‍ നാടക സംഘങ്ങള്‍ സ്വീകരിക്കാറുണ്ട്. അത്തരം പരീക്ഷണ ങ്ങളും പുതിയ നാടക സങ്കേതങ്ങളും പ്രൊഫഷണല്‍ നാടകങ്ങളെ കൂടുതല്‍ സ്വീകാര്യമാക്കും. അതുപോലെതന്നെ സാങ്കേതികവിദ്യയുടെ ഗുണവശങ്ങള്‍ ഉപയോഗപ്പെടുത്തി നാടകത്തെ മികവുറ്റ താക്കാനും കഴിയും. എ ഐ പോലെയുള്ള സാങ്കേതികതകള്‍ രംഗപശ്ചാത്തല നിര്‍മ്മി തിക്ക് ഉപയോഗിക്കുന്നത് പണച്ചെലവ് കുറയ്ക്കുകയും മികവ് വര്‍ധിപ്പിക്കുകയും ചെയ്യും.
വര്‍ഷത്തിലൊരിക്കലെങ്കിലും ഇടവകയിലെ ആളുകള്‍ ചേര്‍ന്ന് ഒരു നാടകം അവതരിപ്പിക്കാന്‍ അവസരം ഉണ്ടാവണം. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി അവധിക്കാലങ്ങളില്‍ നാടക ശില്പശാലകള്‍ സംഘടിപ്പിക്കണം.
പുതിയ തലമുറ നാടകങ്ങളോട് മുഖം തിരിച്ചു നില്‍ക്കുന്നു
പുതിയ തലമുറയുടെ ആസ്വാദനലോകം മറ്റൊരു ലോകമാണ്. കൊറിയന്‍ സംഗീതവും ഡ്രാമകളും ജാപ്പനീസ് ആനിമേഷനും തുടങ്ങി ലോകത്തിലെ വ്യത്യസ്തങ്ങളായ സ്വാധീനതാ കേന്ദ്രങ്ങളില്‍ നിന്നുള്ള പാട്ടും കലയും ആസ്വദിക്കുന്ന 'ജെന്‍സി' നാടകത്തോട് പൊതുവെ മുഖം തിരിച്ചു നില്‍ക്കുന്നവരാണ്. പുതിയ തലമുറയെ നാടകത്തിലേക്ക് തിരിച്ചുകൊണ്ടു വരാന്‍ സാധിക്കുകയാണ് നാടകത്തെ വീണ്ടെടുക്കാനുള്ള വഴി. നമുക്ക് നാടക ശില്പശാലകള്‍ സംഘടിപ്പിക്കണം. നാടകത്തിന്റെ ശക്തി സൗന്ദര്യങ്ങള്‍ മനസ്സിലായവര്‍ക്ക് അത് ഉപേക്ഷിക്കാന്‍ ആവില്ല. ഇന്ന് നാടക മേഖലയിലുള്ള രചയിതാക്കളും സംവിധായകനും എല്ലാം 45 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. പുതിയ തലമുറയില്‍ നിന്ന് കഥയിലും കവിതയിലും നോവലിലും ഒക്കെ മികച്ച രചനകള്‍ വരുന്നുണ്ടെങ്കിലും നാടകത്തില്‍ മികച്ച രചനകള്‍ ഉണ്ടാവുന്നില്ല. അടുത്തയിടെ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടക രചന ശില്പശാലയില്‍ പങ്കെടുക്കാന്‍ 25 വയസ്സില്‍ താഴെയുള്ള വിരലിലെണ്ണാവുന്നവരാണ് ഉണ്ടായിരുന്നത്. ഇത് വിരല്‍ച്ചുണ്ടുന്നത് എന്തിലേക്കാണ്?
സഭയ്ക്ക് പലതും ചെയ്യാന്‍ കഴിയും/കഴിയണം
കലയോടും നാടകത്തോടും സാഹിത്യത്തോടും പൊതുവേ പുറംതിരിഞ്ഞ ഒരു നില്‍പ്പാണ് സഭയ്ക്ക്. നമ്മുടെ ഇടയില്‍ നിന്ന് കലാകാരന്മാരും സാഹിത്യകാരന്മാരും കൂടുതല്‍ ഉണ്ടാവാത്തതിന് കാരണവും മറ്റൊന്നല്ല. കലയും സാഹിത്യവും ആളുകളെ തെറ്റായ വഴിക്ക് നയിക്കും എന്നൊരു വിചാരം പലപ്പോഴും സഭാ അധികാരികള്‍ പങ്കുവയ്ക്കാറുണ്ട്. അത് കലകളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്നുണ്ട്. സഭയുടെ നാടകത്തോടുള്ള സമീപനം കുറെക്കൂടി ഉദാരമാക്കേണ്ടതുണ്ട്. നാടകത്തിന് സണ്‍ഡേ സ്‌കൂള്‍ മത്സരങ്ങളില്‍ പോലും വേണ്ടത്ര സ്ഥാനമില്ല. അത് മാറണം. നമ്മുടെ കുട്ടികളെ സന്മാര്‍ഗികമായി സ്വാധീനിക്കാന്‍ നാടകത്തിന് കഴിയും. പള്ളികളിലും സണ്‍ഡേ സ്‌കൂളു കളിലും ഭക്തസംഘടനകളുടെ നേതൃത്വത്തിലും നാടക ശില്പശാല കളും നാടക അവതരണങ്ങളും നാടക മത്സരങ്ങളും കൂടുതല്‍ താല്‍പര്യ ത്തോടെ സംഘടിപ്പിക്കപ്പെടണം. വര്‍ഷത്തിലൊരിക്കലെങ്കിലും ഇടവകയിലെ ആളുകള്‍ ചേര്‍ന്ന് ഒരു നാടകം അവതരിപ്പിക്കാന്‍ അവസരം ഉണ്ടാവണം. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി അവധിക്കാലങ്ങളില്‍ നാടക ശില്പശാലകള്‍ സംഘടിപ്പിക്കണം. ഇങ്ങനെ വരുമ്പോള്‍ നമ്മുടെ പുതുതലമുറയുടെ സമീപനം മാറും.
നാടകത്തില്‍ ഇറങ്ങി, സിനിമയില്‍ കയറി എന്നാണ് പൊതുവെ പറയാറ്. നാടകത്തിലിറങ്ങിയാല്‍ പണവും മാനവും എല്ലാം പോകും, നശിച്ചു പോകും എന്നൊരു ധ്വനി ഈ പറച്ചി ലിലുണ്ട്. നാടകത്തിന് മാന്യതയും അഗീകാരവും ലോകത്തു എല്ലായിട ത്തുമുണ്ട്. അവിടെ സിനിമയേക്കാള്‍ നാടകത്തിന് വിലയുണ്ട്. വിഖ്യാത നാടകനടനായിരുന്ന പോള്‍ മുനി വളരെ വൈകിയാണ് ഏതാനും സിനിമകളില്‍ അഭിനയിച്ചത്. എന്നിട്ടും അദ്ദേഹത്തിന് സിനിമയോട് മമത ഉണ്ടായില്ല.
നാടകത്തോടുള്ള നമ്മുടെ സമീപനം വരുംകാലം മാറ്റുമെന്ന് പ്രത്യാശിക്കാം.
(കെസിബിസി നാടകമേളയുടെ വിധികര്‍ത്താക്കളില്‍ ഒരാളായിരുന്നു ലേഖകന്‍)