തേവരയില്‍ കറുത്തവെളിച്ചം

തേവരയില്‍ കറുത്തവെളിച്ചം

മുന്‍ ഒരധ്യായത്തില്‍ സൂചിപ്പിച്ചപോലെ 'കറുത്തവെളിച്ചം' തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ അവതരിപ്പിക്കാന്‍ വേണ്ട സകല ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കേ, റിഹേഴ്‌സല്‍ ക്യാമ്പില്‍ നിന്നു രണ്ടു ദിവസത്തെ ഷൂട്ടിങ്ങിനായി മദ്രാസിലേക്കു അടിയന്തിരമായി പോയ തൃശ്ശൂര്‍ ഫിലോമിനയ്ക്കു സമയത്തിന് എത്താന്‍ കഴിഞ്ഞില്ല. പകരം മറ്റൊരു നടിയെ പെട്ടെന്നു പഠിപ്പിച്ചു നാടകം അരങ്ങേറി. വിജയിക്കുകയും ചെയ്തു.

ഒരിക്കലും പ്രതീക്ഷിക്കാത്തവിധം ഈ നാടകത്തിന് തേവര കോളജില്‍ ഒരു ബുക്കിങ്ങ് ലഭിച്ചു. ഞങ്ങള്‍ക്കേവര്‍ക്കും എന്തെന്നില്ലാത്ത സന്തോഷം. നാട്ടിലുള്ള ഫിലോമിനയ്ക്ക് അതിലേറെ സന്തോഷം. ആദ്യ അവതരണത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം തീര്‍ക്കുകയും ചെയ്യാം. രാമു കാര്യാട്ടിന്റെ 'ചെമ്മീന്‍' ഓടിക്കൊണ്ടിരിക്കുന്ന കാലമായതിനാല്‍ ഫിലോമിനയ്ക്ക് സ്റ്റാര്‍ വാല്യുവുമുണ്ട്.

തേവര കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ അതിന്റെ ധനശേഖരാര്‍ത്ഥം പാസു വച്ചാണ് നാടകം നടത്തുന്നത്. സിനിമാതാരം ഫിലോമിനയും അഭനയിക്കുന്നു എന്നു തുടങ്ങിയ പ്രചരണവും അവര്‍ മുറയ്ക്കു നടത്തി. ഫിലോമിനയടക്കം ഞങ്ങളെല്ലാം അന്നു നേരത്തെ തന്നെ തേവരയിലെത്തി. എന്റെ ഉറ്റസുഹൃത്തും കവിയും നിരൂപകനും തേവര കോളജിലെ മലയാളം പ്രൊഫസറുമായ മാത്യു ഉലകംതറ അന്ന് എനിക്കൊരു മുന്നറിയിപ്പു തന്നു.

''ജോസേ, നാടകം നടക്കുമ്പോള്‍ ഇടയ്ക്കിടെ കൂവലുണ്ടാവും. പ്രൊഫഷണല്‍ ട്രൂപ്പുകാരുടെ നാടകത്തിനുപോലും ഇവിടത്തെ പിള്ളേര് കൂവും. അതുകൊണ്ടു ജോസിന്റെ നാടകത്തിനു കൂവലുണ്ടായാലും വിഷമിക്കരുത്, പതറരുത്.''

ഇതു കേട്ടതോടെ ഉള്ളിലെ ആഹ്ലാദം ചോര്‍ന്നു പോയി. പകരം വ്യസനം പടര്‍ന്നു കയറി. പ്രൊഫഷണല്‍ ട്രൂപ്പിനെ കൂവുന്നവരുണ്ടോ, തൃശ്ശൂരില്‍ നിന്നുള്ള അമേച്വര്‍ ട്രൂപ്പിനെ വെറുതെ വിടുന്നു. ഏതായാലും നാടകം അവതരിപ്പിക്കാതെ തരമില്ല. ശക്തമായ കൂവല്‍ പ്രതീക്ഷിച്ചുകൊണ്ടുതന്നെ കോളജ് ഓഡിറ്റോറിയത്തില്‍ ഞങ്ങള്‍ നാടകം ആരംഭിച്ചു. പ്രൊഫ. മാത്യു ഉലകംതറയടക്കം ഏതാനും അധ്യാപകരും മറ്റു മാന്യരായ കുറെ നാടകപ്രേമികളും മുന്‍നിരയിലുണ്ട്. ബാക്കി നിറയെ വിദ്യാര്‍ത്ഥികളാണ്.

ഓരോ രംഗവും വിജയകരമായി മുമ്പോട്ടുപോയി. എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ട്, ഉലകംതറയ്ക്കും മറ്റ് അധ്യാപകര്‍ക്കും അത്ഭുതം സമ്മാനിച്ചുകൊണ്ട്, ഞങ്ങളില്‍ പുളകം വാരി വിതറിക്കൊണ്ട് നാടകം ഒരിക്കല്‍പോലും കൂവലില്ലാതെ, ഒരിടത്തു നിന്നും അപശബ്ദം ഉയരാതെ ഭംഗിയായി അവസാനിച്ചു. ഉജ്ജ്വലമായിരുന്നു അവതരണം. വികാരതീവ്രവും തന്മയത്വപൂര്‍ണ്ണവുമായിരുന്നു അഭിനയം. ഉള്ളില്‍ ചലനമുണ്ടാക്കുന്നവയായിരുന്നു അതിലെ നാടകീയ മുഹൂര്‍ത്തങ്ങള്‍. വിദ്യാര്‍ത്ഥി സമൂഹം പൊട്ടിച്ചിരിച്ചും ഹര്‍ഷാരവം മുഴക്കിയും ഇടയ്ക്കു ചിലപ്പോള്‍ ദുഃഖം പുരണ്ട നിശബ്ദത പുലര്‍ത്തിയും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. അത് ഞങ്ങള്‍ക്ക് മറക്കാനാവാത്ത ഒരനുഭവമായിരുന്നു.

താമസിയാതെ 'കറുത്തവെളിച്ചം' കോട്ടയം നാഷണല്‍ ബുക്ക് സ്റ്റാള്‍ പ്രസിദ്ധപ്പെടുത്തി. 1964 നവംബറിലാണ് ഒന്നാം പതിപ്പു പുറത്തുവന്നത്. അവിടന്നങ്ങോട്ടു നാടിന്റെ ഏതാണ്ടെല്ലാ മുക്കിലും മൂലയിലും 'കറുത്തവെളിച്ചം' അരങ്ങേറി. പ്രേക്ഷക സഹസ്രങ്ങള്‍ ആവേശപൂര്‍വം ഇതിനെ സ്വീകരിച്ചു. പുതിയ പതിപ്പുകള്‍ തുടരെ തുടരെയിറങ്ങി.

1968 മേയ് മാസത്തില്‍ കല്‍ക്കട്ടയിലെ രസിക രഞ്ജന സഭയുടെ ആഭിമുഖ്യത്തില്‍ ഒരാഴ്ചക്കാലത്തെ ഒരു നാടകോത്സവം നടക്കുകയുണ്ടായി. അതില്‍ അവതരിപ്പിക്കാനായി കല്‍ക്കട്ടയിലെ ഏതാനും മലയാളി സുഹൃത്തുക്കള്‍ ചേര്‍ന്നു തിരഞ്ഞെടുത്തതു കറുത്തവെളിച്ചമായിരുന്നു. എന്റെ നേരിട്ടുള്ള ശിക്ഷണവും മേല്‍നോട്ടവും ലഭിക്കാന്‍, അതുവഴി നാടകത്തിനു കൂടുതല്‍ കരുത്തും കൊഴുപ്പും നിലവാരവും ലഭിക്കാന്‍, എന്നെ അവര്‍ കല്‍ക്കട്ടയ്ക്കു ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചു ഞാന്‍ ലീവെടുത്തു കല്‍ക്കട്ടയ്ക്കുപോയി. ഒരാഴ്ചക്കാലം എന്റെ സാന്നിധ്യത്തില്‍ റിഹേഴ്‌സല്‍ നടന്നു. പകല്‍ സമയം മുഴുവന്‍ കല്‍ക്കട്ട സന്ദര്‍ശനം. രാത്രി റിഹേഴ്‌സല്‍. കല്‍ക്കട്ടയിലെ അസുലഭ സുന്ദരമായ വിവിധ കാഴ്ചകള്‍ എന്നെ കാണിക്കാന്‍ വേണ്ടി മലയാളി സുഹൃത്തുക്കള്‍ ഓരോരുത്തരും മാറി മാറി ലീവെടുത്തു. അവരുടെ സ്‌നേഹത്തിനും സന്മനസ്സിനും അകമഴിഞ്ഞ നന്ദി.

അക്കൂട്ടത്തില്‍, ഞാനാദ്യമായി റിവോള്‍വിങ്ങ് സ്റ്റേജ് ഉപയോഗിച്ചുള്ള ഒരു നടകം കണ്ടു. സിനിമയിലെന്നപോലെ, ഒരു സീന്‍ തീര്‍ന്നാല്‍ വേറെ പശ്ചാത്തലവും വേറെ സെറ്റിങ്ങ്‌സുമുള്ള അടുത്ത രംഗം തൊട്ടടുത്തനിമിഷത്തില്‍ തന്നെ പ്രത്യക്ഷപ്പെടുക. ഞാന്‍ കണ്ട നാടകം ഉദാഹരണമായി പറഞ്ഞാല്‍, ക്ലേശിച്ചു കഴിയുന്ന ഒരിടത്തരം വീടും അതിന്റെ യഥാതഥ പശ്ചാത്തലവും ഉചിതമായി ഒരുക്കിയ ഒരു സീന്‍. ആ സീന്‍ തീര്‍ന്നിട്ടു ഞൊടിയിടയ്ക്കുള്ളില്‍ കണ്ടത് ഒരു ലക്ഷപ്രഭുവിന്റെ മണിമന്ദിരത്തിന്റെ മനോഹരമായ ഉള്‍ഭാഗം. ആ സീന്‍ തീര്‍ന്ന് നിമിഷാര്‍ദ്ധം കൊണ്ടു അടുത്ത സീന്‍. അങ്ങനെ അതിശയകരമായ വേഗത്തില്‍ സീനുകള്‍ മാറുക. ഒരു രംഗം നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ അടുത്തരംഗം ഒരുക്കാനുള്ള സാവകാശവും സൗകര്യവും ലഭിക്കുന്നു എന്നുള്ളതാണ് ഈ റൊട്ടേറ്റിങ്ങ് സ്റ്റേജ് കൊണ്ടുള്ള ഒരു പ്രധാനനേട്ടം. കലാനിലയം കൃഷ്ണന്‍നായരുടെ സ്ഥിരം നാടകവേദിയിലെ നാടകങ്ങള്‍ കണ്ടിട്ടുള്ള എനിക്ക്, രംഗമാറ്റത്തിന്റെ ഈ സ്പീഡില്‍ അത്ഭുതമോ അമ്പരപ്പോ തോന്നിയില്ല. ഏറെക്കുറെ ഈ വേഗത, ലക്ഷങ്ങള്‍ ചിലവഴിച്ചുള്ള റിവോള്‍വിങ്ങ് സ്‌റ്റേജിന്റെ സൗകര്യമില്ലാതെ തന്നെ കൃഷ്ണന്‍നായര്‍ പ്രകടിപ്പിച്ചിരുന്നു. അതിരിക്കട്ടെ. കറുത്തവെളിച്ചത്തിന്റെ വിജയകരമായ അവതരണത്തിനു ശേഷം ഞാന്‍ നാട്ടിലേക്കു മടങ്ങി.

ഒരിക്കല്‍ ഷെവലിയര്‍ ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാന്റെ ഒരു കത്ത് എനിക്കു കിട്ടി. കേരളത്തിനകത്തും പുറത്തും കാല്‍നൂറ്റാണ്ടുകാലത്തോളം 'മിശിഹാചരിത്രം' നാടകം അവതരിപ്പിക്കുകയും അതില്‍ ക്രിസ്തുവിന്റെ വേഷം ധരിച്ചു അനശ്വരനായിത്തീരുകയും ചെയ്ത അഭിനയാചാര്യനും പ്രശസ്ത ചിത്രകാരനുമായ അദ്ദേഹത്തിന്റെ കാത്ത് ഞാനിന്നും സൂക്ഷിക്കുന്നു. അതിന്റെ ഉള്ളടക്കം താഴെ ചേര്‍ക്കുന്നു.

'പ്രിയപ്പെട്ട ജോസ്,

നിങ്ങളെപ്പറ്റിയും നിങ്ങളുടെ നാടകങ്ങളെപ്പറ്റിയും ധാരാളം കേട്ടിട്ടുണ്ട്. നാടകസംവിധാനം സംബന്ധിച്ചു ഞാന്‍ പരിചയപ്പെട്ടിട്ടുള്ള കലാസമിതികള്‍ നിങ്ങളുടെ നാടകങ്ങളെപ്പറ്റി പുകഴ്ത്തിപ്പറയുന്നതു കേട്ടിട്ടുണ്ട്. എന്നാല്‍ നിങ്ങളെ നേരിട്ടു കാണന്നതിനോ നിങ്ങളുടെ പുസ്തകങ്ങള്‍ വായിക്കുന്നതിനോ നിങ്ങളുടെ നാടകങ്ങള്‍ അഭിനയിക്കുന്നതു കാണുന്നതിനോ എനിക്കിതേവരെ സാധിച്ചിട്ടില്ല. അതെന്റെ പേരില്‍ ഗുരുതരമായ ഒരു തെറ്റായിപ്പോയി എന്ന്, നിങ്ങള്‍ ഈയിടെ പ്രസിദ്ധം ചെയ്ത 'കറുത്തവെളിച്ചം' എന്ന നാടകം വായിച്ചപ്പോള്‍ എനിക്കു തോന്നി.

കറുത്തവെളിച്ചം മലയാള നാടകലോകത്തില്‍ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ത്തിരിക്കുന്നുവെന്നു നിസ്സംശയം പറയാം. ഇതിലെ ദേവസ്യയും ഗോപാലക്കുറുപ്പും മലയാളഭാഷ ഉള്ളകാലത്തോളം ജീവിക്കുമെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. നേര് പറയട്ടെ, നിങ്ങളുടെ നാടകം വായിച്ചപ്പോള്‍ ദേവസ്യയായോ കുറുപ്പായോ ഒന്നഭിനയിച്ചെങ്കിലോ എന്ന് എനിക്കു തോന്നിപ്പോയി.

കോളജ് കുമാരിയായ ബീന, കോണ്‍സ്റ്റബിള്‍ ചന്ദ്രന്‍, ഇന്‍ഷൂറന്‍സ് ഏജന്റായ പോളിസിപ്പിള്ള ഇവരെയൊക്കെ അങ്ങാടിയില്‍ എവിടെയോ വച്ചു കണ്ട ഒരു പ്രതീതി. ഇത്രമാത്രം ഉഗ്ര സംഘട്ടനങ്ങളും വികാരതീവ്രതയും മുറ്റിയ മറ്റൊരു സാമൂഹ്യനാടകം മലയാളത്തില്‍ ഞാന്‍ കണ്ടിട്ടില്ല. നിങ്ങള്‍ക്ക് കലാലോകത്തിലെ ഈ വൃദ്ധന്റെ ആശംസകളും അനുഗ്രഹങ്ങളും.'

തുറന്ന മനസ്സും നിഷ്‌ക്കളങ്കഹൃദയവുമുള്ള ഈ കലാചാര്യന്‍ 1981 ജനുവരി 18-ന് അന്തരിച്ചു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org