ഒരു സ്വപ്നത്തിന്റെ പിന്നാലെ...

നൈപുണ്യ സ്ഥാപനങ്ങള്‍ക്കു തുടക്കമിട്ടവരില്‍ പ്രമുഖരായ ബിഷപ് തോമസ് ചക്യത്തും പ്രഥമ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപുരയ്ക്കലും നൈപുണ്യയുമായി ബന്ധപ്പെട്ട തങ്ങളുടെ ഓര്‍മകളും അവലോകനങ്ങളും പങ്കുവയ്ക്കുന്നു:
ഒരു സ്വപ്നത്തിന്റെ പിന്നാലെ...
നൈപുണ്യസ്ഥാപനങ്ങളുടെ പിന്നിലുളള സ്വപ്നങ്ങള്‍ എന്തൊക്കെയായിരുന്നു?

പലരുടെയും സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് നൈപുണ്യ വിദ്യാഭ്യാസസ്ഥാപനങ്ങള്‍. അനേകരുടെ അദ്ധ്വാനവും സംഭാവനകളും അതിന്റെ പിന്നിലുണ്ട്. കര്‍ദ്ദിനാള്‍ ആന്റണി പടിയറപ്പിതാവിനു ഉദാരമതികളായ ചിലര്‍ നല്‍കിയ സംഭാവനകൊണ്ടു അതിരൂപതയുടെ വടക്കന്‍ പ്രദേശമായ പൊങ്ങം, കൊരട്ടി പ്രദേശത്ത് വാങ്ങിയ ഒന്‍പതേക്കര്‍ സ്ഥലത്താണ് നൈപുണ്യയുടെ ആദ്യ സ്ഥാപനം തുടങ്ങിയത്. അവിടെ ഒരു തൊഴില്‍ പരിശീലനകേന്ദ്രം തുടങ്ങണമെന്ന ചിന്ത അതിരൂപതാ ആലോചനസംഘത്തില്‍ വന്നു. അതിന്റെ ചുമതല എന്നെ ഏല്‍പിച്ചു.

ഏതു തരത്തിലുളള പരിശീലനകേന്ദ്രം തുടങ്ങും എന്നു തീരുമാനമെടുക്കുക അത്ര എളുപ്പമായിരുന്നില്ല. എറണാകുളം കത്തീഡ്രല്‍ ഇടവകയില്‍ മൂന്നരക്കൊല്ലത്തോളം സഹവികാരിയായിരുന്ന കാലത്ത് പരിചയപ്പെട്ട പത്തോളം ചെറുപ്പക്കാരുമായി ആലോചിച്ചപ്പോഴാണ് നല്ലൊരാശയം രൂപപ്പെട്ടത്. സാധാരണക്കാര്‍ക്കു ജോലി സാദ്ധ്യതകള്‍ നല്കുന്ന കോഴ്‌സുകളുമായി ഒരു 'കമ്യൂണിറ്റി കോളേജ്' തുടങ്ങുക. ഈ ആശയം മനസിനു നല്കിയ സുഖം നിസാരമായിരുന്നില്ല.

അടുത്ത പടി പണസമാഹരണമാണ്. അതിരൂപതയ്ക്ക് പണം കണ്ടെത്തുക അസാദ്ധ്യമായിരുന്നു. ഫ്രാന്‍സിസ്‌ക്കന്‍ കണ്‍വെന്‍ച്ചുല്‍സ് എന്ന സന്യാസാശ്രമത്തിലെ വൈദികരുമായി നല്ല ബന്ധമുണ്ടായിരുന്നു. ഇറ്റലിയില്‍ പാദുവായില്‍ വിശുദ്ധ അന്തോണിസിന്റെ ദേവാലയത്തോടനുബന്ധിച്ച് 'കാരിത്താസ് അന്തോണിയാന' എന്ന സന്നദ്ധ സംഘടനയുണ്ടെന്ന് മനസിലാക്കാന്‍ അവരില്‍നിന്നു കഴിഞ്ഞു. ദൈവപരിപാലനയായിരുന്നുവത്. പാദുവായില്‍ നേരിട്ടു പോയി അവരുമായി സം സാരിച്ചപ്പോള്‍ വലിയൊരു തുക തരാന്‍ അവര്‍ക്കുണ്ടാകില്ലെന്നും പുതുതായി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനത്തെപ്പറ്റി ഒരു ലേഖനം അവരുടെ പ്രസദ്ധീകരണമായ 'മെസെജെരോ അന്തോണിയാന'യില്‍ നല്‍കാമെന്നും വായനക്കാര്‍ തരുന്ന സംഭാവന തന്നേക്കാമെന്നും അവര്‍ സമ്മതിച്ചു. സമയമെടുത്ത് ലേഖനം തയ്യാറാക്കി അയച്ചുകൊടുത്തു. അവരെയും എന്നെയും അതിശയിപ്പിക്കുന്ന തരത്തിലുളള ഉദാരമായ പ്രതികരണമാണ് വായനക്കാരില്‍ നിന്നുണ്ടായത്. ഒരു കോടിയിലധികം രൂപയാണ് അങ്ങനെ സമാഹരിച്ചത്. നിവേദിത പണിതുകൊണ്ടിരുന്ന ചെറുപ്പക്കാരനും വിശ്വസ്തനുമായ ശ്രീ. ആന്റണി തോമസിനു തന്നെ കെട്ടിടം പണിക്കുള്ള കരാര്‍ കൊടുത്തു.

ആ കാലയളവില്‍ സെമിനാരിയില്‍ പഠിപ്പിക്കുന്നതോടൊപ്പം നി വേദിതയുടെ നിര്‍മാണ ചുമതലയും ഉണ്ടായിരുന്നതുകൊണ്ട് സഹായത്തിനായി ഫാ. ആന്റണി പെരുമായനും ഉണ്ടായിരുന്നു. ഇതിനിടയില്‍ 1997 ജനുവരിയില്‍ ഞാന്‍ വികാരി ജനറാളായി നിയമിതനായി. നൈപുണ്യ കെട്ടിടങ്ങളുടെ ബാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹമാണ് നേതൃത്വം എടുത്ത് പൂര്‍ത്തിയാക്കിയത്.

കെട്ടിടം പണിയെല്ലാം കഴിഞ്ഞെങ്കിലും ഏറ്റവും സങ്കീര്‍ണമായ പ്രശ്‌നം നൈപുണ്യ കോളേജ് എന്ന സ്ഥാപനത്തിന്റെ ചുമതല ആരെ ഏല്‍പ്പിക്കും എന്നുളളതായിരുന്നു. യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം നേടണം, വിദഗ്ദ്ധരായ അദ്ധ്യാപകരെ കണ്ടെത്തണം തുടങ്ങിയ നിരവധി കാര്യങ്ങളുണ്ട്. ഇവിടെയും ദൈവം സഹായത്തിനുണ്ടായി. ഊര്‍ജ്വസ്വലനും കാര്യശേഷിയുമുളള ഫാ. സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കലാണ് നൈപുണ്യ കോളേജിന്റെ ആദ്യത്തെ ഡയറക്റ്ററായി 1997 മെയ് മാസത്തില്‍ നിയമിതനായത്. ആ തീരുമാനം നൂറ് ശതമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. നൈപുണ്യ കോളേജിനു ചുരുങ്ങിയ കാലംകൊണ്ട് പ്രശസ്തി നേടിയെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഹോട്ടല്‍ മാനേജ്‌മെന്റിന്റെകൂടെ ഹൗസ് കീപ്പിങ് പദ്ധതി ആരംഭിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി. ഇന്ന് ആയിരത്തിയഞ്ഞൂറോളം പേര്‍ക്കു തൊഴില്‍ കൊടുക്കുന്ന സ്ഥാപനമായി അതു വളര്‍ന്നു.

നൈപുണ്യ ചേര്‍ത്തലയുടെ ചരിത്രം വിശദമാക്കാമോ?

നൈപുണ്യയുടെ വളര്‍ച്ചയുടെ വേറൊരു ഘട്ടം ചേര്‍ത്തലയില്‍ നൈപുണ്യയുടെ ഒരു ബ്രാഞ്ച് തുടങ്ങിയതായിരുന്നു. വൈക്കം, പള്ളിപ്പുറം, ചേര്‍ത്തല പ്രദേശങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കണമെന്ന ചിന്ത വികാരി ജനറാളായി നിയമതനായപ്പോള്‍ എനിക്കുണ്ടായിരുന്നു. ആ മൂന്നു ഫൊറോനാകളിലെയും വികാരിയച്ചന്മാരുമായി ആലോചിച്ചപ്പോള്‍ ഒരു തൊഴില്‍പരിശീലന കേന്ദ്രം ഉണ്ടാകണമെന്ന താത്പര്യം പ്രകടിപ്പിക്കപ്പെട്ടു. അന്നു മുട്ടം ഫോറോനാ വികാരിയായിരുന്ന ഫാ. ജോണ്‍ തേക്കാനത്ത് അക്കാര്യത്തില്‍ വലിയ താത്പര്യം പ്രകടിപ്പിച്ചു. മുട്ടം പള്ളിക്കു കുറെ സ്ഥലമുണ്ടെന്നറിയാന്‍ കഴിഞ്ഞു. ഇടവക കൗണ്‍സില്‍ വിളിച്ചുകൂട്ടി പത്തേക്കര്‍ സ്ഥലം ദാനമായി നല്കണമെന്ന് ആവശ്യപ്പെട്ടു. സ്ഥലം നല്കിയാല്‍ ഒരു കോളേജു തുടങ്ങാമെന്ന് ഉറപ്പു ഞാന്‍ കൊടുത്തിട്ടു പോന്നു. ഒരര്‍ത്ഥത്തില്‍ ഒരു ആലോചനയും കൂടാതെ പറഞ്ഞതായിരുന്നുവത്. ഇന്നു പുറകോട്ടു തിരിഞ്ഞുനോക്കുമ്പോള്‍ ദൈവമാണ് അതു പറയിപ്പിച്ചതെന്ന വിശ്വാസം എനിക്കുണ്ട്.

സ്ഥലം തരാന്‍ പള്ളിക്കാര്‍ തയ്യാറായി. എവിടെ നിന്നു കോളേജു പണിയാനുള്ള പണം കിട്ടും? അപ്പോഴേക്കും ഞാന്‍ സഹായമെത്രാനായി നിയമിതനായി. കര്‍ദ്ദിനാള്‍ വിതയത്തില്‍ പിതാവിന്റെ കത്തുമായി ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ കീഴിലുള്ള ഒരു ഏജന്‍സിയെ സമീപിച്ചു. അവര്‍ കുറെ പണം തരാമെന്നു സമ്മതിച്ചു. പിന്നീടു ജര്‍മനിയിലെ 'മിസരിയോര്‍' എന്ന സംഘടന ചെറിയൊരു സഹായം നല്‍കി. അതുകൊണ്ടൊന്നും കെട്ടിടം പണി നടക്കില്ലെന്ന അവസ്ഥയുണ്ടായി. സെബാസ്റ്റ്യനച്ചന്റെ നേതൃത്വം വലിയ മുതല്‍ക്കൂട്ടായി. സഹായത്തിനായി ഫാ. ജോഷി പുതുവായെ നിയമിച്ചതും ഒരു ദൈവനിയോഗമായിരുന്നു. പൊങ്ങം നൈപുണ്യ പണിത ആന്റണി തോമസിനെതന്നെയാണ് ചേര്‍ത്തല നൈപുണ്യയുടെ നിര്‍മാണപ്രവര്‍ത്തനം ഏല്‍പ്പിച്ചത്. ഉദാരമനസ്‌കനായ അദ്ദേഹം വലിയ തുക കടമായി നിറുത്തിത്തന്നത് നന്ദിപൂര്‍വം ഓര്‍ക്കുന്നു.

എടക്കുന്നില്‍ ഒരു പബ്‌ളിക്ക് സ്‌കൂള്‍ തുടങ്ങണമെന്ന ആഗ്രഹം സെബാസ്റ്റ്യനച്ചനുള്‍പ്പെടെ പലരും പ്രകടിപ്പിച്ചു. അതിനു പ്രാരംഭമായി ആ പ്രദേശത്തുള്ള ഫോറോനാപ്പള്ളികളിലെ വികാരിമാരുടേയും കൈക്കാരന്മാരുടേയും യോഗം കൂടി ആലോചന നടത്തി. എല്ലാവരും ഏകകണ്ഠമായി താത്പര്യം പ്രകടിപ്പിക്കുകയുണ്ടായി. ബാങ്കില്‍നിന്ന് കടമെടുത്തും മറ്റുമാണ് ഇന്ന് ആയിരത്തഞ്ഞൂറോളം കൂട്ടികള്‍ പഠിക്കുന്ന നൈപുണ്യ പബ്‌ളിക്ക് സ്‌കൂള്‍ ആരംഭിച്ചത്. ഇവിടെയും കളപ്പുരയ്ക്കലച്ചന്റെ നേതൃത്വം മറക്കാവുന്നതല്ല. കോണ്‍ട്രാക്റ്റര്‍ ആന്റണി തോമസിന്റെ ഉദാരത ഇവിടെയും ലഭിച്ചുവെന്നതും നന്ദിപൂര്‍വം സ്മരിക്കണം. ആദ്യത്തെ ഡയറക്റ്ററായി നിയമിക്കപ്പെട്ട ഫാ. സജി കണ്ണാംപറമ്പിലാണ് ഈ സ്ഥാപനത്തിനു പ്രശസ്തി ഉണ്ടാക്കുന്നതില്‍ വലിയ പങ്കു വഹിച്ചത്.

ഇതിനിടയില്‍ നൈപുണ്യ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം എറണാകുളത്തു തുടങ്ങിയത് പുതിയൊരു വഴിത്തിരിവായി. അതിന്റെ പ്രഥമ ലക്ഷ്യം സിവില്‍ സര്‍വീസ് കോച്ചിങ്ങ് നടത്തുകയായിരുന്നു. ഐ.എ.എസ്, ഐ.പി.എസ്, രംഗത്തുള്ളവരുടെ ഒരു സംഘം അതിന്റെ ആരംഭം മുതലെ സഹായത്തിനുണ്ടായിരുന്നു. കുറഞ്ഞൊരു കാലംകൊണ്ട് നാല്പ്പത്തിയാറ് പേര്‍ ആ സ്ഥാപനത്തില്‍നിന്നു വിജയികളായി പുറത്തുവന്നു. കൂട്ടത്തില്‍ ഏറെ പേര്‍ക്കു തൊഴില്‍ കണ്ടെത്തി കൊടുക്കാന്‍ കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. ആ സ്ഥാപനത്തിനു രൂപഭാവങ്ങള്‍ നല്‍കിയതു ആദ്യത്തെ ഡയറക്റ്ററായിരുന്ന ഫാ. ജോസ് തോട്ടങ്കരയായിരുന്നു.

തൃക്കാക്കരയില്‍ നൈപുണ്യ പബ്‌ളിക്ക് സ്‌കൂള്‍ 2400 കുട്ടികളെ പഠിപ്പിക്കാനുളള സൗകര്യം ലക്ഷ്യമിട്ടാണ് തുടങ്ങിയത്. ആ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു മൂവായിരത്തി മുന്നൂറിലധികം കുട്ടികള്‍ ഇന്നവിടെയുണ്ട്. ചുരുങ്ങിയ കാലംകൊണ്ട് കൊച്ചിയിലെ പ്രശസ്തമായൊരു സ്ഥാപനമായി അതു വളര്‍ന്നുവെന്നതും ദൈവാനുഗ്രഹമായി കാണണം.

നൈപുണ്യസ്ഥാപനങ്ങ ളെപ്പറ്റി ഇനി എന്തെങ്കിലും സ്വപ്നങ്ങളുണ്ടോ?

സ്വപ്നങ്ങളെയെല്ലാം അതിലംഘിക്കുന്ന തരത്തിലുളള വളര്‍ച്ചയാണ് നൈപുണ്യസ്ഥാപനങ്ങള്‍ കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തിനുള്ളില്‍ നേടിയത്. ഇനിയെന്ത് എന്ന ചോദ്യം പ്രസക്തമാണ്. 2009-ല്‍ ഉരുത്തിരിഞ്ഞ ഒരാശയം സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞില്ലെന്ന ദുഃഖമുണ്ട്. നൈപുണ്യ സ്‌കൂള്‍ ഓഫ് മീഡിയ എന്നൊരു സ്ഥാപനം തുടങ്ങാനുള്ള ആലോചനയുണ്ടായിരുന്നു. കോളേജിനുള്ള സ്ഥലവും നാം കണ്ടെത്തിയിരുന്നു. ചില സാങ്കേതിക കാരണങ്ങള്‍കൊണ്ട് അതു നടപ്പിലാകാതെ പോയി.

മാധ്യമവിഷയങ്ങളില്‍ പ്രാവീണ്യം നേടിയിട്ടുള്ള ധാരാളം അല്മായരും സന്യസ്തരും വൈദികരും നമുക്കിന്നുണ്ട്. സമൂഹത്തിനു ദിശാബോധം നല്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്നതു കലകളാണ്. ആ രംഗത്ത് നമുക്കു വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഒരു ടി.വി. ചാനല്‍ നടത്തുന്നതിലും പത്രം പ്രസിദ്ധീകരിക്കുന്നതിലും ഫലപ്രദമായ സേവനം നല്കാന്‍ ഒരു നല്ല മീഡിയ സ്‌കൂളിനു കഴിയും. ഇത്തരമൊരു സ്ഥാപനം നൈപുണ്യയ്ക്ക് പുതിയൊരു മേഖല തുറന്നുകൊടുക്കും. ഒരു ഓട്ടോണമസ് കോളേജെന്ന സ്വപ്നം ജൂബിലി ആഘോഷിക്കുന്ന പൊങ്ങം നൈപുണ്യയ്ക്കു നേതൃത്വം കൊടുക്കുന്ന ബഹു. കൈത്തോട്ടുങ്കലച്ചനുള്‍പ്പെടെ എല്ലാവരുടെയും സ്വപ്നമാകട്ടെയെന്ന് ആശംസിക്കുന്നു. എല്ലാ നൈ പുണ്യസ്ഥാപനങ്ങളും വീണ്ടും ഒരു ബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ മീഡിയ കോളേജ് ഉള്‍പ്പെടെയുളള പുതിയ ക്യാമ്പസുകള്‍ തുടങ്ങാന്‍ എളുപ്പമാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org